UPDATES

സഹകരണബാങ്കുകള്‍ പൂട്ടിക്കാന്‍ നടന്നവര്‍ കണ്ണു തുറന്നു കാണുക; ഒരു കഞ്ഞിക്കുഴി മോഡല്‍ വിജയഗാഥ

ജീവിതത്തിന്റെ സമസ്ത മേഖകലകളിലും സഹായഹസ്തവുമായി കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക്

ആലപ്പുഴ ദേശീയപാതയോരത്ത് കഞ്ഞിക്കുഴി ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തായി ഒരു കെട്ടിടം കാണാം. ഒറ്റ നോട്ടത്തില്‍ ഒരു കാര്‍ഷിക നഴ്‌സറിയാണെന്നേ തോന്നൂ. പച്ചക്കറി, ഫലവൃക്ഷത്തൈകള്‍ നിരത്തിയ മുന്‍വശം. തൈകളും വിത്തുകളും വളവും ജൈവകീടനാശിനിയുമെല്ലാം വില്‍ക്കപ്പെടും എന്ന ബോര്‍ഡും തൂങ്ങുന്നുണ്ട്. പിന്നെ തോന്നും ഒരു സൂപ്പര്‍മാര്‍ക്കറ്റ് ആണെന്ന്. നിരത്തിവച്ച പായ്ക്ക് ചെയ്ത മുട്ടകള്‍, അടുക്കള പൊടികള്‍, സ്‌ക്വാഷുകള്‍ എല്ലാം ഓരോയിടത്തായി അടുക്കി വച്ചിരിക്കുന്നു. സൂക്ഷിച്ച് നോക്കിയാല്‍ കെട്ടിടത്തില്‍ ഒരു പേര് കാണാം – കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പര്‍- 1558.

ജൈവകീടനാശിനികളും വളങ്ങളും നിരത്തിവച്ചിരിക്കുന്നതിനിടയിലൂടെ, അകത്തേക്കുള്ള വാതിലിനരികില്‍ തൂക്കിയിട്ടിരിക്കുന്ന കാര്‍ഷിക ഉപകരണങ്ങളും കടന്നേ ബാങ്കിനകത്തേക്ക് പ്രവേശിക്കാനാവൂ. ബാങ്ക് തന്നെയാണോ എന്ന് സംശയിച്ചാണ് സഹകാരികള്‍ പോലും കയറുന്നത്. പക്ഷെ ഇതുതന്നെയാണ് കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ക്ക് സന്തോഷത്തിന് വക നല്‍കുന്നതും. സാമ്പത്തിക ഇടപാടുകളില്‍ മാത്രമായി ചുരുങ്ങാതെ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കി അതില്‍ പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുന്ന ഈ സഹകരണ ബാങ്ക്, ഇടപാടുകാരെ കുത്തിപ്പിഴിഞ്ഞ് കാശ് മേടിക്കുകയും സേവനങ്ങള്‍ക്ക് പോലും ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന ബാങ്കുകള്‍ക്ക് ഒരു മാതൃകയാണ്.

ഇരുപതോളം പദ്ധതികളാണ് ബാങ്കിന്റെ കീഴില്‍ നടപ്പാക്കുന്നത്. കഞ്ഞിക്കുഴിയുടെ കാര്‍ഷിക പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള പദ്ധതികളാണ് ഇവയില്‍ പലതും. എന്നാല്‍ ഇതിനപ്പുറം സ്ത്രീകള്‍ക്ക് മുഖ്യധാരാ ജീവിതം സാധ്യമാക്കുന്ന വിജയകരമായ പദ്ധതികളും ബാങ്ക് വഴി നടപ്പാക്കുന്നു. ഇവയ്‌ക്കെല്ലാം ചുക്കാന്‍ പിടിയ്ക്കുന്ന ബാങ്ക് പ്രസിഡന്റ് അഡ്വ. സന്തോഷ്‌കുമാറിന്റെ വാക്കുകളിലേയ്ക്ക്, ‘മുട്ടക്കടയാണോ എന്ന് ചോദിച്ചാണ് ഇന്ന് പലരും ബാങ്കിലേക്ക് കയറി വരുന്നത്; സഹകാരികള്‍ പോലും. എല്ലാവരും കരുതുന്നത് പോലെ ഇത് ബാങ്കിന് അധിക്ഷേപമല്ല. മറിച്ച് ആ ചോദ്യം കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് തോന്നുക. ജനങ്ങളില്ലെങ്കില്‍ ബാങ്കുമില്ല. അപ്പോള്‍ സാമ്പത്തിക ഇടപാടുകളില്‍ മാത്രമായി സേവനങ്ങളെ ചുരുക്കാതെ ജനങ്ങളിലേക്കിറങ്ങേണ്ടതും ജനോപകാരപ്രദമായ പദ്ധതികള്‍ കൊണ്ടുവരേണ്ടതും എല്ലാ ബാങ്കുകളുടേയും കടമയാണ്. ഞങ്ങളുടെ ലക്ഷ്യം ഫലം കണ്ടു എന്ന് തന്നെവേണം പറയാന്‍. കാരണം കേരളത്തിലെ ഒരു ബാങ്കുകളും നടപ്പാക്കാത്ത ജനകീയ പദ്ധതികളാണ് കഞ്ഞിക്കുഴി ബാങ്ക് നടത്തി വിജയിപ്പിച്ചിരിക്കുന്നത്. പദ്ധതികള്‍ തുടങ്ങുന്നതിലും വിജയിപ്പിക്കുന്നതിലും ബാങ്കിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയും പ്രോത്സാഹനവും മാത്രമല്ല, പൊതുജനങ്ങളുടെ കൂട്ടായ പരിശ്രമവും കഠിനാധ്വാനവും തന്നെയാണുള്ളത്’.

കാര്‍ഷിക വായനശാലയില്‍ നിന്ന് തുടക്കം
ബാങ്കിന്റെ സ്ഥിരം വ്യവഹാരങ്ങളില്‍ നിന്നു മാറി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായനയ്ക്കായി പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ആദ്യ ചുവടുവയ്പ്. ബാങ്ക് ഇടപാടുകാര്‍ക്ക് വിശ്രമിക്കാനായി നല്‍കിയിരുന്ന സ്ഥലത്തായിരുന്നു വായനശാല ഒരുക്കിയത്. ബാങ്കില്‍ വരുന്നവരില്‍ ഭൂരിഭാഗവും പുസ്തകങ്ങള്‍ വായിച്ചു. വി.എസ് അച്യുതാതാനന്ദനും ഡോ. ടി.എം തോമസ് ഐസക്കും വായനശാലയിലേക്ക് പുസ്തകങ്ങള്‍ നല്‍കി ഈ ഉദ്യമം വിജയിപ്പിച്ചു.

അടുക്കളത്തോട്ടം നിര്‍മ്മിക്കല്‍, കാര്‍ഷിക ക്ലിനിക്, കാര്‍ഷിക പഠന കേന്ദ്രം, പച്ചക്കറിത്തൈ ഉത്പാദനം
വീടിന് മുന്നില്‍ പൂന്തോട്ടം നിര്‍മ്മിക്കുന്നത് പോലെ അടുക്കളത്തോട്ടം നിര്‍മ്മിച്ച് ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അടുത്തത്. അടുക്കളത്തോട്ടം നിര്‍മ്മിച്ച് നല്‍കാന്‍ കഞ്ഞിക്കുഴിയിലെ തന്നെ വിദഗ്ദ്ധരായ കര്‍ഷകരെ ഉള്‍പ്പെടുത്തി ഒരു ടീം രൂപീകരിച്ചു. പരമ്പരാഗത കര്‍ഷകരുള്‍പ്പെടെ പത്ത് പേരടങ്ങുന്ന പച്ചക്കറിത്തോട്ടനിര്‍മ്മാണ കര്‍ഷക ഗ്രൂപ്പ് അങ്ങനെയാണുണ്ടാവുന്നത്. ആവശ്യക്കാര്‍ വിളിക്കുന്നതിനനുസരിച്ച് ഈ ടീം അവിടെയെത്തും. വീട്ടുകാരുടെ അഭിരുചിയ്ക്കനുസരിച്ച് പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചുനല്‍കും. മണ്ണുതയ്യാറാക്കല്‍, ജെ.സി.ബി ഉപയോഗിച്ച് സ്ഥലം കൃഷിയ്ക്കായി പരുവപ്പെടുത്തല്‍, മരംവെട്ടല്‍, ഡ്രിപ്പ് ഇറിഗേഷന്‍ എന്നിങ്ങനെ ആവശ്യമായതെല്ലാം ഇവര്‍ തന്നെ ചെയ്ത് നല്‍കും. വിത്തും വളവും ജൈവകീടനാശിനികളുമെല്ലാം ബാങ്കില്‍ നിന്ന് ലഭ്യമാക്കും. തൈകള്‍ നട്ട് വീട്ടുകാരെ ഏല്‍പ്പിക്കുന്നതോടെ ഇവരുടെ ജോലികള്‍ അവസാനിക്കുമെങ്കിലും ഏത് സമയത്തും ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ സഹായം ലഭ്യമാക്കാനുള്ള ഹെല്‍പ്പ് ലൈനുമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വീടുകള്‍, പൊതുസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലായി ആയിരത്തിലധികം പച്ചക്കറിത്തോട്ടങ്ങള്‍ ഇവര്‍ ഒരുക്കിക്കഴിഞ്ഞു. മന്ത്രി തോമസ് ഐസക്കിന്റെ തിരുവനന്തപുരത്തെ വസതിയില്‍ പച്ചക്കറിത്തോട്ടമൊരുക്കി നല്‍കിയതും ഇവരാണ്. ഇവര്‍ക്ക് ബാങ്ക് ഐഡന്റിറ്റി കാര്‍ഡും നല്‍കിയിട്ടുണ്ട്. തോട്ടമൊരുക്കാന്‍ വരുന്നവര്‍ക്ക് ദിവസക്കൂലിയും യാത്രാചെലവും മാത്രം നല്‍കിയാല്‍ മതിയാവും.

ബാങ്കിന്റെ മറ്റൊരു പ്രധാന നേട്ടം കാര്‍ഷിക ക്ലിനിക് തുടങ്ങിയതാണ്. വിളകള്‍ക്കും ചെടികള്‍ക്കുമുണ്ടാവുന്ന രോഗങ്ങള്‍ക്ക് ഈ ക്ലിനിക്കില്‍ ചികിത്സ തേടാം. 24 മണിക്കൂറും ഡോക്ടര്‍മാര്‍ സേവനസന്നദ്ധരായുണ്ടാവും. പരമ്പരാഗത കര്‍ഷകരും വിരമിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമാണ് ഡോക്ടര്‍മാര്‍. ബാങ്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ നേരിട്ടെത്തി ചികിത്സ തേടാം. ആവശ്യമെങ്കില്‍ കൃഷിയിടങ്ങളില്‍ നേരിട്ടെത്തിയും ഡോക്ടര്‍മാര്‍ ചികിത്സ നല്‍കും.

ഒരേ സമയം ഒന്നരലക്ഷത്തോളം പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പച്ചക്കറിത്തൈ ഉത്പാദന കേന്ദ്രമാണ് ബാങ്കിന് കീഴില്‍ നടപ്പാക്കുന്ന മറ്റൊരു പദ്ധതി. ജില്ലയ്ക്ക് പുറത്തു നിന്നു പോലും തൈകള്‍ക്കായി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. കായംകുളത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷിത്തോട്ടത്തിലേയ്ക്ക് രണ്ട് ലക്ഷം തൈകള്‍ കേന്ദ്രത്തില്‍ നിന്ന് നല്‍കാനായതും ബാങ്കിന്റെ നേട്ടമാണെന്ന് അഡ്വ.സന്തോഷ്‌കുമാര്‍ പറയുന്നു. തൈകളും കഞ്ഞിക്കുഴി പച്ചക്കറി വിത്തുകളും ഓണ്‍ലൈന്‍ വഴി വ്യാപാരം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ബാങ്ക് അധികൃതര്‍.

കൃഷി പഠിപ്പിക്കാനായി ഒരു സ്‌കൂളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പ്രായവ്യത്യാസമില്ലാതെ താത്പര്യമുള്ള ആര്‍ക്കും കൃഷി ചെയ്യാന്‍ പഠിപ്പിക്കുന്ന ഓപ്പണ്‍ കോഴ്‌സ് വിജയകരമായി തന്നെ നടപ്പാക്കുകയാണ് ബാങ്ക്. 18 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ അഞ്ചാമത് ബാച്ചിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായി കഴിഞ്ഞു. ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂര്‍ ക്ലാസാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നും വരെ വിദ്യാര്‍ഥികള്‍ കോഴ്‌സിനായി എത്തുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ’12 വയസ്സുള്ള കുട്ടി മുതല്‍ 70-കാരനായ റിട്ട. ഉദ്യോഗസ്ഥ വരെ കൃഷി പഠിക്കാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്. അധ്യാപകരെല്ലാം കഞ്ഞിക്കുഴിയിലെ കര്‍ഷകരാണ്. മികച്ച കര്‍ഷകരുടെ തോട്ടങ്ങളാണ് ലാബുകളായി ഉപയോഗിക്കുന്നത്. നിലമൊരുക്കല്‍ മുതല്‍ വിപണനം വരെ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുന്നു. ആധുനിക യന്ത്രങ്ങളുടെ ഉപയോഗം, പച്ചക്കറി ഉപയോഗിച്ചുള്ള പന്തല്‍ നിര്‍മ്മാണം എന്നിവയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി 25 പേരെയാണ് ഒരു ബാച്ചില്‍ ഉള്‍പ്പെടുത്തുക. കോഴ്‌സ് പൂര്‍ണമായും സൗജന്യമാണെന്നതും പ്രത്യേകതയാണ്. സാമ്പത്തിക ലാഭം തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതല്‍ പേരെ കൃഷിയിലേക്കിറക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

ബാലമിത്ര, പി.എസ്.സി.പഠിയ്ക്കാനും മഴവെള്ള സംഭരണിയ്ക്കും വായ്പ
ഒരു കുഞ്ഞ് ജനിച്ച് 28 ദിവസമാവുമ്പോള്‍ ബാങ്കിന്റെ വക ഒരു സമ്മാനവുമെത്തും. ജനിച്ച കുഞ്ഞിന്റെ പേരില്‍ ഒരു അക്കൗണ്ട് തുറന്ന് പാസ്ബുക്ക് ബാങ്ക് അധികൃതര്‍ നേരിട്ട് ചെന്ന് വീട്ടുകാരെ ഏല്‍പ്പിക്കും. സംസ്ഥാനത്ത് ആദ്യമായി ബാലമിത്ര ആരംഭിച്ചതും കഞ്ഞിക്കുഴി സഹകരണ ബാങ്കാണ്. പിന്നീട് ഈ പദ്ധതി പല ബാങ്കുകളും ഏറ്റെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും ബാങ്കിന്റെ പദ്ധതിയുണ്ട്. ലിറ്റില്‍ മാസ്റ്റര്‍ സേവിങ്‌സ് സ്‌കീം. സ്‌കൂളുകളില്‍ നടപ്പാക്കിയിരുന്ന സമ്പാദ്യ പദ്ധതിയായ സഞ്ചയിക അവസാനിച്ചെങ്കിലും ഇതേ മാതൃകയിലാണ് ബാങ്കിന്റെ പദ്ധതിയും. അഞ്ച് രൂപ മുതല്‍ മുകളിലേക്ക് തുക നിക്ഷേപിക്കാം. ബാങ്ക് പരിധിയിലുള്ള സ്‌കൂളുകളില്‍ നേരിട്ട് ചെന്ന് ബാങ്ക് ജീവനക്കാര്‍ തുക സ്വീകരിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയും ലഭ്യമാക്കും.

പി.എസ്.സി കോഴ്‌സുകള്‍ക്ക് ചേരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പലിശരഹിത വായ്പ നല്‍കാന്‍ ബാങ്ക് ഒരുക്കമാണ്. ‘പി.എസ്.സി. കോഴ്‌സുകള്‍ക്ക് പലരും ചേരാന്‍ മടിക്കുന്നത് പണമില്ലാത്തതിനാലാണ്. ഓരോ സ്ഥാപനങ്ങളും തോന്നുംപടി പണം വാങ്ങും. ചിലര്‍ 5000 വാങ്ങുമ്പോള്‍ 10,000 രൂപ വാങ്ങുന്ന സ്ഥാപനങ്ങളുമുണ്ട്. ഒറ്റയടിക്ക് ഇത്രയും തുക നല്‍കാനില്ലാത്തവരാണ് ഭൂരിഭാഗവും. അതിനാല്‍ ബാങ്ക് ഇതിനായി വായ്പ നല്‍കാന്‍ തീരുമാനിച്ചു. നിരവധി പേര്‍ ആവശ്യക്കാരായെത്തുന്നുണ്ട്. മറ്റൊരു ബാങ്കും ഇത് നല്‍കി കണ്ടിട്ടില്ല’- അഡ്വ.സന്തോഷ് കുമാര്‍ പറയുന്നു.

മഴവെള്ള സംഭരണത്തിനായും ബാങ്ക് വായ്പ നല്‍കുന്നുണ്ട്. മഴവെള്ള സംഭരണികള്‍ വാങ്ങി സ്ഥാപിക്കാനാണിത്. തണ്ണീര്‍ത്തടം എന്ന് പേരിട്ടിരിക്കുന്ന വായ്പയും പ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു ആശ്വാസമാണ്.

ന്യായവില കുടിവെള്ള പാര്‍ലറും കഞ്ഞിക്കുഴി ഇഡ്‌ലിയും
പുറത്തു നിന്ന് ഒരു കുപ്പി വെള്ളം വാങ്ങണമെങ്കില്‍ 20 രൂപ നല്‍കണം. ബാങ്കില്‍ നിന്ന് ഇതേ കുപ്പി വെള്ളം 10 രൂപയ്ക്ക് ലഭിയ്ക്കും. ദേശീയപാത വഴി കടന്നുപോവുന്ന ദൂരയാത്രക്കാരെ ഉദ്ദേശിച്ചായിരുന്നു ന്യായവില കുടിവെള്ള പാര്‍ലര്‍ തുടങ്ങിയത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ ജില്ലയില്‍ പലയിടത്തും നടക്കുന്ന വിവാഹപാര്‍ട്ടികള്‍, സമ്മേളനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ബാങ്കിലേയ്ക്ക് ഓര്‍ഡര്‍ വരാന്‍ തുടങ്ങി. കുടിവെള്ള പാര്‍ലറുകള്‍ നടത്താനുള്ള ചുമതല വനിതാ ഗ്രൂപ്പുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ബാങ്ക് സബ്‌സിഡിയും നല്‍കുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ ആര്‍ക്കെങ്കിലും ഇഡ്‌ലി ആവശ്യമുണ്ടെങ്കില്‍ ഒരു ഫോണ്‍ കോളിന്റെ ആവശ്യമേയുള്ളൂ. പറയുന്ന സമയത്ത് ആവശ്യമുള്ള അത്രയും ഇഡ്‌ലി ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ എത്തിച്ച് നല്‍കും. കഞ്ഞിക്കുഴി ഇഡ്‌ലി എന്ന ബ്രാന്‍ഡിലാണ് വിപണനം. ‘ബാങ്കിന് കീഴിലുള്ള ‘വനിതാ സെല്‍ഫി’ അംഗങ്ങളാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. കുറേ പേരടങ്ങുന്ന വനിതാ ഗ്രൂപ്പുകള്‍ പലതും പരാജയമാണെന്ന് തിരിച്ചറിഞ്ഞതോടെ മൂന്ന് പേരടങ്ങുന്ന വ്യത്യസ്ത ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ബാങ്ക് തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം ശരിയായിരുന്നു എന്ന് പിന്നീടുള്ള കാര്യങ്ങള്‍ തെളിയിച്ചു. ഇഡ്‌ലി ഉണ്ടാക്കുന്നതിനും വിപണനത്തിനുമായി ഒരു ഗ്രൂപ്പ്, മറ്റൊരു ഗ്രൂപ്പ് പച്ചക്കറികള്‍ അരിഞ്ഞ് കളക്ട്രേറ്റിലും മറ്റും വില്‍പ്പന നടത്തുന്നു. പപ്പായയും വാഴക്കൂമ്പുമെല്ലാം തോരന്‍ വയ്ക്കാന്‍ പാകത്തിന് അരിഞ്ഞ് നല്‍കുന്നത് ജോലിക്കാരായ സ്ത്രീകളെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് അവര്‍ പലപ്പോഴും പറയാറുണ്ട്. അവിടെയാണ് ഞങ്ങളുടെ വിപണന സാധ്യതകള്‍. വീടുകളില്‍ തന്നെ പൊടിച്ചെടുക്കുന്ന അടുക്കളപ്പൊടികള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്നതിന് ഒരു സംഘത്തെ ഏല്‍പ്പിച്ചു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത, എന്നാല്‍ ആവശ്യക്കാരേറെയുള്ള ചെമ്പരത്തി, ചീര, ഇരുമ്പന്‍ പുളി, പച്ചമാങ്ങ സ്‌ക്വാഷുകള്‍ ഉണ്ടാക്കുന്ന ജോലി മറ്റൊരു സംഘത്തിനാണ്. കോഴിവളര്‍ത്തലും മുട്ട വിപണനവും വേറെ കുറച്ചു സ്ത്രീകളുടെ ചുമതലയാണ്. ഇവയ്‌ക്കെല്ലാം നല്ല മാര്‍ക്കറ്റുമുണ്ടെന്നതാണ് പ്രത്യേകത. ആളുകള്‍ക്ക് മായമില്ലാത്തവ ആവശ്യമുണ്ട്. അവ ലഭിക്കാത്തത് മാത്രമാണ് പ്രശ്‌നം എന്ന് വളരെക്കുറച്ച് മാസങ്ങള്‍ കൊണ്ടു തന്നെ മനസ്സിലായി’- വനിതാ സെല്‍ഫി അംഗവും കുടുംബശ്രീ പ്രവര്‍ത്തകയുമായ സുജിതയുടെ വാക്കുകള്‍.

പുതിയ പദ്ധതികള്‍ക്കായുള്ള ഒരുക്കങ്ങള്‍
ചക്ക സീസണില്‍ ചക്കപ്പഴവും പച്ചച്ചക്കയും വെവ്വേറെ പായ്ക്ക് ചെയ്ത് നല്‍കി. ഇതും വന്‍ വിജയമായി. ഞങ്ങളിനി പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണ്. ഓരോ യൂണിറ്റുകള്‍ക്കും സബ്‌സിഡി നല്‍കി അവരവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ആഴ്ച ചന്തയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. പച്ചക്കറികള്‍, മുട്ട, അടുക്കളപ്പൊടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്ന ബാഗുകള്‍, വിത്തുകള്‍ അങ്ങനെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. പച്ചക്കറി അരിഞ്ഞ് നല്‍കുന്നത് കൂടാതെ പച്ചമീന്‍ വെട്ടി, കറിക്കുള്ള അരപ്പും ചേര്‍ത്ത് വിപണിയിലെത്തിക്കുന്ന കാര്യവും ആലോചനയിലാണ്. വരും മാസങ്ങളില്‍ തന്നെ ഇത് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. വനിതാ സംഘങ്ങളെത്തന്നെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചയ്ക്ക് ചട്ടിയില്‍ മീന്‍കറിയെത്തിച്ച് വില്‍ക്കുവാനും തീരുമാനമുണ്ട്. പക്ഷെ ഇതെല്ലാം ബാങ്ക് സ്വന്തം ചെലവിലാണ് നടപ്പാക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ധനസഹായത്തിന് പല തവണ അഭ്യര്‍ഥിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ചില പദ്ധതികളില്‍ സാമ്പത്തിക നഷ്ടവും ബാങ്കിന് സഹിക്കേണ്ടി വരാറുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതു വഴി കൂടുതലായി ലഭിക്കുന്ന സഹകാരികള്‍ മാത്രമാണ് ബാങ്കിന്റെ പറയത്തക്ക മെച്ചം‘- ബാങ്കിന്റെ നല്ല നടത്തിപ്പിനായി തന്റെ മറ്റെല്ലാ തിരക്കുകളോടും ആവശ്യങ്ങളോടും ഒഴിവുകഴിവ് പറഞ്ഞ് മുഴുവന്‍ സമയവും ബാങ്കിനായി പ്രവര്‍ത്തിക്കുന്ന അഡ്വ. സന്തോഷ്‌കുമാര്‍ പറഞ്ഞു.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍