UPDATES

‘പെണ്ണും പണവും കണ്ടാൽ എല്ലാം മറക്കുന്ന ശ്രീവാസ്തവ’; കരുണാകരനെ പൂട്ടാൻ കൈമെയ് മറന്നിറങ്ങിയ എ ഗ്രൂപ്പ്; പിന്തുണയുമായി പ്രതിപക്ഷം

ചാരക്കേസിൽ കെ. കരുണാകരനെതിരെ നടന്ന നീക്കങ്ങളുടെ വലിപ്പമെന്തെന്ന് വ്യക്തമാക്കുന്നതാണ് അക്കാലത്തെ നിയമസഭാരേഖകൾ.

ചാരക്കേസിൽ കെ. കരുണാകരനെതിരെ നടന്ന നീക്കങ്ങളുടെ വലിപ്പമെന്തെന്ന് വ്യക്തമാക്കുന്നതാണ് അക്കാലത്തെ നിയമസഭാരേഖകൾ. എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വളഞ്ഞിട്ടുള്ള ആക്രമണം തന്നെയാണ് നിയമസഭയിൽ അക്കാലങ്ങളിൽ നടന്നിരുന്നതെന്ന് നിയമസഭാ രേഖകൾ തെളിയിക്കുന്നു. പ്രതിപക്ഷത്തെക്കാൾ മൂർച്ഛയുള്ള വാദങ്ങളുമായി, വിഷയം ആഴത്തിൽ പഠിച്ച് സഭയിലെത്തിയത് എ ഗ്രൂപ്പ് എംഎൽഎമാരായിരുന്നു.

1995 ജനുവരി 30-ന് നടന്ന ചർച്ചയിൽ കരുണാകരനെ കൃത്യമായി കുടുക്കാനുള്ള പദ്ധതികളുമായാണ് പി.ടി തോമസ് എംഎൽഎയും കൂട്ടരും സഭയിലെത്തിയത്. അദ്ദേഹവും പ്രതിപക്ഷ എംഎൽഎമാരും പത്ത് ചോദ്യങ്ങൾ ഉന്നയിച്ചു. സർക്കാർ നടത്തിയ അന്വേഷണം, ക്രൈംബ്രാഞ്ച് അന്വേഷണം, അത് സിബിഐക്ക് വിട്ടത്, ഹൈക്കോടതിയുടെ ഇടപെടൽ തുടങ്ങി അന്നുവരെ കേസിലുണ്ടായിട്ടുള്ള പ്രധാന സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്നതായിരുന്നു ഈ ചോദ്യങ്ങള്‍. രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാത്തതായിരുന്നു നിയമസഭ ചേർന്ന സന്ദർഭത്തിലെ പ്രധാന വിവാദവിഷയം. ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാത്തത് കരുണാകരന്റെ ‘ആശ്രിതവാത്സല്യം’ മൂലമാണെന്ന് വരുത്തിത്തീർ‌ക്കുകയായിരുന്നു ചോദ്യങ്ങളുടെയെല്ലാം ലാക്ക്.

പി.ടി തോമസ്സിന്റെയും മറ്റ് എംഎൽഎമാരുടെയും പത്ത് ചോദ്യങ്ങളിലെ അവസാനത്തെ നാല് ചോദ്യങ്ങൾ ഇവയാണ്:

1. പോലീസ് വകുപ്പിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാർക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോ? (സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നോയെന്നും അതിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നോയെന്നും ചോദിച്ചതിനു ശേഷമാണ് ഈ ചോദ്യം).

2. സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥന്മാർ ബഹിരാകാശ കേന്ദ്രത്തിലെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടെന്ന് കോടതിവിധി ഉണ്ടായിട്ടുണ്ടോ?

3. ഉണ്ടെങ്കിൽ ആ ഉദ്യോഗസ്ഥർ ആരെല്ലാമെന്നും അവരുടെ ഔദ്യോഗിക സ്ഥാനങ്ങൾ എന്തെന്നും വെളിപ്പെടുത്താമോ?

4. ഈ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

രമൺ ശ്രീവാസ്തവയ്ക്കെതിരെ ഹൈക്കോടതി വിധിയിൽ പരാമർശമുണ്ടായതും അതിന്മേൽ സർക്കാർ എടുത്ത നടപടിയുടെ പോരായ്മയുമെല്ലാം ഉയർത്തിക്കൊണ്ടു വരികയായിരുന്നു ഈ ചോദ്യങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തം. ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കെ കരുണാകരൻ നൽകിയ ഉത്തരങ്ങളിൽ തൂങ്ങിയാണ് അന്നത്തെ ചർച്ച മുഴുവനും നടന്നത്.

പ്രതിപക്ഷത്തു നിന്നുള്ള എ.സി ഷൺമുഖദാസാണ് പിന്നീട് ചർച്ചയിലിടപെട്ടത്. അദ്ദേഹം അന്നത്തെ ക്രൈംബ്രാഞ്ച് ഡിഐജിയുടെ, അതായത് സിബി മാത്യൂസിന്റെ നേത‍ൃത്വത്തിൽ നടന്ന അന്വേഷണത്തിനിടെ പ്രതികൾ ക്രൂരമായി മർദ്ദിക്കപ്പെട്ടുവെന്ന് ഹൈക്കോടതിയിൽ സിബിഐ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലെ വസ്തുതകൾ വെച്ചാണ് സംസാരിച്ചത്. പീഡനം നടന്നെന്ന് തുറന്ന് സമ്മതിക്കാൻ കരുണാകരൻ വിസമ്മതിച്ചു. അന്വേഷണങ്ങളിൽ എന്തെല്ലാം സംഭവിച്ചുവെന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ഒഴുക്കൻ മറുപടി പറഞ്ഞ് അദ്ദേഹം തടി രക്ഷിച്ചു.

Also Read: Explainer: ഗുജറാത്തിലെ പ്ലേഗ് ബാധ മുതൽ തുടങ്ങുന്ന ചാരക്കേസ്; കേരള രാഷ്ടീയത്തെ സിഐഎ കൈവെള്ളയിലെടുത്തതിന്റെ ചരിത്രം

തുടർന്ന് ഷൺമുഖദാസ് രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ കരുണാകരൻ സർക്കാർ മടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് കടന്നു. രാജ്യരക്ഷയെ ബാധിക്കുന്ന ഒരു വിഷയത്തിൽ കോടതിയുടെ വിമർശനമേൽക്കേണ്ടി വന്നിട്ടും പോലീസ് ഉദ്യോഗസ്ഥനുള്ള ശിക്ഷ സസ്പെൻഷനിലൊതുക്കി അയാളെ ഊരുചുറ്റാൻ വിടുന്നത് ശരിയാണോയെന്ന് ഷൺമുഖദാസ് ചോദിച്ചു. സസ്പെൻഷൻ കിട്ടിയ ശ്രീവാസ്തവ തന്റെ വീട്ടിൽ പോയതിനെയാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ, ശ്രീവാസ്തവ കുറ്റം ചെയ്തെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് കരുണാകരൻ തിരിച്ചടിച്ചു. ഐബിയുടെ റിപ്പോർട്ടിന്മേൽ കോടതി ചില പ്രതികൂല പരാമർശങ്ങൾ നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതിൽ അന്വേഷണം നടത്തുന്ന ഏജൻസിയാണ് പ്രൊസിക്യൂഷൻ നടപടികളെടുക്കേണ്ടത്; സംസ്ഥാന സർക്കാരല്ലെന്നും കരുണാകരൻ വിശദീകരിച്ചു.

ഈ വാദത്തെ എതിർത്ത് ഇടത് എംഎൽഎ ടി. ശിവദാസമേനോൻ എത്തി. ചോദ്യം ചെയ്യലിന് വിധേയനായ ഒരു ഐജിയെ ആ സ്ഥാനത്ത് തുടരാൻ വിട്ടാൽ അലിബി പ്രൂവ് ചെയ്യാനുള്ള അവസരം കിട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാഹചര്യം ഒരുക്കരുതെന്ന് ഘടകക്ഷികളുൾപ്പെടെ ഭരണകക്ഷിയിലെ എംഎൽഎമാർ ആവശ്യപ്പെട്ടിട്ടും ശ്രീവാസ്തവയെ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് എന്തിനാണെന്ന് ശിവദാസമേനോൻ ചോദിച്ചു. കോടതിയുടെ പരാമർശത്തെ മാത്രം മുൻനിർത്തിയാണ് രമൺ ശ്രീവാസ്തവയെ നീക്കിയതെന്നായിരുന്നു കരുണാകരന്റെ മറുപടി. സിബി മാത്യൂസ് നൽകിയ റിപ്പോർട്ടിലും ശ്രീവാസ്തവയുടെ പേരില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാനാകില്ല എന്നാതിയിരുന്നു കരുണാകരനെടുത്ത നിലപാട്. ഡിജിപിയിൽ നിന്നും ഇന്റലിജൻസ് ഡിജിപിയിൽ നിന്നും താൻ വിശദീകരണം ചോദിച്ചു. അവരാരും രമൺ ശ്രീവാസ്തവയ്ക്കെതിരായി എന്തെങ്കിലും വിവരമുള്ളതായി പറഞ്ഞില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

Also Read: “ശ്രീവാസ്തവയെ രക്ഷിക്കാൻ കരുണാകരനാണോ റാവുവിനാണോ കൂടുതൽ താൽപര്യം?” -പിണറായി അന്ന് ചോദിച്ചു

ചാരക്കേസിൽ മറ്റ് ആറ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അദ്ദേഹം തെളിവ് നശിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ചിലെ സിബി മാത്യൂസ് ഡിജിപിയെ അറിയിച്ചിരുന്നോയെന്ന ചോദ്യമായിരുന്നു അടുത്തത്. ചോദ്യകാരൻ പിടി തോമസ് തന്നെ. ഇതിനു പിന്നാലെ ഡിസംബർ 12നു ശേഷം കേസിന്റെ ദിശ മാറിയെന്ന ഹൈക്കോടതി പരാമർശം എടുത്തുകാണിച്ച് സിപിഐ എംഎല്‍എ സത്യൻ മൊകേരി രംഗത്തു വന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നേരിട്ടിടപെട്ടതിനു ശേഷമല്ലേ ഈ ദിശാമാറ്റം സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. വളരെ രൂക്ഷമായാണ് കരുണാകരൻ ഈ ചോദ്യത്തോട് പ്രതികരിച്ചത്. സഭയ്ക്കകത്ത് സംരക്ഷണമുള്ളതു കൊണ്ട് എന്തും ചോദിക്കാമെന്ന നിലപാട് നിർഭാഗ്യകരമാണെന്ന് മറുപടി. എന്നാൽ കോടതി വിധിയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും 12ാം തിയ്യതിക്കു ശേഷം കേസിൽ ഇടപെട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാൻ‌ കഴിയുമോയെന്ന വെല്ലുവിളിയാണ് പിന്നീട് മൊകേരിയുടെ ഭാഗത്തു നിന്നുയർന്നത്. എന്നാൽ കോടതി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കരുണാകരൻ പറഞ്ഞൊഴിഞ്ഞു.

കുറെക്കൂടി പക്വമായ ഇടപെടലായിരുന്നു, മികച്ച സാമാജികനെന്ന് പേരെടുത്തിട്ടുള്ള ജനതാദൾ എംഎൽഎ കെ ചന്ദ്രശേഖരന്റേത്. രമൺ ശ്രീവാസ്തവയ്ക്കെതിരെ കൂടുതലെന്തെങ്കിലും നടപടികളെടുക്കുവാൻ പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നുണ്ടോയെന്ന് ചന്ദ്രശേഖരൻ ചോദിച്ചു. സിബിഐ അന്വേഷണത്തിനു ശേഷം കൂടുതൽ അന്വേഷണം വേണമെന്നു തോന്നിയാൽ സംസ്ഥാന സർക്കാർ അത് ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം ചർച്ചയിൽ ഇടപെട്ടു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കൂടി രമൺ ശ്രീവാസ്തവയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പിണറായി വാദിച്ചു. രാഷ്ട്രീയപ്രചാരണത്തിനു വേണ്ടിയുള്ള ചോദ്യമെന്ന് ഇതിനെ കരുണാകരൻ തള്ളി. കേസിലെ ‘പ്രധാന വില്ലൻ’ എന്നാണ് അച്യുതാനന്ദൻ രമൺ ശ്രീവാസ്തവയെ വിശേഷിപ്പിച്ചത്.

Also Read: നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന കരുണാകരന്റെ വാദത്തെ ചോദ്യം ചെയ്യുകയായിരുന്നു ബേബി ജോൺ. പത്രവാർത്തകളുടെയും ഊമക്കത്തുകളുടെയുമെല്ലാം അടിസ്ഥാനത്തിൽ കരുണാകരൻ നേരത്തെ നടപടിയെടുത്തിരുന്നത് ബേബിജോൺ എണ്ണിപ്പറയാൻ തുടങ്ങി. ചാരവൃത്തിയില്‍ ഏർപ്പെട്ടയാളെ രക്ഷിക്കുന്ന ഹീനമായ നടപടിയല്ലേ മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബേബി ജോൺ ചോദിച്ചു. തിരുവനന്തപുരത്തും മദ്രാസിലും കൊണ്ടുപോയി ചോദ്യം ചെയ്ത ഒരാളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഇപ്പോഴും സംശയമില്ലാത്തതായിരുന്നു ബേബി ജോണിന്റെ അത്ഭുതം. രമൺ ശ്രീവാസ്തവയെക്കുറിച്ച് സിബി മാത്യൂസ് എഴുതിയ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന ബേബി ജോണിന്റെ വാദത്തെ കരുണാകരൻ തള്ളിക്കളഞ്ഞു. അങ്ങനെയൊന്നില്ലെന്ന് കരുണാകരൻ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ബഹളം കൂട്ടി.

സിബി മാത്യൂസിന്റെ റിപ്പോർട്ടിൽ ‘കേസിൽ ഒരു സീനിയർ പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കുള്ളതിനെക്കുറിച്ച് പൂർണമായും തീർപ്പ് പറയാനാകാത്ത വിവരം ലഭിച്ചിട്ടുണ്ട്’ എന്ന പരാമർശം ബേബി ജോൺ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാമർശത്തിന്മേലായി പിന്നീടുള്ള ചർച്ചകൾ. ഈ സീനിയർ ഉദ്യോഗസ്ഥൻ ആരാണെന്ന് മുഖ്യമന്ത്രി അന്വേഷിച്ചിരുന്നുവോയെന്ന് ചോദിച്ച് ടി.കെ രാമകൃഷ്ണൻ എംഎൽഎ എണീറ്റു. വി.വി രാഘവന്‍ കടുത്ത ആരോപണങ്ങളാണ് രമൺ ശ്രീവാസ്തവയ്ക്കെതിരെ ഉന്നയിച്ചത്: “ഹൈക്കോടതി പരാമർശിച്ച ശ്രീ. രമൺ ശ്രീവാസ്തവയെ തൃശ്ശൂരുകാർക്ക് അറിയാവുന്നതുപോലെ മറ്റാർക്കും അറിയില്ല. പെണ്ണും പണവും കണ്ടാൽ സ്വന്തം യൂണിഫോമിന്റെയും രാഷ്ട്രത്തിന്റെയും താത്പര്യം അപകടപ്പെടുത്തുന്നതിനു പോലും മടിയില്ലാത്ത ഒരാളാണ് ഈ രമൺ ശ്രീവാസ്തവ എന്ന് ഞാൻ പറഞ്ഞറിയിക്കണോ? ചരിത്രം അതല്ലേ വെളിവാക്കുന്നത്? മറിയം റഷീദയെപ്പോലുള്ള മദാലസ വന്നാൽ രഹസ്യം ചോർത്തിക്കൊടുത്ത് 9 ലക്ഷം യുഎസ് ഡോളർ വാങ്ങാൻ ഈ രമൺ ശ്രീവാസ്തവ അതിൽ പെട്ടു എന്ന് ശ്രീ സിബി മാത്യൂസിന്റെ റിപ്പോർട്ടിലും ഹൈക്കോടതിയിലും പരാമർ‌ശം വന്നാൽ സസ്പെൻഷൻ മതിയോ സാർ; അറസ്റ്റ് ചെയ്യണ്ടേ; എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?”

എന്നാല്‍, വി.വി രാഘവനും കൂടി പങ്കാളിയായിരുന്ന ഇടത് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് രമൺ ശ്രീവാസ്തവയെ തിരുവനന്തപുരം സിറ്റി കമ്മീഷണറായി നിയമിച്ചപ്പോൾ ഈ പരമാർത്ഥമൊന്നും അറിയുമായിരുന്നില്ലേ എന്നു ചോദിച്ച് കരുണാകരൻ വിവി രാഘവന്റെ വായടപ്പിച്ചു.

“ശ്രീവാസ്തവയെ രക്ഷിക്കാൻ കരുണാകരനാണോ റാവുവിനാണോ കൂടുതൽ താൽപര്യം?” -പിണറായി അന്ന് ചോദിച്ചു

Explainer: ഗുജറാത്തിലെ പ്ലേഗ് ബാധ മുതൽ തുടങ്ങുന്ന ചാരക്കേസ്; കേരള രാഷ്ടീയത്തെ സിഐഎ കൈവെള്ളയിലെടുത്തതിന്റെ ചരിത്രം

സക്കറിയയാണ് എനിക്ക് ജാമ്യം നിന്നത്; പ്രതിക്കൂട്ടില്‍ മറിയം റഷീദയും ഫൌസിയയുമുണ്ടായിരുന്നു-ശശികുമാര്‍

കെട്ടുകഥകളുടെ തടവറക്കാലങ്ങൾക്ക് ആരാണ് മറുപടി പറയേണ്ടത്?

നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍