UPDATES

ബാലനെ അസീസ് ആക്കി; മുടങ്ങിയത് ആദിവാസി പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം; കിര്‍താഡ്‌സ് ഉദ്യോഗസ്ഥന്‍ ഇന്ന് മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്

കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജാതിനിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ക്കായി രൂപീകരിച്ച കിര്‍ത്താഡ്സ് എങ്ങനെയാണ് അവരെ വിറ്റുതിന്നുന്നത്- അഴിമുഖം അന്വേഷണ പരമ്പര തുടരുന്നു- ഭാഗം 5

പ്രമിഷ തോട്ടി സമുദായക്കാരിയാണ്. കണ്ണൂര്‍ ചേലോറയിലെ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മിനിയുടേയും പ്രമോദിന്റെയും മകള്‍. അവളുടെ അമ്മയുടെ അച്ഛന്റെ പേര് ബാലന്‍ എന്നായിരുന്നു. എന്നാല്‍ ഒരു ദിവസം ആ പേര് മാറി, അസീസ് ആയി. പക്ഷെ ആ പേരുമാറ്റം ഇല്ലാതാക്കിയത് ആ ആദിവാസി പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ജീവിതം തന്നെയാണ്. പ്ലസ് ടു കഴിഞ്ഞതോടെ പഠനം നിര്‍ത്തേണ്ടി വന്ന പ്രമിഷയുടെ ജാതിപദവി, തിരിച്ചെടുത്തവര്‍ തന്നെ തിരികെ നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അത് തിരികെ ലഭിക്കുമ്പോഴേക്കും തുടര്‍പഠനത്തിനുള്ള അവസരങ്ങളെല്ലാം അവള്‍ക്ക് മുന്നില്‍ അടഞ്ഞിരുന്നു. ബാലന്‍ എങ്ങനെ അസീസ് ആയി? ഈ പേരുമാറ്റത്തില്‍ പ്രതികള്‍ രണ്ട് കൂട്ടരാണ്. ഒന്ന്, റവന്യൂവകുപ്പും മറ്റൊന്ന് ജാതിനിര്‍ണയിച്ച് റിപ്പോര്‍ട്ട് നല്‍കിയ കിര്‍താഡ്‌സും. ദളിത്, ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തെക്കുറിച്ചും നവോത്ഥാന കേരളത്തെക്കുറിച്ചും സംസാരിക്കുന്ന രാഷ്ട്രീയ-സാമൂഹിക ഇടങ്ങളിലേക്ക്, കേരളം എന്താണ് ദളിതരോടും ആദിവാസികളോടും ചെയ്തുകൊണ്ടിരിക്കുന്നതെന്നതിന്റെ നേര്‍ചിത്രമായി പ്രമിഷയുടെ ജീവിതം വയ്ക്കുകയാണ്.

2012-ല്‍ പ്രമിഷ പത്താംക്ലാസ് പൂര്‍ത്തിയാക്കി പ്ലസ് വണ്‍ പ്രവേശനത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് വില്ലേജ് ഓഫീസിനെ സമീപിച്ചത്. തോട്ടിപ്പണി നിരോധിച്ച ശേഷം കണ്ണൂരിലെ തോട്ടി സമുദായക്കാരില്‍ പലരും പറയ എന്നാണ് ജാതിപ്പേര് നല്‍കിയിരുന്നത്. പ്രമിഷയെ സ്‌കൂളില്‍ ചേര്‍ത്തപ്പോഴും പറയ സമുദായം എന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രേഖപ്പെടുത്തി. പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. അമ്മ മിനി തോട്ടി സമുദായാംഗമാണ്. അച്ഛന്‍ പ്രമോദ് കുമാര്‍ തീയ്യ സമുദായവും. വില്ലേജ് ഓഫീസില്‍ ജാതിസര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പ്രമിഷയും കുടുംബവും എത്തി. എന്നാല്‍ പിന്നീട് നടന്നത് പ്രമിഷയുടെ അച്ഛന്‍ പ്രമോദ് കുമാര്‍ പറയും: “നീ തോട്ടി, നിന്റെ ഭര്‍ത്താവ് തീയ്യ, പിന്നെ നിനക്കെങ്ങനെയാ പറയയായ കുട്ടിയുണ്ടായത് എന്നാണ് വില്ലേജ് ഓഫീസര്‍ മിനിയോട് ചോദിച്ചത്. മിനി കാര്യം പറഞ്ഞു. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മറ്റെല്ലാവരും ചെയ്യുന്നത് പോലെ പറയ എന്ന് കുട്ടിയുടെ ജാതി ചേര്‍ത്തതാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അമ്മയുടെ ജാതി തോട്ടിയും, മകളുടേത് പറയയുമായതായിരുന്നു പ്രശ്‌നം. അന്ന് ഓഫീസുലുണ്ടായിരുന്ന എസ് ടി പ്രമോട്ടര്‍ ഞങ്ങളെ വര്‍ഷങ്ങളായി അറിയാവുന്നതാണെന്നും ഇവര്‍ തോട്ടി സമുദായക്കാരിയാണെന്നും പറഞ്ഞ് സഹായിക്കാനെത്തിയെങ്കിലും വില്ലേജ് ഓഫീസര്‍ അവരെ വിലക്കി. പറയ എന്ന് സര്‍ട്ടിഫിക്കറ്റ് തരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തോട്ടി എന്ന് തന്നെ തന്നോളാന്‍ ഞങ്ങള്‍ പറഞ്ഞു. പക്ഷെ ഞങ്ങളുടെ അപേക്ഷ പോലും നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്”. ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ പ്രമിഷക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. എങ്കിലും അവള്‍ പ്ലസ്ടു പഠനം ആരംഭിച്ചു. ജാതി സര്‍ച്ചിഫിക്കറ്റ് നിഷേധിച്ചതിനെതിരെ പ്രമിഷയുടെ അമ്മ മിനി എസ് സി/ എസ് ടി കമ്മീനിലും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കി. അങ്ങനെ പ്രമിഷയുടെ ജാതി നിര്‍ണ്ണയിക്കാന്‍, അന്വേഷണത്തിന് നിര്‍ദ്ദേശം വന്നു.


മിനിയുടെ അമ്മ നിയമപ്രകാരം വിവാഹിതയായിട്ടില്ല. മിനിയുടേയും അനുജത്തിയുടേയും അച്ഛന്‍ തോട്ടി സമുദായക്കാരന്‍ തന്നെയായ ബാലന്‍ ആയിരുന്നു. മിനിക്ക് പതിച്ച് നല്‍കിയ അഞ്ച് സെന്റ് ഭൂമിയുടെ ആധാരത്തിലും, അനുജത്തിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും, ഇരുവരുടേയും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളിലുമെല്ലാം അച്ഛന്റെ പേര് ബാലന്‍ ആയിരുന്നു. പ്രമിഷയുടെ ജാതി സംബന്ധിച്ച അന്വേഷണം നടത്തിയത് താലൂക്ക് ഓഫീസില്‍ നിന്നാണ്. പ്രമോദ് തുടരുന്നു: “താലൂക്ക് ഓഫീസിലെ ബി സെക്ഷനില്‍ നിന്നാണ് റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. അവര്‍ ഒരന്വേഷണത്തിനും ചേലോറ വന്നിട്ടില്ല. ഞങ്ങളെ അവിടേക്ക് വിളിച്ച് ഹിയറിങ് നടത്തി. അന്ന് അച്ഛന്റെ പേരോ, ജാതിയോ, അച്ഛനെക്കുറിച്ച് തന്നെയോ ചോദിക്കുകയോ പറയുകയോ ഉണ്ടായിട്ടില്ല. പിന്നീട് റിപ്പോര്‍ട്ട് വന്നപ്പോഴാണ് ഞങ്ങളെല്ലാം ഞെട്ടിയത്. റിപ്പോര്‍ട്ടില്‍ മിനിയുടെ അച്ഛന്റെ പേര് അസീസ് ആണെന്ന് രേഖപ്പെടുത്തിയിരുന്നു. വടകര സ്വദേശി അസീസ്. ഞങ്ങളാരും, മിനിയുടെ അമ്മ പോലും അങ്ങനെ ഒരു പേരോ, ആളെയോ മുമ്പ് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. അങ്ങനെ ഒരാളെ ഞങ്ങള്‍ക്കാര്‍ക്കും അറിയുകയുമില്ല. തഹസില്‍ദാര്‍ ആ റിപ്പോര്‍ട്ട് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അയച്ചു നല്‍കി. ഒറ്റ പേജുള്ള റിപ്പോര്‍ട്ടായിരുന്നു അത്. പ്രമിഷയുടെ ബയോഡാറ്റ തയ്യാറാക്കുന്ന രൂപത്തിലുള്ളത്. അമ്മയുടെ അച്ഛന്‍ അസീസ് ആയിരിക്കുന്ന സാഹചര്യത്തില്‍ പ്രമിഷയുടെ ജാതി നിര്‍ണയം നടത്തിത്തരണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ കിര്‍താഡ്‌സിന് കേസ് കൈമാറി. എന്നാല്‍ കിര്‍താഡ്‌സിനയച്ച് റിപ്പോര്‍ട്ടില്‍ വടകര സ്വദേശി എന്നത് ഇല്ലായിരുന്നു. വെറും അസീസ് എന്ന് മാത്രം പേര് എഴുതി അത് കിര്‍താഡ്‌സിന് കൈമാറുകയായിരുന്നു.”

കുത്തഴിഞ്ഞ് കിര്‍താഡ്‌സ്; അനധികൃത നിയമനം മാത്രമല്ല, ജാതിനിര്‍ണയത്തിനായി കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലധികം കേസുകള്‍

കിര്‍താഡ്‌സ് വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ ജാതി നിര്‍ണയത്തിന്റെ ഭാഗമായി തെളിവെടുപ്പിനും പഠനത്തിനുമായി ചേലോറയിലെത്തി. മിനിയുടെ ഭര്‍ത്താവ് പ്രമോദിനോട് മാത്രം സംസാരിച്ച് അവര്‍ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കി. മിനിയുടെ അച്ഛന്‍ കണ്ണൂര്‍ സ്വദേശിയായ അസീസ് ആണ്. മിനിയുടെ അമ്മയുടേതും മിശ്രവിവാഹമാണ്, രണ്ടാം തലമുറയിലും മിശ്രവിവാഹം നടന്നിരിക്കുന്നതിനാല്‍ പ്രമിഷയ്ക്ക് ജാതിപദവി ലഭിക്കില്ല എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ചുരുക്കം. പ്രമോദ് വിശദീരിക്കുന്നു: “അന്ന് നമ്മള്‍ ഈ കിര്‍താഡ്‌സ് എന്ന് പോലും കേട്ടിട്ടില്ല. ഇതിനെക്കുറിച്ച് അറിയുകയുമില്ല. ഒരു ദിവസം കിര്‍താഡ്‌സില്‍ നിന്നാണ്, വിജിലന്‍സ് വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ എന്റെയടുത്ത് വന്നു. എന്നിട്ട് പരേതനായ അസീസ് ആണ് മിനിയുടെ അച്ഛന്‍ എന്ന് തഹസിദാറുടെ റിപ്പോര്‍ട്ടുണ്ടെന്നും, അതിനെതിരായി പറഞ്ഞാല്‍ നടപടിയെടുക്കുമെന്നുമൊക്കെ പറഞ്ഞ് മിനിയുടെ അച്ഛന്‍ അസീസ് ആണെന്ന് എന്നെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചു. ഭീഷണിപ്പെടുത്തി ചെയ്യിച്ചതായിരുന്നു. ആരാണ് വന്നിരിക്കുന്നതെന്ന് പോലും അറിയാതെ ഞാന്‍ ശരിക്കും പകച്ചുപോയി. അവര്‍ മിനിയോട് പോലും ഒന്നും ചോദിച്ചില്ല. നരവംശശാസ്ത്രപരമായി ജാതി നിര്‍ണയിക്കുന്നതിനായിരുന്നല്ലോ അവര്‍ വന്നത്. നരവംശശാസ്ത്രപരമായൊന്നും പഠിച്ചില്ലെങ്കിലും മിനിയുടെ അമ്മയോടെങ്കിലും ഇക്കാര്യം ചോദിക്കണ്ടേ? അതുണ്ടായില്ല. അമ്മയും മറ്റ് ബന്ധുക്കളും എല്ലാം ഈ കോളനിയില്‍ തന്നെയാണ് താമസിക്കുന്നത്. രക്തബന്ധമുള്ളവരോടോ പ്രദേശവാസികളോടും തെളിവെടുപ്പ് നടത്തിയില്ല. തഹസില്‍ദാറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി, എന്നെ ഭീഷണിപ്പെടുത്തി എഴുതിച്ച പ്രസ്താവനയുമായി കിര്‍താഡ്‌സ് റിപ്പോര്‍ട്ട് നല്‍കി. എന്ത് നരവംശശാസ്ത്രമാണ് ഇവര്‍ പഠിച്ചത്? പ്രമിഷയുടെ ജാതി ഇവര്‍ എന്ത് ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് പഠിച്ചത്? അസീസ് എന്ന ഒരാള്‍ എങ്ങനെയുണ്ടായി? എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഇതാണ്. താലൂക്ക് ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വടകര സ്വദേശി അസീസ് ആയിരുന്നു, കിര്‍താഡ്‌സിന് നല്‍കിയപ്പോള്‍ അത് അസീസ് എന്ന് മാത്രമായി, തിരിച്ച് കിര്‍താഡ്‌സ് നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ സ്വദേശിയായ അസീസ് ആയി മിനിയുടെ അച്ഛന്‍.”

തന്റെ അച്ഛന്റെ പേര് തിരുത്തിയെന്ന പരാതിയുമായി മിനി ജില്ലാ കളക്ടറെ സമീപിച്ചു. പരാതിയിലെ സത്യാവസ്ഥ ബോധ്യപ്പട്ട കളക്ടര്‍ മിനി മുസ്ലീം മത വിശ്വാസ പ്രകാരം ജീവിച്ചിരിച്ചുന്നതിനോ അസീസിന്റെ സംരക്ഷണയില്‍ ജീവിച്ചതിനോ തെളിവില്ലെന്നും ഇതിന് സ്പഷ്ടീകരണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തഹസില്‍ദാര്‍ക്കും കിര്‍താഡ്‌സിനും റിപ്പോര്‍ട്ടയച്ചു. എന്നാല്‍ കിര്‍താഡ്‌സില്‍ നിന്ന് ഇതിന് മറുപടി നല്‍കിയില്ല. തഹസില്‍ദാര്‍ തനിക്ക് ലഭ്യമായ രേഖകള്‍ കളക്ടര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ കിര്‍താഡ്‌സിന്റെ റിപ്പോര്‍ട്ടില്‍ മിനിയുടെ ഭര്‍ത്താവ്, അവരുടെ അച്ഛന്‍ അസീസ് ആണെന്ന് സമ്മതിച്ചിരുന്നതായും, കിര്‍താഡ്‌സ് റിപ്പോര്‍ട്ടിലും അസീസ് ആണ് മിനിയുടെ അച്ഛന്‍ എന്ന് തെളിഞ്ഞിരുന്നതായുമാണ് അറിയിച്ചത്. എന്നാല്‍ ഇതിന് തെളിവുകളൊന്നും ഹാജരാക്കാനുമായില്ല. അസീസിനെ അറിയില്ലെന്നും മിനിയുടെ അച്ഛന്‍ ബാലന്‍ തന്നെയാണെന്നും മിനിയുടെ അമ്മ വസന്ത കളക്ടര്‍ക്ക് മൊഴി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കളക്ടര്‍ വീണ്ടും കിര്‍താഡ്‌സിന് കത്തയച്ചു. ഇരുപത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും, അല്ലാത്തപക്ഷം ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടതായി വരുമെന്നും കളക്ടര്‍ അതില്‍ പറഞ്ഞിരുന്നു. എന്നാല്‍ കിര്‍താഡ്‌സ് പ്രതികരിച്ചില്ല. തുടര്‍ന്ന് മിനിയുടെ പേരിലുള്ള ആധാരവും, സര്‍ട്ടിഫിക്കറ്റുകളും, അമ്മയുടെ മൊഴിയും എല്ലാം കണക്കിലെടുത്ത കളക്ടര്‍ പ്രമിഷയ്ക്ക് പറയ ജാതി സര്‍ട്ടിഫക്കറ്റ് അനുവദിക്കണമെന്ന് ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ റവന്യൂ അധികൃതരുടേയും കിര്‍താഡ്‌സിന്റെയും ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ മൂലം ഇവര്‍ക്ക് നിഷേധിച്ചിരുന്ന ജാതി പദവി തിരികെ ലഭിച്ചു. എന്നാല്‍ അപ്പോഴേക്കും പ്രമിഷയുടെ പഠന സാധ്യതകള്‍ അടഞ്ഞിരുന്നു. പ്രമിഷയടക്കം മൂന്ന് കുട്ടികളുടെ അച്ഛനായ, കൂലിപ്പണിക്കാരനായ പ്രമോദ് പ്ലസ്ടുവിന് പഠനചെലവ് മുഴുവന്‍ നല്‍കിയാണ് മകളെ പഠിപ്പിച്ചത്. എന്നാല്‍ ഡിഗ്രിക്ക് അയയ്ക്കാനോ ഫീസ് നല്‍കാനോ കഴിവില്ലാതിരുന്നതിനാല്‍ പ്ലസ്ടു കഴിഞ്ഞ് മുന്നോട്ടു പഠിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന പ്രമിഷയുടെ പഠനം നിലച്ചു.

അച്ഛന്റെ പേര് മാറ്റിയതിന് നടപടി സ്വീകരിക്കണമെന്നും, പ്രമിഷയുടെ പഠനം നിലച്ചുപോയതിന്റെ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മിനിയും പ്രമോദും പരാതി നല്‍കി. ആ പരാതി നിലനില്‍ക്കുമ്പോള്‍ തന്നെ ഇളയകുട്ടിയെ പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ കിര്‍താഡ്‌സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് തടഞ്ഞു എന്ന് മിനി പറയുന്നു: “കിര്‍താഡ്‌സ് മറുപടി അയക്കാത്ത സാഹചര്യത്തില്‍, മിനിയുടെ അച്ഛന്‍ ബാലന്‍ ആണെന്ന് തെളിഞ്ഞിരിക്കുന്നതിനാല്‍ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാണ് കളക്ടറുടെ ഉത്തരവുള്ളത്. മകളുടെ പഠനം എനിക്ക് ഫീസ് നല്‍കി പഠിപ്പിക്കാന്‍ കഴിവില്ലാത്തതിനാല്‍ നിര്‍ത്തേണ്ടി വന്നു. ഇളയ മകള്‍ക്ക് പ്ലസ് വണ്ണിന് ചേരാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോഴും അവര്‍ തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. ജാതി നിര്‍ണയം സംബന്ധിച്ച് കിര്‍താഡ്‌സിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല എന്ന് പറഞ്ഞാണ് തടഞ്ഞത്. വീണ്ടും ഞങ്ങള്‍ കളക്ടറെ കണ്ടു. മുന്‍ ഉത്തരവില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു. അതോടെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു.”

കിര്‍താഡ്‌സ് അനധികൃത നിയമനം: യോഗ്യതയുണ്ടെന്ന മന്ത്രി എ.കെ ബാലന്റെ വാദം പൊളിയുന്നു; യോഗ്യതയില്ലെന്ന് സര്‍ക്കാരിന്റെ തന്നെ ഉത്തരവ് പുറത്ത്

ഇതിനിടെ കിര്‍താഡ്‌സ് അധികൃതര്‍ ഒരിക്കല്‍ ഇവരെ തെളിവെടുപ്പിന് കിര്‍താഡ്‌സ് ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തു. പ്രമോദ് തുടര്‍ന്നു: “അന്ന് വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് മണിഭൂഷണ്‍ എന്ന സാറ് ആയിരുന്നു ആദ്യം ചേലോറയില്‍ തെളിവെടുപ്പിന് വന്നത്. അദ്ദേഹമാണ് അസീസ് എന്ന കണ്ണൂര്‍ സ്വദേശിയാണ് മിനിയുടെ അച്ഛന്‍ എന്ന് എഴുതിവിട്ടത്. പിന്നീട് കിര്‍താഡ്‌സില്‍ ഹിയറിങ്ങിന് പോയിരുന്നു. അവിടെ വച്ച് മിനിയെ അവര്‍ വല്ലാതെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ചോദ്യം ചെയ്തത്. അപ്പൂപ്പന്‍, അപ്പൂപ്പന്റെ അപ്പൂപ്പന്‍, അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെയൊക്കെ പേര് അവര്‍ ചോദിച്ചു. സമുദായത്തിലെ സ്ത്രീകളെ സംബന്ധിച്ച് അതൊന്നും അറിയണമെന്ന് തന്നെയില്ല. എന്തെല്ലാം തരം ചൂഷണങ്ങള്‍ക്ക് വിധേയമായാണ് ആ സ്ത്രീകളെല്ലാം കടന്നുപോയിട്ടുള്ളത്. അറിയുന്നത് മാത്രം പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ നേരത്തെ തന്നെ മിനിയോട് പറഞ്ഞിരുന്നു. അവള്‍ അതെല്ലാം പറയുകയും ചെയ്തു. നിങ്ങളുടെ അച്ഛന്‍ അസീസ് അല്ലേ എന്നായിരുന്നു ചോദ്യം. അല്ല എന്ന് പറഞ്ഞിട്ടും അസീസിന്റെ വീട് കോഴിക്കോടല്ലേ, അയാള്‍ ശരിക്കും മംഗലാപുരം സ്വദേശിയല്ലേ എന്നൊക്കെയായിരുന്നു ചോദ്യം. അസീസ് ആണ് നിങ്ങളുടെ അച്ഛന്‍ എന്ന് നിങ്ങളുടെ ഭര്‍ത്താവ് സമ്മതിച്ചിട്ടുമുണ്ടെന്നെല്ലാം അവര്‍ പറഞ്ഞു. നിങ്ങള്‍ എന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടേക്ക് ചെന്നു. അതോടെ ഹിയറിങ് തടസ്സപ്പെടുത്തിയെന്നും ഹിയറിങ്ങിനോട് ഭാഗികമായേ സഹകരിച്ചിട്ടുള്ളൂ എന്നും കിര്‍താഡ്‌സ് റിപ്പോര്‍ട്ട് രേഖപ്പെടുത്തി. കേസെല്ലാം തീര്‍ത്ത് തരാം 20,000 രൂപ തന്നാല്‍ മതി എന്നാണ് മണിഭൂഷണ്‍ അന്ന് എന്നോട് പറഞ്ഞത്. പൈസ തന്നിട്ട് നിങ്ങള്‍ ഒരു സര്‍ട്ടിഫിക്കറ്റും എനിക്ക് തരണ്ട, മിനിക്ക് അവകാശപ്പെട്ടതാമെങ്കില്‍ മാത്രം തന്നാല്‍ മതിയെന്ന് ഞാനും പറഞ്ഞു.”

കിര്‍താഡ്‌സ് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്പഷ്ടീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ അയച്ച റിപ്പോര്‍ട്ടിന് അഞ്ച് വര്‍ഷമായിട്ടും കിര്‍താഡ്‌സ് മറുപടി നല്‍കിയിട്ടില്ല. നരവംശശാസ്ത്രപരമായി ജാതി പഠനങ്ങള്‍ നടത്തുകയും ജാതി നിര്‍ണ്ണയിക്കുകയും ചെയ്യേണ്ടുന്ന ഉദ്യോഗസ്ഥന് അത് സംബന്ധിച്ച അറിവില്ലാത്തതും യോഗ്യതയില്ലാത്തുമായ വിഷയങ്ങളാണ് മിനിയും കുടുംബവും ചോദ്യം ചെയ്യുന്നത്. അച്ഛന്റെ പേര് തിരുത്തി ജാതിപദവി റദ്ദാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മിനിയും കുടുംബവും. അധികാരപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയുടെ നിരുത്തരവാദപരമായ പ്രവൃത്തിയില്‍ തങ്ങളുടെ മകളുടെ വിദ്യാഭ്യാസം അവസാനിച്ച് പോയതിലാണ് മിനിക്കും പ്രമോദിനും വിഷമം.

ഇവര്‍ ആരോപണമുന്നയിക്കുന്ന മണിഭൂഷണന്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ നിയമനവും പ്രൊബേഷന്‍ പ്രഖ്യാപിച്ചതുമെല്ലാം അനധികൃതമായാണ് എന്ന റിപ്പോര്‍ട്ടുകള്‍ അഴിമുഖം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ബന്ധപ്പെട്ട തസ്തികയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍, ചട്ടം 39 ഉപയോഗിച്ചാണ് മണിഭൂഷണുള്‍പ്പെടെയുള്ളവരുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ചത്. മണിഭൂഷണ്‍ ഇപ്പോള്‍ മന്ത്രി എ.കെ ബാലന്റെ പേഴ്‌സണ്‍ല്‍ സ്റ്റാഫുമാണ്. എന്നാല്‍ യോഗ്യതയില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ ജാതി നിര്‍ണയവും പഠനവും സംബന്ധിച്ച നിരവധി പരാതികളാണ് അഴിമുഖത്തിന് ലഭിച്ചിരിക്കുന്നത്. അവയില്‍ ഒന്ന് മാത്രമാണ് പ്രമിഷയുടേത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2

കിര്‍ത്താഡ്സുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം

https://www.azhimukham.com/tag/kirtads/

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍