UPDATES

ഡോ. ഷിബി കെ

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ഡോ. ഷിബി കെ

‘കുലസ്ത്രീ’യല്ലാത്ത ഗൗരിയുടെ കലഹങ്ങൾ; നിയമസഭയിലെ ആണധികാരത്തെ ചെറുത്ത ഒരു കീഴാളസ്ത്രീയുടെ പോരാട്ടം

അനുസരണാശീലമില്ലാത്ത, കുലസ്ത്രീയല്ലാത്ത മറ്റൊരു സ്ത്രീ മലയാളിയുടെ പൊതുമണ്ഡലത്തിൽ പിന്നീടുണ്ടായിട്ടില്ല; ഇത് കെആർ ഗൗരിയുടെ പരാജയമല്ല. മലയാളിയുടെ പരാജയമാണ്.

ഡോ. ഷിബി കെ

മലയാളികളിൽ മലബാറും കൊച്ചിയും തിരുവിതാംകൂറുമെന്നില്ലാതെ കേരളം എന്ന പൊതുദേശീയത ശക്തമായിത്തുടങ്ങുമ്പോൾ തന്നെ ഒരു കീഴാളസ്ത്രീ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ എത്തിച്ചേരുകയുണ്ടായി. അവരുണ്ടാക്കിയ ചലനങ്ങള്‍ അതിനു മുമ്പോ പിമ്പോ ഒരു സ്ത്രീക്ക് മലയാളിയുടെ പൊതുജീവിതത്തിൽ സാധ്യമായിട്ടില്ല. ബുദ്ധിയും തന്റേടവുമുള്ള ഒരു സ്ത്രീ പൊതുമണ്ഡലത്തിൽ എങ്ങനെയെല്ലാം വേട്ടയാടപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഗൗരി. അത്തരം വേട്ടയാടലുകളെ എങ്ങനെ അതിജീവിക്കണം എന്നതിന്റെ ഉദാഹരണവുമാണ് അവർ.

ഐക്യകേരളത്തിന്റെ ആധുനികവും പുരോഗമനപരവുമായ സാമൂഹികമുഖം വാർത്തെടുത്തതിൽ രാഷ്ട്രീയ-സാമൂഹിക പരിഷ്കർത്താക്കളുടെ സംഭാവന അനവധിയാണ്. ജനാധിപത്യത്തിലും പുരോഗമനാശയങ്ങളിലും ഊന്നി, ഭൂ-ബന്ധങ്ങളിലും പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐക്യകേരളത്തിലുടനീളം ആവിഷ്കരിക്കപ്പെട്ട വിപ്ലവാത്മകമായ പരിഷ്കാരങ്ങളാണ് കേരളത്തിന്റെ പിൽക്കാല ചരിത്രത്തെത്തന്നെയും തിരുത്തിയെഴുതാൻപോന്ന പുരോഗമനമുഖത്തെ പാകപ്പെടുത്തിയത്. അങ്ങേയറ്റത്തെ ജന്മി-ജാതി-മതാശയങ്ങളാൽ ആവേശിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയക്രമങ്ങളെ ചെറുത്തുതോൽപിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം പേറുന്നതിന്റെ അടയാളങ്ങൾ അക്കാലത്തെ മുന്നേറ്റങ്ങളിലൊക്കെയും കാണാമായിരുന്നു. മറ്റൊരർത്ഥത്തിൽ പറയുകയാണെങ്കിൽ പരമ്പരാഗത നാടുവാഴിത്തത്തോട് നിരന്തരം കലഹിച്ചുകൊണ്ടാണ്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നത്രയും ഭിന്നമാക്കിയ ഏറ്റവും ആധുനികവും പുരോഗമനപരവുമായ കേരളത്തിന്റെ മുഖം വാർത്തെടുക്കപ്പെട്ടിട്ടുള്ളത്. 1957 മുതൽക്കിങ്ങോട്ട് ഭൂവുടമസമ്പ്രദായത്തിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്രാബല്യത്തിൽ വന്നിട്ടുള്ള ബില്ലുകൾ പരമ്പരാഗത നാടുവാഴിത്തത്തോട്-ജന്മിത്വത്തോട് പോരടിച്ചാണ് കേരളം ആർജ്ജിച്ചെടുത്തത്.

ചരിത്രപരമായ ഈ പോരാട്ടങ്ങളിൽ നെടുംതൂണായത് കീഴ്ജാതിയിൽ പെട്ട ഒരാളായിരുന്നുവെന്നതും അവർ ഒരു സ്ത്രീയായിരുന്നുവെന്നതും ഏതൊരു മലയാളിയെയും എക്കാലവും ആവേശം കൊള്ളിക്കേണ്ടതാണ്. കേരളചരിത്രത്തിലെന്നല്ല ഇന്ത്യൻ ചരിത്രത്തിലെ തന്നെ കരുത്തുറ്റ പോരാളികളുടെ കൂട്ടത്തിലാണ് ഗൗരി എന്ന പേര് എഴുതി വെക്കേണ്ടത്.

കെ ആർ ഗൗരിയെക്കുറിച്ച് പറഞ്ഞു തുടങ്ങണമെങ്കിൽ അത് ഐക്യകേരളചരിത്രത്തെക്കുറിച്ച് പറഞ്ഞുതുടങ്ങലാണ്. കേരളത്തിന്റേതെന്ന് പറയപ്പെടുന്ന ഏറ്റവും പുരോഗമപരമായ നിയമങ്ങളൊക്കെയും (കേരള കർഷകബന്ധ ബില്ല്, സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം, അഴിമതി നിരോധനനിയമം, വനിതാ കമ്മീഷന്‍ ആക്ട്) വാർത്തെടുക്കപ്പെട്ടത് കെആർ ഗൗരിയുടെ കൈകളിലൂടെയായിരുന്നു. കേരളത്തിലെ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഈ സ്ത്രീയുടെ പോരാട്ടം ശരിയായ ഗൗരവത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കരുതുക വയ്യ. അങ്ങേയറ്റം ആണധികാരത്തിലധിഷ്ഠിതമായിരുന്ന കുടുംബത്തിലും രാഷ്ട്രീയത്തിലും കെആർ ഗൗരി നയിച്ച കലഹങ്ങളത്രയും ആധുനിക കേരളചരിത്രത്തിലെ പോരാട്ടത്തിന്റെ ഏടുകളായിരുന്നു.

മന്ത്രിസഭയിലെ ഏക സ്ത്രീ അംഗം എന്ന നിലയിൽ പലപ്പോഴും ബില്ലവതരണവേളകളിൽ പുരുഷാധികാരത്തിന്റെ ക്രൂരമായ പരിഹാസങ്ങളാൽ കെആർ ഗൗരി വേട്ടയാടപ്പെട്ടിരുന്നു. ആരാലും തോൽപ്പിക്കാനാവാത്ത ധൈര്യശാലിയായ ഏതൊരു പെൺപോരാളിയും ആക്രമിക്കപ്പെടുന്നത് അവളുടെ ലൈംഗികതയെ കേന്ദ്രീകരിച്ചാണല്ലോ. കെആർ ഗൗരിയും ഏറ്റവുമധികം പോരടിച്ചത് സ്ത്രീത്വത്തോടുള്ള പുരുഷന്റെ ലൈംഗികാധിനിവേശ മനോഭാവത്തോടായിരുന്നു. ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ ഭരണാധികാരിയോട് തോറ്റുകൊടുക്കാൻ മനസ്സനുവദിക്കാതെയും, എന്നാൽ ആ ഭരണാധികാരി ഒരു പെണ്ണാണ് എന്നതിനാൽ നാണിച്ചവശരായും, ആ സ്ത്രീയുടെ ലൈംഗികതയെ പ്രതി ആക്ഷേപം നടത്തുന്ന നാണംകെട്ട നിയമസഭാംഗങ്ങളെ നിയസഭാരേഖകൾ പരിശോധിക്കുമ്പോൾ ഉടനീളം നമുക്ക് കാണാം.

ഭൂ-നിയമം പാസ്സാക്കുന്നതിന് മുന്നോടിയായി കുടിയൊഴിക്കൽ നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരുന്ന അവസരത്തിൽ പാവപ്പെട്ട ജന്മിമാരെ മുഴുവൻ നശിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ ആലുവയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്ന ടിഒ ഭാവ, ഒരു സ്ത്രീയെന്ന നിലയിൽ കെആർ ഗൗരിയെക്കുറിച്ച് പ്രകടിപ്പിക്കുന്ന ആശങ്ക കേരളചരിത്രത്തിൽ ‘സ്വർണ്ണ’ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. ജൻമിക്ക് കുടിയാൻമാരെ ഒഴിപ്പിക്കാൻ അനുവാദമില്ല എന്ന് വന്നപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്: “…സർ, എന്റെ നാട്ടിൽ ഈയിടെ ഒരു സംഭവമുണ്ടായി. ആണ്ടിൽ 6 മാസം തികച്ച് കഞ്ഞികുടിക്കാൻ വകയില്ലാത്ത ഒരു പാവം നമ്പൂതിരിയുടെ ഇല്ലത്തിനു മുമ്പിൽ രണ്ടുമൂന്ന് കുടിലുകൾ വെച്ച് കെട്ടി തടസ്സപ്പെടുത്തിയപ്പോൾ തുണിയഴിച്ചിട്ട് തുള്ളിയ ഒരു സംഭവമുണ്ടായി…ഈ മാതിരി നീതിയ്ക്കും ന്യായത്തിനും യോജിയ്ക്കാത്ത അനിഷ്ടസംഭവങ്ങളെപ്പറ്റി പരാതിപറയുമ്പോൾ അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞ് ഒന്നും മിണ്ടാതെ മൗനം ദീക്ഷിക്കുന്നത് ഒരു മാതൃത്വം റവന്യൂ മന്ത്രിണിക്ക് ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ വിചാരിക്കുന്നത്.”

സഭയിൽ നടന്ന രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചയുമായി ഒരു ബന്ധവുമില്ലാത്ത കെആർ ഗൗരിയുടെ മാതൃത്വത്തെ സംബന്ധിച്ചുള്ള ടിഒ ഭാവയുടെ ആശങ്ക, ‘പ്രസവിക്കാൻ ശേഷിയില്ലാത്ത’ കെആർ ഗൗരിയുടെ സ്ത്രീത്വത്തെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നു. ഈ അശ്ലീലം ഒരു നിയസഭ മെമ്പറെന്ന നിലയിൽ സഭയിൽ പറയാൻ അനുവദിയ്ക്കത്തക്കതല്ലായെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി മറുപടി പറയുന്നുണ്ട്. എന്നാൽ ആ പറഞ്ഞതിൽ അശ്ലീലമായിട്ടൊന്നുമില്ലായെന്നാണ് നിയമസഭയിലെ പി എസ് പി നേതാവും തിരുവിതാംകൂര്‍ മുന്‍ പ്രധാനമന്ത്രിയും തിരുകൊച്ചി മുന്‍ മുഖ്യമന്ത്രിയുമെല്ലാം ആയിരുന്ന പട്ടം താണുപിള്ള വ്യക്തമാക്കിയത്. സ്പീക്കറാകട്ടെ ഒരാളുടെ വ്യക്തിപരമായ സിദ്ധിയെയോ സിദ്ധിയില്ലായ്മയെയോ സൂചിപ്പിക്കാനുള്ള അവസരം കൊടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇക്കാര്യത്തിൽ റൂളിങ്ങിന്റെ ആവശ്യമൊന്നുമില്ലായെന്നും പറഞ്ഞ് തടിതപ്പുകയാണ് ചെയ്തത്.

അപ്രകാരം ഒരു വലിയ ‘സിദ്ധിയില്ലായ്മ’ കെആർ ഗൗരിയിലാരോപിച്ച്, ആദ്യം കുടിയൊഴിപ്പിക്കൽ നിരോധനനിയമത്തിലൂടെയും പിന്നീട് ജന്മിക്കരം നിരോധനനിയമത്തിലൂടെയും സ്ഥാപിക്കപ്പെട്ട കാർഷികബന്ധനിയമത്താൽ, ജന്മിത്വത്തിന് ഒരു സ്ത്രീയിലൂടെ ഏൽ‌ക്കേണ്ടി കടുത്ത പ്രഹരത്തെ തടയാമെന്ന് അവർ കരുതി. ഈ അശ്ലീലമാണ് പിൽക്കാലത്ത് ആ ഉരുക്കു വനിതയെക്കൊണ്ട് ലാത്തിക്ക് പ്രജനന ശേഷിയുണ്ടായിരുന്നെങ്കിൽ ഞാൻ ലാത്തി കുഞ്ഞുങ്ങളെ പണ്ടേ പ്രസവിച്ചേനെ എന്ന് പ്രസ്താവനയിലേക്ക് പറയിപ്പിച്ചത്. അങ്ങനെ കെആർ ഗൗരിയുടെ ഈ ‘സിദ്ധിയില്ലായ്മ’ കേരളരാഷ്ട്രീയത്തിൽ അവരെ ഒതുക്കാനുള്ള ആയുധമായി പുരുഷനേതാക്കൻമാർ എക്കാലവും ഉപയോഗിച്ചുവന്നു.

ഭരണത്തിലുള്ള കെആർ ഗൗരിയുടെ മികവും ധൈര്യവും തന്റേടവും എക്കാലവും പുരുഷസഭാംഗങ്ങളെ ചൊടിപ്പിച്ചു. ഈ അമർഷത്താൽ മനോനിയന്ത്രണം നഷ്ടപ്പെട്ട്, പലപ്പോഴും സഭയ്ക്കകത്തുവെച്ച് തന്നെ, സ്ത്രീകൾക്കെതിരായി വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളും തൊടുത്തുവിടാനും, അതുവഴി കെആർ ഗൗരി എന്ന മികവുറ്റ ഭരണാധികാരിയെ അവഹേളിക്കാനും പ്രതിപക്ഷാംഗങ്ങൾ എപ്പോഴും ശ്രമിക്കുമായിരുന്നു. കെആർ ഗൗരിയുടെ നേതൃത്വത്തിൽ ബില്ലവതരിപ്പിക്കുന്ന ഏതവസരത്തിലും സ്ത്രീത്വത്തെ മുൻ നിർത്തി അവഹേളനം ചെയ്യാനുള്ള ഒരു സന്ദർഭവും പുരുഷ-പ്രതിപക്ഷാംഗങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ല. 1967ൽ കേരള റവന്യൂ റിക്കവറി ബിൽ അവതരിപ്പിക്കുന്ന അവസരം ഒരുദാഹരണമാണ്.

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്ന ഒരു വ്യവസ്ഥ നിയമത്തിൽ കെആർ ഗൗരി ഉൾക്കൊള്ളിച്ചിരുന്നു. സ്ത്രീകളെ അറസ്റ്റിൽ നിന്നും മാറ്റി നിർത്തിയാൽ സ്വത്ത് മുഴുവനായും സ്ത്രീകളുടെ പേരിൽ എഴുതിവെക്കുമെന്നതായിരുന്നു ഇതെച്ചൊല്ലിയുള്ള കോൺഗ്രസ്സിന്റെ പ്രധാന ആശങ്ക. പാലായിലെ എംഎൽഎ കെഎം മാണിയും സിപിഎം എംഎൽഎയും ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖ നേതാവുമായിരുന്ന സിബി ചന്ദ്രശേഖരവാര്യരും, കോൺഗ്രസ്സ് എംഎൽഎ കെടി ജോർജും, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎ ആയിരുന്ന ജോസഫ് ചാഴിക്കാടും ചർച്ചാവേളയിൽ നടത്തുന്ന സംഭാഷണങ്ങൾ ഇപ്രകാരമാണ്:

കെഎം മാണി: “ഇനിമേൽ കള്ളുഷാപ്പുകൾ പിടിക്കുന്നവർ മുഴുവൻ സ്ത്രീകളായിരിക്കും. ഗവൺമെൻറിലേക്ക് ഈടാക്കാനുള്ള വസ്തുക്കൾ മുഴുവൻ സ്ത്രീകളുടെ പേരിലേക്ക് മാറ്റും. അതുകൊണ്ട് എനിയ്ക്ക് പറയുവാനുള്ളത് സ്ത്രീകളെ അറസ്റ്റിൽ നിന്നും യാതൊരു കാരണവശാലും ഒഴിവാക്കാൻ പാടില്ല എന്നാണ്…”
സിബി ചന്ദ്രശേഖരവാര്യർ: “സ്ത്രീകളെ ഒഴിവാക്കണമെന്നുള്ള ഈ വകുപ്പിലെ നിർദ്ദേശം എടുത്തുകളയണമെന്നാണ് എന്റെ അഭിപ്രായം.”
ജോസഫ് ചാഴിക്കാടന്‍: “സ്ത്രീകൾക്ക് സമത്വം അനുവദിയ്ക്കണമെന്നാണോ?”
സിബി ചന്ദ്രശേഖരവാര്യർ: “അതെ.”
കെടി ജോർജ്: “സ്ത്രീകളെ അറസ്റ്റ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്താലും പൂർണ്ണഗർഭിണികളായ സ്ത്രീകളെയും ആറ് മാസത്തിൽ കുറഞ്ഞ പ്രായമുള്ള കുട്ടികളുള്ള സ്ത്രീകളെയും ഒഴിവാക്കണമെന്നുകൂടി വ്യവസ്ഥ ചെയ്യണമെന്നാണ് എന്റെ നിർദ്ദേശം.”
സിബി ചന്ദ്രശേഖരവാര്യർ: “ഒരു ഇറ്റാലിയൻ കഥ ഇതു സംബന്ധിച്ച് പറയാനുണ്ട്. ഒരു നിയമത്തിൽ ഗർഭിണികളെ ഒഴിവാക്കുന്ന വ്യവസ്ഥയുള്ളതിന്റെ ആനുകൂല്യം അനുഭവിക്കാൻ ഒരു സ്ത്രീ തുടർച്ചയായി ഗർഭിണിയായിരുന്നുവെന്ന്.”
കെടി ജോർജ്: “ഇങ്ങനെയൊരു ആനുകൂല്യത്തിന് വേണ്ടി ഏതെങ്കിലും സ്ത്രീകൾ തുടർച്ചയായി ആ നില സ്വീകരിച്ചാൽ അതിന്റെ ആനുകൂല്യം അവരനുഭവിച്ചുകൊള്ളട്ടെ എന്ന് കരുതിയാൽ മതി.”

ഇതിൽ അണുവിട കുലുങ്ങാതെ കെ ആർ ഗൗരി കൊടുക്കുന്ന മറുപടി ശ്രദ്ധേയമാണ്: “സ്ത്രീകളെ അറസ്റ്റ് ചെയ്താലേ നിര്‍ബന്ധമായി വസ്തുക്കളും മറ്റും ഈടാക്കാൻ സാധിക്കൂ എന്ന ധാരണ ശരിയല്ല. കാരണം ഈ മാതിരി (സ്ത്രീകൾ പ്രതികളാകുന്ന) കേസ്സുകൾ വളരെ കുറച്ചേയുള്ളൂ. പുരുഷന്മാരുമായി നോക്കുകയാണെങ്കിൽ, സമൂഹത്തിൽ, ഈ അസംബ്ലിയിൽതന്നെ ഞാൻ ഒരൊറ്റ സ്ത്രീയെയുള്ളു. സ്ത്രീകൾ വളരെ കുറച്ചേ വ്യവസായരംഗത്തോ-സ്വത്തുടമസ്ഥരായോ-കടക്കാരായോ വരുന്നുള്ളു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭരണഘടനയിലും തുല്യവകാശമാണ് കൊടുത്തിരിക്കുന്നതെന്ന് പറഞ്ഞാലും പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് പ്രത്യേകമായ അവകാശവും ഭരണഘടന അനുവദിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ മെറ്റേർണിറ്റി ലീവ് സ്ത്രീകൾക്ക് അനുവദിക്കുമായിരുന്നില്ല. പിന്നാക്ക വിഭാഗമെന്ന നിലയിൽ സെന്റിമെന്റലായിട്ടുള്ള മറ്റു വികാരങ്ങളും പരിഗണിച്ചുകൊണ്ടാണ് സാധാരണനിലയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ട എന്ന് വച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറുള്ള സ്ത്രീകളെ അറസ്റ്റ് ചെയ്യാം. സിവിൽ ലയബിലറ്റി വരുന്നതായ കടമോ, ഗവൺമെന്റിൽ നിന്ന് ഈടാക്കേണ്ടതായ മറ്റു കടമോ വരുന്ന അവസരത്തിൽ സ്ത്രീകളെക്കൂടി അറസ്റ്റ് ചെയ്തെങ്കിലേ, റവന്യൂ റിക്കവറിയായി പിരിഞ്ഞ് കിട്ടാനുള്ള ഏഴുകോടിയും ഈടാക്കാൻ സാധിക്കൂ എന്ന് പറയുന്നത് എന്തോ തെറ്റായ ധാരണയാണ്. അല്ലെങ്കിൽ സ്ത്രീ വിദ്വേഷമാണ്. ഈടാക്കാനുള്ളത് 95 ശതമാനവും പുരുഷൻമാരിൽ നിന്നാണ്.” സഭയിലെ ആരവങ്ങളെ മൊത്തം അവസാനിപ്പിക്കാൻ യുക്തിയും നയവും തന്റേടവും കലർന്ന ഈ വാക്കുകൾക്കായി. 1967ലെ റവന്യൂ റിക്കവറി നിയമവുമായി ബന്ധപ്പെട്ട് കെആർ ഗൗരി നൽകിയ മറുപടി പ്രസംഗം അന്നത്തെ ഗവൺമെന്റിന്റെ സ്ത്രീകളോടുള്ള നയരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മന്ത്രിസഭയിൽ വേറേ സ്ത്രീകളില്ലാ എന്നതുകൊണ്ടാണോ, അതല്ല ‘നീയൊരു പെണ്ണാണ്’ എന്ന് ഓർമ്മപ്പെടുത്തുന്നതിനായാട്ടാണോ, എങ്ങനെയാണെങ്കിലും ഇടക്കിടെ കെആർ ഗൗരിയെ ബില്ലവതരണവേളയിൽ സഭാംഗങ്ങൾ ‘മന്ത്രിണി’യെന്ന് വിളിച്ച് പരിഹസിക്കുന്നതായി കാണാം. ഒരുവേള കെഎം മാണി മന്ത്രിണിയെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോൾ മന്ത്രിയെന്നുള്ള വാക്ക് കോമൺ ജെന്റാണെന്നും സ്ത്രീകളെ ‘മന്ത്രിണി’യെന്ന് പറയേണ്ട ആവശ്യമില്ലയെന്നും സഭയിൽ നിന്നും അഭിപ്രായങ്ങളുണ്ടായി. ഈ അവസരം മുതലെടുത്തുകൊണ്ട് കെഎം മാണി അടുത്ത നിമിഷംതന്നെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ‘ശ്രീമതി ഗൗരി തോമസ്’ എന്നാണ് വിശേഷിപ്പിച്ചത്. മന്ത്രിണിയെന്ന് പരിഹസിച്ചിരുന്ന അംഗം റവന്യൂ വകുപ്പ് മന്ത്രിയെന്നോ കെആർ ഗൗരിയെന്നോ പറയാതെ പെട്ടെന്ന് ‘ശ്രീമതി ഗൗരി തോമസ്’ എന്ന് വിളിച്ചത് ‘നീ ആരായാലും ടിവി തോമസിന്റെ ഭാര്യയാണ്’ എന്ന വ്യംഗ്യാർത്ഥത്തോടെയാണ്.

എന്നാല്‍ കെആർ ഗൗരിയാകട്ടെ ആന പോകുമ്പോൾ പട്ടികുരയ്ക്കുമെന്ന കണക്കിൽ നിശ്ചയദാർഢ്യത്തോടെ തീരുമാനങ്ങളെടുത്തു നിന്നു. ആ നിശ്ചയദാർഢ്യത്തിന്റെ മുമ്പിൽ സഭാംഗങ്ങളുടെ പതറിച്ച കൂടെക്കൂടെ സഭാരേഖകളിൽ പ്രതിഫലിക്കുന്നുണ്ട്.

കെആർ ഗൗരിയുടെ കാർഷികബന്ധ നിയമത്തെ റദ്ദാക്കികൊണ്ട് ഭൂപരിഷ്കരണബില്ല് പിടി ചാക്കോ അവതരിപ്പിച്ചപ്പോൾ കർഷകരെ സഹായിക്കുന്ന എല്ലാ വ്യവസ്ഥകളും അട്ടിമറിക്കപ്പെട്ടിരുന്നു. കർഷക വിരുദ്ധമായ ആ വ്യവസ്ഥകളെ കെആർ ഗൗരി ചോദ്യം ചെയ്തപ്പോൾ എം നാരായണക്കുറുപ്പ് ‘തിരുവിതാംകൂർ കൊച്ചിയിലെ ജന്മികുടിയാൻ സമ്പ്രദായം ചങ്ങമ്പുഴയുടെ വാഴക്കുലയായിരുന്നാൽ മതിയോ’ എന്ന് ചോദിക്കുന്ന ഒരു സന്ദർഭമുണ്ട്. അതിന് കെആർ ഗൗരി നൽകുന്ന മറുപടി രസകരമാണ്. “ഞാൻ കവിയല്ല. പിന്നെ ശ്രീ കുറുപ്പിന് തിരുവിതാംകൂറിന്റെ ചരിത്രവും അറിഞ്ഞുകൂടാ, ചങ്ങമ്പുഴയുടെ വാഴക്കുലയും അറിഞ്ഞുകൂടാ.” ചരിത്രത്തെക്കുറിച്ച് തർക്കിക്കാൻ പിന്നീട് എം നാരായണക്കുറുപ്പ് തുനിഞ്ഞില്ല. ഇന്ത്യൻ ചരിത്രം തന്നെ തിരുത്തിയെഴുതിയ ജന്മി-കുടിയാൻ ബന്ധത്തിന്റെ-ഭൂബന്ധങ്ങളുടെ പൊളിച്ചെഴുത്തിന് ചുക്കാൻ പിടിച്ച ഒരു ഭരാണാധികാരിയെ ചരിത്രം പഠിപ്പിക്കാൻ അന്നത്തെ സഭാംഗങ്ങളാരും തുനിഞ്ഞിരുന്നില്ല.

ജാതീയമായ അധിക്ഷേപങ്ങളും റവന്യൂ വകുപ്പ് മന്ത്രിയായ കെആർ ഗൗരിയെന്ന കീഴ്ജാതി സ്ത്രീയുടെ മുകളിൽ നടത്തുണ്ട്. ജന്മിക്കരം നിരോധന ബില്ല് അവതരിപ്പിക്കുമ്പോൾ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ എംഎൽഎ ആയിരുന്ന ജോസഫ് ചാഴിക്കാടന്റെ പ്രധാന ഭയം അത് ബ്രാഹ്മണശാപം ഉണ്ടാക്കുമെന്നാണ്. “മുമ്പ് ഒരു ജന്മി പബ്ലിക് റോഡിൽകൂടി ഹൊയി പറഞ്ഞുകൊണ്ട് പോകുമ്പോൾ വളരെ ദൂരം മാറി നിൽക്കേണ്ടി വന്നിരുന്നവരാണ് ഇന്നീ നിയമം പാസ്സാക്കാൻ പോകുന്നത്. അവർ ജന്മിമാരായിരുന്നതുകൊണ്ട് അവർക്ക് വല്ലതും കൊടുക്കണമെന്നുള്ള വിചാരത്തിൽ വേണം നിയമം പാസാക്കാൻ. കുറേ തലമുറ അവർ അന്തസ്സും പ്രഭാവവും അനുഭവിച്ചു. അതിന് പകരം വീട്ടുക എന്നുള്ളത് നമുക്ക് ചേർന്നതല്ല.”

കേരളത്തിന്റെ പൊതുജീവിതത്തെയാകെ മാറ്റമറിച്ച ഭൂപരിഷ്കരണം സംബന്ധിച്ച ബില്ലുകളുടെ ചർച്ചാവേളയിലാണ് ഈ പുരുഷലിംഗങ്ങൾ ഉദ്ധരിച്ചാർക്കുന്നത് നമ്മൾ രേഖകളിൽ കാണുക. കേരളത്തിന്റെ ആ പുരുഷാധിപത്യ മുഖത്തിന് എന്തെങ്കിലും പോറലുകൾ ഏറ്റിട്ടുണ്ടെങ്കിൽ അത് കെആർ ഗൗരി എന്ന സ്ത്രീ നടത്തിയ മൂർത്തമായ രാഷ്ട്രീയ ഇടപെടലുകൾ മുഖാന്തിരം സംഭവിച്ചതാണ്. ധൈര്യവും തന്റേടവും യുക്തിബോധവും ബുദ്ധിശക്തിയുമുള്ള ഒരു സ്ത്രീയെ എതിർവശത്തു നിൽക്കുന്ന ഏറ്റവും ബുദ്ധിശൂന്യനായ ഒരു പുരുഷനുപോലും എളുപ്പത്തിൽ ചോദ്യം ചെയ്യാൻ കഴിയുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രത്യേകതയാണ്. നിയമസഭാരേഖകളിൽ ഇത് എത്രയും സുവ്യക്തമാണ്. ഇതിനോടാണ് പതിറ്റാണ്ടുകളോളം ഗൗരി കലഹിച്ചത്; ഇപ്പോഴുംം കലഹിച്ചു കൊണ്ടിരിക്കുന്നത്.

കെആർ ഗൗരി എന്ന വ്യക്തി എവിടെയും പരാജയപ്പെട്ടിട്ടില്ല. പക്ഷെ, അവർ ഉന്നയിക്കാൻ ശ്രമിച്ച പലതും പരാജയമടഞ്ഞു. ഇതിന് ദൃഷ്ടാന്തമുണ്ട്. അനുസരണാശീലമില്ലാത്ത, കുലസ്ത്രീയല്ലാത്ത മറ്റൊരു സ്ത്രീ മലയാളിയുടെ പൊതുമണ്ഡലത്തിൽ പിന്നീടുണ്ടായിട്ടില്ല. ഇത് കെആർ ഗൗരിയുടെ പരാജയമല്ല. മലയാളിയുടെ പരാജയമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍