UPDATES

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

വെടിവഴിപാടിനു പുറമേ മാളികപ്പുറത്ത് നടത്തുന്ന നെയ് വിളക്ക്, വേലന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നീ അനുഷ്ഠാനങ്ങളിലും ചീരപ്പന്‍ചിറക്കാര്‍ക്ക് അവകാശവും വരുമാനലഭ്യതയും നല്‍കിയിരുന്നു

ശബരിമല ക്ഷേത്രത്തില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രിം കോടതി ഭരണഘടന ബഞ്ചിന്റെ ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്കുമാത്രമല്ല, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും ചരിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നു വന്ന ഒരു പേരാണ് ചീരപ്പന്‍ചിറ തറവാട്. ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചീരപ്പന്‍ചിറ കുടുംബത്തിന് ശബരിമല ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന അവകാശവും, അത് നിഷേധിക്കപ്പെട്ടതും ചരിത്രകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടെ പ്രതിപാദിച്ചിരുന്നു. ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്‍ കളരി പഠിക്കാന്‍ എത്തിയെന്ന വിശ്വാസമാണ് ചീരപ്പന്‍ചിറ കുടുംബവുമായി ബന്ധപ്പെടുത്തി പറയുന്നത്. ഈ ബന്ധത്തിന്റെ പുറത്ത് ശബരിമലയില്‍ നടത്തുന്ന വെടിവഴിപാടിന്റെ അവകാശം ചീരപ്പന്‍ചിറക്കാര്‍ക്ക് പന്തളം രാജാവ് നല്‍കിയതാണെന്നും എന്നാല്‍ ഈ അവകാശം പില്‍ക്കാലത്ത് ദേവസ്വം ബോര്‍ഡ് എടുത്തു കളയുകയും വെടിവഴിപാട് നടത്താനുള്ള അവകാശം ബോര്‍ഡ് ലേലത്തില്‍ വയ്ക്കുകയുമാണ് ഉണ്ടായത്.

സുപ്രീം കോടതി വിധി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കുന്നതാണെന്ന വാദം ഉയര്‍ത്തിയാണ് വിശ്വാസികളുടേതെന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും. അത്തരമൊരു സാഹചര്യത്തിലാണ് ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ തറവാടായിരുന്ന ചീരപ്പന്‍ചിറക്കാര്‍ക്ക് അതെങ്ങനെ നഷ്ടമായതെന്നുള്ള ചര്‍ച്ചകളും പ്രസക്തമാകുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യങ്ങളില്‍ ചീരപ്പന്‍ചിറ തറവാടിന്റെ പ്രാധാന്യം ക്ഷേത്രം തന്ത്രികുടംബമോ വിശ്വാസികളോ ആരും തന്നെ നിഷേധിക്കുന്നില്ലെങ്കില്‍ പോലും ആ തറവാടിന് ക്ഷേത്രത്തിലുണ്ടായിരുന്ന അവകാശം നഷ്ടപ്പെട്ടതിനെ കുറിച്ചോ അത് പുന:സ്ഥാപിക്കുന്നതിനെ കുറിച്ചോ ഇന്നേവരെ ആരും തന്നെ പറഞ്ഞിട്ടുമില്ല. വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് തങ്ങളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ജാതീയതയാണോ അതിന്റെ പിന്നിലെ കാരണം എന്നും ചോദിക്കുന്നുണ്ട് ചീരപ്പന്‍ചിറ കുടുംബക്കാര്‍. ആചാരങ്ങളെയും വിശ്വാസങ്ങളെയും പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് തങ്ങളുടെ കുടുംബത്തെ ശബരിമലയിലെ അവകാശത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് ചീരപ്പന്‍ ചിറ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരായ സി.കെ മണി പറയുന്നത്.

‘ശബരിമല- ഐതിഹ്യവും ചരിത്രവും’ എന്ന തന്റെ പുസ്തകത്തില്‍ പി.എസ് തെക്കുംഭാഗം പറയുന്നതും ശ്രദ്ധിക്കാം; “അയ്യപ്പന്‍ ആയുധപരിശീലനം നടത്തിയത് മുഹമ്മയുടെ മണ്ണില്‍വച്ചാണ്. അതായത് ചീരപ്പന്‍ചിറയിലെ കളരിപ്പറമ്പില്‍വച്ച്. പന്തളവും മുഹമ്മയും ഒരു തുലാസ്സിന്റെ രണ്ടുതട്ടുകളാണ്. ശബരിമലയിലെ അയ്യപ്പനെ യഥാര്‍ത്ഥ യോദ്ധാവാക്കിയ മുഹമ്മയിലെ ചീരപ്പന്‍ചിറക്കാരെ എന്തുകൊണ്ടാണ് ചരിത്രകാരന്മാര്‍ മറന്നത്? ശബരിമല അയ്യപ്പസ്വാമിക്ക് ഈ കുടുംബവുമായുള്ള ബന്ധത്തെ ചരിത്രകാരന്മാര്‍ കാണാതിരുന്നത് ചീരപ്പന്‍ചിറക്കാര്‍ ഈഴവരായതിനാലാണ്. ആ കാലഘട്ടത്തിലെ ബ്രാഹ്മണമേധാവിത്വമാണ് ചീരപ്പന്‍ചിറയെ ശബരിമലയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്. ജാതിചിന്തകള്‍ വളര്‍ത്തിയെടുക്കുവാന്‍ വേണ്ടി പല കള്ളക്കഥകളും പ്രചരിപ്പിച്ചു. അവരുടെ പ്രചരണങ്ങളില്‍ ചീരപ്പന്‍ചിറ ഒന്നുമല്ലാതായി തീരുകയും ചെയ്തു.

സവര്‍ണരില്‍ നിന്നും ഈഴവര്‍ 32 അടി മാറി നില്‍ക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ബ്രാഹ്മണര്‍ തുടങ്ങിയവര്‍ നടക്കുന്ന പാതകളില്‍ പോലും ഈഴവര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പ്രധാനക്ഷേത്രങ്ങളുടെ ഒരു നാഴിക അപ്പുറത്തെങ്കിലും തീണ്ടല്‍പലകകള്‍ വയ്ക്കുമായിരുന്നു. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തില്‍ ചീരപ്പന്‍ചിറക്കാരെ മാറ്റിനിര്‍ത്തിയെങ്കില്‍ അത്ഭുതപ്പെടാനില്ല. അവരെ ജാതിയുടെ പേരില്‍ അകറ്റിനിര്‍ത്തിയപ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് നമുക്ക് നഷ്ടമായത്. അല്ലെങ്കില്‍ ശബരിമല ത്രേതായുഗത്തില്‍ ജീവിക്കുമായിരുന്നില്ല.”

"</p

അയ്യപ്പനെ കളരി പഠിപ്പിച്ചവര്‍, മറവയുദ്ധത്തില്‍ പന്തളം പടയെ സഹായിച്ചവര്‍ എന്നിങ്ങനെയുള്ള കടപ്പാടിന്റെ പുറത്താണ് ചീരപ്പന്‍ചിറക്കാര്‍ക്ക് ശബരിമലയില്‍ അവകാശം കിട്ടുന്നതെന്നാണ് പറയുന്നത്. അതിലപ്പുറം മാളികപ്പുറത്ത് അമ്മ എന്ന ദേവസങ്കല്‍പ്പം ചീരപ്പന്‍ചിറ കുടുംബത്തിലെ ലളിത എന്ന ഈഴവ സ്ത്രീയാണെന്നതാണ് ചീരപ്പന്‍ചിറ കുടുംബക്കാര്‍ക്ക് ശബരിമലയില്‍ പ്രാധാന്യം നല്‍കുന്ന ഘടകം എന്നും പറയുന്നു. ഐതിഹ്യങ്ങളില്‍ മാളികപ്പുറത്ത് അമ്മയെന്ന ദേവിസങ്കല്‍പ്പത്തിന്റെ കഥ പില്‍ക്കാല സൃഷ്ടി മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ ശബരിമലയിലുള്ള മാളികപ്പുറത്തമ്മ ചീരപ്പന്‍ചിറയിലെ ലളിത എന്നു പേരുള്ള ഈഴവ സ്ത്രീയാണെന്ന വാദത്തിനാണ് വിശ്വാസ്യതയുള്ളതുമെന്ന് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നുണ്ട്. (ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ഇപ്പോഴും തെരുവില്‍ നില്‍ക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത?)

ചീരപ്പന്‍ച്ചിറ തറവാടിനും ശബരിമല ക്ഷേത്രവുമായി ഉള്ള ബന്ധം തെളിവില്ലാത്തതാണെന്ന് പറയാന്‍ ഒരാള്‍ക്കും കഴിയില്ല. ഈ ബന്ധം പറയുന്ന ഏകദേശം 32-ഓളം തെളിവുകള്‍ ഹൈക്കോടതിക്കു മുന്നില്‍ എത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. 1950-ല്‍ കൊല്ലം ജില്ല കോടതിയില്‍ ശബരിമലയെ സംബന്ധിച്ചും തിരുവാഭരണങ്ങളെ സംബന്ധിച്ചും ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ ചീരപ്പന്‍ചിറ മൂപ്പന്റെ മകളുടെ പേര് ലളിതയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ ലളിതയുടെ മാലയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാല അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിച്ചതായാണ് പറയുന്നത്. അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിക്കുകയും പിന്നീട് തിരുവാഭരണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്ത ആ മല വീരശൃംഖലയായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അതില്‍ തന്നെ ഒരു കള്ളത്തരം ഉണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ലളിതയുടെ മാലയല്ല തിരുവാഭരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയുള്ള കള്ളത്തരം.

പന്തള രാജാവില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ ചെമ്പ് പട്ടയം (അടിയറ തീട്ടൂരം) ശബരിമലയിലുള്ള അവകാശാധാരമായി ചൂണ്ടിക്കാണിച്ച് തങ്ങള്‍ക്ക് നഷ്ടപ്പെട്ട വെടിവഴിപാട് അവകാശമടക്കമുള്ളവ പുന:സ്ഥാപിച്ചു കിട്ടാന്‍ മാവിലേക്കര കോടതിയില്‍ ചീരപ്പന്‍ചിറക്കാര്‍ കേസ് കൊടുത്തിരിക്കുന്ന അതേ സമയത്ത് തന്നെ (1950) കൊല്ലം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ദേവസ്വം ബോര്‍ഡും ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. പന്തള രാജകൊട്ടാരത്തിലുള്ളവര്‍ കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ നിരീശ്വരവാദികളാണെന്നും അതിനാല്‍ തിരുവാഭരണങ്ങള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദേവസ്വം ബോര്‍ഡ് കോടതിയില്‍ എത്തിയത്. ഈ കേസില്‍ ചീരപ്പന്‍ചിറക്കാര്‍ വാദിച്ചത്, തിരുവാഭരണത്തിലെ വീരശൃംഖല തങ്ങളുടെ കുടുംബത്തിലേതാണന്നും പന്തള രാജാവിനെ ഒരു ട്രസ്റ്റിയായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന വീരശൃംഖല ഉള്‍പ്പെട്ട തിരുവാഭരണം പന്തള രാജാക്കന്മാരില്‍ നിന്നും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ റിട്ട് തള്ളിക്കളയുകയുമാണ് ഉണ്ടായത്. അതായത് ലളിതയുടെ മാലയാണ് തിരുവാഭരണത്തില്‍ ഉള്ളതെന്നാണ് കോടതിയും അംഗീകരിച്ചത്.

മലയാള വര്‍ഷം 893-ലാണ് പന്തളം രാജാവ് ചീരപ്പന്‍ചിറ തറവാട്ടിലെ അന്നത്തെ കാരണവര്‍ ആയിരുന്ന കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ക്ക് കാരാണ്മ (കര്‍മം കൊണ്ട് കിട്ടുന്ന അവകാശം) പതിച്ചു നല്‍കുന്നത്. ചെമ്പ് പാളിയില്‍ ചെന്തമിഴില്‍ (പന്തളം നാട്ടുരാജ്യം ഭരിച്ചിരുന്നവര്‍ പാണ്ഡ്യ രാജവംശത്തില്‍പ്പെട്ടവരാണ്) എഴുതിയാണ് അടിയറ തീട്ടൂരം എന്നറിയപ്പെടുന്ന ഈ അവകാശ രേഖ നല്‍കുന്നത്. ഈ അടിയറ തീട്ടൂരത്തിലാണ് ശബരിമല ക്ഷേത്രത്തിനു മുന്നില്‍ വെടിവഴിപാട് നടത്തുന്നതിനുള്ള അവകാശവും അതില്‍ നിന്നു കിട്ടുന്ന വരുമാനം ചീരപ്പന്‍ചിറ കുടുംബത്തിനാണെന്നും വ്യക്തമാക്കുന്നത്. പതിനെട്ടാം പടിയുടെ ഇടതും വലതും മാളികപ്പുറത്തും മലനടയിലും വെടിവയ്ക്കാനുള്ള അവകാശമാണ് ചീരപ്പന്‍ചിറ മൂപ്പന് (ഈഴവരായ ചീരപ്പന്‍ചിറക്കാര്‍ക്ക് പണിക്കര്‍ സ്ഥാനം പന്തളം രാജാവാണ് നല്‍കുന്നത്. അതിനുശേഷമാണ് ചീരപ്പന്‍ചിറ പണിക്കര്‍ എന്ന പേരില്‍ അവര്‍ അറിയപ്പെടാന്‍ തുടങ്ങുന്നത്).

വെടിവഴിപാട് അവകാശം കൂടാതെ മാളികപ്പുറത്ത് നടത്തുന്ന നെയ് വിളക്ക് വഴിപാടിനും അവിടെ തന്നെ നടത്തുന്ന വേലന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നീ അനുഷ്ഠാനങ്ങളിലും ചീരപ്പന്‍ചിറക്കാര്‍ക്ക് അവകാശവും വരുമാനലഭ്യതയും നല്‍കിയിരുന്നു.

"</p

ഇത്തരത്തിലുള്ള വിശേഷാവകാശങ്ങളാണ് ചീരപ്പന്‍ചിറക്കാര്‍ക്ക് പില്‍ക്കാലത്ത് നഷ്ടപ്പെട്ടത്. “വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി ചീരപ്പന്‍ചിറക്കാര്‍ ശബരിമലയില്‍ പോയിരുന്നത് ഒരിടക്കാലത്ത് നിലച്ചിരുന്നു. അന്നൊക്കെ വളരെ ചെറിയരീതിയില്‍ മാത്രമായിരുന്നല്ലോ വെടിവഴിപാടും മറ്റും നടന്നിരുന്നത്. അക്കാലത്ത് ശബരിമലയില്‍ പോകുന്നത് ഏറെ ദുര്‍ഘടവും ആയിരുന്നു. തലമുറകള്‍ മാറിവന്നപ്പോള്‍ ഇത്രയും ബുദ്ധിമുട്ട് സഹിച്ച് പോകാന്‍ ചിലര്‍ താത്പര്യം കാണിച്ചില്ല. ഇത്തരത്തില്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും പിന്‍വലിവ് ഉണ്ടായത് മുതലാക്കിയാണ് ദേവസ്വം ബോര്‍ഡ് ഞങ്ങളുടെ അവകാശങ്ങള്‍ എല്ലാം തട്ടിയെടുത്തത്”; സി കെ മണി പറയുന്നു.

ചീരപ്പന്‍ചിറ തറവാട് അവകാശികളാരും ശേഷിക്കാതെ നശിച്ചു പോകുന്നതുവരെ ശബരിമലയിലെ വിശേഷാധികാരങ്ങള്‍ക്ക് അര്‍ഹതയുള്ളവരായിരിക്കുമെന്ന് അടിയറ തീട്ടൂരത്തില്‍ പറഞ്ഞിരുന്നത് ലംഘിച്ചാണ് ദേവസ്വം ബോര്‍ഡ് കൊല്ലവര്‍ഷം 117 (1942 കാലം)ത്തോടെ ചീരപ്പന്‍ചിറക്കാരുടെ അവകാശങ്ങളെല്ലാം ഏറ്റെടുക്കുന്നതും വെടിവഴിപാട് നടത്താന്‍ ലേലവ്യവസ്ഥ ആരംഭിക്കുന്നതും. ഇതിനെതിരേ ചീരപ്പന്‍ചിറക്കാര്‍ 4-12-1121 (1946) ല്‍ തിരുവിതാംകൂര്‍ രാജാവിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതിയിന്മേല്‍ മറുപടികളൊന്നും തന്നെ കിട്ടിയില്ല. 1947 ല്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലകള്‍ വഹിക്കാനായി ദേവസ്വം കമ്മീഷണര്‍ നിയമിതനായതിനെ തുടര്‍ന്ന് 20-12-1124 (1948) ല്‍ ചീരപ്പന്‍ചിറക്കാര്‍ വീണ്ടും ദേവസ്വം ബോര്‍ഡിന് ഒരു പരാതി നല്‍കി. എന്നാല്‍ ഈ പരാതി 1949 നവംബര്‍ എട്ടാം തീയതി ദേവസ്വം ബോര്‍ഡ് നിരാകരിച്ചുകൊണ്ട് ഉത്തരവിറക്കി. ചീരപ്പന്‍ചിറ തറവാടിന് ശബരിമലയില്‍ കാരാണ്മ അവകാശം ഉണ്ടെന്നതിന് മതിയായ തെളിവുകള്‍ കുടുംബക്കാരുടെ കൈവശം ഇല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. 1950 ഡിസംബര്‍ 13 ന് വീണ്ടും ഒരിക്കല്‍ കൂടി ചീരപ്പന്‍ചിറക്കാര്‍ നല്‍കിയ പരാതി ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞ് ഉത്തരവ് ഇട്ടിരുന്നു.

ഈ തീരുമാനത്തിനെതിരേ 1951 ല്‍ ചീരപ്പന്‍ചിറ കുടുംബക്കാര്‍ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക് കോടതിയില്‍ കേസ് നല്‍കുകയുണ്ടായി. ഈ കേസില്‍ അഡീഷണല്‍ ഡിസ്ട്രിക് ജഡ്ജിയായ കെ സദാശിവം 1958 ജനുവരി 27 ന് പുറപ്പെടുവിച്ച വിധി ചീരപ്പന്‍ചിറ തറവാടിന് അനുകൂലമായിട്ടായിരുന്നു. ചീരപ്പന്‍ചിറക്കാര്‍ക്ക് ശബരിമലയില്‍ വിശേഷാധികാരങ്ങള്‍ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. 893-ല്‍ തീട്ടൂരമായി നല്‍കിയ കാരാണ്മ അവകാശം ഇല്ലാതാക്കാന്‍ ബോര്‍ഡിന് അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി. കൊല്ലവര്‍ഷം 969-ല്‍ നീട്ട് പ്രകാരം തിരുവിതാംകൂര്‍ രാജാവിന് മുന്നില്‍ പന്തളം രാജാവ് കീഴടങ്ങുക വഴി ശബരിമലയുടെ അവകാശം തിരുവിതാംകൂറിന് ലഭിച്ചെങ്കിലും ശബരിമലയിലെ നടവരവ് എടുക്കുന്നതിനപ്പുറം തീട്ടൂരങ്ങള്‍ വഴി ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്കുമേലും അവകാശികള്‍ക്കുമേലും മറ്റൊരു തീരുമാനത്തിന് അധികാരമുണ്ടായിരുന്നില്ല. ആ അവകാശങ്ങള്‍ മുന്‍കാലത്തെപ്പോലെ തന്നെ തുടര്‍ന്നു പോവുമെന്ന് തന്നെയായിരുന്നു തീരുമാനം. അതായാത് ശബരിമലയുടെ അവകാശം പന്തളം രാജാവില്‍ നിന്നും തിരുവിതാംകൂര്‍ രാജാവിലേക്ക് പോയെങ്കിലും വെടിവഴിപാട് വരുമാനത്തിന്റെ അവകാശം ചീരപ്പന്‍ചിറക്കാര്‍ നഷ്ടമായിരുന്നില്ലെന്നു കൂടി കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

"</p

എന്നാല്‍ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക് കോടതി വിധിക്കെതിരേ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ പോവുകയും അവിടെ ബോര്‍ഡ് കേസ് ജയിക്കുകയുമായിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടത് ചീരപ്പന്‍ചിറക്കാര്‍ക്ക് അവകാശം ഉണ്ടെന്ന് തെളിയിക്കുന്ന തെളിവ് ഹാജരാക്കാനായിരുന്നു. “കൊല്ലവര്‍ഷം 893-ല്‍ നല്‍കിയ ചെമ്പ് പാളിയിലെഴുതിയ തീട്ടൂരം എങ്ങനെയാണ് ഇത്രയും കൊല്ലങ്ങള്‍ക്കിപ്പുറം ഹാജരാക്കാന്‍ കഴിയുക? അന്ന് ഞങ്ങളുടെ അവകാശം എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡിലേയും തന്ത്രി കുടുംബത്തിലേയും സവര്‍ണ മേധാവികള്‍ എല്ലാം ഒരുമിച്ച് നിന്ന് കളിച്ചിട്ടുണ്ട്. ഭരണത്തിലുണ്ടായിരുന്ന കെ കരുണാകരന്‍ പോലും അവര്‍ക്ക് അനുകൂലമായ നിശബ്ദത പാലിക്കുകയായിരുന്നു. അന്ന് ഞങ്ങളുടെ പ്രതിനിധികള്‍ക്കും ചെറിയൊരു പാളിച്ച പറ്റിയിരുന്നു. അഞ്ചുശതമാനം അവകാശം നല്‍കാമെന്ന തരത്തില്‍ ഹൈക്കോടതയില്‍ നിന്നും നിര്‍ദേശം ആരാഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ വിസമ്മതം അറിയിക്കുകയായിരുന്നു. അന്നത് അംഗീകരിച്ച് കിട്ടിയിരുന്നെങ്കില്‍ ചീരപ്പന്‍ചിറ തറവാടിന് ഇന്നും ശബരിമലയില്‍ അവകാശം നിലനില്‍ക്കുമായിരുന്നു.

ഈഴവന് ശബരിമലയില്‍ അവകാശം ഉണ്ടായിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയാതിരുന്നവര്‍ അങ്ങനെ ഞങ്ങളെ ക്ഷേത്രത്തിന്റെ ബന്ധുത്വത്തില്‍ നിന്നും തീര്‍ത്തും പുറത്താക്കി. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭരായ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ ചീരപ്പന്‍ചിറക്കാരായി ഉണ്ടായിരുന്നെങ്കിലും അവരുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലാതിരുന്നതിനാല്‍ ഈ കേസില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിരുന്നില്ല. ആകെ എന്തെങ്കിലും ഒരു ഇടപെടല്‍ ചെയ്‌തെന്നു പറയാനുള്ളത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയപ്പോഴായിരുന്നു.

ഈ കേസ് ആദ്യം മുതല്‍ കൊണ്ടു നടന്ന വ്യക്തി ചീരപ്പന്‍ചിറയിലെ ഒരംഗത്തിന്റെ ഭര്‍ത്താവായിരുന്ന ഡോക്ടര്‍ എസ്.ആര്‍ പണിക്കരായിരുന്നു. അദ്ദേഹം തന്നെയാണ് സുപ്രീം കോടതിയിലും പോയത്. സുപ്രീം കോടതിയില്‍ ചീരപ്പന്‍ച്ചിറക്കാര്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് ബാരിസ്റ്റര്‍ ആശോക് കുമാര്‍ സെന്‍ ആയിരുന്നു. ഇന്ത്യന്‍ നിയമമന്ത്രിയായിരുന്ന എ കെ സെന്നിനെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ സഹായം ചെയ്തത് മാത്രമാണ് സുശീല ഗോപാലന്റെ ഭര്‍ത്താവ് എന്ന നിലയില്‍ ചീരപ്പന്‍ചിറ തറവാട്ടിലെ ബന്ധുവായ എകെജി ഈ കേസില്‍ നടത്തിയ ഇടപെടല്‍. എന്നാല്‍ കേസ് സുപ്രീം കോടതിയില്‍ നടക്കുന്നതിനിടയില്‍ എസ് ആര്‍ പണിക്കര്‍ മരിച്ചതോടെ എല്ലാം അവസാനിച്ചു. എസ് ആര്‍ പണിക്കര്‍ക്ക് പോയതോടെ പകരം ഡല്‍ഹിയില്‍ പോകാനും കേസിന്റെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും അത്ര കഴിവുള്ളവരാരും ഇല്ലാതിരുന്നതിനാല്‍ ആ കേസ് അവിടെ അവസാനിക്കുകയായിരുന്നു. പിന്നീട് ആരും ഒന്നിനുമായി മുന്നിട്ടിറങ്ങിയില്ല ഇത്ര വര്‍ഷവും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഞങ്ങളുടെ അവകാശം തിരിച്ചുകിട്ടാന്‍ വേണ്ടി നിയമവഴിയിലേക്ക് വീണ്ടും ഇറങ്ങണമെന്നാണ് ആലോചന. ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നൊക്കെ പറഞ്ഞ് തെരുവില്‍ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് സവര്‍ണമനോഭവത്തിന്റെ വൈരാഗ്യംവച്ച് ഞങ്ങളെ ശബരിമലയില്‍ നിന്നും ഒഴിവാക്കിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതാണെങ്കില്‍ ചീരപ്പന്‍ചിറക്കാരുടെ ശബരിമലയിലെ അവകാശവും നിലനിര്‍ത്തേണ്ടതല്ലേ. അതിനുവണ്ടി പൂണൂലിട്ടവരോ മാടമ്പി ജാതിക്കാരോ ശബ്ദിക്കുമോ, സമരം ചെയ്യുമോ? ചീരപ്പന്‍ചിറയും അയ്യപ്പനുമായുള്ള ബന്ധം അവരെല്ലാവരും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ… എങ്കില്‍ ഈ തറവാടിന് ക്ഷേത്രവുമായുള്ള ബന്ധവും അവകാശവും പുന:സ്ഥാപിച്ച് തരട്ടെ..അല്ലെങ്കില്‍ നിയമവഴിയിലൂടെ അത് നേടിയെടുക്കാന്‍ ശ്രമിക്കും. ഒരുപക്ഷേ ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഇവര്‍ അന്നും പ്രതിഷേധവും സമരവുമായി തെരുവില്‍ ഇറങ്ങുമോ?” സി കെ മണി ചോദിക്കുന്നു.

ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ഇപ്പോഴും തെരുവില്‍ നില്‍ക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത?

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

ഗാന്ധിയെ അവര്‍ വരാന്തയിലിരുത്തിയിട്ട് വര്‍ഷം 93 കഴിഞ്ഞു; തന്ത്രികളുടെ ജാതിഗര്‍വ്വിന് ഇന്നും ശമനമില്ല

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍