UPDATES

എസ് ബിനീഷ് പണിക്കര്‍

കാഴ്ചപ്പാട്

അകവും പുറവും

എസ് ബിനീഷ് പണിക്കര്‍

ട്രെന്‍ഡിങ്ങ്

നിപ കേരളത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക, മാനസിക പ്രശ്നങ്ങള്‍; 2018-ലെ അനുഭവം നല്‍കുന്ന പാഠങ്ങള്‍

കേരളത്തിലെ അനുഭവം ലോകത്തിലെ മറ്റിടങ്ങളില്‍ ഈ രോഗബാധയുണ്ടായതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു:

നിപ രോഗം വീണ്ടും കണ്ടെത്തിയതോടെ ഒരു വര്‍ഷം മുന്‍പുള്ള ഭീതിയുടെ അന്തരീക്ഷത്തിലേക്കാണ് കേരളം വീണ്ടും എത്തിയിരിക്കുന്നത്. 2018-ല്‍ രോഗബാധ കണ്ടെത്തിയത് കോഴിക്കോടായിരുന്നുവെങ്കില്‍ ഇക്കുറി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിക്കാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് രോഗബാധിതനുള്ളത്.

ഇതെഴുതുന്ന സമയത്തും കൂടുതല്‍ രോഗ പകര്‍ച്ചകള്‍ കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇയാളോട് അടുത്തിടപഴകിയ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലാണ്. നിപയുടെ രണ്ടാം വരവില്‍ ജനങ്ങള്‍ വലിയ തോതില്‍ ഭീതിയിലാണ്. മരണകാരണമായേക്കാവുന്നതും വേണ്ടത്ര ചികിത്സ കണ്ടെത്തിയിട്ടില്ലാത്തതുമായ ഇത്തരം പകര്‍ച്ചരോഗ ബാധ ആളുകളില്‍ ഭയവും സംഭ്രമവും സൃഷ്ടിക്കുകയെന്നത് സ്വാഭാവികം തന്നെ. ഈ സാഹചര്യത്തില്‍ നിപ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളേയും സംഭ്രാന്തികളേയും കുറിച്ച് സാമൂഹികശാസ്ത്രപരവും മന:ശാസ്ത്രപരവുമായ അന്വേഷണത്തിന് പ്രസക്തിയേറെയാണ്.

നിപ പോലുള്ള രോഗങ്ങളുടെ ആഗമകാലത്ത് ചികിത്സ, രോഗപ്പകര്‍ച്ചയുടെ തോത് കുറയ്ക്കല്‍ തുടങ്ങിയവയ്ക്ക് തന്നെയാവണം ഊന്നലും പ്രാഥമിക പരിഗണനയും നല്‍കേണ്ടത്. എന്നാല്‍ ഇത്തരം അസുഖങ്ങള്‍ ശരീരശാസ്ത്രപരം എന്നതുപോലെ മന:ശാസ്ത്രപരവും സാമൂഹികവും ധനപരവുമായ ആഘാതങ്ങളും സ്വാധീനതകളും സൃഷ്ടിക്കുന്നുവെന്നത് കാണാതിരിക്കരുത്. കുടുംബത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന വ്യക്തിക്ക് രോഗബാധയുണ്ടായി കിടപ്പിലാകുന്നതോടെ പ്രതിസന്ധിയിലാകുന്നത് ആ വ്യക്തിയുടെ ജീവിതം മാത്രമല്ല അയാളെ ആശ്രയിച്ച് ജീവിച്ചിരുന്നവരുടേത് കൂടിയാണ്. അതുകൊണ്ടു തന്നെ ആ രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്ന ജൈവശാസ്ത്രപരമായ പരിപ്രേക്ഷ്യം(Biomedical Perspective) മാത്രം ഇത്തരം ഘട്ടങ്ങളില്‍ മതിയാവാതെ വരുന്നു. കൂടുതല്‍ സമഗ്രവും സമ്യക്കും ആയ പരിപ്രേക്ഷ്യം(Biopsychosocial Perspective-BPS) ഇതിനായി വളര്‍ത്തിയെടുക്കണം. ബംഗളുരുവിലെ നാഷണല്‍ ഇനിസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍ഡല്‍ ഹെല്‍ത്തിലെ (നിംഹാന്‍സ്) ഡോ. സക്കറിയാസ് ലിതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം 2018ലെ കേരളത്തിലെ നിപ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പഠനം Psychosocial Perspective of Nipah Virus Outbreak in Kerala, India എന്ന ശീര്‍ഷകത്തില്‍ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് സയന്റിഫിക് സ്റ്റഡിയുടെ 2019 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിലെ അനുഭവം ലോകത്തിലെ മറ്റിടങ്ങളില്‍ ഈ രോഗബാധയുണ്ടായതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു: “പ്രധാന വ്യത്യാസങ്ങളില്‍ ഒന്നിതാണ്, രോഗം പടര്‍ന്നുപിടിച്ച അതേ വേഗതയില്‍ തന്നെ ഇത് സംബന്ധിച്ച കിംവദന്തികളും പടര്‍ന്നു പിടിച്ചു. കേരളത്തില്‍ ആദ്യമായുണ്ടായ നിപ ബാധയെന്നതിനാല്‍ തന്നെ തെറ്റായ വിവരങ്ങള്‍, വാര്‍ത്തകള്‍, രോഗത്തെ സംബന്ധിച്ച നിഗൂഢവത്ക്കരണം തുടങ്ങിയവയും വ്യാപകമായി” – The situation in the state of Kerala was different when compared to the global scenario. One of the striking differences was the rapid spread of the NiV coupled with equally alarming speed of spread of rumors, misinformation, and fake news about the mystery disease,which was 1st time heard in this part of the land. The outbreak was reported in South India from Kozhikode district of Kerala, on May 19, 2018.”(Psychosocial Perspective of Nipah Virus Outbreak in Kerala, India Zacharias Lithin1, U. Harikrishnan2, C. Jayakumar3, K. Sekar4, International Journal of Scientific Study,vol 5, issue 11)

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനവും സര്‍ക്കാരും അഭിനന്ദനീയമായ തരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെങ്കിലും തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും ആളുകളില്‍ വലിയ ഭീതിയും ഉത്കണ്ഠയും വളര്‍ത്തുകയും അത് സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരുകയും ചെയ്തുവെന്നും ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ ഭീതിയുടെ അടരുകള്‍ പല തലങ്ങളില്‍ സമൂഹ മനസ്സില്‍ പച്ച പിടിച്ച് നില്‍ക്കെയാണ് നിപ്പയുടെ രണ്ടാം വരവ്.

2018ല്‍ സോഷ്യല്‍ മീഡിയ പെരുപ്പിച്ച കാട്ടിയ വിവരങ്ങള്‍ ആളുകളുടെ പൊറുതി മുട്ടിക്കുക തന്നെ ചെയ്തു. സാധാരണക്കാരായ ജനവിഭാഗങ്ങളാണ് പ്രധാനമായും ഇത്തരം തെറ്റായ പ്രചാര വേലകളുടെ ഇരകളായി തീര്‍ന്നത്. വിശേഷിച്ചും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വളരെ അകലെയായി കഴിഞ്ഞവര്‍. സോഷ്യല്‍ മീഡിയ പങ്കുവെച്ച തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങിയ അവര്‍ യാഥാര്‍ഥ്യങ്ങളേക്കാള്‍ അപ്പുറത്തുള്ള നിറം പിടിപ്പിച്ച വിവരങ്ങള്‍ സത്യമെന്നോര്‍ത്ത് ഭയാക്രാന്തരായി. രോഗപ്പകര്‍ച്ചാ കാലത്ത് കേരളത്തില്‍ പെട്ടുപോയ വിനോദ സഞ്ചാരികള്‍ ഈ നാട് വിടാന്‍ തന്നെ ഭയപ്പെട്ടു. അതുപോലെ തന്നെ കേരളത്തിലേക്ക് എത്താനിരുന്നവര്‍ കൂട്ടമായി യാത്ര റദ്ദാക്കിയത് ടൂറിസം വ്യവസായത്തെ ഗുരുതരമായി ബാധിച്ചു.

കേരളത്തില്‍ നിന്നുള്ള പച്ചക്കറിയുടേയും പഴവര്‍ഗ്ഗങ്ങളുടേയും കയറ്റുമതിയേയും പ്രതികൂലമായി ബാധിച്ചു. അത് കയറ്റുമതി വരുമാനത്തേയും പിന്നോട്ടടിച്ചു. ഒപ്പം തന്നെ ജനങ്ങളുടെ ആഹാര ശീലങ്ങളിലും മാറ്റമുണ്ടായി. ദേശീയ തലത്തിലെ പല പ്രവേശന പരീക്ഷകളിലും ഇവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സംബന്ധിക്കാനായില്ലെന്ന ആക്ഷേപം ഉയര്‍ന്നു. പരമ്പരാഗത, മുറിവൈദ്യന്മാര്‍ നിമിഷ പരിഹാരവുമായത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. ഇത്തരത്തല്‍ സമൂഹ ഘടനയെ ആകെത്തന്നെ പിടിച്ചുലച്ചു നിപയുടെ കേരളത്തിലേക്കുള്ള കടന്നുവരവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതലായും ചികിത്സയിലും രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും പ്രതിരോധത്തിലും കേന്ദ്രീകരിച്ചു. മഹാമാരികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരണീയവും അടിയന്തര പ്രാധാന്യമുള്ളതും ഇതിനു തന്നെ. എന്നാല്‍, ജൈവിക പ്രവര്‍ത്തനങ്ങളെ അസാധ്യമാക്കി മരണം വിതച്ച രോഗം സമൂഹത്തില്‍ മന:ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായി കടുത്ത ആഘാതം സൃഷ്ടിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഡോ. സക്കറിയാസ് ലിതിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വൈയക്തികം, കുടുംബപരം, സാമൂഹിക/ഭരണകൂടതലം എന്നിങ്ങനെ മൂന്ന് വിതാനത്തില്‍ 2018ലെ കേരളത്തിലെ നിപ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാധീനതാതലങ്ങളെ വര്‍ഗീകരിച്ചു. വിവിധ മാധ്യമങ്ങളില്‍ നിന്നും മറ്റും സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

Also Read: നിപ: പനി ലക്ഷണങ്ങളോടെ അഞ്ചുപേര്‍ ഐസലേഷന്‍ വാര്‍ഡില്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ഈ മുന്നു തലങ്ങളിലും കൃത്യമായ ഇടപെടലുകള്‍ നടത്തി മാത്രമേ രോഗ ബാധയുണ്ടാക്കുന്ന വിവിധ പ്രശ്‌നങ്ങളെ സമഗ്രമായും സമ്യക്കായും നേരിടാന്‍ കഴിയൂ. ഇവ അന്യോന്യം ബന്ധിതങ്ങളുമാണ്. 2019-ലെ നിപ ബാധയെ നേരിടുന്ന സര്‍ക്കാരിനും ആരോഗ്യവകുപ്പിനും സമൂഹശാസ്ത്രപരമായ ചികിത്സയ്ക്ക് (ജീവന ചികിത്സയ്ക്കല്ല) സഹായകമാണ് പഠനം മുന്നോട്ട് വെയ്ക്കുന്ന കാര്യങ്ങള്‍. ഈ മൂന്നു വിതാനങ്ങളിലുമുള്ള സ്വാധീനതകളെ നമുക്ക് കൂടുതല്‍ അടുത്ത് നിന്ന് പരിശോധിക്കാം.

1. വൈയക്തികം (Individual)-രോഗബാധിത സമൂഹത്തിലെ വ്യക്തികളില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ രൂപപ്പെടും. രോഗിയും ശുശ്രുഷകനും ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും അടിസ്ഥാനപരമായി വ്യക്തികളാണ്. താഴെ പറയുന്ന തരത്തിലുള്ള പ്രശ്‌നങ്ങളിലുടെ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള വ്യക്തികള്‍ കടന്നുപോകുന്നു.

*ഉത്കണ്ഠ(Anxiety) രോഗം ബാധിച്ചവര്‍ക്ക് അത് സംബന്ധിച്ച ഉത്കണ്ഠ, അല്ലാത്തവര്‍ക്ക് ബാധിക്കുമോയെന്ന ഉത്കണ്ഠ
*മരണ ഭയം (Fear of death)
*മരണത്തിനു സാക്ഷിയാകല്‍ (Witnessing death)
* ആശുപത്രി വാസം (Hospitalisation)
*രോഗം പകരുമോയെന്ന ഭീതി (Fear of transmission of illness)
* സാമൂഹികമായ ഭ്രഷ്ട് (Social ostracization)
* മുന്‍വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം (Discrimination)
*മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ആരും തയാറാകാതെ വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ (Lack of understanding)
*ആപത്തിനെ കുറിച്ചുള്ള വിശ്വാസങ്ങള്‍ (Beliefs about misfortune)
*താങ്ങി നിര്‍ത്താനും പിന്‍തുണ നല്‍കാനുമുള്ള സംവിധാനം ഇല്ലാതെയാകുന്നതിന്റെ പ്രശ്‌നങ്ങള്‍ (Loss of support system)
*മതിയായ ചികിത്സ സൗകര്യങ്ങള്‍ ലഭിക്കാതെ വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ (Lack of treatment facilities)
*രോഗത്തെ കുറിച്ച് പടരുന്ന മിത്തുകളും കെട്ടുകഥകളും (Myths about the illness)
*കൃത്യതയാര്‍ന്ന വിവരങ്ങളുടെ ദൗര്‍ലഭ്യം (Lack of proper and inadequate information)
*സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ തടസങ്ങള്‍ (Disruption in economic activity)
*കേട്ടുകള്‍വികളും കിംവദന്തികളും (Rumours)
*ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അകറ്റിനിര്‍ത്തലും ദുഷ്‌കീര്‍ത്തികളും (Stigma of health professional)

2. കുടുംബപരം (Familial)-കുടുംബങ്ങളുടെ താളക്രമങ്ങളുടെ തകര്‍ച്ചകളും ഇത്തരം മഹാമാരികള്‍ സൃഷ്ടിക്കും. അത്തരം സാഹചര്യസൃഷ്ടിക്കു കാരണമാകുന്ന പ്രശ്‌നങ്ങളെ താഴെ പറയുന്ന തരത്തില്‍ വര്‍ഗീകരിക്കാനാകും.

*വലിയ തോതിലും നീണ്ടു നില്‍ക്കുന്നതുമായ രോഗപകര്‍ച്ചയ്ക്കു സാക്ഷികളാകല്‍ (Witnessing the traumatic course of the infection)
*ഇച്ഛാഭംഗവും തടസവും (Frustration)
* രോഗ പകര്‍ച്ചാ ഭീതി (Fear of infection)
* രോഗം പകര്‍ന്നയാള്‍ക്ക് കുടുംബത്തിനകത്തു നേരിടേണ്ടിവരുന്ന കളങ്കപ്പെടുത്തലുകളും പ്രശ്‌നങ്ങളും (Stigma of infected family member)
*മതിയായ ശുശ്രൂഷയുടെ അഭാവം (Lack of care)
*ശുശ്രൂഷകര്‍ക്ക് നേരിടേണ്ടിവരുന്ന മാറ്റിനിര്‍ത്തലുകള്‍ (Caregiver Stigma)
*സാമ്പത്തിക ബാധ്യതകള്‍ (Financial Burden)
*നഷ്ടബോധവും ദു:ഖവും (Feelings of loss and grief)
* ഉല്‍ക്കടമായ വ്യഥ (Distress)
*കുറ്റബോധം (Guilt)
*നിസ്സഹായാവസ്ഥ (Helplessness)
*കര്‍ത്തവ്യമാറ്റങ്ങള്‍ (Role changes)
*ആശ്വാസവും പരിചരണവും നല്‍കാന്‍ കഴിയാത്ത അവസ്ഥ (Unable to comfort or care)
*ധാര്‍മ്മികമായ ആശങ്കകള്‍ (Ethical concerns)
*ദൈര്‍ഘ്യമേറിയ ജോലി ചെയ്യേണ്ടിവരല്‍ (Working long hours)
* രോഗം ബാധിച്ച് മരിച്ചവരുടെ ദേഹം എന്ത് ചെയ്യണമെന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ (Issues concerning to the bodies of the deceased)

3. സമൂഹതലം (Community/State)-സാമൂഹിക തലത്തിലും വലിയ ഭീതികളുടെ വിളവെടുക്കലുകള്‍ ഇത്തരം രോഗാഘാതങ്ങളുടെ കാലത്ത് ഉണ്ടാകും. സാമൂഹിക സംവിധാനങ്ങളും മറ്റും നിരവധിയായ പ്രശ്‌നങ്ങളെ നേടിടേണ്ടി വരും. അവയില്‍ പ്രധാനപ്പെട്ടവ കാണുക

*സാമൂഹിക ബഹിഷ്‌ക്കരണം (Social exclusion)
*വ്യാപകമായ ഭീതികള്‍ (Widespread fear)
*വിവരങ്ങളുടെ അപര്യാപ്തത (Lack of information)
*കിവംദന്തികളുടെ വ്യാപനം (Spread of rumour)
*മുദ്രചാര്‍ത്തല്‍ (Stigmatization)
*കുറ്റപ്പെടുത്തല്‍ (Blame)
* രോഗത്തെ കുറിച്ചുള്ള സംവിശേഷ സാംസ്‌കാരികമായ ധാരണകളും വിശ്വാസങ്ങളും (Cultural belief of the illness)
*രോഗഭീഷണിയുള്ളവരുടേയും രോഗം ബാധിച്ചവരുടേയും ഒഴിപ്പിക്കപ്പെട്ടവരുടേയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍ (Threatened, attacked, evicted)
*പരമ്പരാഗതമായ വിലാപ/ദു:ഖാചരണ രീതികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ (Traditional mourning practices)
* സാമൂഹിക സമ്പര്‍ക്ക പ്രവര്‍ത്തനങ്ങളിലെ തടസങ്ങള്‍ (Disruptions of community interactions)
*ധനസ്ഥിതിയെ ബാധിക്കല്‍ (Affecting the economic status)
*സാമൂഹികമായ വിലക്ക് (Social restriction)
*മുന്‍വിധികള്‍ വെച്ചുള്ള വിവേചനപരമായ പെരുമാറ്റം (Discrimination)
*കലാപവും അക്രമവും (Violence)
*ധനനിക്ഷേപത്തിലും വ്യവസായത്തിലും വിനോദസഞ്ചാരം, യാത്ര ഇവ മൂലമുള്ള ധനാഗമത്തിലുമുള്ള നഷ്ടം (Loss of economic investment, business, travel and tourism)
*ആപല്‍ഘട്ടത്തെ തൃപ്തികരമായി നേരിടുന്നതിനുള്ള സഹായ സ്രോതസ്സുകളുടെ അപര്യാപ്തത (Loss of support or coping resources)

രോഗ ചികിത്സയിലും പ്രതിരോധത്തിലും കാണിക്കുന്ന ജാഗ്രത നിപ വ്യാധി ഉയര്‍ത്തുന്ന സാമൂഹികവും മന:ശാസ്ത്രപരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിലും കാണിക്കേണ്ടതുണ്ട്. കൃത്യതയാര്‍ന്ന വിവരങ്ങള്‍ യഥാസമയത്ത് എത്തിക്കല്‍, സമൂഹത്തെ സജ്ജമാക്കല്‍, ഇതിനുള്ള സ്രോതസ്സുകളെ ആര്‍ജ്ജിക്കല്‍, വിവിധ സ്‌റ്റേക് ഹോള്‍ഡര്‍മാരുടെ മതിയായ പങ്കാളിത്തം  ഉറപ്പാക്കല്‍, മന:ശാസ്ത്രപരമായ വിലയിരുത്തല്‍ തുടങ്ങി മാധ്യമബോധവത്ക്കരണം വരെ നീളുന്ന ഒട്ടേറെ സാമൂഹ്യ ദൗത്യങ്ങള്‍ വൈദ്യശാസ്ത്രപരമായ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം ഏറ്റെടുത്ത് നടപ്പാക്കാനായാലേ ഈ പ്രതിസന്ധിയുടെ കാലത്തെ ക്രിയാത്മകമായി അതിജീവിക്കാനാവൂയെന്ന് പഠനം വ്യക്തമാക്കുന്നു.

”The emphasis of BPS approach is placed on achieving positive health and preventing dysfunctions across all the areas of person’s lives, in addition, to mitigate psychological distress and reducing symptomatology.[13] The importance of providing authentic and adequate information, community engagement, sensitization of the community, psychosocial analysis of the situation, resource mobilization, preventive activities, and enhancing social supports is some of the strategies to improve the quality of life of the affected.”

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍