UPDATES

നിപ കീഴടങ്ങിയതല്ല, പേരാമ്പ്രക്കാര്‍ കീഴടക്കിയതാണ്; ലോകം ശ്രദ്ധിച്ച ഒരു നാടിന്‍റെ ഉജ്ജ്വല തിരിച്ചുവരവ് ഇങ്ങനെ

നേരത്തേ കാലുകുത്താന്‍ ഭയപ്പെട്ടിരുന്ന നാട്ടിലേക്ക് ഒമ്പതു മാസങ്ങള്‍ക്കു ശേഷം കോഴിക്കോടിന്റെ കലാപാരമ്പര്യം ഒന്നടങ്കം എത്തിച്ചേരുന്നുണ്ടെങ്കില്‍, അത് ഈ നാടിന്റെ തന്നെ വിജയമാണ്

ശ്രീഷ്മ

ശ്രീഷ്മ

ഫെബ്രുവരി 20ന് ആരംഭിക്കുന്ന കാലിക്കട്ട് യൂണിവേഴ്‌സിറ്റി യുവകലാമേളയില്‍ പങ്കെടുക്കാനും കാഴ്ചക്കാരാകാനുമായി ആയിരങ്ങളാണ് സി.കെ.ജി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലേക്ക് ഒഴുകിയെത്തുക. 20 മുതല്‍ നാലു ദിവസക്കാലം ഉത്സവം തന്നെയായിരിക്കും പേരാമ്പ്രയ്ക്ക്. കലാകാരന്മാരുടെയും ആസ്വാദകരുടെയും തിരക്കൊഴിയാത്ത നാലു ദിവസങ്ങള്‍. കൃത്യം ഒന്‍പതുമാസങ്ങള്‍ക്കു മുന്‍പ് പക്ഷേ, പേരാമ്പ്ര തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോയിരുന്നത്. 2018 മേയ് 20ന് പേരാമ്പ്ര ടൗണില്‍ ചുരുക്കം ചില പ്രദേശവാസികളൊഴികെ മറ്റാരെയും പുറത്തു കാണാനാകുമായിരുന്നില്ല. കടകമ്പോളങ്ങളും ബസ് സ്റ്റാന്റും ആളൊഴിഞ്ഞ് കിടന്നിരുന്നു. ഗതാഗത സൗകര്യങ്ങളോ അവശ്യവസ്തുക്കളോ പോലുമുണ്ടായിരുന്നില്ല. ആശുപത്രികളില്‍പ്പോലും ജനമെത്താത്ത അവസ്ഥ. ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടുള്ളവര്‍ ഭീതിയോടെ മാത്രം ഉച്ചരിച്ചിരുന്ന സ്ഥലപ്പേരായിരുന്നു പേരാമ്പ്ര.

നിപാ പനി കഴിഞ്ഞ മേയില്‍ ആശങ്ക പടര്‍ത്തിക്കൊണ്ട് പ്രചരിച്ചപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടിവന്ന ഒരു ജനതയാണ് പേരാമ്പ്രയിലേത്. നിപാ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് പേരാമ്പ്രയിലായിരുന്നു. ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച് മരണമടഞ്ഞവര്‍ പേരാമ്പ്രക്കാരായിരുന്നു. മുന്‍പ് കേട്ടു പരിചയമില്ലാത്ത ഒരു വൈറസ് ബാധമൂലം തുടരെത്തുടരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോഴിക്കോട്ടുകാര്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളമുള്ളവരെല്ലാം ഭയപ്പാടിലായി. മരണകാരണമായ രോഗബാധയില്‍ നിന്നും ആവുന്നത്ര അകലം പാലിക്കുക എന്ന ചിന്തയായപ്പോള്‍ പേരാമ്പ്ര ടൗണ്‍ ഒറ്റപ്പെട്ടു. നിപായുടെ ഉറവിടമായിടം എന്ന പേരില്‍ പേരാമ്പ്രയെക്കുറിച്ച് ആളുകള്‍ ഭീതിയോടെ മാത്രം സംസാരിച്ചു. പേരാമ്പ്രയിലേക്ക് ആളുകള്‍ പോകാതെയായി. പേരാമ്പ്രയില്‍ നിന്നും കോഴിക്കോട്ടങ്ങാടിയിലെത്തിയവര്‍ പോലും കഠിനമായ ഒറ്റപ്പെടുത്തല്‍ നേരിട്ടു. പേരാമ്പ്രയില്‍ നിന്നുമാണ് വരുന്നതെന്ന് പരമാവധി ആരും വെളിപ്പെടുത്താത്ത ഘട്ടം പോലും വന്നു. നിപാ റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങളോളം ഇത്തരം പ്രശ്നങ്ങള്‍ ഇവിടത്തുകാര്‍ നേരിട്ടിട്ടുണ്ട്.

Read:  നിപാ മുതല്‍ എച്ച1 എന്‍1 വരെ: പരിഭ്രാന്തിയില്‍ നിന്നും പ്രതിരോധത്തിലേക്കുയര്‍ന്ന് ഒരു നാട്

തങ്ങളുടെ റൂട്ടില്‍ ഓടാന്‍ ബസ്സുകള്‍ പോലും മടിച്ചിരുന്ന ഒരു കാലത്തെ പേരാമ്പ്രക്കാര്‍ അതിജീവിച്ചത് സാവധാനമല്ല. കൃത്യമായ ബോധവത്ക്കരണവും ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളുമാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്ന് തിരിച്ചറിയാന്‍ പേരാമ്പ്രയ്ക്ക് അധികനേരം വേണ്ടിവന്നില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന ആപത്തില്‍ ഭയപ്പെട്ട് തളര്‍ന്നിരിക്കാതെ പെട്ടന്നാണ് പേരാമ്പ്രയിലെ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ആശങ്കയാണ് ഒറ്റപ്പെടുത്തലിന് കാരണമെന്നും, അതില്ലാതായാല്‍ ഏതു വിപത്തിനെയും സധൈര്യം നേരിടാമെന്നുമുള്ള പാഠമാണ് കേരളജനതയ്ക്കു മുന്നില്‍ പേരാമ്പ്ര എന്ന കൊച്ചു പ്രദേശം തുറന്നുവച്ചത്. ലോകാരോഗ്യ സംഘടന മുതലിങ്ങോട്ട് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെല്ലാം പേരാമ്പ്രയുടെ അതിജീവനത്തിനെ ഒരു പാഠപുസ്തകമായാണ് കാണുന്നത്. പേരറിയാത്ത വൈറസ് തങ്ങള്‍ ശ്വസിക്കുന്ന വായുവില്‍ ഉണ്ടായേക്കാമെന്ന അസ്ഥി തണുപ്പിക്കുന്ന ഭീതിയെ, ശാസ്ത്രീയതയുടെ കൈ പിടിച്ച് തരണം ചെയ്തവര്‍ക്കു മാത്രമേ, ‘കലാപ്രതിഭകള്‍ക്ക് പ്രതിരോധത്തിന്റെ പേരാമ്പ്രയിലേക്ക് സ്വാഗതം’ എന്നെഴുതി ബി സോണ്‍ പോലൊരു കലാമാമാങ്കത്തെ സ്വീകരിക്കാനാകൂ. മാസങ്ങള്‍ക്കു മുന്‍പ് പേരാമ്പ്രയെന്നു കേട്ടാല്‍ വഴിമാറിപ്പോയിരുന്നവരെ ഇന്ന് ഈ മണ്ണിലേക്കു തന്നെയെത്തിക്കുന്ന ആ അതിജീവനത്തിന്റെ കഥയെക്കുറിച്ച് പേരാമ്പ്രക്കാര്‍ക്ക് പറയാനൊരുപാടുണ്ട്.

നിപ്പയുടെ മാത്രമല്ല, ഒരു നാടു നേരിട്ട സാമൂഹിക ബഹിഷ്‌കരണത്തിന്റെ കൂടി കഥയാണ്

പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കടയിലെ റോഡിനിരുവശവുമുള്ള രണ്ടു വീടുകളില്‍ ഇപ്പോള്‍ അധികവും ആളുണ്ടാകാറില്ല. അവയിലൊരു വീട്ടില്‍ ഒരു ഉമ്മയും മകനും മാത്രമാണ് താമസം. അപ്രതീക്ഷിതമായി മൂന്നു മരണം നടന്ന ആ വീട്ടിലും, ഒരു മരണമുണ്ടായ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും ജീവിതം ഇപ്പോഴും പൂര്‍വസ്ഥിതിയിലായിട്ടില്ല. ആദ്യമായി നിപാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൂപ്പിക്കടയില്‍ ഈ കുടുംബത്തിലെ നാലു പേരാണ് നിപ ബാധിച്ച് മരിച്ചത്. സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്ത് എന്നയാളാണ് നിപയുടെ ആദ്യ ഇര. തുടര്‍ന്ന് സാബിത്തിന്റെ സഹോദരന്‍ സാലിഹ്, പിതാവ് മൂസ, പിതൃസഹോദരി മറിയം എന്നിവര്‍ സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ നിപാ പനിയുടെ ഭീതി പതിയെ പടര്‍ന്നു തുടങ്ങുകയായിരുന്നു. സാലിഹിലെത്തിയപ്പോഴാണ് പനി നിപയായിരിക്കാമെന്ന സംശയം ആദ്യമായി മുളപൊട്ടുന്നത്. പിന്നീട് നടന്നതെല്ലാം കേരളം കണ്ട ചരിത്രമാണ്. എന്നാല്‍, പനി സ്ഥിരീകരിക്കുന്നതു വരെയും സ്ഥിരീകരിച്ചതിനു ശേഷവും വലിയ പ്രതിസന്ധികളാണ് ചങ്ങരോത്ത് പഞ്ചായത്തിലെ ജനങ്ങള്‍ നേരിട്ടതെന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍മാര്‍ പറയുന്നുണ്ട്. ആശാ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം സാബിത്തിന്റേത് പനിമരണമായിരുന്നു. പനി ബാധിച്ച സാബിത്തിനെ സഹായിക്കാനും പനിമരണത്തിന്റെ വിവരങ്ങളെടുക്കാനും അന്ന് ആരോഗ്യപ്രവര്‍ത്തകരെല്ലാം സാബിത്തിന്റെ വീട്ടില്‍ കയറിയിറങ്ങിയിരുന്നതുമാണ്. നിപയാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവനിലുള്ള ഭയമായി പിന്നീട്. നിപയെക്കുറിച്ച് കൂടുതല്‍ അറിയാതിരുന്ന കാലഘട്ടത്തില്‍ ഫീല്‍ഡില്‍ നിന്ന് ആശാ പ്രവര്‍ത്തകരെപ്പോലും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

Read: EXPLAINER: നിപ വൈറസ് അറിയേണ്ടതെല്ലാം; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

“ഓരോ ദിവസം ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് വീട്ടില്‍ച്ചെല്ലുമ്പോഴും ഭയമാണ്. വൈറസ് പിടിപെട്ടിട്ടുണ്ടോ എന്ന്. ഞങ്ങള്‍ ആശാ വര്‍ക്കര്‍മാര്‍ പരസ്പരം ഫോണ്‍ ചെയ്തൊക്കെ ചോദിക്കും, കുഴപ്പമൊന്നുമില്ലല്ലോ എന്ന്. ഒരു ചെറിയ തലവേദന വന്നാല്‍ പിന്നെ അന്നു മുഴുവന്‍ പേടിയാണ്. സഹപ്രവര്‍ത്തകരെ വിളിച്ചു ചോദിച്ചാല്‍ അവര്‍ക്കും ഇതേ പേടി. തലവേദനയുണ്ട്, നിപ്പയുടെ ലക്ഷണമാണോ എന്ന്. വീട്ടില്‍ കുട്ടികളൊക്കെയുള്ളതാണ്. അടുത്ത വീട്ടിലൊന്നും ആരും പുറത്തിറങ്ങുന്നില്ലല്ലോ, അമ്മ പോകേണ്ട എന്നൊക്കെ അവര്‍ പറയും. പക്ഷേ പേടിയൊതുക്കി പിറ്റേന്ന് വീണ്ടും വര്‍ക്കിനിറങ്ങും. പേരാമ്പ്രയില്‍ എല്ലാവര്‍ക്കും ഇതേ പേടിയാണ്. അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട നമ്മള്‍ തന്നെ വീട്ടിലിരുന്നാല്‍ എങ്ങനെ ശരിയാകും?” നിപ്പാക്കാലത്ത് പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ച ആശാ വര്‍ക്കറുടെ വാക്കുകളിലുണ്ട് ഒരു നാട് രോഗബാധയ്ക്കെതിരെ പ്രതിരോധം സൃഷ്ടിച്ച കഥ. പടിപടിയായ ബോധവത്ക്കരണത്തിലൂടെ മാത്രമേ നിപ്പയെ വരുതിയിലാക്കാനാകൂ എന്ന് നിര്‍ദ്ദേശം നല്‍കിയ ഡോക്ടര്‍മാരുടേയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ആശാ വര്‍ക്കര്‍മാരാണ് പേരാമ്പ്രയുടെ അതിജീവനത്തിന്റെ നട്ടെല്ല് എന്നു പറഞ്ഞാലും തെറ്റില്ല.

അറുപതോളം വീടുകളാണ് സൂപ്പിക്കടയില്‍ ആളുകള്‍ ഒഴിഞ്ഞു പോയത്. ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്‍പതും പത്തും വാര്‍ഡുകളിലായി, രോഗബാധയുണ്ടായ സാബിത്തിന്റെ വീടിന്റെ കിലോമീറ്ററുകളോളം ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ കൂട്ടമായി ഒഴിഞ്ഞു പോയത് പേരാമ്പ്രയിലെ മറ്റു ഭാഗങ്ങളിലുള്ളവരെയും ആശങ്കയിലാക്കിയിരുന്നു. ചിലര്‍ താത്ക്കാലികമായി മറ്റിടങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറുകയായിരുന്നെങ്കില്‍, ചിലര്‍ എല്ലാ സാധനങ്ങളും എടുത്തു മാറ്റിക്കൊണ്ട് സ്ഥിരമായി താമസം മാറുന്ന പോലെയാണ് വീടുവിട്ട് പോയത്. സാബിത്തിന്റെ വീട്ടുകാര്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങള്‍ക്കും കണക്കില്ല. വലിയൊരു ദുരന്തത്തില്‍പ്പെട്ട് തകര്‍ന്നിരിക്കുന്ന സാബിത്തിന്റെ ഉമ്മയെയും സഹോദരനെയും ആശ്വസിപ്പിക്കാന്‍പോലും ബന്ധുക്കള്‍ക്കും പ്രദേശവാസികള്‍ക്കും ഭയമായിരുന്നു. ആരോഗ്യപ്രവര്‍ത്തകരൊഴികെ മറ്റാരും മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല. രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് അന്നത്തെ ജനങ്ങളുടെ പെരുമാറ്റത്തിനു കാരണമെന്നും അതു മാറ്റിയെടുത്താല്‍ മാത്രമേ ആശങ്കകള്‍ അകറ്റാനാകൂ എന്നും പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. സൂപ്പിക്കടയില്‍ നിന്നും ആളുകള്‍ കൂട്ടമായി പലായനം ചെയ്യുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നതോടെ പ്രദേശത്ത് അതിതീവ്രമായ ഏതോ വൈറസ് പൂര്‍ണമായും ബാധിച്ചു കഴിഞ്ഞുവെന്ന് കോഴിക്കോട്ടുകാര്‍ കണക്കുകൂട്ടി. പേരാമ്പ്രയിലേക്ക് ഒരു കാരണവശാലും പോകാതിരിക്കാനും പേരാമ്പ്രയില്‍ നിന്നുള്ളവരോട് ഒരുതരത്തിലും സമ്പര്‍ക്കം പുലര്‍ത്താതിരിക്കാനും ജനങ്ങള്‍ അക്കാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യാത്രകള്‍ ഒഴിവാക്കുന്നത് സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയവും പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും, ഒരു ജനത കുറച്ചധിക കാലം സഹിക്കേണ്ടി വന്ന സാമൂഹിക ഭ്രഷ്ടിന്റെ തുടക്കമായിരുന്നു അത്.

‘പേരാമ്പ്രയോ, നിപ്പയുണ്ടായ സ്ഥലമല്ലേ?’ എന്നു ചോദിക്കുന്നവര്‍

“ചങ്ങരോത്തുകാരെ ബസ്സുകളില്‍ കയറ്റില്ലായിരുന്നു എന്നു പറഞ്ഞാല്‍ അതിന്റെ തീവ്രത ഊഹിക്കാമല്ലോ. ബസ്സ് സര്‍വ്വീസുകള്‍ തന്നെ പാടേ വെട്ടിക്കുറിച്ചിരുന്നു. ആകെ ഓടുന്ന ചില കുറ്റ്യാടി ബസ്സുകളിലാകട്ടെ, പേരാമ്പ്ര ഭാഗത്തുനിന്നുള്ളവരെ കയറ്റാതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കുമായിരുന്നു. ഇനി കയറിയാല്‍ത്തന്നെ അങ്ങേയറ്റം വിവേചനപരമായ പെരുമാറ്റമാണ്. നമ്മുടെയടുത്ത് ഇരിക്കുകയൊന്നുമില്ല. ദിവസവും കയറുന്ന ബസ്സാണെങ്കില്‍ അവര്‍ക്കറിയാമല്ലോ നമ്മള്‍ ഇന്ന സ്ഥലത്തുള്ളയാളാണെന്ന്. ഇവിടത്തെ പല സ്റ്റോപ്പുകളിലും നിര്‍ത്തില്ല, നിര്‍ത്തിയാലും കയറ്റാനൊക്കെ മടി. ബസ്സുകളില്‍ നിന്നുള്ള പ്രശ്നം ഇതിന്റെ ഒരു വശം മാത്രമാണ് സത്യത്തില്‍. കോഴിക്കോട്ടൊക്കെ പോകേണ്ട ആവശ്യമുള്ളപ്പോള്‍ ഇവിടത്തുകാര്‍ കഴിയുന്നതും സ്ഥലപ്പേരു പറയാതെ നോക്കിയിട്ടുണ്ട്. പേരാമ്പ്രക്കാരാണെന്നറിഞ്ഞാല്‍ പിന്നെ വല്ലാത്ത ബുദ്ധിമുട്ടാണ്. സാമൂഹികമായ മാറ്റിനിര്‍ത്തല്‍ കുറേയധികം തന്നെ അനുഭവിച്ചിട്ടുണ്ട് ഇവിടെയുള്ളവര്‍. അത് ഇനിയും പൂര്‍ണമായി മാറിയെന്ന് പറയാനുമാവില്ല. കഴിഞ്ഞ ദിവസം കൂടി ഒരിടത്തു പോയപ്പോള്‍ ചങ്ങരോത്ത് എന്നു പറഞ്ഞതും ആകെ മുഖഭാവം മാറ്റി, ‘നിപ്പയുണ്ടായ സ്ഥലമല്ലേ’ എന്നു ചോദിച്ചവരുണ്ട്”, ചങ്ങരോത്ത് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനീഷാണ് പറയുന്നത്.

ചങ്ങരോത്തുകാര്‍ക്ക് മാത്രമല്ല, പേരാമ്പ്രയോട് അടുത്തു കിടക്കുന്ന എല്ലായിടങ്ങളിലും ജനങ്ങള്‍ക്ക് ഇതു തന്നെയായിരുന്നു അവസ്ഥ. ഭയം കാരണം തൊട്ടടുത്ത വീടുകളില്‍പ്പോലും പോകാന്‍ മടിക്കുന്ന തദ്ദേശവാസികള്‍ ഒരു വശത്ത്. പേരാമ്പ്രയോട് പൊതുവില്‍ തൊട്ടുകൂടായ്മ നയം സ്വീകരിച്ച മറ്റിടങ്ങളിലെ ജനം മറുവശത്ത്. പാടേ മാറ്റിനിര്‍ത്തലല്ല, മറിച്ച് ശ്രദ്ധയോടെയുള്ള പ്രതിരോധമാണ് രോഗത്തില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗ്ഗമെന്ന് പൊതുജനത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുറച്ചൊന്നുമല്ല പാടുപെടേണ്ടി വന്നത്.

Read : നിപ്പ ആഞ്ഞടിച്ചപ്പോള്‍ പ്രഖ്യാപിച്ചു; 8 മാസത്തിന് ശേഷം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

കല്ലോട് താലൂക്ക് ആശുപത്രിയിലെ നഴ്സിനെ ബസ്സില്‍ നിന്നും തിരിച്ചറിഞ്ഞ് വഴിയിലിറക്കിവിട്ട സംഭവം ഇവിടത്തുകാര്‍ ഇന്നും മറന്നിട്ടില്ല. പതിവുപോലെ ആശുപത്രിയിലേക്കിറങ്ങിയ നേഴ്സ് ബസ്സില്‍ കയറിയപ്പോള്‍ ശ്രദ്ധിക്കാതിരുന്ന ജീവനക്കാര്‍, അല്‍പ്പദൂരം പിന്നിട്ട ശേഷമാണ് ആളെ തിരിച്ചറിയുന്നത്. ആരുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ഉടന്‍ തന്നെ ബസ്സില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും മറ്റും ഇറക്കിവിടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ തൊട്ടു മുന്‍പിലത്തെ സ്റ്റോപ്പിലിറങ്ങുന്ന പരിപാടി ചിലര്‍ പരീക്ഷിച്ചിരുന്നെങ്കിലും, ആളെ തിരിച്ചറിഞ്ഞാല്‍ അതുകൊണ്ടും കാര്യമുണ്ടാകാറില്ലെന്ന് സനീഷ് പറയുന്നു. ഇതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നീക്കങ്ങളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പേരാമ്പ്രയില്‍ മാത്രം ഇത്തരം അനുഭവങ്ങള്‍ തുടര്‍ന്നിരുന്നു. ചങ്ങരോത്ത് നിന്നും ദന്തഡോക്ടറെ കാണാനായി കോഴിക്കോട്ടെ ക്ലിനിക്കിലെത്തിയയാളോട് പരിശോധനയ്ക്കിടെ എവിടെനിന്നു വരുന്നു എന്നന്വേഷിച്ചതും, സ്ഥലം പറഞ്ഞപ്പോള്‍ ഡോക്ടറും സഹായിയുമടക്കമുള്ളവര്‍ ഇറങ്ങിപ്പോയതുമെല്ലാം കഥകളായി പൊട്ടിച്ചിരിച്ചുകൊണ്ടുതന്നെ ഇവര്‍ പറയുന്നു. ഇപ്പോള്‍ തമാശയാണെങ്കിലും, അനുഭവിച്ചപ്പോള്‍ അത്ര രസകരമല്ലാതിരുന്ന ചില അവസരങ്ങള്‍.

ബസ്  സര്‍വീസുകള്‍ വെട്ടിക്കുറച്ചതും പുറത്തു നിന്നും ആളുകളെത്താത്തതും മാത്രമല്ല, പ്രദേശവാസികള്‍ക്കിടയിലുള്ള ഭീതിയും പരസ്പരമുള്ള മാറ്റിനിര്‍ത്തലായി പരിണമിച്ചിട്ടുണ്ടിവിടെ. പകല്‍ സമയങ്ങളില്‍ മുഴുവന്‍ സ്വന്തം പേടി മറച്ചു വച്ച് ജോലിയെടുക്കുന്ന ആശാ പ്രവര്‍ത്തകരെ കണ്ടാല്‍ മാറിനില്‍ക്കുന്നവര്‍ ചങ്ങരോത്തുതന്നെയുണ്ടായിരുന്നുവെന്ന് ആശാ വര്‍ക്കറായ ശൈലജ പറയുന്നു. പനിമരണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍പ്പോലും ഭയം പുറത്തുകാണിക്കാതിരുന്നവര്‍ പക്ഷേ, രോഗിയെ ശുശ്രൂഷിച്ച നഴ്സ് ലിനി മരിച്ചപ്പോഴേക്കും കടുത്ത ഭയപ്പാടിലായി. പനി പടര്‍ന്നുപിടിച്ച മേഖലകളിലും സാബിത്തിന്റെ വീടിന്റെ പരിസരപ്രദേശങ്ങളിലും ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങിയെത്തുന്ന പഞ്ചായത്ത് മെമ്പര്‍മാരുള്ള ഓഫീസിലേക്ക് വരാന്‍ മടിച്ച് പഞ്ചായത്തോഫീസിലെ ജീവനക്കാര്‍ പോലും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. പേരാമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഔട്ട് പേഷ്യന്റ് വിഭാഗം നിര്‍ത്തലാക്കിയിട്ടു കൂടി, സാധാരണദിവസങ്ങളില്‍പ്പോലും വലിയ തിരക്ക് അനുഭവപ്പെടാറുള്ള കല്ലോട് താലൂക്കാശുപത്രിയിലെ ഓ.പി 50-ല്‍ താഴെ മാത്രമായിരുന്നു. രോഗങ്ങള്‍ വന്ന് ബുദ്ധിമുട്ടിയാല്‍പ്പോലും ആശുപത്രികളെ ആശ്രയിക്കാന്‍ പേരാമ്പ്രക്കാര്‍ മടിച്ചിരുന്നു. അടുത്ത വീടുകളുമായും അയല്‍പ്പക്കങ്ങളുമായും ദിവസേന സമ്പര്‍ക്കത്തിലേര്‍പ്പെട്ടു പോന്നിരുന്ന പേരാമ്പ്ര പ്രദേശത്തുള്ളവര്‍, പതിവിനു വിപരീതമായി പുറത്തിറങ്ങാനും മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും വിമുഖത കാണിച്ചു. മറ്റു കാരണങ്ങള്‍ കൊണ്ടു മരിക്കുന്നവരുടെ വീടുകളില്‍പ്പോലും, മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്നാണ് കൊണ്ടുവന്നത് എന്ന കാരണത്താല്‍ സന്ദര്‍ശകരെത്താതെയായി. അക്ഷരാര്‍ത്ഥത്തില്‍ പേരാമ്പ്ര ഒറ്റപ്പെടുകയായിരുന്നു അക്കാലങ്ങളില്‍.

ചന്തകളില്ല, കടകള്‍ തുറന്നില്ല; നിപ്പ തന്നത് സാമ്പത്തിക ബാധ്യകളും

“കുറേക്കാലം ജോലിയില്ലാതെ ഇരുന്നിട്ടുണ്ട്. ഓട്ടോ ഇറക്കിയാല്‍ത്തന്നെ ആരു കയറാനാണ്. ബസ്സുകള്‍ ഓടാത്തതുകൊണ്ട് ഓട്ടോയ്ക്ക് കൂടുതല്‍ ജോലി കിട്ടും എന്നൊക്കെ കരുതിയിട്ടുണ്ടെങ്കില്‍ വെറുതെയാണ്. ആളുകള്‍ പുറത്തുതന്നെ ഇറങ്ങാത്തപ്പോള്‍ എന്ത് ഓട്ടോ. ഈ കടകളൊന്നും തുറക്കുമായിരുന്നില്ല. തുറന്നാലും കച്ചവടം തീരെയില്ലല്ലോ. പേരാമ്പ്രയില്‍ ഏറ്റവുമധികം കച്ചോടമുണ്ടാകുന്ന നോമ്പുകാലത്താണല്ലോ ഈ സംഭവം. ആ വിപണിയൊക്കെ മുഴുവനും പോയി. റംസാന്‍ വിപണി മാത്രമല്ല, ഓണത്തിന്റെ തിരക്കും പോയി. നിപ്പ കഴിഞ്ഞ് ഒന്നു ശ്വാസം വിടുന്നതിനു മുന്നെയല്ലേ പ്രളയം വന്നത്. ഈ ഭാഗത്ത് മാത്രം അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ അതും വലിയ നഷ്ടമായി. ഇവിടെയുള്ള കച്ചവടക്കാര്‍ക്കൊക്കെ തിരിച്ച് ട്രാക്കില്‍ കയറാന്‍ പറ്റിയത് കുറേ മാസങ്ങള്‍ കഴിഞ്ഞിട്ടാണ്. നിപ്പ വന്ന സ്ഥലം എന്ന പേരൊക്കെ മെല്ലെ മാറിവന്നിട്ടുണ്ട്. പക്ഷേ അന്നൊക്കെ കുറേ കഷ്ടപ്പെട്ടു”, ചങ്ങരോത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ അഭിപ്രായം തന്നെയാണ് കച്ചവടക്കാര്‍ക്കുമുള്ളത്. വര്‍ഷത്തില്‍ ഏറ്റവുമധികം കച്ചവടം കിട്ടുന്ന ഓണം-റംസാന്‍ കാലമാണ് 2018ല്‍ ഇവര്‍ക്കു നഷ്ടമായത്. കോഴിക്കോട്ട് പൊതുവെയുണ്ടായ സാമ്പത്തിക രംഗത്തെ മന്ദിപ്പ് പെട്ടന്നുതന്നെ മാറിവന്നെങ്കിലും പേരാമ്പ്ര കരകയറാന്‍ കുറച്ചുകൂടി സമയമെടുത്തിരുന്നു.

Also Read: ഒടുവില്‍ സര്‍ക്കാര്‍ എഴുതി നല്‍കി; നിപ വാര്‍ഡ്‌ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

മാറ്റിവയ്ക്കപ്പെട്ട വിവാഹങ്ങളും നോമ്പുതുറ സല്‍ക്കാരങ്ങളും മാത്രമല്ല പേരാമ്പ്രയുടെ സാമ്പദ്ഘടനയെ താറുമാറാക്കിയത്. ആളുകള്‍ പുറത്തിറങ്ങാതായതോടെ വഴിവക്കിലെ സജീവമായിരുന്ന പഴം-പച്ചക്കറി കച്ചവടവും കര്‍ഷകര്‍ നേരിട്ട് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന ചന്തകളും എല്ലാം പതിയെ നിന്നുപോയി. നോമ്പുകാലത്ത് തിരക്കൊഴിഞ്ഞ് കണ്ടിട്ടില്ലാത്ത പഴക്കടകള്‍ വാങ്ങാനാളില്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. പേരാമ്പ്ര മുതല്‍ കുറ്റ്യാടി വരെയുള്ളിടങ്ങളില്‍ ഇതായിരുന്നു അവസ്ഥ. കച്ചവടക്കാരുടെ കുടുംബങ്ങള്‍ മാത്രമല്ല, ദിവസക്കൂലി കൊണ്ട് ജീവിക്കുന്ന തൊഴിലാളികളുടെ വീടുകളിലും സാമ്പത്തിക ഞെരുക്കം ബാധിച്ചിരുന്നു. പേരാമ്പ്ര അങ്ങാടിയുടെ ജീവനാഡിയായ ചന്തകള്‍ ഇല്ലാതെയായതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയാണുണ്ടായത്. ചങ്ങരോത്ത് പോലുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന ടൗണാണ് പേരാമ്പ്ര. അങ്ങാടിയാകെ നിശ്ചലമായി ഇതിനു മുന്‍പോ ശേഷമോ കണ്ട ഓര്‍മ നാട്ടുകാര്‍ക്ക് ആര്‍ക്കുമില്ല. റംസാന്‍ വിപണി ലക്ഷ്യമിട്ട് വാങ്ങിക്കൂട്ടിയ സ്റ്റോക്കുകള്‍ കെട്ടിക്കിടന്നപ്പോഴും, നിപ്പ ഭീതിയൊഴിഞ്ഞാല്‍ കരകയറാമെന്ന പ്രതീക്ഷ ഇവിടത്തുകാര്‍ക്ക് ഉണ്ടായിരുന്നു. അതിനു വിഘാതം സൃഷ്ടിച്ചുകൊണ്ടാണ് ഓഗസ്തിലെ പ്രളയവും കടന്നുവന്നത്.

പ്രളയവുമായി ബന്ധപ്പെട്ട കെടുതികള്‍ കേരളത്തിലെ മറ്റേത് സ്ഥലത്തെയും പോലെ പേരാമ്പ്ര ഭാഗത്തും സാമ്പത്തികപ്രശ്നങ്ങളുണ്ടാക്കിയെങ്കിലും വളരെപ്പെട്ടന്നു തന്നെ അതിനെയും ഇവിടത്തുകാര്‍ മറികടന്നു. സെപ്തംബറായതോടെ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായിത്തുടങ്ങിയെന്ന് ചങ്ങരോത്തെ ചെറുകിട വ്യാപാരികള്‍ പറയുന്നു. നഷ്ടത്തിലോടേണ്ടെന്നു തീരുമാനിച്ച് സര്‍വീസ് നിര്‍ത്തിയ ബസ്സുകളും പേരാമ്പ്ര റൂട്ടില്‍ അധികം വൈകാതെ തന്നെ ഓടിത്തുടങ്ങി. പതിവുപോലെ തിരക്കിട്ടും തിങ്ങിനിറഞ്ഞും കോഴിക്കോട്ടേക്കും തിരിച്ചും ആളുകള്‍ സഞ്ചരിക്കാനും തുടങ്ങി. ചന്തകളും ഉടന്‍ തന്നെ സജീവമായെങ്കിലും, ചുരുങ്ങിയ കാലം കൊണ്ടുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ കച്ചവടക്കാര്‍ക്ക് മാസങ്ങളോളം കഷ്ടപ്പെടേണ്ടിവന്നെന്നു മാത്രം. എത്ര കഷ്ടപ്പെടേണ്ടിവന്നാലും സാരമില്ല, നിപ ബാധിച്ച സ്ഥലമെന്നല്ല, മറിച്ച് നിപയെ തോല്‍പ്പിച്ച സ്ഥലമെന്നു വേണം പേരാമ്പ്ര അറിയപ്പെടാന്‍ എന്നു പറയുന്ന കച്ചവടക്കാര്‍ക്കു മുന്നില്‍ പ്രതിസന്ധികള്‍ അടിയറവു പറയുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!

നിപ കീഴടങ്ങിയതല്ല, പേരാമ്പ്രക്കാര്‍ കീഴക്കിയതാണ്

ഒരു പ്രദേശത്തെയൊട്ടാകെ തളര്‍ത്തിക്കളയുമായിരുന്ന പ്രതിബന്ധങ്ങളെ ആവുന്നത്ര വേഗത്തില്‍ ചെറുത്തു തോല്‍പ്പിക്കാനും, മാസങ്ങള്‍ക്കുള്ളില്‍ പേരാമ്പ്രയെ പഴയ പേരാമ്പ്രയാക്കി മാറ്റാനും മുന്‍കൈയെടുത്തതും വഴികാട്ടിയായതും ആരെന്നു ചോദിച്ചാല്‍, അതിന് ആ പ്രദേശത്തെ ആളുകള്‍ എന്നു മാത്രമേ ഉത്തരമുള്ളൂ. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് പേരാമ്പ്രയിലെ സാധാരണക്കാരും ആരോഗ്യപ്രവര്‍ത്തകരും കൈകോര്‍ത്തു നടത്തിയതെന്ന് അന്നത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജന്‍ പറയുമ്പോള്‍, അതില്‍ തരിമ്പു പോലും അതിശയോക്തിയില്ലെന്നതാണ് സത്യം. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ ബോധവത്ക്കരണ പരിപാടികളും വീടുകളില്‍ നിന്നും വീടുകളിലേക്ക് കയറിയിറങ്ങി സംസാരിച്ചു വിവരങ്ങള്‍ കൈമാറിയ രീതിയും അങ്ങേയറ്റം ഫലപ്രദമായിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധികളും വിദഗ്ധ ഡോക്ടര്‍മാരും പേരാമ്പ്രയില്‍ ക്യാമ്പു ചെയ്ത് നടത്തിയ ക്ലാസ്സുകള്‍ക്കും മറ്റും ആളുകളെ എത്തിക്കാന്‍ കുറച്ചൊന്നുമല്ല പഞ്ചായത്ത് അധികൃതര്‍ കഷ്ടപ്പെട്ടത്. എന്നാല്‍, അത്തരം ക്ലാസ്സുകളും മെഡിക്കല്‍ ക്യാംപുകളുമാണ് ആശങ്ക കൊണ്ടുണ്ടായ ഭീതിയെ മാറ്റിനിര്‍ത്താന്‍ പ്രദേശവാസികളെ സഹായിച്ചതും.

“പെട്ടന്നുണ്ടായ രോഗബാധ ആരിലായാലും ആശങ്കയുണ്ടാക്കുമല്ലോ. അത് സ്വാഭാവികം തന്നെയാണ്. അതിനു കാരണം രോഗത്തെക്കുറിച്ചും അതു പടരുന്ന രീതികളെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണെന്ന് ആദ്യമേ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഡോക്ടര്‍ അരുണുമടക്കമുള്ളവര്‍ പറഞ്ഞു തന്നിരുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി പ്രവര്‍ത്തിക്കുകയാണ് ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്തത്. പേരാമ്പ്രയില്‍ നിന്നും പുറത്തേക്ക് രോഗം പടരുന്നത് തടയണം, അതോടൊപ്പം ജനജീവിതം സ്തംഭിച്ചിരിക്കുന്ന പേരാമ്പ്രയിലെ അവസ്ഥയും മാറ്റിയെടുക്കണം. ഇതിനുള്ള വഴികളാണ് എല്ലാവരും ചേര്‍ന്ന് ആവിഷ്‌കരിച്ചത്. അതെല്ലാം വിജയമായിരുന്നു താനും. പേരാമ്പ്രയിലാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തതെങ്കിലും സാബിത്തിന്റെ കുടുംബത്തിലുള്ളവരല്ലാതെ പുറത്തുനിന്നും ആരും പേരാമ്പ്രയില്‍ പിന്നീട് മരിച്ചില്ല. നിപ ബാധിച്ച് മരിച്ചവരെല്ലാം സാബിത്തില്‍ നിന്നും ആശുപത്രിയില്‍ വച്ച് പകര്‍ന്നവരായിരുന്നു. സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും പിടിച്ച വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്താനായിട്ടില്ലല്ലോ. സാബിത്തിന് എവിടെ നിന്നും രോഗം പിടിപെട്ടു എന്നത് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നതൊഴിച്ചാല്‍ നിപയുടെ ഭയം പാടേ മാറിക്കഴിഞ്ഞിട്ടുണ്ട്. രണ്ടാമതും പേരാമ്പ്രയില്‍ നിപ കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കണ്ടിരുന്നു. അതെല്ലാം തെറ്റാണ്. കരിമ്പനി ഇവിടെ റിപ്പോര്‍ട്ട് ചെയ്തപ്പോഴും പേരാമ്പ്രയ്ക്ക് എന്തോ പ്രശ്നം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പര്‍വതീകരിച്ചത്. കരിമ്പനി ബാധിച്ചയാള്‍ ഇപ്പോള്‍ സുഖമായി വീട്ടിലുണ്ട്. ഇവിടത്തെ ആരോഗ്യമേഖല അത്രയേറെ ശക്തമാണിപ്പോള്‍” ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ പറയുന്നു.

പഞ്ചായത്ത് മെംബര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ എല്ലാവരുമടങ്ങുന്ന വലിയൊരു സംഘം ആളുകളാണ് വീടുവീടാന്തരം കയറിയിറങ്ങിയുള്ള ബോധവത്ക്കരണത്തിനും മെഡിക്കല്‍ ചെക്കപ്പുകള്‍ക്കും നേതൃത്വം നല്‍കിയത്. മാസ്‌ക് എങ്ങനെ, എപ്പോള്‍ ഉപയോഗിക്കണമെന്നും പഴവും പച്ചക്കറികളും ഭക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്നും കൃത്യമായി വിശദീകരിക്കുന്ന പല സെഷനുകള്‍ കഴിഞ്ഞപ്പോഴേക്കും തെറ്റിദ്ധാരണകളെല്ലാം നീങ്ങി ചങ്ങരോത്തുകാര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി. പിന്നീടങ്ങോട്ട് എല്ലാ നീക്കങ്ങള്‍ക്കും നാട്ടുകാരുടെ സഹകരണം പൂര്‍ണമായും ഉണ്ടായിരുന്നതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓര്‍ക്കുന്നുണ്ട്. സൂപ്പിക്കടയില്‍ വീടുപേക്ഷിച്ച് പോയ അറുപതു കുടുംബങ്ങളെയും നേരില്‍ കണ്ടാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘം സംസാരിച്ച് വിരങ്ങള്‍ ബോധ്യപ്പെടുത്തിയത്. കൃത്യമായ പ്രതിരോധത്തിലൂടെ നിപ്പയെ അകറ്റി നിര്‍ത്താമെന്നും, രോഗം നമ്മുടെ നിയന്ത്രണത്തിലൊതുങ്ങുമെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പതിയെ തിരിച്ചറിഞ്ഞതോടെ ഓരോരുത്തരായി അറുപതു കുടുംബങ്ങളും തിരികെ വീടുകളിലെത്തുകയും ചെയ്തു. പഞ്ചായത്ത് മെംബര്‍മാരടക്കമുള്ളവരുടെ അക്ഷീണ പ്രയത്നത്തോടൊപ്പം പേരാമ്പ്രയില്‍ നിന്നും നിപ പടരാനനുവദിക്കില്ല എന്ന പ്രദേശവാസികളുടെ നിശ്ചയദാര്‍ഡ്യം കൂടിയായപ്പോള്‍ ഒരു ദേശം മുഴുവന്‍ ഒന്നിച്ചു നിന്നു നേടിയ വിജയമായി അതു മാറുകയായിരുന്നു.

മെഡിക്കല്‍ ക്യാമ്പുകള്‍, ക്യാമ്പയിനുകള്‍, ക്ലാസ്സുകള്‍, സര്‍വകക്ഷിയോഗങ്ങള്‍ എന്നിങ്ങനെ സാമൂഹികപ്രവര്‍ത്തകരുടെ ഒരു മാസക്കാലത്തെ കഷ്ടപ്പാടുകള്‍, നിപ്പയെ അതീജീവിച്ച ജനതയായി പേരാമ്പ്രയെ മാറ്റിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന രാജനെക്കുറിച്ചും, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെക്കുറിച്ചും പറയാന്‍ നൂറു നാവാണ് ചങ്ങരോത്തുകാര്‍ക്ക്. ഇവര്‍ പനിയുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ എന്തായേനെ എന്നു ചിന്തിക്കാന്‍ പോലും ഇവിടത്തുകാര്‍ക്കാവുന്നില്ല. എന്നാല്‍, നിപ്പാക്കാലത്തെക്കുറിച്ചും വൈറസിനെ തോല്‍പ്പിച്ച ജനതയെക്കുറിച്ചും വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനുള്ള വിപുലമായ അനുഭവകഥകള്‍ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന വിഷമമാണ് രാജനു പങ്കുവയ്ക്കാനുള്ളത്. തന്റെ സര്‍വീസിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി നിപ്പ അതിജീവനത്തെ വിലയിരുത്തുന്ന അദ്ദേഹത്തിന്റെ ഭാഷയില്‍, ഇത് ആരോഗ്യവകുപ്പിന്റെയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ഫലമാണ്.

നിപ്പയും പ്രളയവും കരിമ്പനിയും വാട്സ് ആപ്പിലെ വ്യാജപ്രചരണങ്ങളും കടന്ന് പേരാമ്പ്ര ഇപ്പോള്‍ വീണ്ടും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒരുപക്ഷേ, പണ്ടത്തേക്കാളേറെ യാഥാര്‍ത്ഥ്യബോധത്തോടെത്തന്നെ. ആരോഗ്യകാര്യങ്ങളില്‍ പേരാമ്പ്രക്കാരുടെ ജാഗ്രത വര്‍ദ്ധിച്ചിട്ടുണ്ടെന്നതിലും തര്‍ക്കമില്ല. ശാസ്ത്രീയമായി രോഗപ്രതിരോധത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു കൂട്ടമാളുകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നേരത്തേ കാലുകുത്താന്‍ ഭയപ്പെട്ടിരുന്ന നാട്ടിലേക്ക് ഒമ്പതു മാസങ്ങള്‍ക്കു ശേഷം കോഴിക്കോടിന്റെ കലാപാരമ്പര്യം ഒന്നടങ്കം എത്തിച്ചേരുന്നുണ്ടെങ്കില്‍, അത് ഈ നാടിന്റെ തന്നെ വിജയമാണ്. നേരത്തേ സൂചിപ്പിച്ച പേരാമ്പ്ര ടൗണിലെ കച്ചവടക്കാരന്‍ പറഞ്ഞുപോലെ, നിപ ബാധിച്ച സ്ഥലമെന്നല്ല, നിപ്പയെ തോല്‍പ്പിച്ച സ്ഥലമെന്ന് തങ്ങളുടെ നാട് അറിയപ്പെടുന്നതാണ് ഇവര്‍ക്കിഷ്ടം. അങ്ങിനെയുള്ളിടത്തോളം കാലം പ്രതിരോധത്തിന്റെ പേരാമ്പ്രയിലേക്ക് സ്വാഗതം എന്ന ബോര്‍ഡുകള്‍ അഭിമാനത്തോടെത്തന്നെ ഇവര്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍