UPDATES

മദ്യശാലകളുടെ പൂട്ടൽ: ദേശീയപാത റദ്ദാക്കലൊന്നും എളുപ്പമല്ല; കാശിന് സർക്കാർ എവിടെപ്പോകും?

കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് സവിശേഷമായ ഒരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്

മാര്‍ച്ച് 31ന് രാജ്യത്തെ പരമോന്നത കോടതി മദ്യശാല വിഷയത്തില്‍ നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത് കേരളത്തിന് മാത്രമല്ല രാജ്യത്താകമാനം ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു. പിറ്റേന്ന് അതായത് ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളെല്ലാം തന്നെ പൂട്ടണമെന്നായിരുന്നു കോടതി വിധി. ബിയര്‍-വൈന്‍ പാര്‍ലറുകളെയും കള്ള് ഷാപ്പുകളെയും എല്ലാം ഈ വിധിയില്‍ ഉള്‍പ്പെടുത്തുന്നതായാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ക്ലബ്ബുകളിലെ ബാറുകള്‍ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് സവിശേഷമായ ഒരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മുന്‍ധാരണകളില്ലാതെയെടുത്ത ഈ തീരുമാനം ജനങ്ങളെയും നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയെയും എങ്ങനെ ബാധിക്കുമെന്ന് സുപ്രിംകോടതി പരിശോധിച്ചിട്ടില്ലെന്ന് വ്യക്തം.

കഴിഞ്ഞ ഡിസംബറില്‍ 15നാണ് ദേശീയ, സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ മദ്യക്കടകള്‍ നിരോധിച്ച് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് വിധി പിന്‍വലിക്കുക, വിധിയിലെ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, മദ്യക്കടകളെന്നാല്‍ ബാര്‍ ഹോട്ടലുകളും മറ്റും ഉള്‍പ്പെടുമോയെന്ന് വ്യക്തമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 54 ഹര്‍ജികള്‍ കോടതിയിലെത്തി. ഇതിന്റെയെല്ലാം അന്തിമ വിധിയാണ് 31ന് സുപ്രിംകോടതി പ്രഖ്യാപിച്ചത്. ഹര്‍ജികളുടെ ഫലമായി ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളില്‍ ദൂരപരിധി കുറച്ചുവെന്നത് മാത്രമാണ് നേട്ടം. 500മീറ്ററിലുള്ള മദ്യശാല എന്നത് 220 മീറ്റര്‍ ആയാണ് കുറച്ചത്. 20,000ല്‍ താഴെ ജനസംഖ്യയുള്ള തദ്ദേശഭരണ പ്രദേശങ്ങളില്‍ മാത്രമാണ് ഈ ഇളവ് ബാധകം.

വിധി നടപ്പിലായതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്തൊട്ടാകെ അടച്ചുപൂട്ടിയത് ഇരുപതിനായിരത്തിലേറെ ബാറുകളും മദ്യശാലകളുമാണ്. ഇതുവഴി വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തിന്റെ വലിയൊരു പങ്കാണ് ഇല്ലാതാകുന്നത്. കൂടാതെ ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നഷ്ടവും. ഒമ്പതിനായിരം കോടി രൂപ മദ്യവില്‍പ്പനയിലൂടെ മാത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് തയ്യാറാക്കിയതെന്നും കോടതി വിധി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും കേരള ധനകാര്യ മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. കേരളത്തിന്റെ പരമ്പരാഗത പാനീയമായ കള്ളിനെ മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തരുതെന്നത് അടക്കമുള്ള ഹര്‍ജികളാണ് കേരളത്തില്‍ നിന്നും സുപ്രിംകോടതിയിലെത്തിയത്. മദ്യപിക്കരുതെന്നോ മദ്യം വില്‍ക്കരുതെന്നോ അല്ല കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. മദ്യത്തിന്റെ വരുമാനം നിലനിര്‍ത്തി തന്നെ മദ്യശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാണ് കോടതി ഉത്തരവിട്ടത്. പ്രധാന പാതകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ വ്യാപകമായ റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. കേരളത്തെ സംബന്ധിച്ച് മദ്യപാന സംസ്‌കാരത്തിലുണ്ടാകുന്ന മാറ്റത്തെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്ന കോടികളാണ് ഇതോടെ ഇല്ലാതാകുന്നതെന്ന് പലരും മറന്നുപോകുന്നു. മദ്യശാലകള്‍ പൂട്ടിയാല്‍ സര്‍ക്കാരിന്റെ വരുമാനം ഏകദേശം പകുതിയോളം ഇല്ലാതാകും. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി തന്നെ ബാധിക്കുമെന്നതിന് സംശയം വേണ്ട.

അതേസമയം കോടതി വിധി വന്ന് മൂന്ന് മാസത്തിലേറെ സമയമുണ്ടായിട്ടും മദ്യശാലകളെല്ലാം തന്നെ മാറ്റി സ്ഥാപിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നതെന്താണെന്ന ചോദ്യവും ഇവിടെ ഉയരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ബാറുകള്‍ പൂട്ടിയപ്പോള്‍ നിലവാരമില്ലെന്ന പേരില്‍ അടച്ചുപൂട്ടിയ ബാറുകളുടെ എണ്ണം കണ്ട് ഇവിടെ എല്ലാവരും അമ്പരന്നിരുന്നു. ആള്‍ക്കൂട്ടം ഒത്തുചേര്‍ന്നാല്‍ ഒന്നു ശ്വാസം വിടാന്‍ പോലും നിവൃത്തിയില്ലാത്ത ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇന്ന് കേരളത്തിലുള്ളത്. ബിവറേജസ് കോര്‍പ്പറേഷനെ ഒരു കറവപശുവായി മാത്രം ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഒരുകാലത്തും ഇതിന്റെ വികസനത്തിനായി യാതൊന്നും ചെയ്തിട്ടില്ല. പലയിടങ്ങളിലും കാലിത്തൊഴുത്തിന് സമാനമായ ഔട്ടലെറ്റുകളാണ് ഉള്ളതെന്ന് കൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഒന്നോ രണ്ടോ കൗണ്ടറുകള്‍ മാത്രമാണ് മിക്കയിടത്തുമുള്ളത്. ബിവറേജസ് കോര്‍പ്പറേഷനെ ഒരു കറവപ്പശുവായി ഉപയോഗിക്കുമ്പോഴും നിലവാരമുള്ള ഒറ്റ ഔട്ട്‌ലെറ്റുകള്‍ പോലും ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നതാണ് സത്യം. മദ്യം ആവശ്യമുള്ളവന്‍ എന്ത് അസൗകര്യം സഹിച്ചും അത് വാങ്ങുമെന്ന കണക്കുകൂട്ടലിലാണ് എന്നും സര്‍ക്കാര്‍.

മദ്യവില്‍പ്പന സര്‍ക്കാരിനെ സംബന്ധിച്ച് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയാന്‍ രണ്ട് ദിവസത്തിനിടെയുണ്ടായ സുപ്രധാന തീരുമാനങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. ബാറുകള്‍ മാറ്റാതെ ദേശീയ-സംസ്ഥാന പാതകള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ഇതില്‍ ഒരു തീരുമാനം. സംസ്ഥാന പാതകളെല്ലാം റദ്ദാക്കുകയോ (ഡീനോട്ടിഫിക്കേഷന്‍) തെരഞ്ഞെടുത്ത പാതകള്‍ റദ്ദാക്കുകയോ ചെയ്യുക എന്നതാണ് വിധിമറികടക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗ്ഗമെന്ന് വിലയിരുത്തപ്പെട്ടുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ദേശീയ പാതകള്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഒരുകാലത്ത് നാടിന്റെ വികസനത്തിന് പാതകള്‍ വേണമെന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. റോഡുകള്‍ക്ക് വീതി കൂട്ടി അവയെ സംസ്ഥാന പാതകളും ദേശീയ പാതകളുമാക്കാന്‍ പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ നിന്നു തന്നെ ശ്രമങ്ങളും വ്യാപകമായിരുന്നു. ഇതിന്റെ ഫലമായി ഗ്രാമങ്ങളെ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഒട്ടനവധി റോഡുകള്‍ ഇവിടെയുണ്ടാകുകയും ഗ്രാമപ്രദേശങ്ങളില്‍ കൂടി പോലും ദേശീയ പാതകള്‍ കടന്നു പോകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഇതിനെയെല്ലാം പൊളിച്ചെഴുതുന്നതാണ് പുതിയ നീക്കം. ഇവിടെ മദ്യശാലകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ പാതകളെ വേണ്ടെന്ന് വയ്ക്കുകയാണ്. മദ്യത്തിന്റെ വീര്യവും അതുതന്നെയാണ്. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നതാണ് രണ്ടാമത്തെ തീരുമാനം. ഇതനുസരിച്ച് നിലവിലെ ഒരു മദ്യശാല മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ട. ഡിസംബര്‍ 15ന് സുപ്രിംകോടതിയുടെ ആദ്യ ഉത്തരവ് വന്നപ്പോള്‍ തന്നെ പലയിടങ്ങളിലും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കം നടന്നിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലും മൂലം അതെല്ലാം ഫലം കാണാതെ വരികയായിരുന്നു.

സംസ്ഥാന പാതകള്‍ റദ്ദാക്കാനും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നുമൊക്കെയുള്ള തീരുമാനമെടുക്കാന്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെ കാലം സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. എന്നിട്ടും അതിന് വേണ്ട യാതൊരു നടപടികളും മുമ്പ് കൈക്കൊള്ളാതിരുന്ന സര്‍ക്കാര്‍ നടപടിയെ ‘തൂറാന്‍ മുട്ടുമ്പോള്‍ കക്കൂസ് അന്വേഷിക്കുക’ എന്ന നാടന്‍ ചൊല്ലാണ് ഓര്‍മ്മിപ്പിക്കുന്നത്. സുപ്രിംകോടതിയില്‍ കേസ് നടക്കുന്ന സാഹചര്യത്തില്‍ വിധി പ്രതികൂലമായാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിക്കേണ്ടതായിരുന്നു. ഇത്രയേറെ ദിവസങ്ങള്‍ നിഷ്‌ക്രിയമായി ഇരുന്നിട്ട് അപ്രതീക്ഷിതമായ വിധിയെന്ന് വിലപിക്കുകയാണ് ഇവര്‍ ഇവിടെ ചെയ്യുന്നത്. ഇതുമൂലം പല സംസ്ഥാനങ്ങളിലും തത്വത്തില്‍ രൂപംകൊണ്ടിരിക്കുന്നത് ഭരണ പ്രതിസന്ധി തന്നെയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതില്‍ മുഖ്യപങ്ക് മദ്യവ്യാപാരമാണെന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗത്തിനുണ്ടായ തടസ്സങ്ങളെ നേരിടാന്‍ എന്തുകൊണ്ടാണ് അവര്‍ കാലേക്കൂട്ടി പോംവഴികള്‍ കണ്ടെത്താതിരുന്നത്?

രണ്ട് ദിവസം മദ്യക്കടകള്‍ അടഞ്ഞു കിടക്കുന്നത് കൊണ്ട് ഇവിടെ യാതൊരു പ്രശ്‌നവുമുണ്ടാകുന്നില്ലല്ലോയെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ വരും ദിനങ്ങള്‍ ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. അതില്‍ ഏറ്റവും പ്രധാനം ആരോഗ്യ പ്രശ്‌നം തന്നെയാണ്. യുവാക്കള്‍ ഉള്‍പ്പെടെ കേരളത്തിലെ വലിയൊരു സമൂഹം മദ്യത്തിന് അടിമകളാണ്. രാവിലെ മദ്യശാല തുറക്കുമ്പോള്‍ മുതല്‍ മദ്യപാനം ആരംഭിക്കുകയും മദ്യത്തിന്റെ ലഹരിയില്‍ ഉറങ്ങിപ്പോകുകയും ചെയ്യുന്നവരുടെ എണ്ണം വളരെയധികമാണ്. മദ്യത്തിന്റെ ലഹരിയില്ലാതെയുള്ള ജീവിതത്തിലേക്ക് അവര്‍ക്ക് മടങ്ങണമെങ്കില്‍ ദീര്‍ഘകാലത്തെ ചികിത്സ തന്നെ ആവശ്യമായി വരുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. മദ്യപാനത്തെ ഒരു രോഗമായാണ് കണക്കാക്കേണ്ടതെന്നും വിലയിരുത്തപ്പെടുന്നു. ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനത്തെ തുടര്‍ന്ന് നിരവധി പേര്‍ കുഴഞ്ഞു വീണ് മരിച്ചതിന്റെ വാര്‍ത്തകള്‍ നാം വായിച്ചത് അടുത്തകാലത്താണ്.

ആരോഗ്യ പ്രശ്‌നത്തോടൊപ്പം തന്നെ ഗൗരവകരമാണ് മാനസിക പ്രശ്‌നങ്ങളും. ആദ്യത്തെ ദിവസങ്ങളില്‍ കാര്യമായ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മദ്യം ലഭ്യമല്ലാതാകുന്നതോടെ മദ്യപാനിയുടെ മനസ് പ്രക്ഷുബ്ധമാകുകയും അക്രമാസക്തനാകുകയോ മറ്റെന്തിങ്കിലും മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു. മദ്യത്തിന് പകരം ലഹരി തേടി ഇവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമെന്നതും ഗൗരവകരമായി എടുക്കേണ്ട കാര്യമാണ്. മദ്യവിപണിയെ തകര്‍ക്കുന്നത് മയക്കുമരുന്ന് മാഫിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചതിനെക്കുറിച്ച് പല മദ്യപാനികളും പറയുന്നത് ഇനി വാറ്റിക്കുടിക്കേണ്ടി വരുമെന്നാണ്. അത് അത്രകണ്ട് പ്രാവര്‍ത്തികമല്ലെങ്കിലും ഈ മറവില്‍ വന്‍തോതില്‍ വ്യാജമദ്യം വിപണിയിലിറങ്ങുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്. കേരളം സമീപഭാവിയില്‍ തന്നെ ഒരു വിഷമദ്യ ദുരന്തത്തെ നേരിടുമെന്ന് ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കുന്നു.

ഗോവധ നിരോധനം പോലുള്ള ഹിന്ദുത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ എടുത്തതും ഈയടുത്ത കാലങ്ങളിലായാണ്. സുപ്രിംകോടതിയുടെ മദ്യവിരുദ്ധ ഉത്തരവിനെ ഇതുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും സര്‍ക്കാരിന്റെ പല തീരുമാനങ്ങളും കോടതി വിധികളെ സ്വാധീനിക്കാറുണ്ട്. സമൂഹത്തിന്റെ സദാചാരവും സംസ്‌കാരവും വിശ്വാസവും അങ്ങനെ മറ്റു പലതുമായും ബന്ധപ്പെട്ടാണ് ഈ തീരുമാനങ്ങള്‍ വരിക. അങ്ങനെ നോക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ഈ കോടതി ഉത്തരവിലുള്ള സ്വാധീനത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ പല തീരുമാനങ്ങളും പരിശോധിച്ചാല്‍ അത് വ്യക്തമാകും.

ഇന്നിപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയം പുതുക്കി നിശ്ചയിച്ച് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പതര മുതല്‍ രാത്രി ഒമ്പതര വരെയാണ് പുതുക്കിയ സമയം. പക്ഷെ അതുകൊണ്ട് മാത്രം മദ്യശാലകളുടെ എണ്ണം കുത്തനെ കുറഞ്ഞതിന് പരിഹാരമാകുന്നില്ല. പുതിയ ഉത്തരവ് പ്രകാരം കേരളത്തില്‍ പൂട്ടിയത് 207 ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങളാണ്. 11 പഞ്ചനക്ഷത്ര ഹോട്ടലുകളും 18 ക്ലബ്ബുകളും 586 ബിയര്‍ വൈന്‍ പാര്‍ലറുകളും 2 ബിയര്‍ ഔട്ട്‌ലെറ്റുകളും 1132 കള്ളുഷാപ്പുകളും ഉള്‍പ്പെടെ 1956 മദ്യശാലകളാണ് പൂട്ടിപ്പോകുന്നത്. ഇവയിലൂടെ നേടിയിരുന്ന വരുമാനത്തിനും വിതരണം ചെയ്ത മദ്യത്തിനും പകരം വയ്ക്കാന്‍ അധികമായി അനുവദിക്കുന്ന ഒന്നര മണിക്കൂര്‍ മതിയാകില്ലെന്ന് ഉറപ്പ്. മദ്യശാലകളുടെ പ്രവര്‍ത്തന സമയം നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ മറ്റൊരു വഴിയും കാണുന്നില്ല എന്ന് വന്നാല്‍ വരുമാനനഷ്ടം കുറയ്ക്കാന്‍ ഇവയുടെ പ്രവര്‍ത്തന സമയം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയെന്നതാകും സര്‍ക്കാരിന് മുന്നിലുള്ള ഏക പോംവഴി.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍