UPDATES

ട്രെന്‍ഡിങ്ങ്

അയിത്തം മുതല്‍ സദാചാര ഭീഷണി വരെ ഉള്ള ‘കാലാപാനി’; ഗേള്‍സ് ഹോസ്റ്റലുകളിലെ ദുരനുഭവങ്ങള്‍

ലിംഗസമത്വം ഉയര്‍ത്തി പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം രാത്രിവരെ നീട്ടണമെന്നാവശ്യപ്പെട്ട് സിഇടിയില്‍(കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവന്തപുരം) നടത്തിയ ആസാദി സമരത്തിന്റെ വിജയം ഗേള്‍സ് ഹോസ്റ്റലുകളില്‍ നേരിടുന്ന അവകാശലംഘനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരാന്‍ വിദ്യാര്‍ത്ഥികളെ
തയ്യാറാക്കിയിരിക്കുകയാണ്

വിവേചനവും അടിമത്തവും അവകാശലംഘനങ്ങളും ഏറ്റവും ശക്തമായി നിലനില്‍ക്കുന്നിടമാണ് കോളേജ് ഗേള്‍സ് ഹോസ്റ്റലുകള്‍. എന്ത് കഴിക്കണം, എപ്പോള്‍ ഉറങ്ങണം, ഏതു വേഷം ധരിക്കണം, ആരോട് മിണ്ടണം, ആരൊയൊക്കെ കാണണം എന്നു തുടങ്ങി സര്‍വകാര്യത്തിലും നിയന്ത്രണങ്ങളും നിബന്ധനകളും പെണ്‍കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നയിടം. ആണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കയറാനും ഇറങ്ങാനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഇരുട്ടു വീഴും മുന്നേ ഗേറ്റ് കടന്നെത്തിയിരിക്കേണ്ടവരാണ് പെണ്‍കുട്ടികള്‍. അപകട സാധ്യത മുതല്‍ സദാചാര പ്രശ്‌നം വരെ ഈ അടിമത്തം നിലനിര്‍ത്താന്‍ കാരണങ്ങള്‍ പലതുണ്ട്.

ഗേള്‍സ് ഹോസ്റ്റലുകളിലെ അവകാശലംഘനങ്ങള്‍ക്കെതിരേ മൂന്നു വര്‍ഷം മുമ്പ് സിഇടിയില്‍(കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം) ആരംഭിച്ച ബ്രേക് ദി കര്‍ഫ്യു പോരാട്ടം കാമ്പസുകളിലെ ലിംഗവിവേചനം തുറന്നു കാട്ടിയുള്ളതായിരുന്നു. പെണ്‍കുട്ടികളെ അടച്ചുപൂട്ടി സംരക്ഷിക്കുന്ന അധികാരകേന്ദ്രങ്ങള്‍ക്കെതിരേ ആരംഭിച്ച ആ പോരാട്ടത്തിന്റെ തുടര്‍ച്ചയായിരുന്നു ആസാദി സമരവും. വൈകിട്ട് ആറരയ്ക്ക് ഹോസ്റ്റലില്‍ കയറണമെന്ന നിര്‍ബന്ധത്തിനെതിരേ നടത്തിയ പോരാട്ടം വിജയിച്ചു. ഇനി സിഇടിയിലെ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ രാത്രി 9.30 യ്ക്ക് മാത്രമായിരിക്കും പൂട്ടുക. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പൂട്ടുന്ന അതേസമയം. ലിംഗസമത്വത്തിനുവേണ്ടിയുള്ള പോരാട്ടവും വിജയവുമായാണ് ആസാദി സമരത്തെ കാണേണ്ടത്. പക്ഷേ, ഒരിടത്ത് മാത്രമല്ല, ഈ പോരാട്ടം കേരളത്തിലെ മുഴുവന്‍ ഹോസ്റ്റലുകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആഹ്വാനം. ഓരോ ഗേള്‍സ് ഹോസ്റ്റലുകളും എത്രമേലാണ് ശ്വാസം മുട്ടിക്കുന്നതെന്ന് പെണ്‍കുട്ടികള്‍ തുറന്നു പറഞ്ഞു മുന്നോട്ടു വരണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. സിഇടിയിലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഗേള്‍സ് ഹോസ്റ്റലുകളില്‍ നേരിടുന്ന വിവേചനങ്ങളും ദുരനുഭവങ്ങളും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

അവരില്‍ ഒരാളാണ്‌ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന സരിത അനൂപ്. തൃശൂര്‍ സെന്റ്. മേരീസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ സരിത തന്റെ ഹോസ്റ്റല്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഞാന്‍ പ്രീഡിഗ്രി പഠിച്ചത് തൃശൂര്‍ സെന്റ്. മേരീസ് കോളേജില്‍ ആയിരുന്നു.

അവിടത്തെ ഹോസ്റ്റലിന്റെ ഇരട്ടപ്പേര് കാലാപാനി എന്നാണ്. ഒരിക്കല്‍ അവിടെ പെട്ടു പോയാല്‍ പെട്ടതാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണം. ഉറങ്ങുന്നതിനുള്ള സമയം രാത്രി 11. അതിനിടയില്‍ കിടക്കുന്നതൊക്കെ കര്‍ശനമായി വിലക്കിയിരുന്നു. ആകെ 10 മിനിറ്റ് ആണ് കുളിക്കാനുള്ള സമയം. രാവിലെ 5.10 ന് തുടങ്ങുന്ന ഈ ടൈംടേബിള്‍ വൈകിട്ട് 9 മണിക്ക് തൊട്ടപ്പുറത്ത് ബാത്ത് റൂം ഉള്ള ബില്‍ഡിംഗ് പൂട്ടുന്നത് വരെ തുടരും. കോളേജ് സമയത്ത് അവിടം പൂട്ടിയിടുകയാണ് പതിവ്. എന്റെ ബാത്ത് ടൈം രാവിലെ 6.50 ആയിരുന്നു. രാവിലെ ടൈംടേബിള്‍ കിട്ടിയ ഏതെങ്കിലും ഒരു കുട്ടി കുറച്ചു വൈകിയാല്‍, പലര്‍ക്കും അന്നേ ദിവസം കുളിക്കാന്‍ തന്നെ ഓപ്ഷന്‍ ഇല്ല.. ഒരു ബാത്ത് ടൈം മാത്രമേ ഒരു ദിവസം ഉള്ളു. ടോയ്‌ലെറ്റ് മിക്കവാറും വൃത്തികെട്ടതും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലും ആയിരിക്കും. ഭക്ഷണം ആണ് പ്രധാന വില്ലന്‍. എത്രയോ പ്രാവശ്യം കറികളില്‍ നിന്നും പുഴുവിനെയൊക്കെ കിട്ടിയിട്ടുണ്ട്. അവിടെ നിന്ന് ചോറും തൈരും അല്ലാത്ത ഉച്ചക്ക് വേറെ എന്തേലും കഴിക്കാന്‍ പേടിയാരുന്നു.

ഇനിയാണ് ഹൈ ലൈറ്റ്. നമുക്ക് രണ്ടു കാര്‍ഡുകള്‍ തരും. ഗാര്‍ഡിയന്‍സിന് കൊടുക്കാന്‍. ആ കാര്‍ഡ് ഉള്ള ഗാര്‍ഡിയന് വീക്കെന്‍ഡില്‍ കാണാന്‍ വരാം. നമുക്ക് അവരുടെ കൂടെ പുറത്ത് പോവാം. അല്ലാത്ത ദിവസങ്ങളില്‍ കാണാന്‍ വരാനോ പുറത്തു പോകാനോ അനുവാദം ഇല്ല. വീക്കെന്‍ഡില്‍ സ്വന്തം അച്ഛന്‍ പോലും കാര്‍ഡ് ഇല്ലാതെ വന്നാല്‍ കാണാന്‍ സമ്മതിക്കില്ല, അനുഭവം ഉണ്ടായിട്ടുണ്ട്. നമ്മള്‍ വീട്ടുകാര്‍ക്ക് എഴുതുന്ന കത്തുകള്‍ ഹോസ്റ്റലിലെ സിസ്റ്റര്‍ വായിച്ചു നോക്കിയേ അയക്കൂ. തിരിച്ചു തരുന്നതും അങ്ങനെ തന്നെ..’ഇരട്ടക്കുട്ടികളുടെ അച്ഛനില്‍ ‘മൊബൈല്‍ ഫോണ്‍ കാണിച്ചു തുടങ്ങിയ കാലം. വീട്ടില്‍ നിന്ന് ഫോണ്‍ വിളിക്കുമ്പോള്‍ നമുക്ക് പറയാനുള്ളത് ഹോസ്റ്റലിലെ സിസ്റ്ററോട് പറയും, സിസ്റ്റര്‍ അത് അച്ഛനോടും അമ്മയോടും പറയും, തിരിച്ചും. ഫോണ്‍ കയ്യില്‍ തരില്ല. ആദ്യമായി വീട് വിട്ടു നില്‍ക്കുവാണ്, അമ്മയുടെ ശബ്ദം ഒന്ന് കേട്ടോട്ടെ എന്ന് പറഞ്ഞാല്‍ തരില്ല. ഹോസ്റ്റലില്‍ ആകെ അനുവദനീയമായ ഒരേയൊരു വേഷം ചുരിദാര്‍ ആണ്. വേറെ ഒരു ഡ്രസ്സും സമ്മതിക്കില്ല. ഹോസ്റ്റലിന് അകത്താണെങ്കിലും ഷാള്‍ ഇടാതെ നടക്കരുത് എന്ന് പറഞ്ഞ് വഴക്ക് പറയുന്ന അവിടത്തെ സഹായി ചേച്ചി എന്റെ പേടിസ്വപ്നമായിരുന്നു അക്കാലത്ത്. വര്‍ഷത്തില്‍, മൂന്നു പ്രാവശ്യം വീട്ടില്‍ പോവാം; ഓണം, ക്രിസ്മസ്, പിന്നെ വല്യ വെക്കേഷന്. ചിലപ്പോള്‍ ഭാഗ്യത്തിന് ധ്യാനം എന്ന പേരില്‍ കോളേജ് മൂന്നോ നാലോ ദിവസം അടക്കാറുണ്ട്, അപ്പോഴും പോവാം.

ഇത്രയും കഷ്ടപ്പാട് അനുഭവിക്കുമ്പോഴും ഇതെല്ലാം ഞങ്ങള്‍ അനുഭവിക്കേണ്ടവരാണെന്നും, വേറെ വീട്ടില്‍ പോയി എന്തൊക്കെ ചെയ്യാനുള്ളതാണ് എന്നൊക്കെ ഉപദേശങ്ങള്‍ എന്നും വൈകിട്ടുള്ള പ്രാര്‍ത്ഥന മീറ്റിംഗില്‍ കിട്ടികൊണ്ടേയിരുന്നു.

സെക്കന്റ് ഇയറില്‍ ഡോര്‍മെറ്ററി മാറി ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ റൂം എടുക്കാമെന്ന സാഹചര്യമുണ്ട്. ഏതു വേണമെന്നു നമുക്ക് തിരഞ്ഞെടുക്കാം. പക്ഷേ റൂംമേറ്റ് ആരായിരിക്കുമെന്ന് തീരുമാനിക്കുന്നത് അവര്‍ ആയിരിക്കും. റിസര്‍വേഷന്‍ കാറ്റഗറിയില്‍പ്പെട്ട കുട്ടികളെ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേകം റൂമുകളായിരുന്നു സെക്കന്‍ഡ് ഇയറില്‍. റിസര്‍വേഷന്‍ ഇല്ലാത്തവരേയും ഉള്ളവരെയും ഒരുമിച്ചു റൂമില്‍ താമസിപ്പിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് റിസര്‍വേഷന്‍ കാറ്റഗറിയില്‍ പെട്ടതായിരുന്നു. എന്നെയും അവളെയും ഒരു റൂമില്‍ താമസിക്കാന്‍ സമ്മതിച്ചില്ല. അവരെല്ലാം വേറെ. അവര്‍ക്കൊക്കെ റിസര്‍വേഷന്‍ ഉണ്ടെന്ന് എല്ലാവരെയും അറിയിക്കുന്ന പോലെ, ഒരു അയിത്തം. രണ്ട് വര്‍ഷം ആ കാലാപാനിയില്‍ എങ്ങനെ കഴിച്ചു കൂട്ടി എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ!!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍