ഗര്‍ഭകാലത്തിലൂടെ കടന്നു പോകുന്നവരും, അടുത്തിടെ അമ്മയായവരുമടക്കം ധാരാളം പേര്‍ ലാക്ടേഷന്‍ പോഡിലെത്തുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു
പൊതുവിടങ്ങളിലെ മുലയൂട്ടല്‍ മുറികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. മുലയൂട്ടല്‍ മുറികളല്ല, വൃത്തിയുള്ള ശുചിമുറികളാണ് അടിസ്ഥാനാവശ്യം എന്ന വാദവും, ജോലിക്കും മറ്റുമായി കുഞ്ഞുമായി സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ അടിസ്ഥാനാവശ്യം തന്നെയാണ് മുലയൂട്ടല്‍ മുറികള്‍ എന്ന മറുവാദവും അരങ്ങു കീഴടക്കുന്ന സമയത്തു തന്നെ, ഒരു പടി കൂടി കടന്ന് ലാക്ടേഷന്‍ പോഡുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകളുടെ സ്റ്റാര്‍ട്ട് അപ് സംരംഭം. സംസ്ഥാനത്തെ മെട്രോ സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും സൗകര്യപ്രദമായ മുലയൂട്ടല്‍ മുറികള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ, സംസ്ഥാനത്തെ ആദ്യത്തെ ലാക്ടേഷന്‍ പോഡ് ‘ഐ ലവ് നയന്‍ മന്ത്‌സ്’ എന്ന കൂട്ടായ്മയുടെ ഭാഗമായി കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്കില്‍ ഇടംനേടിക്കഴിഞ്ഞു. ഉദ്യോഗസ്ഥരായ സ്ത്രീകളുടെ മുലയൂട്ടാനുള്ള അവകാശത്തെയും നവജാത ശിശുക്കളുടെ മുലപ്പാലിനായുള്ള അവകാശത്തെയും ഒരു പോലെ പരിഗണിച്ചുകൊണ്ട് ‘ഡൊമേഷ്യോ’ എന്ന പേരില്‍ ആവിഷ്‌കരിച്ചിട്ടുള്ള ലാക്ടേഷന്‍ പോഡുകള്‍ വിദേശരാജ്യങ്ങളില്‍ സര്‍വസാധാരണമാണെങ്കിലും നമുക്കു പക്ഷേ, പുതിയതാണ്.
എന്താണ് ലാക്ടേഷന്‍ പോഡുകള്‍?
പ്രസവാവധിക്കു ശേഷം ജോലിക്കെത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായി മാറുന്നയിടമാണ് ലാക്ടേഷന്‍ പോഡുകള്‍. ഉദ്യോഗസ്ഥകള്‍ക്ക് ജോലി സമയത്തിനിടെ മുലപ്പാല്‍ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യമാണ് ലാക്ടേഷന്‍ പോഡുകള്‍ ഒരുക്കുന്നത്. ലാക്ടേഷന്‍ പമ്പ് ഉപയോഗിച്ചോ അല്ലാതെയോ ശേഖരിക്കുന്ന മുലപ്പാല്‍ അവിടെത്തന്നെ സൂക്ഷിക്കാനും, ജോലി സമയത്തിനു ശേഷം വീട്ടില്‍ കൊണ്ടുപോയി കുഞ്ഞിനു കൊടുക്കാനും സാധിക്കും. കുഞ്ഞിന് മുലപ്പാല്‍ കിട്ടുക എന്ന പ്രാഥമിക ഉദ്ദേശത്തോടെയാണ് ലാക്ടേഷന്‍ പോഡുകള്‍ കേരളത്തിലും കൊണ്ടുവരിക എന്ന ആശയത്തിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നും, സാധാരണ ഉദ്യോഗസ്ഥരായ അമ്മമാര്‍ ചെയ്യുന്നതുപോലെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തുക എന്ന ചിന്താഗതി മാറേണ്ടതുണ്ടെന്നും സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിത്യ പറയുന്നു.
“അമ്മയ്ക്ക് പകരം വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ആരാണുള്ളതെങ്കിലും ഇങ്ങനെ മുലപ്പാല്‍ നല്‍കാന്‍ സാധിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള ചില രീതികള്‍ പാലിച്ചു വേണം ഇങ്ങനെ ശേഖരിച്ച പാല് കൊടുക്കാന്‍ എന്നു മാത്രം. സാധാരണ താപനിലയില്‍ എടുക്കുന്ന മുലപ്പാല്‍ മൂന്നോ നാലോ മണിക്കൂറു വരെ കുഞ്ഞിന് കൊടുക്കാന്‍ സാധിക്കും. ശീതികരിച്ച് സൂക്ഷിക്കുകയാണെങ്കില്‍ എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ വരെ കുഞ്ഞിനു കൊടുക്കാനാകും. കൊടുക്കുന്നതിനു മുന്നേ നോര്‍മല്‍ താപനിലയിലെത്തു വരെ കാക്കണമെന്നു മാത്രം. ചൂടാക്കാനും പാടില്ല. പ്രോട്ടീന്‍ അംശങ്ങള്‍ നശിക്കുന്ന അവസ്ഥ വരും. അമ്മമാര്‍ ജോലി ചെയ്യുമ്പോള്‍ പാലു വന്നു നിറഞ്ഞ് ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. കുറച്ചു കഴിഞ്ഞാല്‍ വേദനയെടുക്കാനും തുടങ്ങും. ഇങ്ങനെ പല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് ലാക്ടേഷന്‍ പോഡിനെ കാണേണ്ടത്” നിത്യ പറയുന്നു.
ടെക്‌നോപാര്‍ക്കില്‍ തേജസ്വിനി ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ സ്ഥാപിച്ചിട്ടുള്ള പോഡിനടുത്തായി സംശയങ്ങള്‍ ദൂരീകരിക്കാനും സഹായങ്ങളെത്തിക്കാനുമായി സ്റ്റാര്‍ട്ട് അപ്പിന്റെ മറ്റൊരു സംരംഭമായ ‘സഹോദരി’യുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 8×4 എന്ന ചുരുങ്ങിയ സ്ഥലപരിമിതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലാക്ടേഷന്‍ പോഡ് പതിയെ മറ്റിടങ്ങളിലേക്കും കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ‘ഐ ലവ് നയന്‍ മന്ത്‌സ്’ നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ പോഡില്‍ നിലവില്‍ ചിലര്‍ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഏതു സമയത്തും ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന തരത്തിലാണ് പോഡിന്റെ പ്രവര്‍ത്തനം. തിരുവനന്തപുരത്തെ മറ്റു സ്ഥാപനങ്ങളും ചര്‍ച്ചകള്‍ക്കായി സമീപിച്ചിട്ടുണ്ട്.
‘ഐ ലവ് നയന്‍ മന്ത്‌സ്’ അഥവാ ഗര്‍ഭകാലാരോഗ്യം
സഹോദരി, മെട്രോ സ്‌റ്റേഷനിലെ മുലയൂട്ടല്‍ മുറികള്‍ എന്നിവയ്‌ക്കൊപ്പം മൂന്നു സ്ത്രീകള്‍ വിഭാവനം ചെയ്തതാണ് കഴക്കൂട്ടത്തെ ലാക്ടേഷന്‍ പോഡും. ആരോഗ്യ മേഖലയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സ്ത്രീകള്‍ ചേര്‍ന്ന്, കേരളം അധികം ചര്‍ച്ച ചെയ്തിട്ടില്ലാത്ത മാതൃത്വം-ഗര്‍ഭധാരണം സംബന്ധിയായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായതാണ് ‘ഐ ലവ് നയന്‍ മന്ത്‌സ്’. ചൈല്‍ഡ് ബര്‍ത്ത് എജ്യുക്കേറ്ററും ലാക്ടേഷന്‍ കണ്‍സള്‍ട്ടന്റുമായ അഞ്ജലി രാജ്, യോഗ ഇന്‍സ്ട്രക്ടറും ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടുമായ ഗംഗാ രാജ്, ഓഡിയോളജിസ്റ്റായ സുമ അജിത് എന്നിവരുടെ ആശയത്തിന്റെ പുറത്ത് ഒരു വര്‍ഷം മുന്‍പു മാത്രം പ്രവര്‍ത്തനമാരംഭിച്ച ‘ഐ ലവ് നയന്‍ മന്ത്‌സ്’ എന്ന സ്റ്റാര്‍ട്ട് അപ്പ്, ചുരുങ്ങിയ കാലത്തിനുള്ളില്‍ ആഗോളതലത്തില്‍ത്തന്നെ മികച്ച അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ഗര്‍ഭകാലം സന്തോഷകരമാക്കാനും അമ്മയേയും കുഞ്ഞിനേയും സന്തുഷ്ടരാക്കിവയ്ക്കാനും എന്തെല്ലാം ചെയ്യാമെന്ന ചിന്തകളാണ് ഈ സ്ത്രീകളെ നയിച്ചിരുന്നത്. രാജ്കുമാര്‍ വി.കെയാണ് സ്ഥാപനത്തിന്റെ സി.ഇ.ഒ.
മൊബൈല്‍ ആപ്പിന്റെ രൂപത്തിലായിരുന്നു സ്ഥാപനത്തിന്റെ ആദ്യത്തെ കടന്നുവരവ്. ഗര്‍ഭാകാലാരോഗ്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും സംശയനിവാരണവുമൊക്കെയായി സജീവമായി നടന്നു പോന്നിരുന്ന സംരംഭമായിരുന്നു അത്. ഗര്‍ഭകാലത്തെ ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്കുള്ള യാത്രകളാക്കി മാറ്റുന്നതിനു പകരം എങ്ങനെ മറ്റൊരു തരത്തില്‍ പിന്തുണയ്ക്കാം എന്നാണ് സ്ഥാപനത്തിന്റെ പ്രാഥമിക ചിന്തയെന്ന് നിത്യ വിശദീകരിക്കുന്നുണ്ട്. “ഐ ലവ് നയന്‍ മന്ത്‌സിന്റെ മറ്റൊരു പരിപാടിയായ ‘സഹോദരി’യും ഇതേ ആശയമാണ് പിന്‍പറ്റുന്നത്. ബര്‍ത്ത് കംപാനിയനെയാണ് സഹോദരി നല്‍കുന്നത്. ഗര്‍ഭകാല ശുശ്രൂഷകര്‍ വഴി ആരോഗ്യം, മാനസികാരോഗ്യം, ഭക്ഷണം, വ്യായാമം എന്നിങ്ങനെ എല്ലാ കാര്യത്തിലും പരിശീലിപ്പിച്ചുകൊണ്ടുള്ള ഹോം കെയര്‍ സര്‍വീസാണ് സഹോദരി. വീടുകളില്‍ ചെന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും പറഞ്ഞു കൊടുക്കുകയും ചെയ്യും. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് ഈ സൗകര്യം ചെയ്തു കൊടുക്കാന്‍ സാധിക്കുന്നത്.” ‘സഹോദരി’യുമായി ബന്ധപ്പെട്ട് ആയുര്‍വേദ ഡോക്ടറായി ജോലി നോക്കുകയാണ് നിത്യ.
ഗര്‍ഭകാലത്തെ സഹായങ്ങള്‍ക്കുവേണ്ടിയും പ്രസവശേഷമുള്ള സഹായങ്ങള്‍ക്കു വേണ്ടിയും രണ്ട് വ്യത്യസ്ത വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ‘സഹോദരി’ക്കുണ്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നീക്കിവയ്ക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ചോദിച്ചറിയാന്‍ സാധിക്കാത്ത എല്ലാ കാര്യങ്ങളും ഈ ഗ്രൂപ്പുകള്‍ വഴി അന്വേഷിക്കാമെന്നും, ഓരോ വിഷയത്തിനും വിദഗ്ധര്‍ മറുപടി നല്‍കുകയും അനുഭവസ്ഥര്‍ പങ്കുവയ്ക്കുകയും ചെയ്യുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പൊതുവിടങ്ങളില്‍ മുലയൂട്ടല്‍ മുറികള്‍ സ്ഥാപിക്കുക എന്നതും സ്ഥാപനത്തിന്റെ പദ്ധതികളിലൊന്നാണ്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് വിവിധ സ്‌റ്റേഷനുകളില്‍ ഇതിനോടകം മുലയൂട്ടല്‍ മുറികള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ മെട്രോ സ്‌റ്റേഷനുകളിലേക്ക് ഇതു വ്യാപിപ്പിക്കാനും അതിനോടൊപ്പം ദക്ഷിണ റെയില്‍വേയുമായി സഹകരിച്ച് തൃശ്ശൂര്‍ മുതല്‍ കന്യാകുമാരി വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഇവ സ്ഥാപിക്കാനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 4×4 ചുറ്റളവില്‍ ഒരുങ്ങുന്ന സൗകര്യപ്രദമായ മുലയൂട്ടല്‍ മുറികളില്‍ അമ്മയ്ക്കും കുഞ്ഞിനും സ്വസ്ഥമായി വിശ്രമിക്കാനും ഡയപ്പര്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനും സാധിക്കും.
ആശങ്കയുണ്ട്, പക്ഷേ മറികടക്കും
ഗര്‍ഭകാലത്തിലൂടെ കടന്നു പോകുന്നവരും, അടുത്തിടെ അമ്മയായവരുമടക്കം ധാരാളം പേര്‍ ലാക്ടേഷന്‍ പോഡിലെത്തുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പലര്‍ക്കും പറയാനുള്ളത് തങ്ങള്‍ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളുടെ കഥയാണ്. കേരളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ലാക്ടേഷന്‍ പോഡുകള്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനോട് സ്ത്രീകള്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്ന കാര്യത്തില്‍ ഐ ലവ് നയന്‍ മന്ത്‌സിന്റെ പ്രവര്‍ത്തകരും ശ്രദ്ധാലുക്കളാണ്. സഹോദരിയുടെ സേവനം പോഡിനടുത്തു തന്നെ ലഭ്യമാക്കിയിരിക്കുന്നതിന്റെ കാരണവുമതുതന്നെ. പോഡും ബ്രസ്റ്റ് പമ്പും എങ്ങനെ ഉപയോഗിക്കണമെന്നും മറ്റും കൃത്യമായി വിശദീകരിക്കുകയും, ഈ സേവനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നതുവഴി ആദ്യ ഘട്ടത്തിലെ ആശങ്കയെ മറികടക്കാനാകുമെന്നും ഇവര്‍ക്കുറപ്പുണ്ട്. മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് എത്ര പ്രധാനമാണെന്നും അമ്മമാരില്‍ മുലയൂട്ടല്‍ ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കുമെന്ന വസ്തുതയുമെല്ലാം ഇവര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പങ്കുവയ്ക്കുന്നുണ്ട്.
പോഡുകളെക്കുറിച്ച് കൃത്യമായി അറിവില്ലാത്തവര്‍ പോലും വിവരങ്ങള്‍ മനസ്സിലാക്കി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. “ബ്രെസ്റ്റ് ഫീഡിംഗ് പോഡുകളുടെ കാര്യത്തില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഇത്തരമൊരു നീക്കം ആവശ്യമായിരുന്നു എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ആവശ്യമുള്ള പദ്ധതിയായിരുന്നിട്ടും വേണ്ടത്ര സൗകര്യങ്ങള്‍ ഈ മേഖലയില്‍ ഇല്ലായിരുന്നു. ഞാനും ആദ്യ ഘട്ടത്തില്‍ കുഞ്ഞുമായി പുറത്തു പോകുമ്പോള്‍ ഇതേ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കുഞ്ഞ് വിശന്നു കരയില്ലേ, എങ്ങിനെ പാലു കൊടുക്കും എന്നെല്ലാം ചിന്തിച്ച് പുറത്തിറങ്ങാതിരുന്നിട്ടുണ്ട്. പക്ഷേ, എത്ര കാലം അങ്ങനെ ഇരിക്കാനാകും. ഐ ലവ് നയന്‍ മന്ത്‌സിന്റെ വാര്‍ത്തകള്‍ പത്രങ്ങളിലും മറ്റും കണ്ടപ്പോള്‍ നമുക്കു കൂടി ആവശ്യമുള്ള ഒന്നാണല്ലോ എന്ന ചിന്തയാണ് ആദ്യം വന്നത്“, ദിവ്യ പറയുന്നു.