UPDATES

ട്രെന്‍ഡിങ്ങ്

വ്യക്തിപൂജ…അത് ഞങ്ങള്‍ വച്ചു പൊറുപ്പിക്കില്ല…

വ്യക്തിപൂജ സംബന്ധിച്ച് സിപിഎമ്മിന്റെ മൂന്ന് ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നതായാണ് സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു എന്നാണ് പറയുന്നത്. പത്തനംതിട്ടയില്‍ ജില്ല സെക്രട്ടറി കെപി ഉദയഭാനു, വയനാട് സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രന്‍ എന്നിവരാണ് വ്യക്തിപൂജ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണത്തിന് പഴി കേട്ടത്. സികെ ശശീന്ദ്രന് വിനയമില്ലെന്ന ഈയടുത്ത കാലത്ത് കേട്ട തമാശയും സിപിഎം സമ്മേളനത്തിന്റെ വാര്‍ത്തയായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. നേതാക്കളെ കാണുമ്പോള്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കാറില്ല എന്ന മട്ടിലുള്ള വിമര്‍ശനങ്ങളാണ് കേട്ടത്.

ഏറ്റവുമൊടുവില്‍ വ്യക്തിപൂജയും വിഭാഗീയതയും വച്ചുപൊറുപ്പിക്കില്ലെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, പഴയ സംസ്ഥാന സെക്രട്ടറിയുടെ അതേ ഉത്തരവാദിത്ത ബോധത്തോടെ പാലക്കാട് പ്രഖ്യാപിച്ചിരിക്കുന്നു. പിണറായി വിജയനെ രോഷം കൊള്ളിക്കുന്ന തരത്തില്‍ ആരാണ് പാലക്കാട് ജില്ലയില്‍ ഇപ്പോള്‍ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നത് എന്ന് മാധ്യമങ്ങള്‍ക്ക് പിടികിട്ടിയിട്ടില്ല. എന്തായാലും അങ്ങനെയൊരു സംഭവമുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പാലക്കാട് ജില്ലയിലെ പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവര്‍ക്ക് വിഎസ് പക്ഷക്കാര്‍ എന്ന പഴയ ‘ചീത്തപ്പേര്’ ഇപ്പോഴില്ല. അപ്പൊ പിന്നെ ജില്ലയിലെ വിശാല പിണറായി ഗ്രൂപ്പിനകത്തെ രണ്ടോ മൂന്നോ മൂന്നോ ഗ്രൂപ്പുകളിലൊന്നിന്റെ നേതാക്കന്മാരില്‍ ആരെങ്കിലുമായിരിക്കാം പിണറായി പറഞ്ഞ തരത്തില്‍ ഈ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നത്.

അതെ സംഭവം അത് തന്നെ. മണ്ണാര്‍ക്കാട് ഭാഗത്താണത്രെ ഈ വ്യക്തിപൂജയുടെ അസുഖം കൂടിയിരിക്കുന്നത്. മണ്ണാര്‍ക്കാട് നിന്നുള്ള പാര്‍ട്ടിയുടെ കരുത്തനായ നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പികെ ശശിയെ പുകഴ്ത്തി ആരാധക സഖാക്കള്‍ വച്ച ഫ്ലക്സാണ് പ്രശ്നമായത്. ശശിയെ പുകഴ്ത്തിക്കൊണ്ടുള്ള ഫ്ലക്സിലെ വാചകം ഇങ്ങനെയാണ് – “ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് അച്ചാരം വാങ്ങി പണിയെടുക്കുന്ന കപട കമ്മ്യൂണിസ്റ്റുകാരന്‍ കളിയാക്കി വിളിച്ചു…തമ്പുരാന്‍ അതേടാ…ഇതാ ഞങ്ങളുടെ തമ്പുരാന്‍”. ഏതായാലും പികെ ശശിക്ക് ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റെ ഒരു ‘ലുക്കു’ണ്ടെന്നാണ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത്.

കൃഷ്ണ പിള്ള, എകെജി, ഇഎംഎസ്, നായനാര്‍, വിഎസ്, തുടങ്ങിയ നേതാക്കളൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്‌നേഹാദരങ്ങള്‍ക്കും ഒരര്‍ത്ഥത്തില്‍ പല ഘട്ടങ്ങളിലും വ്യക്തിപൂജയ്ക്കും ഇരയായവരാണ്. എംവി രാഘവന് ചുറ്റും യുവാക്കളുടെ വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു. “അപ് അപ് എംവിആര്‍” എന്ന മുദ്രാവാക്യങ്ങള്‍ക്ക് കാരണഭൂതനായ അദ്ദേഹമാണ് ഒരര്‍ത്ഥത്തില്‍ അറിഞ്ഞോ അറിയാതെയോ സിപിഎമ്മിലെ ഫാന്‍സ് അസോസിയേഷന്‍ സംസ്‌കാരത്തിന്റെ തുടക്കക്കാരന്‍ എന്ന് പറയാം. ഗൗരിയമ്മയ്ക്കും ആലപ്പുഴയില്‍ അത്യാവശ്യം ആരാധകരുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ സിഎംപിയും ജെഎസ്എസുമുണ്ടായത്. സിഎംപിയുടെ പേരിലെങ്കിലും കമ്മ്യൂണിസമുണ്ടായിരുന്നു. ജെഎസ്എസ് സഖാക്കള്‍ അതുംവിട്ട് തങ്ങളുടെ പ്രിയപ്പെട്ട ‘ഗൗരിക്കുഞ്ഞമ്മ’യ്ക്ക് പിന്നില്‍ അണിനിരന്നു.

വയനാടിന്‍റെ’കുറിയ’ വലിയ മനുഷ്യന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലത്ത് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രാവാക്യങ്ങളില്‍ ഒന്ന് “എകെജി, ഇഎംഎസ്, സുന്ദരയ്യ സിന്ദാബാദ്” എന്നാണ്. 21ാം നൂറ്റാണ്ടായപ്പോഴേക്ക് നേതാക്കളോടുള്ള സ്‌നേഹം പലപ്പോഴും അല്‍പ്പം പൈങ്കിളിവത്കരിക്കപ്പെടുക പോലും ചെയ്തു. അങ്ങനെയാണ് “കണ്ണേ കരളേ വിഎസേ, പുന്നപ്രയുടെ പൊന്‍മുത്തേ” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രൂപം കൊള്ളുന്നത്. നിലേശ്വരത്ത് ‘വിഎസ് ഓട്ടോ സ്റ്റാന്‍ഡ്’ വരെയുണ്ടായി. വിഎസ് അച്യുതാനന്ദന്‍ കാശ് കൊടുത്ത് വളര്‍ത്തിയ ഫാന്‍സ് അസോസിയേഷന്‍കാര്‍ ആയിരുന്നില്ല ഇത്തരത്തിലുള്ള വ്യക്തിപൂജ നടത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. സ്റ്റഡി ക്ലാസില്‍ സ്ഥിരമായി പോകാത്തവര്‍. കൂടെ നില്‍ക്കുന്നവരെ കെ കരുണാകരനെ പോലെ സംരക്ഷിക്കാത്ത സ്വാര്‍ത്ഥന്‍ എന്നാണ് ഫേസ്ബുക്കിലെ പിണറായി ഗ്രൂപ്പുകാര്‍ വിഎസിനെ വിശേഷിപ്പിച്ച് പോരുന്നത്. ഫാന്‍സ്‌ അസോസിയേഷന്‍ സംസ്കാരം പ്രോത്സാഹിപ്പിച്ച്, കൂടെ നില്‍ക്കുന്നവരെ ‘സംരക്ഷിച്ച്’ പറ്റുമെങ്കില്‍ അതിനെ തനിക്ക് ചുറ്റും ചിരിയുന്ന ഉപഗ്രഹം എന്ന നിലയിലുള്ള ഒന്നാക്കി മാറ്റാന്‍ ശ്രമിക്കാതിരുന്ന വിഎസ്, സിപിഎമ്മിനോട് ചെയ്തത് വലിയ തെറ്റ് തന്നെയാണ്.

വി എസ് എങ്ങനെയാണ് മാരാരിക്കുളത്ത് തോറ്റത്? ടി കെ പളനി തുറന്നു പറയുന്നു

ഏതായാലും ഇത്തരത്തിലുള്ള വ്യക്തിപൂജകള്‍ക്കെതിരെ അതിശക്തമായ നിലപാടെടുത്ത പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍, തിരഞ്ഞെടുപ്പ് കാലത്ത് മുറ തെറ്റിക്കാതെ നടക്കുന്ന കേരള, നവകേരള മാര്‍ച്ചുകളിലൊന്നില്‍ വ്യക്തിപൂജയുടേയും വിഭാഗീയതയുടേയും ആശാനെന്ന് പിണറായി ഗ്രൂപ്പുകാര്‍ അധിക്ഷേപിക്കുന്ന വിഎസിനെ പോലും നിഷ്പ്രഭനാക്കി. വിഎസ് വേദിയിലിരിക്കെ അടുത്ത കേരള മുഖ്യമന്ത്രിയുടെ പട്ടാഭിഷേകം എന്ന പോലെ അരിവാള്‍ ചുറ്റിക ഫിറ്റ് ചെയ്ത കൃഷ്ണ കീരിടം ചൂടിയ പിണറായി വേദിയില്‍ വെട്ടിത്തിളങ്ങി. പിണറായിയെ വീഴ്ത്താന്‍ പോലും ശേഷിയുണ്ടെന്ന് കണ്ടാല്‍ തോന്നുന്ന ഘടാഘടിയന്‍ ചുവപ്പ് മാലയും കിരീടവും അദ്ദേഹത്തെ അണിയിക്കുന്നത് കടകംപള്ളി സുരേന്ദ്രനനും വി ശിവന്‍കുട്ടിയുമാണ്‌. വ്യക്തിപൂജയ്ക്കെതിരായ പിണറായി വിജയന്റെയും കേരളത്തിലെ സിപിഎമ്മിന്‍റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍റെ പ്രതീകമാണ്‌ ഈ ഫോട്ടോ. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ സ്‌നേഹത്തിന് മുന്നില്‍ സഖാവ് പിണറായി വിജയന്‍ ഇത്തരം വ്യക്തി പൂജ അങ്ങ് ക്ഷമിച്ചുകൊടുത്തു. സിപിഎമ്മിന്റെ ഒരു സംസ്ഥാന സെക്രട്ടറിയെ സ്തുതിക്കാന്‍ വേണ്ടി മാത്രം ദേശാഭിമാനിയില്‍ ലേഖനങ്ങളും അഭിമുഖങ്ങളും പ്രത്യക്ഷപ്പെട്ടത് പിണറായി വിജയന്‍ സെക്രട്ടറിയായിരുന്ന കാലത്താണ്. എം മുകുന്ദന്‍, ഷാജി കൈലാസ്, ജയരാജ് വാര്യര്‍ തുടങ്ങിയ സാംസ്‌കാരിക നായകര്‍ ഇടയ്ക്കിടെ പ്രിയപ്പെട്ട വിജയേട്ടനെ സ്തുതിക്കാന്‍ വേണ്ടി മാത്രം ദേശാഭിമാനി വാരാന്തപ്പതിപ്പിന് അഭിമുഖം നല്‍കിയിരുന്നു. ഇഎംഎസ് എന്ന ശങ്കരനില്‍ നിന്ന് വരം നേടിയ അര്‍ജുനനായി ജയരാജ് വാര്യര്‍ അദ്ദേഹത്തെ ചിത്രീകരിച്ചുകളഞ്ഞു. പാര്‍ട്ടി പത്രം ഇത്തരം സ്തുതികള്‍ ഒട്ടും എഡിറ്റ് ചെയ്യാതെ തന്നെ ആരാധകവൃന്ദങ്ങളിലേയ്‌ക്കെത്തിച്ചു.

പിന്നീട് സിന്‍ഡിക്കേറ്റുകാര്‍ക്ക് മുന്നില്‍ പതറിയിരുന്ന കാലത്തെ നിരാശകളും അമര്‍ഷവുമെല്ലാം ആരാധകര്‍ മാറ്റിയത് ഫേസ്ബുക്കിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതോടെയാണ്. ന്യായീകരണ തൊഴിലാളികള്‍ എന്നൊരു പുതിയ വാക്ക് പോലും ഇവര്‍ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തു. അത്രക്ക് വലിയ ഭക്തിപ്രകടനവും വ്യക്തിപൂജയുമാണ് ഫേസ്ബുക്കില്‍ നടന്നത്. ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നത്. തെലങ്കാനയിലെ സഖാക്കള്‍ പിണറായി വിജയന്‍റെ ചിത്രത്തില്‍ പാലഭിഷേകം ചെയ്യുന്ന പടം വ്യക്തിപൂജയ്ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുന്ന സഖാക്കള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ആഘോഷിച്ചു.

വി എസ്@95; തുടരുന്ന പോരാട്ടം

സിപിഎം ഫേസ്ബുക്ക് സഖാക്കളുടെ മുദ്രാവാക്യങ്ങളില്‍ ഒന്ന് “വിരട്ടണ്ട, വഴങ്ങില്ല – വികസന വിരോധികള്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്” എന്നാണ്. ആരാണ് ഈ പറയുന്ന ‘വികസന വിരോധികള്‍’ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോ സൈബര്‍ സഖാക്കളോ തെളിച്ച് പറയുന്നുമില്ല. അംബാനിയുടെ ചാനലിന്റെ പരിപാടിയില്‍ നടത്തിയ വിഖ്യാത പ്രസംഗത്തില്‍ നിന്നെടുത്ത മൊഴിമുത്തുകളാണ് ഈ “വിരട്ടണ്ട, വഴങ്ങില്ല” എന്ന് പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ, അന്യായമായ ഭൂമി ഏറ്റെടുക്കലുകള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമയത്തായിരുന്നു ഈ പ്രസംഗം. വ്യവസായ പദ്ധതികള്‍ക്കെതിരെ പരാതികളുമായി വിജിലന്‍സിനേയോ കോടതികളേയോ സമീപിക്കുന്നവര്‍ ഗുണ്ടകളാണെന്നും ഇവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നുമുള്ള പ്രഖ്യാപനമാണിത്. കേരളത്തിലെ തൊഴിലാളികളാണ് ഇവിടെ വ്യവസായങ്ങള്‍ വരുന്നത് തടഞ്ഞത് എന്ന മുതലാളിമാരുടെ സ്ഥിരം പരാതി അദ്ദേഹം ഏറ്റുപിടിക്കുകയും ചെയ്തു. ഇതാണ് സിപിഎം അനുകൂലികള്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. തികച്ചും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും വ്യക്തിപൂജയുടെ ഭാഗമായി ഉയര്‍ന്നുവരുന്നതുമായ വാക്യം. പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് ഇവര്‍ തരം താണിരിക്കുന്നു എന്ന് പറയാന്‍ ആരുമില്ല. രാജാവിന്‍റെ നഗ്നതയെക്കുറിച്ച് നുണ പറയുന്ന കുട്ടികളാണ് ചുറ്റുമുള്ളത്.

ഗൌരിയമ്മയുടെ കടുത്ത ഫാനായ കസ്തൂരി മഹാദേവന്റെ ജീവിതം

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുമ്പേ വിമര്‍ശനമുയര്‍ന്നിരുന്നു. കാരണക്കാരന്‍ അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ ആരാധകരായിരുന്നു. സഖാവ് ജയരാജനെ 2016ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായും വിജയനെന്ന അര്‍ജ്ജുനന്റെ തേര് തെളിക്കുന്ന കൃഷ്ണനായും ഒക്കെ ചിത്രീകരിച്ച് അമ്പാടിമുക്ക് സഖാക്കള്‍ ഫ്‌ളക്‌സ് വച്ചപ്പോള്‍ പാര്‍ട്ടി അതത്ര വല്യ ഇഷ്യു ആക്കിയില്ല. എന്നാല്‍ ജയരാജേട്ടനെ സ്തുതിച്ച് ഭക്തിഗാനം വരെ ഇറക്കിയതോടെ ചെവിക്ക് പിടിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിക്കപ്പെട്ടു. എന്നാല്‍ മറ്റ് ചില വിവാദങ്ങളില്‍ നിന്ന ശ്രദ്ധ തിരിക്കാനുള്ള ‘അടവുനയ’മായിരുന്നു ഈ ജയരാജ ശാസനയെന്ന് ചില കാകദൃഷ്ടികള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

എന്റെ പടം വച്ച് ഫ്ലക്സ് വേണ്ട: സഖാക്കളോട് പി ജയരാജന്‍

ജീവിച്ചിരിക്കുമ്പോള്‍ തന്നെ വ്യക്തിപൂജയെ അതിശക്തമായി എതിര്‍ത്തിരുന്ന നേതാവാണ് ജോസഫ് സ്റ്റാലിന്‍. അതുകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്നെ സ്റ്റാലിന്‍ഗ്രാഡ് എന്ന് സോവിയറ്റ് യൂണിയനിലെ ഒരു നഗരത്തിന് പേര് വന്നത്. സ്റ്റാലിന്റെ കൂറ്റന്‍ ചിത്രങ്ങള്‍ പൊക്കിപ്പിടിച്ച് സ്റ്റാലിനെ തന്നെ അഭിവാദ്യം ചെയ്ത് നടന്നുനീങ്ങുന്ന സോവിയറ്റ് സഖാക്കളുടെ വീഡിയോ യൂ ടൂബില്‍ ലഭ്യമാണ്. എല്ലാവരേയും സംശയവും പേടിയുമായത് കൊണ്ടുണ്ടായ മനസമാധാനമില്ലായ്മ കാരണം മറ്റുള്ളവരും സമാധാനവും ഉറക്കവും കെടുത്തുന്നതില്‍ വിനോദം കണ്ടെത്തിയ സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ, അദ്ദേഹത്തിന്റെ പേരില്‍ ഒരു സമാധാന പുരസ്‌കാരം സോവിയറ്റ് യൂണിയന്‍ തുടങ്ങി.

പിണറായി വിജയന്‍: രണ്ട് അധ്യായങ്ങളുള്ള ഒരു രാഷ്ട്രീയജീവിതം

വിഎസും പിണറായിയും രണ്ട് തരത്തില്‍ സ്റ്റാലിനെ വായിച്ചവരാണ്. എന്നാല്‍ ബാബു ഭരദ്വാജ് മാതൃഭൂമി ആഴ്ചപതിപ്പില്‍ വിഎസിനെ ബുഖാരിന്‍ ആക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം സ്റ്റാലിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഡാങ്കെയെ മാത്രമേ തള്ളിപ്പറഞ്ഞുള്ളൂ. സമകാലീന ലോകത്തെ കമ്മ്യൂണിസ്റ്റ് വ്യക്തിപൂജയുടെയും ചരിത്രത്തിലെ അപൂര്‍വതയായ കമ്മ്യൂണിസ്റ്റ് കുടുംബവാഴ്ചയുടെയും ഉദാഹരണമായ ഉത്തരകൊറിയയെ സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, സ്നേഹത്തോടെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇടക്കിടയ്ക്ക് അണുബോംബും മിസൈലും പരീക്ഷിച്ചു എന്നൊക്കെ പറഞ്ഞ്, നേതാവിന്‍റെ എന്തിനോ വേണ്ടി പൊട്ടിച്ചിരിക്കുന്ന പടം ഇടുന്നതല്ലാതെ ജനകീയ ജനാധിപത്യ കൊറിയ (ഡിപിആര്‍കെ) പ്രത്യേകിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നുണ്ട് എന്ന് തോന്നുന്നില്ല. മാവോയിസ്റ്റുകള്‍ സ്വന്തം ചെയര്‍മാനായി ഏറ്റെടുത്തതിന് ശേഷം മാത്രം മാവോയോട് ചെറിയ അകല്‍ച്ച കാണിച്ച് തുടങ്ങിയെങ്കിലും വ്യക്തിപൂജയെ പ്രോത്സാഹിപ്പിച്ച മാവോ സെ ദോംഗ് സിപിഎമ്മിന് ഒരിക്കലും അനഭിമതനല്ല. അതുകൊണ്ട് കിം ജോംഗ് ഉന്‍ നെടുംകണ്ടം ഏരിയ സമ്മേളനത്തിന്‍റെ പോസ്റ്റര്‍ ബോയ്‌ മാത്രമല്ല, ജനകീയ ജനാധിപത്യ വിപ്ലവത്തിന്‍റെ ജ്വലിക്കുന്ന പ്രതീക്ഷയാണ്.

നെടുങ്കണ്ടത്തെ കിം ജോങും ബല്‍റാമിന്റെ സ്മൃതിനാശവും

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍