UPDATES

ട്രെന്‍ഡിങ്ങ്

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

ഓരോരുത്തരെയായി നിശബ്ദരാക്കാന്‍ നോക്കുകയാണ്; വട്ടോളി അച്ചനൊപ്പം ഞങ്ങള്‍ നില്‍ക്കും

സിറോ മലബാര്‍ സഭയിലെ പുരോഹിതന്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യ ജീവിതത്തില്‍ നിന്നും പുറത്താക്കുന്നതുള്‍പ്പെടെ എന്തെങ്കിലും നടപടി എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തു നിന്നും ഉണ്ടാകുന്ന പക്ഷം നീതിക്കായി വൈദികനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകള്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി സമരം ചെയ്ത കന്യാസ്ത്രികളാണ് ഫാ. വട്ടോളിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ലൈംഗിക പീഡനക്കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ രൂപം കൊടുത്ത സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ്(എസ്ഒഎസ്) മൂവ്‌മെന്റിന്റെ കണ്‍വീനറാണ് ഫാ. വട്ടോളി. ഫ്രാങ്കോയുടെ അറസ്റ്റിനായി എറണാകുളത്തു നടത്തിയ സമരവും ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ധര്‍ണയും സഭ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫാ. വട്ടോളിയ്‌ക്കെതിരേ പൗരോഹിത്യ ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെന്ന കുറ്റങ്ങളും കൂടി ചുമത്തി എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം നടപടിക്കൊരുങ്ങുന്നത്.

ഫാ. അഗസ്റ്റിന്‍ വട്ടോളി സഭവിരുദ്ധമോ ക്രിസ്തീയ ധര്‍മങ്ങള്‍ക്ക് എതിരായോ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നയാള്‍ അല്ലെന്നുമാണ് കന്യാസ്ത്രീകള്‍ പ്രതികരിച്ചത്. അച്ചനൊപ്പം തന്നെ ഞങ്ങള്‍ നില്‍ക്കും. എന്തെങ്കിലും തെറ്റ് അദ്ദേഹം ചെയ്തതായി തോന്നുന്നില്ല. അച്ചന്‍ ഇതുവരെ നിന്നിട്ടുള്ളത് സത്യത്തിനൊപ്പമാണ്. വട്ടോളി അച്ചനെപോലൊരാള്‍ ക്രൂശിക്കപ്പെടരുത്; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന സിസ്റ്റര്‍ അനുപമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വട്ടോളി അച്ചനെതിരേ കുറ്റം നിരത്തുന്നവര്‍ അവര്‍ ചെയ്ത തെറ്റുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. കത്വ സംഭവത്തില്‍ മെഴുകു തിരി കത്തിച്ചും കറുത്ത തുണികൊണ്ട് മുഖം മൂടിയുമൊക്കെ പ്രതിഷേധ മാര്‍ച്ച് നടത്തിയവരാണ് ഇവിടുത്തെ മെത്രാന്മാര്‍ ഉള്‍പ്പെടുയുള്ളവര്‍. ഒരു മെത്രാന്‍ തന്നെ പ്രതിസ്ഥാനത്ത് വന്ന കേസില്‍ എല്ലാവരും നിശബ്ദരായി. ആ നിശബ്ദതയെ തകര്‍ത്ത് ശബ്ദം ഉയര്‍ത്തിയവനാണ് വട്ടോളി അച്ചന്‍. അത് തെറ്റാണെന്നാണവര്‍ പറയുന്നതെങ്കില്‍, ഞങ്ങള്‍ പറയുന്നു; അച്ചന്‍ ചെയ്തത് തെറ്റല്ല. ക്രൂരത ആര് ചെയ്താലും ചോദ്യം ചെയ്യപ്പെടണം. അല്ലാതെ മെത്രാന്‍ ചെയ്താല്‍ അത് പുണ്യമായി കാണരുത്; സിസ്റ്റര്‍ അനുപമയുടെ വാക്കുകള്‍.

തെറ്റ് ചെയ്തവന്‍ ആഘോഷിക്കപ്പെടുകയും അതിനെ ചോദ്യം ചെയ്തവര്‍ ക്രൂശിക്കപ്പെടുകയുമാണ് ഇവിടെ നടക്കുന്നതെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളിക്കെതിരേയുള്ള നീക്കത്തെ വിമര്‍ശിച്ച് കന്യാസ്ത്രികള്‍ പ്രതികരിക്കുന്നു. ഈ ക്രൂരതകള്‍ കണ്ട് ദൈവം പോലും കരയുകയായിരിക്കാം; സിസ്റ്റര്‍ അനുപമ പറയുന്നു. ഭൂമി വില്‍പ്പന, കന്യാസ്ത്രീ പീഡനം; എന്തൊക്കെയാണ് നടക്കുന്നത്. പുറത്തു വരുന്നതെല്ലാം സത്യങ്ങളാണ്. ആ സത്യത്തെ അംഗീകരിക്കാതിരിക്കുകയാണ് ചിലര്‍. മെത്രാന്മാര്‍ ഉള്‍പ്പെടെ ഭാഗമായതുകൊണ്ട് പുറത്തു വരുന്ന സത്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരേ ശബ്ദം ഉയര്‍ത്തുന്നവരെ ഒതുക്കാന്‍ നോക്കുന്നു. ഇനിയൊരാളും ഒരിക്കലും ഞങ്ങള്‍ക്കെതിരേ ശബ്ദിക്കരുതെന്നാണ് അവര്‍ വാശി പിടിക്കുന്നത്. വട്ടോളി അച്ചന്റെ കാര്യത്തില്‍ നടക്കുന്നത് അതാണ്. ഞങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത് മറിച്ചല്ല. നീതിക്കു വേണ്ടി മുന്നിട്ടറങ്ങുന്നതുവരെ ഞങ്ങളെക്കുറിച്ച് ആര്‍ക്കും പരാതിയില്ലായിരുന്നു. ഞങ്ങള്‍ എന്നു മുതല്‍ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയോ, അപ്പോള്‍ മുതല്‍ വിചാരണയും ആരംഭിച്ചു.

ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് നോക്കുന്നത്. ഇവര്‍ക്കെതിരേ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും ധൈര്യം ഉണ്ടാകില്ല. ഞങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. ധൈര്യം ഉള്ളവരായതുകൊണ്ടല്ല ഞങ്ങള്‍ പുറത്തേക്കിറങ്ങിയതും കേസ് കൊടുത്തതും. സാഹചര്യങ്ങളാണ് ഞങ്ങളെ അതിനൊക്കെ തയ്യാറാക്കിയത്. ആ സമരപന്തലിലേക്ക് വരുന്നതും ദൈവത്തിന്റെ പിന്തുണയോടെയാണ്. ദൈവവും എത്തപ്പെട്ട സാഹചര്യവുമാണ് ഞങ്ങളെ ശക്തരാക്കിയത്. ഞങ്ങളെപ്പോലെ പ്രതികരിക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. ഓരോരോ വഴികളാണ് ഓരോരുത്തരും തേടുന്നത്. പ്രതികരിക്കുന്നവരെ,അതിന് തയ്യാറെടുക്കുന്നവരെ ഒന്നുകില്‍ സഭ പുറത്താക്കും, അതല്ലെങ്കില്‍ ഇതുപോലെ കാരണം കാണിക്കല്‍ നോട്ടീസും മറ്റും നല്‍കി ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നോക്കും. സമരത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന പലര്‍ക്കുമെതിരേ നടപടികള്‍ എടുക്കുന്നുണ്ട്. പക്ഷേ, എല്ലാവരേയും അവര്‍ക്ക് നിശബ്ദരാക്കാന്‍ കഴിയുമോ? എന്നാണ് ഈ കന്യാസ്ത്രിയുടെ ചോദ്യം.

ഒരു മെത്രാന്‍, പുരോഹിതന്‍, കന്യാസ്ത്രീ ഇവരൊക്കെ ചെയ്യേണ്ട കര്‍മം മറ്റുള്ളവര്‍ക്ക് നന്മ പറഞ്ഞുകൊടുക്കുകയെന്നതാണ്. ഈ കുപ്പായമിട്ടുകൊണ്ട്, ഈ സഭയില്‍ നിന്നുകൊണ്ട് സത്യത്തിനുവേണ്ടി നില്‍ക്കുന്നില്ലെങ്കില്‍ പിന്നെന്ത് കാര്യം? എന്നാണ് മറ്റൊരു ചോദ്യം. നമ്മള്‍ തന്നെ അസത്യം പറയുകയും തിന്മ ചെയ്യുകയും ചെയ്താല്‍ മറ്റ് മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും. ഈ നാട്ടില്‍ കൊലപാതകങ്ങളും പീഡനങ്ങളും കൂടിക്കൂടി വരികയല്ലേ, നമുക്ക് എങ്ങനെ അതിനെതിരേ മനസില്‍ കള്ളമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയും? എന്നുമവര്‍ ചോദിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോ താന്‍ ചെയ്ത തെറ്റ് ഏറ്റു പറയണം. അദ്ദേഹത്തിന്റെ ആത്മാവ് രക്ഷപ്പെടണമെങ്കില്‍ അത് ചെയ്യണം. ഒരാത്മാവ് നരകിച്ചു പോകണമെന്ന് ഞങ്ങള്‍ ഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സത്യത്തിനുവേണ്ടിയാണ് നില്‍ക്കുന്നത്. അതിനുവേണ്ടി എന്ത് ത്യാഗം വേണമെങ്കിലും സഹിക്കാം, കുറെ സഹിച്ചു, ഇനിയും തയ്യാര്‍. സത്യം പുറത്തുവരാന്‍ ബുദ്ധിമുട്ടും, താമസം നേരിടും പക്ഷേ, ഏതു കൂരിരുട്ടില്‍ അടിച്ചമര്‍ത്തി വയ്ക്കാന്‍ നോക്കിയാലും അത് പുറത്തു വരും. ബൈബിളില്‍ പറയുന്നുണ്ട്; ‘നിഗൂഢമായതൊന്നും അറിയപ്പെടാതെ പോകില്ല’. ഞങ്ങളുടെ വിശ്വാസവും അതുതന്നെയാണ്. ഒരുപാട് മാനസികവ്യഥകള്‍ അനുഭവിക്കുന്നുണ്ട്. ഞങ്ങളൊക്കെ ആള്‍ക്കൂട്ടങ്ങളെ നേരിടാന്‍ പേടിയുണ്ടായിരുന്നവരാണ്. നാണംകുണുങ്ങിയായിരുന്ന സിസ്റ്റര്‍ ആയിരുന്നല്ലോ എന്ന് ചോദിച്ചവരുണ്ട്. സ്വന്തം ചോരയല്ലെങ്കില്‍ പോലും എന്റെ കൂടെയുള്ള ഒരു സഹോദരിക്കുവേണ്ടി ഞാന്‍ ശബ്ദിച്ചില്ലെങ്കില്‍ വേറെ ആര് ശബ്ദിക്കാനാണ്? സത്യത്തിനുവേണ്ടിയാണ് എല്ലാം ത്യാഗവും സഹിക്കുന്നത്. സത്യങ്ങള്‍ മൂടിവയ്ക്കാനും പുറത്തുവരാതിരിക്കാനും പ്രയ്തനിക്കുന്നവര്‍ക്കെതിരേ പോരാടിക്കൊണ്ടേയിരിക്കും. അതിനുള്ള പ്രേരണയാണ് ഫാ. അഗസ്റ്റിന്‍ വട്ടോളിയെപോലുള്ളവര്‍. അന്യന്റെ വേദന സ്വന്തം വേദനയായി കണ്ട് പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് വട്ടോളി അച്ചന്‍. സഭയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല, ആദിവാസികള്‍ക്കുവേണ്ടി, പ്രകൃതിക്കും പുഴയ്ക്കും വേണ്ടി എല്ലാം അച്ചന്‍ രംഗത്തുണ്ട്. എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്ന അച്ചനെ തെറ്റുകാരനനാക്കി ശിക്ഷിക്കാനാണ് ശ്രമമെങ്കില്‍ ഒരു സംശയവും കൂടാതെ വട്ടോളി അച്ചനൊപ്പം തന്നെ നില്‍ക്കും. നമുക്ക് വേണ്ടി ഇറങ്ങിയ അച്ചന് വേണ്ടി നമ്മളും ഇറങ്ങണം.

പലതും ഇനിയും പുറത്തുവരാനുണ്ട്. അതൊക്കെ പുറത്തുവരുമ്പോള്‍ വട്ടോളി അച്ചന്‍ ഇനിയും ശബ്ദിക്കും. അച്ചന്‍ നിശബ്ദനാകേണ്ടത് ആവശ്യമായവരുണ്ട്. അച്ചന്‍ ഇനി ശബ്ദിക്കരുത്, അതാണവര്‍ക്ക് വേണ്ടത്. അതിനൊരു വഴി കിട്ടിയത് ഇപ്പോഴാണ്. അതവര്‍ ഉപയോഗിക്കുകയാണ്. അച്ചനെ നിശബ്ദനാക്കുക എന്നതിലൂടെ പലരുടേയും ശബ്ദം മൂടിക്കെട്ടാന്‍ അവര്‍ ലക്ഷ്യമിടുന്നുണ്ട്. ഞങ്ങള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കിലും പലരീതികളും നോക്കുന്നുണ്ട്. ഞങ്ങളെ സഭയില്‍ നിന്നും ഇറക്കിവിടാനാണ് നോക്കുന്നത്. ഞങ്ങള്‍ ഇറങ്ങില്ല. വേണമെങ്കില്‍ കൊന്നുകളഞ്ഞിട്ട് ഞങ്ങളുടെ ശവം ഇറക്കിക്കോട്ടെ, ജീവനോടെ ഞങ്ങള്‍ ഇറങ്ങിക്കൊടുക്കില്ല. ആരുടെ മുന്നിലും നിശബ്ദരാവുകയുമില്ല. ഞങ്ങളുടെ സഹോദരിക്കു വേണ്ടിയും വട്ടോളി അച്ചനുവേണ്ടിയും നീതി കിട്ടേണ്ട ഓരോരുത്തര്‍ക്കുവേണ്ടി ഞങ്ങള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും. അതേ ഞങ്ങള്‍ നിശബ്ദരാകില്ല; സിസ്റ്റര്‍ അനുപമ ഉറപ്പിച്ച് പറയുന്നു.

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍, കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാ. വട്ടോളി പുറത്തേക്ക്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍