UPDATES

വിശകലനം

ട്വന്റി-ട്വന്റിയുടെ കിഴക്കമ്പലം മോഡല്‍ ചാലക്കുടിയിലേക്കും; ലക്ഷ്യം ബെന്നി ബഹനാനോ, കുന്നത്തുനാടോ?

ചാലക്കുടിയില്‍ ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥി ഡിജിപി ജേക്കബ് തോമസ്?

ചാലക്കൂടി മണ്ഡലത്തില്‍ ഇത്തവണ തങ്ങള്‍ മത്സരിക്കുമെന്ന് കിഴക്കമ്പലം പഞ്ചായത്തിലെ ഭരണകക്ഷിയായ ട്വന്റി-ട്വന്റി ജനകീയ മുന്നണി തീരുമാനിച്ചിരുന്നു. ട്വന്റി-ട്വന്റി കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു എം ജേക്കബ് ആയിരിക്കും സ്ഥാനാര്‍ത്ഥിയാകുന്നതെന്ന ശ്രുതിയും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകളില്‍ പറയുന്നത്, ചാലക്കുടിയില്‍ ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയാകുന്നത് ഡിജിപി ജേക്കബ് തോമസ് ആണെന്നാണ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഒരു ചാനലില്‍ പറഞ്ഞതിനു പിന്നാലെയാണ് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പേര് ഉയരുന്നത്. ജേക്കബ് തോമസ് ഈ വാര്‍ത്തകള്‍ നിരാകരിക്കുന്നില്ലെങ്കിലും സാബു എം ജേക്കബ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും പറഞ്ഞിട്ടില്ലെന്നത് സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ അനിശ്ചിത്വം നിലനിര്‍ത്തുന്നുണ്ട്.

ട്വന്റി-ട്വന്റി ചാലക്കുടിയില്‍ മത്സരിക്കുമെന്നത് ഏകകദേശം തീരുമാനമായതാണ്. കിഴക്കമ്പലത്ത് നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് ചാലക്കുടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പ്രവര്‍ത്തകരെല്ലാം ഒരേസ്വരത്തില്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവയ്ക്കുകയും സ്ഥാനാര്‍ത്ഥിയായി സാബു എം ജേക്കബിന്റെ പേര് പൊതുവികാരമായി ഉയരുകയായിരുന്നുവെന്നുമായിരുന്നു ട്വന്റി-ട്വന്റി നേതാക്കള്‍ പറഞ്ഞിരുന്നത്. സാബു എം ജേക്കബ് നില്‍ക്കുന്നില്ലെങ്കില്‍ പകരം മറ്റൊരാളെ നിര്‍ത്തുമെന്നും എന്നാല്‍ അതാരാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുകൂടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സാബു അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പരിചിതനായൊരാള്‍ എന്ന നിലയിലാണ് ജേക്കബ് തോമസിനെ പരിഗണിച്ചതെന്നാണ് വിവരം. സര്‍വീസിലെ മിടുക്കനായ ഐ പി എസ് ഓഫിസര്‍ എന്ന പേര് സ്വന്തമാക്കിയ ഉദ്യോഗസ്ഥനായിരുന്നെങ്കിലും ഏറെ കാലമായി സസ്‌പെന്‍ഷനില്‍ ആണ് ജേക്കബ് തോമസ്. സംസ്ഥാന സര്‍ക്കാരുമായി തെറ്റിയതാണ് ജേക്കബ് തോമസിന്റെ ഔദ്യോഗിക ജീവിതത്തിന് തിരിച്ചടിയായത്. ഔദ്യോഗിക പദവിയില്‍ ഇരിക്കെ തന്നെ അഴിമതിക്കെതിരേ കൂട്ടായ്മ ഉണ്ടാക്കിയും സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന കാലത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സര്‍ക്കാര്‍ നടപടികളുടെ പോരായ്മകളും തെറ്റുകളും വിളിച്ചു പറഞ്ഞും ഒരു വിഭാഗത്തിനിടയില്‍ ഹീറോ ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ ജേക്കബ് തോമസിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിനിടയില്‍ ജേക്കബ് തോമസ് ഉണ്ടാക്കിയിരിക്കുന്ന ഈ സ്വാധീനം മുതലെടുക്കാനാവും ട്വന്റി-ട്വന്റി ശ്രമിക്കുക.

ട്വന്റി-ട്വന്റി മത്സരത്തിന്റെ ഭാഗമാകുന്നത് തന്നെ ഇരു മുന്നണികള്‍ക്കും ചെറുതല്ലാത്ത ഭയമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജേക്കബ് തോമസിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ കൂടി കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകും. ട്വന്റി-ട്വന്റിക്ക് സ്വന്തമായുള്ള വോട്ടുകളുടെ എണ്ണം മണ്ഡലത്തിലെ ജയപരാജയ സാധ്യതകളെ നിര്‍ണയിക്കുന്നതാണ്. തൃശൂര്‍ ജില്ലയില്‍പ്പെടുന്ന കയ്പ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭ മണ്ഡലം. ഇതില്‍ കയ്പ്പമംഗലം ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നവയാണ്. ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലങ്ങള്‍ യുഡിഎഫിനാണ് വിജയം നല്‍കിയത്. മണ്ഡലം രൂപീകൃതമായതിനുശേഷം ആദ്യം നടന്ന മത്സരത്തില്‍ യുഡിഎഫ് ആണ് ഇവിടെ വിജയം(കോണ്‍ഗ്രസിലെ കെ പി ധനപാലന്‍) കണ്ടതെങ്കില്‍ 2014 ല്‍ അപ്രതീക്ഷിത വിജയത്തോടെ ചലച്ചിത്രതാരം ഇന്നസെന്റ് എല്‍ഡിഎഫിന് മണ്ഡലം നേടിക്കൊടുത്തു. 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പി സി ചാക്കോയെ തോല്‍പ്പിച്ച് ഇന്നസെന്റ് വിജയം നേടിയത്.

ഇത്തവണ ട്വന്റി-ട്വന്റി കൂടി മത്സരത്തിനിറങ്ങുമ്പോള്‍ കുന്നത്തുനാട് നിയമസഭ മണ്ഡലത്തില്‍ നിന്നും അവര്‍ നേടുന്ന വോട്ടുകള്‍ ഇടതു-വലതു സ്ഥാനാര്‍ത്ഥികളുടെ വോട്ടുകളെ സാരമായി ബാധിക്കും. ഒന്നരലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ ഈ മണ്ഡലത്തില്‍ നിന്നുണ്ട്. ഇതില്‍ നല്ലൊരു ശതമാനം നേടാനാകുമെന്നാണ് ട്വന്റി- ട്വന്റിയുടെ കണക്കുകൂട്ടല്‍. കുന്നത്തുനാട് നിയമസഭ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന്‍ ആണ് ജയിച്ചതെങ്കിലും ഭൂരിപക്ഷം നാലായിരത്തില്‍ താഴെയാണ്. ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ്, വാഴക്കുളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്നത്തുനാട് നിയോജകമണ്ഡലം.

ട്വന്റി-ട്വന്റി അവരുടെ വോട്ടുകള്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത് കുന്നത്തുനാട്ടില്‍ നിന്നാകുന്നത് കിഴക്കമ്പലത്ത് അവര്‍ക്കുള്ള സ്വാധീനമാണ്. യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചായത്ത് 2015 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 19 ല്‍ 18 ഉം നേടി (നഷ്ടപ്പെട്ട ഒരു സീറ്റ് നേടിയതാകട്ടെ എസ്ഡിപിഐയും)യാണ് ട്വന്റി-ട്വന്റിയെന്ന അത്ഭുത ശിശു സ്വന്തമാക്കിയത്. തുടര്‍ന്നിങ്ങോട്ടുള്ള പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് പിന്തുണ കൂട്ടിയിരിക്കുകയാണ്. ട്വന്റി-ട്വന്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിനു പുറത്തും ആരാധകരുണ്ട്. അയല്‍പക്ക പഞ്ചായത്തുകളിലും തങ്ങള്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ ഇതുവഴി ട്വന്റി-ട്വന്റിക്ക് കഴിഞ്ഞിട്ടുണ്ടെന്ന വിശ്വാസമാണ് കുന്നത്തുനാട് നിയോജമണ്ഡലത്തില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും. ഒന്നരലക്ഷത്തോളം വോട്ടുകള്‍ ഉള്ളതില്‍ മോശമല്ലാത്തൊരു പങ്ക് അവര്‍ തങ്ങളുടെതാക്കാന്‍ കഴിഞ്ഞാല്‍ മറ്റു രണ്ടു മുന്നണി സ്ഥാനാര്‍ത്ഥികളെയും ബാധിക്കും. വിജയിയാകുന്നവരുടെ ഭൂരിപക്ഷം പരിശോധിച്ചാലാണ് ഇതിലെ അപകടം മനസിലാകുന്നത്.

ട്വന്റി-ട്വന്റിയുടെ വരവ് ആരെയാണ് കൂടുതല്‍ ബുദ്ധിമുട്ടുക്കുന്നതെന്നു പരിശോധിക്കുമ്പോള്‍, നഷ്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായിരിക്കുമെന്നു കാണാം. അതായത്, ഇവിടെ വിയര്‍ക്കാന്‍ പോകുന്നത് ബെന്നി ബഹനാന്‍ ആണ്. കാരണം, യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത് ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് നിയമസഭ നിയോജകമണ്ഡലങ്ങളാണ്. ഇതില്‍ കുന്നത്തുനാട്ടില്‍ തിരിച്ചടിയുണ്ടായാല്‍ അവര്‍ക്കത് മോശമായി ബാധിക്കും. ബാക്കി മണ്ഡലങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയിക്കാനായെങ്കിലും ആലുവ ഒഴിച്ചുള്ള ബാക്കി രണ്ടിടത്തും ഇടതുപക്ഷത്തിന്റെ കൈയില്‍ നിന്നും അവര്‍ക്ക് കിട്ടിയതാണ്. അന്നത്തെ സാഹചര്യങ്ങളല്ല ഇപ്പോള്‍ ഉള്ളതെന്നതിനാല്‍ എല്‍ഡിഎഫ് അവരുടെ മുഴവന്‍ ശക്തിയുമെടുത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഗുണം ഇന്നസെന്റിന് കിട്ടും. തൃശൂരിലുള്ള കയ്പ്പമംഗലവും ചാലക്കുടിയും കൊടുങ്ങല്ലൂരും ലോക്‌സഭ മത്സരത്തിലും തങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. മാത്രമല്ല, ട്വന്റി-ട്വന്റിക്ക് ഈ മണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്താന്‍ കഴിയില്ല എന്ന വിശ്വാസവുമുണ്ട്. അതുകൊണ്ട് ട്വന്റി-ട്വന്റിയുടെ വരവ് ഒരുതരത്തില്‍ എല്‍ഡിഎഫിന് അനുഗ്രഹമാണ്.

ട്വന്റി-ട്വന്റിക്ക് ചാലക്കുടിയിലെ മത്സരം, തങ്ങള്‍ക്കൊപ്പം എത്രപേരുണ്ടെന്ന് മനസിലാക്കി കൊണ്ട് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് ലക്ഷ്യമിടാന്‍ നടത്തുന്ന ട്രയല്‍ ആണെങ്കിലും ഇന്നസെന്റും ബെന്നി ബഹനാനും വളരെ ഗൗരവമായി തന്നെ കാര്യങ്ങള്‍ കാണേണ്ട സാഹചര്യമാണ് രൂപപ്പെടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍