UPDATES

വാര്‍ത്തകള്‍

എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ നടക്കുക ആറ് ഉപതെരഞ്ഞെടുപ്പുകള്‍, രണ്ട് സീറ്റില്‍ ബിജെപിക്ക് പ്രതീക്ഷ

മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവുമാണ് ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങള്‍

സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ കേരളത്തില്‍ അധികം വൈകാതെ വീണ്ടും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. നാല്‌ ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ നടക്കുക. അതോടൊപ്പം സിറ്റിംങ് എം എല്‍ എമാര്‍ മരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്തും പാലായിലും തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.

കോഴിക്കോട് എ. പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ എ.എം ആരിഫ്, വടകരയില്‍ കെ. മുരളീധരന്‍ എറണാകുളത്ത് ഹൈബി ഈഡന്‍ എന്നിവര്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പ്രദീപ് കുമാര്‍ കോഴിക്കോടിനെയും ആരിഫ് അരൂരിനെയും കെ. മുരളീധരന്‍ വട്ടിയുര്‍ക്കാവ് മണ്ഡലത്തെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. ഹൈബി ഈഡന്‍ എറണാകുളത്തെയാണ് പ്രതിനിധീകരിക്കുന്നത്‌.

മുസ്ലീംലീഗിലെ പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ  തുടര്‍ന്ന് മഞ്ചേശ്വരത്തും കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാലയിലും തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ കെ സുരേന്ദ്രന്‍ തോറ്റത്. സുരേന്ദ്രന്റെ അപരന്‍ ആയിരത്തിലധികം വോട്ടുകള്‍ പിടിച്ചിരുന്നു.
അതുകൊണ്ട് തന്നെ മഞ്ചേശ്വരം ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലമാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ കാലകാലങ്ങളായി എല്‍ഡിഎഫ് യുഡിഎഫിന് വോട്ടുമറിക്കുന്നു എന്ന് ആരോപണം നേരിടുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം.

കെ മുരളീധരന്‍ വടകരയില്‍ ജയിക്കുകയാണെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇവിടെയും ബിജെപി ശക്തിതെളിയിച്ച മണ്ഡലമാണ്.

Also Read: എക്‌സിറ്റ് പോള്‍ തിരിച്ചടിയില്‍ അമ്പരന്ന് പ്രതിപക്ഷം; അണിയറയില്‍ തിരക്കിട്ട ആലോചനകള്‍

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ 7622 വോട്ടുകള്‍ക്കാണ് ഇവിടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ ടിഎന്‍ സീമയ്ക്ക് ഇവിടെ മൂന്നാം സ്ഥാനമായിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയ കക്ഷികള്‍ ചിലയിടങ്ങളില്‍ ഇപ്പോള്‍ തന്നെ ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്. വടകരയില്‍ ബിജെപി മുരളിധരന് വോട്ട് മറിക്കുമെന്നും ഇതിന് പ്രത്യുപകാരമായി വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കുമെന്ന ആരോപണം നേരത്തെ തന്നെ സിപിഎം ഉന്നയിക്കുന്നുണ്ടായിരുന്നു. ഏതായാലും മഞ്ചേശ്വരത്തിന് പുറമെ വട്ടിയൂര്‍ക്കാവിലും ബിജെപി നല്ല മത്സരം കാഴ്ചവെയ്ക്കാനുള്ള സാധ്യതയാണ് ഉള്ളത്.

അവസാന നിമിഷം വരെ പത്തനംതിട്ട സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള വിലപേശിയിരുന്നെങ്കിലും കെ. സുരേന്ദ്രനെയാണ് കേന്ദ്ര ബിജെപി-ആര്‍എസ്എസ് നേതൃത്വം പിന്തുണച്ചത്. അതുകൊണ്ടു തന്നെ വട്ടിയൂര്‍ക്കാവില്‍ ഒരുപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കാനുള്ള ആലോചനകളും കെ. മുരളീധരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപന സമയം മുതല്‍ ബിജെപി ക്യാമ്പില്‍ തുടങ്ങിയിരുന്നു.

എന്‍സിപിയാണ് പാലയില്‍ എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കാന്‍ സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 4703 വോട്ടുകള്‍ക്കാണ് ഇവിടെ കെ എം മാണി വിജയിച്ചത്. അതുകൊണ്ട് തന്നെ ശക്തമായ മത്സരത്തിന് ഇവിടെ സാധ്യത ഏറുന്നു. എന്നാല്‍
ഏറണാകുളത്ത് 21,949 വോട്ടുകള്‍ക്കാണ് ഹൈബി ഈഡന്‍ വിജയിച്ചത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് എറണാകുളവും.

കോഴിക്കോടും അരൂരും ഇടതുപക്ഷത്തിന്റെ സിറ്റിംങ് മണ്ഡലങ്ങളാണ്. 27,873 വോട്ടുകള്‍ക്കാണ് പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ വിജയിച്ചത്. അരൂരില്‍ 38,519 വോട്ടുകള്‍ക്കായിരുന്നു എ.എം ആരിഫിന്റെ വിജയം. ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിലും വലിയ അട്ടിമറിക്ക് സാധ്യതയില്ല.

ഏഴ് സിറ്റിംങ് എംഎല്‍എമാരെയാണ് വിവിധ മുന്നണികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചത്.

Also Read: കല്ലട ബസ്: 500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ക്ക് കുറവില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍