UPDATES

ട്രെന്‍ഡിങ്ങ്

‘ജയിച്ചാല്‍ നവംബര്‍ 16ന്, തോറ്റാല്‍ 15 ന് ശബരിമലയില്‍ എത്തണം’; പുനഃപരിശോധന ഹര്‍ജികള്‍ തള്ളിയാലുള്ള പ്ലാനുകള്‍ തയ്യാര്‍

സുപ്രിം കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകില്ലെന്ന മുന്‍കൂട്ടി കണ്ട് തന്നെ മണ്ഡലകാലാരംഭത്തിന് നടതുറക്കുമ്പോള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നേതാക്കളുടെ വാക്കുകളില്‍ നിന്നും സൂചന കിട്ടുന്നുണ്ട്

യുവതി പ്രവേശന ഉത്തരവിനെതിരേ നല്‍കിയിരിക്കുന്ന പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു വൈകിട്ട് മൂന്നുമണിക്ക് പരിഗണിക്കാനിരിക്കെ കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂല നിലപാട് ഉണ്ടാകില്ലെന്നു തന്നെയാണ് യുവതിപ്രവേശനം എതിര്‍ക്കുന്നവര്‍ ഉറപ്പിക്കുന്നത്. ഹര്‍ജികള്‍ തള്ളിക്കളയാനാണ് സാധ്യത കൂടുതലെന്നും അതല്ലെങ്കില്‍ എന്തെങ്കിലും മഹാത്ഭുതങ്ങള്‍ സംഭവിക്കണമെന്നുള്ള രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ അത് തെളിയിക്കുന്നുണ്ട്. അതേസമയം സുപ്രിം കോടതി തങ്ങളുടെ ഉത്തരവില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടത്തിവരുന്ന പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കാനാണ് ശബരിമല കര്‍മസമതിയുടെ അടക്കം തീരുമാനം. ജാതിമത സംഘടനകള്‍ ഇനിയുള്ള പ്രതിഷേധത്തില്‍ ശക്തരായ പങ്കാളികളാകുമെന്ന് വിശ്വാസവും ഇവര്‍ പുലര്‍ത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായതുള്‍പ്പെടെ എന്‍എസ്എസ് എടുത്തിരിക്കുന്ന നിലപാടുകള്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമായും ഈ അവകാശവാദം. എന്‍എസ്എസ്സും പുനഃപരിശോധനകള്‍ നല്‍കിയവരുടെ കൂട്ടത്തിലുണ്ട്.

സുപ്രിം കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകില്ലെന്ന മുന്‍കൂട്ടി കണ്ട് തന്നെ മണ്ഡലകാലാരംഭത്തിന് നടതുറക്കുമ്പോള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നേതാക്കളുടെ വാക്കുകളില്‍ നിന്നും സൂചന കിട്ടുന്നുണ്ട്. ഇന്ന് രാവിലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞത്; കോടതിയില്‍ നിന്നും അനുകൂലമായ വിധിയുണ്ടാവുകയാണെങ്കില്‍ എല്ലാവരും നവംബര്‍ 16 ന് ശബരിമലയില്‍ എത്തണമെന്നും പ്രതികൂലമായ വിധിയാണെങ്കില്‍ നവംബര്‍ 15 ന് എത്തണമെന്നുമായിരുന്നു. പുനഃപരിശോധന ഹര്‍ജികളില്‍ മുന്‍ ഉത്തരവില്‍ മാറ്റം ഒന്നും കോടതി വരുത്താത്ത പക്ഷം മണ്ഡലകാലത്തില്‍ യുവതികള്‍ ശബരിമലയില്‍ എത്തുമെന്നത് തീര്‍ച്ചയാണ്. സര്‍ക്കാര്‍ യുവതി പ്രവേശനം സാധ്യമാക്കാന്‍ മുന്‍പ് രണ്ട തവണത്തേക്കാള്‍ കൂടുതല്‍ ശക്തമായി ഇടപെടല്‍ നടത്തുകയും ചെയ്യും. എതാണ്ട് അഞ്ഞൂറിനു മുകളില്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് ചെയതിട്ടുമുണ്ട്. ഇത്തരമമൊരു സാഹചര്യത്തെ കണ്ടുകൊണ്ട് തന്നെ എതിര്‍വിഭാഗവും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നതാണ് രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ തെളിയിക്കുന്നത്. കോടതി ഉത്തരവ് പ്രതികൂലമായിട്ട് തന്നെയാണെങ്കില്‍ നട തുറക്കുന്നതിനും ദിവസങ്ങള്‍ മുമ്പ് തന്നെ ശബരിമലയില്‍ സംഘം ചേരാനാണ് പദ്ധതിയെന്നും രാഹുലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. നിയമത്തിന്റെ വഴിയില്‍ പരമാവധി പോകാന്‍ നോക്കുമെന്നും അതില്‍ പരാജയപ്പെടുന്ന പക്ഷം മറ്റുവഴികള്‍ തേടുമെന്നുള്ള വാക്കുകളും സംഘര്‍ഷസാധ്യതയാണ് കാണിക്കുന്നത്.

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയ അതേ ബഞ്ചില്‍ തന്നെയാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയ്ക്കു വന്നിരിക്കുന്നതെന്നതുകൊണ്ട് കോടതി നിലപാട് മാറ്റില്ലെന്ന തിരിച്ചറിവാണ് തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ രാഹുല്‍ ഈശ്വറിനെ പോലുള്ളവരെ തയ്യാറാക്കുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് മറിച്ചൊരു നിലപാട് എടുത്താല്‍ പോലും ഭൂരിപക്ഷ തീരുമാനം മുന്‍ ഉത്തരവ് നിലനിര്‍ത്തുകയെന്നതിലായിരിക്കുമെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്. സുപ്രിം കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകില്ലെങ്കില്‍ ജല്ലിക്കെട്ടിന്റെ കാര്യത്തില്‍ ചെയ്തപോലെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നതാണ് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും അതിന് സാധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ടെങ്കില്‍ ബിജെപിയും ആര്‍എസ്എസ്സും ആ കാര്യം പറഞ്ഞ് രംഗത്തു വരുമെന്ന് കരുതുന്നില്ല. കാരണം, ഓര്‍ഡിനന്‍സ് ഇറക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ഡിനന്‍സിന്റെ പേരില്‍ ശബ്ദം ഉയര്‍ത്താനും കഴിയില്ല. അങ്ങനെ വരുമ്പോള്‍ രാഹുലിന്റെ ഓര്‍ഡിനന്‍സ് ആവശ്യത്തിന് എത്രമാത്രം പിന്തുണ കിട്ടുമെന്നതും സംശയമാണ്. ഓര്‍ഡിനന്‍സിന്റെ കാര്യം മിണ്ടാതെ സുപ്രിം കോടതി ഉത്തരവുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനെതിരേ ആക്രമണം കൂട്ടുകയെന്നതായിരിക്കും ബിജെപി,സംഘപരിവാര്‍ ശ്രമം.

പുനഃപരിശോധന ഹര്‍ജികള്‍ തള്ളും, അല്ലെങ്കില്‍ മഹാത്ഭുതം സംഭവിക്കണം; രാഹുല്‍ ഈശ്വര്‍

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ശബരിമല വിധി; പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ എന്തെല്ലാം?

വിഷലിപ്തമായ ഒരു രാഷ്ട്രീയ അജണ്ട കേരളത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്: എന്‍ റാം വീ ദി പീപ്പിളില്‍

വല്‍സന്‍ തില്ലങ്കേരി: ദി മോറല്‍ പോലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍