UPDATES

ചരിത്രത്തില്‍ ഇടം നേടിയ ഈ അഞ്ചു സ്ത്രീകള്‍ കേരളത്തോട് വീണ്ടും പറയുന്നു; മരിക്കേണ്ടി വന്നാലും സത്യം വെടിയില്ല, നീതിയില്ലെങ്കില്‍ വീണ്ടും തെരുവിലേക്ക്

2018 കഴിഞ്ഞുപോകുമ്പോള്‍ കേരളം, എന്നല്ല ഇന്ത്യ തന്നെ ഏറ്റവും അധികം ചര്‍ച്ച ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ പോരാട്ടവഴികളെ കുറിച്ച് സി. അനുപമ മനസ് തുറക്കുന്നു

സി. അനുപമ, സി. ജോസഫൈന്‍, സി. ആല്‍ഫി, സി. ആന്‍സിറ്റ, സി. നീന റോസ്; ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട അഞ്ച് സ്ത്രീകള്‍. അഞ്ച് കന്യാസ്ത്രീകള്‍. പോയവര്‍ഷത്തിന്റെ അവലോകനത്തില്‍ ഇവര്‍ നടത്തിയ പോരാട്ടത്തിന് സമാനതകളില്ലാത്ത ഒന്നായാണ് കണക്കാക്കേണ്ടത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കാം കര്‍ത്താവിന്റെ മണവാട്ടികളെന്ന വിശേഷിപ്പിക്കപ്പെടുന്ന കന്യാസ്ത്രീകള്‍ നീതിക്കായി തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്നത്. മാനസികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന, പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകളുടെയും പ്രതിനിധിയായി മാറിയ ഒരു കന്യാസ്ത്രീക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് മരണ ഭീഷണിപോലും വകവയ്ക്കാതെ ഈ അഞ്ചുപേരും പോരാട്ടത്തിന് ഇറങ്ങിയത്. കുറ്റവാളിയായവന്‍ സര്‍വശക്തനായിരുന്നു. അയാള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായൊരു മതസ്ഥാപനത്തിലെ അധികാരിവര്‍ഗം ഉണ്ടായിരുന്നു. എന്നിട്ടും ഈ സ്ത്രീകള്‍ ഭയന്നില്ല. ഒതുക്കാന്‍, നിശബ്ദരാക്കാന്‍ പലതും ചെയ്തു നോക്കി, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. എന്നിട്ടുമവര്‍ പിന്മാറിയില്ല. അന്തിമ വിജയം നേടുംവരെ എന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ച് തങ്ങളുടെ പോരാട്ടത്തില്‍ തന്നെയാണവര്‍.

2018 കഴിഞ്ഞുപോകുമ്പോള്‍ കേരളം, എന്നല്ല ഇന്ത്യ തന്നെ ഏറ്റവും അധികം ചര്‍ച്ച ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ പോരാട്ടവഴികളെ കുറിച്ച് സി. അനുപമ മനസ് തുറക്കുകയാണ്‌ ഇവിടെ;

ആ സിസ്റ്ററെ ഞങ്ങള്‍ അമ്മ എന്നു വിളിക്കുന്നു. മാതാപിതാക്കളെയും വീടും എല്ലാം ഉപേക്ഷിച്ചാണ് സേവന സന്നദ്ധരായി കര്‍്ത്താവിന്റെ ദാസ്യരായി ഞങ്ങള്‍ സഭയില്‍ ചേരുന്നത്. സ്വന്തം പെറ്റമ്മയെ വിട്ട് എത്തിയ ഞങ്ങള്‍ക്ക് കിട്ടിയ പോറ്റമ്മയായിരുന്നു ആ സിസ്റ്റര്‍. സിസ്റ്ററിന് അമ്മയെ കുട്ടിക്കാലത്തെ നഷ്ടമായിരുന്നു. എങ്കിലും ഒരമ്മയുടെ എല്ലാ സ്‌നേഹവും കരുതലും ആശ്വാസവും തന്ന് ഞങ്ങളെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തിയ ഒരു പാവമായിരുന്നു ഞങ്ങളുടെ സിസ്റ്റര്‍.

മിഷണറീസ്‌ ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ രണ്ടാമത്തെ ബാച്ചില്‍പ്പെട്ടയാളായിരുന്നു അമ്മ. ജലന്ധറില്‍ നിന്നും ഒമ്പതുവര്‍ഷത്തെ ജനറാള്‍ഷിപ്പ് കഴിഞ്ഞാണ് കുറവിലങ്ങാടേക്ക് അമ്മ വരുന്നത്. സിസ്റ്റര്‍ പോന്ന് കഴിഞ്ഞ് ഒന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷമാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയില്‍ ബിഷപ്പായി അഭിഷ്‌ക്തനാകുന്നത്.

വൈദികനായിരിക്കുമ്പോള്‍ തന്നെ ഫ്രാങ്കോയ്‌ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. ബിഷപ്പായതോടെ അധികാരം കിട്ടി, ബന്ധങ്ങള്‍ ഉണ്ടാക്കി. ഒരു മെത്രാന്‍ സധാരണ ഇടപെടാത്ത, രാഷ്ട്രീയം പോലുള്ള വിഷയങ്ങളില്‍ ഇടപെട്ടും അവിടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചുമൊക്കെയാണ് ഫ്രാങ്കോ സഭയെക്കാള്‍ വലുതായി മാറുന്നത്. 2016 ലാണ് സിസ്റ്ററുമായി ഫ്രാങ്കോയ്ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഫ്രാങ്കോയുടെ ലൈംഗികാവശ്യങ്ങളെ സിസ്റ്റര്‍ എതിര്‍ത്തതോടെ. അതോടെ ഫ്രാങ്കോ പലവിധത്തില്‍ സിസ്റ്റര്‍ക്കെതിരേയുള്ള ഉപദ്രവങ്ങള്‍ തുടങ്ങി. ഒരുവിധത്തില്‍ ഈ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ഒതുക്കിയതായിരുന്നു. പക്ഷേ ഫ്രാങ്കോ പ്രതികാരം തുടര്‍ന്നു. 2017 ഫെബ്രുവരി മാസത്തില്‍ സിസ്റ്ററുടെ കേരള ഇന്‍ചാര്‍ജ് സ്ഥാനം എടുത്തുമാറ്റിയതായി ഒരു രാത്രിക്കു വിളിച്ച് സിസ്റ്ററോട് പറയുകയാണ്. ഫ്രാങ്കോ പൂര്‍ണമായും എതിരായിക്കഴിഞ്ഞുള്ള ആദ്യത്തെ സ്റ്റെപ്പ് അതായിരുന്നു അത്. ഇന്‍ ചാര്‍ജ് പോസ്റ്റ് തുടര്‍ന്ന് ആറു മാസത്തോളം ഒഴിഞ്ഞു കിടന്നു. ആരും കേരളത്തിന്റെ ഇന്‍ചാര്‍ജ് ആയി ഇല്ലായിരുന്നു. മേയ് മാസത്തില്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് വന്നു. അതില്‍ പകയുടെ അടുത്തഘട്ടം. സിസ്റ്ററിന്റെ സുപ്പീരിയര്‍ഷിപ്പ് എടുത്തു മാറ്റിയിരിക്കുന്നു. അതോടെ സിസ്റ്ററിന്റെ മദര്‍ഷിപ്പ് പോയി. അതും ഇതേ കോണ്‍വെന്റില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് മദര്‍ഷിപ്പ് മാറ്റി സാധാരണ സിസ്റ്ററാക്കി മാറ്റിയത്. സിസ്റ്ററിനു പകരം വേറൊരു മദറിനെ നിയമിച്ചു. സാധാരണ അങ്ങനെ ചെയ്യാറില്ലാത്താണ്. ഒന്നുകില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ അല്ലെങ്കില്‍ ആറു വര്‍ഷം കഴിയുമ്പോള്‍ മദര്‍ഷിപ്പ് മാറ്റാറുണ്ട്. ഇതിനിടയിലായി മദറിനെ മാറ്റാറില്ല. സിസ്റ്ററിന്റെ നാലാമത്തെ വര്‍ഷമായിരുന്നു. അതുമല്ല മദര്‍ഷിപ്പ് മാറ്റുന്ന സിസ്റ്ററെ അതേ മഠത്തില്‍ തന്നെ സാധാരണ സിസ്റ്ററാക്കി നിലനിര്‍ത്താറുമില്ല. വേറെ കോണ്‍വെന്റിലേക്ക് മാറ്റും. ഇതങ്ങനെ ചെയ്യാതെ ഇവിടെ തന്നെ നിര്‍ത്തിയപ്പോള്‍ അത് സിസ്റ്ററെ ഒരുപാട് മാനസിക ബുദ്ധിമുട്ടിലാക്കി. പകരം മദര്‍ ആയി വന്ന സിസ്റ്റര്‍ ടിന്‍സി ഞങ്ങളുടെ സിസ്റ്ററെ പാഠം പഠിപ്പിക്കാന്‍ വേണ്ടിമാത്രം വന്നതായിരുന്നു.

സിസ്റ്റര്‍ക്കെതിരേയുള്ള ഉപദ്രവം കൂടി വന്നു.അതോടെ വേറെ ഏതെങ്കിലും ഒരു കോണ്‍വന്റിലേക്ക് മാറ്റിയാല്‍ മതിയാരുന്നു എന്നായി സിസ്റ്റര്‍. അവര്‍ അതിനനുവദിച്ചില്ല. സഹിക്കാനാവാതെ വന്നപ്പോള്‍ സിസ്റ്റര്‍ ഈ സഭ വിട്ട് മറ്റൊന്നിലേക്ക് പോകാന്‍ തീരുമാനം എടുത്തു. രാജി കത്ത് കൊടുത്തെന്ന് ഞങ്ങള്‍ അറിഞ്ഞപ്പോള്‍; അമ്മ പോകുവാണെങ്കില്‍ ഒപ്പം ഞങ്ങളും ഇറങ്ങുമെന്ന് പറഞ്ഞു. അമ്മ തെറ്റ് ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നൂറുശതമാനം ഉറപ്പ് ഉണ്ടായിരുന്നു. ഞങ്ങളും ഇറങ്ങാന്‍ തീരുമാനം എടുത്തെന്ന് അറിഞ്ഞതോടെ അമ്മ പോകാനുള്ള തീരുമാനം പിന്‍വലിച്ചു. കുറവിലങ്ങാട് തന്നെ തുടര്‍ന്നു. പക്ഷേ, അമ്മയോടുള്ള ക്രൂരത അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ടീന സിസ്റ്ററിനൊപ്പം അന്‍സീനിയ എന്ന സിസ്റ്റര്‍ കൂടി വന്നതോടെ(അന്‍സീനിയയാണ് കുറച്ചു നാളുകള്‍ക്ക് മുമ്പ് സഭ വിട്ട് പോയത്) അമ്മയോടുള്ള അവരുടെ ക്രൂരതയുടെ അളവ് കൂടി. വ്യാപകമായി അപവാദ പ്രചരണങ്ങള്‍ നടത്തി. പള്ളി വികാരിയോട് തൊട്ട് ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്ന കടക്കാരോട് വരെ അമ്മയെ കുറിച്ച് മോശമായി പറഞ്ഞു. അമ്മ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നയാളാണെന്നാണ് എല്ലാവരോടും പറഞ്ഞത്. ഇതൊക്കെ അമ്മയെ മാനസികമായി ഒത്തിരി ബുദ്ധിമുട്ടിച്ചു. ഇതുകൂടാതെ മഠത്തിലും അമ്മയെ ഒറ്റപ്പെടുത്താന്‍ നോക്കി. സ്റ്റോര്‍ റൂം അടച്ചിടുക. ഫോണ്‍ കൊടുക്കാതിരിക്കുക, ലാപ് ടോപ്പ് എടുത്തു മാറ്റുക; ഒന്നിനും അമ്മയ്ക്ക് സ്വാതന്ത്ര്യം കൊടുത്തില്ല.

ജൂലൈ ആയപ്പോള്‍ ഞാന്‍ പഞ്ചാബിലേക്ക് പോയിരുന്നു. കുറവിലങ്ങാട് അപ്പോള്‍ ലീന റോസ് സിസ്റ്ററും അന്‍സിറ്റ സിസ്റ്റുമായിരുന്നു അമ്മയോടൊപ്പം. ആര് എങ്ങോട്ട് പോയാലും അമ്മയ്‌ക്കൊപ്പം തന്നെ നില്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കാരണം ഞങ്ങള്‍ക്ക് സിസ്റ്ററിന്റെ അവസ്ഥ അറിയാമായിരുന്നു. എല്ലാക്കാര്യങ്ങളും ഞങ്ങളോട് സിസ്റ്റര്‍ പറഞ്ഞിരുന്നു. കൂടെക്കിടക്കാന്‍ തയ്യാറാകാത്തകൊണ്ടാണ് ഫ്രാങ്കോ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് സിസ്റ്റര്‍ ഞങ്ങളോട് പറഞ്ഞു. ഫ്രാങ്കോ കുറവിലങ്ങാട് വരുന്നുണ്ടെന്ന് അറിയുമ്പോള്‍ ഞങ്ങള്‍ അമ്മയോട് വീട്ടിലേക്ക് പോയ്‌ക്കോളാന്‍ പറയും. ഇവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാമെന്നു ധൈര്യം കൊടുക്കും. അമ്മയോടൊപ്പം നില്‍ക്കാന്‍ തീരുമാനം എടുത്തപ്പോള്‍ തന്നെ ഞങ്ങളും ഫ്രാങ്കോയുടെ ശത്രുക്കളായെന്നും ഞങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും തിരിച്ചറിഞ്ഞിരുന്നു. ഞങ്ങള്‍ ഭയന്നില്ല. സ്വന്തം വീടും വീട്ടുകാരെയും വിട്ടു വരുന്നവരാണ് സഭയില്‍ ചേരുന്നത്. പല വീടുകളില്‍ നിന്നുവന്നവര്‍, പല കുടുംബ പശ്ചാത്തലമുള്ളവര്‍. ഇതാണ് ഞങ്ങളുടെ കുടുംബം. ആ കുടുംബത്തില്‍ ഉള്ളൊരാള്‍ക്ക് ഒപ്പം ഞങ്ങള്‍ നിന്നില്ലെങ്കില്‍ വേറ് ആരു നില്‍ക്കും? പോറ്റമ്മയുടെ സ്ഥാനത്തു നിന്നാണ് സിസ്റ്റര്‍ ഞങ്ങളെ നോക്കിയത്. ഒരാള്‍ക്കൊരു വിഷമം വന്നാല്‍ ഒരു പ്രശ്‌നം വന്നാല്‍ മറ്റൊരാള്‍ അറിയാതെ അത് പരിഹരിക്കാന്‍ അമ്മയ്ക്കു കഴിയുമായിരുന്നു. വെറും പാവാമാണ്. ജനറാള്‍ ഒക്കെ ആയിരുന്നുവെങ്കില്‍ പോലും. വലിയ തന്റേടമൊന്നുമില്ല. ഇപ്പോഴാണ് കുറച്ച് കരുത്തയായത്. ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ് അമ്മയ്‌ക്കൊപ്പം ഞങ്ങള്‍ നില്‍ക്കേണ്ടതുണ്ടെന്നു തീരുമാനിച്ചത്.

ഈ വിഷയം ആദ്യം സഭയ്ക്കുള്ളില്‍ തന്നെ പരിഹാരം ഉണ്ടാക്കാനാണ് ഞങ്ങളും ആഗ്രഹിച്ചത്. 2017 ജൂലൈ മാസത്തില്‍ അമ്മ ഒരു കത്ത് ആലഞ്ചേരി പിതാവിന് കൊടുത്തിരുന്നു. നീതി കിട്ടുമെന്ന ഉറപ്പോടെ തന്നെയാണ് കത്ത് കൊടുത്തത്. പക്ഷേ അവിടെ നിന്നും ഒരു ഉത്തരം കിട്ടിയില്ല. ഒക്ടോബര്‍ മാസത്തില്‍ വത്തിക്കാന്‍ പ്രതിനിധി വരാപ്പുഴയില്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ അവിടെ വച്ച് കാണാന്‍ തീരുമാനിച്ചു. എറണാകുളം-അങ്കമാലി സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ പിതാവാണ് ഞങ്ങളോട് പറഞ്ഞത് വത്തിക്കാന്‍ പ്രതിനിധി വരുന്നുണ്ടെന്നും കണ്ട് നേരിട്ട് കാര്യങ്ങള്‍ പറയാനും പറയുന്നത്. പക്ഷേ വത്തിക്കാന്‍ പ്രതിനിധി വന്നകാര്യം ഞങ്ങളോട് ആരും പറഞ്ഞില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാനും കഴിഞ്ഞില്ല. അതിനു മുമ്പ് ഇക്കാര്യം കുറവിലങ്ങാടെ വികാരിയച്ചനോട് പറഞ്ഞിരുന്നു. വികാരിയച്ചന്‍ അടുത്ത ദിവസം തന്നെ ഇക്കാര്യം പാല രൂപത മെത്രാന്‍ കലറങ്ങാടിനെ അറിയിക്കുക മാത്രമാണ് ചെയ്തത്.

ഒരു തീരുമാനം അറിയിക്കാതെ വന്നതിനെ തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് അടക്കം മൂന്നു കത്തുകള്‍ ഞങ്ങള്‍ റോമിലേക്ക് അയച്ചു. മേയ് മാസത്തിലാണ് അയക്കുന്നത്. മറുപടിക്കായി കാത്തിരുന്നു. പക്ഷേ ഒരു മറുപടിയും വന്നില്ല. ഈ സമയം ഞാന്‍ പഞ്ചാബില്‍ ആയിരുന്നു. നവംബര്‍ മാസം ആയപ്പോള്‍ ഫ്രാങ്കോ സിസ്റ്റര്‍ ആനി റോസിനെ വിട്ട് എന്നെ വിളിപ്പിച്ചിരുന്നു. ചെന്നപ്പോള്‍ അമ്മയുടെ കുറ്റം മുഴുവന്‍ എന്നെ പറഞ്ഞു കേള്‍പ്പിക്കുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. കൂടാതെ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഉടുപ്പ് ഊരിക്കും, അമ്മയുടെയും സിസ്റ്റര്‍ നീന റോസിന്റെയും ഉടുപ്പ് ഊരിക്കും, പുറത്താക്കും നീന റോസ് സിസ്റ്ററെ പരീക്ഷയെഴുതിക്കില്ല എന്നൊക്കെയായിരുന്നു ഭീഷണികള്‍. സി. നീന റോസിനെക്കൊണ്ട് പരീക്ഷയെഴുതിച്ചതുമില്ല. എം എ പരീക്ഷയുടെ ഹാള്‍ ടിക്കറ്റും വന്നതായിരുന്നു. പഞ്ചാബിലായിരുന്നു പരീക്ഷ. പോകാന്‍ വേണ്ടി ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷേ പോകുന്നതിന്റെ തലേന്ന് സിസ്റ്ററോട് പഞ്ചാബിലേക്ക് വരേണ്ട എന്നു പറഞ്ഞു കത്തു കൊടുത്തു. സിസ്റ്ററിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് പരീക്ഷ എഴുതുന്നതില്‍ നിന്നും ഒഴിവാക്കുന്നുവെന്നായിരുന്നു കാരണം പറഞ്ഞത്. ഇത് നടക്കുന്നത് നവംബര്‍ 15 ഓടെയാണ്. എന്നാല്‍ ഡിസംബര്‍ നാലാം തീയതി അമ്മയെ പഞ്ചാബിലേക്ക് വിളിപ്പിക്കുകയുണ്ടായി. മഠത്തില്‍ കിടന്ന കാര്‍ ഒടിച്ചെന്ന കുറ്റത്തിന് മദര്‍ പരാതി നല്‍കിയതിന്റെ പുറത്തായിരുന്നു ജനറാള്‍ അമ്മയെ ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിക്കുന്നത്. കൂട്ടത്തില്‍ നീന റോസ് സിസ്റ്ററേയും വിളിപ്പിച്ചു. രണ്ടാഴ്ച്ച മുന്‍പ്പ് സിസ്റ്റര്‍ക്ക് സുഖമില്ലാത്തതുകൊണ്ട് പഞ്ചാബ് വരെ വരേണ്ടതില്ലെന്നു പറഞ്ഞ് പരീക്ഷ എഴുതിപ്പിക്കാതിരുന്നവര്‍ തന്നെയാണ് വിളിപ്പിച്ചതെന്നോര്‍ക്കണം.

ഇതിനിടയ്ക്ക് ഒരു സംഭവം കൂടി നടന്നിരുന്നു. നവംബര്‍ 23 ന് തന്നെ പരീക്ഷയെഴുതിപ്പിച്ചില്ലെന്നു കാണിച്ച് നീന റോസ് സിസ്റ്റര്‍ ഒരു കത്തെഴുതിയിരുന്നു. ഇതു കൂടാതെ എന്നെ വിളിച്ചു വരുത്തി ഫ്രാങ്കോ ഭീഷണിപ്പെടുത്തിയതു കാണിച്ച് ഞാനും ജനറാളമ്മയ്ക്കും കൗണ്‍സിലേഴ്‌സിനും ഒരു കത്തെഴുതി. ഇതിന്റെ കോപ്പി എന്റെ ബന്ധുവായൊരു അച്ചനും അമ്മയ്ക്കും അമ്മയുടെ അങ്ങളയച്ചനും ഒക്കെ അയച്ചിരുന്നു. ഈ കൂട്ടത്തില്‍ എന്റെ വീട്ടിലേക്കും ഞാനാ കത്തും(അത് ഇംഗ്ലീഷില്‍ ഉള്ളതായിരുന്നു) അതിനൊപ്പം മലയാളത്തില്‍ മറ്റൊരു കത്തും അയച്ചു. എന്റെ ജീവന് ഭീഷണി ഉണ്ടെന്നായിരുന്നു കത്തില്‍ ഞാന്‍ എഴുതിയിരുന്നത്. കാരണം, ഞാന്‍ ആദ്യം എഴുതിയ കത്ത് പുറത്തു വന്നാല്‍ പിന്നെ എനിക്ക് അവിടെ നില്‍ക്കാന്‍ കഴിയില്ലെന്നറിയാം. അതുകൊണ്ടാണ് എനിക്കും എന്തും സംഭവിക്കാമെന്ന കാര്യം നേരത്തെ അറിയിച്ചുകൊണ്ടാണ് ഞാനൊരു കത്ത് വീട്ടിലേക്ക് എഴുതിയത്. ഈ കത്ത് കിട്ടിയതിന്റെ പിന്നാലെ എന്റെ അപ്പച്ചന്‍ ആലഞ്ചേരി പിതാവിനെ കാണാന്‍ അനുമതി തേടി. അതിനു മുന്നെ കത്ത് പിതാവിന് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു മുമ്പ് 2017 നവംബര്‍ 23 ന് എന്റെ അപ്പച്ചനും അമ്മയും(സിസ്റ്റര്‍) സി. നീനയും കൂടി ആലഞ്ചേരി പിതാവിനെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുള്ളതായിരുന്നു. ഇതെല്ലാം നടന്നതിനു പിന്നാലെ ഫ്രാങ്കോ എനിക്കെതിരേയും അമ്മയ്‌ക്കെതിരേയും പഞ്ചാബ് പൊലിസില്‍ പരാതി കൊടുത്തു. ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് ഫ്രാങ്കോയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

ഡിസംബറില്‍ പഞ്ചാബിലേക്ക് വിളിപ്പച്ചതിന്‍ പ്രകാരം അമ്മയും നീന സിസ്റ്ററും ജലന്ധറില്‍ എത്തിയെങ്കിലും അവരെ കാണാന്‍ ജനറാള്‍ കൂട്ടാക്കിയില്ല. ജനറാള്‍ ഇങ്ങോട്ട് അയച്ച കത്തില്‍ പറഞ്ഞിരുന്നത്- ജനറാളായ താനും കൗണ്‍സിലേഴ്‌സും ചേര്‍ന്നായിരിക്കും നിങ്ങളെ കാണുന്നത് എന്നായിരുന്നു. പക്ഷേ ജലന്ധറില്‍ എത്തിയപ്പോള്‍ ജനറാള്‍ ഇവരെ കാണാന്‍ കൂട്ടാക്കാതെ വേറൊരു മൂന്നംഗ കമ്മിറ്റി അവിടെ രൂപീകരിച്ചു. ഈ കമ്മിറ്റിയെ കാണാന്‍ അമ്മയും നീന സിസ്റ്ററും കൂട്ടാക്കിയില്ല. കാരണം, അവരോട് പറഞ്ഞിരുന്നത് ജനറാളും കൗണ്‍സിലേഴ്‌സും കാണുമെന്നായിരുന്നില്ലോ. പുതിയതായി രൂപീകരിച്ച കമ്മിഷനെയാണ് കാണേണ്ടതെങ്കില്‍ അവരോട് കേരളത്തിലേക്ക് വരാന്‍ അമ്മ ആവശ്യപ്പെട്ടു. കമ്യൂൂണിറ്റി സംബന്ധമായ പ്രശ്‌നത്തിനാണല്ലോ വിളിപ്പിച്ചത് അത് കമ്യൂണിറ്റിയില്‍ വന്നു തീര്‍ക്കാനാണ് അമ്മ പറഞ്ഞത്. 2018 ജനുവരി 20 ന് മൂന്നംഗ കമ്മിഷന്‍ കുറവിലങ്ങാട് വന്നു. പക്ഷേ, കമ്മിഷന്‍ സിസ്റ്ററുടെ പ്രശ്‌നങ്ങള്‍ പോലും കേള്‍ക്കാന്‍ തയ്യാറാകാതെയാണ് തിരിച്ചു പോയത്. കമ്മിഷന്‍ വരുന്ന കാര്യം അമ്മയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. അവരും വന്നിരുന്നു. പക്ഷേ, വീട്ടുകാരെ കാണാന്‍ കമ്മിഷന്‍ കൂട്ടാക്കിയില്ല.

കാര്യങ്ങള്‍ പിന്നെയും വഷയാളി കൊണ്ടിരുന്നു. മാര്‍ച്ച് ആയപ്പോള്‍ പുതിയ ട്രാന്‍സ്ഫര്‍ ലിസ്റ്റ് വന്നു. സിസ്റ്റര്‍ നീനയെ മാത്രം ഇവിടെ നിര്‍ത്തി, അമ്മയേയും ആന്‍സിറ്റ സിസ്റ്ററേയും മാറ്റി. പക്ഷേ, ചികിത്സയും മറ്റ് നടക്കുന്നുണ്ട് കുറച്ച് നാള്‍ കൂടി കുറവിലങ്ങാട് മഠത്തില്‍ തുടരണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതനുവദിച്ചെങ്കിലും അമ്മയോടുള്ള ക്രൂരത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ഈ സമയം പഞ്ചാബില്‍ നിന്നും ഇങ്ങോട്ട് വരികയും ചെയ്തു. അമ്മയുടെ അനിയത്തി ഒരു സിസ്റ്ററും സി. ജോസഫൈനും ബിഹാറില്‍ ഉണ്ടായിരുന്നു അവരും ഇങ്ങോട്ടു വന്നു. കാര്യങ്ങള്‍ ദിനംപ്രതി വഷളാവുകയും അമ്മയ്ക്ക് നീതി കിട്ടാതെ പോവുകയും ചെയ്‌തോടെ ഒരുമിച്ച് നിന്നു നിഷേധിക്കപ്പെടുന്ന നീതിക്കു വേണ്ടി സംസാരിക്കണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അപ്പോഴും പൊലീസിനെ ഞങ്ങള്‍ സമീപിച്ചിരുന്നില്ല. ജൂണ്‍ മാസം ആദ്യം ജനറാളും ജലന്ധര്‍ രൂപത ചാന്‍സിലര്‍ ജോസ് തെക്കുംചേരി അച്ചനും കൂടി കുറവിലങ്ങാട് വന്നു. ഞങ്ങളുടെ വീട്ടുകാരും ആ സമയം ഇവിടെ വന്നു. ഫ്രാങ്കോയുടെ കീഴില്‍ കിടന്ന് കന്യാസ്ത്രീകള്‍ കഷ്ടപ്പെടുകയാണെന്നും ഓരോരുത്താരായി സഭ വിട്ടു പോകുന്നുവെന്നും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്ന് വീട്ടുകാര്‍ ജനറാളിനോട് ആവശ്യപ്പെട്ടു. എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ജൂലൈ 30 വരെ സമയം തരണമെന്നുമായിരുന്നു ജനറാള്‍ പറഞ്ഞത്. അത് ഞങ്ങളും സമ്മതിച്ചു. എന്താണ് നിങ്ങളുടെ ആവശ്യം എന്നുള്ളത് കത്തിലൂടെ അറിയിക്കാന്‍ ഞങ്ങളോടും ജനറാള്‍ പറഞ്ഞു. ഞങ്ങള്‍ രണ്ട് ഓപ്ഷന്‍ ആണ് മുന്നോട്ടു വച്ചത്. ഞങ്ങള്‍ നാലുപേരെയാണ് ഇവര്‍ കൂടുതലായി ഉപദ്രവിക്കുന്നത്. 2019 പകുതിയോടു കൂടിയാണ് ജനറാളിന്റെ ടേം തീരുന്നത്. അതുവരെ ഞങ്ങള്‍ നാലുപേരെയും ഈ കോണ്‍വന്റില്‍ മനസമാധനത്തോടെ ജീവിക്കാന്‍ അനുവദിക്കുക. രണ്ടാമത്തെ ഓപ്ഷന്‍, ബിഹാറില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ, കുറവിലങ്ങാട് മഠം മിഷന്‍ ഹോം ആയി തന്നുകൊണ്ട് ബിഹാറിലേക്ക് വിടണം. ഞങ്ങള്‍ മാത്രമല്ല വേറെ ആര്‍ക്കൊക്കെ ആഗ്രഹമുണ്ടോ അവര്‍ക്കും വരാം. ഇതിനൊപ്പം തന്നെ സിസ്റ്ററുടെ പ്രശ്‌നങ്ങളും രേഖമൂലമുള്ള പരാതിയായി ജനറാളമ്മയ്ക്ക് കൊടുക്കുകയും ചെയ്തിരുന്നു.

എന്തെങ്കിലുമൊക്കെ തീരുമാനം വരുമെന്ന് കരുതി കാത്തിരിക്കുമ്പോഴാണ്, ജൂണ്‍ 20 ന് ഞങ്ങള്‍ക്കൊരു കത്ത് വരുന്നത്. ബിഷപ്പ് ഫ്രാങ്കോയെ കൊല്ലാന്‍ ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഗൂഢാലോചന നടത്തി എന്ന് ജലന്ധറില്‍ നിന്നും ജനറാളമ്മയുടെ കത്ത്. ഞങ്ങള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകമാണ് വന്നത്. കത്തുകള്‍ വന്നതിനു അടുത്ത ദിവസം തന്നെ സിസ്റ്ററിന്റെ സഹോദരനെതിരേ പഞ്ചാബില്‍ കേസ് കൊടുത്തിട്ട് അവിടെ നിന്നും പൊലീസ് വാറണ്ട് അയച്ചു. ഇതോടെ ഞങ്ങള്‍ വത്തിക്കാന്‍ പ്രതിനിധിക്കും( ഇമെയില്‍ വഴിയും) വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിക്കും(ബ്ലുഡാര്‍റ്റ് വഴി) അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നു അഭ്യര്‍ത്ഥിച്ച് എഴുതി. ഈ സമയം പഞ്ചാബില്‍ സിസ്റ്റര്‍ക്കെതിരേ വാട്‌സ് ആപ്പ് വഴിയും പത്രമാധ്യമങ്ങള്‍ വഴിയുമൊക്കെ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ ഞങ്ങള്‍ വത്തിക്കാനിലേക്ക് എഴുതിയറിയിച്ചിരുന്നു. ഒരു മറുപടിയും വന്നില്ല. ഇതു കഴിഞ്ഞ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് ജനറാളിനും ഒരു കത്തയച്ചു. അവിടെ നിന്നും മറുപടി കിട്ടിയില്ല. ഇതും കഴിഞ്ഞാണ് ഞങ്ങളുടെ വീട്ടുകാര്‍ക്കെതിരേ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുന്നത്. ഫ്രാങ്കോയെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയുടെ സഹോദരനെ പൊലീസ് വിളിപ്പിച്ചു. അപ്പോഴാണ് സഹോദരന് ഇതിന്റെ പുറകില്‍ നടന്ന കാര്യങ്ങളെല്ലാം പൊലീസിനോട് പറയേണ്ടി വരുന്നത്. അതോടെ പൊലീസില്‍ കേസ് കൊടുക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരായി. അങ്ങനെ കോട്ടയം എസ്പിക്ക് വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ ഞങ്ങള്‍ പരാതി നല്‍കി. ബലാത്സംഗം നടന്നു എന്ന കാര്യം കൃത്യമായി ആ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ കേസ് കൊടുക്കുന്നത്.

ആദ്യം നല്ലരീതിയില്‍ പൊലീസ് ഇത് അന്വേഷിച്ചു. പക്ഷേ, ദിവസങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ നടപടിയൊന്നും കാണാതെ വന്നതോടെയാണ്, എറണാകുളത്ത് സേവ് അവര്‍ സിസ്‌റ്റോഴ്‌സ് മൂവ്‌മെന്റ് തുടങ്ങിയ സമരത്തില്‍ പങ്കെടുക്കാന്‍ ഞങ്ങളും തീരുമാനിച്ചത്. എറണാകുളത്തെ പരിപാടിയുടെ നോട്ടീസ് കിട്ടിയപ്പോള്‍ അവിടെ വരെ ഒന്നുപോയി ഞങ്ങളുടെയും കൂടി പിന്തുണ അറിയിക്കാം എന്നുമാത്രമെ തീരുമാനം ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഞങ്ങള്‍ക്കും സമരം ചെയ്യേണ്ട ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ വന്നെത്തി. ഞങ്ങള്‍ പലപ്പോഴും തമാശയെന്നോണം പറയുന്നകാര്യമായിരുന്നു നീതി കിട്ടാന്‍ തെരുവില്‍ ഇറങ്ങണമെങ്കില്‍ ഞങ്ങള്‍ ഇറങ്ങുമെന്ന്. അതിങ്ങനെ ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല. ഇത്രവലിയൊരു കോളിളക്കം ഉണ്ടാകുമെന്നും കരുതിയില്ല. ആദ്യ ദിവസം എറണാകുളത്ത് വന്നത് സമരത്തില്‍ പങ്കെടുത്തിട്ട് പോവുക എന്ന ഉദ്ദേശത്തില്‍ മാത്രമായിരുന്നു. 84 വയസോളം പ്രായമുള്ള ഒരു അഭിഭാഷകനായിരുന്നു ആദ്യം നിരാഹാരം കിടന്നത്. പിന്നെ സ്റ്റീഫന്‍ സാര്‍. ഇവരൊക്കെ ഞങ്ങള്‍ക്ക് വേണ്ടിയാണല്ലോ ഇതെല്ലാം ചെയ്യുന്നതെന്നോര്‍ത്തപ്പോള്‍ അവരെ കണ്ട് രണ്ട് നന്ദിവാക്ക് എങ്കിലും പറഞ്ഞിട്ടുപോകണം എന്നു തോന്നിയിട്ടാണ് വരുന്നത്. പക്ഷേ, ആദ്യത്തെ ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെന്നില്ലെങ്കില്‍ ശരിയാകില്ലെന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. അതോടെയാണ് പൂര്‍ണമായി പങ്കെടുക്കാന്‍ തീരുമാനിച്ചത്.

ഇതിന്റെ പേരില്‍ സഭയില്‍ നിന്നും വലിയ സമ്മര്‍ദ്ദം ഞങ്ങള്‍ക്കുമേല്‍ ഉണ്ടായി. കെസിബിസി, എംജെ കോണ്‍ഗ്രിഗേഷന്‍, ജലന്ധര്‍ രൂപതയെല്ലാം ഞങ്ങള്‍ക്കെതിരേ വന്നു. പ്രസ് റിലീസുകളൊക്കെ ഞങ്ങള്‍ക്കെതിരേ അവര്‍ ഇറക്കി. പക്ഷേ അതൊന്നും ഞങ്ങളെ ഭയപ്പെടുത്തിയില്ല. ഒന്നുകൂടി ഞങ്ങള്‍ ദൃഢപ്പെടുകയാണുണ്ടായത്. ഞങ്ങളുടെ ഭാഗത്താണ് സത്യം ഉള്ളതെന്ന ബോധ്യം ഉണ്ടായിരുന്നു. ഇടയ്‌ക്കൊക്കെ വിഷമം തോന്നിയിട്ടുണ്ട്, ഞങ്ങളുടെ സഭ തന്നെയാണല്ലോ ഇങ്ങനെ കാണിക്കുന്നതെന്നോര്‍ത്ത്. ഒത്തിരി വിഷമിച്ചിരുന്നിട്ടുണ്ട്. പക്ഷെ, അതൊന്നും മുഖത്ത് കാണിക്കാതെ തരണം ചെയ്യുകയായിരുന്നു. കാരണം ഞങ്ങള്‍ തളര്‍ന്നാല്‍ അമ്മ തളരും. അമ്മ തളര്‍ന്നാല്‍ ഞങ്ങളും. അതുകൊണ്ട് പരസ്പരം ഞങ്ങള്‍ ബലപ്പെടുത്തിക്കൊണ്ടിരുന്നു.

ഇപ്പോളും ഞങ്ങളെ മാനസികമായി പീഢിപ്പിക്കുന്നുണ്ട്. ഞങ്ങളെ മഠത്തില്‍ ഒന്നിനും ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നു. അപവാദപ്രചാരണങ്ങള്‍ നടത്തുന്നു. പക്ഷേ, ഞങ്ങള്‍ നീതി കിട്ടുന്നതുവരെ ഈ പോരാട്ടം തുടരും. സഭ തലത്തിലും വന്നു, സര്‍ക്കാര്‍ തലത്തിലും വന്നു. ഇനി ആകെയുള്ള പ്രതീക്ഷ നീതിന്യായ വ്യവസ്ഥിതിയിലാണ്. ഞങ്ങളീ ചെയ്യുന്നതൊന്നും കര്‍ത്താവിന് നിരക്കാത്ത കാര്യമല്ല, സഭയ്ക്ക് എതിരെയുമല്ല. സഭ അധികാരികളുടെ ചട്ടങ്ങള്‍ക്കെതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. അധികാരം കൊണ്ട് അവര്‍ കാണിക്കുന്ന അനീതിയെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ബൈബിളില്‍ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ക്ക് ഒരേയൊരു പിതാവേയുള്ളൂ അത് നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് ആണെന്ന്. ഒരു മെത്രാനെ കാണുമ്പോള്‍ പിതാവേ എന്നാണ് സംബോധന ചെയ്യുന്നത്. ബൈബളില്‍ പറയുന്നതിന് എതിരായി പോയത് ഞങ്ങളല്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് മരിക്കേണ്ടി വന്നാലും സത്യം വെടിയരുത് എന്നാണ്. ഞങ്ങളെ ഒത്തിരി ദൃഢപ്പെടുത്തുന്ന വാക്കാണിത്. ഞങ്ങളിതുവരെ കര്‍ത്താവിന് എതിരായി ഒന്നും ചെയ്തിട്ടില്ല. ഇത്രയും നാളും ഞങ്ങളെ കൈ പിടിച്ചു നടത്തിയതും കര്‍ത്താവ് തന്നെയാണ്. ഞങ്ങളെന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവരാണ്.

ഈ പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നീതി പൂര്‍ണമായി കിട്ടിയിട്ടില്ല. ഒരുപാട് ത്യാഗങ്ങളും വെല്ലുവിളികളും അതിജീവിച്ച് ഞങ്ങള്‍ നില്‍ക്കുന്നത് അന്തിമമായ വിജയത്തിനു വേണ്ടിയാണ്. എതിരാളികള്‍ അതിശക്തരാണ്. അവര്‍ക്ക് എന്തിനും കഴിയും. ഞങ്ങളെ ഒരുമിച്ച് ഇല്ലാതാക്കാന്‍ വരെ. പക്ഷേ, മരിക്കേണ്ടി വന്നാലും പിന്മാറ്റമില്ല. ഫ്രാങ്കോയെക്കെതിരേയുള്ള കുറ്റപത്രം തയ്യറാണെന്നു പറയുന്നു. പക്ഷേ, ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഉടനെ നിയമിക്കുമെന്ന് അന്വേഷണ സംഘം പറയുന്നു. പക്ഷേ, ഒന്നും നടന്നിട്ടില്ല. ഈ കേസില്‍ എന്തെങ്കിലും അട്ടിമറി നടക്കുന്നുണ്ടെങ്കില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയാണെങ്കില്‍ വീണ്ടും ഞങ്ങള്‍ തെരുവിലേക്ക് വരും…സമരം ചെയ്യും. കര്‍ത്താവ് ഞങ്ങള്‍ക്കൊപ്പം നില്‍ക്കും. മരിക്കേണ്ടി വന്നാലും സത്യം പരാജയപ്പെടാന്‍ അനുവദിക്കില്ല ഞങ്ങള്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍