കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ എന്നീ ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസോന്നമനം ലക്ഷ്യമാക്കിയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ വെളിയന്തോടിലുള്ള ജവഹര്‍ കോളനിയിലുള്ള ഇന്ദിരഗാന്ധി സ്മാരക മാതൃക ആശ്രമ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്
ആദിവാസി ഉന്നമനത്തിന് പ്രായോഗികമായതില്‍ ഏറ്റവും പ്രധാനമാര്‍ഗം വിദ്യാഭ്യാസമാണ്. അരിയും തുണിയും നല്‍കി, ആദിവാസിയെ ‘സംരക്ഷിക്കുകയല്ല’ അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാന്‍ വഴിയൊരുക്കുകയും ആ വഴിയിലേക്ക് അവരെ കുട്ടിക്കൊണ്ടുവന്ന് മറ്റാര്‍ക്കുമെന്നപോലെ മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്ന ബോധ്യം ഉണ്ടാക്കി കൊടുക്കുകയും അതിനായുള്ള വിദ്യാഭ്യാസം നേടാന്‍ പ്രാപ്തരാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യേണ്ടത്. കേരളത്തിലെ ആദിവാസി മേഖലകളിലെല്ലാം ഇതിന്‍ പ്രകാരം വിദ്യാലായങ്ങള്‍ സ്ഥാപിക്കുകയും അതിന്റെ വികസനത്തിനായി കോടികള്‍ ഫണ്ട് അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നിരിക്കിലും സര്‍ക്കാരിന്റെ ഈ വിദ്യാഭ്യാസ പ്രോത്സാഹനം എത്രത്തോളം ആദിവാസികള്‍ക്ക് ഗുണം ചെയ്യുന്നുണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. നാളിതുവരെ നാം കാര്യമായി ചര്‍ച്ച ചെയ്യാത്തതും അതു തന്നെയാണ്.
കേരളത്തിലെ പ്രാക്തനഗോത്രവിഭാഗങ്ങളായ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ എന്നീ ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസോന്നമനം ലക്ഷ്യമാക്കിയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ വെളിയന്തോടിലുള്ള ജവഹര്‍ കോളനിയിലുള്ള ഇന്ദിരഗാന്ധി സ്മാരക മാതൃക ആശ്രമ വിദ്യാലയം (ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഐജിഎംഎംആര്‍എസ്) പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറിയും ആരംഭിച്ചു. നലവില്‍ അഞ്ഞൂറിനു മുകളില്‍ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കോടികളുടെ ഫണ്ട് ലഭ്യമാകുന്നതിനാല്‍ മികച്ച കെട്ടിടങ്ങളും ഭൗതികസാഹചര്യങ്ങളുമൊക്കെ സ്‌കൂളിനുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ കുട്ടികള്‍ക്ക് ഇവിടെ താമസിച്ചു പഠിക്കാം.
ഇത്രയും കേള്‍ക്കുമ്പോള്‍, ഉള്‍ക്കാടുകളില്‍ കാട്ടുവിഭവങ്ങള്‍ ശേഖരിച്ചും കാടുമായി മാത്രം ബന്ധപ്പെട്ടും ജീവിതം നയിച്ചിരുന്ന കാട്ടുനായ്ക്കര്‍ക്കും ചോലനായ്ക്കര്‍ക്കും വിദ്യാഭ്യാസത്തിലൂടെ പുറംലോകത്തിന്റെ സാധ്യതകളിലേക്ക് കടന്നെത്താന്‍ സഹായിക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും പ്രയോജനകരമായ പദ്ധതി തന്നെ ഐജിഎംഎംആര്‍എസ് എന്ന് നമ്മള്‍ കരുതും. അങ്ങനെ കരുതുന്നതില്‍ തെറ്റുമില്ല. പക്ഷേ, ഒരു സ്‌കൂള്‍ ഉണ്ടാക്കിയിട്ടതുകൊണ്ട് മാത്രം ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് നമ്മള്‍ വാഗ്ദാനം ചെയ്യുന്ന ഭാവി ലഭ്യമാകുന്നുണ്ടോ എന്നതാണ് മുഖ്യ വിഷയം.
കാട്ടുനയ്ക്കരും ചോലനായ്ക്കരും ഉള്‍ക്കാടുകളിലാണ് താമസിക്കുന്നത്. വനവിഭവങ്ങള്‍ ശേഖരിച്ചാണ് അവരുടെ ജീവിതം. ഉള്‍ക്കാടുകളിലായതിനാല്‍ തന്നെ, കാടിനു വെളിയില്‍ വന്ന് പഠിക്കാനും മറ്റുമുള്ള തടസ്സങ്ങള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് ഏറെയുണ്ട്. പലപ്പോഴും രക്ഷിതാക്കളും മക്കളെ പഠിക്കാന്‍ വിടാന്‍ താത്പര്യം കാണിക്കാറില്ല. ഈയൊരു സാഹചര്യത്തില്‍ ഐജിഎംഎംആര്‍എസിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ കാടിനുള്ളില്‍ ചെന്ന് രക്ഷിതാക്കളെ കാണുന്നതും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതും സര്‍ക്കാര്‍ വക വാഹനങ്ങളെ ഉപയയോഗപ്പെടുത്തി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവന്നു ചേര്‍ക്കുന്നതുമെല്ലാം ഞങ്ങള്‍ സാമൂഹികപ്രവര്‍ത്തകരായിരിക്കും. പഠിക്കാന്‍ വളരെ സമര്‍ത്ഥരായ കുട്ടികളുണ്ട്. ഡിഗ്രിയും മറ്റും സമ്പാദിച്ച് വലിയ ജോലിയൊക്കെ സ്വപ്‌നം കാണുന്നവര്‍. ഐജിഎംഎംആര്‍സ് ആധുനിക സൗകര്യങ്ങളൊക്കെയുള്ള സ്‌കൂളുമാണ്. ഞങ്ങളുടെ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ നാളെ വലിയ ആളുകളായി പൊതുസമൂഹത്തില്‍ ഉയര്‍ന്നസ്ഥാനങ്ങളൊക്കെ നേടി ജീവിക്കുന്ന ലക്ഷ്യത്തിനായാണ് എത്ര കഷ്ടപ്പെട്ടായാലും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ മുന്നോട്ടിറങ്ങുന്നതും. പക്ഷേ, ഐജിഎംഎംആര്‍എസ്സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഞങ്ങള്‍ക്ക് പരാതികളുണ്ട്. ആ പരാതികള്‍ക്ക് പരിഹാരം കാണേണ്ടത് ഐടിഡിപിയും സര്‍ക്കാരുമാണ് അവരതിന് തയ്യാറാകുന്നില്ലെങ്കില്‍ ഭരണകൂടത്തിന്റെ ആദിവാസി സ്‌നേഹം വെറും പ്രഹസനം ആണന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരും; ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ചിത്ര പറയുന്നു.
നവകേരളത്തിലെ ഒരു ആദിവാസി അടിമ; അവന് വിളിപ്പേര് പൊട്ടാടി; ഞെട്ടിക്കും ഈ ജീവിത ചിത്രം
ആദിവാസിക്കുട്ടികള്‍ അടിമക്കൂട്ടങ്ങളല്ല
ഐജിഎംഎംആര്‍എസ്സിന്റെ ഹോസ്റ്റല്‍ സൗകര്യത്തിലെ അപര്യാപ്തതയാണ് ഏറെ ഗൗരവം. ആണും പെണ്ണുമായി അഞ്ഞൂറിനു മുകളില്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹോസ്റ്റലുകള്‍ തീര്‍ത്തും ശോചനീയമാണ്. ഒരു മതില്‍ക്കെട്ടിന്റെ വേര്‍തിരിവില്‍ നില്‍ക്കുന്നതാണ് സ്‌കൂളും ഹോസ്റ്റലും. കോടികള്‍ ഫണ്ട് കിട്ടുമ്പോഴും സ്‌കൂളില്‍ വലിയ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കിയിട്ടും കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇപ്പോഴും നല്ലൊരു ബാത്ത്‌റൂം പോലുമില്ല, കൃത്യമായ വൈദ്യുതിയില്ല, ജനാലകളും വാതിലുകളും തകര്‍ന്ന നിലയില്‍. കുട്ടികളെ കുത്തിനിറച്ച പോലെയാണ് ഇതിനുള്ളില്‍ ഇട്ടിരിക്കുന്നത്. കാലിത്തൊഴുത്തിലെന്നപോലെ, കാടിന്റെ വിശാലതയില്‍ ജീവിച്ചവരാണവര്‍, ഇപ്പോള്‍ അവരെ പൂട്ടിയിട്ട് ശ്വാസം മുട്ടിക്കുന്നതുപോലെയാണ്. കുട്ടികള്‍ തന്നെയാണ് ഈ പരാതികള്‍ പറയുന്നത്; ചിത്ര പറയുന്നു. ആദിവാസിക്കുട്ടികള്‍ അടിമക്കൂട്ടങ്ങളല്ലെന്ന് അധികൃതര്‍ മനസിലാക്കണമെന്നും ചിത്ര ഓര്‍മിപ്പിക്കുന്നു.
ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു
ഈ പരാതി ഒരു യഥാര്‍ത്ഥ്യമാണെന്ന് നിലമ്പൂര്‍ ഐടിഡിപി പ്രൊജക്റ്റ് ഓഫിസറും സമ്മതിക്കുന്നുണ്ട്. ഹോസ്റ്റലിന്റെ അസൗകര്യങ്ങള്‍ ഒരു യാഥാര്‍ത്ഥ്യാമാണ്. അത് പരിഹരിക്കാനുള്ള വഴികള്‍ തേടുന്നുണ്ട്. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നുണ്ട്; പ്രൊജക്റ്റ് ഓഫിസര്‍ പറയുന്നു.
വര്‍ഷങ്ങളായി സ്‌കൂളും ഹോസ്റ്റലും സ്ഥാപിതമായിട്ടെന്നോര്‍ക്കണം. ഇപ്പോഴും കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇത്രയും അസൗകര്യങ്ങള്‍ തുടര്‍ന്നിട്ടും അവ പരഹരിക്കപ്പെടുന്നില്ലെങ്കില്‍, അതെന്തുകൊണ്ടാകും. നഗരങ്ങളിലെയൊക്കെ സ്‌കൂളിലോ കോളേജിലോ ആണ് ഇത്തരം പ്രശ്‌നങ്ങളെങ്കില്‍ എപ്പോഴേ പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാകും. ഇതുപക്ഷേ ആദിവാസി കുട്ടികളുടെ കാര്യമല്ലേ, ആര് തിരക്കാനാണ്. ആരാണ് അവര്‍ക്കായി പറയാനുള്ളത്; ചിത്രയുടെ ചോദ്യമാണ്.
എന്തിനാണ് ഞങ്ങള്‍ പഠിക്കുന്നത്?
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ടൊരു വിഷയം പറയേണ്ടത്. ഞങ്ങളെ എന്തിനാണ് പഠിപ്പിക്കുന്നതെന്ന് കുട്ടികള്‍ ചോദിക്കുകയാണ്. ആ ചോദ്യത്തിനു മുന്നില്‍ ഉത്തരം ഇല്ലാതെ നില്‍ക്കുകയാണ്. അടുത്ത അധ്യായനവര്‍ഷത്തിലേക്ക് കുട്ടികളെ കണ്ടെത്താന്‍ കാടിനുള്ളില്‍ ചെല്ലുമ്പോള്‍ ഈ ചോദ്യം കുട്ടികളില്‍ നിന്നു മാത്രമല്ല അവരുടെ രക്ഷിതാക്കളില്‍ നിന്നും കേള്‍ക്കേണ്ടി വരും. എന്തിനാണ് അവരെ കൊണ്ടുപോയി പഠിപ്പിച്ചിട്ടെന്ന്? പഠിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല, നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി പത്തും പ്ലസ് ടുവുമെല്ലാം ജയിച്ച കുട്ടികള്‍ ഉള്‍പ്പെടെയാണ് ഈ ചോദ്യം ചോദിക്കുന്നത്. അവര്‍ പഠിച്ചു, പക്ഷേ അവര്‍ക്ക് എന്തു ഗുണം കിട്ടി?
തുടര്‍വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി കുട്ടികള്‍ ഇവിടെയുണ്ട്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ഒരേയൊരു വിദ്യാര്‍ത്ഥി മാത്രമാണ് പിജി പഠിക്കുന്നത്. കൊച്ചിയില്‍. പലരുടെയും മഹാമനസ്‌കത കൊണ്ട്. പക്ഷേ, ഒരാളുടെ കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങളും സൗകര്യങ്ങളും എല്ലാ കുട്ടികളുടെയും കാര്യത്തില്‍ നടക്കില്ല. സര്‍ക്കാരിന് മാത്രമെ അതിന് കഴിയൂ. മലപ്പുറം ജില്ലയിലെ കോളേജുകളില്‍ പോലും പോയി പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പോയി വരിക എന്നത് അസംഭവ്യമാണ്. ഹോസ്റ്റലുകളില്‍ നില്‍ക്കണം. മലപ്പുറത്തുള്ള മൊത്തം പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഇപ്പോള്‍ തന്നെ കുട്ടികള്‍ അമിതമാണ്. മറ്റ് താമസസൗകര്യങ്ങള്‍ നോക്കാം എന്നത് കാട്ടുനായ്ക്കരേയും ചോലനായ്ക്കരേയും സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല.
‘അവളൊക്കെ ആ ജാതിയിലുള്ളതാ…’; എം.ജിയിലെ ആദ്യ (ഏക) ആദിവാസി അധ്യാപിക ജീവിതം പറയുന്നു
ഇത്തരം തടസങ്ങള്‍ കാരണം പത്തിലും പ്ലസ് ടുവിലും പഠനം പൂര്‍ത്തിയാക്കി വെറുതെ വീട്ടില്‍ ഇരിക്കേണ്ടി വരുന്ന കുട്ടികള്‍ ധാരളമുണ്ട് കാട്ടുനായ്ക്കരിലും ചോലനായ്ക്കരിലും. പിഎസ് സി കോച്ചിംഗിനുള്ള സൗകര്യം പോലും ഇവര്‍ക്കു കിട്ടുന്നില്ല. ഒരു പിഎസ് സി പരീക്ഷയെഴുതാന്‍ പോകാന്‍ പോലും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഏറെയാണ്.
ആദിവാസികളെ വേണ്ടേ?
തുടര്‍ വിദ്യാഭ്യാസത്തിനോ, യോഗ്യതയ്ക്കനുസരിച്ച ജോലിക്കോ അവസരം കിട്ടാതെ വന്നതോടെയാണ് ഐജിഎംഎംആര്‍എസ്സില്‍ തന്നെ പലരും അപേക്ഷിച്ചത്. അധ്യാപക നിയമനം പിഎസ് സി വഴിയാണെങ്കിലും കരാര്‍ അടിസ്ഥാനത്തില്‍ മറ്റ് നിയമനങ്ങള്‍ നടക്കുന്നുണ്ട്. അതിലേക്കാണ് ഇവിടത്തെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്ന ആദിവാസികള്‍ അപേക്ഷിക്കുന്നത്. അടുക്കള പണിക്കും, നിലം തൊടക്കാനും കുട്ടികളെ നോക്കുന്ന ആയയുടെ പോസ്റ്റിലേക്കുമൊക്കെയാണ് കുട്ടികള്‍ അപേക്ഷിക്കുന്നത്. പക്ഷേ, അതൊന്നും അവര്‍ക്ക് കിട്ടുന്നില്ല. അധ്യാപക നിയമനം പിഎസ്‌സി വഴിയാണെന്ന് വയ്ക്കാം. പക്ഷേ, കരാര്‍ നിയമനങ്ങളോ? ഇവിടെയിപ്പോള്‍ ജോലിക്കാരായി ഉള്ളതില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാം മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരാണ്. രാഷ്ട്രീയ സ്വാധീനം വച്ച് ജോലി കിട്ടുന്നവര്‍. പിന്തള്ളപ്പെടുന്നതോ കാട്ടുനായ്ക്കരും ചോലനായ്ക്കരും. എത്രയോ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ആകെ ഒരു ആയയോ മറ്റോ ആണ് അവരെ നോക്കാന്‍. അതും പുറത്തു നിന്നുള്ളൊരാള്‍. അടുക്കളപ്പണിക്കുപോലും ഞങ്ങളുടെ കുട്ടികളെ വേണ്ടെന്നുവയ്ക്കുമ്പോള്‍ ഈ സ്‌കൂള്‍ ഞങ്ങള്‍ക്കായാണ് എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥം? ഞങ്ങളുടെ പേരില്‍ മറ്റുള്ളവര്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമല്ലേ ഇത്.
ഇവിടുത്തെ അധ്യാപകര്‍ക്ക് മറ്റുള്ളവരില്‍ നിന്നും ഓണറേറിയം വളരെ കൂടുതലാണ്. എന്നിട്ടുപോലും കൃത്യമായി അവരുടെ ജോലി ചെയ്യുന്നില്ലെന്നതാണ് കുറ്റകരമായ കാര്യം. അധ്യാപകരുടെ കുറവും നന്നായുണ്ട്. അത് പരിഹരിക്കുന്നില്ല. കരാര്‍ അടിസ്ഥാനത്തിലെങ്കിലും ആദിവാസികള്‍ക്കിടയില്‍ നിന്നും അധ്യാപകയോഗ്യതയുള്ളവരെ എടുക്കാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല; ചിത്ര ആരോപിക്കുന്നു.
എന്നാല്‍ അധ്യാപകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടെന്നത് വാസ്തവമാണെങ്കിലും മറ്റു പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ഐടിഡിപി പറയുന്നത്. ബിഎഡ്, നെറ്റ്, സെറ്റ് ഒക്കെയുള്ളവരെയാണ് അധ്യാപക നിയമനത്തില്‍ പരിഗണിക്കുന്നത്. പിഎസ് സി വഴിയല്ലാതെ നടക്കുന്ന നിയമനത്തിലും ഈ യോഗ്യതകള്‍ പരിഗണിക്കാതെ നിര്‍വാഹമില്ല. അങ്ങനെ വരുമ്പോള്‍ യോഗ്യതയില്ലാത്തവരെ പരിഗണിക്കാതിരിക്കുക എന്നത് അവഗണനയായി കാണാന്‍ കഴിയില്ലെന്നാണ് ഐഡിടിപി ഉദ്യോഗസ്ഥന്‍ പറയുന്നത്.
അട്ടപ്പാടിയില്‍ ഇനിയുമുണ്ട് മധുമാര്‍, കാട്ടിനുള്ളില്‍ കുഴിച്ചുമൂടപ്പെട്ടവര്‍
അങ്ങനെയെങ്കില്‍ മറ്റു ജോലികളുടെ കാര്യത്തിലോ എന്ന് തിരിച്ചു ചോദിക്കുന്നു. ഇവിടെയിപ്പോള്‍ പലകാര്യങ്ങളിലും കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട്. ഒന്നാമതായി ആ കുട്ടികളെ, അവരുടെ രീതികള്‍, ഭാഷ ഇവയൊന്നും ഇവര്‍ക്ക് മനസിലാകുന്നില്ല. ഹോസ്റ്റലില്‍ കുട്ടികള്‍ പരസ്പരം ഗോത്രഭാഷയാണ് സംസാരിക്കുന്നത്. ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് ഇതു മനസിലാകുന്നില്ല. അവരുടെ ഭാഷയില്‍ അവരോട് സംസാരിക്കുന്ന, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നവരെയല്ലേ ആയയായും മറ്റ് നിയമിക്കേണ്ടത്? എത്ര ചോലനായ്ക്ക, കാട്ടുനായ്ക്ക കുട്ടികളാണ് ആ തസ്തികകളിലേക്ക് അപേക്ഷ അയച്ചത്. ആരെയെങ്കിലും എടുത്തോ? കുട്ടികളെ മനസിലാക്കാന്‍ ഇപ്പോള്‍ ഉള്ളവര്‍ക്ക് കഴിയുന്നില്ല. ഒന്നാം ക്ലാസില്‍ തുടങ്ങി ആ കുട്ടികള്‍ കാടും വീടും വിട്ട് ഇവിടെ വരുകയാണ്. പിന്നെ ഇതിനകത്താണ് അവര്‍ വീര്‍പ്പുമുട്ടി കഴിയുന്നത്. മാതാപിതാക്കള്‍ വന്നു കാണുന്നത് അപൂര്‍വമാണ്. കുട്ടികള്‍ അവധിക്കാലത്ത് മാത്രമാണ് ഊരുകളിലേക്ക് പോകുന്നത്. ചിലപ്പോള്‍ അവര്‍ പ്രകോപിതരായി പോയെന്നിരിക്കും. അതവരെ കേള്‍ക്കാതെയും മനസിലാക്കാതെയും അവഗണിക്കുന്നതു കൊണ്ടാണ്. പക്ഷേ, ഇവിടെയുള്ളവര്‍ പറയുന്നത് ആദിവാസിക്കുട്ടികള്‍ വാതില്‍ തകര്‍ക്കുന്നു, ജനല്‍ എറിഞ്ഞുടയ്ക്കുന്നു എന്നൊക്കെയാണ്; ചിത്ര ചൂണ്ടിക്കാണിക്കുന്നു. പിടിഎ കമ്മിറ്റിയൊക്കെ ഉണ്ടെങ്കിലും അതിലുള്ള രക്ഷകര്‍ത്താക്കള്‍ യോഗങ്ങളില്‍ വന്നാല്‍ തന്നെ മൗനമായിരിക്കുകയേയുള്ളു. എന്ത് പറയണം, എങ്ങനെ പറയണമെന്ന് അവര്‍ക്ക് അറിയില്ല. അതും കുട്ടികള്‍ക്ക് തിരിച്ചടിയാണ്.
അംബേദ്കര്‍ ദിനത്തില്‍ പരിചയപ്പെടാം, സ്വന്തമായി പഞ്ചായത്ത് ഓഫീസ് പണിയേണ്ടിവന്ന ദളിത് പ്രസിഡന്റിനെ
കുക്ക്, സ്വീപ്പര്‍ മുതലായ തസ്തികകളിലേക്കുള്ള കരാര്‍ നിയമനം തങ്ങളുടെ ഇഷ്ടത്തിനല്ല നടത്തുന്നതെന്നും എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി വരുന്ന നിയമനങ്ങളാണ് എന്നാണ് ഐടിഡിപിക്ക് ഇതിനുള്ള മറുപടി. രാഷ്ട്രീയസ്വാധീനമോ മറ്റൊരിടപെടലും ഇക്കാര്യത്തില്‍ നടക്കുന്നില്ലെന്നും ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ വ്യക്തമാക്കുന്നു.
കാടുമില്ല, നാടുമില്ലാതായില്ലേ ഞങ്ങള്‍ക്ക്
നിയമങ്ങള്‍ വച്ച് ന്യായീകരിക്കാന്‍ ഐടിഡിപിക്ക് കഴിയുമായിരിക്കും. ആ നിയമങ്ങള്‍ ആദിവാസികള്‍ക്ക് എതിരാണെങ്കില്‍ അത് മാറ്റണം. ഐജിഎംഎംആര്‍എസ് കാട്ടുനായ്ക്ക ചോലനായ്ക്ക വിഭാഗങ്ങള്‍ക്കായി സ്ഥാപിതമായതാണ്. അങ്ങനെയുള്ളപ്പോള്‍ അവിടെയുള്ള തൊഴിലവസരങ്ങളില്‍ ഈ വിഭാഗത്തിനല്ലേ മുന്‍ഗണന കൊടുക്കേണ്ടത്. സര്‍ക്കാര്‍ ആ തരത്തിലല്ലേ ചിന്തിക്കേണ്ടത്. ആദിവാസിയെ എങ്ങനെയും പറ്റിക്കാം, ചൂഷണം ചെയ്യാം എന്ന ധാരണയുള്ളതുകൊണ്ടാകാം എല്ലാം അറിഞ്ഞിട്ടും ആരും മിണ്ടാത്തത്.
ദളിത്, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന
ചിത്ര പറയുകയാണ്; കുറെ കുട്ടികള്‍ ഈ കാടുകള്‍ക്കുള്ളില്‍ നിരാശരായി ഉണ്ട്. അവര്‍ക്കിപ്പോള്‍ ഭാവിയെ കുറിച്ച് ഒരു പ്രതീക്ഷയുമില്ല. കാടും അവര്‍ക്ക് അന്യം നാടും അന്യം. കാട്ടുതേനും കുന്തിരിക്കവുമൊക്കെ ശേഖരിക്കാന്‍ കുട്ടിക്കാലത്തേ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍ വന്ന് ഞങ്ങളെ കൊണ്ടു പോയി. വര്‍ഷങ്ങളോളം ഈ കാട്ടില്‍ നിന്നും ഞങ്ങള്‍ മാറി നിന്നു. തേന്‍ ശേഖരിക്കാനും കുന്തിരിക്കം പറിക്കാനും ഞങ്ങള്‍ പഠിച്ചില്ല. പകരം സ്‌കൂളില്‍ വന്നു പഠിച്ചു. സ്‌കൂളില്‍ പഠിച്ചാല്‍ ജോലി കിട്ടും എന്നു പറഞ്ഞു. ഇതുവരെ ഞങ്ങള്‍ക്ക് ഒരു ജോലിയും കിട്ടിയില്ല. കാട്ടുവിഭവങ്ങള്‍ ശേഖരിക്കാനും ഞങ്ങള്‍ക്ക് അറിയില്ല. വീടിനുള്ളില്‍ തന്നെ ഇരിക്കണം. ഇതിനായിരുന്നോ ഞങ്ങളെ പഠിപ്പിക്കാന്‍ കൊണ്ടുപോയത്? ഞങ്ങളോട് കുട്ടികള്‍ ചോദിക്കുന്ന ചോദ്യമാണ്…എന്തു മറുപടിയാണ പറയേണ്ടത്. ഐടിഡിപിക്കാരും സര്‍ക്കാരുമൊക്കെ പറഞ്ഞു താ…
അതിരപ്പിള്ളി: നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് കാടരുടെ അതിജീവനത്തിന് എന്നത് മറക്കരുത്