UPDATES

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

സര്‍ക്കാരിന് വിവേചനാധികാരമുണ്ടെങ്കിലും തീവ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ജോലി നല്‍കുന്നതിനുള്ള ചട്ടം 39 ഉപയോഗിച്ചാണ് ഇവരെ കിര്‍താഡ്സില്‍ സ്ഥിരപ്പെടുത്തിയത്

ചട്ടങ്ങള്‍ മറികടന്ന് കിര്‍താഡ്‌സില്‍ നിയമനം. വിദ്യാഭ്യാസ യോഗ്യതയും ചട്ടങ്ങളും കണക്കിലെടുക്കാതെയാണ് നിയമനങ്ങള്‍ നടന്നിരിക്കുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കാന്‍ ഉപയോഗിച്ചത് കുറുക്കുവഴി. മാനുഷിക പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരം നല്‍കുന്ന പ്രത്യേകനിയമം ഉപയോഗിച്ചുകൊണ്ടാണ് കിര്‍താഡ്‌സില്‍ നാല് പേരെ നിയമിച്ചത്. കേരള സ്‌റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 39 വിനിയോഗിച്ചുകൊണ്ടാണ് നാല് പേര്‍ക്കും പ്രൊബേഷന്‍ പ്രഖ്യാപിച്ചത്. പ്രൊബേഷന്‍ പ്രഖ്യാപിച്ചതും മുന്‍കാല പ്രാബല്യത്തോടെ.

മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ മണിഭൂഷണ്‍, എഴുത്തുകാരികൂടിയായ ഇന്ദു മേനോന്‍, എസ് വി സജിത്കുമാര്‍, പി വി മിനി എന്നിവര്‍ക്കാണ് സ്ഥിരനിയമനം ലഭിച്ചത്. അതീവ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ജോലി നല്‍കുന്നതിനായാണ് സാധാരണഗതിയില്‍ ചട്ടം 39 ഉപയോഗിക്കാറ്. ചട്ടപ്രകാരം സര്‍ക്കാരിന് വിപുലമായ വിവേചനാധികാരമുണ്ട്. എന്നാല്‍ യോഗ്യതയില്ലായ്മ മറികടക്കാന്‍ ഈ ചട്ടം ഉപയോഗിക്കുന്നെങ്ങനെയെന്ന ചോദ്യമാണ് നിയമവിദഗ്ദ്ധര്‍ ചോദിക്കുന്നത്.

നിയമവിദഗ്ദ്ധനായ വെങ്ങന്നൂര്‍ ജി ശിവശങ്കരന്‍ പറയുന്നത്: “റൂള്‍ 39 ഉപയോഗിക്കുക മാനുഷിക പരിഗണനയനുസരിച്ച് നീതി ലഭ്യമാക്കാന്‍ വേണ്ടി മാത്രമാണ്. ഉദാഹരണം പറഞ്ഞാല്‍ വരാപ്പുഴയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, നിപവൈറസ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന… ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കിയത് റൂള്‍ 39 പ്രകാരമാണ്. മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. കിര്‍താഡ്‌സില്‍ നടന്നത് പൂര്‍ണമായും ചട്ടവിരുദ്ധമായ കാര്യമാണ്. യോഗ്യതയില്ലാത്തവര്‍ക്ക്, കരാര്‍ ജീവനക്കാരായിരുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ ഒരിക്കലും റൂള്‍ 39 ഉപയോഗിക്കാന്‍ പാടില്ല. നിയമപരമല്ലാത്ത ഒരു കാര്യത്തിന് സാധുത കല്‍പ്പിക്കാനുള്ളതല്ല ആ ചട്ടം.”

വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇല്ലെന്നും ഇത് ഒരു പഴയ വിഷയമാണെന്നും മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ മണിഭൂഷന്‍ പ്രതികരിച്ചു. വാര്‍ത്തയില്‍ കൂടിയാണ് താന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇത് പരിശോധിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കൂ എന്നും കിര്‍താഡ്‌സ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി വ്യക്തമാക്കി. ഈ വാര്‍ത്ത‍യില്‍ പറഞ്ഞിരിക്കുന്ന മറ്റുള്ളവരുടെ പ്രതികരങ്ങങ്ങള്‍ ലഭ്യമായിട്ടില്ല, ഇത് ലഭിക്കുന്ന മുറയ്ക്ക് ചേര്‍ക്കുന്നതായിരിക്കും.

നിയമനം ലഭിച്ച മണിഭൂഷണ്‍ നിലവില്‍ കിര്‍താഡ്‌സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്. പി വി മിനി ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, സജിത് കുമാര്‍ ആന്ത്രപ്പോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജും, ഇന്ദുമേനോന്‍ ലക്ചററും മ്യൂസിയം മാനേജര്‍ പോസ്റ്റിലും ഉള്ളയാളുകളാണ്. നാല് പേരും കരാര്‍ അടിസ്ഥാനത്തിലാണ് കിര്‍താഡ്‌സില്‍ ജോലിക്ക് കയറിയത്. മണിഭൂഷണ്‍ ലക്ചറര്‍ ആയും, മിനി റിസര്‍ച്ച് അസിസ്റ്റന്റ് ആയും, ഇന്ദുമേനോന്‍ ലക്ചററായും സജിത് റിസര്‍ച്ച് ഓഫീസറായുമാണ് ജോലിയില്‍ പ്രവേശിച്ചത്. മണിഭൂഷണും മിനിയും 1996 മാര്‍ച്ചില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കയറി. സജിത് 2004-ലും ഇന്ദു മേനോന്‍ 2005-ലുമാണ് കിര്‍താഡ്‌സില്‍ നിയമിതരായത്.

2007-ലാണ് കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. നിയമനങ്ങള്‍ പിഎസ് സി വഴിയാക്കിക്കൊണ്ടുള്ളതാണ് ഇതിലെ പ്രധാന വ്യവസ്ഥ. ഇതില്‍ ഓരോ തസ്തികയ്ക്കും നിശ്ചിത യോഗ്യതയും നിശ്ചയിച്ചിരുന്നു. സ്‌പെഷ്യല്‍റൂളിലെ സേവിങ് ക്ലോസ് പ്രകാരം നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ സ്ഥിരപ്പെടുത്താനാവൂ. ഇതിനിടെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒമ്പത് പേര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ വകുപ്പ് തീരുമാനിച്ചു. എന്നാല്‍ ഇതില്‍ ഈ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയ നടപടി വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ക്രമരഹിതവും ചട്ടവിരുദ്ധവുമാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും നിയമവകുപ്പും അഭിപ്രായപ്പെട്ടിരുന്നു. സ്ഥിരപ്പെടുത്തിയത് റദ്ദാക്കിയില്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നീളുകയായിരുന്നു. ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിയമനം സ്ഥിരപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണെന്ന് നിയമവകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാരവകുപ്പും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ലക്ചര്‍ പോസ്റ്റിലും റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്കും നിയമിതരാവണമെങ്കില്‍ ആന്ത്രപ്പോളജിയിലോ സോഷ്യോളജിയിലോ എംഫില്‍ നിര്‍ബന്ധമാണെന്ന് കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂളില്‍ പറയുന്നു. എന്നാല്‍ മണിഭൂഷന് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും, ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും, സജിത്കുമാറിന് സോഷ്യല്‍ സയന്‍സില്‍ എംഎയും ഫ്യൂച്ചര്‍ സ്റ്റഡീസില്‍ ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍സയന്‍സ്‌ എംഫിലുമാണുള്ളത്. റിസര്‍ച്ച് അസിസ്റ്റന്റ് ആയി ജോലിയില്‍ കയറുകയും പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ തന്നെ ഡവലപ്‌മെന്റ് സറ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത മിനിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യതയുണ്ട്. ആന്ത്രപ്പോളജിയിലും ഫോക്ലോറിലും ഇവര്‍ക്ക് ബിരുദാനന്തര ബിരുദമുണ്ട്.

 

 

ഇപ്പോള്‍ ചട്ടം 39 അനുസരിച്ച് നാലുപേരും ജോലിക്ക് കയറിയ അതേ തസ്തികയിലാണ് പ്രൊബേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയുള്ള പ്രൊബേഷനായതിനാല്‍ കരാര്‍ അടിസ്ഥാനത്തിലായാലും രണ്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാനാവും. മുന്‍കാല പ്രാബല്യത്തോടെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കാനാണ് ഉത്തരവ്. അപ്പോഴും കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം വേണ്ടത്ര യോഗ്യതയില്ലാത്ത ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കാനും പ്രൊബേഷന്‍ പ്രഖ്യാപിക്കാനാവുമോയെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു. ജീവനക്കാരുടെ നിമനവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങളില്‍ നിയമവകുപ്പിന്റെയും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന്റെയും അഭിപ്രായമാണ് സാധാരണ പരിഗണിക്കുക. എന്നാല്‍ അവരുടെ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് ചട്ടം 39 വഴി ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ നീക്കിയത്. എന്നാല്‍ ഫ്യൂച്ചര്‍ സ്റ്റഡീസില്‍ ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍ സയന്‍സിലെ തന്റെ എംഫില്‍ ആന്ത്രപ്പോളജി എംഫിലിന് സമമാണെന്ന കേരള സര്‍വകലാശാല ഉത്തരവ് താന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണെന്നും തന്റെ നിയമനം യോഗ്യതക്കനുസരിച്ചാണെന്നും സജിത്കുമാര്‍ പറഞ്ഞു.

കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍സിലെ സേവിങ് ക്ലോസിന്റെ പരിധിയില്‍ നിയമനം നല്‍കിയ നാല് പേരെ കൂടെ ഉള്‍പ്പെടുത്താനാണെങ്കില്‍ സേവിങ് ക്ലോസില്‍ ഭേദഗതി വേണമെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് വച്ചത്. പിന്നീട് 2016 ജനുവരി 14-ന് പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ സേവിങ് ക്ലോസ് ഭേദഗതി അനുവദിക്കേണ്ടതില്ലെന്നും സര്‍ക്കാരിന് വേണമെങ്കില്‍ നയപരമായ തീരുമാനമെടുക്കാവുന്നതുമാണെന്ന തീരുമാനമാണ് ചര്‍ച്ചയില്‍ ഉണ്ടായത്. തുടര്‍ന്നാണ് ചട്ടം 39 ഉപയോഗിച്ച് നിയമനം സ്ഥിരപ്പെടുത്തുന്നത്.

എന്നാല്‍ ചട്ടം 39 ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളിലും നിയമവകുപ്പ് മറിച്ചൊരഭിപ്രായം പറയുന്നുണ്ട്. വിവേചനാധികാരമായതിനാല്‍ ചട്ടം 39 ഉപയോഗിക്കാമെങ്കിലും ചട്ടം ഭേദഗതി വരുത്തിക്കൊണ്ടുള്ള 1976, 79, 83 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് നിയമവകുപ്പ് അഭിപ്രായപ്പെട്ടത്. ഈ ഉത്തരവുകള്‍ പ്രകാരം, ചട്ടം 39 വഴി ആരുടെയെങ്കിലും നിയമനം നടക്കുകയാണെങ്കില്‍ അവര്‍ നിയമിക്കപ്പെടുന്ന സ്ഥാപനത്തില്‍ മറ്റുള്ളവരുടെ അനുമതികൂടി തേടേണ്ടതുണ്ട്, വേണ്ടത്ര യോഗ്യത ഉണ്ടായിരിക്കണം, ചീഫ്‌ സെക്രട്ടറി വഴി മുഖ്യമന്ത്രിയായിരിക്കണം ഉത്തരവിറക്കേണ്ടത് എന്നിങ്ങനൊണ് ആ ഉത്തരവുകള്‍ പറയുന്നത്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ആക്ഷേപം. നിയമന ഉത്തരവില്‍ ചീഫ്‌ സെക്രട്ടറിയുടെ ഒപ്പും മുഖ്യമന്ത്രിയുടെ ഓഫീസിലെ സീലും മാത്രമാണ് ഉള്ളത്. ഇക്കാര്യത്തില്‍ അനാവശ്യ തിടുക്കം കാണിച്ചതായാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞ് ഫയല്‍ സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ഫയലില്‍ എഴുതിയിരുന്നതെങ്കിലും നിയമന തീരുമാനമെടുക്കും മുമ്പ് മുഖ്യമന്ത്രി ഫയല്‍ കണ്ടിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സീല്‍ മാത്രമാണ് നിയമന ഉത്തരവിലുള്ളതെന്നുമാണ് ആക്ഷേപം.

ചട്ടം 39 പ്രകാരം ഈ ഉദ്യോഗസ്ഥരുടെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിക്കുന്നതിന് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പക്ഷം പ്രസ്തുത ആനുകൂല്യം ഈ ഉദ്യോഗസ്ഥര്‍ കിര്‍താഡ്‌സില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ആദ്യ തസ്തികയില്‍ പരിമിതപ്പെടുത്തേണ്ടതാണെന്നും, പിന്നീട് പ്രമോഷന്‍ ലഭിക്കുന്നതിന് സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരമുള്ള യോഗ്യത നേടുന്നതിന് സമയപരിധി നിശ്ചയിച്ചു നല്‍കാവുന്നതുമാണെന്നുമാണ് നിയമവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥ. ആദ്യ തസ്തികയില്‍ തന്നെയാണ് പ്രൊബേഷന്‍ പ്രഖ്യാപിച്ചതെങ്കിലും ഇന്ദു മേനോന്‍ ഒഴികെയുള്ള മറ്റെല്ലാവരും പ്രമോഷന്‍ ലഭിച്ച തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഇന്ദു മേനോന് മ്യൂസിയം മാനേജര്‍ എന്ന അധിക ചുമതല കൂടി നല്‍കിയതായും ആരോപണമുണ്ട്.

മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മണിഭൂഷണ്‍ ചുമതലയേറ്റതോടെയാണ് സജിത്കുമാര്‍ ആന്ത്രപ്പോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയി മാറിയത്. ജാതി തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് എത്തുന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുകയാണ് കിര്‍താഡ്‌സിലെ പ്രധാന ജോലി. വിജിലന്‍സ് വിഭാഗമായി പ്രവര്‍ത്തിക്കുന്നതും ജാതി സംബന്ധമായ തെളിവുകള്‍ ശേഖരിച്ച് പഠിച്ച് ജാതി തെളിയിക്കുന്നതും ആന്ത്രപ്പോളജി വിഭാഗമാണ്. എന്നാല്‍ വേണ്ടത്ര യോഗ്യതയില്ലാതിരുന്ന മണിഭൂഷണായിരുന്നു കുറേക്കാലമായി ആന്ത്രപ്പോളജി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍. ഇപ്പോള്‍ ഇന്‍-ചാര്‍ജ് ആയിരിക്കുന്ന സജിത്കുമാറിനും ഈ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കാനുള്ള യോഗ്യതയില്ല. അങ്ങനെയിരിക്കെ കേരളത്തില്‍ ജാതിസംബന്ധമായി ഉയരുന്ന കേസുകളില്‍ ഇവര്‍ എങ്ങനെ തീര്‍പ്പുകല്‍പ്പിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. നിരവധി വ്യക്തികളും സമുദായങ്ങളും ഇപ്പോഴും കേരളത്തില്‍ ജാതി തെളിയിച്ചുള്ള കിര്‍താഡ്‌സിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. എരവാളര്‍, അടിയ പോലുള്ള സമുദായങ്ങള്‍ കിര്‍താഡ്‌സ് റിപ്പോര്‍ട്ടില്‍ സംശയവുമുന്നയിച്ച് രംഗത്തെത്തിയിരുന്നു. നരവംശ ശാസ്ത്രത്തില്‍ യോഗ്യരായവര്‍ കിര്‍താഡ്‌സില്‍ ഇല്ലാത്തതാണ് റിപ്പോര്‍ട്ടുകളിലെ പോരായ്മ എന്ന് ചരിത്രകാരന്‍മാര്‍ പോലും അഭിപ്രായപ്പെടുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് വഴിവക്കുമെന്ന അഭിപ്രായവുമുണ്ട്.

നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ സംവരണതത്വങ്ങള്‍ പാലിച്ചിട്ടില്ല എന്നു ആക്ഷേപമുണ്ട്. പി വി മിനയൊഴികെ മറ്റ് മൂന്ന് പേരും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. പട്ടികവിഭാഗക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഉണ്ടാക്കിയ കിര്‍താഡ്‌സില്‍ സവര്‍ണ ആധിപത്യമാണെന്ന വിമര്‍ശനം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. ഇവരോടൊപ്പം ലിസ്റ്റിലുണ്ടായിരുന്ന മറ്റ് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോള്‍ ഈ നാല് പേര്‍ക്ക് ലഭിച്ച മുന്‍കാല പ്രാബല്യത്തോടെയുള്ള പ്രൊബേഷനോ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ വിരമിച്ച ഒരു ഉദ്യോഗസ്ഥനുമുണ്ട്. അദ്ദേഹം വിരമിക്കുന്നത് വരെ റിസര്‍ച്ച് അസിസ്റ്റന്റ് ആയി തന്നെയാണ് സേവനമനുഷ്ഠിച്ചത്. ഇദ്ദേഹം പട്ടികവിഭാഗക്കാരനുമായിരുന്നു.

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍’-ഭാഗം 3

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍