UPDATES

കേരളം

അനധികൃത ആയുര്‍വേദ റിസോര്‍ട്ട് ആണെങ്കില്‍ സംരക്ഷിത മേഖലയിലും ആവാം; മലമ്പുഴയില്‍ നടക്കുന്നത്

1962 ലെ കേന്ദ്ര സർക്കാരിന്റെ ഡിഫൻസ് ഇന്ത്യ ആക്ട് പ്രകാരം ഡാമും ഡാമിന്റെ 300 മീറ്റർ ചുറ്റളവും സംരക്ഷിതമേഖലയാണ്.

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തിനോട് ചേർന്ന് അനധികൃത റിസോർട്ട് നിർമാണം. നിർമാണം നടക്കുന്നത് കേന്ദ്ര സർക്കാർ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചയിടത്ത്. മലമ്പുഴ ഉദ്യാനത്തിന് സമീപത്തു നിന്നും എട്ടു കിലോമീറ്റർ മാറി തെക്കേ മലമ്പുഴ എലിവാലിലാണ്‌ രണ്ടേക്കറിൽ ആയുർവേദ റിസോർട്ട് നിർമ്മിക്കുന്നത്. റിസോർട്ടിന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഇത്‌ 15 ഏക്കറിലേക്ക് വ്യാപിക്കാനാണ് ഒരുങ്ങുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ജലാശയത്തിനോട് ചേർന്ന് നിർമ്മിക്കുന്ന റിസോർട്ടിന്റെ പ്രാഥമിക പ്രവൃത്തികൾ പൂർത്തിയായി വരികയാണ്.

ഡിഫൻസ് ഇന്ത്യ ആക്ടിന്റെ ലംഘനം

1962 ലെ കേന്ദ്ര സർക്കാരിന്റെ ഡിഫൻസ് ഇന്ത്യ ആക്ട് പ്രകാരം ഡാമും ഡാമിന്റെ 300 മീറ്റർ ചുറ്റളവും സംരക്ഷിതമേഖലയാണ്. ഇതിനുള്ളിൽ യാതൊരു തരത്തിലുള്ള കൈയ്യേറ്റങ്ങളോ നിർമാണ പ്രവർത്തനങ്ങളോ പാടില്ല. എന്നാൽ ഇത്തരം നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് സ്വകാര്യ വ്യക്തികൾ റിസോർട്ട് നിർമ്മിക്കുന്നത്. ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന റിസോർട്ടിനാകട്ടെ ഡാമിൽ നിന്നും 100 മീറ്റർ പോലും ദൂരമില്ല. മാസങ്ങൾക്ക് മുൻപ് ജലസേചന വകുപ്പിന്റെ കോഴിക്കോട് പ്രൊജക്റ്റ് ഒന്ന് ചീഫ് എൻജിനീയറാണ് പദ്ധതിക്ക് അനുമതി നൽകിയത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ മീറ്റിങ്ങിൽ പദ്ധതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചീഫ് എൻജിനീയർ അനുമതി നൽകിയത്‌. ഇതോടെ മലമ്പുഴ ഗ്രാമപഞ്ചായത്തും പദ്ധതിക്ക് അനുമതി നൽകി. എന്നാൽ കേന്ദ്രസർക്കാരിന്റെ നിയമം പാടെ മറികടന്ന് നിർമാണം നടക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടും ഗ്രാമപഞ്ചായത്തോ ബന്ധപ്പെട്ട വകുപ്പുകളോ ഇടപെട്ട് നിർമാണം നിർത്തിവയ്പ്പിച്ചിട്ടില്ല. ഭരണാധികാരികളുടെ മൗനാനുവാദത്തോടെ ഇപ്പോഴും മേഖലയിൽ നിർമാണം തുടരുകയാണ്. അതേസമയം അനധികൃത നിർമാണത്തിന് പഞ്ചായത്ത് ഭരണ സമിതി അറിയാതെ പഞ്ചായത്ത് സെക്രട്ടറി മുൻകൈയെടുത്ത് അനുമതി നല്കുകയായിരുന്നുവെന്നാണ് മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പറയുന്നത്.

സാധാരണക്കാരന് നിയമം കർക്കശം, വന്‍കിടക്കാരന് സുതാര്യം

ഒന്നര വർഷം മുൻപാണ് എലിവാൽ സ്വദേശിയായ രാഹുൽ തന്റെ ഓടിട്ട കൊച്ചുവീട് പുതുക്കിപ്പണിയുന്നതിനും വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുമായി വീട്ടുനമ്പർ കിട്ടുന്നതിനുവേണ്ടി മലമ്പുഴ ഗ്രാമപഞ്ചായത്തിനെ സമീപിച്ചത്. എന്നാൽ ഡാം ഡിഫൻസ് ആക്ട് പ്രകാരം വീട് വൃഷ്ടിപ്രദേശത്തിന് സമീപം നിർമ്മിക്കാൻ പാടില്ലെന്നും അതുകൊണ്ട് വീട്ടുനമ്പർ തരാൻ കഴിയില്ലെന്നുമുള്ള നിലപാടിലായിരുന്നു പഞ്ചായത്ത് അധികൃതർ. ഇതോടെ, തന്റെ വീട് നിൽക്കുന്നത് ഡാമിന്റെ പരിധിയിലല്ലെന്നും താൻ നിയമലംഘനം നടത്തിയിട്ടില്ലെന്നും തെളിയിക്കേണ്ടി വന്നു രാഹുലിന്. തന്റെ വീട്ടിലേക്ക് വെളിച്ചമെത്തിക്കുന്നതിനും തകർന്ന ഇടിഞ്ഞുവീഴാറായ വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനുമായി പഞ്ചായത്തിലും, ജലസേചനവകുപ്പിന്റെ ഓഫീസിലും, വില്ലേജ് ഓഫീസിലും നിരന്തരം രാഹുൽ കയറിയിറങ്ങി. ഒടുവിൽ കോഴിക്കോട് ഡാം സേഫ്റ്റി അധികൃതരെ സമീപിച്ചു. ഡാമിന്റെ സുരക്ഷിതത്വത്തിന് തന്റെ കൊച്ചുവീട് ഭീഷണിയല്ലെന്നും ജലമലിനീകരണത്തിന് വഴിയൊരുക്കുന്നില്ലെന്നും അധികൃതർക്ക് ബോധ്യപ്പെട്ടതോടെയാണ് രാഹുലിന് വീട്ടുനമ്പർ കിട്ടിയത്. ഇതിനായി ഒന്നരവർഷക്കാലം രാഹുലിന് അലയേണ്ടിവന്നു. ഡാം സുരക്ഷയുടെ ഭാഗമായി പലരും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. സാധാരണക്കാരുടെ അർഹമായ അവകാശങ്ങൾക്കു നേരെപോലും കണ്ണടയ്ക്കുന്ന ഭരണാധികാരികളാണ് ജലമലിനീകരണത്തിനും ഡാമിന്റെ നിലനിൽപ്പിനും ഭീഷണിയായ റിസോർട്ട് നിർമാണത്തിന് കണ്ണുമടച്ചു അനുമതി കൊടുത്തത്.

സാധാരണക്കാരുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിയമത്തിന്റെ പേരിൽ മനപ്പൂർവം നിഷേധിക്കുന്ന ഉദ്യോഗസ്‌ഥർ ഇത്തരം നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി. ഗോപാലൻ പറഞ്ഞു.
“ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഒരുതരത്തിലുള്ള സ്ഥാപനവും അനുവദിക്കാൻ പാടില്ലാത്തതാണ്. കേന്ദ്രസർക്കാരിന്റെ ഡിഫൻസ് ഇന്ത്യ നിയമ പ്രകാരം കടുത്ത നിയമലംഘനമാണിത്. മാത്രവുമല്ല, ഡാമിന്റെ തീരത്ത് ഇത്തരത്തിലൊരു റിസോർട്ട് വരുന്നതോടെ അനുബന്ധമായി ഇനിയും നിരവധി സ്ഥാപനങ്ങൾ വരും. ഏതാണ്ട്‌ 10 ലക്ഷത്തിലധികം ജനങ്ങൾ കുടിക്കുന്ന വെള്ളമാണിത്. ഓരോ വർഷം ചെല്ലുന്തോറും കുടിവെള്ള ക്ഷാമം രൂക്ഷമായി വരികയാണ്. ഇത്തരം സ്ഥാപനങ്ങളുടെ വരവ് ജലസംഭരണിയെ തകർത്തുകളയും. അത് മാത്രമല്ല, റിസോർട്ടിനോട് ചേർന്ന് എലിവാൽ വനമേഖലയാണ്. ആനയും മാനുമടക്കം വന്യമൃഗങ്ങൾ വിഹരിക്കുന്നയിടം. ഇത്രയും ഏക്കറിൽ റിസോർട്ട് വരുന്നത് പരിസ്ഥിതി നാശത്തിനും വഴിയൊരുക്കും”, പി.ഗോപാലൻ പറയുന്നു.

മലമ്പുഴ ഡാമും ഉദ്യാനവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് നടത്തിയിട്ടുള്ള അഴിമതികൾ ചെറുതൊന്നുമല്ല. നിലവാരമില്ലാത്തതും നീണ്ടുനിൽക്കാത്തതുമായ പദ്ധതികൾ ഉദ്യാനത്തിൽ നടപ്പാക്കിയും ഡാമിന്റെ വൃഷ്ടിപ്രദേശം സ്വകാര്യവ്യക്തികൾക്ക് കൈയ്യേറാൻ സൗകര്യം ചെയ്തുകൊടുത്തും സർക്കാരിന്റെ പണവും സ്വത്തും പാഴാക്കിക്കളഞ്ഞതിനു കണക്കില്ല. ഏറ്റവുമൊടുവിൽ 21 കോടിയുടെ ഉദ്യാനനവീകരണം നടത്തിയും പണം പാഴാക്കി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ ഏകദേശം 100 ഏക്കറോളം സ്ഥലം ഇപ്പോഴും വിവിധ സ്വകാര്യവ്യക്തികളുടെ കൈകളിലാണെന്ന് മലമ്പുഴയിലെ മുൻ വില്ലേജ് ഓഫീസർ തന്നെ പറയുന്നു. കുടിവെളള സ്രോതസ്സായ മലമ്പുഴ ജലാശയത്തെ മലിനമാക്കുന്ന പല പ്രവൃത്തികൾക്ക് നേരെയും വകുപ്പധികൃതരും ഗ്രാമപഞ്ചായത്തും ഒരേപോലെ കണ്ണടച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ നടക്കുന്ന അനധികൃത റിസോർട്ട് നിർമാണവും. ജലസേചനവകുപ്പ് അധികൃതരുടെ അലംഭാവവും കെടുകാര്യസ്ഥതയും മൂലം ഇല്ലാതായി വരുന്നത് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലസംഭരണിയാണ്.

ജലസേചനവകുപ്പ്‌ അധികൃതർക്ക് പറയാനുള്ളത്‌

ഡാം സേഫ്റ്റി അതോറിറ്റിയുടെ നിയമങ്ങൾ മറികടന്നാണോ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും റിസോർട്ട് നിർമ്മിക്കുന്നവർ ഡാം കൈയ്യേറിയിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിനോടും മലമ്പുഴ ഒന്ന് വില്ലേജിനോടും ആധികാരികമായ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മലമ്പുഴ ഡാമിൽ കുടിക്കാനുള്ള വെള്ളം മാത്രം, ജില്ല വരണ്ടുണങ്ങുന്നു; എന്നിട്ടും കിൻഫ്രയാണ് അധികൃതര്‍ക്ക് പ്രധാനം

വ്യവസായ പാര്‍ക്കിന് വെള്ളം വേണം, കൃഷി നിര്‍ത്തിക്കോളാന്‍ സര്‍ക്കാര്‍; കുടിവെള്ളമെങ്കിലും തന്നിട്ടു പോരെയെന്ന് ജനം

കോളകമ്പനി മാത്രമല്ല ജലം ഊറ്റാന്‍ സര്‍ക്കാര്‍ അനുമതിയോടെ മദ്യകമ്പനികളും

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍