UPDATES

എത്തുന്നത് രാത്രിയില്‍, കുഴിച്ചിടുന്നത് ആരുടേതെന്നറിയാത്ത നൂറുകണക്കിന് മൃതദേഹങ്ങള്‍; കുറിച്ചിപ്പറ്റയിലെ ദുരൂഹമായ അനധികൃത ശ്മശാനങ്ങള്‍

പത്തു വര്‍ഷത്തിനിടെ 26 സ്ഥലമിടപാടുകള്‍, പലയിടങ്ങളില്‍ നിന്നും ഇരുപതോളം ഉടമസ്ഥര്‍

ശ്രീഷ്മ

ശ്രീഷ്മ

ഒരു വശത്ത് ഏക്കറുകളോളം പരന്നു കിടക്കുന്ന ശ്മശാന ഭൂമി. മറുവശത്ത് വനഭൂമി. ഇതിനിടയില്‍ അകപ്പെട്ടു പോയ അവസ്ഥയില്‍ എണ്‍പത്തിയഞ്ചോളം കുടുംബങ്ങള്‍. വയനാട് പുല്‍പ്പള്ളിയിലെ കുറിച്ചിപ്പറ്റയിലെ ഒരു വിഭാഗം ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ജീവിതം ഇങ്ങനെയാണ്. രാത്രികാലങ്ങളില്‍ വനത്തിലൂടെയുള്ള പാത അടച്ചു കഴിഞ്ഞാല്‍ ശ്മശാനത്തിനിടയിലൂടെയുള്ള പാതയെ മാത്രമാശ്രയിക്കേണ്ടി വരുന്ന കുറിച്ചിപ്പറ്റക്കാര്‍ക്ക്, ആളൊഴിഞ്ഞ പറമ്പില്‍ പതിയിരുന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ഭയമുണ്ട്. ചുറ്റുമുള്ള പറമ്പില്‍ ദൂരദേശത്തു നിന്നുമെത്തുന്നവര്‍ മറവു ചെയ്യുന്ന മൃതദേഹങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കാത്തതില്‍ ഇവര്‍ക്ക് ആശങ്കയുമുണ്ട്. മതിയായ രേഖകളോ ലൈസന്‍സോ ഇല്ലാതെ ഇരുപത്തിയാറോളം സ്വകാര്യ വ്യക്തികള്‍ക്കു കീഴില്‍ ശ്മശാനങ്ങള്‍ നിലനില്‍ക്കുന്നയിടമാണ് കുറിച്ചിപ്പറ്റ എന്നറിഞ്ഞാലേ ഈ ആശങ്ക പൂര്‍ണമായ അര്‍ത്ഥത്തില്‍ തിരിച്ചറിയാനാകൂ.

വര്‍ഷങ്ങളായി കുറിച്ചിപ്പറ്റയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു പോരുന്ന സ്വകാര്യ ശ്മശാനങ്ങളെക്കുറിച്ച് നാട്ടുകാര്‍ പോലും ചിന്തിക്കുന്നത് ഈയടുത്ത കാലത്താണ്. ചില ക്രൈസ്തവ സഭകളുടെ കീഴിലുള്ള ഭൂമി എന്ന നിലയില്‍ ശ്മശാനമായി ഉപയോഗിച്ചു പോരുന്നു എന്നതില്‍ക്കവിഞ്ഞ് ഇവിടെ നടന്നിട്ടുള്ള സ്ഥലമിടപാടുകളെക്കുറിച്ചോ പേരോ മേല്‍വിലാസമോ ഇല്ലാത്ത മൃതശരീരങ്ങളെക്കുറിച്ചോ കുറിച്ചിപ്പറ്റക്കാര്‍ക്ക് അറിവില്ലായിരുന്നു. ഈ ശ്മശാന ഭൂമികള്‍ക്കൊന്നിനും പ്രവര്‍ത്തനാനുമതി പോലുമില്ലെന്നത് വളരെ വൈകി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരിച്ചറിയുന്നത്. ഇക്കാലയളവിനിടയില്‍ അസംഖ്യം മൃതദേഹങ്ങള്‍ പലയിടത്തു നിന്നുമായി കുറിച്ചിപ്പറ്റയിലെത്തി മറവുചെയ്യപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും മസനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി കുറിച്ചിപ്പറ്റയില്‍ മൃതദേഹങ്ങള്‍ എത്തിയിട്ടുണ്ട്. ആരാണ് ഇത്ര ദൂരം സഞ്ചരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനെത്തുന്നത്, എന്തിനാണ് കുറിച്ചിപ്പറ്റയില്‍ത്തന്നെ ഇവര്‍ വരുന്നത് എന്നതിനെക്കുറിച്ചെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. മിക്കപ്പോഴും രാത്രി കഴിയുമ്പോള്‍ എത്തുന്ന സംഘങ്ങള്‍ അധികം ആഴത്തില്‍ മണ്ണുമാറ്റാതെ തന്നെ മൃതദേഹങ്ങള്‍ മറവു ചെയ്തു മടങ്ങുന്നത് എന്തിനാണെന്നും പ്രദേശവാസികള്‍ക്ക് സംശയമുണ്ട്.

എസ്.എന്‍.ഡി.പി യോഗത്തിന്റെ വകയായിട്ടുള്ളതും പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെടുന്ന ചില ക്രൈസ്തവ സഭകളുടെ ഉടമസ്ഥതയിലുള്ളതുമാണ് കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങള്‍ എന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം. റോഡിന്റെ വശത്തായുള്ള എസ്.എന്‍.ഡി.പി ശ്മശാനത്തിന് കണക്കുകളും രേഖകളുമുണ്ടെങ്കിലും, മറുവശത്തുള്ള ഒരേക്കറോളം ശ്മശാനഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പെന്തക്കോസ്ത്, ബ്രെദറന്‍ സഭകളടക്കം അഞ്ചോളം ക്രൈസ്തവ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഈ ശ്മശാന ഭൂമി ഇരുപതിലധികം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണെന്നു തിരിച്ചറിയാനായത്. ഇവയില്‍ ഒന്നിനു പോലും പഞ്ചായത്തോ ജില്ലാ കലക്ടറോ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. അനധികൃത ശ്മശാനങ്ങളാണ് ഇവയെന്ന് വെളിവായതോടെ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ഉയരുകയാണ്. ശ്മശാനത്തിന്റെ പിറകിലെ കഥകളെന്തെന്നറിയാനും തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി പരിസരവാസികള്‍ ആക്ഷന്‍ കമ്മറ്റിയും രൂപീകരിച്ചു കഴിഞ്ഞു.

പത്തു വര്‍ഷത്തിനിടെ 26 സ്ഥലമിടപാടുകള്‍, പലയിടങ്ങളില്‍ നിന്നും ഇരുപതോളം ഉടമസ്ഥര്‍

പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട അഞ്ചോ എട്ടോ കുടുംബങ്ങള്‍ കൂടിയ ഒരു സഭയാണ് കുറിച്ചിപ്പറ്റ ഭാഗത്ത് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവര്‍ക്കായി ദാനം കിട്ടിയ ഇരുപത്തിയഞ്ചു സെന്റില്‍ ഒരു ശ്മശാന ഭൂമിയും ഇവിടെയുണ്ടായിരുന്നു. 1998ല്‍ കെ.പി യോഹന്നാന്‍ പരമാധ്യക്ഷനായി പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് ഇതില്‍ രണ്ടു സെന്റ് സ്ഥലം വാങ്ങിച്ചിരുന്നതായും രേഖകളുണ്ട്. 1998 മുതല്‍ 2008 വരെയുള്ള പത്തുവര്‍ഷക്കാലത്തിനിടെ ഈ സ്ഥലവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് 26 രജിസ്റ്റട്രേഷനുകളാണ്. കുറിച്ചിപ്പറ്റയിലെ ശ്മശാന ഭൂമി ഈ കാലയളവില്‍ വാങ്ങിക്കുകയും മറിച്ചു വില്‍ക്കുകയും ചെയ്തവരില്‍ ബാംഗ്ലൂര്‍, എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുണ്ടെന്ന് ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകനായ ഷാജി പനച്ചിക്കല്‍ പറയുന്നു. ഇവരില്‍ വ്യക്തികളും സഭകളുമുണ്ട്. സ്ഥലം വാങ്ങിച്ചവരില്‍ ചിലര്‍ ഉടമസ്ഥരായി തുടര്‍ന്നപ്പോള്‍, മറ്റു ചിലര്‍ നല്ല വിലയ്ക്ക് വീതിച്ച് മറിച്ചു വിറ്റു.

“ദൂരം കൊണ്ടാണോ എന്നറിയില്ല, രാത്രിയിലെത്തി രാത്രി തന്നെയാണ് ഈ ശ്മശാനങ്ങളില്‍ അടക്കം നടക്കാറ്. പൊതുവെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ടവര്‍ മരണത്തിനു ശേഷമുള്ള മറ്റു ചടങ്ങുകള്‍ക്കൊന്നും വലിയ പ്രാധാന്യം നല്‍കാത്തവരാണ്. അതുകൊണ്ടു തന്നെ അടക്കുന്ന രീതിക്കും വലിയ ശ്രദ്ധ കൊടുക്കാറില്ല. ആഴമില്ലാത്ത ചെറിയ കുഴികള്‍ കുഴിച്ചാണ് ശരീരം മറവു ചെയ്യുന്നത്. പല കുഴികളും മൂടാതെയും, മഴ പെയ്ത് മണ്ണു താഴ്ന്നു പോയും, ശരീരാവശിഷ്ടങ്ങള്‍ പുറത്തു വന്നും കിടക്കുന്നുണ്ട്. തിരിഞ്ഞു നോട്ടമില്ലാത്തതിനാല്‍ വല്ലാത്ത അവസ്ഥയിലാണ് ഈ സ്ഥലമുള്ളത്. ഫോറസ്റ്റു വഴിയുള്ള രാത്രി യാത്ര ഗേറ്റു വച്ച് തടയുന്നതു കൊണ്ട് ഞങ്ങള്‍ക്ക് ആകെയുള്ള മാര്‍ഗ്ഗം ഒന്നര കിലോമീറ്റര്‍ ചുറ്റി വന്ന് ബസ് കയറുക എന്നതാണ്. ഈ ഒന്നര കിലോമീറ്റര്‍ നടക്കേണ്ടത് സെമിത്തേരിയുടെ ഇടയിലൂടെയും.” ഷാജി പറയുന്നതിങ്ങനെ.

ദൂരസ്ഥലത്തുനിന്നുള്ളവര്‍ നടത്തുന്ന ക്രയവിക്രയങ്ങളായതിനാല്‍, ആരുടെയെല്ലാം ഉടമസ്ഥാവകാശത്തിലാണ് ഭൂമിയുള്ളതെന്ന് പ്രദേശവാസികള്‍ക്കോ, തങ്ങള്‍ വാങ്ങിച്ചിട്ടുള്ള ഭൂമി ഏതു ഭാഗത്താണെന്ന് ഉടമസ്ഥര്‍ക്കോ കൃത്യമായ അറിവില്ല എന്നതാണ് വാസ്തവം. ഇത്രയേറെ ഉടമസ്ഥരുള്ള സ്ഥലമാണിതെന്ന് തൊട്ടടുത്തു താമസിക്കുന്നവര്‍ പോലുമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. രണ്ടു സെന്റും മൂന്നു സെന്റുമായി തിരിച്ച് പല വ്യക്തികളുടെ പേരിലുള്ള ഈ സ്ഥലം കൈമാറ്റം ചെയ്യപ്പെട്ട രീതി പരിശോധിക്കുമ്പോള്‍, സ്ഥലമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ മറവു ചെയ്യാനെത്തുന്നവരില്‍ നിന്നും ഉടമസ്ഥര്‍ പണം ഈടാക്കുന്നുണ്ടോ എന്നതാണ് ഇക്കാര്യത്തില്‍ ന്യായമായും ഉയരുന്ന ഒരു സംശയം. യാതൊരു രേഖകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ശ്മശാനങ്ങള്‍ ഇത്തരത്തില്‍ പണം ഈടാക്കിയാണ് മൃതദേഹം മറവു ചെയ്യാന്‍ ഇടമൊരുക്കുന്നതെങ്കില്‍, ശ്മശാനത്തിന്റെ പേരില്‍ വലിയൊരു ബിസിനസ് തന്നെയാണ് കുറിച്ചിപ്പറ്റയില്‍ നടക്കുന്നതെന്ന് കരുതേണ്ടിവരും. സഭകളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അവിശ്വാസിയായ മിശ്രവിവാഹിതനെ രണ്ടാഴ്ചകള്‍ക്കു മുന്നേ ഈ സ്ഥലത്ത് അടക്കം ചെയ്തതിനു പിന്നില്‍ പാസ്റ്റര്‍മാരുമായി ഉണ്ടാക്കിയ കരാറാണെന്നതാണ് ഈ സംശയത്തിനു ബലമായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

പത്തനംതിട്ടയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മൃതദേഹങ്ങള്‍ കുറിച്ചിപ്പറ്റയിലെത്തുന്നതെങ്ങനെ?

പരിസരത്ത് താമസിക്കുന്നവരും ആക്ഷന്‍ കമ്മറ്റിക്കാരും ചൂണ്ടിക്കാട്ടുന്നതുപോലെ മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കുറിച്ചിപ്പറ്റയില്‍ കൊണ്ടുവന്നു മറവു ചെയ്യണമെങ്കില്‍, അതിന്റെ രേഖകള്‍ പൊലീസിലോ പഞ്ചായത്തിലോ സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍, രാത്രിയിലെത്തി മറവു ചെയ്തു മടങ്ങിപ്പോകുന്ന ഈ സംഘങ്ങളൊന്നും അത്തരം നിയമവശങ്ങള്‍ പാലിക്കാറില്ല. മരണം നടന്ന പൊലീസ് സ്റ്റേഷനില്‍ നിന്നുമുള്ള രേഖകള്‍ കുറിച്ചിപ്പറ്റ സ്റ്റേഷനില്‍ എത്തിക്കാത്തതിനാല്‍ ആരെയാണ് അടക്കിയതെന്നും എങ്ങനെ മരണപ്പെട്ടയാളാണെന്നും അറിയാന്‍ സാധിക്കാറില്ല. നിപ്പാ പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നിരുന്ന സാഹചര്യത്തില്‍, രോഗങ്ങള്‍ ബാധിച്ചു മരിച്ചവരാണോ തങ്ങള്‍ താമസിക്കുന്നതിന് തൊട്ടടുത്ത പറമ്പില്‍ മറവുചെയ്യപ്പെട്ടത് എന്നു പോലുമറിയാകാത്ത ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്.

“സഭയുടെ ബോര്‍ഡു വച്ച വണ്ടികളില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങളായതുകൊണ്ട് ആദ്യം ആരും ശ്രദ്ധിക്കാറില്ലായിരുന്നു. അതിനിടെ ഇവിടെ അടുത്തുള്ള ഒരു പയ്യന്‍ ശ്മശാനത്തിന്റെ വഴി നടന്നു വരുമ്പോള്‍ പട്ടിയോ മറ്റോ ചാടി വന്നതു കണ്ട് ഭയന്നു വീണപ്പോഴാണ് ഈ സ്ഥലത്തിന്റെ കഥയെന്താണെന്ന് അന്വേഷിക്കാന്‍ തീരുമാനമായത്. വില്ലേജിലും രജിസ്റ്റര്‍ ഓഫീസിലും പോയി അന്വേഷിച്ചപ്പോളാകട്ടെ, ഈ സ്ഥലത്തിന് ഇരുപതിലധികം അവകാശികള്‍. അതോടെയാണ് ഞങ്ങള്‍ കലക്ടര്‍ക്കും ആര്‍.ഡി.ഓയ്ക്കും പൊലീസിലും പരാതി കൊടുത്തത്. പഞ്ചായത്ത് അധികൃതര്‍ വന്ന് സ്ഥലം കണ്ടു പോയിട്ടുണ്ട്. ഒരിക്കലും അനധികൃത ശ്മശാനങ്ങള്‍ അനുവദിക്കില്ലെന്നും, ബോര്‍ഡ് കൂടി കര്‍ശനമായി നടപടിയെടുക്കുമെന്നും പറഞ്ഞാണ് അവര്‍ പോയത്. ആദ്യം എതിര്‍ത്തിരുന്നെങ്കിലും സ്ഥലം നേരിട്ടു കണ്ടപ്പോള്‍ അവര്‍ക്കു കാര്യം മനസ്സിലായിട്ടുണ്ട്.”

പലയിടങ്ങളില്‍ രണ്ടും മൂന്നും കുടുംബങ്ങളായി നിലനില്‍ക്കുന്ന വിവിധ പ്രൊട്ടസ്റ്റന്റ് സഭകളില്‍ നിന്നുള്ളവര്‍ക്ക് മരണം നടക്കുമ്പോള്‍ അടക്കാനുള്ള സ്ഥലം അവരുടെ പ്രദേശങ്ങളില്‍ മിക്കപ്പോഴും ലഭിക്കാറില്ലെന്നും, അതിനെത്തുടര്‍ന്ന് സഭയുമായി ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോള്‍ കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങളെക്കുറിച്ച് അറിഞ്ഞ് ഇവിടെയെത്തിച്ചേരുന്നതാണെന്നുമാണ് പ്രദേശവാസികളുടെ അനുമാനം. പൊതു ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനും ഈ സഭകളില്‍പ്പെട്ടവര്‍ താല്‍പര്യപ്പെടാറില്ലെന്നും ഇവര്‍ പറയുന്നു. മറ്റിടത്തുള്ള സഭകള്‍ ഇവിടെ മൃതദേഹം മറവു ചെയ്യാറുണ്ടെന്ന് പുല്‍പ്പള്ളിയിലെ മറ്റു പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകള്‍ക്ക് അറിവില്ലെന്നും, സഭകള്‍ തമ്മില്‍ ബന്ധമില്ലെന്നുമാണ് സമീപവാസികള്‍ വിശദീകരിക്കുന്നത്.

കുപ്രചരണമെന്ന് സംയുക്ത സഭാ സമുദായ സമിതി, അനധികൃതമെന്നുറപ്പിച്ച് പഞ്ചായത്തും

വിഷയം വലിയ ചര്‍ച്ചയായി ഉയര്‍ന്നു വന്നതോടെ, ശ്മശാനം അതേപടി തുടരണമെന്ന ആവശ്യവുമായി അഞ്ചു ക്രൈസ്തവ സഭകളുടെ പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സംയുക്ത സഭാ സമുദായ സമിതി എന്ന പേരില്‍ സംഘടിച്ച് പത്രസമ്മേളനം നടത്തുകയും, തങ്ങളുടെ സഭാവിശ്വാസികളുടെ കല്ലറകള്‍ പ്രദേശവാസികള്‍ തകര്‍ത്തു എന്ന പരാതിയില്‍ സമീപത്തു താമസിക്കുന്ന ഏഴു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളോളമായി സഭാ വിശ്വാസികള്‍ ശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയാണെന്നും, ലൈസന്‍സില്ലാതെ ഇത്തരം ശ്മശാനങ്ങള്‍ ഒരുപാടു സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ദുഷ്ടലാക്കോടെയാണെന്നുമായിരുന്നു സമിതിയുടെ പത്രസമ്മേളനത്തിലെ പ്രസ്താവന. പ്രദേശവാസികളുടെ കുപ്രചാരണത്തിന് അന്ത്യം കാണണമെന്നും സമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അറ്റകൈ പ്രയോഗമെന്ന നിലയിലാണ് സഭാംഗങ്ങള്‍ ഈ പ്രസ്താവന നടത്തിയിട്ടുള്ളതെന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ പക്ഷം. നിയമവിരുദ്ധമായ പ്രവര്‍ത്തികളാണ് ശ്മശാനത്തില്‍ നടക്കുന്നതെന്നും അതിനെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുക തന്നെ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. 1998ല്‍ മാത്രം വാങ്ങിച്ചിട്ടുള്ള വസ്തു മുപ്പത്തിനാലു വര്‍ഷമായി തങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന വാദം കള്ളമാണെന്നും, അങ്ങിനെയുണ്ടെങ്കില്‍ അന്നു മറവു ചെയ്ത മൃതദേഹങ്ങളുടെ കണക്കുകള്‍ പരിശോധിക്കണമെന്നും ആക്ഷന്‍ കമ്മറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. “പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഭാഗങ്ങളില്‍ നിന്നുള്ള മൃതദേഹങ്ങളാണ് മറവു ചെയ്തിരിക്കുന്നതെന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. പക്ഷേ, തൊണ്ണൂറോളം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഇവിടെ മറവു ചെയ്യപ്പെട്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അങ്ങിനെയാണെങ്കില്‍ ഈ പ്രദേശങ്ങളില്‍ നിന്നും അടക്കം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് പഞ്ചായത്ത് എടുത്ത് പരിശോധിക്കട്ടെ”, ആക്ഷന്‍ കമ്മിറ്റിക്കാര്‍ പറയുന്നു.

നിലവിലുള്ള അസംഖ്യം ശ്മശാനങ്ങള്‍ക്കു പുറമേ പഞ്ചായത്തു വക പൊതു ശ്മശാനം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതോടെയാണ് പ്രശ്‌നം പൊതുമധ്യത്തില്‍ ചര്‍ച്ചയാകുന്നത്. കുറിച്ചിപ്പറ്റ നിവാസിയും പഞ്ചായത്ത് ആസൂത്രണ സമിതിയംഗവുമായ ഷാജി ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. റോഡിനു വശത്ത് ശ്മശാനഭൂമി നിലനില്‍ക്കുമ്പോള്‍, സ്വകാര്യവ്യക്തിയില്‍ നിന്നും സ്ഥലമേറ്റെടുത്ത് മറ്റൊരു പൊതു ശ്മശാനവും വന്നാല്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഷാജി ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലം പഞ്ചായത്തിനു വില്‍ക്കാന്‍ സമ്മതമറിയിച്ച സ്വകാര്യവ്യക്തിയെ കണ്ട് പിന്മാറാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സഭയുടെ ശ്മശാനത്തിനു പിറകിലെ കഥകള്‍ വെളിപ്പെടുന്നത്. ഈ ക്രമക്കേടിന്റെ കാര്യം തങ്ങളറിഞ്ഞിരുന്നില്ലെന്നും, എസ്.എന്‍.ഡി.പി, പെന്തക്കോസ്ത് സഭ എന്നിവരുടെ രണ്ടു ശ്മശാനങ്ങള്‍ മാത്രമാണ് രേഖകള്‍ പ്രകാരം അവിടെ നിലനില്‍ക്കുന്നതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന്റെ പക്ഷം.

“നാലു വാര്‍ഡുകളിലായി പത്തു മുന്നൂറോളം കുടുംബങ്ങളാണ് മരിച്ചാല്‍ അടക്കം ചെയ്യാന്‍ സ്ഥലമില്ലാത്തവരായി പുല്‍പ്പള്ളിയിലുള്ളത്. ഒരു പൊതു ശ്മശാനം ഇവിടെ അനിവാര്യമാണെന്നു കണ്ട് സ്ഥലമെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം നടപടികള്‍ വൈകുകയാണ് പതിവ്. അങ്ങനെയാണ് പ്രദേശത്തുള്ളയൊരാള്‍ അരയേക്കര്‍ സ്ഥലം പഞ്ചായത്തിനു നല്‍കാന്‍ സമ്മതമറിയിക്കുന്നത്. കൂടിക്കാഴ്ചയും വിലപേശലും നടക്കുന്നതിനിടെയാണ് നിലവില്‍ അവിടെയുള്ള ഇരുപതോളം ശ്മശാനങ്ങളെക്കുറിച്ച് നൂറിലധികം പേര്‍ ഒപ്പിട്ട പരാതി ലഭിക്കുന്നത്. അതു പരിഗണിച്ച് ശ്മശാനത്തിന്റെ പദ്ധതി മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങള്‍ കലക്ടര്‍ക്കും മറ്റും പരാതിയായി പോയ സാഹചര്യത്തില്‍ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ശേഖരിക്കാന്‍ പഞ്ചായത്തു തല കമ്മറ്റിയെ ചുമലതപ്പെടുത്തിയിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കും”, പ്രസിഡന്റ് പറയുന്നു.

പൊതുശ്മശാനത്തെ എതിര്‍ത്തിന്റെ പേരില്‍ ആദ്യം താല്‍പര്യക്കുറവ് കാണിച്ചിരുന്നെങ്കിലും, സ്വകാര്യ ശ്മശാനത്തിന് പ്രവര്‍ത്തനാനുമതിയില്ലെന്ന് വെളിപ്പെട്ടതോടെ, അനധികൃതമായ നീക്കങ്ങളോ ശ്മശാന വ്യാപാരമോ അനുവദിക്കില്ല എന്ന തീരുമാനമാണ് പഞ്ചായത്ത് എടുത്തിരിക്കുന്നത്. ആദിവാസി കോളനിയിലെ അംഗങ്ങളടക്കമുള്ളവരാണ് ശരിയായി മറവു ചെയ്യാത്ത മൃതദേഹങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും സഹിച്ച് കുറിച്ചിപ്പറ്റയില്‍ ജീവിക്കുന്നത്. ശ്മശാനത്തോടടുത്ത് താമസിക്കുന്നവരില്‍ രണ്ടു പേര്‍ വിധവകളുമാണ്. ശ്മശാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കാത്തതിന്റെ ഭയപ്പാടിലാണ് ഇരുവരും. തങ്ങളുടെ ശ്മശാനം സംരക്ഷിക്കാനുള്ള ശ്രമം വിവിധ സഭകളും ആരംഭിച്ചതോടെ, സ്ഥലക്കച്ചവടത്തിന്റെയും ഉടമസ്ഥാവകാശത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടാനുള്ള കാത്തിരിപ്പിലാണ് ആക്ഷന്‍ കമ്മറ്റിയംഗങ്ങള്‍.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍