UPDATES

പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ അഞ്ചു സെന്റ്‌ നികത്താന്‍ പറ്റില്ല; ഫ്ലാറ്റിന് 10 ഏക്കര്‍ നെല്‍വയല്‍ നികത്താം, പെരിയാര്‍ ഭൂമി കൈയേറാം, തണ്ണീര്‍ത്തട നിയമം അട്ടിമറിക്കാം

പെരിയാര്‍ ഭൂമി കൈയേറിയും നെല്‍വയല്‍ നികത്തിയും ഫ്‌ലാറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പെരിയാര്‍ ഭൂമി കൈയേറിയും നെല്‍വയല്‍ നികത്തിയും ഫ്‌ലാറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. എറണാകുളം കരിമാലൂര്‍ പഞ്ചായത്തില്‍ ഇടതു, വലതുമുന്നണികളുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് ഫ്‌ലാറ്റ് നിര്‍മ്മാണം തുടങ്ങിയതും പുരോഗമിച്ചതും. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നിര്‍മ്മാണം നടത്തുന്നതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് ഭരണസമിതിയ്ക്കുമെതിരെയാണ് ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ.സഫിറുള്ള വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലഘിച്ചുള്ള നിര്‍മാണം സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ ഷാനവാസ് നല്‍കിയ പരാതിയിലാണ് ജില്ല കളക്ടറുടെ ഉത്തരവ്. കരിമാലൂര്‍ പഞ്ചായത്തിലെ കോട്ടപ്പുറം ഭാഗത്ത് 10 ഏക്കര്‍ നിലം നികത്തി നിര്‍മിക്കുന്ന അക്വാസിററി എന്ന ഫ്‌ലാററ് സമുച്ചയത്തിന് ചട്ടവിരുദ്ധമായി ഇടതു വലതുമുന്നണികളുടെ ഭരണകാലത്ത് അനുമതി നല്‍കുകയായിരുന്നു. ആര്‍.ഡി.ഒയുടെ ഉത്തരവ് പോലും മാനിക്കാതെയാണ് ഇവിടെ നിര്‍മാണം നടന്നിരുന്നത്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായുള്ള നിര്‍മാണത്തിന് 2007 ല്‍ ഇടതുമന്നണിയുടെ ഭരണസമിതിയും 2010 ലും 14 ലും യുഡി.എഫ് മുന്നണി നേതൃത്വം നല്‍കുന്ന ഭരണഭരണസമിതിയും അനുമതി നല്‍കിയിരുന്നതായി വ്യക്തമാക്കുന്ന രേഖകളുള്‍പ്പെടെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. റവന്യൂ രേഖകളിലും ഡാറ്റാബാങ്കിലും നിലമെന്ന് വ്യക്തമാക്കുന്ന 25188 തണ്ടപേരിലുള്ള 176 ബാര്‍ 1 ,2, 3 തുടങ്ങിയ സര്‍വേനമ്പരുകളിലുള്ള 10 ഏക്കറിലധികം നിലം നികത്തിയുള്ള നിര്‍മ്മാണത്തിനാണ് കരിമാലൂര്‍ പഞ്ചായത്തില്‍നിന്നും അനുമതി നല്‍കിയിട്ടുള്ളത്. കേസ് പരിഗണിച്ച ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കാന്‍ ജില്ല കലക്ട്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഫ്‌ലാറ്റ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് പരിശോധന നടത്തി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഇവിടെ നിര്‍മാണം അനുവദിക്കാനാവുന്നതല്ലെന്ന് കണ്ടാണ് ജില്ല കളക്ട്ടര്‍ വിജലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിര്‍മാണം നിര്‍ത്തിവെക്കാന്‍ നേരത്തെ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും നിര്‍മാണം തടസമില്ലാതെ തുടരുകയായിരുന്നു.

"</p

2007ലാണ് കരിമാലൂര്‍ ഗ്രാമപഞ്ചായത്ത് ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് ബില്‍ഡിങ് പെര്‍മിറ്റ് അനുവദിച്ചത്. 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം വിജ്ഞാപനം ചെയ്തു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷവും 2010ലും 2014ലും പെര്‍മിറ്റ് പുതുക്കി നല്‍കി. ആവശ്യക്കാര്‍ക്ക് വീട് നിര്‍മാണത്തിന് അഞ്ച് സെന്റ് നിലം മാത്രം നികത്താമെന്നിരിക്കെ 10 ഏക്കര്‍ നിലം നികത്തിയുള്ള നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നിഷേധിച്ചില്ല. ഇതുകൂടാതെ 77.591 സെന്റ് പെരിയാര്‍ പുഴ പുറമ്പോക്ക് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ കയ്യേറുകയും അനധികൃതമായി മണല്‍ ഖനനം നടത്തുകയും ചെയ്തു. ഇത് കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡറിന്റെയും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്ന് കാണിച്ചാണ് പൊതുപ്രവര്‍ത്തകനായ ഷാനവാസ് ഹൈക്കോടതിയില്‍ കേസ് നല്‍കിയത്.

പരാതിക്കാരനായ ഷാനവാസ് പറയുന്നതിങ്ങനെ; ‘കരിമാലൂര്‍ പഞ്ചായത്തില്‍ 17 ഏക്കറോളം സ്ഥലം ശ്വാസ് ഹോംസിന്റെ പേരിലുണ്ട്. അതില്‍ 13 ഏക്കര്‍ നെല്‍വയലാണ്. കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ നിയമ പ്രകാരം നെല്‍വയല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെങ്കില്‍ ജില്ല കളക്ടറുടേയോ ആര്‍.ഡി.ഒ.യുടേയോ അനുമതി വേണം. ഇതില്ലാതെയാണ് 2007ല്‍ പഞ്ചായത്ത് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കിയത്. പെര്‍മിറ്റിന്റെ ബലത്തില്‍ അവര്‍ നിര്‍മാണം ആരംഭിച്ചു. നിര്‍മാണം നെല്‍വയലിലേക്ക് കടക്കുന്ന സമയത്ത് 2009ല്‍ വില്ലേജ് ഓഫീസര്‍ സ്‌റ്റോപ് മെമ്മോ കൊടുത്തു. നെല്‍വയല്‍ തരം മാറ്റുന്നതിനെതിരെയായിരുന്നു അത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനി ഹൈക്കോടതിയില്‍ റിട്ട് നല്‍കി. അതില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ആര്‍.ഡി.ഒ.യ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അത് കണക്കാക്കാതെ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീടാണ് 2008ല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വരുന്നത്. മൂന്ന് വര്‍ഷമാണ് ബില്‍ഡിങ് പെര്‍മിഷന്റെ കാലാവധി. 2010ലും 14ലും ഇത് പുതുക്കി നല്‍കി. അപ്പോഴും വില്ലേജ് ഓഫീസറുടെ സ്‌റ്റോപ് മെമ്മോ നിലനില്‍ക്കുന്നുണ്ട്. ഞാന്‍ പിന്നീട് ഹൈക്കോടതിയില്‍ പോയി ആ സ്‌റ്റോപ് മെമ്മോ എന്‍ഫോഴ്‌സ് ചെയ്ത് വാങ്ങി. ആര്‍.ഡി.ഒയ്ക്ക് പരാതിയും നല്‍കി. ആര്‍.ഡി.ഒ.യും നിര്‍മ്മാണത്തിന് സ്‌റ്റോപ് മെമ്മോ നല്‍കി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഞാന്‍ നല്‍കിയ പരാതിയും കമ്പനിയുടെ പരാതിയും ഒരുമിച്ച് പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.

"</p

പഞ്ചായത്തിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് പുറമെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിന് ചട്ടപ്രകാരം നടപടിയെടുക്കാന്‍ ആര്‍.ഡി.ഒ.യ്ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ചട്ടപ്രകാരമുള്ള നടപടി എന്നാല്‍ നിര്‍മ്മാണം പൊളിച്ച് നിലം പൂര്‍വ്വ സ്ഥിതിയിലാക്കുക എന്നാണ്. എന്നാല്‍ ഇത്തരമൊരു നടപടിയിലേക്ക് അധികൃതര്‍ കടക്കുമോ എന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്. ‘ഞങ്ങള്‍ വീടുവെയ്ക്കാന്‍ അഞ്ച് സെന്റ് നികത്താന്‍ അനുമതി ചോദിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഒരു ഫലവുമുണ്ടായില്ല. അപേക്ഷ നല്‍കി കാത്തിരിക്കുന്ന നിരവധി പേര്‍ പഞ്ചായത്തിലുണ്ട്. അ്‌പ്പോഴാണ് 10 ഏക്കര്‍ നിലം നികത്തിയുള്ള ഫ്‌ലാറ്റ് നിര്‍മാണം. ഉദ്യോഗസ്ഥരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടന്നിട്ടുള്ളത്. അനധികൃതമായ നികത്താണെന്ന് ബോധ്യപ്പെട്ടാല്‍ നിര്‍മ്മാണം പൊളിച്ചുകളഞ്ഞ് നിലം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ്. എന്നാല്‍ അത്തരം നടപടികളിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുമെന്ന പ്രതീക്ഷ പോലും ഞങ്ങള്‍ക്കില്ല. ഉദ്യോഗസ്ഥരുടെയെല്ലാം കണ്‍മുന്നിലാണ് ഈ ഫ്‌ലാറ്റ് ഉയര്‍ന്നത്.‘ പ്രദേശവാസിയായ സോമശേഖരന്‍ പറഞ്ഞു.

പെരിയാര്‍ പുറമ്പോക്ക് കയ്യേറ്റം തിരിച്ച് പിടിച്ചെടുക്കുവാനും അനധികൃതമായി മണല്‍ ഖനനം നടത്തിയതിനെതിരെ നടപടിയെടുക്കുവാനും പറവൂര്‍ തഹസില്‍ദാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാദ ഫ്ലാറ്റിനോട് ചേര്‍ന്നുള്ള പെരിയാറിന്റെ തീരത്തുള്ള 75 സെന്റ് ഭൂമി കൈയേറി ഫ്ലാറ്റ് നിര്‍മ്മാണകമ്പനിയായ ശ്വാസ് ബില്‍ഡേഴ്സ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും നാട്ടുകാര്‍ തന്നെ അവ പൊളിച്ചു നീക്കിയിരുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍