ഒരു ജനതയാകെ തീരാദുരിതത്തില്‍ നിന്നും കരകയറാന്‍ വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ കഥകള്‍ കൂടിയാണ് കണ്ണൂരിലെ പെടേനക്കാര്‍ പറഞ്ഞുതരുന്നത്
‘ഏഴു വര്‍ഷമായി ചികിത്സയിലാണ് ഞാന്‍. കടുത്ത ശ്വാസം മുട്ടല്‍ മൂലം ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. ആശുപത്രിയും ചികിത്സയുമായി നടക്കുന്നതിനിടെ ഇപ്പോള്‍ ഭാര്യയ്ക്കും ഇതേ അസുഖം തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്കു മാത്രമല്ല, അയല്‍വാസികളായ ഇരുപതോളം വീട്ടുകാര്‍ക്കും ഇതാണ് അനുഭവം. എല്ലാവരും രോഗികളാണ്. വീടുകളുടെ ഭിത്തികള്‍ പൊട്ടിപ്പൊളിയുന്നു, തറ വിണ്ടുകീറുന്നു. പല വീടുകളും താമസിക്കാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി.’ കണ്ണൂരിലെ പെരിങ്ങോമില്‍ പെടേനയിലെ പ്രദേശവാസിയായ ദാമോദരനാണ് പറയുന്നത്. വീടുകള്‍ക്ക് തൊട്ടടുത്ത് പതിനഞ്ചു വര്‍ഷത്തോളമായി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളാണ് ദാമോദരന്റെയും അയല്‍വാസികളുടെയും ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി പരാതികളും പ്രതിഷേധങ്ങളുമായി നാട്ടുകാര്‍ ഒത്തുകൂടിയിട്ടും പരിഹാരമുണ്ടാകാതെ ക്വാറിപ്രശ്‌നം പുകഞ്ഞുനീറുകയാണിവിടെ.
ക്വാറികള്‍, ക്രഷറുകള്‍, ടാര്‍ മിക്‌സിംഗ് യൂണിറ്റുകള്‍ എന്നിങ്ങനെ വന്‍കിട സംരംഭങ്ങളാണ് പെടേനയിലും പരിസരപ്രദേശങ്ങളിലും പൊതുജനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് നിര്‍ബാധം തുടര്‍ന്നു പോരുന്നത്. ദാമോദരന്റെ വീടാണ് ക്രഷറിന് ഏറ്റവുമടുത്തുള്ളത്. അതുകൊണ്ടുതന്നെ, എല്ലാ ആഘാതങ്ങളും വലിയ തോതില്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ദാമോദരനും കുടുംബത്തിനുമാണ്. ക്രഷറില്‍ നിന്നും കഷ്ടി അമ്പതു മീറ്റര്‍ മാത്രം വിട്ടുള്ള ദാമോദരന്റെ വീടിന്റെ ചുമരുകള്‍ പൊട്ടിത്തകര്‍ന്നിരിക്കുന്നു. ജനല്‍ച്ചില്ലുകളും തകര്‍ന്ന അവസ്ഥയിലാണ്. ഭാര്യയുമായി വീട്ടില്‍ താമസിക്കുന്ന ദാമോദരന്റെ രണ്ടു മക്കളും സൈനികരാണ്. കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന സുനില്‍ കുമാറിന്റേയും, രാജസ്ഥാനില്‍ ജോലിനോക്കുന്ന അനില്‍ കുമാറിന്റെയും വീടാണ് പൊട്ടിത്തകര്‍ന്നും വിണ്ടുകീറിയും പരിതാപകരമായ അവസ്ഥയിലുള്ളത്.
ജവാന്മാരുടെ മാതാപിതാക്കളെന്ന അഭിമാനം നിലനില്‍ക്കുമ്പോഴും, ദാമോദരനും ഭാര്യയ്ക്കും തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വീടിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്തും ആശങ്കയുണ്ട്. തകര്‍ന്നുകൊണ്ടിരിക്കുന്ന വീടിനു പകരം പുതിയ വീടു പണിയാന്‍ ഇടയ്ക്ക് ആലോചിച്ചിരുന്നുവെങ്കിലും, ക്വാറിയുടെയും ക്രഷറിന്റെയും നീരാളിപ്പിടുത്തം അങ്ങോട്ടും നീളുമെന്ന ഭയത്തില്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു ദാമോദരന്‍. തങ്ങളുടെ പക്കല്‍ സമ്പാദ്യമായി ആകെയുള്ള സ്ഥലവും വീടും വാങ്ങിച്ചെടുക്കാനും ക്വാറിയുടമകള്‍ ശ്രമിക്കുന്നതായും പ്രദേശവാസികളില്‍ പലര്‍ക്കും പരാതിയുണ്ട്. പൊടിയും ശബ്ദവും കൊണ്ട് ജീവിക്കാനാകാത്ത അവസ്ഥയായെന്നും, പരാതികള്‍ക്കൊന്നും നാളിതുവരെ പരിഹാരമായില്ലെന്നും ദാമോദരന്‍ പറയുന്നു. ‘പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്വാറിയാണ്. ഞങ്ങള്‍ പറഞ്ഞു പറഞ്ഞ് പ്രശ്‌നമുണ്ടാക്കി വെടിപൊട്ടിക്കലെല്ലാം കുറച്ചിരുന്നതാണ്. ഇപ്പോള്‍ പുതിയൊരു ടീം വന്ന് ക്വാറി ഏറ്റെടുത്ത ശേഷം വീണ്ടും വലിയ തോതില്‍ പാറ പൊട്ടിക്കുന്നുണ്ട്. ഇങ്ങനെ തുടങ്ങിയാല്‍ ഇവിടെ ജീവിക്കാനാകില്ലെന്ന് അവരോട് പറഞ്ഞതാണ്. അപ്പോള്‍ ശബ്ദം കുറയ്ക്കാം, പൊടി ഒട്ടും വരില്ല എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ ഒട്ടും വയ്യാതായിട്ടുണ്ട്. ലൈസന്‍സൊന്നും കൃത്യമല്ലാത്ത ക്വാറികളാണ് എല്ലാം. വലിയ ക്വാറികളൊക്കെ വേറെയുമുള്ള മൂവാറ്റുപുഴക്കാരാണ് ഇപ്പോള്‍ ക്വാറി നടത്തുന്നത്. പഞ്ചായത്ത് അധികൃതര്‍ ക്വാറിക്ക് പിന്തുണയാണ്. കാശ്മീരില്‍ ജോലി ചെയ്യുന്ന ഇളയ മകന്‍ കലക്ടര്‍ക്ക് ഇക്കാര്യമെല്ലാം കാണിച്ച് പരാതി കൊടുത്തിരുന്നു. ഒരു ഫലവുമുണ്ടായില്ല.’
രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്ന ജവാന്മാരുടെ അപേക്ഷ പോലും തീര്‍പ്പാക്കാന്‍ മടിക്കുന്ന അധികൃതര്‍ തങ്ങള്‍ക്ക് എങ്ങനെ സഹായം ചെയ്യുമെന്ന ആശങ്കയാണ് മറ്റു പ്രദേശവാസികള്‍ക്കുള്ളത്. പ്രദേശത്തുള്ള ഇരുപതോളം വീടുകളുടെ ഭിത്തിയും തറയും തകര്‍ന്ന അവസ്ഥയിലാണ്. എല്ലാവരും കടുത്ത രോഗികളുമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് പ്രദേശവാസിയും പ്രക്ഷോഭസമിതിയിലെ പ്രവര്‍ത്തകനുമായ അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ക്വാറികള്‍ക്കെതിരെ ജനകീയ സമിതി രൂപീകരിക്കാനും ബോധവല്‍ക്കരണ ക്ലാസ് നടത്താനും തീരുമാനമായിട്ടുണ്ട്. പെടേന, പെരുമ്പാവ, ഓടമുക്ക് പ്രദേശങ്ങളിലായി ഏകദേശം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ആറു ക്വാറികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വെടിപൊട്ടിച്ചപ്പോള്‍ തകര്‍ന്നുപോയ വീടുകള്‍ മാത്രമല്ല, മറ്റു പല ഗുരുതര പ്രശ്‌നങ്ങളും ക്വാറികളും ക്രഷറുകളും പെടേനയിലും ചുറ്റുവട്ടത്തുമുണ്ടാക്കുന്നുണ്ട്.
പ്രദേശത്ത് തുടര്‍ന്നുപോരുന്ന വ്യാപകമായ കരിങ്കല്‍ ഖനനത്തെക്കുറിച്ച് അബ്ദുള്‍ റഹ്മാന്‍ പറയുന്നതിങ്ങനെ: ‘ഒന്നോ രണ്ടോ ലൈസന്‍സ് വച്ച് മാനദണ്ഡങ്ങള്‍ മറികടന്ന് എത്രയോ ക്വാറികളാണ് നടക്കുന്നത്. പരാതിയുമായി ചെല്ലേണ്ടത് പഞ്ചായത്തിലാണല്ലോ. അവിടെ ചെന്ന് കാര്യമവതരിപ്പിച്ചപ്പോഴാകട്ടെ, ക്വാറികള്‍ പ്രവര്‍ത്തനം തുടരട്ടെ, വിഷയം അന്വേഷിക്കാം എന്നാണ് മറുപടി. എന്തു വിഷയമായാലും ഇത്തരമൊരു പരാതി കിട്ടുമ്പോള്‍ ആദ്യം ക്വാറി പ്രവര്‍ത്തനം താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവയ്ക്കാനല്ലേ നിര്‍ദ്ദേശിക്കേണ്ടത്. എന്നിട്ടല്ലേ അന്വേഷണം. ഇതിനെല്ലാമെതിരെ മാര്‍ച്ച് മൂന്നിന് ശക്തമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ക്വാറിക്ക് പഞ്ചായത്ത് അനുമതി കൊടുത്തിട്ടുണ്ട് എന്നത് സ്ത്യം തന്നെ. എന്നാല്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ക്വാറി എങ്ങിനെയാണ് നടത്തുക? ആദ്യം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണ്ടേ? കഴിഞ്ഞ ദിവസത്തെ പ്രതിഷേധവും തുടര്‍ന്നുണ്ടായ പഞ്ചായത്ത് മീറ്റിംഗും നടന്ന ശേഷം ഇപ്പോള്‍ കൂടുതല്‍ ശക്തിയിലാണ് പാറപൊട്ടിക്കല്‍. പ്രദേശവാസികളെ വെല്ലുവിളിക്കുന്നതായാണ് ഞങ്ങള്‍ക്കു തോന്നുന്നത്. മീറ്റിംഗിന്റെ പിറ്റേന്നുണ്ടായ രണ്ടു സ്‌ഫോടനങ്ങള്‍ അത്രയും വലുതായിരുന്നു.’
മീറ്റിംഗിനു ശേഷം വീടുകള്‍ സന്ദര്‍ശിക്കാമെന്ന് വാഗ്ദാനം നല്‍കിയ പഞ്ചായത്ത് അധികൃതര്‍ പേരിനു സന്ദര്‍ശനം നടത്തി പോയതുപോലും ആരുമറിഞ്ഞില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. ക്വാറി വിഷയത്തില്‍ പഞ്ചായത്ത് കാണിക്കുന്ന ഉദാസീനത പല സംശയങ്ങള്‍ക്കും കാരണമാകുന്നതായും ഇവര്‍ പറയുന്നു. പെടേനയില്‍ ജലസ്രോതസ്സായി വലിയ തോടും ചെറിയ തോടുമുണ്ടായിരുന്നു. വറ്റാത്ത ഈ തോടുകളുടെ ഉത്ഭവസ്ഥാനത്താണ് ഇപ്പോള്‍ കരിങ്കല്‍ ഖനനം നടക്കുന്നത്. തോടുകളെല്ലാം മണ്ണിട്ടു നികത്തപ്പെട്ടു. ശേഷിക്കുന്ന ജലസ്രോതസ്സുകളില്‍ ഒഴുക്കിവിടുന്ന മലിനജലത്തിന്റെ കണക്കറിഞ്ഞാല്‍ ഞെട്ടിപ്പോകും. ക്വാറികളിലും ക്രഷറുകളിലും എംസാന്റ് കഴുകിയ വെള്ളവും, വെടിമരുന്നിന്റെ അവശിഷ്ടങ്ങളുമൊക്കെ പകല്‍ സമയത്ത് ശേഖരിച്ചുവയ്ക്കും. രാത്രിയായാല്‍ ഇതെല്ലാം ഈ തോടുകളിലേക്ക് ഒഴുക്കിവിടുകയും ചെയ്യും. ചെറിയ തോടുകളില്‍ നിന്നും ഈ മലിനജലം വലിയ തോട്ടിലും പുഴയിലുമെത്തും. ഇവിടെ നിന്നാണ് പരിയാരം മെഡിക്കല്‍ കോളേജടക്കമുള്ളിടങ്ങളിലേക്ക് വെള്ളം ശേഖരിക്കുന്നതെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ‘ഇത്രയേറെ ഭീകരമായ അവസ്ഥയിലാണ് ഇവിടുത്തെ കാര്യങ്ങള്‍. എന്തുകൊണ്ടാണ് അധികാരികള്‍ കണ്ണടയ്ക്കുന്നതെന്നറിയില്ല. നിരന്തരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വഴിയില്ല എന്നായിട്ടുണ്ട്. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ആശുപത്രിയില്‍ പോകേണ്ടുന്ന നിത്യരോഗികളായി ഇവിടത്തുകാര്‍ മാറിയിട്ടുണ്ട്. അതെങ്കിലും ശ്രദ്ധിക്കണം.
‘
ഈ പ്രശ്‌നങ്ങള്‍ക്കു പുറമേ, നേരത്തേ തന്നെ അടച്ചുപൂട്ടല്‍ ഭീഷണിയുള്ള പെടേന എല്‍.പി സ്‌കൂളും ക്വാറി ഭീതിയില്‍പ്പെട്ടിട്ടുണ്ട്. ക്വാറിയില്‍ നിന്നും കഷ്ടി അമ്പതുമീറ്റര്‍ മാറിയാണ് സ്‌കൂള്‍. ക്വാറിക്ക് തൊട്ടുതാഴെയായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളെ അയയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം രക്ഷിതാക്കളും. കുട്ടികളുടെ ആരോഗ്യത്തെക്കരുതി ഇത്തരമൊരു തീരുമാനമെടുത്താല്‍, സ്‌കൂള്‍ അടച്ചുപൂട്ടുക തന്നെ ചെയ്യേണ്ടിവരും. അതിനു പകരമായി അനധികൃത ക്വാറികള്‍ അടച്ചുപൂട്ടണമെന്നാണ് പെടേനക്കാരുടെ ആവശ്യം.
രാജ്യസുരക്ഷയ്ക്കായി ഉറക്കമിളയ്ക്കുന്ന ജവാന്മാരുടെ വീടുകൂടിയാണ് തകര്‍ന്നു പോകുന്നതെന്നും, ഇവരുടെ മാതാപിതാക്കള്‍ കൂടിയാണ് നിത്യരോഗികളായി മാറുന്നതെന്നും ചൂണ്ടിക്കാണിക്കുമ്പോള്‍ത്തന്നെ, ഒരു ജനതയാകെ തീരാദുരിതത്തില്‍ നിന്നും കരകയറാന്‍ വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ കഥകള്‍ കൂടിയാണ് പെടേനക്കാര്‍ പറഞ്ഞുതരുന്നത്. ഇനിയും ജില്ലാ ഭരണകൂടം ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതമാണ് പാടേ വഴിമുട്ടുക എന്നും സമരസമിതിക്കാര്‍ പറയുന്നു.