UPDATES

വിശ്വാസം അനുവദിക്കുന്നില്ല; പ്രതിരോധ കുത്തിവയ്പ് വേണ്ടെന്ന് സിദ്ധാശ്രമം; വഴി കാണാതെ ഡോക്ടര്‍മാര്‍

ആരോഗ്യ വകുപ്പിന്റെ ‘മിഷന്‍ ഇന്ദ്രധനുഷ്’ പറയുന്നത് ജില്ലയിലെ 500-ഓളം കുട്ടികള്‍ക്ക് പൂര്‍ണമായോ അല്ലാതെയോ പ്രതിരോധകുത്തിവയ്പ്പ് എടുത്തിട്ടില്ലെന്നാണ്

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രാഥമിക ആശുപത്രി കേന്ദ്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു വിശ്വാസത്തോടുള്ള ഏറ്റുമുട്ടലിലാണ്. ആ വിശ്വാസികളെ ബോധവത്കരിക്കാനും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തയെടുക്കാനുമുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങള്‍ ഇവിടെ വിജയിക്കുന്നില്ല. സ്വാമി ശിവാനന്ദ പരമഹംസരെ പിന്തുടരുന്ന കുറ്റിച്ചല്‍ മണ്ണൂര്‍ക്കര സിദ്ധ സമാജത്തിലെ (സിദ്ധാശ്രമം) കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പിന് വിശ്വാസം തടസ്സമാകുന്നത്. പരമ്പരാഗത മരുന്നുകളും ചികിത്സകളും മാത്രം നടത്തുകയും നിലവിലെ സമൂഹത്തില്‍ നിന്ന്‌ മാറി ഒരു പ്രത്യേക ജീവിതചര്യയുമായി മുന്നോട്ട് പോകുന്ന വിഭാഗമാണ് സിദ്ധ സമാജകര്‍.

സമാജത്തിലെ ഏഴോളം കുട്ടികള്‍ക്ക് ജനിച്ചപ്പോള്‍ മുതലുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലെന്നും അവര്‍ ഒരു പ്രത്യേക വിശ്വാസത്തിലൂന്നി ജീവിക്കുന്നവരാണെന്നുമാണ് കുറ്റിച്ചല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോയ് ജോണ്‍ പറയുന്നത്. ‘ഞാന്‍ ഒരു പതിനഞ്ച് തവണയില്‍ കൂടുതല്‍ ആ ആശ്രമത്തില്‍ പോയിട്ടുണ്ട്, കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് സംബന്ധിച്ച്. പക്ഷെ അവര്‍ അവരുടെ വിശ്വാസം പിന്തുടരാനാണ് ഇഷ്ടപ്പെടുന്നതെന്നും കുത്തിവെയ്പ്പ് വേണ്ടെന്നുമാണ് പറയുന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ഇവര്‍. ഭാവിയില്‍ ഇവര്‍ക്ക് ഗുരുതര അസുഖം വരാതിരിക്കാനും മുന്നറിയിപ്പ് നല്‍കാനും ആരോഗ്യ വകുപ്പിലെ എന്നെക്കാളും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആശ്രമത്തിലെ ആളുകളുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തിരുന്നാലുള്ള ഭവിഷ്യത്തുകള്‍ അവര്‍ മനസ്സിലാക്കുന്നില്ല. നിര്‍ബന്ധിച്ചോ ബലം പ്രയോഗിച്ചോ ചെയ്യിപ്പിക്കാന്‍ കഴിയുന്നതല്ലല്ലോ ഇത്തരം കാര്യങ്ങള്‍’ എന്നും വ്യക്തമാക്കുന്നു ഡോ. ജോയ്‌.

(സ്വാമി ശിവാനന്ദ പരമഹംസര്‍)

കുറ്റിച്ചല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ രാജന്‍ കെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എടുക്കേണ്ട പ്രധാന കുത്തിവെയ്പ്പുകളെ കുറിച്ച് പറയുന്നു- ‘ബലക്ഷയത്തിനുള്ള ബിസിജി, ഡിഫ്തീരീയ, ടെറ്റനസ്, വില്ലന്‍ചുമ്മ, മഞ്ഞപ്പിത്തം തുടങ്ങിയ കാര്യങ്ങള്‍ക്ക് മൂന്ന് തവണയായി എടുക്കേണ്ട പെന്റാവാലന്റ് വാക്‌സിന്‍, ഡിഫ്തീരീയ്ക്കും വില്ലന്‍ചുമ്മയ്ക്കും ടെറ്റനസിനും ഒന്നര വയസ്സില്‍ എടുക്കേണ്ട ഡിപിടി എന്നീ പ്രതിരോധ കുത്തിവെയ്പ്പുകളാണ് കുട്ടികള്‍ക്ക് പ്രധാനമായും എടുക്കേണ്ടത്. ഞങ്ങള്‍ ഇവിടെ ഇതിനെക്കുറിച്ചുള്ള ബോധവത്കരണമൊക്കെ നടത്തി എല്ലാവര്‍ക്കും ഈ കുത്തിവെയ്പ്പുകള്‍ എടുപ്പിക്കാറുണ്ട്. സിദ്ധാശ്രമത്തില്‍ പലതവണ പോയിട്ടും അവര്‍ ഇത്തരം പ്രധാന്യമുള്ള കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ല. ഞങ്ങള്‍ ഇതിനെക്കുറിച്ച് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ ഇത്തരം കാര്യങ്ങളെ അംഗീകരിക്കുന്നില്ല.’ എന്നാണ്‌.

ആരോഗ്യ വകുപ്പിന്റെ ‘മിഷന്‍ ഇന്ദ്രധനുഷ്’ പറയുന്നത് ജില്ലയിലെ 500-ഓളം കുട്ടികള്‍ക്ക് പൂര്‍ണമായോ അല്ലാതെയോ പ്രതിരോധകുത്തിവയ്പ്പ് എടുത്തിട്ടില്ലെന്നാണ്. ഇതില്‍ ഉള്‍പ്പെടുന്നതാണ് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്, കൈതയ്ക്കല്‍ വാര്‍ഡിലെ സിദ്ധാശ്രമത്തിലെ കുട്ടികളും. ഇത് സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ രമണി വി പറയുന്നത്- ‘കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടില്ലെന്ന സംഭവം കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരോട് എത്രയും പെട്ടെന്ന് സംസാരിക്കാനും അനുകൂലമായ ഒരു തീരുമാനം എടുപ്പിക്കാനും ശ്രമിക്കും. ആശ്രമത്തിലെ അന്തേവാസികള്‍ക്ക് പുറത്തുള്ളവരോടുമായി വലിയ ബന്ധമൊന്നുമില്ല. അവര്‍ അവരുടെ കൃഷിയും ഔഷധ നിര്‍മ്മാണവുമായി ആര്‍ക്കും ഒരു ശല്യമില്ലാതെ ഒരു വ്യത്യസ്ത വിശ്വാസവുമായി കഴിയുന്നവരാണ്. പുറംലോകവുമായി ബന്ധമില്ല അവര്‍ക്ക്. ഏതായാലും കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാത്ത വിഷയത്തെ ഗൗരവപരമായി തന്നെയായിരിക്കും ഞങ്ങള്‍ സമീപിക്കുക.’

സിദ്ധാശ്രമത്തിലെ മാനേജരും അന്തേവാസിയുമായ ദേവദാസന്‍ തിരക്കിലായതിനാല്‍ അദ്ദേഹത്തിന്റെ പ്രതിനിധിയായി സമാജത്തിലെ അംഗമായ രാജേഷ് അഴിമുഖത്തോട് പറയുന്നത്- ‘ഞങ്ങളുടെ വിശ്വാസ പ്രകാരം വാക്‌സിനേഷന്‍ അനുവദനീയമല്ല. തലമുറകളായി ഞങ്ങള്‍ പിന്തുടരുന്ന ഒരു ജീവിതചര്യയുണ്ട്, അത് ഉപേക്ഷിക്കാന്‍ കഴിയില്ല. വാക്‌സിനുകളിലുള്ളത് രോഗാണു തന്നെയാണ്. അത് ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രതിരോധ ശക്തിയാര്‍ജിക്കാനുള്ള കൃത്രിമ മാര്‍ഗ്ഗമാണ്. തീര്‍ച്ചയായും അതിന് പാര്‍ശ്വഫലങ്ങളുണ്ട്. ഞങ്ങള്‍ സസ്യാഹാരികളാണ്. ഞങ്ങള്‍ തന്നെ ജൈവകൃഷി ചെയ്യുന്ന നെല്ലും പച്ചക്കറികളും ഫലങ്ങളുമാണ് ആഹാരം. കൂടാതെ പ്രാണായാമം പരിശീലിക്കുന്നവരാണ്. ഞങ്ങള്‍ക്ക് പ്രകൃത്യയാല്‍ തന്നെയുള്ള പ്രതിരോധ ശേഷിയുണ്ട്. അത് വളര്‍ത്താനുള്ള കൃത്രിമ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാന്‍ താത്പര്യമില്ല. അയുര്‍വേദ ചികിത്സകളാണ് ഞങ്ങള്‍ പിന്തുടരുന്നത്. അലോപ്പതിയോട് ഞങ്ങള്‍ക്ക് വിരോധമാണ് എന്ന് തെറ്റിദ്ധരിക്കരുത്. സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയാകുമ്പോള്‍ അലോപ്പതി ഉപയോഗിക്കുന്ന അന്തേവാസികളുണ്ട്. പെട്ടെന്ന് ഒരു അപകടം വന്ന് കാല്‍ ഒടിയുകയോ കൈ ഒടിയുകയോ ചെയ്താല്‍ അലോപ്പതി ചികിത്സ തന്നെയാണ് നല്ലതെന്ന് കരുതുന്നു.

മുമ്പ് സമാജത്തിലെ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ ഞങ്ങള്‍ അറിയാതെ അവള്‍ക്ക് ഒരു പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു. അവള്‍ക്ക് രണ്ട് വയസ്സായപ്പോഴും സംസാരവും നടത്തവും ഒന്നുമില്ലാത്തതു കണ്ട് ഞങ്ങള്‍ ഒരു അയുര്‍വേദ ഡോക്ടറെ കാണിച്ചപ്പോള്‍ വാക്‌സിനേഷന്റെ തുടര്‍ച്ച എടുക്കാത്തതിന്റെ പ്രശ്‌നമാണ് ഇതെന്നാണ് പറഞ്ഞത്. പിന്നെ ഞങ്ങള്‍ ഒരുപാട് ആയുര്‍വേദ ചികിത്സ നടത്തിയതിന് ശേഷമാണ് അവളെ സാധാരണ നിലയിലെത്തിച്ചത്. സമാജത്തിലെ ഒരു കുട്ടിക്കും ഇന്നേവരെ വാക്‌സിനേഷന്‍ എടുക്കാത്തതിനാല്‍ ഒരു പ്രശ്‌നവും വന്നിട്ടില്ല. ഇവിടുത്തെ മാനേജര്‍ ദേവദാസിന് 25 വയസ്സായി ഇതുവരെ ഒരു വാക്‌സിനേഷനും എടുത്തിട്ടില്ല. നിങ്ങള്‍ക്ക് ദേവനെ കണ്ടിട്ട് ആരോഗ്യ പ്രശ്‌നമുള്ളതായി തോന്നുന്നുണ്ടോ? ദേവന്‍ മാത്രമല്ല, സമാജത്തില്‍ ജനിച്ച വളര്‍ന്ന ആരും വാക്‌സിനേഷന്‍ എടുക്കാറില്ല. ആരോഗ്യമില്ലാത്ത സാഹചര്യത്തില്‍ വരുന്നവര്‍ക്കാണ് ഇത്തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ വേണ്ടി വരുക. ഇവിടുത്തെ ജീവിതചര്യ കൊണ്ട് അമ്മമാരുടെ തൊട്ട് കുട്ടികളുടെ വരെ ആരോഗ്യം നല്ലതാണ്. തലമുറകളായി ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ വാക്‌സിനേഷന്‍ നിയമമാക്കിയിട്ടൊന്നുമില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങളോടോ കാര്യങ്ങളോടോ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഞങ്ങളുടെ ചര്യ ഇങ്ങനെയാണ്.’

എന്താണ് സിദ്ധ സമാജം?
കോഴിക്കോട് ജില്ലയിലെ വടകര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ പ്രസ്ഥാനമാണ് സിദ്ധ സമാജം. 1921-ല്‍ സ്വാമി ശിവാനന്ദ പരമഹംസര്‍ ആണ് ഈ ആശ്രമവും ജീവിതചര്യകളുടെ തുടക്കക്കാരനും സ്ഥാപകനുമെല്ലാം. കേരളത്തില്‍ 500-ഓളം സമാജ അംഗങ്ങളുണ്ട്. ആശ്രമങ്ങള്‍ക്കു പുറത്ത് സിദ്ധസമാജ ദര്‍ശങ്ങള്‍ സ്വീകരിച്ച് ജീവിക്കുന്നവര്‍ 5000-ത്തോളം പേരുണ്ട്. ഈ ജീവിതചര്യ അറിഞ്ഞു വന്നവരുമുണ്ട്. അഞ്ച് സിദ്ധാശ്രമങ്ങളാണ് സമാജത്തിനു കീഴില്‍ നിലവിലുളളത്. പ്രധാന കേന്ദ്രം കോഴിക്കോട് ജില്ലയിലെ വടകരസിദ്ധാശ്രമം, പേരാമ്പ്രയിലെ കായണ്ണ സിദ്ധാശ്രമം, കണ്ണൂര്‍ കരിമ്പത്തിനടുത്തുളള ഈയൂര്‍ സിദ്ധാശ്രമം, തിരുവനന്തപുരം മണ്ണൂര്‍ക്കര സിദ്ധാശ്രമം, തമിഴ്നാട് സേലം ജില്ലയിലെ അമ്മപാളയം സിദ്ധാശ്രമം എന്നിവയാണവ. ഇവരുടെ ആശയത്തെ കുറിച്ച് പ്രചാരണമില്ല. തലമുറകളായി ഇവിടെ വളര്‍ന്നുവന്നവരാണ് കൂടുതല്‍ പേരും.

രാഷ്ട്രീയം, ജാതി, മതം, ലിംഗം എന്നിവയും അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍ തുടങ്ങിയ ബന്ധങ്ങളും ഇവര്‍ക്കില്ല. എല്ലാവരും ഏകോദരസഹോദരങ്ങളായിട്ടാണ് കഴിയുന്നത്. സിദ്ധാശ്രമങ്ങളെല്ലാം ഒരു സ്വയംപര്യാപ്തസമൂഹത്തിന്  ആവശ്യമുളളതെല്ലാം, ഈ മതില്‍ക്കെട്ടിനകത്തുണ്ടാവും. കൃഷിയും സിദ്ധവിദ്യ സാധനയും പ്രാണായാമവും മറ്റുമായി ആത്മീയ ലോകത്തിലാണ് ഇവര്‍ കഴിയുന്നത്. മരുന്ന് വില്‍പ്പന, പുസ്തകവിതരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കല്ലാതെ സാധാരണയായി സമാജ അംഗങ്ങള്‍ പുറത്ത് പോകാറില്ല. സമാജ അംഗങ്ങള്‍ ദിസവും 8 മണിക്കൂര്‍ വീതം പ്രാര്‍ത്ഥന/സിദ്ധ വിദ്യ പ്രയോഗിക്കുന്നതിനായി മാത്രം മാറ്റിവെക്കുന്നു. 4 സമയങ്ങളിലായാണിത്- പുലര്‍ച്ചെ 3 മണി മുതല്‍ 5.20 വരെ, ഉച്ചക്ക് 12 മുതല്‍ 2.20 വരെ, സന്ധ്യാസമയത്ത് 6 മുതല്‍ 7 വരെ, രാത്രി 7.30 മുതല്‍ 9.50 വരെ എന്നിങ്ങനെയാണിത്.

സമാജകര്‍ വെള്ള വസ്ത്രം മാത്രം ധരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും വേണം. പുരുഷന്‍മാര്‍ക്ക് കാല്‍മുട്ട് വരെ എത്തുന്ന ഒരു ഒറ്റമുണ്ടും തോളിലിടാന്‍ തോര്‍ത്തും, സ്ത്രീകള്‍ക്കും ഒറ്റമുമുണ്ടും മാറുമറയ്ക്കാന്‍ മറ്റൊരു മുണ്ടുമാണ് വേഷം. അന്യോന്യം കൂട്ടുകൂടുകയോ സ്വകാര്യം സംസാരിക്കുകയോ ചെയ്യാന്‍ പാടില്ല. എല്ലാം കൂട്ടമായി വേണം ചെയ്യാന്‍. അന്തേവാസികള്‍ക്കും അതിഥികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനുളള വക സ്വന്തം കൃഷിയിടത്തില്‍ സ്വയം കൃഷി ചെയ്ത് ഉണ്ടാക്കുന്നു. വസ്ത്രവും പാര്‍പ്പിടവും എല്ലാം സമാജമാണ് നല്‍കുന്നത്. പിന്നെ ആയുര്‍വേദ മരുന്നുകളുടെ വിപണനമുണ്ട്. അത് ഉണ്ടാക്കാന്‍ പുറത്ത് നിന്ന് ജോലിക്കാരെ കൂട്ടാറുണ്ട്, ബാക്കി കാര്യങ്ങളെല്ലാം അംഗങ്ങള്‍ തന്നെ ചെയ്യുന്നു. വിവാഹത്തിന്റെയും ലൈംഗികയുടെയും കാര്യത്തിലും ഈ സമത്വം അവര്‍ പാലിക്കുന്നു. ഇവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ മൂന്ന് വയസ് വരെ അമ്മയോടൊപ്പമായിരിക്കും. അതു കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തിനായി വടകര കേന്ദ്രത്തിലേക്ക് പോകുന്നു. പതിനെട്ട് വയസ് വരെ അവര്‍ എല്ലാത്തരം സാധാരണ പഠനങ്ങളും- ആത്മീയ പഠനങ്ങളും, സിദ്ധവിദ്യ പരിശീലനങ്ങളുമായിരിക്കും. ഇത് കഴിഞ്ഞ് ആശ്രമത്തില്‍ തിരിച്ചെത്തി സിദ്ധവിദ്യ സാധനയും ആശ്രമത്തിലെ പ്രവര്‍ത്തികളുമായി ജീവിക്കുന്നു. അപൂര്‍വ്വം ചിലര്‍ ഇത് ഉപേക്ഷിച്ച് സാധാരണ സമൂഹത്തിലേക്ക് മടങ്ങുന്നു. ഇവര്‍ക്ക് പിന്നെ സിദ്ധ സമാജത്തിലേക്ക് വരാന്‍ സാധിക്കില്ല.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍