UPDATES

ഗോവിന്ദാപുരം; ജാതിരഹിത, ആധുനിക കേരളമെന്ന മേനി പറച്ചില്‍ ഇവിടെ തകരുകയാണ്

അംബേദ്കര്‍ കോളനിയില്‍ സിപിഎം മേല്‍ജാതിക്കാരെ പിന്തുണക്കുമ്പോള്‍ ചക്ലിയര്‍ക്ക് സ്വാഭാവികമായും ആശ്രയിക്കാനാവുക കോണ്‍ഗ്രസിനെയോ ബിജെപിയെയോ ആണ്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ ജാതി ഇല്ലാതായി എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കരായിരുന്നോ മലയാളികള്‍? ജാതിക്കും അതിന്റെ അടിസ്ഥാനത്തിലുള്ള നാടുവാഴിത്തത്തിനും അറുതിവരുത്തിയാണോ നാം കേരളം എന്ന ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ ഏകകം കെട്ടിപ്പടുത്തത്? അല്ല എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഏത് മലയാളിയും സമ്മതിക്കും. ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യക്ഷ ഹിംസകള്‍ അവസാനിച്ചുവെന്ന് തോന്നാമെങ്കിലും അത് ഇനിയും നിലനില്‍ക്കുന്നു എന്നതിനുള്ള ഉദാഹരണങ്ങള്‍ ജനാധിപത്യ കേരളത്തില്‍ നിന്ന് നാം ദിനേന കേള്‍ക്കാറുണ്ട്. പയ്യന്നൂരിലെ ചിത്രലേഖയുടെ അനുഭവം മുതല്‍ കീഴ്ജാതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ വരെ.

എന്തിന് പറയുന്നു, പ്രമുഖ ദിനപ്പത്രങ്ങളുടെ മാട്രിമോണിയല്‍ കോളങ്ങള്‍ നോക്കിയാല്‍ തന്നെ, പ്രത്യക്ഷത്തിലുള്ള ജാതി ഹിംസ അവിടെ കാണാന്‍ കഴിയും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പോന്ന പരസ്യങ്ങള്‍ പോലും അവയിലുണ്ടാവും. എന്നാല്‍, ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മലയാളി പൊതുസമൂഹം ഇപ്പോള്‍ തയ്യാറാണ്. കാരണം, മാധ്യമങ്ങളും ജനാധിപത്യ ഇടങ്ങള്‍ കൂടുതല്‍ വിശാലമായതും വഴി അദൃശ്യമായിരുന്ന ജാതി കൂടുതല്‍ ദൃശ്യമാവുന്നുണ്ട്. പക്ഷേ, ഇത് തുറന്ന് സമ്മതിക്കാനോ അംഗീകരിക്കാനോ തയ്യാറാവാത്ത ഒരു കൂട്ടരേയുള്ളൂ കേരളത്തില്‍; അത് പരമ്പരാഗത ഇടതുപക്ഷമാണ്.

ഇക്കാര്യം ഏറ്റവും നന്നായി വ്യക്തമായത് പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ നേരിടുന്ന അയിത്തത്തെ കുറിച്ച് എന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷമാണ്. ഗോവിന്ദാപുരത്ത് ചെന്നത് അയിത്തം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മനസിലാക്കാതെയാണ്. എന്നാല്‍ അവിടെ നിന്ന് കാണാന്‍ കഴിഞ്ഞ കാഴ്ച വ്യത്യസ്തമായിരുന്നു. ജാതിവിവേചനം പലപ്പോഴും അദൃശ്യമാണെങ്കിലും ദൃശ്യമായ വിവേചനം തന്നെ അവിടെ കാണാന്‍ കഴിഞ്ഞു.

അംബേദ്കര്‍ കോളനി സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടോളമായി. ആദ്യം ചക്ലിയര്‍ക്ക് വേണ്ടിയാണ് അവിടെ കോളനി സ്ഥാപിതമായത്. പിന്നീട് ഓബിസിക്കാരായ കുറെ ഭവനരഹിതര്‍ക്ക് വേണ്ടി കോളനിയോട് ചേര്‍ന്ന് സ്ഥലം കണ്ടെത്തുകയും അവിടെ അവരെ പുനരധിവസിപ്പിക്കുകയുമായിരുന്നു. ഓബിസിക്കാരായ കൗണ്ടര്‍, ഈഴവ, ചെട്ടിയാര്‍ തുടങ്ങിയ വിഭാഗങ്ങല്‍ നിന്നുള്ളവരാണ് പട്ടികജാതിക്കാരായ ചക്ലിയരോട് ജാതി വിവേചനം കാണിച്ചിരുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ കൗണ്ടര്‍മാരുടെ വീടുകളിലെ കാര്‍ഷിക തൊഴിലാളികളായ ചക്ലിയരോട് ഫ്യൂഡല്‍ കാലഘട്ടത്തില്‍ നിലനിന്ന ജാതിവിവേചനമായിരുന്നു നടമാടിയിരുന്നത്.

കൗണ്ടര്‍മാരുടെ വീടുകളില്‍ ചിരട്ടകളിലായിരുന്നു മുന്‍കാലങ്ങളില്‍ ചക്ലിയര്‍ക്ക് ചായ നല്‍കിയിരുന്നതെങ്കില്‍ ഇന്നത് ഗ്ലാസുകളിലായിട്ടുണ്ട്. ആ ഗ്ലാസുകള്‍ അവര്‍ക്ക് വേണ്ടി മാത്രം സംവരണം ചെയ്തതാണെന്ന് മാത്രം. ചായക്കടകളിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇന്നത് മാറി. പകരം, ചക്ലിയര്‍ ചായകുടിക്കാനെത്തുന്ന ചായക്കടയില്‍ മേല്‍ജാതിക്കാര്‍ വരാറില്ല. മേല്‍ജാതിക്കാര്‍ ചായകുടിക്കാനെത്തുന്ന ചായക്കടയില്‍ ചക്ലിയര്‍ ചെന്നാല്‍ അവര്‍ക്ക് പ്രത്യേകം ഗ്ലാസുകളാണ്.

കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ക്ക് മുമ്പിലാണ് ജാതി കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. കൗണ്ടര്‍മാര്‍ വെള്ളം ശേഖരിക്കാനെത്തിയാല്‍ ചക്ലിയര്‍ മാറിനില്‍ക്കണം. അവരുടെ കുടം നിറഞ്ഞു കവിഞ്ഞാലും ചക്ലിയര്‍ക്ക് കുടം മാറ്റിവെച്ച് വെള്ളമെടുക്കാന്‍ കഴിയില്ല. കുടത്തില്‍ ചക്ലിയര്‍ തൊടാന്‍ പാടില്ല എന്നത് തന്നെ കാരണം. നേരത്തെ മേല്‍ജാതിക്കാരുടെ അമ്പലത്തില്‍ ചക്ലിയര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അയിത്തം പ്രശ്‌നമായപ്പോള്‍ പിന്നീട് പ്രവേശനം അനുവദിച്ചു. എന്നാല്‍, ചക്ലിയര്‍ കോളനിയില്‍ സ്വന്തമായി അമ്പലമുണ്ടാക്കി. ഇതോടെ, ചക്ലിയര്‍ മേല്‍ജാതിക്കാരുടെ അമ്പലത്തിലേക്ക് പോവാതായി.

ചക്ലിയര്‍ താമസിക്കുന്ന വീടുകള്‍ ഒട്ടുമിക്കതും പൊളിഞ്ഞു വീഴാറായിരിക്കുന്നു. മഴക്കാലമാരംഭിച്ചതോടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന ഒരു വീട്ടില്‍ അഞ്ചു കുടുംബങ്ങള്‍ വരെയാണ് അന്തിയുറങ്ങുന്നത്. ചക്ലിയരുടെ ഭാഗത്ത് എത്തുമ്പോഴേക്ക് കോളനിയിലെ ഓടകളും വഴിവിളക്കുകളും കുടിവെള്ളടാപ്പുകളും അവസാനിക്കുന്നു. നല്ല വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അവിടേക്കില്ല. യഥാര്‍ത്ഥത്തില്‍ കോളനിയിലേക്കുള്ള പട്ടികജാതി ഫണ്ട് വിവേചനപരമായി ചെലവഴിക്കുകയായിരുന്നു ഗ്രാമപഞ്ചായത്തെന്ന് വ്യക്തം.

ഒന്നര പതിറ്റാണ്ടു മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പാണ് ചക്ലിയര്‍ നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയത്. അന്നത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. അന്നത്തെ പട്ടികജാതി വകുപ്പു മന്ത്രി എപി അനില്‍കുമാര്‍ കോളനിയിലെത്തുകയും തുടര്‍ന്നുള്ള ഭരണകൂട ഇടപെടലുകളുമാണ് മുമ്പത്തെക്കാള്‍ ഇപ്പോള്‍ കാണുന്ന മാറ്റത്തിന് കാരണം. എന്നാല്‍, ഇപ്പോഴും നിലനില്‍ക്കുന്ന ജാതിയെക്കുറിച്ച മീഡിയവണ്‍ റിപ്പോര്‍ട്ട് പുറത്തു വന്നയുടന്‍ ആദ്യം പ്രതികരിച്ചത് സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറി തിരുചന്ദ്രനാണ്. ചക്ലിയ യുവതി മേല്‍ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തില്‍ ചക്ലിയരുടെ വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും അവര്‍ അമ്പലത്തില്‍ അന്തിയുറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് സിപിഎമ്മുകാരനായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകനാണെന്നാണ് ചക്ലിയര്‍ പരാതിപ്പെട്ടത്. കൗണ്ടര്‍ സമുദായംഗമായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണ കൗണ്ടര്‍ തന്റെ വീട്ടില്‍ ചക്ലിയരോട് ജാതീയവിവേചനം കാണിക്കുന്നുവെന്നും ചക്ലിയര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ആദ്യ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെപറ്റി പരാമര്‍ശമൊന്നുമില്ലാതിരിക്കെ തന്നെ, സിപിഎം ലോക്കല്‍ സെക്രട്ടറി ചോദിച്ച ചോദ്യം ഇതായിരുന്നു. സിപിഎം പോലെ ഒരു പുരോഗമന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നിടത്ത് അയിത്തമുണ്ടെന്ന് എന്ത് അര്‍ത്ഥത്തിലാണ് നിങ്ങള്‍ പറയുന്നതെന്ന്.

ദലിത് കോളനികള്‍ കേരളത്തില്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ഭൂപരിഷ്‌കരണത്തില്‍ വഞ്ചിതരായ ദലിതുകളെ കോളനികള്‍ എന്ന ഗെറ്റോകളിലേക്ക് ആട്ടിപ്പായിക്കുകയായിരുന്നുവെന്നുമുള്ള സത്യത്തെ മറച്ചുവെച്ചാണ് പരമ്പരാഗത ഇടതുപക്ഷം പുരോഗമനകേരളമെന്ന പുന്നാരം പറയുന്നത്. അംബേദ്കര്‍ കോളനിയില്‍ സിപിഎം മേല്‍ജാതിക്കാരെ പിന്തുണക്കുമ്പോള്‍ ചക്ലിയര്‍ക്ക് സ്വാഭാവികമായും ആശ്രയിക്കാനാവുക കോണ്‍ഗ്രസിനെയോ ബിജെപിയെയോ ആണ്. ചക്ലിയരില്‍ കുറച്ച് യുവാക്കളെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും നേടിയിട്ടുണ്ട്. അവര്‍ അയിത്തത്തെയും ജാതിവിവേചനത്തെയും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. അവരില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും സിപിഎമ്മുകാരുമെല്ലാമുണ്ട്.

എന്നാല്‍, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മേല്‍ജാതിക്കാരുടെ കൂടെയാണ്. വിടി ബല്‍റാം എംഎല്‍എ ചക്ലിയരുടെ കൂടെ മിശ്രഭോജനത്തിനെത്തിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡിസിസി വൈസ് പ്രസിഡന്റും യുവാവുമായ സുമേഷ് അച്യുതനും വിടി ബല്‍റാമുമൊഴികെ മറ്റൊരു പാലക്കാടുകാരനായ കോണ്‍ഗ്രസ് നേതാവും പാലക്കാട് ജില്ലയില്‍ നടമാടുന്ന ഈ അയിത്തത്തിനെതിരെ പ്രതികരിച്ചില്ല. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോളനി സന്ദര്‍ശിക്കാനെത്തിയതോടെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തയ്യാറായി.

അംബേദ്കര്‍ കോളനിയില്‍ അയിത്തമില്ലെന്ന് തന്നെയായിരുന്നു സിപിഎമ്മിനെ പോലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍, സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ. ബാബു എംഎല്‍എ ചക്ലിയരെ അധിക്ഷേപിച്ച് സംസാരിച്ചതോടെ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചു. സന്തോഷ് പണ്ഡിറ്റ്, എം ഗീതാനന്ദന്‍, സുരേഷ് ഗോപി, സികെ ജാനു തുടങ്ങിയ പ്രമുഖരും കോളനി സന്ദര്‍ശിച്ചു.

ഏത് സമയത്തും ആക്രമിക്കപ്പെടുമെന്ന ഭയത്തിലാണ് ചക്ലിയര്‍ വീട് വിട്ട് കൂട്ടമായി ക്ഷേത്രത്തില്‍ കഴിഞ്ഞു വരുന്നത്. ഇത് മനസിലാക്കിയാകണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും ശിവരാജന്‍, ശെല്‍വന്‍ തുടങ്ങിയ ചക്ലിയ യുവാക്കളും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി നല്‍കി. അയിത്തവും ജാതീയമായ അക്രമങ്ങളും അവസാനിപ്പിക്കണമെന്നും വീട്ടില്‍ സമാധാനമായി കഴിയാനുള്ള സംരക്ഷണം ഉറപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. ചക്ലിയര്‍ക്ക് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ പോലീസ് സംരക്ഷണം നല്‍കാനും ഉത്തരവിട്ടു. ഇതോടെ, സിപിഎമ്മും എല്‍ഡിഎഫും നിലപാട് അല്‍പം മയപ്പെടുത്തി.

അതുവരെ സ്ഥലം എംപിയും പട്ടികജാതി സംവരണ മണ്ഡലമായ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായ പികെ ബിജു പോലും ഗോവിന്ദാപുരത്തെന്നല്ല, കേരളത്തിലെങ്ങും അയിത്തമില്ലെന്നാണ് പറഞ്ഞിരുന്നത്. കോടതി ഇടപെടലിനെ തുടര്‍ന്ന് എംബി രാജേഷ് എംപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും കോളനിയിലെത്തി. ആദ്യം മേല്‍ജാതിക്കാരില്‍ നിന്നും പിന്നീട് ചക്ലിയരില്‍ നിന്നും പരാതികള്‍ കേട്ടു. ഇതിന് മുമ്പ് ഒരു എല്‍ഡിഎഫ് നേതാക്കളും ചക്ലിയരെ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ചക്ലിയരുടേത് കോണ്‍ഗ്രസ് പിന്തുണയുള്ള രാഷ്ട്രീയ സമരമാണെന്നായിരുന്നു സിപിഎം നിലപാട്. എംബി രാജേഷ് കോളനി സന്ദര്‍ശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളനിയിലെത്തിയ സോമപ്രസാദ് എംപിയോട് സംസാരിക്കാന്‍ പോലും ചക്ലിയ സ്ത്രീകള്‍ തയ്യാറായില്ല. ഒന്ന്, അദ്ദേഹം ആരാണെന്ന് അവര്‍ക്ക് മനസിലായില്ല. രണ്ട്, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്, ജാതീയ വിവേചനത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന് അവരാരോപിക്കുന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും അവരെ തിരിഞ്ഞു പോലും നോക്കാത്ത പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

ചക്ലിയരോട് സംസാരിച്ച ശേഷം എംബി രാജേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ്. ചക്ലിയര്‍ വികസനപരമായും അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും പിന്നിലാണ്. അത് പരിഹരിക്കണം. അയിത്തത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളാണതെന്നും പറഞ്ഞു. എംബി രാജേഷ് ഫേസ്ബുക്കിലും ഇതേ നിലപാട് ആവര്‍ത്തിച്ചു. മാത്രമല്ല, പുറത്തു നിന്നുള്ളവര്‍ അംബേദ്കര്‍ കോളനിയിലെ സാമൂഹ്യ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അയിത്തം പോലുള്ളവ ഇല്ല എന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

കോടതിയില്‍ മറുപടി നല്‍കാന്‍ വേണ്ടിയാണെങ്കിലും ചക്ലിയരുടെ പരാതി കേള്‍ക്കാന്‍ അദാലത്ത് സംഘടിപ്പിച്ചു. അദാലത്ത് നടന്നത് കോളനിയിലെ മേല്‍ജാതിക്കാരുടെ ഭാഗത്തായതിനാല്‍ ചക്ലിയര്‍ പങ്കെടുത്തില്ല. ഒടുവില്‍ ജനപ്രതിനിധികളും കലക്ടറും ചക്ലിയരുടെ അടുത്തെത്തി പരാതി സ്വീകരിക്കേണ്ടി വന്നു. പട്ടികജാതി കമ്മീഷന്‍ കോളനിയില്‍ സിറ്റിങ് നടത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. കമ്മീഷന്‍ അധ്യക്ഷന്‍ പിഎന്‍ വിജയകുമാര്‍ എത്തുന്ന ദിവസം അദ്ദേഹത്തിന് ജില്ലാ ഭരണകൂടം വേദിയൊരുക്കിയത് മേല്‍ജാതിക്കാര്‍ താമസിക്കുന്ന ഭാഗത്തെ കമ്യൂണിറ്റി ഹാളില്‍. അവിടേക്ക് കയറാന്‍ പോലും കൂട്ടാക്കാതെ കമ്മീഷന്‍ നേരെ ചക്ലിയരുടെ ഭാഗത്തേക്ക് പോവുകയായിരുന്നു. കാത്തുനില്‍ക്കുകയായിരുന്ന ജില്ലാ കലക്ടറും മറ്റു ഉദ്യോഗസ്ഥരും കമ്മീഷനെ പിന്തുടരേണ്ടി വന്നു.

അയിത്തം നിയമം പോലും നിരോധിച്ചിട്ടും ഇന്ത്യയുടെ ഗ്രാമങ്ങളില്‍ അത് ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്നുണ്ടെന്ന് കമ്മീഷന്‍ പ്രതികരിച്ചു. ആദ്യമായാണ് ഒരു ഔദ്യോഗിക സ്ഥാനത്ത് നിന്ന് അത്തരം ഒരു പ്രതികരണം. കലക്ടറും പോലീസ് മേധാവിയും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം ഒഴികെ മറ്റൊന്നും സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് സ്വദേശിയായ ജില്ലാ പോലീസ് മേധാവി പ്രദീഷ്‌ കുമാറിനോട് റിപ്പോര്‍ട്ട് സംബന്ധിച്ച് ചോദിച്ചപ്പോഴുള്ള മറുപടിയായിരുന്നു കൗതുകകരം. താങ്കള്‍ ഉത്തര്‍പ്രദേശിലേക്ക് വരൂ, അയിത്തം ഞാന്‍ കാണിച്ചു തരാം, ഇതൊന്നും അയിത്തമേയല്ലെന്നായിരുന്നു, ചായക്കടയിലെ രണ്ടുതരം ഗ്ലാസുകള്‍ സംബന്ധിച്ച ദൃശ്യങ്ങള്‍ അദ്ദേഹത്തെ കാണിച്ചപ്പോഴുള്ള പ്രതികരണം.

തിരുവനന്തപുരത്ത് ചക്ലിയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന പന്തിഭോജനത്തില്‍ മന്ത്രി ജി. സുധാകരന്‍ , അംബേദ്കറുടെ പേരിലുള്ള കോളനിയില്‍ അയിത്തമാചരിക്കുന്നവരെ സാമൂഹ്യ ശിക്ഷക്ക് വിധേയമാക്കണമെന്ന് പ്രസംഗിച്ചു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിഷ്‌കളങ്കത മാത്രം. ചക്ലിയരുടെ നേതാവ് ശിവരാജന്‍ അന്നു തന്നെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് പരാതി പറഞ്ഞെങ്കിലും തങ്ങളുടെ കീഴ്ഘടകങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അവിടെ അയിത്തമില്ലെന്നാണെന്നായിരുന്നു മറുപടി.

ഇതോടെ, എല്ലാ പ്രത്യാശയും കൈവെടിഞ്ഞ ചക്ലിയര്‍ പക്ഷേ, സമരം അവസാനിപ്പിച്ചില്ല. എന്നാല്‍, സിപിഎമ്മിന്റെ പ്രത്യക്ഷ ആക്രമണമാണ് പിന്നീടുണ്ടായത്. പട്ടികജാതിക്കാരായ സിപിഎമ്മുകാരെ മുന്‍നിര്‍ത്തി ചക്ലിയരെ പ്രകോപിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുകയാണ് പിന്നീട് ചെയ്തത്. സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേറ്റു. എന്നാല്‍, ചക്ലിയര്‍ക്കെതിരെ കൊല്ലങ്കോട് പോലീസ് കള്ളക്കേസുകളെടുക്കുകയാണ് ചെയ്തത്. വീടുകയറി ആക്രമിച്ചു, സ്ത്രീകളെ ആക്രമിച്ചു, ഗര്‍ഭിണിയെ ചവിട്ടി ഗര്‍ഭഛിദ്രം വരുത്തി തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്കെതിരെ ചാര്‍ത്തിയത്. ചക്ലിയര്‍ ആക്രമിച്ചതു മൂലം ഗര്‍ഭഛിദ്രം വന്നുവെന്ന് പറഞ്ഞ് പട്ടികജാതിക്കാരിയായ ഒരു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതി ഗര്‍ഭിണിയേ അല്ല എന്ന് തെളിഞ്ഞു. ഇക്കാര്യം, ആലത്തൂര്‍ ഡിവൈഎസ്പിയോട് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയെങ്കില്‍ ആ കേസ് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സമന്‍സയച്ചപ്പോള്‍ ഈ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജാതീയത, അയിത്തം എന്നിവയ്ക്ക് കാരണക്കാര്‍ രാഷ്ട്രീയ കക്ഷികളല്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനോട് എന്ത് സമീപനം സ്വീകരിക്കുന്നു എന്നുള്ളതാണ് ജാതിയോടുള്ള അവയുടെ നിലപാട് വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ ജാതി വിവേചനത്തിനെതിരെ പോരാടുന്ന സിപിഎം മീറ്ററുകള്‍ മാത്രമകലെ, തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഗോവിന്ദാപുരത്ത് ജാതിവിവേചനം മറച്ചുവെക്കുന്നുവെങ്കില്‍ അതിന് ഒരു കാരണമേയുള്ളൂ. ഇടതുപക്ഷം പണിതുയര്‍ത്തി എന്ന് മേനി നടിക്കുന്ന ആധുനിക കേരളത്തിന് സാംസ്‌കാരികമായും സാമൂഹികമായും രാഷ്ട്രീയമായും നിലനില്‍ക്കുന്ന പ്രതിസന്ധികളെ അവര്‍ക്കഭിസംബോധന ചെയ്യാനാവുന്നില്ലെന്ന സത്യം. വര്‍ഗസിദ്ധാന്തം ജാതിയെ അളക്കാന്‍ കഴിയുന്ന മാപിനിയല്ലെന്ന വലിയ സത്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ് എ അജിംസ്‌

എസ് എ അജിംസ്‌

മീഡിയവണ്‍ ചാനലില്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ്‌

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍