UPDATES

ആ കുഞ്ഞുങ്ങള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാലോ? മലപ്പുറം ശിശുക്ഷേമ സമിതിയുടെ നടപടി എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടണം

അച്ഛനും അമ്മയും കുറ്റാരോപിതരായ, ഏഴും പത്തും വയസുള്ള സഹോദരിമാര്‍ ലൈംഗിക പീഡനത്തിരയായ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് എട്ടുമാസം കഴിഞ്ഞിട്ടും പ്രതികളില്‍ ഒരാള്‍ പോലും പിടിച്ചിട്ടില്ല എന്നിരിക്കെയാണ് നിര്‍ഭയ ഹോമില്‍ സംരക്ഷിക്കേണ്ട കുട്ടികളെ ബന്ധുവിന് വിട്ടു കൊടുത്ത് മലപ്പുറം സിഡബ്ല്യസിയുടെ കളി

ഒരിക്കല്‍ പറഞ്ഞതാണ്; തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സിഡബ്ല്യുസി)ക്കു മുമ്പാകെ 2015 ല്‍ വന്ന പരാതിയായിരുന്നു പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പതിമൂന്നുകാരി ലൈംഗികമായി ഉപദ്രവിക്കപ്പെടുകയും തുടര്‍ന്നു ഗര്‍ഭിണി ആയതും. സിഡബ്ല്യുസി ഈ കുട്ടിയെ പ്രസവം വരെയുള്ള സംരക്ഷണത്തിനായി സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ ചുമതലയുള്ള മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു. പ്രസവത്തിനുശേഷം ഇരയായ പെണ്‍കുട്ടിയെ അവളുടെ അമ്മയുടെ കൂടി വീട്ടിലേക്കു തന്നെ പറഞ്ഞയക്കുകയാണ് സിഡബ്ല്യുസി ചെയ്തത്. ആ കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത് സ്വന്തം വീട്ടില്‍ നിന്നു തന്നെ ആയതിനാല്‍ അമ്മയുടെ കൂടെ പറഞ്ഞയക്കരുതെന്ന മുന്നറിയിപ്പുണ്ടായിട്ടും സിഡബ്ല്യുസി ചെവിക്കൊണ്ടില്ല. പിന്നീട് അതേ പെണ്‍കുട്ടി എത്തിച്ചേര്‍ന്നത് തിരുവനന്തപുരത്ത് മാനസികാരോഗ്യ കേന്ദ്രത്തിലും.

എന്തുകൊണ്ട് ഈ വാര്‍ത്ത ആവര്‍ത്തിച്ചു എന്നതിന്റെ കാരണമാണ് ഇനി പറയാന്‍ പോകുന്നത്. അതിനു മുമ്പ്, വീടുകളില്‍ വച്ച്, സ്വന്തം പിതാവിനാലോ, സഹോദരന്മാരാലോ അടുത്ത ബന്ധുക്കളാലോ ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികളെ അതേ ക്രൈം സ്‌പോട്ടിലേക്ക്, പ്രതികളായവര്‍ക്കരികിലേക്ക് തന്നെ തിരിച്ചു പറഞ്ഞയക്കുന്ന പ്രവര്‍ത്തികള്‍ മേല്‍പ്പറഞ്ഞ ഒരു സംഭവത്തില്‍ ഒതുങ്ങുന്നതല്ലെന്നു കൂടി അറിയിക്കുന്നു. അത്തരത്തിലുള്ള നിരവധി കേസുകള്‍ ഈ കേരളത്തില്‍ സംഭവിക്കുന്നു. മലപ്പുറത്ത് ഒരു ഒപ്പന ടീച്ചറുടെ മകള്‍, സ്വന്തം പിതാവിനാല്‍ തന്നെ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ സംഭവത്തില്‍ സിഡബ്ല്യുസി ഏറ്റെടുത്തശേഷം വീട്ടില്‍ നിന്നു തന്നെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അതേ വീട്ടിലേക്ക് തന്നെ പറഞ്ഞയച്ച മലപ്പുറത്തെ മുന്‍ സിഡബ്ല്യുസി ചെയര്‍മാന്റെ നടപടികള്‍ ഉള്‍പ്പെടെ പല സംഭവങ്ങളും.

ഇനി പറയാന്‍ പോകുന്നതും മലപ്പുറം സിഡബ്ല്യുസിയെ കുറിച്ച് തന്നെയാണ്. ലൈംഗിക ചൂഷണത്തിന് ഇരകളായ ഏഴും പത്തും വയസുള്ള സഹോദരിമാരെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളുടെ മുത്തച്ഛന്റെ കൂടെ പറഞ്ഞയക്കാന്‍ തീരുമാനം എടുത്തിരിക്കുകയാണ് മലപ്പുറം സിഡബ്ല്യുസി. നിയമങ്ങളും ചട്ടങ്ങളും നോക്കി, നിബന്ധനകളൊക്കെ വച്ചാണ് കുട്ടികളെ പറഞ്ഞയക്കുന്നതെന്ന് പറയുമ്പോഴും എന്തിനാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലുള്ള അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സംവിധാനങ്ങളൊക്കെ കുട്ടികളുടെ സംരക്ഷണത്തിനെന്ന പേരില്‍ ഇവിടെ നിലനിര്‍ത്തിയിരിക്കുന്നതെന്ന ചോദ്യമാണ് വീണ്ടും ഉയര്‍ത്തേണ്ടി വരുന്നത്.

ഏഴും പത്തും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത് 2017 സെപ്തംബറില്‍ മങ്കട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് (എഫ് ഐ ആര്‍ നം.0418, എഫ് ഐ ആര്‍ നം. 0419). പോക്‌സോ (Protection of Children from Sexual Offences Act (POCSO) ചുമത്തിയ കേസുകള്‍. പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കുകയാണ് കേസ്. ഒരു പോക്‌സോ കേസില്‍ അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച്, പോക്‌സോ കോടതികളിലോ, പോക്‌സോ ഡെസിഗ്‌നേറ്റഡ് കോടതികളിലോ സമര്‍പ്പിക്കണം. ഒരു വര്‍ഷത്തിനുള്ളില്‍ കേസില്‍ വിധി പറയണം എന്നുമാണ് നിയമം പറയുന്നത്(കേരളത്തില്‍ എഴുശതമാനം കേസുകളില്‍ മാത്രമാണ് പോക്‌സോ ചുമത്തിയിട്ടുള്ളതെന്നതുകൂടി ഓര്‍മിപ്പിച്ചുകൊണ്ട്). എന്നാല്‍ മങ്കടയിലെ ഈ പോക്‌സോ കേസുകളില്‍ കഴിഞ്ഞ എട്ടുമാസമായിട്ടും പ്രതികളിലാരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. 164 എടുത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ കുട്ടികളുടെ മൊഴി സമര്‍പ്പിച്ചിട്ടുപോലുമില്ലെന്നാണ് അറിവ്. കുട്ടികള്‍ മൊഴി മാറ്റുന്നു, പ്രതികളായവരുടെ പേരുകള്‍ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നുവെന്നൊക്കെയുള്ള ന്യായീകരണങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ട്. ഏഴും പത്തും വയസുള്ള രണ്ടു കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട കേസിലാണ് പൊലീസിന്റെ ഈ ഇഴഞ്ഞുനീങ്ങല്‍.

കുട്ടികള്‍ക്കെതിരേ നടക്കുന്ന ശാരീരകവും മാനസികവുമായ അതിക്രമങ്ങളെ തടയാനും അത്തരം പ്രവര്‍ത്തികള്‍ നടന്നിരിക്കുന്നുവെന്ന് കണ്ടാല്‍ അതില്‍ ഇടപെട്ട് ഇരകളായ കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കുകയും പ്രതികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യേണ്ടവരാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലുള്ള സംവിധാനങ്ങള്‍. എട്ടുമാസമായിട്ടും രണ്ടു കുട്ടികള്‍ക്കു മേലുണ്ടായ ലൈംഗിക അതിക്രമത്തില്‍ പൊലീസ് വീഴ്ച വരുത്തുമ്പോഴും അതില്‍ പ്രതികരിക്കാതെ, ഇപ്പോള്‍ കുട്ടികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും പുറത്തേക്ക് പറഞ്ഞുവിടാനുള്ള തീരുമാനം കൈക്കൊണ്ട നടപടിയില്‍ സിഡബ്ല്യുസിയെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

കുട്ടികളുടെ മുത്തച്ഛന്റെ കൂടെ പറഞ്ഞയക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കാം. ഇരകളായ ഈ കുട്ടികളുടെ ആദ്യ മൊഴിയില്‍ തങ്ങളെ ഉപദ്രവിക്കാന്‍ കൂട്ടുനിന്നവരായി പറയുന്നത് സ്വന്തം അച്ഛനും അമ്മയുമാണെന്നാണ്! അവിടെയാണ് സിഡബ്ല്യുസി കുഴപ്പം ചെയ്തിരിക്കുന്നത്. കുട്ടികള്‍ തന്നെ അമ്മയ്ക്കും അച്ഛനും എതിരേ മൊഴി നല്‍കുമ്പോള്‍, പ്രതികളെന്ന് സംശയിക്കാവുന്നവര്‍ക്കടുക്കലേക്ക് കുട്ടികളെ വീണ്ടും പറഞ്ഞയക്കുന്നതില്‍ കുഴപ്പമില്ലെന്നാണോ?

അനാഥരായ കുട്ടികളുടെ സംരക്ഷണം, ജീവനു ഭീഷണിയുള്ള കുട്ടികളുടെ സംരക്ഷണം, അസുഖബാധിതരും ചികിത്സ കിട്ടാന്‍ വഴിയില്ലാത്തവരുമായ കുട്ടികളുടെ സംരക്ഷണം, ലൈംഗിക ചൂഷണം, ബാലവേല മുതലായവയ്ക്കു വിധേയകരാകുന്ന കുട്ടികളുടെ സംരക്ഷണം എന്നിവ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ചുമതലകളാണ്. കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായ കേസുകളില്‍ മേല്‍നോട്ടം വഹിക്കാന്‍ സിഡബ്ല്യുസിക്ക് അധികാരമുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ വന്നോലോ, കേസ് അന്വേഷണത്തില്‍ കാലതാമസം വന്നാലോ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായാനും സിഡബ്ല്യുസിക്ക് അവകാശമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒന്നും നിര്‍വഹിക്കാതെ, എന്തുകൊണ്ട് ഈ കേസില്‍ കാലതാമസം വരുന്നുവെന്നു ചോദിക്കുമ്പോള്‍ മലപ്പുറം സിഡബ്ല്യുസി തിരിച്ചു പറയുന്നത് പ്രതികളെ പിടിക്കേണ്ട ജോലി ഞങ്ങള്‍ക്കല്ല, പൊലീസിനാണെന്നാണ്.

ഈ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് കേസ് അന്വേഷണം പൂര്‍ത്തിയായി പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതുവരെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുകയും മാനസികമായും ശാരീരികമായും അവരെ പരിരക്ഷിക്കുകയും അവരുടെ മൗലികാവകാശങ്ങള്‍(വിദ്യാഭ്യാസം ഉള്‍പ്പെടെ) തടസം കൂടാതെ നിര്‍വഹിച്ചു കൊടുക്കുകയും വേണ്ടത് സിഡബ്ല്യുസിയുടെ ചുമതലകളാണെന്ന് പറയുന്നു. എന്നാല്‍ ഈ കേസില്‍ സംഭവിച്ചതാകട്ടെ, പ്രതികളെന്ന് പറയുന്നവരുമായി നേരിട്ട് ബന്ധമുള്ള ഒരാളുടെ കസ്റ്റഡിയിലേക്ക് കുട്ടികളെ വിട്ടുകൊടുത്ത് കൈകഴുകുകയാണ് മലപ്പുറം സിഡബ്ല്യുസി ചെയ്തിരിക്കുന്നത്.

കുട്ടികളെ തനിക്കൊപ്പം വിട്ടു തരണമെന്നാവശ്യപ്പെട്ട് മുത്തച്ഛന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ആദ്യം ചെയ്ത്. ഹൈക്കോടതി( W.(c) no. 40327 of 2017) സിഡബ്ല്യുസിയോട് തീരുമാനം എടുക്കാന്‍ ആവശ്യപ്പെട്ടതിന്‍പ്രകാരമാണ് കുട്ടികളുടെ മുത്തച്ഛന്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ചെയര്‍മാന്‍ വിയോജിച്ചും രണ്ട് മെംബര്‍മാര്‍ അനുകൂലിച്ചും ഉണ്ടായ തീരുമാനത്തിന്റെ (ഭൂരിപക്ഷത്തിന്റെ തീരുമാനം, ചെയര്‍മാന്‍ ഉള്‍പ്പെടെ നാലുപേരുള്ള കമ്മിറ്റിയില്‍ ഒരാള്‍ വിട്ടുനിന്നതോടെ ബാക്കി മൂന്നുപേരില്‍ രണ്ടുപേര്‍ അനുകൂലിക്കുക വഴിയാണ് ഭൂരിപക്ഷ തീരുമാനം ഉണ്ടായത്) അടിസ്ഥാനത്തിലാണ് കുട്ടികളെ വിട്ടുകൊടുക്കാന്‍ ഓര്‍ഡര്‍ ആയത്. ചെയര്‍മാന്‍ എം മണികണ്ഠന്‍ കുട്ടികളെ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍ അംഗങ്ങളായ അഡ്വ. കവിത ശങ്കറും (certain conditions) അഡ്വ. മൊഹമദ് ഹാരിസ് പഞ്ചിലി (stringent conditions) കുട്ടികളെ മുത്തച്ഛനൊപ്പം വിട്ടുകൊടുക്കുന്നതില്‍ അനുവാദം നല്‍കുകയായിരുന്നു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ(ഡിസിപിഒ)യുടെ അനുകൂല റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയിട്ടുണ്ടെന്ന് പറയുന്നു.

"</p

നിബന്ധനകളോടെയാണ് കുട്ടികളെ വിട്ടുകൊടുക്കുന്നതെന്നാണ് ഓര്‍ഡറില്‍ പറയുന്നത്. എന്തൊക്കെയാണ് ആ നിബന്ധനകളെന്നു നോക്കാം.

1. അപേക്ഷകന്‍(മുത്തച്ഛന്‍) കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കണം. ഇത് സിഡബ്ല്യുസിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

2. കുറ്റാരോപിതരായ മാതാപിതാക്കള്‍ക്കൊപ്പം ഇടപഴകാന്‍ കുട്ടികളെ അനുവദിക്കരുത്.

3. കേസിനാസ്പദമായ ഒരു തെളിവുകളും നശിപ്പിക്കരുത്. കുട്ടികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തകയോ ചെയ്യരുത്.

4. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിപിഒമാര്‍ (ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍) കുട്ടികളുടെ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളും സുരക്ഷിതത്വവും പരിശോധിച്ച് മലപ്പുറം സിഡബ്ല്യുസിക്കു മുമ്പാകെ എല്ലാ മാസവും ആദ്യ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

5. കുട്ടികളുടെ കുടുംബബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ച് വിവരം നല്‍കാന്‍ അങ്കണ്‍വാടി വര്‍ക്കറെയോ സിഡിപിഒ യെയോ ഡിസിപിഒ ചുമതലപ്പെടുത്തണം.

6. മേല്‍പ്പറഞ്ഞ നിബന്ധനകളില്‍ ഏതെങ്കിലും ലംഘിക്കപ്പെടുകയാണെങ്കില്‍ കുട്ടികളെ സംരക്ഷണ ചുമതല പരാതിക്കാരനില്‍ (മുത്തച്ഛന്‍) നിന്നും റദ്ദ് ചെയ്യും.

"</p

ഇത്തരം നിബന്ധനകള്‍ മുന്നോട്ട് വച്ചതുകൊണ്ട് ഇരകളായ കുട്ടികളുടെ കാര്യത്തില്‍ പ്രതികൂലമായ ഒന്നും സംഭവിക്കില്ലെന്ന് എന്തടിസ്ഥാനത്തിലാണ് സിബ്ല്യുസി വിശ്വസിക്കുന്നത്.

കുറ്റാരോപിതരായവരുമായി നേരിട്ട് ബന്ധമുള്ളൊരാള്‍ക്കാണ് കുട്ടികളെ വിട്ടുകൊടുത്തിരിക്കുന്നത്. ശക്തമായ മോണിറ്ററിംഗ് നടത്തുമെന്ന് പറയുമ്പോഴും വീട് എന്നത് ഒരു സ്വകാര്യ ഇടമാണെന്ന കാര്യം സിഡബ്ല്യുസി മറന്നുപോവുകയാണോ? ഡിസിപിഒമാര്‍ക്കോ, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കോ ആ സ്വകാര്യ ഇടത്തില്‍ എത്രകണ്ട് ഇടപെടല്‍ നടത്താന്‍ കഴിയും? ഒരു വീടിനുള്ളില്‍ നിയമങ്ങള്‍ ചുമത്തുക എന്നത് എത്രമാത്രം പ്രായോഗികമാണെന്ന് ചിന്തിച്ചു നോക്കൂ. നമ്മുടെ കുട്ടികളില്‍ കൂടുതലും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നത് സ്വന്തം വീടിനുള്ളില്‍ ആണ്. അവിടെ പ്രതികളാകുന്നവര്‍ അച്ഛനോ മുത്തച്ഛനോ സഹോദരനോ ചേച്ചിയുടെ ഭര്‍ത്താവോ ഏറ്റവും അടുത്ത ബന്ധുക്കളോ അല്ലെങ്കില്‍ ഇവരുടെ ആരുടെയെങ്കിലും അടുത്ത സുഹൃത്തുക്കളോ തന്നെയായിരിക്കും. അച്ഛനോ അമ്മയോ കുട്ടികളെ പീഡനത്തിന് ഏര്‍പ്പാടാക്കി കൊടുക്കുന്ന സംഭവങ്ങളും നിരവധിയുണ്ട്. ഇരയുടെ ഏറ്റവും അടുത്തവര്‍ തന്നെ പ്രതികളാകുന്ന കേസുകളില്‍ എത്രപേര്‍ ശിക്ഷപ്പെടുന്നുണ്ടെന്നു കൂടി പരിശോധിക്കണം. പലപ്പോഴും ഭീഷണി, സ്വാധീനം എന്നിവയിലൂടെ കുട്ടികളെ തങ്ങള്‍ക്ക് വശംവദരാക്കുന്നുണ്ട് പ്രതികള്‍. അച്ഛന്‍ പ്രതിയായ കേസില്‍ മകളോട്, നീ അച്ഛനെതിരേ പറഞ്ഞാല്‍ ഒരു കുടുംബം തകരും, അമ്മയ്ക്ക് ഭര്‍ത്താവ് ഇല്ലാതാകും, സഹോദരങ്ങള്‍ അനാഥാരാകും തുടങ്ങിയ മാനസിക സമ്മര്‍ദം ചെലുത്തിയോ അതല്ലെങ്കില്‍ ഭീഷണികള്‍ മുഴക്കിയോ കുട്ടിയെ തങ്ങള്‍ക്ക് അനുകൂലമാക്കും. അതല്ലെങ്കില്‍ കുട്ടിയെ അവളുടെ ഭാവിയെ കുറിച്ച് ഓര്‍മിപ്പിച്ച് (വിവാഹം, സമൂഹത്തില്‍ നിന്നുണ്ടാകുന്ന അപമാനം മുതലായവ) മനസ് മാറ്റും. ഇതൊന്നുമല്ലെങ്കില്‍ തന്നെ പീഡിപ്പിച്ചവരുടെയോ അതിന് സഹായിച്ചവരുടെയോ സമീപ്യത്തില്‍ വീണ്ടും കഴിയേണ്ടി വരുന്നതിലൂടെ കുട്ടിയുടെ മാനസിക നില തകര്‍ന്നു പോകുന്നു. ഇത്തരത്തില്‍ മനോരോഗികളായി മാറിയ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. അതിലൂം ഭീകരമായ മറ്റൊരു സംഗതിയാണ് ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞു വിടുന്ന ഇരകളായ കുട്ടികളെ കാണാതാകല്‍. അത്തരം കേസുകളും ഒരു നടപടിയുമാകാത്തവയായി നിരവധിയെണ്ണം കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലുണ്ട്.

ഈ കാര്യങ്ങളൊക്കെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കാര്‍ അറിവില്ലാത്തതാണോ? മേല്‍പ്പറഞ്ഞ രണ്ടു കുട്ടികളുടെ കാര്യത്തില്‍ നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദി?

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എന്നൊരു ന്യായം ഇവിടെ മലപ്പുറം സിഡബ്ല്യുസി പറയും. പക്ഷേ, ഹൈക്കോടതിയില്‍ അത്തരമൊരു ഹര്‍ജി വരുമ്പോള്‍ അതിനെ എതിര്‍ക്കാനോ കോടതിയെ സാഹചര്യങ്ങളും വസ്തുതകളും ബോധ്യപ്പെടുത്താനുമായി ഒരു പ്രതിനിധിയുണ്ടോ? പതിനാല് ജില്ലകളിലും(മൂന്ന് പോക്‌സോ കോടതികളിലും ഡെസിഗ്‌നേററഡ് കോടതികളിലും ഉള്‍പ്പെടെ) പ്രതിനിധികള്‍ ഉള്ളപ്പോഴും ഹൈക്കോടതിയില്‍ ഇത്തരം കേസുകളില്‍ ഒരു സ്ഥിരം പ്രതിനിധിയില്ല. പത്തും ഏഴും വയസുള്ള രണ്ട് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസ് ആണിതെന്നും എട്ടു മാസത്തോളമായിട്ടും കേസ് അന്വേഷണത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടാവുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ (164 പോലും സമര്‍പ്പിച്ചിട്ടില്ല) ചെയ്തിട്ടില്ലെന്നും കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ കുറ്റാരോപിതരാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി കുട്ടികളുടെ സംരക്ഷണാര്‍ത്ഥമുള്ള നിര്‍ദേശമേ നല്‍കുകയുണ്ടാവുമായിരുന്നുള്ളൂ. എന്നാല്‍ അവിടെ ഭംഗിയായൊരു കളി മലപ്പുറം സിഡബ്ല്യുസി കളിച്ചെന്നു തന്നെ പറയേണ്ടി വരും.

കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലും മാതാപിതാക്കള്‍ തന്നെ കുറ്റാരോപിതരാണെന്നതിനാലും മുത്തച്ഛന്റെ കൂടെ പറഞ്ഞയക്കാതെ, കേസ് ഏതെങ്കിലും നിര്‍ണായകഘട്ടം പിന്നിടുന്നതുവരെ കുട്ടികളെ നിര്‍ഭയയില്‍ തന്നെ സംരക്ഷണം കൊടുത്തു നിര്‍ത്തേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച് സിഡബ്ല്യുസി ചെയര്‍മാനെയും അംഗമായ അഡ്വ. കവിതയേയും ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി താഴെ കൊടുക്കുന്നു.

കുട്ടികളെ വിട്ടുകൊടുക്കുന്നതിനെ എതിര്‍ത്ത ചെയര്‍മാന്‍ മണികണ്ഠന്റെ വാക്കുകള്‍:

കേസ് അന്വേഷണം പൂര്‍ത്തിയാകുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കുട്ടികളെ വിട്ടുകൊടുക്കുന്നത് എന്തുകൊണ്ടാണ്?
കുട്ടികളെ വിട്ടുകൊടുക്കുക എന്നത് കോര്‍ തീരുമാനമാണ്. എട്ടുമാസത്തോളമായി കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നു, പ്രതികള്‍ പുറമെ നില്‍ക്കുക എന്ന സാഹചര്യമാണ് ഉള്ളത്. കേസ് കേസിന്റെ വഴിക്ക് പോകും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെ എല്ലാവരും കൂടിചേര്‍ന്നിരുന്ന് എടുത്ത തീരുമാനമാണിത്.

താങ്കള്‍ എന്തുകൊണ്ട് എതിര്‍ത്തു?
ഞാന്‍ ഡിഫന്‍ഡ് ചെയ്തു എന്നതിലൊന്നും കാര്യമല്ല, ഒരു മെംബര്‍ ഇന്നത് പറഞ്ഞു, മറ്റുള്ളവര്‍ ഇന്നത് പറഞ്ഞു എന്നതിലൊന്നും കാര്യമില്ല. ഒരു ജുഡീഷ്യല്‍ തീരുമാനം ആണ് ഉണ്ടായിരിക്കുന്നത്. ഈ തീരുമാനത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ മുതിര്‍ന്ന കോടതികളില്‍ പോയിട്ട് ചലഞ്ച് ചെയ്യാവുന്നതാണ്. നിബന്ധനകള്‍ വച്ചിട്ടാണ് കുട്ടികളെ റിലീസ് ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

എന്തുകൊണ്ട് കേസ് അന്വേഷണം വൈകുന്നു, പൊലീസിനോട് വിശദീകരണം ചോദിച്ചില്ലേ?
മേലുദ്യോഗസ്ഥന്മാരോടൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നടപടികള്‍ ഉണ്ടായിട്ടില്ല, അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വെല്‍ഫയറാണ് സിഡബ്ല്യുസിക്ക് പ്രധാനം. പ്രതികള്‍ പുറത്തുണ്ടെന്ന് പറഞ്ഞ് കുട്ടികളെ ഒരു റൂമില്‍ ഇട്ട് അടച്ച് പുറം കാഴ്ചകളൊന്നും കാണിക്കാതിരിക്കാന്‍ വയ്യാ. നിര്‍ഭയ ഒരു ഷെല്‍ട്ടര്‍ ഹോം ആണ്. ഇവര്‍ക്കൊക്കെ ബന്ധുക്കളും മറ്റുമുണ്ടല്ലോ.

അച്ഛനും അമ്മയും കുറ്റാരോപിതരാണല്ലോ?
അച്ഛനും അമ്മയ്ക്കും അല്ലല്ലോ കുട്ടികളെ വിട്ടുകൊടുത്തിരിക്കുന്നത്.

അപ്പോള്‍ നിങ്ങള്‍ മാനുഷിക പരിഗണനയാണ് കാണിച്ചിരിക്കുന്നതെന്നാണോ?സിഡബ്ല്യുസിയുടെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ജില്ല കോടതിയിലോ സെഷന്‍സ് കോടതിയിലോ അപ്പീല്‍ പോകാം…

കുട്ടികളെ വിട്ടുകൊടുക്കാമെന്ന തീരുമാനം പറഞ്ഞ മലപ്പുറം സിഡബ്ല്യുസി അംഗം അഡ്വ. കവിത ശങ്കറിന്റെ വാക്കുകള്‍;

2017 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതികളാരെയും ഇതിവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ?
ഇല്ലാ…

അപ്പോള്‍ കുട്ടികളെ ബന്ധുവിന് വിട്ടുകൊടുക്കുന്നതില്‍ അപാകതയില്ലേ?
അത്തരം കാര്യങ്ങളില്‍ അഭിപ്രായം അറിയണമെങ്കില്‍ ചെയര്‍മാനെ വിളിച്ചോളൂ…

ചെയര്‍മാന്‍ കുട്ടികളെ വിട്ടുകൊടുക്കുന്നതിനെ ഡിഫന്‍ഡ് ചെയ്യുകയും താങ്കള്‍ ഉള്‍പ്പെടെ രണ്ടു അംഗങ്ങളാണല്ലോ വിട്ടുകൊടുക്കണമെന്നും പറഞ്ഞത്?
അതെങ്ങനെയാണ് നിങ്ങള്‍ അറിഞ്ഞത്? നിങ്ങള്‍ ചെയര്‍മാനെ വിളിച്ചോളൂ…ചെയര്‍മാന്‍ പറയും.

താങ്കള്‍ക്ക് ഒന്നും പറയാനില്ലേ?
കുട്ടികളുടെ ബെസ്റ്റ് ഇന്റററസ്റ്റ് ആണ് നോക്കേണ്ടത്. കേസ് അന്വേഷിക്കേണ്ടത് പൊലീസാണ്. പ്രതികളെ പിടിക്കേണ്ട ജോലി സിഡബ്ല്യുസിക്ക് അല്ല. എട്ടൊമ്പത് മാസമായി. കുട്ടികള്‍ക്ക് സ്വാഭാവിക നീതി കിട്ടണം. കുട്ടികള്‍ക്ക് അവരുടെ ഭാഗത്തു നിന്നുണ്ടായ പീഡനത്തേക്കാള്‍ വലിയ പീഡനമാണ്…(പൂര്‍ത്തിയാക്കുന്നില്ല). നിയമം പറയുന്നത് ഏറ്റവും അവസാനത്തെ അഭയമാണ് ഇന്‍സ്റ്റിറ്റൂഷനൈസേഷന്‍…ബാക്കി കാര്യങ്ങള്‍ ചെയര്‍മാനോട് ചോദിച്ചോളൂ…

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പല സംവിധാനങ്ങളും നമുക്കുണ്ട്. നിര്‍ഭയ പോലെ. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കേണ്ടവ. അന്തേവാസികളായവരുടെ മാനസികവും ശാരീരികവുമായ ഉന്നമനം ഉറപ്പാക്കുക, അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഉറപ്പാക്കുക, സാമൂഹ്യ ജീവിതത്തിന് സജ്ജരാക്കുക, ഇരകള്‍ അനുഭവിക്കുന്ന മെന്റല്‍ ട്രോമകളില്‍ നിന്നും മോചിപ്പിക്കുക തുടങ്ങി ഉത്തരവാദിത്വത്തോടെ കടമകള്‍ ചെയ്യേണ്ടത് നിര്‍ഭയ ഹോം പോലുള്ള സംവിധാനങ്ങള്‍ക്ക് നിര്‍ബന്ധമാണ്. വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാം. എന്നാല്‍ മലപ്പുറം സിഡബ്ല്യുസി ചെയര്‍മാനും അംഗവുമൊക്കെ പറയുന്നത് നിര്‍ഭയ ഹോമില്‍ കുട്ടികളെ പാര്‍പ്പിക്കുന്നത് അവരുടെ സ്വാഭാവിക നീതി നിഷേധിക്കലാണെന്നാണ്. ഇരുട്ട് മുറിയില്‍ അടച്ചിടുന്നതിന് തുല്യവും അവര്‍ക്ക് പുറംലോകം നിഷേധിക്കലുമാണെന്ന്. ബന്ധുക്കളായവര്‍ പുറത്തുള്ളപ്പോള്‍ അവരെ അവര്‍ക്കു വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന്. അവസാന അഭയകേന്ദ്രം മാത്രമാണ് ഇന്‍സ്റ്റിറ്റിയൂഷനൈസേഷന്‍ എന്ന്…

സിഡബ്ല്യുസികള്‍ ഇതുപോലെ നിരവധികേസുകളില്‍ ‘മാനുഷിക പരിഗണന’യും ‘ സ്വാഭിവക നീതി’യുമൊക്കെ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, ആ കുട്ടികളുടെയെല്ലാം അവസ്ഥ ഇപ്പോള്‍ എങ്ങനെയാണെന്നു കൂടി അന്വേഷിക്കണം. കേസ് അന്വേഷിക്കേണ്ടതും പ്രതികളെ പിടികൂടേണ്ടതും തീര്‍ച്ചയായും പൊലീസിന്റെ ജോലിയാണ്. സിഡബ്ല്യുസിയുടേതല്ല. എന്നാല്‍, പൊലീസ് കള്ളത്തരം കാണിച്ചാല്‍ അവിടെ ഇടപെടല്‍ നടത്താന്‍ സിഡബ്ല്യുസിക്ക് അധികാരമുണ്ട്, ഉത്തരവാദിത്വമുണ്ട്. കുട്ടികള്‍ക്ക് എല്ലാവിധത്തിലുമുള്ള നീതിയും ഉറപ്പാക്കുക എന്ന വലിയ ഉത്തരവാദിത്വം. മലപ്പുറം സിഡബ്ല്യുസി ചെയര്‍മാനും അംഗവും പറയുന്നതുപോലെ കുട്ടികളുടെ സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നയിടവും അവര്‍ക്ക് ഇരുട്ട് മുറിയില്‍ തളച്ചിടുന്നതുപോലെയുള്ള അനുഭവം പ്രദാനം ചെയ്യുന്നയിടവുമാണ് നിര്‍ഭയ ഹോമുകള്‍ എങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. നടപടിയെടുക്കണം. അതല്ലായെങ്കില്‍ മലപ്പുറം സിഡബ്ല്യുസിക്കാര്‍ എന്തുകൊണ്ട് ഇത്തരം അഭിപ്രായങ്ങള്‍ നടത്തുന്നൂവെന്ന് അന്വേഷിക്കണം.

പീഡിപ്പിക്കപ്പെടുന്ന കുട്ടികളും അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും എവിടെപ്പോകുന്നു? ഞെട്ടിക്കും ഈ കണക്കുകള്‍

പ്രതികള്‍ പുറത്തു നില്‍ക്കുന്നതുകൊണ്ട് കുട്ടികളെ തടവില്‍(നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കുന്നതിനെയാണ് തടവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്) ഇടാന്‍ കഴിയില്ലെന്നും ഇരകളായവര്‍ക്കും ബന്ധുക്കള്‍ ഉണ്ടെന്നും അവരുടെ കൂടെയാണ് കഴിയേണ്ടതുമെന്നൊക്കെ പറയുമ്പോള്‍ സമൂഹത്തില്‍ നടക്കുന്ന യാതൊന്നും ഈ ചെയര്‍മാനോ മെംബറോ അറിയില്ലെന്നാണോ? ഇടപ്പാള്‍ തിയേറ്റര്‍ പീഡനം നടന്നിട്ട് ദിവസങ്ങള്‍ പോലും ആയിട്ടില്ലെന്ന് ഓര്‍ക്കണം. കുടുംബം എന്ന സ്വകാര്യയിടത്തേക്ക് പറഞ്ഞു വിടുന്ന കുട്ടികള്‍ അവിടെ വച്ച് സ്വാധീനത്തിനോ ഭീഷണിക്കോ വശപ്പെടില്ലെന്നും അവര്‍ക്ക് ജീവാപായം ഒന്നും സംഭവിക്കില്ലെന്നും എങ്ങനെയാണ് സിഡബ്ല്യസി വിശ്വസിക്കുന്നത്? ആ നിബന്ധനകള്‍ വച്ചോ? ഈ കുട്ടികളെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സിഎന്‍സിപി (child in need of care and protection -CNCP) ആയാണ് ഡിഡബ്ല്യുസി പരിഗണിച്ചിരിക്കുന്നത് (സിഎന്‍സിപി ആണോ അല്ലയോ എന്നു തീരുമാനിക്കുന്നതും സിഡബ്യുസി തന്നെ). സംരക്ഷണവും ശ്രദ്ധയും ആവശ്യമുള്ള കുട്ടികളെന്നു സിഡബ്ല്യുസി തന്നെ പറയുന്ന കു്ട്ടികളെ, അവ ലഭ്യമാക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തിനു പുറത്തേക്ക് അവിടുത്തെക്കാള്‍ സംരക്ഷണവും ശ്രദ്ധയും ബന്ധുവില്‍ നിന്നും കിട്ടുമെന്ന് തീരുമാനിച്ച് പറഞ്ഞു വിടുന്നതിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരിക്കും?അവിചാരിതമായത് സംഭവിച്ചാല്‍ ആര്‍ക്കെതിരേ നടപടിയെടുക്കും? മുത്തച്ചനെതിരെയോ? ആ കുട്ടികള്‍ മരണപ്പെടുകയോ, മാനസികമായി തളര്‍ത്തപ്പെടുകയോ ചെയ്യപ്പെട്ടാല്‍ ആര്‍ക്കെതിരേ നടപടിയെടുക്കും? ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ അതിന്റെയെല്ലാം പ്രാഥമിക ഉത്തരവാദിത്വം സിഡബ്ല്യുസിക്ക് തന്നെയല്ലേ…

കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞാല്‍ അവരെ എവിടെയാണു പാര്‍പ്പിക്കുന്നതെന്ന വിവരം മാതാപിതാക്കളെ അറിയിക്കണം എന്നൊരു നിയമം ഉണ്ടെങ്കിലും വീണ്ടും അപകടത്തില്‍ പെടാം എന്നു സംശയമുള്ള കേസുകളില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാലും കുട്ടികളെ കൂടെ അയക്കണമെന്നില്ലെന്നിരിക്കെ, മാതാപിതാക്കള്‍ തന്നെ കുറ്റാരോപിതരായ ഒരു കേസില്‍ മുത്തച്ഛന്‍ എന്ന, പ്രതികളുമായി നേരിട്ട് ഏറ്റവും അടുത്ത ബന്ധത്തില്‍ നില്‍ക്കുന്നയാളുടെ പക്കല്‍ കുട്ടികളെ വിട്ടുകൊടുക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇപ്പോഴും കേസില്‍ ഒരാള്‍ പോലും പിടിക്കപ്പെടാതെ നില്‍ക്കുന്നത് തന്നെ ഈ കേസില്‍ പല കള്ളത്തരങ്ങളും നടക്കുന്നുണ്ടെന്നതിന്റെ തെളിവല്ലേ? സിഡബ്ല്യുസിക്ക് അത് മനസിലാകുന്നില്ലേ? കുട്ടികള്‍ ആദ്യം നല്‍കിയ മൊഴിയില്‍ മാതാപിതാക്കള്‍ക്കെതിരേ പറയുന്നൂ. പൊലീസ് വീണ്ടും കുട്ടികളെയും കൊണ്ട് കൗണ്‍സിലിംഗിന് പോകുന്നു. ആരോപണവിധേയായ അമ്മയ്‌ക്കൊപ്പം! ഏഴും പത്തും വയസുള്ള കുട്ടികളാണവര്‍. കുട്ടികളില്‍ അമ്മയ്ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കാന്‍ പറ്റുമോ? അമ്മയ്‌ക്കൊപ്പം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കരുതെന്ന് ചലഞ്ച് ചെയ്തപ്പോല്‍ പിന്നീട് കൗണ്‍സിലിംഗ് തന്നെ നടന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. പുറത്തു കിട്ടുന്ന കുട്ടികളെ തങ്ങളുടെ സ്വാധീനത്തില്‍ ആക്കിയശേഷം കൗണ്‍സിലിംഗിനു കൊണ്ടുപോയി അവരാരും പ്രതികളല്ലെന്ന രീതിയില്‍ ഒരു മൊഴിയെടുത്താല്‍ ഈ കേസ് തന്നെ ഇല്ലാതായി പോകില്ലേ? കുട്ടികളെ നിര്‍ബന്ധിച്ച് ചില പേരുകള്‍ പറയിപ്പിച്ചതാണന്നൊക്കെയാണ് പൊലീസ് പറയുന്നതെന്നു കൂടി അറിയണം. ഇങ്ങനെയൊക്കെ നടന്നതും നടക്കാന്‍ സാധ്യതയുമുള്ള കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടിടത്ത് മലപ്പുറം സിഡബ്ല്യുസി ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആര്‍ക്കു വേണ്ടിയാണ്? കുട്ടികള്‍ക്കു വേണ്ടി തന്നെയാണോ ഈ സംവിധാനങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍