UPDATES

ട്രെന്‍ഡിങ്ങ്

മകള്‍ മരിച്ചതില്‍ അന്വേഷണമില്ല; നീതി നിഷേധത്തിനെതിരെ സമരം ചെയ്തതിന് പോലീസ് കേസ്

മകള്‍ മരിച്ചത് ഡോക്ടര്‍മാരുടെ പരീക്ഷണം കൊണ്ടാണെന്നാണ് ഈ മാതാപിതാക്കള്‍ ആരോപിക്കുന്നത്

മകളുടെ മരണത്തില്‍ നീതിതേടി സമരം നടത്തുന്ന മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് പൊലീസിന്റെ ‘കൃത്യനിര്‍വഹണം’. നാലര വയസുകാരിയായ രുദ്രയുടെ മരണം ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച പിഴവാണെന്നാരോപിച്ചാണ് സുരേഷ് ബാബു-രമ്യ ദമ്പതികള്‍ സമരം ചെയ്യുന്നത്. ഇവരുടെ കുഞ്ഞു മരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. ഇക്കാലമത്രയും ഈ മാതാപിതാക്കളുടെ ആവശ്യത്തോട് അനുകൂലമായ പ്രതികരണമൊന്നും പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ നിയമലംഘനം നടത്തിയെന്നു കാണിച്ച് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ പൊലീസ് തയ്യാറായിട്ടുണ്ട്.

മകള്‍ മരിക്കുന്നതിന് ദൃക്ഷസാക്ഷിയാകേണ്ടി വന്ന ഈ മാതാപിതാക്കള്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം കിടന്നിരുന്നു. അന്ന് ഇവരുടെ മൂന്നര വയസുകാരിയായ മൂത്ത കുട്ടിയെയും സമരത്തില്‍ പങ്കെടുപ്പിച്ചുവെന്ന് കാണിച്ചാണ് ഇപ്പോള്‍ സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ പത്തിന് മരിച്ച് കുട്ടിയുടെ മരണത്തിലേ ദൂരൂഹതകളൊന്നും അന്വേഷിച്ചില്ലെങ്കിലും ഈ ജൂലൈ പത്തിന് കോടതിയില്‍ രമ്യയും സുരേഷ് ബാബുവും ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ചരമവാര്‍ഷികത്തിന് ഞങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ‘സമ്മാനം’ തന്നെയാണിതെന്നും സുരേഷും രമ്യയും പറയുന്നു.

തിരുവനന്തപുരം മാറനല്ലൂര്‍ കോട്ടമുകള്‍ വിലങ്കത്തറ കിഴക്കുംകര വീട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട സുരേഷ് ബാബു-രമ്യ ദമ്പതിമാരുടെ നാലര വയസ്സുള്ള മകള്‍, രുദ്ര കഴിഞ്ഞ ജൂലൈ 10-നായിരുന്നു മരിച്ചത്. തങ്ങളുടെ മകളുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ പരീക്ഷണം ആണെന്നാണ് ഈ മാതാപിതാക്കള്‍ ആരോപിക്കുന്നത്. രുദ്രയ്ക്ക് ശരീരത്തിന്റെ പിന്‍ഭാഗത്ത് ചുവപ്പു കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മെഡിക്കല്‍ കോളേജ് ത്വക് രോഗ വിഭാഗത്തില്‍ കാണിച്ചു. അവിടെനിന്ന് കുഞ്ഞിനു ചില മരുന്നുകള്‍ നല്‍കി. ഇതുപയോഗിച്ചപ്പോള്‍ കുഞ്ഞിന്റെ തൊലി പൊളിഞ്ഞിളകാന്‍ തുടങ്ങി. തുടര്‍ന്ന് ജൂണ്‍ 28-ന് കുഞ്ഞിനെ എസ്.എ.ടി.യില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും ജൂലൈ പത്തിന് കുഞ്ഞു മരിക്കുകയും ചെയ്തു. വൃക്ക രോഗമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായി പറയുന്നത് സോഡിയം പൊട്ടാസ്യത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലായതു കൊണ്ട് മരണം സംഭവിച്ചു എന്നാണ്.

Also Read: മകള്‍ മരിച്ചതെങ്ങനെ? സത്യമറിഞ്ഞില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തീ കൊളുത്തി ചാകുമെന്ന് ദളിത് ദമ്പതികള്‍

ഡോക്ടര്‍മാര്‍ പറയുന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രണ്ട് തരത്തിലായതിനെ തുടര്‍ന്ന് കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്റ്റര്‍ക്കും പട്ടികജാതി-വര്‍ഗ കമ്മീഷനും പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ ഇതുവരെയും അതിനും ഒരു തീരുമാനവും വന്നിട്ടില്ല. ഇതേ തുടര്‍ന്നാണ് മൂന്നു വയസ്സ് പ്രായമുള്ള മൂത്ത കുഞ്ഞിനെ വീട്ടിലാക്കി ഇവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനെത്തിയത്. ഒടുവില്‍ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാതായപ്പോള്‍ സുരേഷും രമ്യയും ആ കുട്ടിയെ കൂടി സമരത്തില്‍ കൂടെ കൂട്ടേണ്ടി വന്നു.

"</p

‘രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ എന്റെ മകള്‍ മരിച്ചിട്ട് ഒരു കൊല്ലം തികയും. ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചിരുന്നു. സമന്‍സ് ഉണ്ടെന്നും ഒപ്പിട്ട് വാങ്ങണമെന്നും പറഞ്ഞു. ഇവിടെ വന്നപ്പോഴാണ് അറിയുന്നത് എന്റെ മൂത്ത മകളെയും കൂട്ടി സമരം ചെയ്തതിനുള്ള കേസിന്റെ സമന്‍സാണെന്ന്. എനിക്ക് ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല. എന്റെ അച്ഛനും അമ്മയുമില്ല; ആരുമില്ല. പിന്നെ അവളെ അവിടെ തനിച്ചാക്കി ഇട്ടിട്ട് സമരത്തില്‍ വരാന്‍ പറ്റത്തില്ലല്ലോ? അതുകൊണ്ടാണ് അവളെയും കൂട്ടി വന്നത്. സമരം ചെയ്തതിന് കേസുണ്ട്. എന്റെ മോള്‍ മരിച്ചത്തിന്റെ കേസ് കൊടുത്തിട്ട് ഒരു വിവരവുമില്ല. അതിനെക്കുറിച്ച് ആരും ഒന്നും അന്വേഷിച്ചിട്ടുമില്ല. പത്താംതീയതിയാണ് കോടതിയില്‍ ചെല്ലണമെന്ന് പറഞ്ഞിരിക്കുന്നത്. അന്ന് ഒരു കൊല്ലമാകും എന്റെ കുഞ്ഞ് പോയിട്ട്… എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല‘- രമ്യ അഴിമുഖത്തോട് പറഞ്ഞു.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍