UPDATES

ആനകളുടെ ശവപ്പറമ്പായി മാറുന്ന കേരളത്തിലെ കാടുകള്‍; ഇക്കൊല്ലം ചെരിഞ്ഞത് 218 ആനകള്‍

നോക്കുകുത്തിയായ വനംവകുപ്പ്

കേരളത്തിലെ കാടുകള്‍ കാട്ടാനകളുടെ ശവപ്പറമ്പായി മാറുകയാണോ? കേരളത്തിലെ വനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചരിഞ്ഞത് 218 കാട്ടാനകളെന്നു റിപ്പോര്‍ട്ട്. ടൂറിസവും മനുഷ്യന്റെ ഇടപെടലുകളും കാട്ടാനകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച മൂന്നാറില്‍ ഗര്‍ഭിണിയായ കാട്ടാനയാണ് ചെരിഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചരിഞ്ഞ കാട്ടാനകളുടെ കണക്കു പുറത്തുവിട്ടിരിക്കുന്നത് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സാണ്. വയനാട്ടിലാണ് കൂടുതല്‍ ആനകള്‍ ചെരിഞ്ഞത്. മറ്റ് വനമേഖലകളും ഇക്കാര്യത്തില്‍ വ്യത്യാസമില്ല.

ആനകളുടെ പ്രധാന ആവാസകേന്ദ്രമായിരുന്ന മൂന്നാറില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഫാക്ടറികളും അധികരിക്കുന്നതാണ് കാട്ടാനകള്‍ ചെരിയാന്‍ കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ആറ് കാട്ടാനകളാണ് മൂന്നാറില്‍ മാത്രം ചരിഞ്ഞത്. ശല്യക്കാരായ കാട്ടാനകളെ ഏതുവിധേനയും ഇല്ലാതാക്കുന്ന പ്രവണതയാണ് മൂന്നാറില്‍ അരങ്ങേറുന്നതെന്നും ആരോപണങ്ങള്‍ ഉയരുന്നു.

വിനോദ സഞ്ചാര ഭൂപടത്തില്‍ തെക്കിന്റെ കശ്മീര്‍ എന്നാണ് മൂന്നാറിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ടൂറിസം വളര്‍ന്നതോടെ വന്യജീവികളുടെ നിലനില്‍പ്പു തന്നെ അസാധ്യമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലുത്തേതാണ് മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനി ദേവികുളം ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപമുള്ള പുല്‍മേട്ടില്‍ തിങ്കളാഴ്ച രാവിലെ ആനയുടെ ജഡം കണ്ടെത്തിയത്. 20 വയസിലധികം പ്രായമുള്ള, ആറ് മാസം ഗര്‍ഭിണിയായ കാട്ടാനയുടെ ജഡം, ലയങ്ങള്‍ക്കു സമീപമുള്ള കമ്പിവേലിയില്‍ തുമ്പിക്കൈ തട്ടിയ നിലയിലാണ് കണ്ടെത്തിയത്.

ചിന്നക്കനിലെ പോലെ തന്നെ ഷോക്കേറ്റാണ് ഇവിടേയും ആന ചരിഞ്ഞത്. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവത്തില്‍ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് എത്തിയ വനപാലകര്‍ സമീപത്തുള്ള ലയത്തിലെ താമസക്കാരനായ എസ്. യോവാനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ തന്നെയാണ് ആനയെ ഷോക്കടിപ്പിച്ച് കൊന്നതെന്ന് തെളിഞ്ഞു. ലയത്തിന് സമീപമുള്ള കൃഷിയും പശുവിന് നല്‍കാനായി വളര്‍ത്തിയ പുല്ലുകളും കാട്ടാന നശിപ്പിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് താന്‍ ഇത് ചെയ്തതെന്ന് യോവാന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വീടിനുള്ളില്‍ നിന്നും കേബിളുകള്‍ ഉപയോഗിച്ച് ഇരുമ്പ് വേലിയിലേക്ക് കണക്ഷന്‍ നല്‍കുകയായിരുന്നു.

കാട്ടാനകളുടെ വിഹാര കേന്ദ്രങ്ങളായ മൂന്നാര്‍, മറയൂര്‍ ഡിവിഷനുകള്‍ക്കു കീഴിലാണ് കാട്ടാനകളെല്ലാം ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 25 ന് കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്‌റ്റേറ്റില്‍ വച്ച് ജെസിബി കൊണ്ടുള്ള അടിയേറ്റ കാട്ടാനയെ പിറ്റേന്നു ചരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫാക്ടറിക്കുള്ളില്‍ കയറിയ കാട്ടാനയെ ജെസിബി ഉപയോഗിച്ചു തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആനയ്ക്ക് അടിയേറ്റത്. അടിയേറ്റാണ് ആനചരിഞ്ഞതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുപോയിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് മൂന്നാറിനു സമീപമുള്ള തലയാര്‍ എസ്‌റ്റേറ്റില്‍ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് പത്തിനാണ് ചിന്നക്കനാലിലെ തച്ചങ്കരി എസ്‌റ്റേറ്റില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞത്. തച്ചങ്കരി എസ്‌റ്റേറ്റിന്റെ ഗേറ്റില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നു ഷോക്കേറ്റായിരുന്നു കാട്ടാന ചരിഞ്ഞത്. സംഭവത്തില്‍ എസ്‌റ്റേറ്റ് ഉടമ ടിസന്‍ തച്ചങ്കരിക്കെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. ഓഗസ്റ്റ് 20ന് അടിമാലിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം മുകളിലേക്കു വീണ് കാട്ടാന ചരിഞ്ഞിരുന്നു. ഇതിനു പിന്നാലെ ഓഗസ്റ്റ് 22-ന് മൂന്നാറിലെ ചൊക്കനാട് എസ്‌റ്റേറ്റില്‍ പൂര്‍ണ ഗര്‍ഭിണിയായ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, “ആനകള്‍ കൊല്ലപ്പെടുന്നതിന് പൊതുവായ കാരണങ്ങള്‍ ഇല്ല. അതിനാല്‍ എല്ലാ മരണങ്ങളും എന്തെങ്കിലും പ്രത്യേകമായ സാഹചര്യങ്ങളോ കാരണങ്ങളോ കൊണ്ടാണെന്ന് പറയാനുമാവില്ല. തിങ്കളാഴ്ച ചരിഞ്ഞ ആനയുടേതുള്‍പ്പെടെ മൂന്ന് ആനകള്‍ കൊല്ലപ്പെട്ടതില്‍ വനംവകുപ്പ് കേസുകള്‍ എടുത്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാലേ ഇക്കാര്യം ഉറപ്പിച്ച് പറയാനാവൂ” എന്നാണ് മൂന്നാര്‍ ഡി.എഫ്.ഒ പറയുന്നത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഒരു പ്രദേശത്തു മാത്രം കാട്ടാനകള്‍ തുടര്‍ച്ചയായി ചരിയുമ്പോഴും ഈ വിഷയം പൊതുസമൂഹത്തിന് മുന്നില്‍ കാര്യമായ പ്രതികരണങ്ങളുണ്ടാക്കിയിട്ടില്ല. മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാന ആക്രമണം രൂക്ഷമാണെന്ന് സമീപവാസികള്‍ പറയുന്നു. കാട്ടാനകള്‍ ചരിയുന്നത്  മേഖലയില്‍ നിത്യ സംഭവമാകുമ്പോഴും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും കാര്യമായി മുന്നോട്ടു പോയിട്ടില്ലെന്നാണ് ആരോപണം.

ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് മേധാവിയായ വി.കെ വെങ്കിടാചലം പറയുന്നത്: ‘ഇതുപോലൊരു സംഭവം നടന്നാല്‍ അതിനെതിരെ പരാതി കൊടുത്താലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അതില്‍ അന്വേഷണം നടത്താന്‍ താത്പര്യമില്ല. കാട്ടില്‍ കുറേ ആനയുണ്ട്, അതില്‍ ഒരെണ്ണം ചത്താലും വനപാലകര്‍ക്ക് കുഴപ്പമില്ല. കാട്ടിലൊരു ആന ചത്താല്‍ അത് ആന സമൂഹത്തെ ബാധിക്കുമെന്ന് അറിയാഞ്ഞിട്ടില്ല. പക്ഷെ അവര്‍ കണ്ട ഭാവം നടിക്കുന്നില്ല. പുറംരാജ്യങ്ങളില്‍ ഒരു ആന ചത്തിട്ടുണ്ടെങ്കില്‍ സംശയമുള്ളവരെ അവര്‍ പിടിച്ചുകൊണ്ട് പോവും. നിയമത്തില്‍ ഇത് ജാമ്യമില്ലാ വകുപ്പാണ്. ആന ചത്താലും ആരെയും അറസ്റ്റ് ചെയ്യാനോ നിയമനടപടി സ്വീകരിക്കാനോ പലപ്പോഴും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. മറ്റൊന്ന്, ഇതെന്തുകൊണ്ടാണ് ചത്തതെന്ന് അന്വേഷിക്കാനായി മുകളിലെ ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ല. ആരെങ്കിലും പരാതി നല്‍കിയാല്‍ ആനയുടെ ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കണം. എന്നാല്‍ ഇത് അയയ്ക്കാന്‍ ഇവര്‍ക്കറിയില്ല. ഒരു വിധം കുത്തിക്കെട്ടി തിരുവനന്തപുരത്തെ ലാബിലേക്ക് കൊടുത്തയക്കും. ശരിയായ രീതിയിലാണ് ഇത് എത്തുന്നതെങ്കില്‍ ലാബുകാര്‍ അത് പരിശോധിക്കും. ഇല്ലെങ്കില്‍ ഇല്ല. പത്രത്തില്‍ വാര്‍ത്ത വന്ന് ഞങ്ങള്‍ പരാതി നല്‍കിയാല്‍ ഇവര്‍ പരാതി വാങ്ങിവക്കും. അതവിടെ അങ്ങനെ കിടക്കും. അതാണ് മരണങ്ങള്‍ ഇങ്ങനെ കൂടി വരാനുള്ള കാരണം”.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 218 ആനകളാണ് കേരളത്തില്‍ ചത്തിട്ടുള്ളത്. ഇവ ഇങ്ങനെ ചത്തുപോവുന്നു എന്നല്ലാതെ ആരും ഒരന്വേഷണവും നടത്തുന്നില്ല. ചില ആനകള്‍ ചത്തത് പുഴയുടെയോ നീര്‍ച്ചാലുകളുടേയോ സമീപത്താണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കില്‍ ആനകള്‍ സ്വാഭാവികമായും വെള്ളമന്വേഷിച്ച് പോവും. ഇത്തരം ദുരൂഹസാഹചര്യത്തില്‍ കാണുന്ന ആനയുടെ മൃതശരീരം വിശദമായ പരിശോധനയ്ക്കയക്കേണ്ടതുണ്ട്. പോസ്റ്റ് മോര്‍ട്ടം പോലും നടക്കുന്നത് ശാസ്ത്രീയമായല്ല എന്നുള്ളത് ഒരു കാര്യം. പൊതുജനമധ്യത്തില്‍, വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട് വേണം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ എന്നുണ്ട്. എന്നാല്‍ അതും പാലിക്കപ്പെടുന്നില്ല. രണ്ടാമത്തേത്, ഫോര്‍മലിന്‍ ലായനിയില്‍ സൂക്ഷിച്ചാണ് ആന്തരികാവയവങ്ങള്‍ പലപ്പോഴും പരിശോധനയ്ക്കയക്കാറ്. അങ്ങനെ വരുമ്പോള്‍ വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കില്‍ പോലും അറിയാന്‍ കഴിയില്ല.

മൂന്നാര്‍ ആനകളുടെ സഞ്ചാരവഴിയാണ്. അവിടെ ആനകള്‍ക്ക് നടക്കാനുള്ള വഴിയില്ലാതെയാക്കിയിട്ട് ആനകള്‍ ശല്യം ചെയ്യുന്നു എന്ന് പറയുന്നതില്‍ എന്താണ് കാര്യം? മൂന്നാറില്‍ ജെ.സി.ബി. ഇടിച്ച് ഒരു ആന കൊല്ലപ്പെട്ടിരുന്നു. ജെ.സി.ബി. ഇടിച്ചതിന് ശേഷം ഒന്നര ദിവസം കഴിഞ്ഞാണ് ആന ചാവുന്നത്. മൂന്നാറില്‍ ഫോട്ടോഗ്രഫി ക്യാമ്പിന് വന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രഫര്‍മാരില്‍ ചിലര്‍ പകര്‍ത്തിയ ഫോട്ടോയില്‍ ഈ ആനയുടെ മുറിവ് വ്യക്തമായിരുന്നു. പക്ഷെ എന്നിട്ടും അവിടുത്തെ വനപാലകര്‍ അക്കാര്യം അറിഞ്ഞില്ല. വന്യജീവികളുടെ സംരക്ഷണം കൂടിയാണ് വനപാലകരുടെ ചുമതല. ഒരു ദിവസം 24 കിലോമീറ്റര്‍ നടന്ന് വന്യജീവികള്‍ക്കോ, വനസ്വത്തുക്കള്‍ക്കോ അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കേണ്ടത് അവരുടെ ചുമതലയാണ്. പക്ഷെ പലപ്പോഴും ഓഫീസില്‍ നിന്ന് പോലും പുറത്തിറങ്ങാത്ത ഇവര്‍ ഏത് വന്യജീവിയെയാണ് സംരക്ഷിക്കാന്‍ പോവുന്നത്? ആനകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അതുവഴിയേ ഇക്കാര്യങ്ങള്‍ക്ക് ഒരു നിയന്ത്രണം വരുത്താനാവൂ.”

കെ.ആര്‍ ധന്യ, സന്ദീപ്‌ വെള്ളാരംകുന്ന്

കെ.ആര്‍ ധന്യ, സന്ദീപ്‌ വെള്ളാരംകുന്ന്

അഴിമുഖം ബ്യൂറോ ചീഫ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍