UPDATES

ട്രെന്‍ഡിങ്ങ്

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നിയമനം; നടപടിയെ പ്രകീര്‍ത്തിച്ച് ഗാര്‍ഡിയന്‍ ദിനപത്രവും

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 23 പേരെ നിയമിച്ചു കൊണ്ട് കൊച്ചി മെട്രോ കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചിരുന്നു.

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിപ്പെട്ടവരെ നിയമിക്കാനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനും. മുമ്പ് ട്രെയിനുകളില്‍ യാചിച്ചു നടന്നിരുന്നവര്‍ ഇനി മുതല്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നതും ടിക്കറ്റ് നല്‍കുന്നതും മുതലുള്ള ജോലികള്‍ ചെയ്യുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 23 പേരെ നിയമിച്ചു കൊണ്ട് കൊച്ചി മെട്രോ കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചിരുന്നു.

ഹൗസ് കീപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍ മേഖലകളിലായിരിക്കും തുടക്കത്തില്‍ ഇവര്‍ ജോലി ചെയ്യുക. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരെ പരിഹസിച്ചും ഒറ്റപ്പെടുത്തിയുമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ നടപടി അസാധാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവിക്കാനായി ലൈംഗികവൃത്തിയും യാചനയും തൊഴിലാക്കിയവരാണ് ഈ വിധത്തില്‍ മാറുന്നതെന്നും അതുകൊണ്ടു തന്നെ നടപടി പ്രശംസനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എല്ലാ വിഭാഗത്തില്‍ നിന്നുമുള്ളവരെ ഉള്‍ക്കൊള്ളിക്കാനുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് കൊച്ചി മെട്രോ കമ്യൂണിക്കേഷന്‍ മാനേജര്‍ രശ്മി സി.ആറിനെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. മെട്രോ ഗതാഗതത്തിനു മാത്രമുള്ളതല്ല, അതിനെ മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കൂടിയുള്ളതാക്കി മാറ്റുകയാണ് തങ്ങളുടെ പരിഗണനയെന്ന് രശ്മി പറയുന്നു.

“ട്രാന്‍സ്‌ജെന്‍ഡറുകളുമായി ഇടപെടാന്‍ ജനങ്ങള്‍ മടി കാണിക്കാറുണ്ട്. അവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. അവര്‍ക്ക് ജോലി കൊടുക്കില്ല. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും മറ്റുള്ളവരുമായി ദൈനംദിനം ഇടപെടാന്‍ സാഹചര്യമൊരുക്കുകയുമാണ്” തങ്ങള്‍ ചെയ്യുന്നതെന്നും രശ്മി പറയുന്നു. കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ക്ലാസുകളും മറ്റും നടക്കുകയാണ്.

“ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഞങ്ങളെ ജോലിക്ക് എടുക്കുന്നതെ’ന്ന് കൊച്ചി മെട്രോയില്‍ നിയമിതയായ വിന്‍സി ഗാര്‍ഡിയനോട് പറഞ്ഞു. “ഇതൊരു വലിയ നേട്ടമാണ്. വളരെയധികം കംഫര്‍ട്ടബിള്‍ ആണ് ഇവിടെ. കൊച്ചി മെട്രോ ഞങ്ങളെ അംഗീകരിച്ചതോടു കൂടി മറ്റുള്ളവര്‍ക്കും ഞങ്ങളെ ബഹുമാനിക്കാന്‍ അറിയാം. ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ ഒരിടത്തും ജോലിക്കെടുക്കാറില്ല. മള്‍ട്ടിനാഷണല്‍ കമ്പനികളിലോ ഐ.റ്റി ജോലികള്‍ക്കോ, സര്‍ക്കാര്‍ ജോലിക്കു പോലും അവസരമില്ല. ഞങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ പോലും ഞങ്ങള്‍ പരിഹസിക്കപ്പെടാറാണ് പതിവ്. അതാണ് മാറുന്നതെ”ന്നും വിന്‍സി പറയുന്നു. കൊച്ചി മെട്രോയുടെ നടപടി മാതൃകയാക്കിക്കൊണ്ട് മറ്റു കമ്പനികളും തങ്ങളെ ജോലിക്ക് നിയോഗിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറയുന്നു.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ലിബറലും വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതുമായ സംസ്ഥാനമെന്ന് രശ്മിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ വരുംനാളുകളില്‍ നിയമിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രശ്മി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍