UPDATES

പ്രളയം 2019

പുന്നപ്ര വയലാര്‍ മുതല്‍ പാര്‍ട്ടിക്കൊപ്പം, എന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണയും ദുരിതാശ്വാസ ക്യാമ്പിലാണ് സഖാവ് ഓമനക്കുട്ടന്റെ ഗ്രാമം

കേരളത്തിലെ ദളിത് വിഭാഗത്തിന്റെ ജീവിതം ഇപ്പോഴും എങ്ങനെയാണ് എന്നുള്ളതിന്റെ കൂടി ഉദാഹരണമാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമം

കാലം, അറുപതുകളാണ്…

തുലാമഴ വീണു തുടങ്ങിയിട്ടുണ്ട്. നായര്‍ ജന്മിയുടെ പാടത്ത് കൊയ്ത്തും നടക്കുകയാണ്. വെട്ടം വീഴും മുന്നേ ജന്മിയുടെ പുലയന്മാര്‍ പാടത്തിറങ്ങി. അതാണ് പതിവ്. ഇരുട്ട് മാറും മുന്നേ പാടത്തിറങ്ങിയാല്‍ ഇരുട്ട് വീണാലേ കയറാന്‍ പാടുള്ളൂ. മഴ വന്നാലും വെയിലു വന്നാലും പുലയന്‍ പാടത്തുണ്ടാകണം. ഇടയ്‌ക്കെങ്ങാനും പണി നിര്‍ത്തിയെന്നു കണ്ടാല്‍ അന്നത്തെ കൂലി പോകും.

അന്ന് ഉച്ചയോടു കൂടി മാനം ഇരുണ്ട് കേറി. മഴ കുത്തിപ്പെയ്യുമെന്ന് ഉറപ്പാണ്. പണിക്കാരായ ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം വെക്കം വെക്കം കൊയ്യുന്നുണ്ട്. ആര്‍ത്തലച്ച് മഴ വരുന്നതുകണ്ട് ലളിത കൂടെയുണ്ടായിരുന്നവരോട് പറഞ്ഞു, നമുക്ക് കരോട്ട് കേറി നിന്നാലോ? മഴ കഴിഞ്ഞിറങ്ങാം. കാലവര്‍ഷം പോലെ തുലാ മഴ നിന്നു പെയ്യില്ല, വന്നു പോകത്തേയുള്ളൂ. കുട്ടുകാരികള്‍ പേടിച്ചിട്ടാണെങ്കിലും ലളിത പറഞ്ഞപോലെ കരോട്ട് കേറി ഒരു മരച്ചോട്ടില്‍ നിന്നു. മഴ വന്നു, കുറച്ചങ്ങ് പെയ്തിട്ട് പോയി. ലളിതയും കൂട്ടുകാരും വീണ്ടും പാടത്തിറങ്ങി. ഇരുട്ടി വീണപ്പോള്‍ പാടത്തു നിന്നെല്ലാവരും കര കേറി. കൂലി വാങ്ങാന്‍ ജന്മിയുടെ വീട്ടു പടിക്കല്‍ പോണം. ജന്മിയുടെ ഭാര്യ വന്നാണ് കൂലി കൊടുക്കുന്നത്. പണിക്കാരെല്ലാം മഴ നനഞ്ഞിട്ടുണ്ടോയെന്നാണ് ആദ്യം നോക്കുന്നത്. ‘നനഞ്ഞിട്ടുള്ളോരല്ലേ പാടത്ത് ഇറങ്ങിട്ടൂണ്ടാവൂ’. ലളിതയുടെ ഊഴമായപ്പോള്‍ ജന്മിയുടെ ഭാര്യക്ക് സംശയം. നനഞ്ഞിട്ടുണ്ടോന്നു തിരിച്ചും മറിച്ചുമൊക്കെ നിര്‍ത്തി നോക്കി. മുതക് നന്നായി നനഞ്ഞിട്ടുണ്ടെങ്കില്‍ മഴ കൊണ്ടിട്ടുണ്ടെന്നാണര്‍ത്ഥം. ഇത് നേരത്തെ അറിയാവുന്നതുകൊണ്ട് പാടത്തു നിന്നു കയറുമ്പോഴെ ലളിതയും കൂട്ടുകാരികളും ചാലില്‍ നിന്നും വെള്ളം കോരി പുറത്തും മേത്തുമൊക്കെ ഒഴിച്ചിരുന്നു. ഒടുവില്‍ പരിശോധനയെല്ലാം കഴിഞ്ഞ് ലളിതയ്ക്കും കൂലി കിട്ടി.

ലളിതയ്ക്ക് ഇപ്പോള്‍ വയസ് 84. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമത്തിലെ കുടുംബങ്ങള്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ലളിതയെ പോലെ വേറെയുമുണ്ട് ആ ക്യാമ്പില്‍ കഴിയുന്ന വൃദ്ധ ജന്മങ്ങള്‍. കഴിഞ്ഞ മുപ്പത്തിയഞ്ച് കൊല്ലത്തിനു മേലായി വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടി വരുന്നവര്‍. കേരളത്തിലെ ഒരു ശരാശരി ദളിത് ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ലളിതയെ പോലുള്ളവര്‍. കാലം മാറിയെന്നു പറയുമ്പോഴും അധികാരികളുടെ (പണ്ട് ജന്മിയായിരുന്നെങ്കില്‍ ഇന്ന് ഭരണകൂടം) ദയയ്ക്കു വേണ്ടി അവരുടെ മുന്നില്‍ കാത്തുനില്‍ക്കേണ്ടിവരികയാണവര്‍ക്ക്.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന വിവാദവും അതിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുമാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന അംബേദ്കര്‍ ഗ്രാമത്തിലെ കുടുംബങ്ങള്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിനെ വാര്‍ത്തയില്‍ കൊണ്ടു വരുന്നത്. ഓമനക്കുട്ടന്‍ മാത്രം വാര്‍ത്താകേന്ദ്രമായി മാറുമ്പോള്‍, ഈ വിഷയത്തിന്റെ യഥാര്‍ത്ഥ കാരണം എല്ലാവരും വിസ്മരിക്കുകയാണ്. നാലു പതിറ്റാണ്ടിനടുത്തായി കുറെ മനുഷ്യര്‍ക്ക് വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും (അതും മാസങ്ങള്‍) ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നതെന്തുകൊണ്ട് എന്നതിനാണ് ‘ഓമനക്കുട്ടന്‍ വിഷയത്തില്‍’ ഉണ്ടാകേണ്ട യഥാര്‍ത്ഥ പരിഹാരം.

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള രണ്ട് വാര്‍ഡുകള്‍ ചേര്‍ത്താണ് അംബേദ്കര്‍ ഗ്രാമമായി പ്രഖ്യാപിച്ചിരിക്കുന്നത്. നായര്‍ ജന്മികളുടെ നിലങ്ങളിലെ പണിക്കാരായിരുന്നവരുടെ പിന്‍തലമുറയാണ് ഇപ്പോഴുള്ളത്. കൃഷിയും ചെളികുത്തും മീന്‍പിടുത്തവുമായിരുന്നു പ്രധാന തൊഴില്‍. തുലാം മാസം വരെ ഒരു പൂ നെല്‍കൃഷിയും അത് കഴിഞ്ഞാല്‍ പച്ചക്കറി കൃഷിയുമാണ് പതിവ്. ഇപ്പോഴും ചേര്‍ത്തല ചന്തയിലേക്ക് കണ്ണികാട്, അംബേദ്കര്‍ ഗ്രാമം തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ എത്തുന്നുണ്ട്. നിലം നികന്നു വരുന്നതുകൊണ്ട് കൃഷി ചെയ്യാന്‍ സ്ഥലം കുറയുന്നുവെന്നു മാത്രം. കൃഷി കഴിഞ്ഞാല്‍ ഏര്‍പ്പെടുന്ന ജോലികളാണ് കരിപ്പയില്‍ ചാലില്‍ നിന്ന് ചെളികുത്തിയെടുത്ത് വില്‍ക്കുന്നതും ചാലില്‍ നിന്നുള്ള മീന്‍പിടുത്തവും.

കരിപ്പയില്‍ ചാലിന് പ്രൗഢമായൊരു ഭൂതകാലമുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാള്‍ കൂടാന്‍ ആളുകള്‍ വന്നിരുന്നത് കരിപ്പയില്‍ ചാലിക്കൂടെയായിരുന്നു. 22 പതിവ് വള്ളങ്ങള്‍ (വലിയ കെട്ടുവള്ളങ്ങള്‍) മൂന്നെണ്ണം ഒരുമിച്ച് തുഴഞ്ഞു പോകാന്‍ പറ്റുന്നത്ര വീതിയുണ്ടായിരുന്നു കരിപ്പയില്‍ ചാലിന് ഒരു കാലത്ത്. പ്രമാണികളായിരുന്ന അന്ത്രപ്പേര്‍ കുടുംബക്കാര്‍ അര്‍ത്തുങ്കലിലെ കുടുംബ വീട്ടിലേക്ക് കരിപ്പയില്‍ ചാലില്‍ കൂടി ബോട്ടിലായിരുന്നു പോയ്‌ക്കൊണ്ടിരുന്നത്. ബോട്ട് ഓടുമ്പോള്‍ വലിയ തിര വന്ന് തീരത്തടിച്ച് മണ്ണിടിയും. തീരം ഇടിഞ്ഞാല്‍ തങ്ങളുടെ വീടും ഇടിയുമെന്ന് പരാതി പറഞ്ഞു പറഞ്ഞ് അന്ത്രപ്പേറുകാരുടെ ബോട്ട് യാത്ര നിര്‍ത്തിപ്പിച്ചിട്ടുമുണ്ട് ഇവിടുത്തെ മനുഷ്യര്‍. കരിപ്പയില്‍ ചാല്‍ തോടിനും നിലങ്ങള്‍ക്കുമിടയില്‍ മണ്ണ് കുത്തിയെടുത്ത ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു കുടിയാന്മാരായ പുലയര്‍ താമസിച്ചിരുന്നത്. മഴക്കാലത്ത് നിലം നിറയുകയും കരിപ്പയില്‍ ചാല് കരകവിയുകയും ചെയ്യുമ്പോള്‍ അവരുടെ വീടുകള്‍ വെള്ളത്തിലാകും. അപ്പോഴവര്‍ മുതലാളിമാരുടെ പൊങ്ങി നില്‍ക്കുന്ന കരയുണ്ടെങ്കില്‍ അവിടേയ്ക്ക് മാറും. ആ പതിവാണ് ഇന്നും തുടരുന്നത്; ഇന്നത് ദുരിതാശ്വാസ ക്യാമ്പിലേക്കാണ് എന്നു മാത്രം.

അന്നമേകുന്നതാണെങ്കിലും ഇന്നും നിലവും കരിപ്പയില്‍ ചാലും തന്നെയാണ് ജനങ്ങളെ ദുരിതത്തില്‍ ആക്കുന്നത്. നാട്ടില്‍ മുഴുവന്‍ വികസനം വന്നെന്നു പറയുമ്പോഴും അംബേദ്കര്‍ ഗ്രാമക്കാരുടെ ജീവിത പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുന്നു.

‘ഇവിടെ ഇടയ്ക്കിടയ്ക്ക് ക്യാമ്പ് ഉണ്ടാകുമെന്നു’ പറഞ്ഞ വില്ലേജ് ഓഫിസറെ തിരുത്തുന്ന മന്ത്രി ജി. സുധാകരനും ആലപ്പുഴയിലെ മറ്റ് രണ്ടു മന്ത്രിമാരായ തോമസ് ഐസക്കും പി. തിലോത്തമനും (തിലോത്തമന്റെ വീട് നില്‍ക്കുന്നിടത്ത് നിന്നും അധിക ദൂരമൊന്നുമില്ല അംബേദ്കര്‍ ഗ്രാമത്തിലേക്ക്) അറിയാത്തതാണോ അംബേദ്കര്‍ ഗ്രാമത്തിലെ ദളിത് ജീവിതങ്ങളുടെ പരിഹരിക്കപ്പെടാത്ത ദുരവസ്ഥ? അറിഞ്ഞിട്ടില്ലെങ്കില്‍, അറിയണം. ഓമനക്കുട്ടനെ കണ്ട് മാപ്പ് പറയാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും വരുന്ന മന്ത്രിമാരും കളക്ടറും രാഷ്ട്രീയക്കാരും ആ കമ്യൂണിറ്റി ഹാളില്‍ നിന്നും ഇറങ്ങി കരിപ്പയില്‍ ചാലിന്റെ രണ്ട് കരയിലും താമസിക്കുന്ന ജനങ്ങളുടെ ദുരിതം നേരില്‍ പോയി കാണണം. അവര്‍ പറയുന്നത് കേള്‍ക്കണം. വെള്ളവും ചെളിയും നിറഞ്ഞ വഴികളിലൂടെ നടക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എപ്പോള്‍ വേണമെങ്കിലും തെന്നി വീഴാം. കാലൊന്നു വഴുതിയാല്‍ വെള്ളത്തില്‍ പോകാം. അപകടമാണ് ഓരോ ചുവടിലും. എങ്കിലും നടക്കണം. ഇവിടുത്തെ മനുഷ്യര്‍ ആ അപകടങ്ങളില്‍ കൂടിയാണല്ലോ നടന്നു വരുന്നത്. അങ്ങനെ നടന്നു കാണാന്‍ തയ്യാറാണെങ്കില്‍ അംബേദ്കര്‍ ഗ്രാമത്തിലെ മനുഷ്യജീവിതങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ കഴിയും. മുറ്റത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാതെ വീടിനുള്ളില്‍ കഴിയുന്നവരുണ്ട്. തളര്‍ന്നു കിടക്കുന്ന മനുഷ്യരെ വിട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോലും മാറാന്‍ കഴിയാതെ സങ്കടപ്പെട്ട് കരയുന്ന പ്രായം ചെന്ന അമ്മമാരെ കാണാം. ഇനിയൊരു മഴയ്ക്ക് കൂടി ഈ വീട് നില്‍ക്കുമോ എന്നറിയാതെ വിങ്ങുന്ന ഗൃഹനാഥന്മാരെ കാണം. മക്കളെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കിടന്നുറങ്ങേണ്ടെന്നു കരുതി, അവരെ ബന്ധു വീടുകളില്‍ പറഞ്ഞു വിട്ട് നിസ്സഹായതയോടെ നില്‍ക്കുന്ന അച്ഛന്മമ്മാരെ കാണാം. അവരാരും വഴക്കുണ്ടാക്കാന്‍ വരില്ല, ദേഷ്യപ്പെടില്ല. അവരാകെ, വേദനയോടെ ചോദിക്കുക ഒന്നുമാത്രമാകും; ഞങ്ങളുടെ ഈ ആവസ്ഥ ഒന്നു നേരില്‍ കാണാന്‍ ഇതുവരെ ഇവിടെയൊന്നു വരാന്‍ തോന്നിയില്ലല്ലോ?

കൂടുതല്‍ അറിഞ്ഞുവരുമ്പോള്‍ മനസിലാകും; നാലു പതിറ്റാണ്ടോളമായി ഇതേ ദുരിതം ഈ മനുഷ്യര്‍ അനുഭവിച്ചു വരികയാണെന്ന്. ഓരോ വട്ടം ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസുുകൊണ്ടവര്‍ ആഗ്രഹിക്കുന്നത്, ഇനിയൊരിക്കല്‍ കൂടി ഇങ്ങോട്ട് തിരിച്ചു വരാന്‍ ഇടയാക്കല്ലേയെന്നാണ്. പത്തുമുപ്പത്തിയഞ്ച് കൊല്ലമായി മാറ്റമില്ലാതെ ആഗ്രഹിക്കുന്നൊരു കാര്യം.

വിജയന് ഇപ്പോള്‍ 63 വയസുണ്ട്. അദ്ദേഹം പറയും 1968 ലെ, വെള്ളം പൊങ്ങി ഭൂമി വിറച്ചുപോയൊരു മഴക്കാലത്തെ അനുഭവം. പതിവു പോലെ വീട് വിട്ടിറങ്ങേണ്ടി വന്നവര്‍ അന്ന് തൈക്കലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് അഭയം തേടിയത്. സര്‍ക്കാരില്‍ നിന്നും ഭക്ഷണത്തിനൊന്നും സഹായം കിട്ടിയിരുന്നില്ല. കൈയില്‍ ഉള്ളതൊക്കെ നുള്ളിപ്പെറുക്കിയാണ് ഓരോ ദിവസവും അടുപ്പ് പുകച്ചത്. കൊച്ചു കുട്ടികളും പ്രായമായവരും ഉണ്ട്. പാതിപ്പേര്‍ക്കേ വിശപ്പ് മാറ്റാന്‍ കഴിയുമായിരുന്നുള്ളുവെങ്കിലും വെള്ളം നനയാതെ കിടക്കാമെന്നതു മാത്രമായിരുന്നു ആശ്വാസം. പക്ഷേ, സമീപത്തുള്ള ചിലര്‍ ക്യാമ്പുകളിലേക്ക് അതിക്രമിച്ചു കയറാന്‍ തുടങ്ങി. സര്‍ക്കാര്‍ വക സ്‌കൂളല്ലേ, ഞങ്ങക്കും വരാമെന്നു പറഞ്ഞാണ് കേറുന്നത്. പ്രായം തെകഞ്ഞ പെണ്‍കൊച്ചുങ്ങളെ ശല്യപ്പെടുത്താനാണ് വരുന്നത്. പോലീസിപ്പറഞ്ഞു നോക്കി. കാര്യോന്നും ഉണ്ടായില്ല. സഹികെട്ടപ്പ കൊയ്ത്തരുവായെടുത്തൂ. ഒരുവിധം വെള്ളം ഇറങ്ങിയപ്പോ എല്ലാവരും വീടുകളിലേക്ക് തിരിച്ചു പോരുകയും ചെയ്തു.

അധികാരികളുടെ സംരക്ഷണയിലും സഹായത്തിലുമല്ലായിരുന്നു അംബേദ്കര്‍ ഗ്രാമക്കാര്‍ ഇത്ര കാലവും ക്യാമ്പ് കെട്ടി കഴിഞ്ഞു വന്നിരുന്നതെന്നതിന് വിജയന്റെ വാക്കുകള്‍ തന്നെയാണ് തെളിവ്. ഇടവപ്പാതിക്കും കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും ചിറയും ചാലും നിറഞ്ഞാല്‍ വെള്ളവും ചെളിയും പൊങ്ങി ജീവിക്കാന്‍ കഴിയാതെ വരുന്നവര്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തേടിപ്പോകാന്‍ നില്‍ക്കില്ലായിരുന്നു. പൊക്കപ്പറമ്പ് (ഉയര്‍ന്ന പ്രദേശം) നോക്കി അവരൊരു പന്തല് കെട്ടും. മുളയും മറയും എവിടുന്നേലും കൊണ്ടുവരും. അതിനുള്ള കാശ് കൈയിന്ന് എടുക്കും. ആദ്യകാലത്തൊക്കെ വച്ചുണ്ടാക്കാനുള്ളത് വാങ്ങാനും കാശ് കൈയീന്ന് എടുക്കും. മിക്കവാറും ഒരു നേരത്തേക്കുള്ളതിനെ തികയാറുള്ളൂ. താത്കാലിക ക്യാമ്പുകള്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടി തുടങ്ങിയതിനു ശേഷമാണ് വില്ലേജ് ഓഫിസില്‍ ചെന്നു വിവരം പറയാന്‍ തുടങ്ങിയത്. അവിടുന്നൊരു ചീട്ട് കൊടുക്കും. അതുകൊണ്ട് ചേര്‍ത്തലയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങും. കൊണ്ടുവരാനുള്ള വണ്ടിക്കൂലിയും കൈയില്‍ നിന്നു കൊടുക്കും. (ഓമനക്കുട്ടന്‍ ചെയ്ത ‘തെറ്റും’ ഇതായിരുന്നു.) ദിവസങ്ങള്‍ക്കു മുമ്പ് മാത്രം ചാര്‍ജ് എടുത്ത വില്ലേജ് ഓഫീസര്‍, ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടയില്‍ അവരോട് പറയുമ്പോള്‍ മാത്രമാണ്, ക്യാമ്പിലേക്ക് വരുന്ന എല്ലാ ചെലവുകളും സര്‍ക്കാരാണ് വഹിക്കുന്നതെന്ന് അംബേദ്കര്‍ ഗ്രാമക്കാര്‍ അറിയുന്നത്. അതുവരെ ഒരുദ്യോഗസ്ഥനും അത്തരം വിവരങ്ങളൊന്നും അവരോട് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ നടന്നു വരുന്ന ക്യാമ്പ് ഈ വര്‍ഷത്തെ രണ്ടാമത്തെ ക്യാമ്പാണ്. കഴിഞ്ഞ മാസം മറ്റൊരു ക്യാമ്പ് ഉണ്ടായിരുന്നു. അവിടേക്ക് സാധനങ്ങള്‍ കൊണ്ടുവന്നതിന്റെ വാഹനക്കൂലിയെല്ലാം കൊടുത്തത് അന്തേവാസികളായിരുന്നു. ചേര്‍ത്തലയില്‍ പോയി സാധനങ്ങളുമായി വരാന്‍ ഏറ്റവും കുറഞ്ഞ് 130 രൂപയെങ്കിലും ഓട്ടോ ചാര്‍ജ് കൊടുക്കണം. സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ട് തരാമെന്നു പറഞ്ഞാല്‍ വണ്ടിക്കാരന്‍ സമ്മതിക്കില്ല. അയാള്‍ക്ക് കൂലി അപ്പോള്‍ തന്നെ കൊടുക്കണം. സാധനം വാങ്ങാന്‍ പോകുന്നവരുടെ കൈയില്‍ ഉണ്ടെങ്കില്‍ അതെടുത്തു കൊടുക്കും, ഇല്ലെങ്കില്‍ കൂടെയുള്ളവരോട് ചോദിച്ചു വാങ്ങിച്ചു കൊടുക്കും. ഇങ്ങനെ കൊടുത്ത കൂലിയൊന്നും ഇതുവരെ (ഇത്തവണത്തെ കാര്യമല്ല) ഒരു വില്ലേജ് ഓഫീസറും തഹസില്‍ദാരും അവര്‍ക്ക് തിരിച്ചു കൊടുത്തിട്ടുമില്ല. ഈ മുപ്പത്തിയഞ്ച് കൊല്ലത്തിനിടിയിലും ഇത്തരം കാര്യങ്ങള്‍ക്ക് ഒരു പൈസ പോലും വില്ലേജില്‍ നിന്നും തന്നിട്ടില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. സര്‍ക്കാര്‍ സംവിധാനത്തിലെ അവഗണനയും പിഴവുമായിരുന്നു വെറും എഴുപത് രൂപ പിരിവെടുക്കാന്‍ ഓമനക്കുട്ടനെ നിര്‍ബന്ധിതനാക്കിയത്.

അന്നന്നത്തെ പണി ചെയ്തു ജീവിക്കുന്നവരാണ് അംബേദ്ക്കര്‍ ഗ്രാമക്കാര്‍. ഓമനക്കുട്ടന്‍ കരിങ്കല്ല് പണിക്കാരനാണ്. കൃഷി കുറഞ്ഞതോടെ, മിക്കവരും കല്ല് പണിക്കു പോകുന്നവരാണ്. മഴക്കാലമായാല്‍ പണി കുറയും. അതോടെ കൈയില്‍ കാശില്ലാതാകും. അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ പോലും മറ്റുള്ളവരോട് കൈ നീട്ടേണ്ടി വരുന്നവരാണ്. ക്യാമ്പിലായാല്‍ ദുരിതം കൂടും. ഓരോ പോക്കറ്റും മടിശീലയും കാലിയാകുന്നതുവരെ അവര്‍ കൈയില്‍ നിന്നെടുത്ത് തന്നെയാണ് ക്യാമ്പിലെ കാര്യങ്ങള്‍ നോക്കുന്നത്. പുറമെ നിന്നു കിട്ടുന്ന സഹായം പാര്‍ട്ടിയുടെതാണ്. കഴിഞ്ഞ മാസം ക്യാമ്പ് നടത്തിയപ്പോള്‍, അയല്‍ വീട്ടില്‍ നിന്നാണ് വൈദ്യുതി കണക്ഷന്‍ എടുത്തത്. അതിന്റെ കറന്റ് ചാര്‍ജ് 1,700 രൂപ കൊടുത്തത് സിപിഎം ലോക്കല്‍ കമ്മിറ്റിയായിരുന്നു. അടിയുറച്ച കമ്യൂണിസ്റ്റുകാരാണ് ഇവരില്‍ ഭൂരിഭാഗവും. പുന്നപ്ര-വയലാര്‍ വെടിവയ്പ്പ് കാലത്ത്, പോലീസുകാരും ജന്മികളുടെ ഗുണ്ടകളും കുടിയാന്മാരുടെ വീടുകളില്‍ പരിശോധനയ്ക്ക് എത്തും. ആണുങ്ങള്‍ ഉണ്ടെങ്കില്‍ പിടിച്ചുകൊണ്ടു പോകും. ഒന്നുകില്‍ കൊന്നു കളയും അല്ലെങ്കില്‍ തല്ലി മൃതപ്രായരാക്കി ഉപേക്ഷിക്കും. കമ്യൂണിസ്റ്റുകാരുടെ കൂട്ടത്തില്‍ പോകാതിരിക്കാന്‍ വേണ്ടിയാണ്. ഓരോ വീട്ടിലും ചെന്ന്, കെളവീ… ഇവിടെ ആണുങ്ങളാരേലും ഉണ്ടോന്നു ചോദിക്കും. ഇല്ലെന്നു പറഞ്ഞാലും അകത്തു കയറി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടേ പോലീസും ഗുണ്ടകളും പോകുമായിരുന്നുള്ളു. അന്ന് തങ്ങളുടെ ആണ്‍മക്കളെ പായില്‍ പൊതിഞ്ഞു മറച്ചു പിടിച്ചു രക്ഷിച്ച അമ്മമാര്‍ ഈ അംബേദ്കര്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. സമരം ചെയ്ത് ചത്താലും കുഴപ്പമില്ല, മുതലാളന്മാരുടെ കൈയില്‍ നിന്നും അടികൊണ്ട് ചാകണ്ടെന്ന് ആണ്‍മക്കളോട് പറഞ്ഞ അമ്മമാര്‍. ആ അമ്മമാരുടെ തലമുറകളാണിപ്പോഴും കമ്യൂണിസത്തില്‍ വിശ്വസിച്ച് ജീവിക്കുന്നവര്‍. പക്ഷേ, എത്രയെത്ര കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വന്നു പോയിട്ടും, ഈ ജീവിത ദുരിതത്തില്‍ നിന്നും അവരെ കരകയറ്റിയിട്ടില്ല.

മൂന്നരക്കിലോ മീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കരിപ്പയില്‍ ചാല്‍ തോടിന്റെ ഇരു കരയിലുമുള്ള വീടുകളില്‍ രണ്ട് മഴ പെയ്താല്‍ മതി അകത്തു വെള്ളം കയറാന്‍. അതോടെ, കഴുത്തൊപ്പം വെള്ളത്തില്‍ നീന്തിയവര്‍ സുരക്ഷിതമായൊരു ഇടത്തേക്ക് മാറും. ചളിയും വെള്ളവും മാറി വീടുകള്‍ താമസയോഗ്യമായി കിട്ടാന്‍ ചിലപ്പോള്‍ മൂന്നു മാസങ്ങളോളം എടുക്കും. വര്‍ഷങ്ങളായി ഇതേ ദുരിതം അനുഭവിക്കേണ്ടി വരികയാണിവര്‍ക്കെന്നോര്‍ക്കണം. ഉപജീവന മാര്‍ഗം കൂടിയായിരുന്ന കരപ്പയില്‍ ചാല് നികന്നു നികന്നു വരികയാണ്. ജന്മിമാര്‍ ഭൂമി കൂട്ടാന്‍ വേണ്ടി ചാല് നികത്തി വന്നതോടെ വഴി മുട്ടിപ്പോയത് ജനങ്ങള്‍ക്കായിരുന്നു. ചെളികുത്തിയെടുക്കാന്‍ കിട്ടാതെയായി (ഇപ്പോള്‍ ചെളിക്ക് ആവശ്യം തീരെ കുറഞ്ഞതോടെ അതുവഴിയുള്ള വരുമാനവും നിലച്ചു), മത്സ്യങ്ങളും കുറഞ്ഞു. വര്‍ഷങ്ങള്‍ മുന്നേ കൃഷി നിലങ്ങള്‍ നികന്നു തുടങ്ങിയിരുന്നു. ഒരു ജനതയുടെ ജീവിതമാര്‍ഗങ്ങള്‍ അടഞ്ഞു പോകുന്നത് മാത്രം ആരും മനസിലാക്കിയില്ല.

മൂന്ന് 22 പതിവ് വള്ളങ്ങള്‍ നിരന്ന് പോയിരുന്ന കരിപ്പയില്‍ ചാലിന് ഇപ്പോള്‍ ചില ഭാഗത്ത് വീതി വെറും ആറ് മീറ്റര്‍ മാത്രമാണ്. ചെളി നിറഞ്ഞപ്പോള്‍ ആഴവും കുറഞ്ഞു. വീതിയും നീളവും കുറഞ്ഞ ചാലില്‍ ഒരു മഴ പെയ്താല്‍ വെള്ളം കര കവിയും. ഇപ്പുറത്തു നിന്നു ചിറയിലെ വെള്ളം കൂടി കരയിലോട്ട് കയറുമ്പോഴാണ് വീട്ടിലും മുറ്റത്തും വെള്ളം പൊങ്ങുന്നത്. നിലങ്ങളെല്ലാം നികന്നതോടെ വെള്ളം ഒഴുകി പോകാനും വഴിയില്ലാതായി. പെയ്ത്തുവെള്ളവും കെട്ടി നില്‍ക്കാന്‍ തുടങ്ങിയതോടെ ദുരിതം ഇരട്ടിച്ചു. കഴിഞ്ഞ വര്‍ഷം കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തുകളും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഫണ്ട് വകയിരുത്തി കരിപ്പയില്‍ ചാല് തോട് വൃത്തിയാക്കി ആഴം കൂട്ടിയതുകൊണ്ടാണ് ഇത്തവണ തങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്താന്‍ കുറച്ച് വൈകിയതെന്നാണ് അന്നാട്ടുകാര്‍ തമാശ കലര്‍ത്തി തങ്ങളുടെ ദുരിതം പറയുന്നത്. കാലങ്ങളായി അനുഭവിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ അംബേദ്കര്‍ ഗ്രാമക്കാര്‍ ഇപ്പോഴവരുടെ ദുരിതാവസ്ഥ പറയുന്നത് ചിരിയോടെയാണ്.

അംബേദ്കര്‍ ഗ്രാമത്തിലെ അറുപതോളം കുടുംബങ്ങള്‍ക്കാണ് വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ട് എല്ലാക്കൊല്ലവും അനുഭവിക്കേണ്ടി വരുന്നത്. വെള്ളം കയറി മിക്ക വീടുകളും ജീര്‍ണിച്ച അവസ്ഥയിലാണ്. ചുമരുകള്‍ കുതിര്‍ന്നു അടിത്തറ തകര്‍ന്നും നില്‍ക്കുന്ന വീടുകള്‍ പലതും കാണാം. മഴക്കാലമായാല്‍ മുറ്റമാകെ ചെളി നിറയും. ചുറ്റും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നതോടെ വൃദ്ധരുടെയും കുട്ടികളുടെയും കാര്യമോര്‍ത്ത് ഭയപ്പെടുന്നവരാണ് ഇവിടെയുള്ള താമസക്കാരിലേറെയും. ഒന്നു കാലു തെറ്റിയാല്‍ വെള്ളക്കെട്ടില്‍ വീണുപോകും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നും ഇതാണ്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 9 വയസു മുതല്‍ 90 വയസുവരെയുള്ളവര്‍ അന്തേവാസികളായിട്ടുണ്ട്. വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ട് മാത്രം ക്യാമ്പ് വിട്ടുപോകാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുന്നതും കൊച്ചുകുട്ടികളെയും പ്രായമായവരെയും കുറിച്ചുള്ള ഉത്കണ്ഠയാണ്.

പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികള്‍ ചെലവാക്കുന്നുണ്ടെന്നു സര്‍ക്കാര്‍ പറയുമ്പോഴും അംബേദ്കര്‍ ഗ്രാമക്കാര്‍ക്ക് അതുവഴിയുള്ള ഗുണമൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നത് മനസിലാക്കാന്‍ ഇവിടെ വന്നു കണ്ടാല്‍ മതി. കരിപ്പയിലിന്റെയും ചിറകളുടെയും കരകളില്‍ കരിങ്കല്‍ കെട്ടുകള്‍ ഉണ്ടാക്കിയാല്‍ ഒരു പരിധിവരെ വെള്ളം കരകവിഞ്ഞു വരുന്നത് തടയാനാവും. കരിപ്പയില്‍ ചാലിന്റെ കരയില്‍ അത്തരം കരിങ്കല്‍ കെട്ട് ഉണ്ടെങ്കിലും ലക്ഷങ്ങള്‍ വെള്ളത്തില്‍ ഒഴുക്കി കളഞ്ഞതുപോലെയായത്. ചാലില്‍ നിന്നും രണ്ടടിയെങ്കിലും ഉയരത്തില്‍ കരിങ്കല്‍ ഭിത്തി കെട്ടിയെങ്കില്‍ മാത്രമാണ് വെള്ളം കയറുന്നത് തടയാന്‍ കഴിയൂ. എന്നാലത് ചാലിനോട് ചേര്‍ത്താണ് ഇപ്പോള്‍ കെട്ടിയിരിക്കുന്നത്. താമസക്കാരനായ പത്മനാഭന്‍ പറയുന്നുണ്ട് അതിനെക്കുറിച്ച്; “രണ്ട് അടിയെങ്കിലും ഉയരത്തില്‍ കല്ല് കെട്ടിയെങ്കില്‍ മാത്രമെ എന്തെങ്കിലും പ്രയോജനം കിട്ടു. അതല്ലെങ്കില്‍ മഴക്കാലത്ത് വെള്ളം പുറത്തേക്ക് ഒഴുകും. ഇപ്പുറത്ത് ചിറയാണ്. അവിടെ വെള്ളം നിറഞ്ഞും പുറത്തേക്കൊഴുകും. തോട്ടിലേയും ചിറയിലേയും വെള്ളം ഒരുപോലെ കേറുന്നതുകൊണ്ടാണ് വര്‍ഷാവര്‍ഷം ഞങ്ങള്‍ക്ക് ക്യാമ്പില്‍ പോകേണ്ടി വരുന്നത്. കരിപ്പയില്‍ ചാലിന്റെ കരയിലൂടെയാണ് റോഡ് പോകുന്നത് പാതിയില്‍ നില്‍ക്കുകയാണ്. പക്ഷേ, വെള്ളം കയറുമ്പോള്‍ റോഡും മുങ്ങും. ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ല. കുറെ പണം അതിന്റെ പേരില്‍ കളഞ്ഞതു മിച്ചം. ഞങ്ങള്‍ക്ക് വലിയ പഠിപ്പൊന്നും ഇല്ലെങ്കിലും ഇവിടെ ജീവിക്കുന്നവരെന്ന നിലയില്‍ കല്ല് കെട്ടുമ്പോള്‍ ഞങ്ങളോടും കൂടി അഭിപ്രായം ചോദിക്കായിരുന്നു. എത്ര ഉയരത്തില്‍ കെട്ടിയാലെ വെള്ളം കയറാതിരിക്കൂ എന്നെങ്കിലും ഞങ്ങള് പറഞ്ഞു കൊടുത്തേനെ, ഇതവര് വന്ന് എന്തൊക്കെയോ ചെയ്തിട്ടുപോയി. വെള്ളം കേറാതിരിക്കാന്‍ കല്ല് കെട്ടി തന്നില്ലേ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്, ഞങ്ങള്‍ക്കതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്നു പറഞ്ഞാല്‍ അവര്‍ക്ക് മിണ്ടാനുമൊന്നുമില്ല”.

രണ്ട് ആവശ്യങ്ങളാണ് അംബേദ്കര്‍ ഗ്രാമക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഒന്ന്, വെള്ളം കയറാത്ത വിധം വീടുകള്‍ സംരക്ഷിച്ചു നല്‍കുക. അതല്ലെങ്കില്‍ തങ്ങളെ പുനരധിവസിപ്പിക്കുക. ആദ്യത്തെ ആവശ്യവുമായി വര്‍ഷങ്ങളായി അവര്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. പട്ടികജാതി വിഭാഗത്തിന്റെ ജീവിതം നിലവാരം ഉയര്‍ത്താന്‍ വേണ്ടി ഒരു കോടി രൂപ പ്രസ്തുത വകുപ്പില്‍ നിന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി. തിലോത്തമന്റെ ശ്രമഫലമായി അനുവദിക്കപ്പെടുകയും ചെയ്തിരുന്നു. വെള്ളം കയറാത്ത വിധം വീടുകള്‍ സുരക്ഷിതമാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓരോ വീടുകളിലും ചെന്ന് എന്തൊക്കെ പ്രാഥമികാവശ്യങ്ങളാണോ അവിടെ വേണ്ടതെന്നു സര്‍വേ നടത്തി ലിസ്റ്റ് തയ്യാറാക്കി നിര്‍മിതി കേന്ദ്രയ്ക്ക് കൈമാറുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അമ്പതുലക്ഷം രൂപ നിര്‍മിതി കേന്ദ്രയ്ക്ക് കൈമാറിയെന്നും പട്ടികജാതി വകുപ്പില്‍ നിന്നും അറിയിപ്പും കിട്ടിയ പക്ഷേ, ഇന്നേവരെ ഒരു കല്ല് പോലും അതിന്റെ ഭാഗമായി എടുത്തിട്ടിട്ടില്ല.

വാര്‍ഡ് മെംബര്‍ സരസ്വതി പറയുന്നു, “ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഒരുപാട് ആകുമെന്നതായിരുന്നു നിര്‍മിതി കേന്ദ്രക്കാരുടെ ആദ്യത്തെ പരാതി. ഇങ്ങോട്ട് റോഡ് ഗതാഗതം ബുദ്ധിമുട്ടായ കാര്യമാണ്. വര്‍ഷകാലത്ത് മുഴുവന്‍ ഇവിടം വെള്ളക്കെട്ടായതുകൊണ്ട് വേനല്‍ക്കാലത്ത് മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാലപരിധിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമെന്നതായിരുന്നു അടുത്ത പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത്. ചാലിന്റെ രണ്ടു കരയിലുമായിട്ടാണല്ലോ ഇവിടെ വീടുകള്‍. വീടുകള്‍ തമ്മില്‍ അകലവുമുണ്ട്. ഒരു നിശ്ചിത പ്രദേശത്ത് അടുത്തടുത്തായി വീടുകള്‍ ഉണ്ടെങ്കില്‍ മാത്രമെ നിര്‍മാണം വേഗത്തിലും ചെലവ് കുറച്ചും നടത്താന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒരുലക്ഷത്തില്‍ താഴെയാണ് ഓരോ വീടിനുമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. അത്രയും തുക കൊണ്ട് ഇവിടുത്തെ അവസ്ഥയില്‍ ലഭ്യമായ ഫണ്ടിനകത്ത് നിന്നുകൊണ്ട് നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാകാന്‍ വേണ്ടി പലതവണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ചെന്നു. അവര്‍ക്ക് പറയാന്‍ ന്യായങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചു. എങ്ങനെയെങ്കിലും പണി നടത്തണമെന്നു മന്ത്രി പറഞ്ഞു നോക്കിയിട്ടും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഓഡിറ്റും മറ്റും വന്നാല്‍ തങ്ങള്‍ക്ക് പ്രശ്‌നമാകുമെന്നായിരുന്നു നിര്‍മിതി കേന്ദ്രയിലെ ഉദ്യോഗസ്ഥര്‍ തടസം പറഞ്ഞത്. ഇത്തവണത്തെ മഴയ്ക്കു മുമ്പെങ്കിലും എന്തെങ്കിലും നടക്കുമോ എന്നറിയാന്‍ രണ്ടു മാസം മുമ്പ് നിര്‍മിതി കേന്ദ്രയില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണറിഞ്ഞത് അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറിയെന്ന്. ഇതുവരെ അനുവദിക്കപ്പെട്ട പണം ലാപ്‌സ് ആയിട്ടില്ല. അങ്ങനെ സംഭവിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യാന്‍ കഴിയണം. കുറച്ചു തുക കൂടുതല്‍ ലഭ്യമാക്കിയിട്ടാണെങ്കിലും ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത മഴയ്ക്കും ഇവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ വരേണ്ടി വരും”.

രണ്ടു റോഡുകള്‍ പാതിയില്‍ വന്നു നില്‍ക്കുന്നുണ്ട് അംബേദ്കര്‍ ഗ്രാമത്തില്‍. ഒന്ന് കണ്ണികാട് ക്ഷേത്രത്തിനു മുന്നിലൂടെ വന്ന് ഇപ്പോഴത്തെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു മുന്നില്‍ വരെ എത്തി നില്‍ക്കുന്നു. മറ്റൊന്ന് കരിപ്പയില്‍ ചാലിന്റെ കരയിലൂടെ പോകുന്നതാണ്. ഈ രണ്ടു റോഡുകളില്‍ ഏതെങ്കിലും ഒന്നു പൂര്‍ണമായാല്‍ അംബേദ്കര്‍ ഗ്രാമക്കാരുടെ ഗതാഗത ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയും. അര്‍ത്തുങ്കല്‍ ഭാഗത്തുള്ള പ്രധാന റോഡുമായി ബന്ധിപ്പിക്കാവുന്നതാണ് രണ്ടു റോഡുകളും. പുറത്തേക്ക് കടക്കാന്‍ ഇപ്പോഴിവര്‍ നേരിടുന്ന ബുദ്ധിമുട്ട് പൂര്‍ണമായി പരിഹരിക്കാന്‍ കഴിയും. ഇത്രകൊല്ലമായിട്ടും പൂര്‍ത്തിയായൊരു റോഡ് പോലും ഈ പട്ടികജാതി ജനതയ്ക്ക് കിട്ടിയിട്ടില്ലെന്നോര്‍ക്കണം.പ്രസന്ന ചൂണ്ടിക്കാണിക്കുന്നതും ഇക്കാര്യമാണ്; “ഈ റോഡ് എങ്കിലും (കരിപ്പയില്‍ ചാലിന്റെ കരയിലൂടെ പോകുന്നത്) അപ്പുറത്ത് മുട്ടിയാല്‍ ഞങ്ങള്‍ ഒത്തിരിപ്പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിയും. പൂഴിയിട്ടാ, മെറ്റിലിട്ടോ മുറ്റമൊക്കെ ഒന്നു പൊക്കിയെടുക്കാം. ഈ പെരയൊന്നു പൊളിച്ചു മാറ്റി വേറൊന്നു വയ്ക്കാം. ഞങ്ങള് കാശ് മുടക്കി ചെയ്‌തോളാം. സര്‍ക്കാര് കാശ് തന്നില്ലേലും കുഴപ്പമില്ല. ഈ റോഡൊന്നു ശരിയാക്കി തന്നാല്‍ മാത്രം മതി. നടക്കാന്‍ ഒരു വഴി പോലും ഇല്ലാത്തവരാണ് ഞങ്ങള്. ഓരോ വീട്ടിക്കൂടി കേറിയാണ് പോണത്. പാടവും ചിറയുമൊക്കെ നീന്തി വേണം പോകാന്‍. എത്ര കാലമായിട്ട് അനുഭവിക്കണ കഷ്ടപ്പാടാണ്. ഇന്നോളം ഞങ്ങളുടെ ആവലാതി ആരെങ്കിലും കേട്ടിട്ടുണ്ടോ? ആ ക്യാമ്പില്‍ വന്നു പോണ മന്ത്രിമാര് ഇവിടെ വരെ വന്ന് ഇതൊക്കെയൊന്നു കണ്ടിട്ടു പോണം. ഞങ്ങളും മനുഷ്യരല്ലേ…?. ഞങ്ങക്കൊരു റോഡെങ്കിലും താ… പെരയൊന്നും തന്നില്ലേലും വേണ്ടാ… ഒരു റോഡ് കിട്ടിയാ മതി.” അഞ്ചു വര്‍ഷത്തില്‍ അധികമായി ഇവിടെയുള്ള രണ്ട് റോഡുകളും പൂര്‍ത്തിയാകാതെ കിടക്കാന്‍ തുടങ്ങിയിട്ട്.

നടക്കാന്‍ വഴി പോലും ഇല്ലാത്തവരാണ് അംബേദ്കര്‍ ഗ്രാമത്തില്‍ ഉള്ളവരെന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ. ഒരോ വീട്ടുകാര്‍ക്കും അടുത്ത വീടുകളില്‍ കയറി വേണം പോകാന്‍. മഴക്കാലമായാല്‍ അതിനു പോലും കഴിയാതെ വരും. തോടും ചിറയും പാടങ്ങളും നീന്തി വേണം പോകാന്‍. മഴക്കാലത്ത് വീട്ടമ്മാര്‍ നേരിടുന്നൊരു വലിയ പ്രശ്നമുണ്ട്; അവരുടെ പെണ്‍മക്കളെയോര്‍ത്ത്. സ്‌കൂളിലും കോളേജിലും പോകേണ്ട പെണ്‍കുട്ടികളുടെ കൂടെ അമ്മമാര്‍ക്കും വീട്ടില്‍ നിന്നും ഇറങ്ങണം. അരയൊപ്പം, ചിലപ്പോള്‍ കഴുത്തൊപ്പം നിറയുന്ന വെള്ളത്തില്‍ കൂടി നീന്തി വേണം അപ്പുറം കടക്കാന്‍. സ്‌കൂളിലും കോളേജിലും ഇടേണ്ട വസ്ത്രങ്ങള്‍ അമ്മമാര്‍ പ്രത്യേകം പൊതിഞ്ഞെടുത്തു പിടിക്കും. കരയിലെത്തി കഴിഞ്ഞ് സുരക്ഷിതമായ എവിടെയെങ്കിലും വച്ച് വസ്ത്രം മാറ്റി ധരിപ്പിച്ചാണവര്‍ പെണ്‍മക്കളെ യാത്രയാക്കുന്നത്. വൈകിട്ട് വരുമ്പോഴും ഇതു തന്നെ ആവര്‍ത്തിക്കണം. ഗിരിജ പറയുന്നതു കേടി കേള്‍ക്കണം; “എന്റെ മോള് പ്രസവിച്ച് അഞ്ചിന്റെയന്ന് കുഞ്ഞിനേം തള്ളേനേം കൂടി ചെമ്പിനകത്ത് കയറ്റി തുഴഞ്ഞു കൊണ്ടുപോയാണ് അക്കരയെത്തിച്ചത്. അത്രയ്ക്ക് ബുദ്ധിമുട്ടാണ് മഴക്കാലമായാല്‍ ഞങ്ങള്‍ക്ക്. കണ്ടത്തിന്റെ കരയിലാണ് എന്റെ വീട്. പ്രാണന്‍ കൈയില്‍ പിടിച്ചു വേണം നീന്തി പോകാനാണെങ്കിലും കണ്ടത്തിലേക്കിറങ്ങാന്‍. മൂര്‍ഖന്‍ പാമ്പുകള്‍ കാണും. പാമ്പിനെ പേടിച്ച് വലയും കെട്ടിവച്ചാണ് ഇപ്പം ഞങ്ങള് കഴിയുന്നത്. ഈ ദുരിതമൊക്കെ എന്ന് തീരാനാണ്. കഴിഞ്ഞ പ്രളയകാലത്ത് എഴുപത്തിനാല് ദിവസങ്ങളാണ് ക്യാമ്പില്‍ കഴിഞ്ഞത്. ഓണോം വാവും എല്ലാം ക്യാമ്പിലായിരുന്നു. ഇത്തവണയും പോയി, അടുത്ത തവണയും പോണം. ഇതിനൊന്നും ഒരറുതിയില്ലേ?

ഞങ്ങടെ കൊച്ചുങ്ങള്‍ക്ക് ഒരു കല്യാണാലോചന പോലും വരാത്ത അവസ്ഥയാണ്. ഈ വെള്ളക്കെട്ടിലേക്ക് ആര് വരാനാണ്. ഒരാഘോഷം വന്നാല്‍ പോലും ഞങ്ങടെ നെഞ്ചില്‍ തീയാണ്. വരുന്ന ഞായറാഴ്ച്ച എന്റെ മകന്റെ കല്യാണമാണ്. ഞങ്ങടെ വീടാണെങ്കിലും നാലുപാടും വെള്ളത്തില്‍ മുങ്ങിയാണ് നില്‍ക്കുന്നത്. ആള്‍ക്കാരാരെങ്കിലും ഇങ്ങോട്ട് വരുമോ? ഒരു പന്തലിടാന്‍ പറ്റുമോ? അതുകൊണ്ട് വേറൊരു പറമ്പില്‍ വച്ചാണ് കല്യാണം നടത്തണത്. നമ്മുടെ മക്കളുടെ വിവാഹം സ്വന്തം വീട്ടില്‍ വച്ചാന്‍ നടത്താന്‍ എല്ലാ അച്ഛനമ്മാര്‍ക്കും ആഗ്രഹമുണ്ടാകില്ലേ, ഞങ്ങള്‍ക്കൊന്നും അതിനുള്ള ഭാഗ്യം പോലുമില്ല. മഴക്കാലത്തെങ്ങാനും ചത്തുപോയാല്‍ കുഴിച്ചിടാന്‍ പോലും പറ്റാത്തവരാണ് ഞങ്ങള്.”

മക്കളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാകാതെ നില്‍ക്കേണ്ടി വരുന്ന മാതാപിതാക്കളാണ് തങ്ങളെന്ന സങ്കടമാണ് പത്മനാഭനുള്ളത്. “ഈ വെള്ളക്കെട്ടീന്ന് എങ്ങോട്ടെങ്കിലും പോകാമെന്നു മക്കള് ചോദിക്കുമ്പോള്‍, മിണ്ടാതെ നില്‍ക്കാനേ പറ്റുന്നുള്ളൂ. ഈ വീടും പറമ്പും വിറ്റാല്‍ എന്തു കിട്ടാനാണ്. സെന്റിന് പതിനായിരം രൂപ പോലും കിട്ടില്ല. ആ കാശ് കൊണ്ട് പുറത്ത് എവിടെയെങ്കിലും ഭൂമി വാങ്ങാന്‍ പറ്റുമോ? ലക്ഷങ്ങളാണ് സെന്റിന് കൊടുക്കേണ്ടി വരിക. നമ്മുടെ വീടും പറമ്പും കൂടി വിറ്റാല്‍ ഒരു ലക്ഷം രൂപ പോലും തികച്ചു കിട്ടുമോന്നറിയില്ല. അല്ലെങ്കില്‍ തന്നെ ആരാണ് ഈ വെള്ളക്കെട്ടില്‍ വന്ന് സ്ഥലം വാങ്ങുന്നത്? മുതലാളിമാര്‍ വാങ്ങിയാല്‍ ആയി. അവരെന്തായാലും നമ്മള് ചോദിക്കണ കാശ് തരില്ല. ഇത് വിറ്റ് കിട്ടണതല്ലാതെ കൊണ്ട് വേറെ നീക്കിയിരുപ്പൊന്നും എനിക്കില്ല. ലോട്ടറി വിറ്റാണ് കുടുംബം പോറ്റുന്നത്. കാലു വയ്യാത്തകൊണ്ട് മറ്റ് പണിക്കൊന്നും പോകാന്‍ കഴിയില്ല. എന്നെപ്പോലെ തന്നെയാണ് ഇവിടുള്ളവരില്‍ അധികവും. അത്താഴ പട്ടിണണിക്കാര്‍. അന്നന്നത്തെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നോര്‍ത്ത് വിഷമിക്കുന്നവര്‍ എങ്ങനെയാണ് അഞ്ചു സെന്റ് സ്ഥലം വാങ്ങിക്കുന്നത്?”

പത്മനാഭന്‍ പറഞ്ഞതാണ് അംബേദ്കര്‍ ഗ്രാമത്തിലെ പൊതുവായ അവസ്ഥയെന്നതുകൊണ്ടാണ് ഇവിടുള്ളവര്‍ പുനരധിവാസം എന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. വെള്ളം കയറാത്തൊരിടത്ത് രണ്ട് സെന്റ് ഭൂമിയെങ്കിലും വച്ച് തന്നു തങ്ങളെ സഹായിക്കണമെന്നാണ് അവര്‍ പറയുന്നത്. കാര്‍ന്നവന്മാരായി പണിയെടുത്ത് ജീവിക്കുന്ന മണ്ണില്‍ നിന്നും പോകുന്നത് ഇഷ്ടമുണ്ടായിട്ടല്ല. പോകാതെ പറ്റാത്തതുകൊണ്ടാണ്. കൃഷി ചെയ്തു ജീവിക്കുന്നവര്‍ ഇവിടം വിട്ടു പോയിട്ട് വേറെന്ത് പണിയെടുത്തു മുന്നോട്ടുപോകുമെന്നതിനെ കുറിച്ചുപോലും ചിന്തിക്കുന്നില്ലെന്നറിയുമ്പോഴാണ് ഈ വെള്ളക്കെട്ടില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി അവര്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ ആഴം മനസിലാകുന്നത്.

“ഒട്ടും പറ്റാത്തകൊണ്ടാണ് ഇവിടെ നിന്നും പോണമെന്നു പറയുന്നത്. കടേപ്പോണോങ്കി കൂടി തുണി വേറെയെടുത്ത് പിടിച്ചു വേണം നീന്തിപ്പോകാന്‍. ഒന്നെങ്കി വീട് വെള്ളം കേറാത്ത വണ്ണമാക്കി തരണം. അല്ലെങ്കില്‍ വേറെയെവിടെയെങ്കിലും രണ്ട് സെന്റ് സ്ഥലം താ… ഞങ്ങള് കരകേറിക്കോളാം. ക്യാമ്പിലേക്ക് പോകണ്ടല്ലാ… പത്തു നാപ്പത് വര്‍ഷായില്ലേ ഇത് സഹിക്കണ്. ഞങ്ങടെ അപ്പൂപ്പന്മാര് തൊട്ട് സഹിക്കണതാണ്. ഞങ്ങളിവിടെ വന്നിട്ട് നാപ്പത് വര്‍ഷത്തിനടുത്തായി. ഇക്കൊലങ്ങളില്‍ ഒന്നില്‍പ്പോലും ക്യാമ്പില്‍ പോകാതിരിക്കാനുള്ള അവസ്ഥയുണ്ടായിട്ടില്ല. പെരേടകത്ത് കേറാന്‍ മേലാ, മിറ്റത്ത് ഇറങ്ങാന്‍ മേല… മൊത്തോം വെള്ളോം ചെളീമാണ്. ഞങ്ങടെ ജീവിതമിങ്ങനെ ചെളീലും വെള്ളത്തിലും കിടന്ന് തീര്‍ന്നു പോയാലും ഞങ്ങടെ മക്കക്കെങ്കിലും നല്ലൊരു ജീവിതം കിട്ടണം. അല്ലെങ്കില്‍ അതുങ്ങള് ഞങ്ങളെ ശപിക്കും. സര്‍ക്കാരും മന്ത്രിമാരും ഇനിയെങ്കിലും ഞങ്ങക്ക് എന്തെങ്കിലും ചെയ്ത് താ… അപേക്ഷയാണ്”; പ്രസന്നയും ലക്ഷ്മിയും മാത്രമല്ല, ഇവിടുത്തെ ഓരോ സ്ത്രീകളുടയും അപേക്ഷയാണ്.

കേരളത്തിലെ ദളിത് വിഭാഗത്തിന്റെ ജീവിതം ഇപ്പോഴും എങ്ങനെയാണ് എന്നുള്ളതിന്റെ കൂടി ഉദാഹരണമാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമം. ഓമനക്കുട്ടന്‍ പണം പിരിച്ചത് ചിത്രീകരിക്കപ്പെടുകയും മുഖ്യധാര മാധ്യമങ്ങള്‍ സിപിഎമ്മിനെ തല്ലാനുള്ള വടിയായി അത് ആഘോഷിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ അംബേദ്കര്‍ ഗ്രാമത്തിലെ ദളിത് ജനത നേരിടുന്ന അവഗണനകളും ദുരിതങ്ങളും വാര്‍ത്തയാകില്ലായിരുന്നു. കേരളത്തിലെ നിരവധി പട്ടികജാതി കോളനികളുടെ ദുരവസ്ഥകള്‍ ഇതുപോലെ മൂടിവയ്ക്കപ്പെടുന്നുണ്ട്. ജീവിക്കാനുള്ള പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ജനതയായവര്‍ തുടരുകയാണ്. ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞ് എല്ലാവരും പിരിഞ്ഞു പോകും. പക്ഷേ, അതേ ഓമനക്കുട്ടന്‍ ഉള്‍പ്പെടെയുള്ള ആ മനുഷ്യരുടെ ജീവിതം മാറുന്നില്ല. അതേക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നില്ല. ദുരിതാശ്വാസ ക്യാമ്പിലല്ല, സ്വന്തം വീട്ടില്‍ ജീവിച്ചു മരിക്കാനാഗ്രഹിക്കുന്നവരാണ് തങ്ങളെന്നാണവര്‍ പറയുന്നത്. അതിനവരെ സഹായിക്കാന്‍ കഴിയാത്തിടത്തോളം ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞിട്ടെന്തുകാര്യം? ഇനിയൊരിക്കല്‍കൂടി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയാന്‍ ഇടവരാത്ത വണ്ണം അംബേദ്കര്‍ ഗ്രാമത്തിലെ മനുഷ്യരെ പറഞ്ഞു വിടാന്‍ സര്‍ക്കാരിന് കഴിയണം. പ്രഥമ പരിഗണന കൊടുത്ത് റോഡ് സൗകര്യം പൂര്‍ത്തിയാക്കണം. അനുവദിക്കപ്പെട്ടിരിക്കുന്ന ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നാശനഷ്ടങ്ങള്‍ പരിഹരിച്ച് വെള്ളം കയറാത്ത വിധം സംരക്ഷണം നല്‍കണം. കരിപ്പയില്‍ചാല്‍ തോടിന് രണ്ടടി ഉയരത്തില്ലെങ്കിലും കരിങ്കല്‍ഭിത്തി പൊക്കി കെട്ടണം. നിലങ്ങളുടെ വശങ്ങളിലും കരിങ്കല്‍ കെട്ട് വേണം. വെള്ളം നിറഞ്ഞാലും കരയിലേക്ക് കയറി വരരുത്. കരിപ്പയില്‍ ചാല് വര്‍ഷാവര്‍ഷം വൃത്തിയാക്കുക. തോട് കൈയേറ്റം അവസാനിപ്പിക്കുക. സാമ്പത്തികമായ സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കി നെല്‍കൃഷിയും പച്ചക്കറി കൃഷിയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുക; ജനങ്ങള്‍ പറയുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയുമെങ്കില്‍ ഇനിയൊരു ദുരിതാശ്വാസ ക്യാമ്പ് ഇവിടെ ആവശ്യം വരില്ല. അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങള്‍ സുരക്ഷിതമായി കഴിയും. ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ ഈ വെള്ളക്കെട്ടില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്നതുപോലെ മറ്റെങ്ങോട്ടെങ്കിലും മാറ്റി പുനരധിവസിപ്പിക്കുക. ഓമനക്കുട്ടന്‍ പറയുന്നതുപോലെ, വര്‍ഷാവര്‍ഷം ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ചെലവാക്കുന്ന തുകയുണ്ടെങ്കില്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ പലതും പരിഹരിക്കാന്‍ കഴിയും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍