UPDATES

ട്രെന്‍ഡിങ്ങ്

രാജ്യത്തെ തങ്ങളുടെ എക ലോക്സഭ എംപിയെ സിപിഐ ഒഴിവാക്കിയതെന്തിന്? മുന്‍മന്ത്രി കെ പി രാജേന്ദ്രന്റെ കുടുംബ ഗ്രൂപ്പില്‍ നിന്നു ഷെയര്‍ ചെയ്യപ്പെട്ട വാട്സപ്പ് സന്ദേശം പുകയുന്നു

തന്നെ ഒഴിവാക്കുമ്പോള്‍ ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങളെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചിക്കേണ്ടതായിരുന്നുവെന്നാണ് ജയദേവന്‍ പറയുന്നത്

തൃശൂര്‍ സീറ്റിന്റെ പേരില്‍ സിപിഐയില്‍ പോര് കനക്കുകയാണ്. പാര്‍ട്ടിക്ക് രാജ്യത്ത് തന്നെ ആകെയുള്ള ലോക്സഭ എംപിയായ സി എന്‍ ജയദേവനെ ഒഴിവാക്കി ജനയുഗം എഡിറ്റര്‍ കൂടിയായ രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയാണ് ഇതിനെക്കുറിച്ചുള്ള വിവാദവും ഉയരുന്നത്. സിപിഐ ഇക്കുറി നാല് സീറ്റുകളിലും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് സി ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പിപി സുനീറും ആണ് മത്സരിക്കുക.

അതേസമയം പാര്‍ട്ടിയുടെ ഏക സിറ്റിംഗ് എംപിയായിട്ടും സിഎന്‍ ജയദേവനെ തഴഞ്ഞതെന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു വാട്‌സ്ആപ്പ് സന്ദേശമാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. വെള്ളപ്പൊക്ക കാലത്ത് എംപിയെ കണ്ടവരുണ്ടോയെന്നായിരുന്നു ഈ സന്ദേശം. അതേസമയം മുന്‍മന്ത്രി കെ പി രാജേന്ദ്രന്റെ കുടുംബ ഗ്രൂപ്പില്‍ നിന്നാണ് ഈ മെസേജ് പുറത്തുവന്നതെന്ന് വ്യക്തമായതോടെ ജയദേവന്‍ മാത്രമല്ല രാജേന്ദ്രനും സ്ഥാനാര്‍ത്ഥിത്വ സാധ്യതയില്‍ നിന്നും പുറത്തായി. പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ നടക്കുന്ന ചക്കളത്തിപ്പോരിന്റെ ഭാഗമായിരുന്നു ഇത്. ജയദേവന്‍ ഈ സന്ദേശത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളോട് പരാതിപ്പെടുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിനകം തന്നെ സന്ദേശം പ്രചരിപ്പിച്ച രാജേന്ദ്രന്റെ ബന്ധു മാപ്പ് പറയുകയും ചെയ്‌തെന്നും അതിനാല്‍ ഇപ്പോള്‍ പരസ്പരം യാതൊരു പരാതിയുമില്ലെന്നുമാണ് രാജേന്ദ്രനും ജയദേവനും പറയുന്നത്. എന്തായാലും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് സമര്‍പ്പിച്ച പട്ടികയില്‍ ഒന്നാം പേര് ജയദേവന്റെയും രണ്ടാം പേര് രാജേന്ദ്രന്റെയും ആയിരുന്നു. മണ്ഡലത്തില്‍ കാണാത്ത എംപിയെന്ന ചീത്തപ്പേരുള്ള ജയദേവന്‍ മത്സരിക്കുന്നതിനോട് സിപിഎമ്മിനും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിരുന്ന ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പട്ടികയിലെ മൂന്നാമത്തെ പേരുകാരനായിരുന്ന രാജാജി സ്ഥാനാര്‍ത്ഥിയാകുന്നത്.

ജയദേവന്‍ തന്നെയാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രാജാജിയുടെ പേര് നിര്‍ദ്ദേശിക്കുന്നത്. തൃശൂരില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് രാജാജിയെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ രാജാജിയെ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും ഡല്‍ഹിയിലെത്തി എംപിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നുമാണ് ജയദേവന്‍ പറയുന്നത്. അതേസമയം തന്നെ ഒഴിവാക്കുമ്പോള്‍ ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങളെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചിക്കേണ്ടതായിരുന്നുവെന്നാണ് ജയദേവന്‍ പറയുന്നത്. എന്നാല്‍ രാജേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരുഘട്ടത്തിലും താന്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ജയദേവന്‍ പറയുന്നു. രാജേന്ദ്രന്റെ ഭാര്യയുടെ ബന്ധുവാണ് ജയദേവനെതിരായ വാട്‌സ്ആപ്പ് സന്ദേശം ഷെയര്‍ ചെയ്തത്. തൃശൂര്‍ കോര്‍പ്പറേഷനിലെയും ഗുരുവായൂര്‍ നഗരസഭയിലെയും ചില വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും ജയദേവന്‍ ആരോപിക്കുന്നു. അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകാന്‍ കാരണം സിപിഎം ആണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ജയദേവന്‍ പറയുന്നത്.

വാട്‌സ്ആപ്പ് വിവാദം തൃശൂരില്‍ ഒരു വിഷയമല്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. ഈ പ്രശ്‌നം പരിഹരിച്ചതാണെന്നും പാര്‍ട്ടി ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും അദ്ദേഹം പറയുന്നു. രാജാജിയെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്കുള്ളിലെ തമ്മിലടി കാരണമാണെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍