UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ ‘തട്ടമിട്ട സഖാവ്’ അല്ല, ‘സഖാവ്’ ആണ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ സംസാരിക്കുന്നു

മുണ്ടുടുത്ത സഖാവെന്ന് ആരെയും വിളിക്കാറില്ലല്ലോ പിന്നെന്തിനാണ് തട്ടമിട്ട സഖാവെന്ന് വിളിക്കുന്നത്?

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കാനിരിക്കുന്ന ക്യാംപസ് തെരഞ്ഞെടുപ്പ് വഴിവെച്ചിരിക്കുന്നത് വളരെ പ്രസക്തവും എന്നാല്‍ അത്രമേല്‍ അനായാസവുമല്ലാത്ത ഒരു രാഷ്ട്രീയ വ്യവഹാരത്തിനാണ്. മതവിശ്വാസിയായ, പ്രകടമായ മതചിഹ്നങ്ങളുടെ ഉപയോഗം തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി കരുതുന്ന ലദീദ റയ്യ എന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ് എസ്.എഫ്.ഐയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി. സ്വത്വ രാഷ്ട്രീയത്തേയും, ക്യാംപസ് രാഷ്ട്രീയിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുമുള്ള സംവാദങ്ങള്‍ക്കിടെ ലദീദയുടെ സ്ഥാനാര്‍ത്ഥിത്വം സമൂഹ മാധ്യമങ്ങളില്‍ കാര്യമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലദീദ റയ്യ സംസാരിക്കുന്നു:

എന്തിനാണ് എന്നെ ‘മുസ്ലിം സഖാവ്’ എന്ന് വിളിക്കുന്നത്?

മലപ്പുറത്ത് വേങ്ങരയാണ് എന്റെ നാട്. കുഞ്ഞാലിക്കുട്ടിയുടെ നാടാണ്. ആകെയൊരു പച്ചക്കോട്ട എന്നു വേണമെങ്കിലും പറയാം. എ.പി സുന്നി വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ഇടതുപക്ഷ ചായ്വുള്ളവരാണ് വീട്ടുകാരെങ്കിലും, രാഷ്ട്രീയത്തിലിറങ്ങുന്നതിനോടോ പ്രവര്‍ത്തിക്കുന്നതിനോടോ വലിയ താല്‍പര്യം അവര്‍ക്കുമില്ല. പഠനത്തിന്റെ ഭാഗമായി ഇവിടെയെത്തി കൂടുതല്‍ ആളുകളോട് ഇടപഴകുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍ തിരിച്ചറിഞ്ഞ ഒരു കാര്യം, ഇടതുപക്ഷ രാഷ്ട്രീയം ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. അതിന്റെ ഭാഗമായിത്തന്നെ, മറ്റെല്ലാ കോളേജുകളെയും പോലെ മെഡിക്കല്‍ കോളജും കൃത്യമായ രാഷ്ട്രീയം സംസാരിക്കേണ്ടതുമുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയം രാജ്യത്തിന്റെ പൊതുവായ പ്രശ്നമായി മാറിയ ഘട്ടത്തില്‍, അതിനെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും മെഡിക്കല്‍ സമൂഹം വിട്ടു നില്‍ക്കേണ്ട കാര്യമൊന്നുമില്ല, അത് ഏതു മതത്തില്‍പ്പെട്ടിട്ടുള്ളവരായാലും.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം എല്ലാ കാലത്തും നിന്നിട്ടുള്ളത് ഇടതുപക്ഷം തന്നെയാണെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, ‘മുസ്ലിം സഖാവ്’ എന്നറിയപ്പെടാനല്ല, മറിച്ച് ‘സഖാവ്’ എന്നു മാത്രം വിളിക്കപ്പെടാനാണ് ആഗ്രഹം. തട്ടമിട്ട സഖാവ് എന്നതായിരിക്കരുത് എന്റെ ഐഡന്റിറ്റി. എസ്.എഫ്.ഐയില്‍ പൊതുവെ ഉണ്ടെന്ന് പറയപ്പെടുന്ന ആന്റി-ഇസ്ലാമിക് വികാരം ഒരിക്കലും യാഥാര്‍ത്ഥ്യമല്ലെന്നു തന്നെയാണ് എന്റെ അനുഭവം. എനിക്ക് പ്രധാനമെന്ന് തോന്നുന്ന മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ സംഘടനയ്ക്കകത്ത് എനിക്ക് സ്വാതന്ത്ര്യമുണ്ടാകുക എന്നതാണ് പ്രധാനം. അതെനിക്കുണ്ടു താനും. എന്റെ രാഷ്ട്രീയം എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതുപോലെത്തന്നെയാണ് ഞാന്‍ പിന്തുടരുന്ന മതചിഹ്നങ്ങളും. അതൊരു അജണ്ട തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തട്ടമിട്ട് ഫ്ളാഷ്മോബ് കളിക്കുന്നതു പോലും രാഷ്ട്രീയപ്രഖ്യാപനമല്ലേ.

പക്ഷേ, അതങ്ങിനെയല്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. എന്നെ എന്തുകൊണ്ടാണ് തട്ടമിട്ട സഖാവെന്ന് ലേബല്‍ ചെയ്യുന്നത്? മുണ്ടുടുത്ത സഖാവ് എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ടോ? തീവ്രവിശ്വാസിയല്ലെങ്കിലും, ഞാനൊരു മതവിശ്വാസി തന്നെയാണ്. പക്ഷേ ഇത്തരത്തിലൊരു ലേബലിംഗ് ഞാനാഗ്രഹിക്കുന്നില്ല. പഠിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും രൂപപ്പെട്ടുവന്ന പല ചിന്തകളും ആശയങ്ങളും വിശാലരൂപത്തിലെത്തിയത് ഇവിടത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ആചാരത്തിന്റെ പേരിൽ കേരളം രണ്ടു തട്ടിൽ നിൽക്കുമ്പോൾ ടിഎം കൃഷ്ണയുടെയും പ്രകാശ് രാജിന്റെയും ഈ വാക്കുകൾ വളരെ പ്രസക്തമാണ്

ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞാല്‍ വിശ്വാസിയല്ലാതാവില്ല

‘ഒരു മുസ്ലിമായിക്കൊണ്ട് നിനക്കെങ്ങനെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു’ എന്ന ചോദ്യം പല തവണ കേട്ടിട്ടുണ്ട്. എന്റെ മതപരമായ ഐഡന്റിറ്റി ഒരിക്കലും എന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നു പോകില്ല എന്ന ചിന്ത കൊണ്ടാണത്. ‘നോക്കൂ, ഞങ്ങളിതാ തട്ടമിട്ട ഒരു പെണ്‍കുട്ടിയെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നു’ എന്ന തരത്തിലുള്ള സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ തന്നെ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങിനെ എടുത്തു പറയേണ്ടി വരുന്നതെന്ന് ഞാന്‍ കുറേ ആലോചിച്ചിരുന്നു. പുറത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള വലിയൊരു ഇസ്ലാമോഫോബിക് ഇമേജ് കാരണമാണ് അത് എടുത്തു പറയേണ്ടി വരുന്നത്.

ഇവിടെ മാത്രമല്ല, പല കോളജുകളിലും ഇടതുപക്ഷ രാഷ്ട്രീയമുള്ള പല മുസ്ലിം പെണ്‍കുട്ടികള്‍ക്കും അതു തുറന്നു സമ്മതിക്കാന്‍ ഭയവുമുണ്ട്. അവരെ അതു തിരിച്ചറിയാന്‍ അനുവദിക്കാത്ത തരത്തില്‍ എസ്.എഫ്.ഐയെ ഇസ്ലാമോഫോബിക്കായി സ്റ്റീരിയോടൈപ്പ് ചെയ്തു വച്ചിട്ടുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ കൃത്യമായ പ്രതിരോധം ഉയര്‍ത്താന്‍ ഈ ചിന്ത ആദ്യം മാറേണ്ടതുണ്ടെന്ന് തോന്നുന്നു. ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞാല്‍ ഉടനെ ഞാന്‍ വിശ്വാസിയല്ലാതാകുന്നില്ലല്ലോ. മതവിശ്വാസിക്കു പറ്റിയ ഇടമല്ല ഈ രാഷ്ട്രീയം എന്ന വലിയൊരു വാദം അപ്പുറത്തുള്ളപ്പോള്‍, അതങ്ങനെയല്ല എന്നു തെളിയിക്കാന്‍ മുസ്ലിം സ്വത്വമുള്ള പെണ്‍കുട്ടിയെ ചെയര്‍പേഴ്സണായി മത്സരിപ്പിക്കുന്നു എന്നു വിളിച്ചുപറയാന്‍ സഖാക്കള്‍ നിര്‍ബന്ധിതരാകുകയാണ്. അത് നല്ല ഉദ്ദേശത്തോടെയുള്ള നീക്കമാണ്.

സംഘപരിവാര്‍ അതിക്രമങ്ങളുടെ കാലത്ത് സ്വന്തം നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങള്‍ പോലും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ജനത, സംഘപരിവാറിനെതിരെ വയ്ക്കാവുന്ന ഏറ്റവും നല്ല ബദലായ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാനാവാതെയും, ചിന്തിച്ചിട്ടും അവിടെ എത്തിപ്പെടാനാവാതെയും നമുക്കു ചുറ്റും എല്ലായിടത്തുമുണ്ട്. അവര്‍ പുറത്തേക്കുവരട്ടെ.

വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഒരുപോലെയുള്ള സ്വാതന്ത്ര്യമാണ് എല്ലായിടത്തും വേണ്ടത്. ഞാന്‍ തട്ടമിടുന്നു എന്നുള്ളതു കൊണ്ട്, നാളെ എന്റെ കൂടെയുള്ള ഒരു മുസ്ലിം പെണ്‍കുട്ടി തട്ടമിടുന്ന ശീലമുപേക്ഷിച്ചാല്‍ അവളെ വിലക്കാനുള്ള അധികാരം എനിക്കില്ല. അങ്ങിനെ ചെയ്താല്‍ അന്നു തൊട്ട് ഞാന്‍ സംഘടനയില്‍ നിന്നും പുറത്താകണം. അവരവരുടെ സ്വത്വ ചിന്തയെയും രാഷ്ട്രീയബോധത്തെയും ഉയര്‍ത്തിപ്പിടിക്കാനുള്ള സ്വാതന്ത്ര്യമാണല്ലോ നമുക്കു പ്രധാനം.

“നീയൊക്കെ ആര്‍ത്തവരക്തത്തിന്റെ കാര്യം നോക്കിയാല്‍ മതി”; കാലടി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരേ എസ്എഫ്‌ഐ

മെഡിക്കല്‍ കോളജുകളും രാഷ്ട്രീയം പറയട്ടെ

പതിനഞ്ചു വര്‍ഷമായി ഇന്‍ഡിപെന്‍ഡന്‍സ് ഭരിക്കുന്നയിടമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രതിപക്ഷമായിരുന്നിട്ടും സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നതില്‍ നിന്നും എസ്.എഫ്.ഐ ഒരിക്കലും പുറകോട്ടു പോയിട്ടില്ലെന്ന് എനിക്ക് പറയാന്‍ കഴിയും. ഇത്തവണ തെരഞ്ഞെടുപ്പില്‍ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് അയന എന്ന പെണ്‍കുട്ടിയാണ്. കായികയിനങ്ങള്‍ ആണ്‍കുട്ടിക്ക് മാത്രം വഴങ്ങുന്നതാണെന്ന ചിന്തകള്‍ക്കും, ഒരു പുരുഷന്‍ മുന്നില്‍ നിന്നും നയിക്കുന്ന നമ്മുടെയൊക്കെ മനസ്സിലെ ചിത്രത്തിനും വലിയൊരു മാറ്റം കൊണ്ടുവരാന്‍ ചിലപ്പോള്‍ ഈയൊരു സ്ഥാനാര്‍ത്ഥിത്വത്തിനു മാത്രം കഴിഞ്ഞേക്കും.

കോഴിക്കോട് മെഡിക്കല്‍ കോളജ് എല്ലാം തികഞ്ഞ കോളേജ് അല്ലല്ലോ. പുരുഷമേധാവിത്വ ചിന്തകളുള്ളവരും മതമൗലികവാദികളും എല്ലാം ഇവിടെയുണ്ട്. ഒരു സ്ത്രീ നയിക്കുന്നതിനെ ഇവര്‍ അസഹിഷ്ണുതയോടെ കണ്ടാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. പക്ഷേ, കൃത്യമായ രാഷ്ട്രീയചിന്തകള്‍ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുക എന്നതു തന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യം. മെഡിക്കല്‍ കോളജുകള്‍ രാഷ്ട്രീയം പറയുന്നില്ല എന്ന അപവാദവും മാറട്ടെ. പഠിച്ചിറങ്ങുമ്പോള്‍ സമൂഹം നേരിടുന്ന അതേ പ്രശ്നങ്ങള്‍ തന്നെയാണല്ലോ ഡോക്ടര്‍മാരും നേരിടേണ്ടിവരിക.

സംവരണ വിരുദ്ധ പോസ്റ്റ്: വിശദീകരണവുമായി കാലടി സര്‍വകലാശാല എസ്എഫ്‌ഐ ചെയര്‍പേഴ്‌സണ്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍