UPDATES

മുഖ്യമന്ത്രിക്ക് ഇനിയും ഉപദേശകരാകാം, പറഞ്ഞതു കാരാട്ടിനുള്ള മറുപടി; മനസ് തുറന്ന് കാനം/അഭിമുഖം

മുന്നണി ഉണ്ടായിപ്പോയി എന്നത് കൊണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും സഹിച്ചുകൊള്ളണം എന്ന നിലപാട് ഒരു പാര്‍ട്ടിയും സ്വീകരിക്കാന്‍ പാടില്ല

സര്‍ക്കാര്‍ നിലപാടുകളില്‍ തട്ടി ഉയര്‍ന്ന സിപിഎം-സിപിഐ വാദപ്രതിവാദങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാനം രാജേന്ദ്രനുമായി പ്രമീള ഗോവിന്ദ് നടത്തിയ സംഭാഷണം.

പ്രമീള: ഭരണമുന്നണിക്കുള്ളിലെ രണ്ടാം കകക്ഷിയെന്ന നിലയ്ക്ക് നിലവിലെ ഭരണത്തില്‍ വന്നിട്ടുള്ള വീഴ്ചകളെ കുറിച്ച് സിപിഐ നടത്തിയ വിമര്‍ശനങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴി വെച്ചിരിക്കുകയാണ്. അതേസമയം സാധാരണഗതിയില്‍ ഭരണത്തിന്റെ തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കേണ്ടുന്ന പ്രതിപക്ഷത്തിന്റെ ശബ്ദം ദുര്‍ബലമാണ് താനും. രണ്ട് സാധ്യതകളാണ് ഇവിടെ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലക്ക് തോന്നിയിട്ടുള്ളത്. ഒന്നുകില്‍ പിണറായി സര്‍ക്കാറിന്റെ നയങ്ങള്‍ പ്രതിപക്ഷത്തിനും യോജിക്കാനാവുന്നതായിരിക്കണം അല്ലെങ്കില്‍ ശക്തിയില്ലാത്ത പ്രതിപക്ഷമാകണം. ഈ രണ്ട് ഘടകങ്ങളില്‍ ഏതാണ് താങ്കളെ ഏറ്റവും അധികം അലോസരപ്പെടുത്തിയത്?

കാനം: വിവാദങ്ങളുടെ പ്രശ്‌നമൊന്നുമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല സിപിഐ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത്. മുന്നണിയെ ശക്തിപ്പെടുത്താനും മുന്നണിക്ക് ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടിയുമാണ്. കൂട്ടായ ചര്‍ച്ചകളും അതിന്റെ അടിസ്ഥാനത്തിനുള്ള തീരുമാനങ്ങളും ഇക്കാര്യത്തില്‍ വല്യ പങ്ക് വഹിക്കും. അത്തരത്തിലുള്ള ആശയവിനിമയം ഉണ്ടാകണം. അക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങളെ സിപിഐ സ്വാഗതം ചെയ്യുന്നു. അദ്ദേഹം പറഞ്ഞ നിലപാടുകളില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലുടെ പരസ്പരം ബോധ്യപ്പെടുക എന്നുള്ളതാണ് ആരോഗ്യകരമായ മുന്നണിപ്രവര്‍ത്തനത്തിന്റെ മാതൃക. ഭാവിയില്‍ അത് ഉണ്ടാകുമെന്നും കൂടുതല്‍ ഐക്യത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകുമെന്നും പ്രത്യാശിക്കാം.

സിപിഎമ്മും സിപിഐയും ചില വിഷയങ്ങളില്‍ വ്യത്യസ്തങ്ങളായ നിലപാടുകള്‍ എടുക്കാറുണ്ട്. ആ നിലപാടുകള്‍ സംബന്ധിച്ച് ഞങ്ങള്‍ പരസ്പരം പറയാറുമുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും പറയാനിടയായ സാഹചര്യം മലപ്പുറം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ മാസം എട്ടാം തീയതി കോഴിക്കോടെത്തിയ സിപിഎമ്മിന്റെ പോളിറ്റ്ബ്യുറോ മെമ്പര്‍ സഖാവ് പ്രകാശ് കാരാട്ട് കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ചില പരാമര്‍ശങ്ങള്‍ നടത്തി. അതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പായത് കൊണ്ട് 12-ആം തീയതിക്ക് മുന്‍പ് ഒന്നും പറയണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. 13-ആം തീയതി ഞങ്ങളുടെ പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന്, കാരാട്ട് പറഞ്ഞ കാര്യം സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യണം എന്ന് തീരുമാനിച്ചു. ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ തയ്യാറാണ് എന്ന് അറിയിക്കാന്‍ എക്സിക്യുട്ടീവ് തീരുമാനിച്ചു. അദ്ദേഹം പരസ്യമായി ആണ് ആ പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിനാല്‍ പരസ്യമായി തന്നെ ചില കാര്യങ്ങള്‍ പറയാനും തീരുമാനിച്ചു. ചില ഘടകക്ഷികളുടെ നേതാക്കള്‍ പ്രതിപക്ഷത്ത് അല്ല എന്ന് ധരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ അതിന്റെ അര്‍ത്ഥം ചില ഘടകകക്ഷി നേതാക്കള്‍ പറയുന്നത് പ്രതിപക്ഷ നിലപാടുകള്‍ ആണ് എന്നാണ്. ആ സ്‌റ്റേറ്റ്‌മെന്റിന് ഒരു ക്ലാരിഫിക്കേഷന്‍ ആണ് ഞാന്‍ നല്‍കിയത്. ഞങ്ങള്‍ ഇടതുപക്ഷ നിലപാടാണ് ഉയര്‍ത്തിയത്. ഞങ്ങള്‍ ഇടതുപക്ഷ നിലപാട് ഉയര്‍ത്തി പിടിക്കുന്നതിനെ കുറിച്ച് പ്രകാശ് കാരാട്ടിന് എന്ത് പറയാനുണ്ട്.

മാവോയിസ്റ്റ് വ്യജ ഏറ്റുമുട്ടല്‍ കേസിനെ കുറിച്ചു പറയുമ്പോള്‍ ഇന്ത്യയില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന ഒരു നിലപാടുണ്ട് അത് സംബന്ധിച്ച്. ആ നിലപാടില്‍ നിന്നു വ്യത്യസ്തമായ ഒരു നിലപാട് ഞങ്ങള്‍ ഇവിടെ സ്വീകരിച്ചില്ല. അങ്ങനെ ഒരു എന്‍കൗണ്ടറിലുടെ പോലീസിന് ഒരാളെ വെറുതേ വെടിവെച്ച് കൊല്ലാനുള്ള ഒരു അധികാരവും ഇല്ല. അത് ഭയങ്കരമായ മനുഷ്യാവകാശ ലംഘനമാണ്. ആ കാര്യം ഇവിടെ പറഞ്ഞു. അതിനോട് താങ്കള്‍ക്ക് യോജിക്കാന്‍ സാധിക്കുമോ. ഇവിടുത്തെ പ്രതിപക്ഷം ആ സംഭവം ഉണ്ടായപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. അപ്പോള്‍ ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണ് ഈ സംഭവങ്ങളിലൊക്കെ ഉയര്‍ത്തിപിടിച്ചിട്ടുള്ളത് എന്ന് അദ്ദേഹത്തിനോട് പരസ്യമായി പറഞ്ഞുവെന്നേയുള്ളു. അല്ലാതെ വിവാദമൊന്നുമില്ല.

പ്ര: വലതുപക്ഷത്തിന് യോജിക്കാന്‍ സാധിക്കുന്ന നിലപാടുകളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണോ?

കാ: അങ്ങനെയല്ല. കോണ്‍ഗ്രസ് സര്‍ക്കാരാണ് മാവോയിസ്റ്റുകളെ വേട്ടയാടാന്‍ തണ്ടര്‍ബോള്‍ട്ടും അങ്ങിനെയുള്ള സംവിധാനങ്ങളും ഒക്കെ ഉണ്ടാക്കിയത്. അതിനെ ഇടതുപക്ഷം അങ്ങനെ അനുകൂലിക്കേണ്ട കാര്യമില്ല. അതിനെ അനുകൂലിച്ചു എന്നുള്ളത് കൊണ്ടാണ് ഞങ്ങള്‍ യഥാര്‍ത്ഥ ഇടതുപക്ഷ നിലപാട് പറഞ്ഞ് രംഗത്ത് വരേണ്ടി വന്നത്.

പ്ര: ഇതിന് മുന്‍പ് വിഎസിന്റേത് പ്രതിപക്ഷ സ്വരമാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും വിഎസിന്റേതും സിപിഐയുടേയും അഭിപ്രായങ്ങള്‍ ഏതാണ്ട് ഒരേ രേഖയില്‍ സഞ്ചരിക്കുന്നതായി കാണാറുണ്ട്?

കാ: ചില കാര്യങ്ങളില്‍ അങ്ങനെ ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് വിഎസിന്റെ നിലപാടാണ് സിപിഐയുടേത് എന്ന് പറയാനാവില്ല. ഞങ്ങള്‍ 68 മുതല്‍ ഈ നിലപാടുകാരാണ്. ഇഎംഎസിന്റെ നേതൃത്യത്തില്‍ ഞങ്ങള്‍ ഉള്‍പ്പടെയുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ ഇരിക്കുന്ന സന്ദര്‍ഭത്തിലാണ് തലശ്ശേരി – പുല്‍പ്പള്ളി കേസുണ്ടായത്. അത് നക്‌സല്‍ വിഷയത്തില്‍ ആദ്യത്തെ കലാപമാണ്. ആ കലാപത്തിന്റെ കാര്യത്തിലും സിപിഐ ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അന്നു സിപിഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് കാന്തള്ളൂര്‍ കുഞ്ഞമ്പു ആണ് അതിന് ഡിഫന്‍സ് കമ്മിറ്റിയുണ്ടാക്കി സഹായിക്കാന്‍ ശ്രമിച്ചത്. 68ല്‍ ഞങ്ങള്‍ സ്വീകരിച്ച നിലപാട് 2017-ലും ഞങ്ങള്‍ തുടരുന്നു എന്നേയുള്ളു. അല്ലതെ അത് വിഎസിന്റെ നിലപാടല്ല.

പ്ര: ഞാന്‍ ചോദിച്ചു വന്നത് വിഎസാണ് പലപ്പോഴും പ്രതിപക്ഷ സ്വരത്തില്‍ സംസാരിക്കുന്നു എന്ന ആരോപണം നിരന്തരം പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത്. മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വണ്ടും സജീവമാകുമ്പോള്‍ മുന്‍കൂറായി വിഎസിനുള്ള താക്കിതായിരുന്നോ കാരാട്ടിന്റെ പ്രസ്താവന. സിപിഐ അതിലേക്ക് വലിച്ചിഴക്കപ്പെട്ടതായിരുന്നോ?

കാ: അല്ല. ഞങ്ങള്‍ അങ്ങനെ വലിച്ചിഴച്ചാലൊന്നും മറുപടി പറയാറില്ല. ഞങ്ങള്‍ക്ക് മറുപടി പറയണം എന്ന് പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ച കാര്യത്തില്‍ മറുപടി പറഞ്ഞു.

പ്ര: മറ്റൊന്ന് പ്രതിപക്ഷത്തിനും സര്‍ക്കാരിനും യോജിക്കാനാവുന്ന പല നിലപാടുകളും ഉണ്ട് എന്ന് പറയുമ്പോള്‍ ഭാവിയില്‍ പ്രതിപക്ഷത്തിലെ ഏതെങ്കിലും പാര്‍ട്ടികളും സിപിഎമ്മും തമ്മില്‍ യോജിക്കുന്ന ഒരു മുന്നണി സംവിധാനവും വന്നു കൂടായ്കയില്ല എന്ന് തന്നെയല്ലേ?

കാ: ഞാന്‍ അങ്ങനെയൊന്നും മുന്‍കൂട്ടി കാണുന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം അതിന് അനുകൂലമല്ല. നാളെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ചു നമുക്ക് പറയാനാവില്ല. പക്ഷെ എല്‍ഡിഎഫ് മുന്നണിയുടേതായ നയപരിപാടികള്‍ നടപ്പിലാക്കി മുന്നോട്ട് പോയാല്‍ സ്വാഭാവികമായിട്ടും അതിന് വമ്പിച്ച ജനപിന്തുണ തന്നെ ഉണ്ടാകും യാതൊരു സംശയവുമില്ല.

പ്ര: യഥാര്‍ത്ഥ ഇടതുപക്ഷം എന്താണ് എന്നു താങ്കള്‍ കാരാട്ടിനെ തിരുത്തുകയുണ്ടായി?

കാ: ഞാന്‍ കാരാട്ടിനെ തിരുത്താന്‍ പറ്റിയ ആളല്ല. കാരാട്ടും ബര്‍ദാനുമെല്ലാം ഉള്‍പ്പെടെ സിപിഎമ്മിന്റെയും സിപിഐയുടേയും നേതാക്കള്‍ സ്വീകരിച്ചിട്ടുള്ള ചില നിലപാടുകള്‍ ചുണ്ടിക്കാട്ടി എന്നു മാത്രം. അല്ലാതെ ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രകാശ് കാരാട്ടിനെ പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ തന്നെ ചില സ്‌റ്റേറ്റ്‌മെന്റുകള്‍, ചില നിലപാടുകള്‍… റൈറ്റ് ടു ഇന്‍ഫോര്‍മേഷനെ സംബന്ധിച്ച്, മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാര്‍ ആ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം നടക്കുമ്പോള്‍, അതിനെതിരെ ജന്തര്‍മന്ദറിലേക്ക് റാലി നടത്തുമ്പോള്‍ സിപിഐയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന എ ബി ബര്‍ദാനും സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടുമായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. ആ നിയമത്തിന്റെ ചിറകല്ല, കഴുത്തരിയാനുള്ള ശ്രമമാണ് ഇപ്പോള്‍ നരേന്ദ്ര മോദി നടത്തി കൊണ്ടിരിക്കുന്നത്. ആ നിയമത്തില്‍ കാബിനറ്റ് രേഖകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് പ്രഖ്യാപിക്കണം എന്നാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് വേണ്ടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിട്ട് പെറ്റീഷനില്‍ പറഞ്ഞിട്ടുള്ളത്. അത് നിങ്ങള്‍ക്ക് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. അതിന് താങ്കള്‍ മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞ ഒറ്റ കാര്യമേയുള്ളു. ഞങ്ങള്‍ എടുത്ത നിലപാടുകളില്‍ തെറ്റ് ഞങ്ങളുടെ ഭാഗത്താണെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷെ നിങ്ങളുടെ ഭാഗത്താണെങ്കില്‍ നിങ്ങള്‍ തിരുത്തണം. അതിന് വേണ്ടി ഇത്തരമൊരു ചര്‍ച്ചയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുളളു.

പ്ര: പ്രകാശ് കാരാട്ട് കേരളത്തില്‍ വെച്ചാണ് ഇത്തരമൊരു വിമര്‍ശനം നടത്തിയത്…

കാ: സിപിഎമ്മിനെയും സിപിഐയേയും സംബന്ധിച്ചിടത്തോളം ആശയവിനിമയം പതിവാണ്. എല്ലാ മാസങ്ങളിലും നടത്താറുണ്ട്. അവര്‍ ചില നിലപാടുകളെടുത്താല്‍ അത് ഞങ്ങള്‍ ഇങ്ങനെയാണ് ചിന്തിക്കുന്നത് എന്നു പറയും. ഞങ്ങള്‍ ചില നിലപാടുകള്‍ സ്വീകരിച്ചാല്‍ ഇങ്ങനെയാണ് ഞങ്ങള്‍ ആലോചിക്കുന്നത് എന്ന് അവരോടും പറയും. അങ്ങനെ കഴിഞ്ഞ ഏപ്രില്‍ മാസം ആറാം തീയതി ഡല്‍ഹിയില്‍ ഒരു യോഗം അത്തരത്തില്‍ നടന്നു. ആറ് പോളിറ്റ് ബ്യുറോ മെംബര്‍മാര്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും നാല് നാഷണല്‍ സെക്രട്ടേറിയറ്റ് മെംബര്‍മാര്‍ സിപിഐയുടെ ഭാഗത്ത് നിന്ന് പങ്കെടുത്തു. അവിടെ ഈ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു. കേരളത്തിലെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനവും ഇവിടെ ബിജെപി വരുന്ന കാര്യവും ഒക്കെ അവിടെ ചര്‍ച്ച ചെയ്തു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കേരളത്തിന്റെ ഇഷ്യുസ് ഒന്ന് കൂടി ചര്‍ച്ച ചെയ്യണം എന്നും അവിടെ തീരുമാനിച്ചു. ആറാം തീയതി യോഗം കഴിഞ്ഞ ഉടന്‍ ഞങ്ങളുടെ ദേശീയ നേതൃത്വം ഈ വിവരം ഞങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇവിടെ എട്ടാം തീയതി നടന്ന മുഖാമുഖം പരിപാടിയില്‍ ഒരു പുതിയ കാര്യമായിട്ട്, അത് ഇവിടെ ചര്‍ച്ച ചെയ്യണം എന്ന് സഖാവ് പ്രകാശ് കാരാട്ട് പറയേണ്ടുന്ന ഒരു കാര്യവുമില്ല. ഞങ്ങള്‍ക്കും ഏഴാം തീയതി വേണമെങ്കില്‍ അത് പരസ്യപ്പെടുത്താമായിരുന്നു. അതൊരു വല്യ കാര്യമായി അദ്ദേഹം ഇവിടെ കോഴിക്കോട് വന്ന് പറഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പ് ആയത് കൊണ്ട് ഉടനെ സിപിഐ അതിനെ എതിര്‍ക്കുന്നു, ഇത് നേരത്തെയുള്ള കാര്യമാണ് എന്നൊക്കെ പറഞ്ഞ് സിപിഎം – സിപിഐ തര്‍ക്കമാക്കി അത് ഡെവലപ് ചെയ്യരുത് എന്നുള്ള ഉയര്‍ന്ന രാഷ്ട്രീയ ബോധം ഞങ്ങള്‍ കാണിച്ചത് കൊണ്ടാണ് ആ വിഷയത്തോട് ഞങ്ങള്‍ അന്ന് പ്രതികരിക്കാതിരുന്നത്. 12-ആം തീയതി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം 13 – ആം തീയതി കൂടിയ എക്‌സിക്യുട്ടീവില്‍, അദ്ദേഹം പരസ്യമായി ഇക്കാര്യം പറഞ്ഞത് കൊണ്ട് അതിനെ കുറിച്ച് പരസ്യമായി തന്നെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. അത് ഞങ്ങളുടെ അവകാശമാണ്.

പ്ര: ഈ വിഷയം കാരാട്ടിന് സിപിഐയുടെ ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താവുന്നതായിരുന്നു. നേരിട്ട് ഇവിടെ വന്ന് ഇങ്ങനെ പറയേണ്ടിയിരുന്നില്ലല്ലോ..?

കാ: അങ്ങനെയാണ് അത് നടക്കുന്നത്. പക്ഷെ അതിനിടയ്ക്ക് ഈ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇവിടെ വന്ന് ഇങ്ങനെ പറയേണ്ടിയിരുന്ന ഒരു കാര്യവുമില്ല. അത് അദ്ദേഹം കാണിച്ചത് ശരിയാണോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെ.

പ്ര: സിപിഐയെ സംബന്ധിച്ചിടത്തോളം അന്തരിച്ച നേതാവ് വെളിയം ഭാര്‍ഗ്ഗവന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ 64-ലെ സാഹചര്യമാണ് ഉണ്ടാകുന്നത് എന്ന് തുറന്ന് സമ്മതിച്ച സാഹചര്യമുണ്ടായിട്ടുണ്ട്. സി കെ ചന്ദ്രപ്പന്‍ നയിച്ചപ്പോഴും അഭിപ്രായ വ്യത്യാസം പലപ്പോഴും രൂക്ഷമായി. സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ നേതൃത്വത്തിലേക്ക് എത്തിയ കാലത്ത് മാത്രമാണ് അല്പം മയപ്പെട്ടത്, പിന്നീട് ഇപ്പോള്‍ താങ്കളുടെ കാലത്തും അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. ഇന്ന് 64-ലേതിന് സമാനമായി ഒരു വേര്‍പിരിയല്‍ അനിവാര്യമായാല്‍ ആര്‍ക്കായിരിക്കും ഗുണമുണ്ടാകുക. പ്രത്യേകിച്ച് എണ്ണത്തില്‍ വളരെ പിറകോട്ടാണ് സിപിഐയുടെ അംഗബലം എന്ന ആക്ഷേപം ഉയരുമ്പോള്‍?

കാ: രാഷ്ട്രീയത്തെ ഒരു വാണിജ്യമായി ഞങ്ങളൊരിക്കലും കണ്ടിട്ടില്ല. ലാഭ, നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല സിപിഐ അതിന്റെ നിലപാടുകള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായും രാഷ്ട്രീയത്തില്‍ എടുക്കുന്ന നിലപാടുകള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാണോ എന്നാണ് നോക്കാറ്. അതിന്റെ അടിസ്ഥാനത്തില്‍ സിപിഐ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകും. ഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പിളര്‍പ്പേ ഉണ്ടായിട്ടുള്ളു. ആ പിളര്‍പ്പിന്റെ വാര്‍ഷികം ഞങ്ങള്‍ ആഘോഷിക്കാറില്ല. കാരണം അതൊരു ദുരന്തമായിരുന്നു. നമ്മുടെ വീട്ടില്‍ അത്തരമൊരു ദുരന്തമുണ്ടായാല്‍ നമ്മള്‍ ആഘോഷിക്കുകയാണോ ചെയ്യുക. ഞാനൊരിക്കലും അതിനെ അനുകൂലിക്കില്ല. എന്നാല്‍ നിരവധി തവണ പിളര്‍ന്ന അനുഭവമുള്ള ഒരു പാര്‍ട്ടിയാണ് സിപിഎം. നക്‌സലൈറ്റുകള്‍ ഉണ്ടായി. ചെറുതും വലുതുമായി ഇന്ത്യയിലെ, കേരളത്തിലെ കമ്മ്യുണിസത്തിലെ ആശയപരമായ ഭിന്നതകളുടെ തുടക്കം കുറിച്ചത് 64ല്‍ സിപിഎമ്മാണ്. ആ യാഥാര്‍ത്ഥ്യം ഇഴും ഞങ്ങള്‍ പറയും. പിളര്‍പ്പ് ഉണ്ടായെങ്കിലും ഞങ്ങള്‍ പാര്‍ട്ടി ചെറുതാണെങ്കിലും വലുതാണെങ്കിലും ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകുന്നു. ഞങ്ങള്‍ വലിയ പാര്‍ട്ടിയാണെന്നു പറഞ്ഞിട്ടെന്തു കാര്യം. ബംഗാളിലെ സ്ഥിതിയെന്താ ഇപ്പോള്‍? പാര്‍ട്ടിയുടെ വലുപ്പ ചെറുപ്പമെന്നത് ആപേക്ഷികമാണ്. ഓരോ ഗിവണ്‍ സിറ്റുവേഷനുകളില്‍ ഗ്രാഫ് ഉയരുകയും താഴുകയും ചെയ്യും. നാളെ ഇവിടെ ആര് ഉയരും ആരു താഴുമെന്ന് എങ്ങനെ പറയും.

പ്ര: പഴയ ആദര്‍ശത്തില്‍ നിന്നൊക്കെ മാറി അധികാര കളിയില്‍ സിപിഎമ്മും സിപിഐയും ഇന്ന് ഒരുപോലെയാണ്. ഞാന്‍ നേരത്തെ ചോദിച്ച വിഷയത്തിലേക്ക് മടങ്ങി വരാം. ഒരു പിളര്‍പ്പ് ഉണ്ടായാല്‍?

കാ: പിളര്‍പ്പ് എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം. ഞങ്ങളുടെ പാര്‍ട്ടിയില്‍ പിളര്‍പ്പൊന്നുമില്ല. മുന്നണി എന്ന് പറയുന്നത് മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉള്ള യോജിക്കലാണ്. കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ എല്‍ഡിഎഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് യോജിപ്പുള്ളത്. അതില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ഞങ്ങളുടെ സ്വന്തമായ അഭിപ്രായങ്ങള്‍ കൂടി പറഞ്ഞ് നമുക്ക് യോജിപ്പിലെത്താം. അല്ലാതെ മുന്നണി ഉണ്ടായിപ്പോയി എന്നത് കൊണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും സഹിച്ചുകൊള്ളണം എന്ന നിലപാട് ഒരു പാര്‍ട്ടിയും സ്വീകരിക്കാന്‍ പാടില്ല. സിപിഎമ്മും ചെയ്യാന്‍ പാടില്ല. സിപിഐയും ആ നിലപാട് സ്വീകരിക്കില്ല.

പ്ര: സിപിഐ കൂടി ഉള്‍പ്പെടുന്ന ഈ മുന്നണിയുടെ നിലനില്‍പ്പ് സിപിഎമ്മിന്റെ രാഷ്ട്രീയഭാവിക്കും നിര്‍ണ്ണായകമല്ലേ എന്നാണ് ചോദിച്ച് വരുന്നത്?

കാ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരുമിച്ച് മുന്നോട്ട് പോവുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, പ്രത്യേകിച്ച് ബിജെപി വളര്‍ന്നു വരുന്ന പശ്ചാലത്തില്‍ കേരളത്തില്‍ അനുയോജ്യമായിട്ടുള്ളത്. ആ മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് ഘടകകക്ഷികളെ എല്ലാം യോജിപ്പിച്ച് വിശ്വാസത്തിലെടുത്തു കൊണ്ടുപോകേണ്ട ചുമതല സിപിഎമ്മിനുണ്ട്.

പ്ര: 64-ലെ പിളര്‍പ്പില്‍ അന്ന് ഏപ്രില്‍ 11-നു പാര്‍ട്ടി കൗണ്‍സിലില്‍ നിന്ന് വലതുപക്ഷ വ്യതിയാനവും ആശയപരമായ വിയോജിപ്പും ചൂണ്ടിക്കാട്ടി ഇറങ്ങിപ്പോയ 32 പേരില്‍ ഇന്ന് വിഎസ് മാത്രമാണ് ജീവിച്ചിരുപ്പുള്ളത്. ആ വിഎസിന്റേയും സിപിഐയുടേയും നയങ്ങള്‍ ഒരേ രേഖയില്‍ സഞ്ചരിക്കുന്നു എന്നു പറയുമ്പോള്‍ ഒന്നുകില്‍ സിപിഐയുടെ നിലപാടുകളില്‍ മാറ്റം വന്ന് വിഎസിന്റേതുമായി പൊരുത്തപ്പെടണം അല്ലെങ്കില്‍ വിഎസ് തന്റെ നിലപാടുകളും പാര്‍ട്ടിയുടെ നിലപാടുകളും തെറ്റാണ് എന്ന് തിരിച്ചറിഞ്ഞ് മാറണം. എന്താണ് ഇവിടെ സംഭവിച്ചത്?.

കാ: വിഎസിന് അങ്ങനെയൊരു പ്രത്യേക രാഷ്ട്രീയ നിലപാടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. വിഎസ് ഇപ്പോഴും പിന്‍തുടരുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് അദ്ദേഹം സിപിഎമ്മില്‍ കേന്ദ്രകമ്മിറ്റി അംഗമായും മറ്റും തുടരുന്നത്. സിപിഎമ്മില്‍ നിന്ന് ഭിന്നമായി ഒരു രാഷ്ട്രീയ നിലപാട് അദ്ദേഹത്തിനുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ വേറൊരു രാഷ്ട്രീയ നിലപാടുണ്ടെങ്കില്‍ അദ്ദേഹം സിപിഎം വിട്ട് വേറെ ഏതെങ്കിലും നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയുമായി സഹകരിക്കണം. പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല അങ്ങനെയൊരു നിലപാട് അദ്ദേഹത്തിനുണ്ടെന്ന്. എന്നാല്‍ ചില സംഭവങ്ങളില്‍, ചില വിഷയങ്ങളില്‍ അദ്ദേഹം ചില ഭിന്നമായ നിലപാടുകള്‍ എടുക്കാറുണ്ട്. സ്വാഭാവികമായും കമ്മ്യുണിസ്റ്റുകാര്‍ എടുക്കേണ്ട നിലപാട് എന്ന നിലയില്‍ സിപിഐയുടെ നിലപാടുമായി താദാത്മ്യം വരാം.

പ്ര: വിഎസ്, സിപിഐയിലേക്ക് മടങ്ങി വരുമോ എന്ന ചര്‍ച്ചകള്‍ പോലുമുണ്ടായിട്ടുണ്ട്?

കാ: ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹമാണ് ഞങ്ങളുടെ പാര്‍ട്ടി പിളര്‍ന്ന് ഇറങ്ങിപ്പോയവരില്‍ ജീവിച്ചിരിക്കുന്ന ഏക ആള്‍. അന്നെടുത്ത നിലപാട് തെറ്റായിപ്പോയി എന്ന് പറഞ്ഞ് സിപിഐയില്‍ ചേരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

പ്ര: കഴിഞ്ഞ ദിവസം കാരാട്ടിന് മറുപടി പറയവെ, മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ താങ്കള്‍ എണ്ണിയെണ്ണി പറഞ്ഞാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ മുതല്‍ മഹിജ വിഷയവും മൂന്നാറും വരെ നിലപാടുകളും നയങ്ങളും വ്യക്തമാക്കി. അതേസമയം ഈ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സത്യത്തില്‍ അത് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായിരുന്നില്ലേ. അങ്ങനെയെങ്കില്‍ അതും ആദ്യം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് മുന്നണിക്കുള്ളില്‍ ആയിരുന്നില്ലേ. മുന്നണി മര്യാദകളുടെ ലംഘനം തന്നെയല്ലേ ഈ നടപടി?

കാ: അങ്ങനെയാണെങ്കില്‍ പ്രകാശ് കാരാട്ട് അവിടെ പറഞ്ഞത് എന്തു മര്യാദയാണ്. ഞാന്‍ പറഞ്ഞല്ലോ. അതൊന്നും മുന്നണിയുടെ മര്യാദകളുമായി ബന്ധപ്പെടുത്തിയല്ല. ഞങ്ങള്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തത് എന്തൊക്കെ കാര്യങ്ങളിലാണ്, ആ വിഷയങ്ങളാണ് ഞാന്‍ പറഞ്ഞത്. അതിനകത്ത് മുന്നണി മര്യാദകളൊന്നും ഇല്ല. സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ അംഗത്തിന് കേരളത്തില്‍ വന്ന് ഒരു ഘടകക്ഷി നേതാവ് പ്രതിപക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പറയാമെങ്കില്‍ അത് പ്രതിപക്ഷ നിലപാടല്ല ഇടതുപക്ഷ നിലപാടാണ് എന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ പറഞ്ഞുവെന്നേയുള്ളു. ഇനി അദ്ദേഹവുമായുളള ചര്‍ച്ചകള്‍ ദേശീയ നേതൃത്വത്തെയോ സംസ്ഥാന നേതൃത്വത്തെയോ ബോധ്യപ്പെടുത്തണമെങ്കില്‍ ബാക്കിയുള്ള കാര്യങ്ങള്‍ അവിടെ പറയും. അത് കൊണ്ടാണ് ബാക്കിയുള്ള കാര്യങ്ങള്‍ ഞാന്‍ മാധ്യമങ്ങളോട് പറയാതിരുന്നത്.

പ്ര: താങ്കള്‍ പറഞ്ഞത് കാരാട്ടിനാണ് മറുപടി നല്‍കിയത് പിണറായിക്കല്ല എന്നാണ്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ സ്വേച്ഛാധിപതിയുടെ രീതിയാണ് പിന്തുടരുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. സാധാരക്കാരണ് അപ്രാപ്യനാണ് പിണറായി എന്ന്. താങ്കള്‍ക്കും ഇത് ബാധകമാണോ?

കാ: അങ്ങനെ എനിക്കു തോന്നുന്നില്ല. എല്‍ഡിഎഫിന്റെ കാബിനറ്റാണ് എല്‍ഡിഎഫിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അങ്ങനെ ഒരു സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സ്വാഭാവികമായും സ്വേച്ഛാധിപത്യപരമായി ഒരു മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാവില്ല. എല്‍ഡിഎഫ് യോഗം ചേരാറുണ്ട്. അതിന്റെ നേതാവ് അദ്ദേഹമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളുടെ കക്ഷി നേതാവ് ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാറുണ്ട്. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ പോകുന്ന ഒരു സ്വഭാവം ഒരു കാലത്തും സിപിഐയുടെ സെക്രട്ടറിമാര്‍ക്ക് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കത്തു കൊടുക്കാറുണ്ട് ചില കാര്യങ്ങളില്‍. ഞങ്ങള്‍ കൂടുതല്‍ ബന്ധപ്പെടുന്നത് പാര്‍ട്ടി സെക്രട്ടറിമാരുമായിട്ടാണ്. പൊളിറ്റിക്കല്‍ പാര്‍ട്ടി എന്ന നിലക്ക് എല്‍ഡിഎഫിന്റെ കണ്‍വീനറുമായി, പാര്‍ട്ടി സെക്രട്ടറിമാരുമായി ഒക്കെയാണ് ചര്‍ച്ചകളുടെ വേദി. ഗവണ്‍മെന്റില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഞങ്ങളുടെ കക്ഷി നേതാവ് ചന്ദ്രശേഖരനോ മറ്റ് മന്ത്രിമാരോ കാബിനറ്റ് സഹപ്രവര്‍ത്തകര്‍ എന്ന നിലക്ക് പിണറായി വിജയനുമായി സംസാരിക്കാറുണ്ട്. ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല. അതുകൊണ്ട് എനിക്ക് പിണറായി വിജയന്റെ വീട്ടിലോ ഓഫീസിലോ പോകേണ്ട കാര്യമില്ല. പിണറായി വിജയന്റെ ഓഫീസില്‍ ഒരു പ്രാവശ്യമേ പോയിട്ടുള്ളു. ഞാന്‍ എ കെ ജി സെന്ററില്‍ പോകാറുണ്ട്. കോടിയേരി ബാലകൃഷ്ണനുമായും വൈക്കം വിശ്വനുമായും സംസാരിക്കാറുണ്ട്. എല്‍ഡിഎഫ് യോഗം കൂടുമ്പോള്‍ പിണറായി വിജനെ കാണാറുണ്ട്, സംസാരിക്കാറുണ്ട്. അതിനപ്പുറം എനിക്കെന്തെങ്കിലും ഫേവര്‍ വേണമെങ്കിലേ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോകേണ്ടതുളളു. അങ്ങനെയൊന്നും ആവശ്യമില്ല.

പ്ര: രമണ്‍ ശ്രീവാസ്തവയുടെ നിയമനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കരുണാകരനെ ഓര്‍മ്മ വരുന്നു എന്ന താങ്കളുടെ പ്രസ്താവനക്ക് സിപിഎം മറുപടി നല്‍കിയത് രാജനെ ഓര്‍മ്മ വരുന്നില്ലേ എന്ന ചോദ്യത്തോടേയാണ്…

കാ: എനിക്ക് രാജനെ നല്ല ഓര്‍മ്മയുണ്ട്. രാജന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് ശ്രീ അച്യുതമേനാന്‍ അല്ല എന്ന ധാരണ അദ്ദേഹത്തിനുണ്ടായാല്‍ മതി.

പ്ര: ഈ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും പ്രമുഖ നേതാവുമാണ് ഇപി ജയരാജന്‍ . എംഎം മണി ഇപ്പോള്‍ മന്ത്രിയാണ്. ഇവരുടെ പ്രസ്താവനകള്‍ക്കു മറുപടി നല്‍കാത്തത് വില കുറച്ച് കാണുന്നത് കൊണ്ടാണോ. ഇത്തരം ചില പ്രസ്താവനകളല്ലേ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്?

കാ: എല്ലാ മന്ത്രിമാരുടെയും പ്രസ്താവനയ്ക്കു മറുപടി പറയുന്ന ആളല്ല ഞാന്‍. എന്റെ പാര്‍ട്ടി എന്നെ ചുമതലപ്പെടുത്തുന്ന കാര്യങ്ങളെ ഞാന്‍ ചെയ്യാറുള്ളു. വേറൊരു അഭിമുഖത്തില്‍ ഞാന്‍ സൂചിപ്പിച്ചതാണ്; വഴിയില്‍ കിടക്കുന്ന തൊപ്പികള്‍ തലയില്‍ വെക്കുന്ന ശീലം എനിക്കില്ല. അങ്ങനെ പറയണം എന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ല. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മാലിന്യം എന്ന് പറയുന്നത് അതിന്റെ ഉത്ഭവ സ്ഥാനത്ത് തന്നെ നശിപ്പിക്കണമെന്നാണ് ഇപ്പോള്‍ നമ്മള്‍ പ്രചരിപ്പിക്കുന്നത്. അത് ഉത്പ്പാദിപ്പിക്കുന്നിടത്ത് തന്നെ നശിപ്പിച്ചാല്‍ മതി. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.

പ്ര: ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ഇത് ആരുടെ ഉത്തരവാദിത്തമാണ്?

കാ: പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് സിപിഐ സെക്രട്ടറി ഒരു വിവാദങ്ങള്‍ക്കും തിരി കൊളുത്തിയിട്ടില്ല. സിപിഎമ്മിന്റെ സെക്രട്ടറിയും മന്ത്രിമാരും ആണെങ്കിലും ആരാണോ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് അവര്‍ അത് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ഇനി അത് നശിപ്പിക്കാന്‍ നമ്മള്‍ വേറെ അദ്ധ്വാനം എടുക്കേണ്ട കാര്യമില്ല എന്നാണ് ഞാന്‍ പറയുന്നത്.

പ്ര: എംഎം മണിയുടെ കാര്യത്തില്‍ ഇത് നേരത്തെ ഉറപ്പുള്ളതല്ലേ?

കാ: അത് അവര്‍ തന്നെ തീര്‍ക്കട്ടെ. ഞാന്‍ അതില്‍ കക്ഷി ചേരാനില്ല.

പ്ര: കേരളത്തിലെ പോലീസിങ്ങിനെ സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ മാവോയിസ്റ്റ് എന്‍കൗണ്ടര്‍ മുതല്‍ മൂന്നാര്‍ വിഷയം വരെ പരിശോധിക്കുമ്പോള്‍, സിപിഐയുടെ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒരു ഐഎഎസ് ഉദ്യേഗസ്ഥന് പോലും സംരക്ഷണം നല്‍കാന്‍ പറ്റാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇത് ആഭ്യന്തര മന്ത്രിയുടെ പിഴവല്ല എന്ന് പറയാന്‍ എങ്ങനെയാണ് സാധിക്കുക?

കാ: അങ്ങനെയൊരു സാഹചര്യം ഇല്ല. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് ബാധ്യസ്ഥരാണ്. ഏതെങ്കിലും എസ്‌ഐയോ ഹെഡ്‌കോണ്‍സ്റ്റബിളോ അത് ചെയ്തിട്ടില്ലെങ്കില്‍ സര്‍ക്കാറിന്റെ ചുമതലയാണ് അത് ഉറപ്പ് വരുത്തുക എന്നത്. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പ് വരുത്തും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പ്ര: പക്ഷെ വിഷയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസ് മേധാവിയെ മാറ്റണം എന്ന ആവശ്യം താങ്കള്‍ പോലും ഉന്നയിക്കുന്നില്ല. ഇതല്ല ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയം എന്ന് അദ്ദേഹത്തോട് തുറന്ന് പറയാന്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണ്?

കാ: ഞങ്ങളെ സംബന്ധിച്ചിടത്തോളം ലെഫ്റ്റിന്റെ നിലപാടുകള്‍ നടപ്പിലാക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പോലീസ് നയം അതെന്താണ് എന്ന് മനസ്സിലാക്കി. അതു യുഡിഎഫിന്റെ നയത്തില്‍ നിന്ന്, ബിജെപിയുടെ നയത്തില്‍ നിന്ന് വ്യത്യസ്തമാണ് എന്ന ധാരണയോട് കൂടി നടപ്പിലാക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് കറക്റ്റ് ചെയ്ത് പോകണം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്.

പ്ര: അതു നടപ്പിലാക്കാന്‍ രമണ്‍ ശ്രിവാസ്തവയാണോ പറ്റിയ ആള്‍ ?

കാ: രമണ്‍ ശ്രീവാസ്തവയ്ക്ക് പോലീസിനെ നിയന്ത്രിക്കാന്‍ എന്ത് അധികാരമാണുള്ളത്. അദ്ദേഹം മുഖ്യമന്ത്രിയെ ഉപദേശിക്കുന്നു എന്നേയുള്ളു.

പ്ര: പക്ഷെ മുഖ്യമന്ത്രി പറഞ്ഞത് ആഭ്യന്തര വകുപ്പിനല്ല പോലീസിനാണ് ഉപദേശകന്‍ എന്നാണ്?

കാ: പോലീസിനൊന്നുമല്ല, മുഖ്യമന്ത്രിക്ക് തന്നെയാണ് ഉപദേശകന്‍. അങ്ങനെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

പ്ര: അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയുമധികം ഉപദേശകര്‍?

കാ: മിനിമം ഉപദേശം സ്വീകരിക്കാനുള്ള സ്വാതന്ത്രമെങ്കിലും നമ്മള്‍ അദ്ദേഹത്തിന് കൊടുക്കണ്ടേ. അദ്ദേഹത്തിന്റെ ഉപദേശകനെ തീരുമാനിക്കാനും ഉപദേശം സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കണം എന്നാണ് എന്റെ പക്ഷം. ഉപദേശം വേണോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹമാണ്. ഇനിയും ഉപദേശകരെ വേണമെങ്കില്‍ ഇനിയും എടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.

പ്ര: മൂന്നാര്‍ വിഷയത്തില്‍ വളരെ നല്ല രീതിയില്‍ പ്ലാന്‍ ചെയ്ത് മുന്നോട്ട് നീങ്ങിയിട്ടും അവസാന നിമിഷം വി എസ് തന്നെ പിന്‍വാങ്ങുകയായിരുന്നു എന്ന് സുരേഷ് കുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ റവന്യ മന്ത്രി സ്വീകരിക്കുന്ന ഈ ഉറച്ച നിലപാട് സിപിഐയുടെ സ്വത്ത് വകകളില്‍ എത്തുന്നത് വരെയല്ലേ ഉണ്ടാകൂ എന്നു ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്?

കാ: അവിടെ മഷിയിട്ട് നോക്കിയാലും ഒരു സിപിഐ നേതാവിന്റെയോ ഒരു എഐടിയുസികാരന്റെയോ കയ്യില്‍ കൈയേറിയ ഭുമിയുണ്ട് എന്നു നിങ്ങള്‍ക്കു തെളിയിക്കാനാവില്ല. കഴിഞ്ഞതവണ അവിടെ ആവര്‍ത്തിച്ചു ശ്രമം നടത്തിയത് അതാണല്ലോ. അവിടെ സിപിഐയുടെ കയ്യിലുള്ള സ്ഥലം അതു തീറാധാരം വാങ്ങിച്ച സ്ഥലമാണ്. അവിടെ ഞങ്ങള്‍ ചെയ്തു എന്നു പറയുന്ന തെറ്റ് നാഷണല്‍ ഹൈവേയിലേക്ക് ഒരു പാലം പോലെ കയറിപോകാനുള്ള വഴി ഉണ്ടാക്കി എന്നാണ്. സുരേഷ് കുമാര്‍ എന്ന ധീരനായ പടയാളി അവിടെ പോയിട്ട് ആ കെട്ടിടം പൊളിച്ചില്ലല്ലോ. അത് പ്രയര്‍ പെര്‍മിഷന്‍ വാങ്ങാതെ ചെയ്തതാണ് എന്നുള്ളത് കൊണ്ട് അതു മാത്രമേ പൊളിച്ച് കളഞ്ഞുള്ളു. കെട്ടിടം പൊളിച്ചില്ല. ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയുടെയും നിരവധി കോടതികളുടെയും ഉത്തരവുകള്‍ ഉള്ളതാണ്. ആ ഉത്തരവുകളുടെ പ്രൊട്ടക്ഷനിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇന്നും ഇന്നലെയും ഒന്നും വാങ്ങിച്ചതല്ല. 57ല്‍ വാങ്ങിച്ചതാണ്. 60 വര്‍ഷമായി. നിയമസഭക്ക് അകത്തും പുറത്തും എല്‍ഡിഎഫിന് ഒറ്റ നയമേയുള്ളു. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ പ്രൊട്ടക്ട് ചെയ്യുക എന്നതാണ് അത്. അതല്ലാതെ ഏതെങ്കിലും മന്ത്രിയോ എംഎല്‍എയോ പറയുന്നെണ്ടെങ്കില്‍ അതിന് ഞങ്ങളല്ല മറുപടി പറയേണ്ടത്. അദ്ദേഹം തന്നെയാണ്. അതിനുള്ള നടപടി മുഖ്യമന്ത്രി സ്വീകരിക്കും എന്നു തന്നെയാണ് ഉറച്ച വിശ്വാസം.

പ്ര: ജിഷ്ണു പ്രണയോയിയുടെ കുടുബം നീതി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മഹിജക്ക് നേരയുണ്ടായ അതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പുറത്ത് നിന്നുള്ളവരാണ് പ്രശ്‌നം ഉണ്ടാക്കിയത് എന്നാണ്. ഇതു പോലീസിനെ ന്യായീകരിക്കലാണ്. അങ്ങനെയായിരുന്നോ വേണ്ടിയിരുന്നത്?

കാ: അദ്ദേഹം പറഞ്ഞത് പോലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്. മുഖ്യമന്ത്രിക്കോ ഒരു ആഭ്യന്തര മന്ത്രിക്കോ വഴിയില്‍ കണ്ടു എന്നു പറയാനാവില്ലല്ലോ.അദ്ദേഹത്തിന്റെ സ്റ്റേറ്റ്‌മെന്റുകള്‍ക്ക് ഒരു അടിസ്ഥാനമുണ്ടാകണം. അതിന് അടിസ്ഥാനമെന്ന് പറയുന്നത് അദ്ദേഹത്തിന്റെ മുന്നില്‍ വരുന്ന ഫയലുകളായിരിക്കും. ഞങ്ങള്‍ എന്തുകൊണ്ട് വ്യത്യസ്തരായി പറയുന്നു എന്ന് ചോദിച്ചാല്‍ ഞാന്‍ ഒരു ഭരണാധികാരി അല്ല. ഞാനൊരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. അതുകൊണ്ട് ഞാനും മുഖ്യമന്ത്രിയും രണ്ട് അഭിപ്രായം ആണെന്ന് പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ഞങ്ങള്‍ രണ്ടു കപ്പാസിറ്റിയിലാണ് അഭിപ്രായം പറയുന്നുത്. ഒരു ഭരണാധികാരിക്ക് എല്ലാ കാര്യത്തിലും വ്യക്തിപരമായി അഭിപ്രായം പറയാന്‍ അധികാരമില്ല.

പ്ര: ഈ സര്‍ക്കാര്‍ അതിരപ്പിള്ളിയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു ഭാഗത്ത് എന്‍ടിപിസി പൂട്ടി കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്താണ് പരിഹാരം?

കാ: അതിരിപ്പിള്ളിയെ കുറിച്ച് നിങ്ങളൊക്കെ പറയുമ്പോഴും അതു നമ്മുടെ മുന്‍പിലില്ലാത്ത വിഷയമാണ്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ആ പദ്ധതിയില്ല. ഞാന്‍ നിയമസഭയില്‍ ആദ്യം വന്ന 82 മുതല്‍ ഈ പദ്ധതിയെ കുറിച്ച് കേള്‍ക്കുന്നുണ്ട്. അതിരിപ്പിള്ളി പദ്ധതിയില്‍ ചാലക്കുടി പുഴയില്‍ 164 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വെള്ളം ഇല്ല. ലോകത്തില്‍ ഒരിടത്തും ഉമിനീരില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ടെക്‌നോളജി ഡെവലപ് ചെയ്തിട്ടില്ല. പ്രസംഗിച്ചാല്‍ അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പറ്റില്ലല്ലോ. ജലവൈദ്യുത പദ്ധതിക്ക് 50 പൈസയേ ആവൂ എന്നൊക്കെയുള്ളത് പഴയ കണക്കാണ്. അത് ഇടുക്കിയിലെ കണക്കാണ്. വയബിളായിട്ടുള്ള സ്‌കീമുകളിലേക്ക് പോകാതെ വൈദ്യുതി ബോര്‍ഡിന് സാദ്ധ്യമല്ല. അത് കൊണ്ടാണ് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തി വികസിപ്പിക്കാനുള്ള പദ്ധതിയുണ്ടാകണം എന്നാവശ്യപ്പെടുന്നത്. തമിഴ്‌നാട്ടില്‍ വ്യാപകമായിട്ടുള്ള വിന്‍ഡ് മില്‍ എന്തുകൊണ്ട് കേരളത്തില്‍ സാദ്ധ്യമല്ല. ഇടുക്കി ജില്ലയിലെ രാമക്കല്‍മേടാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രം. തിരമാലകളില്‍ നിന്നു വൈദ്യുതി ഉണ്ടാക്കുന്ന പുതിയ ടെക്‌നോളജി ഉണ്ട്. സോളാര്‍ എനര്‍ജിക്ക് വല്യ സബ്‌സിഡി കേന്ദ്രം നല്‍കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് പുതുതായി നഗരങ്ങളില്‍ വീട് നിര്‍മ്മിക്കുന്നവര്‍ സ്വന്തമായി സോളാര്‍ എനര്‍ജി സംവിധാനം വേണമെന്ന് നിയമം കൊണ്ട് വരാം. ഒന്നും രണ്ടും കോടി മുടക്കിയാണ് പലരും വീട് വെക്കുന്നത്. കഴിവുള്ളവര്‍ ആ നിലയിലേക്ക് വഴി മാറിയാല്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുക എന്ന സമീപനം സ്വീകരിക്കാം. 164 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ഇത്രയും പണവും ചെലവഴിച്ച് വനവും നശിപ്പിച്ച് ചെയ്യേണ്ടുന്ന ഒരു കാര്യവുമില്ല. യോജിപ്പില്ലാത്ത ഒരു കാര്യമായത് കൊണ്ട് എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ അത് ഉള്‍പ്പെടുത്താത്തിരുന്നത്. പിന്നെ എല്ലാ ദിവസവും അതില്‍ പ്രസ്താവന ഇറക്കേണ്ട ഒരു കാര്യവുമില്ല. പകരം എന്ത്, എന്നാണ് ചിന്തിക്കേണ്ടത്. കേരളത്തിലെ പൂര്‍ത്തിയാകാത്ത പന്ത്രണ്ട് ചെറിയ പദ്ധതികളില്‍ ചെറിയ തോതില്‍ പണം മുടക്കിയാല്‍ ഈ 164 മെഗാവാട്ടിന്റെ പ്രശ്‌നം പരിഹരിക്കാം. അത് പറ്റില്ല, പകരം പുതിയ കണ്‍സ്ട്ക്ഷന്‍ വരണം എന്ന് പറയുന്നതിന്റെ പിന്നിലെ താത്പര്യം എന്താണ് എന്ന് നമ്മള്‍ ആലോചിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു.

(ദുബായ്‌ വോയ്‌സ് ഓഫ് കേരള റേഡിയോയ്ക്ക് നല്‍കിയ അഭിമുഖം)

 

പ്രമീള ഗോവിന്ദ്‌

പ്രമീള ഗോവിന്ദ്‌

പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍