UPDATES

തച്ചങ്കരിയുമായി പ്രശ്നങ്ങളില്ല; എല്ലാ കുറ്റങ്ങളും തൊഴിലാളിയുടെ തലയില്‍ വയ്ക്കാന്‍ പറ്റില്ല; ആനത്തലവട്ടം ആനന്ദന്‍/അഭിമുഖം

തൊഴിലാളികൾക്ക് ന്യായമായ കൂലി നൽകിയതിന്റെ പേരിൽ ഇവിടെ ഒരു വ്യവസായവും നശിച്ചു പോയിട്ടില്ല.

സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാധ്യക്ഷനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമാണ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചിട്ടുണ്ട്. 1987, 1996, 2001 വർഷങ്ങളിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ അംഗമായി. നിലവിൽ അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആയും പ്രവർത്തിക്കുന്നുണ്ട്.

പ്രളയദിനങ്ങളിൽ സംസ്ഥാനത്തെ തൊഴിലാളി സംഘടനകളുടെ ഇടപെടലുകളെ കുറിച്ചും പ്രളയാനന്തരം കയർ, കെഎസ്ആർടിസി അടക്കം വലിയ തൊഴിലാളി പ്രതിനിധ്യങ്ങൾ ഉള്ള മേഖലകളിലെ പ്രശ്നങ്ങളെ കുറിച്ചും മറ്റു സമകാലീക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ആനത്തലവട്ടം ആനന്ദൻ അഴിമുഖത്തോട് സംസാരിക്കുന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിലൂടെയാണ് നാം കടന്നു പോയത്, അപ്രതീക്ഷിതമായയത് കൊണ്ടും, മനുഷ്യ നിർമിതി അല്ലാത്തത് കൊണ്ടും ഏറെ ദുർഘടം പിടിച്ചതായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. സർക്കാരും പ്രതിപക്ഷവും സന്നദ്ധ സംഘടനകളും ജനങ്ങളും ഒരുമിച്ചപ്പോൾ വലിയ നാശനഷ്ടങ്ങൾ കുറയ്ക്കാനും ജീവഹാനികൾ പെരുകുന്നത് തടയാനും നമുക്ക് സാധിച്ചു. ദുരിതാശ്വാസവും പുനരധിവാസവും തുടർന്ന് കൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഈ പ്രളയത്തെയും പ്രളയാനാന്തര പ്രവർത്തനങ്ങളെയും നോക്കിക്കാണുന്നത്?

അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന്റെ ഭാഗമായി പ്രധാനമായും മൂന്ന് ഘട്ടങ്ങളായിട്ടുളള പ്രവർത്തങ്ങളാണുള്ളത്, ആദ്യത്തേത് ദുരന്തത്തിൽ അകപ്പെട്ടവരെ ഒട്ടും സമയം പാഴാക്കാതെ രക്ഷിച്ചെടുക്കുക എന്നതാണ്, രണ്ടാമത്തേത് അവരെ പുനരധിവാസിപ്പിക്കുക, മൂന്ന് അവരെ സ്വൈര്യ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക.

നമ്മൾ നേരിട്ട ഒരു പ്രളയത്തെ ഒന്ന് അനലൈസ് ചെയ്തു നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്ന സവിശേഷമായ ഒരു ഘടകം, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരത്തിൽ ഉളള ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്, അതുമായി താരതമ്യം ചെയ്യുമ്പോൾ ജീവഹാനികളും, നാശനഷ്ടങ്ങളും താരതമ്യേന കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കേരളം പലപ്പോഴും ലോകത്തിന് മാതൃകയായിട്ടുണ്ട്, ദുരന്ത നിവാരണത്തിന് കാര്യത്തിലും നാം ഇപ്പോൾ ലോകത്തിന് മാതൃകയായിരിക്കയാണ്. ഈ നാട്ടിലെ യുവാക്കൾ, തൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരോട് നാം അതിനു കടപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഒലിച്ചു പോകേണ്ട ഒരു പ്രളയം ആയിരുന്നു എന്ന് വിദഗ്‌ധർ വിലയിരുത്തുന്നു, ഇവിടെ അഞ്ഞൂറിൽ താഴെ മരണ സംഖ്യ പിടിച്ചു നിർത്താൻ നമുക്ക് സാധിച്ചു.

പുനരധിവാസ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്, ദുരിതാശ്വാസനിധി സമാഹരിക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ അഭ്യർത്ഥന ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു, കൊച്ചു കുട്ടികൾ മുതൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉള്ള മനുഷ്യർ നമ്മളോട് സഹകരിക്കുന്നുണ്ട്, ഐക്യദാർഢ്യം അറിയിക്കുന്നുണ്ട്.

നാം നേരിടുന്ന ഒരു പ്രതിസന്ധി നമുക്ക് ലഭിക്കുന്ന സഹായവും നമ്മുടെ നഷ്ടവും തമ്മിലുള്ള അന്തരമാണ്. നാൽപതിനായിരം കോടിയിൽ താഴെ രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഒരു പ്രാഥമിക കണക്ക്. സർക്കാരിന് ദുരിതാശ്വാസ സമാഹരണത്തിലൂടെ ലഭിച്ചതും, കേന്ദ്ര സർക്കാർ സഹായവും കൂടി ചേർന്നാൽ രണ്ടായിരം കോടി രൂപ മാത്രമേ ഇത് വരെ ലഭിച്ചിട്ടുള്ളൂ.

കൊച്ചു കുട്ടികൾ അവരുടെ കുടുക്ക പൊട്ടിച്ചു തരുന്നത് മുതൽ യു എന്നിന്റെ സഹായ വാഗ്ദാനം വരെ നമുക്ക് ലഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും വലിയ സഹായങ്ങൾ വന്നു കൊണ്ടിരിക്കുന്നു. യുഎഇ നൽകിയ സഹായം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പക്ഷെ യുഎഇ ധനസഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് നോക്കൂ, ഞങ്ങൾ ഒരു സമ്പന്ന രാജ്യമാണ്, ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ദുരന്തം സംഭവിച്ചാൽ അതിനെ അതിജീവിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട് എന്നാണ് അവർ പറയുന്നത്. തികച്ചും പ്രതിഷേധാര്‍ഹമായ ഒരു നിലപാട് ആണിത്.

കേന്ദ്ര സർക്കാർ കേരളത്തിന്റെ നഷ്ടത്തിന് കണക്കാക്കി സഹായം തരുന്നുമില്ല, ലഭിക്കുന്ന സഹായങ്ങൾ മുടക്കുകയും ചെയ്യുന്നു. ഇതൊരു മോശം പ്രവണതയാണ്.

കേരളം നമ്പർ വൺ എന്ന ഒരു മുദ്രാവാക്യം തന്നെ ഇന്ന് നിലവിൽ ഉണ്ട്. കേരളത്തെ ലോകത്തിന് മാതൃകയാക്കുന്നതിൽ ഇവിടത്തെ തൊഴിലാളി സംഘടനകൾ വഹിച്ച പങ്കു ചെറുതല്ല. പ്രളയം നേരിട്ട സമയങ്ങളിൽ സ്വന്തം ജീവനുകൾ ബലിയർപ്പിച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ നാം ഒന്നടങ്കം ‘കേരളത്തിന്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചു. താങ്കൾ ഒരു തൊഴിലാളി സംഘടനയുടെ അമരക്കാരൻ കൂടിയാണ്. പ്രളയകാലത്തും പ്രളയാനന്തരവും തൊഴിലാളി സംഘടനകളുടെ ഇടപെടലുകൾ ഒന്ന് വിശദീകരിക്കാമോ?

തൊഴിലാളി സംഘടനകൾ മറ്റു ജനവിഭാഗങ്ങളെ പോലെയല്ല, കായികമായ അധ്വാനമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രധാനം. വിവിധ സ്ഥലങ്ങളിൽ പെട്ട് പോയവരെ രക്ഷപ്പെടുത്തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുക, അവരെ സുരക്ഷിതരാക്കുക, വെള്ളം ഇറങ്ങിയ ശേഷം വീടുകൾ വൃത്തിയാക്കാൻ സഹായിക്കുക അങ്ങനെ തീർത്തും കായികപരമായ അധ്വാനമാണ് തൊഴിലാളികളുടെ ചുമതല.

വലിയ പൊക്കത്തിൽ ഉള്ള ചെളി നിറഞ്ഞ പ്രദേശങ്ങളിലെ പുനർനിർമാണങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാണ്. ഇവിടെ വിദഗ്ദ്ധനായ, പരിചയസമ്പത്ത് ഉള്ള, ശാരീരിക ക്ഷമതയുള്ള തൊഴിലാളികൾക്ക് മാത്രമാണ് അത്തരം പ്രദേശങ്ങളിൽ ശുചീകരണത്തിനിറങ്ങാൻ സാധിക്കുക. ഇതെല്ലാം പ്രതിഫലം കൂടാതെ തൊഴിലാളികൾ ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെയ്തു പോരുന്നുണ്ട്. തൊഴിലാളികൾ പണി എടുക്കാതെ കാശ് മേടിക്കുന്നവരാണെന്ന ആക്ഷേപമുന്നയിക്കുന്നവർ ഇതൊന്നും കണ്ടില്ലെന്നു വരാം.

പേമാരി ആരംഭിച്ച ആദ്യ നിമിഷം മുതൽ വിവിധ മേഖലകളിൽ തൊഴിലാളികൾ സജീവമായി ഇടപെടുന്നുണ്ട്, ഒരു തരത്തിലുള്ള പരാതികൾക്കും ഇട കൊടുക്കാതെ ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നുമുണ്ട്.

താങ്കൾ നിലവിൽ അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആയും പ്രവർത്തിക്കുന്നുണ്ട്. നമുക്കറിയാം പ്രളയം വിവിധ കാർഷിക മേഖലകളെയും അത് പോലെ കയർ, കൈത്തറി മേഖലകളെയും മോശമായി ബാധിച്ചിട്ടുണ്ട്. പരമ്പരാഗത കുടിൽ വ്യവസായങ്ങൾ തീരദേശ പ്രദേശങ്ങളുടെ സാമ്പത്തിക അടിത്തറയുടെ നെടുംതൂൺ ആയിരുന്ന വൈക്കത്ത കയർ മേഖലയെ, ചേന്ദമംഗലത്ത് കൈത്തറി മേഖലയെയെല്ലാം പ്രളയം രൂക്ഷമായി ബാധിക്കുകയുണ്ടായി. എന്തൊക്കെയാണ് പ്രാഥമികമായിട്ടുള്ള നഷ്ടങ്ങള്‍? അതിനുള്ള പരിഹാരങ്ങൾ ?

നഷ്ടം വന്ന മേഖലകളുടെ വിശദമായ കണക്കെടുപ്പുകൾ പുരോഗമിക്കുന്നുണ്ട്. ദുരിതാശ്വാസ നിവാരണ സഹായങ്ങളിൽ ഈ മേഖലകളും ഉൾപ്പെടുത്തണം എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. കയർ മേഖലയിൽ ഒരുപാട് പേരുടെ തൊണ്ട് ഒലിച്ചു പോയിട്ടുണ്ട്, ഉപകരണങ്ങൾ നഷ്ടപെട്ടു പോയിട്ടുണ്ട്, കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ മറ്റു മേഖകൾക്കു ലഭ്യമാകുന്ന എല്ലാ സാധ്യങ്ങളും കയർ മേഖലയിലും ആവശ്യമാണ്.

ചേന്ദമംഗലം കൈത്തറി, സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കൈത്തറി വിഭാഗമാണ്, കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് അവിടെ ഉണ്ടായിരിക്കുന്നത്. നെയ്തു വെച്ച സാരികൾ, മുണ്ടുകൾ മാത്രം വലിയ തോതിൽ ഒലിച്ചു പോയിട്ടുണ്ട്. തറികൾ നശിച്ചു പോയിട്ടുണ്ട്. ഇവരെയെല്ലാം സഹായിക്കാതെ ഈ തൊഴിലാളികൾക്കിനി ഒരു ജീവിതം ഉണ്ടാവുകയില്ല.

പരമ്പരാഗത കുടിൽ വ്യവസായങ്ങൾക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് പഠിച്ച് ന്യായമായ നഷ്ടപരിഹാരങ്ങൾ നൽകാൻ സർക്കാർ ബാധ്യതസ്ഥമാണ്, സർക്കാരുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. അവർക്ക് ബോധ്യപ്പെട്ടതുമാണ്.

താങ്കൾ സംഘടനാപരമായി ഇടപെടുന്ന മറ്റൊരു പ്രധാന മേഖലയാണ് കെഎസ്ആർടിസി. പ്രളയാനന്തരം കെഎസ്ആർടിസിയുടെ അവസ്ഥ എന്താണ് ? വലിയ തോതിലുള്ള നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ. ഇന്ധന ക്ഷാമം ഉണ്ട്, ഷെഡ്യുളുകൾ കുറയ്ക്കുന്നു എന്നടക്കം വാർത്തകൾ വരുന്നുണ്ട്. എങ്ങനെയാണ് സ്ഥിതിഗതികൾ?

ചില സോണുകളിൽ ഒഴിച്ച് നിർത്തിയാൽ കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടം പ്രളയം മൂലം ഉണ്ടായിട്ടില്ല. കെഎസ്ആർടിസി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ദിനംപ്രതി കൂടുന്ന പെട്രോൾ – ഡീസൽ വില വർധനയാണ്. പെട്രോൾ, ഡീസൽ ദൈനംദിനം വില കുതിച്ചുയരുകയാണ്, അതിനനുസരിച്ചു ടിക്കറ്റ് ചാർജ് കൂട്ടാൻ സാധിക്കില്ല. അങ്ങനെയാണ് ഓരോ ദിവസവും കെഎസ്ആർടിസിക്ക് കോടിക്കണക്കിനു രൂപ നഷ്ടം വരുന്നത്.

പിന്നെ ചില ആളുകൾ കെഎസ്ആർടിസിയുടെ നഷ്ടങ്ങൾക്ക് കാരണം തൊഴിലാളികൾ ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. തൊഴിലാളികളെ ‘ശരിയാക്കിയാൽ’ കെഎസ്ആർടിസി നന്നാവും എന്നതൊക്കെ ദിവാസ്വപ്നമാണ്‌. തൊഴിലാളികൾ അവരുടെ ജോലി ചെയ്യുന്നുണ്ട്. ഗതാഗത മന്ത്രി പറഞ്ഞത് ദിവസം നാലു കോടി രൂപ നഷ്ടമുണ്ട്, അതുകൊണ്ട് 30 ശതമാനം ഷെഡ്യൂളുകൾ കുറയ്ക്കുന്നു എന്നാണ്, ഷെഡ്യൂളുകൾ കുറച്ചാൽ നാട്ടുംപ്രദേശത്തെ പാവപ്പെട്ട ജനങ്ങൾ ബുദ്ധിമുട്ടിലാവും. ഇത് പ്രതിഷേധങ്ങൾക്കു വഴി തെളിക്കും.

നേരത്തെ പറഞ്ഞത് പോലെ ദൈനംദിനം കൂടുന്ന പെട്രോൾ വില, തൊഴിലാളികളുടെ കൂലി, മറ്റു ചിലവുകൾ, പെൻഷൻ ഇവയെല്ലാം മീറ്റ് ചെയ്ത കൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിലാക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണ്. കെഎസ്ആർടിസിയിൽ പ്രതിസന്ധി ഉണ്ട്, പക്ഷേ അത് പ്രളയനാന്തരമുള്ളതല്ല.

ഒരു പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി നഷ്ടത്തിലാണ് എന്ന് വകുപ്പ് മന്ത്രി തന്നെ പറയുന്നു. തൊഴിലാളികളുടെ പെൻഷൻ മുടങ്ങിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടവെച്ചിരുന്നു. കെഎസ്ആർടിയെ രക്ഷിച്ചെടുക്കാനായി വിവിധ കമ്മീഷനുകളെ പഠനത്തിനായി നിയോഗിച്ചിരുന്നു. നിലവിൽ കെഎസ്ആർടിസി മാനേജ്‌മെന്റും തൊഴിലാളി സംഘടനാ നേതാക്കളും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെന്ന് സമീപ കാലത്തെ ചില പ്രസ്താവനകൾ തെളിയിക്കുന്നുണ്ട്. ടോമിൻ ജെ തച്ചങ്കരിക്കെതിരെ താങ്കളും പന്ന്യൻ രവീന്ദ്രനും ഉന്നയിച്ച വിമർശനങ്ങൾ അടക്കം ഉദാഹരങ്ങളാണ്. വലിയ പ്രതിസന്ധി നേരിടുന്ന ഒരു സമയത് ഉദ്യോഗസ്ഥ – സംഘടനാ തർക്കങ്ങൾ ആ മേഖലയെ കൂടുതൽ ക്ഷീണിപ്പിക്കില്ലേ ?

തൊഴിലാളികളും തൊഴിൽ ഉടമകളും തമ്മിലുള്ള തർക്കം ഒരു പുതിയ കാര്യമല്ല. പൊതുമേഖലയായാലും സ്വകാര്യ മേഖലയായാലും മാനേജ്‌മെന്റും തൊഴിലാളികളും തമ്മിൽ തർക്കങ്ങൾ ഉണ്ടാവും. പരമാവധി തൊഴിലാളികളെ കൊണ്ട് തൊഴിൽ ചെയ്യിപ്പിച്ച് കുറഞ്ഞ കൂലി നൽകി ലാഭം ഉണ്ടാക്കുക എന്നതാണ് മാനേജ്‌മെന്റുകളുടെ ലക്‌ഷ്യം. തങ്ങൾക്ക് ജീവിക്കാനുള്ള കൂലിക്കും അവകാശങ്ങൾക്കും വേണ്ടിയാണ് തൊഴിലാളികൾ സംഘടിക്കുന്നത്. ഇത് തമ്മിലുള്ള വൈരുധ്യം, വ്യവസായവും തൊഴിലാളികളും ഉണ്ടായ കാലം മുതലുള്ളതാണ്.

തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവരുമായി ചർച്ച നടത്തി, സ്ഥാപനത്തിന്റെ നിലനിൽപ്പ് ലക്‌ഷ്യം ഇട്ടു കൊണ്ട് പ്രവർത്തിക്കലാണ് നല്ല മാനേജ്‌മെന്റുകളുടെ ലക്ഷണം. മൂരാച്ചികളെ പോലെയുള്ള ചില മാനേജ്‌മെന്റുകൾ ധരിക്കുന്നത് തൊഴിലാളികളുടെ കൂലി കുറച്ചാൽ ലാഭം വർധിപ്പിക്കാം എന്നാണ്, അതൊരു തെറ്റായ ധാരണയാണ്. എപ്പോഴെങ്കിലും തൊഴിലാളികൾ അന്യായമായ കൂലി ചോദിക്കുകയോ അനാവശ്യമായ ഡിമാന്റുകൾ ഉന്നയിക്കുകയോ ചെയ്താൽ അതനുവദിച്ചു കൊടുക്കരുത്.

ഇവിടെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത മാനേജ്‌മെന്റുകളും തൊഴിലാളി യൂണിയനുകളും തമ്മിൽ ഒരു നിശ്ചിത കരാറിൽ എത്തുകയും ആ കരാർ പ്രകാരമുള്ള കൂലി നൽകിക്കൊണ്ട് സ്ഥാപനം മുന്നോട്ടു കൊണ്ട് പോവുകയും ചെയ്യുമ്പോൾ പോലും നഷ്ടം വരുന്ന സ്ഥിതിവിശേഷം ഇവിടെയുണ്ട്, അതിന്റെ കാരണം തൊഴിലാളികളല്ല, കോർപറേറ്റ് ഇടപെടലുകളാണ്. വൻകിട ലാഭം കൊയ്യുക എന്ന ഒറ്റ അജണ്ട വെച്ച് നടത്തുന്ന ചില പരിപാടികൾ. അവരാണ് ഇവിടെ യഥാർത്ഥ ശത്രു.

Also Read: ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

മോട്ടോർ ഇൻഡസ്ട്രീസ് മാത്രം എടുത്തു നോക്കുക. ഇക്കഴിഞ്ഞ ഭാരത് ബന്ദിൽ എല്ലാ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മറ്റും പങ്കെടുക്കുയായുണ്ടായി. എന്താ കാരണം? 700 രൂപയാണ് ഒരു ദിവസത്തെ അവരുടെ നഷ്ടം, കാരണം ഇന്ധന വില വർധന, ഇത് പോലെ റോ മെറ്റീരിയലിന്റെ വില വർധന, ഫിനിഷ്ഡ് ഗുഡ്‌സിന് മാർക്കറ്റിൽ ന്യായമായ വില ലഭിക്കാതിരിക്കുക ഇങ്ങനെ കാരണങ്ങൾ പലതാണ്. തൊഴിലാളികൾക്ക് ന്യായമായ കൂലി നൽകിയതിന്റെ പേരിൽ ഇവിടെ ഒരു വ്യവസായവും നശിച്ചു പോയിട്ടില്ല.

കെഎസ്ആർടിസി മൂന്നു കോടി രൂപ പലിശ കൊടുത്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു, ഈ സർക്കാർ വന്നതിനു ശേഷം അത് 85 ലക്ഷമായി കുറച്ചു കൊണ്ട് വന്നിട്ടുണ്ട്. കൂടിയ പലിശകൾ എല്ലാം ഇല്ലാതാക്കി ഈ സർക്കാർ നടത്തിയ ഇടപെടൽ ശ്‌ളാഘനീയമാണ്. ഇതുപോലെ പലിശ വെച്ച് കൊണ്ടുള്ള ഏർപ്പാടുകൾ ആണ് പലപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വിനയാകുന്നത്. ഇതൊന്നും കാണാതെ എല്ലാ കുറ്റവും തൊഴിലാളിയുടെ മേൽ അടിച്ചേൽപ്പിച്ചിട്ടു യാതൊരു കാര്യവുമില്ല.

ഒരു കാര്യം എപ്പോഴും ഓർക്കുക, തൊഴിലാളിയുടെ അധ്വാനമാണ് ഈ പ്രപഞ്ചത്തിൽ കാണുന്നതെല്ലാം. ഈ രാജ്യം നിർമിച്ചത് തൊഴിലാളികളാണ്. അവരെ പുച്ഛിക്കുക, പരിഹസിക്കുക തുടങ്ങിയവ ശീലമാക്കിയ ഭരണകൂടങ്ങൾക്കും മാനേജ്‌മെന്റുകൾക്കും ഒന്നും ഇവിടെ നിലനില്‍പ്പില്ല.

Also Read: ഇടതു തൊഴിലാളി സമരം; കേരളം വിടാനൊരുങ്ങി സുഗന്ധവ്യഞ്ജന ഭീമന്‍ സിന്തൈറ്റ്

മാനേജ്‌മെന്റ് കാര്യങ്ങളിൽ തൊഴിലാളി സംഘടനകൾ അനാവശ്യമായി ഇടപെടുന്നു എന്ന ആരോപണം കെഎസ്ആർടിസി എം.ഡി ടോമിൻ ജെ തച്ചങ്കരി ഉന്നയിക്കുന്നുണ്ട്, ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ്ങ്, വണ്ടികളുടെ റൂട്ടുകൾ ഫിക്സ് ചെയ്യുന്ന കാര്യങ്ങൾ അങ്ങനെ എല്ലാ കാര്യങ്ങളിലും തൊഴിലാളി സംഘടനകൾ ഇടപെടുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. താങ്കളും ടോമിൻ ജെ തച്ചങ്കരിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇടക്കാലത്ത് ചില പ്രസ്താവനകളിലൂടെ പുറത്തു വന്നതുമാണ്. അദ്ദേഹം ഉന്നയിച്ച ഈ ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ഞാൻ ഇത്രയും നേരം സംസാരിച്ചത് മാനേജ്‌മെന്റുകളും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചുമാണ്. ടോമിൻ ജെ തച്ചങ്കരിയുമായി എനിക്ക് യാതൊരു പ്രശ്നവും ഇല്ല. ഈ സംസ്ഥാനത്തെ ഒരുപാട് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നിന്റെ നേതൃനിരയിൽ ഇരിക്കുന്ന ഒരാൾ ആണ് അദ്ദേഹം. ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളുടെ എം.ഡിമാരുമായി ചർച്ചകൾ നടത്താറുണ്ട്. എന്നാൽ ടോമിൻ ജെ തച്ചങ്കരിയുമായിട്ട് ഞാൻ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നും ഇത് വരെ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹവുമായി എനിക്കെന്തോ പ്രശ്നം ഉണ്ടെന്ന നിങ്ങളുടെ ധാരണ തെറ്റാണ്. പക്ഷേ ഏതു മേഖലയായാലും തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾക്ക് കാർക്കശ്യമുണ്ട്.

Also Read: 34 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്ത റോയ് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ഈ വീട്ടിലാണ്

ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ, അതായത് നവ ലിബറൽ നയങ്ങൾ വരുന്നതിനു മുൻപേ തന്നെ തൊഴിലാളികൾക്ക് മാനേജ്‌മെന്റ് കാര്യങ്ങളിൽ കൃത്യമായ പ്രാതിനിധ്യം നൽകണം എന്ന് ഗവണ്മെന്റ് നിർദേശിച്ചിട്ടുണ്ട്, അതെന്തിനാണെന്ന് വെച്ചാൽ ബ്യൂറോക്രാറ്റുകളുടെ അഴിമതി തടയാൻ, മാനേജ്‌മെന്റിന്റെ വിവിധ തലങ്ങളിൽ മാർക്കറ്റിങ്, പ്രൊഡക്ഷൻ, പർച്ചേസിംഗ് എല്ലാം തന്നെ വൈദഗ്ദ്യമുള്ള അതാത് മേഖലയിലെ വിദഗ്ദ്ധരായ തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ട് കമ്മിറ്റികൾ രൂപീകരിക്കുകയും അതനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോവുകയും ചെയ്യുക.

ഒരുദാഹരണം പറയുകയാണെങ്കിൽ ഒരു സാധനം വാങ്ങുമ്പോൾ അതിന്റെ ക്വാളിറ്റി ചെക് ചെയ്യാനും വിലയിരുത്താനും ആ മേഖലയിലെ വിദഗ്ദ്ധനായ ഒരു തൊഴിലാളിക്ക് കഴിയുന്ന പോലെ ഒരു പൊന്നു തമ്പുരാനും കഴിയില്ല. കെഎസ്ആർടിസി മാത്രമല്ല, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് ഫങ്ക്ഷനുകളിൽ തൊഴിലാളികൾക്ക് പ്രാതിനിധ്യമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ വരെ ഇങ്ങനെ ഒരു പ്രാക്ടീസ് നിലവിലുണ്ട്. അതൊന്നും വേണ്ട, ഒരു ഏകാധിപത്യ സിസ്റ്റം മതി ലാഭം ഉണ്ടാക്കാൻ എന്ന് ധരിക്കുന്നത് മൗഢ്യമാണ്. അത് അടിമ – ഉടമ കാലഘട്ടത്തിന്റെ ചിന്താഗതിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ അതിന് ഒരു സ്ഥാനവും ഇല്ല. വൈദഗ്ധ്യവും കഴിവുമുള്ള തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ന് ലോകത്തുള്ള പൊതുമേഖല ആയാലും സ്വകര്യ സ്ഥാപനം ആയാലും അവരുടെ മാനേജ്‌മെന്റ് ഫങ്ക്ഷനുകൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

Also Read: ബിഎംഎസിനെ ഇനി തൊഴിലാളി സംഘടനയെന്ന് വിളിക്കാമോ?

സർക്കാർ നയം മാറ്റുക, ഇല്ലെങ്കിൽ ഞങ്ങൾ സർക്കാരിനെ മാറ്റും’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡൽഹിയിൽ സിപിഎം അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ വലിയ ഒരു പ്രക്ഷോഭം നടക്കുകയുണ്ടായി. മഹാരാഷ്ട്രയിൽ നടന്ന കിസാൻ സഭ നേതൃത്വത്തിൽ നടന്ന സമരം, രാജ്യത്തങ്ങോളമിങ്ങോളം വിവിധ തൊഴിലാളി സമരങ്ങൾ നടക്കുന്നുണ്ട്. ഈ സമരങ്ങളും പ്രതിഷേധങ്ങളും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ റിഫ്ളക്ട് ചെയ്യും, ഒരു മാറ്റം ഉണ്ടാക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ ?

ഒരു ശതമാനംമാത്രം വരുന്ന കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ മുക്കാൽ പങ്കും കൈയ്യടക്കാന്‍ സഹായം ചെയ്തിട്ട് സാധാരണക്കാരനെ വെല്ലുവിളിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന മോദി സർക്കാർ തൊഴിലാളിരഹിത വ്യവസായങ്ങൾ ആരംഭിക്കുന്നതിന് മുതലാളിമാർക്ക് പിന്തുണ നൽകുകയാണ‌്. സമ്പത്ത് കേന്ദ്രീകരിക്കാനുള്ള സാഹചര്യങ്ങളും കോർപറേറ്റുകൾക്ക് ഭരണകൂടം ഒരുക്കിക്കൊണ്ടിരിക്കുന്നു. ജാതിയും മതവും വർഗീയതയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് കേന്ദ്ര സർക്കാർ നടത്തുന്നത‌്. ഇത് പരിശോധിക്കാനും ജനങ്ങൾക്ക് ഒരിക്കൽ പറ്റിയ തെറ്റ് തിരുത്താനുമുള്ള അവസരമാണ് അടുത്ത വർഷം വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ്. ഇതിൽ സർക്കാരിനെ താഴെയിറക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല.

കർഷക സമരങ്ങൾ, സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങൾ, ദളിത്- ന്യൂനപക്ഷ വിരുദ്ധമായ നടപടികൾക്കും, ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെയുള്ള പ്രതിഷേധങ്ങൾ എല്ലാം വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുക തന്നെ ചെയ്യും.

വല്യ പാടാണ് തച്ചങ്കരി സാറേ… ഒരു മാധ്യമ പ്രവര്‍ത്തകനും കുടുംബത്തിനും കെഎസ്ആര്‍ടിസിയില്‍ ഉണ്ടായ ദുരനുഭവം

കയ്യേറ്റവും നിയമ ലംഘനവും മാത്രമല്ല, തൊഴിലാളി വഞ്ചനയും; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടില്‍ തൊഴിലാളി സമരം

തൊഴിലാളി ഐക്യം മുദ്രാവാക്യങ്ങളില്‍ ഒതുങ്ങുന്ന കാലത്ത് ഓര്‍ക്കേണ്ട ചിലത്

ഇടതു തൊഴിലാളി സമരം; കേരളം വിടാനൊരുങ്ങി സുഗന്ധവ്യഞ്ജന ഭീമന്‍ സിന്തൈറ്റ്

ബിഎംഎസിനെ ഇനി തൊഴിലാളി സംഘടനയെന്ന് വിളിക്കാമോ?

34 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്ത റോയ് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ഈ വീട്ടിലാണ്

തൊഴിലാളി വര്‍ഗത്തിന്റെ നിറവും മോദി കാലത്തെ ഇന്ത്യയും; രജനിയെ പാ രഞ്ജിത്ത് പഠിപ്പിക്കുന്ന ‘കാലാ’ രാഷ്ട്രീയം

ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

തൊഴില്‍ നിയമപരിഷ്‌കരണം മോദി നേരിടുന്ന വെല്ലുവിളി

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍