UPDATES

ലീഗ് തള്ളിപ്പറഞ്ഞാല്‍ എസ്ഡിപിഐ തിരിച്ചടിക്കും; ചെല്ലും ചെലവും കൊടുക്കുന്നതും ലീഗ്; അഭിമുഖം/പാലൊളി മുഹമ്മദ്‌ കുട്ടി

മുസ്ലിം ലീഗിന്റെ നിർദേശം അനുസരിച്ച് ഒട്ടേറെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന സംഘടന കൂടിയാണ് എസ്ഡിപിഐ.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടിയുമായി അഴിമുഖം പ്രതിനിധി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

രാഷ്ട്രീയ കേരളം മുഴുവൻ ഇപ്പോൾ ഒരേ സ്വരത്തിൽ ചർച്ച ചെയ്യുന്നത് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവും വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ നിഷ്ഠൂരമായ കൊലപാതകത്തെ കുറിച്ചാണ്. ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് പുറത്തു വരുന്ന റിപ്പോട്ടുകൾ പറയുന്നു. താങ്കളുടെ പ്രതികരണം എന്താണ്?

അഭിമന്യുവിന്റെ കൊലപാതകം ഒരു സംഘർഷത്തിനിടയിൽ യാദൃശ്ചികമായി സംഭവിച്ചതല്ല, അതൊരു ആസൂത്രിത കൊലപാതകമാണ്. ഇത് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ബോധ്യപ്പെട്ടതാണ്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഒരു കലാലയത്തിനകത്ത് ഇതുപോലെ നിഷ്ഠൂരമായ കൊലപാതകം നടത്താൻ പ്രാപ്തിയുള്ള രണ്ടു സംഘടനകളാണ് ഇന്ന് കേരളത്തിൽ ഉള്ളത്; ഒന്ന് എസ്ഡിപിഐ ആണെങ്കിൽ മറ്റൊന്ന് ആർഎസ്എസ് ആണ്.

അഭിമന്യുവിനെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും അധ്യാപകരും പങ്കുവെക്കുന്ന ഓർമകളും, അനുഭവങ്ങളും ഓരോ ദിവസവും പുറത്തു വരുന്നുണ്ട്. ആർക്കും ഒരു മോശം അഭിപ്രായം ഇല്ലെന്നു മാത്രമല്ല, നല്ല രാഷ്ട്രീയ ബോധമുള്ള, സര്‍ഗാത്മകനായ, ഏവർക്കും പ്രിയപ്പെട്ട ഒരു വിദ്യാർത്ഥി ആയിരുന്നു. അങ്ങനെയുള്ള ഒരു വിദ്യാർത്ഥിയെ ഒരു കാരണവും കൂടാതെ കൊലപ്പെടുത്തിയ സംഘടനയെ സാമൂഹ്യമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

എസ്ഡിപിഐ  അടക്കമുള്ള സംഘടനകൾ മുസ്ലിം സമുദായത്തിന്റെ സംരക്ഷക വേഷം അണിയുന്ന ഒരു സ്ഥിതിവിശേഷം എങ്ങനെയാണ് കേരളത്തിൽ സംജാതമായത്?

നൂറു ശതമാനം കാപട്യം നിറഞ്ഞ ഒരു പ്രചാരണമാണിത്. കേവലം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം. മുസ്ലീം സമുദായത്തെ സംരക്ഷിക്കുന്നവരാണ് എന്ന് അവകാശവാദം ഉന്നയിച്ച് സത്യത്തിൽ ആ സമുദായത്തിന് വലിയ ഭീഷണി  ഉയർത്തുകയാണ് ഇതുപോലെയുള്ള വർഗീയ സംഘടനകൾ ചെയ്യുന്നത്. നിങ്ങൾക്കറിയാമല്ലോ, രാജ്യത്ത് ന്യൂനപക്ഷവും ദളിതരും വലിയ രീതിയിലുള്ള വെല്ലുവിളികളും ഭീഷണികളും  നേരിടുന്ന ഒരു കാലമാണിത്. ഈ ഘട്ടത്തിൽ ഇത് പോലെയുള്ള നിഷ്ഠൂര കൃത്യങ്ങൾ ചെയ്യുന്നതിലൂടെ ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകളുടെ  ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന പണിയാണ് പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവർ ചെയ്തു പോരുന്നത്. ഇത് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും. ഒരു വർഗീയ സംഘടനയെയും പ്രോത്സാഹിപ്പിച്ച ചരിത്രം കേരളത്തിനില്ല. അതുകൊണ്ട് അത്തരം ദുഷ്ടലാക്കോടു കൂടിയുള്ള പ്രചാരണങ്ങൾ ഇവിടെ വിലപ്പോവില്ല.

കേരളത്തിൽ മുസ്ലിം ലീഗിനെ മുഖ്യശത്രുവായി കണ്ട സിപിഎം വർഗ്ഗീയ സംഘടനകളെ പാലൂട്ടി വളർത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ പ്രസ്താവനയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

പച്ചക്കള്ളമാണ് മജീദ് പറയുന്നത്, ഒരടിസ്ഥാനവും ഇല്ലാത്ത ആരോപണം. പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ വളർത്തുന്നതിലും അവർക്കു വേണ്ട എല്ലാ വിധ സഹായസഹകരണങ്ങളും ചെയ്തു പോന്ന, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ഇത്തരം പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്കെതിരായുള്ള കേസുകൾ പിൻവലിക്കുന്നതിന് വേണ്ടി ലീഗ് എംഎൽഎ കെ.എൻ.എ ഖാദർ അസംബ്ലിയിൽ വരെ നടത്തിയ ഇടപെടലുകൾ പത്രമാധ്യമങ്ങളിൽ വാർത്തയായതാണ്. കഴിഞ്ഞ പാർലമെന്റ് മണ്ഡലത്തിൽ പൊന്നാനിയിൽ  ഇടതുപക്ഷ സ്ഥാനാർഥി അബ്ദുറഹ്മാന്റെ വിജയം സുനിശ്ചിതമായ അവസരത്തിലാണ് മുസ്ലിം ലീഗ് നേതൃത്വവും എസ്ഡിപിഐയും തമ്മിൽ ചർച്ച നടത്തുകയും എസ്ഡിപിഐയുടെ വോട്ട് ലീഗ് സ്ഥാനാർഥിക്കു മറിച്ചു കൊടുക്കുകയും ചെയ്തത്. ഇതെല്ലാം നാട്ടുകാർക്ക് അറിയാവുന്ന കാര്യമാണ്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകൾ എസ്ഡിപിഐക്കെതിരെ  രംഗത്ത് വന്നിട്ടും മുസ്ലിം ലീഗ് മാത്രം ഇങ്ങനെ ഒരു നിലപാട് എടുക്കാൻ ഉണ്ടായ സാഹചര്യം എന്താണ്? കേവലം രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമാക്കിയുള്ള പ്രസ്താവനയാണോ ഇത്?

ഞാൻ നേരത്തെ പറഞ്ഞല്ലോ, എസ്ഡിപിഐയെ വളർത്തുന്നതും അവർക്കു വേണ്ട എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്തുകൊടുക്കുന്നത് മുസ്ലിം ലീഗ് ആണ്. മുസ്ലിം ലീഗിന്റെ നിർദേശം അനുസരിച്ച് ഒട്ടേറെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന സംഘടന കൂടിയാണ് എസ്ഡിപിഐ. അവർക്കെതിരെ  മുസ്ലിം ലീഗ് നിലപാടെടുത്താൽ കണക്കു പറഞ്ഞ് തിരിച്ചടിക്കാൻ എസ്ഡിപിഐക്കും കഴിയും. അതുകൊണ്ട് തന്നെ മറ്റേത് മുസ്ലീം സംഘടന തള്ളിപ്പറഞ്ഞാലും ലീഗിന് അത് കഴിയില്ല എന്നാണ് കെപിഎ മജീദിന്റെ പ്രസ്താവന തെളിയിക്കുന്നത്.

ദേശീയ തലത്തിൽ  സംഘപരിവാർ ഭീകരത അതിന്റെ ഏറ്റവും രൂക്ഷമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്, മറുഭാഗത്ത് കേരളം പോലെ മതേതര മൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു സംസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകൾ ജനങ്ങളുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തുന്ന ഇടപെടലുകളുടെ രംഗത്ത് വരുന്നു. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഇടതുപക്ഷ നേതാവ് എന്ന നിലയിൽ സിപിഎമ്മിന്റെ നിലവിലെ ഇടപെടലുകൾ എത്രത്തോളം കാര്യക്ഷമമാണ്?

സിപിഎം സ്വീകരിച്ചു പോരുന്ന  മതേതരത്വ നിലപാടുകള്‍, അന്ധവിശ്വാസത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍, ദളിത്-ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകള്‍, ഇവയെല്ലാം സംഘപരിവാർ ശക്തികളെ എന്നും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ അവരുടെ മുഖ്യ ശത്രു സിപിഎം ആണ്.

നിലവിലുള്ള സമ്പ്രദായങ്ങളെ വെച്ച് പൂജിക്കാൻ ഞങ്ങൾ തയ്യാറല്ല. ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലെ സത്യസന്ധതയും കാർക്കശ്യവും മൂലം എതിർ കക്ഷികളുടെയും മാധ്യമങ്ങളുടെയും പല രീതിയിലുള്ള ആക്രമണങ്ങൾക്കു വിധേയരാകേണ്ടി വന്നിട്ടുണ്ട്. 36 കൊലപാതകങ്ങളാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി കലാലയങ്ങളിൽ നടന്നിട്ടുള്ളത്; അതിൽ 33 എണ്ണവും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകരാണ്. നിങ്ങൾക്ക് നിക്ഷ്പക്ഷമായി പരിശോധിച്ചാൽ മനസ്സിലാകും, ഇതുപോലെ ഏകപക്ഷീയമായി ആക്രമിക്കപ്പെട്ട ഒരു സംഘടന ഇന്ത്യയിൽ വേറെ ഉണ്ടാവില്ല.

ഞങ്ങൾ ഒരു കാരണവശാലും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല, ബഹുജന പങ്കാളിത്തത്തോടെ സമര പരിപാടികളും പുരോഗമനപരമായ നിലപാടുകളുമായി സിപിഎം  മുന്നോട്ടു പോകുക തന്നെ ചെയ്യും. ജനങ്ങളുടെ സംഘടിത ശക്തി ഇടതുപക്ഷത്തിനൊപ്പമാണ്; അതാണ് ഞങ്ങളുടെ രക്ഷാകവചവും.

പോപ്പുലർ ഫ്രണ്ടിനെതിരെ എന്ന ലേബലിൽ മുസ്ലീം സമുദായത്തെ ടാർഗറ്റ് ചെയ്തു കൊണ്ടാണ് സർക്കാർ അഭിമന്യുവിന്റെ കൊലപാതകം ഫ്രെയിം ചെയ്യുന്നത് എന്ന ആരോപണത്തിൽ കഴമ്പുണ്ടോ?

കേരളത്തിലെ മുസ്ലിം മതവിശ്വാസികളുടെ ഉടമസ്ഥാവകാശം എന്ന് മുതലാണ് ഇതുപോലുള്ള വർഗീയ പ്രസ്ഥാനങ്ങൾക്ക് സ്വന്തമായത്? അക്രമവും കൊലപാതകവും നടത്തി അതിന് മതമാനം നല്‍കുന്നത് പോലെ മറ്റൊരു തട്ടിപ്പാണ്, കേസുകളും മറ്റും വരുമ്പോൾ മതത്തെ രക്ഷാകവചമായി ഉപയോഗിച്ച് കൊണ്ട് രക്ഷപെടാൻ ശ്രമിക്കൽ. അതൊന്നും ഇവിടെ വിലപ്പോവില്ല. വർഗീയ സംഘടനകൾ, അത് ഏതു മതത്തിന്റേതായാലും അവരെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും അവർക്കെതിരെ സംഘടിക്കുകയും വേണം. സിപിഎമ്മിന്റെ നിലപാട് ഈ വിഷയത്തിൽ കൃത്യവും സ്പഷ്ടവുമാണ്. സിപിഎം അടക്കമുള്ള ഇടതുപക്ഷം നേതൃത്വം നൽകുന്ന സർക്കാർ ചെയ്യുന്നത് അവരുടെ കടമയാണ്, ഈ സർക്കാർ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ്, അവരുടെ സ്വൈര്യജീവിതം ഉറപ്പു വരുത്തുകയാണ് സർക്കാരിന്റെ പ്രാഥമിക ലക്‌ഷ്യം. അതേസമയം വർഗീയ പ്രസ്ഥാനങ്ങളോട് യാതൊരു തരത്തിലുള്ള സമരസപ്പെടലിനും തയ്യാറുമല്ല.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍