UPDATES

എം.ബി രാജേഷ്/അഭിമുഖം: കേരളത്തില്‍ 2004 ആവര്‍ത്തിക്കും; പാലക്കാട് സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും

അമൃതാനന്ദമയിയേയും ശ്രീശ്രീ രവിശങ്കറേയും പോലുള്ള ആളുകളൊക്കെ നേരത്തേ ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്തതാണ് എന്ന് ഭക്തരായവര്‍ക്ക് മുഴുവന്‍ അറിയാം

2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. അപ്രതീക്ഷിതമായ സ്ഥാനാര്‍ഥി പ്രവചനങ്ങളും അഭ്യൂഹങ്ങളും മണ്ഡലത്തെ ചുറ്റിപ്പറ്റിയുണ്ടാവുന്നു. മൂന്ന് മുന്നണികളും ഒരേപോലെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പാലക്കാടിന്റെ ഇത്തവണത്തെ ഭാവി പ്രവചിക്കുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ പാലക്കാട് മണ്ഡലത്തിന്റെ, കേരളത്തിലെ പൊതുവായ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തെ രണ്ട് തവണ പ്രതിനിധീകരിച്ച നിലവിലെ എം.പി എം.ബി രാജേഷ്.

മൂന്നാമതും സ്ഥാനാര്‍ഥി?

സ്ഥാനാര്‍ഥി വിഷയം സംബന്ധിച്ച് ഒരു മറുപടിയും പറയുന്നില്ല. കാരണം രണ്ട് തവണ സ്ഥാനാര്‍ഥിയാവണമെന്ന് തീരുമാനിച്ചത് ഞാനല്ല. പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനമെടുക്കുമ്പോള്‍ അറിയുക എന്നല്ലാതെ എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ സാധാരണ രണ്ട് തവണ എന്നതാണ് മാനദണ്ഡം. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല.

പാലക്കാട് – എല്‍ഡിഎഫ് സാധ്യത

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് എല്ലാ കാലത്തും പാലക്കാട്. ഏത് പ്രതികൂല സാഹചര്യത്തിലും പാലക്കാട് ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. ഏറ്റവും പ്രതികൂലമായ അന്തരീക്ഷത്തില്‍ നടന്ന 2009-ലെ തിരഞ്ഞെടുപ്പില്‍ പോലും പാലക്കാട്ടെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും എല്ലാം നോക്കിയാല്‍ ഇടതുപക്ഷത്തിന് പാലക്കാടുള്ള മേധാവിത്വം കാണാനാവും. അതുപോലെ തന്നെ ഇപ്പോള്‍ ഒടുവില്‍, ഈ വിവാദങ്ങള്‍ക്കിടയില്‍ എല്ലാം നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വ്യക്തമായ വിജയമാണ് പാലക്കാട് ഉണ്ടായിട്ടുള്ളത്.

നിലവിലെ മാറിയ സാഹചര്യം- ബിജെപി അനുകൂല കാറ്റ്

തീര്‍ത്തും ഇല്ല എന്നതാണ് വസ്തുത. കാരണം ശബരിമലയെ മുന്‍നിര്‍ത്തി ആര്‍എസ്എസും ബിജെപിയും അഴിച്ചുവിട്ട അക്രമങ്ങളും, കാണിച്ചുകൂട്ടിയ കോപ്രായങ്ങളുമെല്ലാം യഥാര്‍ഥ ഭക്തര്‍ക്ക് അവരുടെ തനിനിറം വ്യക്തമാവാന്‍ സഹായിച്ചിട്ടുണ്ട്. നേരത്തെ ഇവരോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവര്‍ പോലും ഇവര്‍ കാണിച്ചുകൂട്ടിയ അതിക്രമം മൂലം അവരില്‍ നിന്ന് അകന്നിരിക്കുന്നു. ശബരിമല സുവര്‍ണാവസരമാണ് എന്ന് പറഞ്ഞ ശ്രീധരന്‍പിള്ളയുടെ നിലപാടും മണ്ഡലകാലം തുടങ്ങുന്ന ഒന്നാം തീയതിയടക്കം ഏഴ് ഹര്‍ത്താലുകള്‍ നടത്തിയ നടപടി, ശബരിമലയിലും കേരളമൊട്ടാകെയും പാലക്കാട് നഗരത്തിലും വ്യപകമായി അക്രമം അഴിച്ചുവിട്ടതും വലിയ തോതില്‍ അടിച്ചുതകര്‍ത്തതുമെല്ലാം ജനങ്ങളുടെ മുമ്പില്‍ ഉണ്ട്. നേരത്തെ നിഷ്‌കളങ്കമായി ഇവരെ പിന്തുണച്ചിരുന്ന ആളുകള്‍ക്ക് പോലും ഇവരുടെ യാഥാര്‍ഥമുഖം മനസ്സിലായിട്ടുണ്ട്.

രണ്ടാമത്തെ കാര്യം നേരത്തെ അമൃതാനന്ദമയിയേയും ശ്രീശ്രീ രവിശങ്കറേയും പോലുള്ള ആളുകളൊക്കെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്തതാണ് എന്ന് ഭക്തരായവര്‍ക്ക് മുഴുവന്‍ അറിയാം. അമൃതാനന്ദമയി തന്നെ പറഞ്ഞിട്ടുണ്ട് തന്റെ ദൈവസങ്കല്‍പത്തില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല എന്ന്. പുരുഷനെ പ്രസവിക്കുന്നത് സ്ത്രീയല്ലേ? പിന്നെ, പുരുഷന് കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കായിക്കൂട? എന്നാണ് അമൃതാനന്ദമയി ചോദിച്ചിട്ടുള്ളത്. അതുപോലെ തേജാവര്‍ മഠാധിപതി ഉള്‍പ്പെടെയുള്ള ആളുകളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം പറഞ്ഞ ഈ നിലപാടാണ് സുപ്രീം കോടതി വിധിയിലും അടങ്ങിയിട്ടുള്ളത്. സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ഉത്തരവാദിത്തം നടപ്പാക്കുക മാത്രമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അവസരവാദപരമായിട്ടും രാഷ്ട്രീയലാഭത്തിനായിട്ടും സുവര്‍ണാവസരം മുതലെടുക്കാന്‍ വേണ്ടിയും നിലപാടില്‍ മലക്കംമറിഞ്ഞതും അക്രമം അഴിച്ചുവിട്ടതും ആര്‍എസ്എസും ബിജെപിയും ആണെന്ന് മനസ്സിലായതോടുകൂടി അവര്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ ചെയ്തത് എടുത്തുചാട്ടമോ?

ആളുകള്‍ അങ്ങനെ കരുതുന്നുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ചാണ് ആളുകള്‍ ചിന്തിക്കുന്നത്. ഈ വിഷയത്തില്‍ സിപിഎമ്മും എല്‍ഡിഎഫും സത്യസന്ധത പുലര്‍ത്തി എന്നതാണ് ജനങ്ങളുടെ മനോഭാവം. കാരണം സുപ്രീം കോടതിയോട് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. നിക്ഷ്പക്ഷരും അഴിമതിയില്ലാത്തവരും അറിവുള്ളവരുമായ മതപണ്ഡിതരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ സുപ്രീം കോടതി ഒരു തീരുമാനമെടുക്കണം എന്നായിരുന്നു. ആ തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും നടപ്പാക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കോടതിക്ക് നല്‍കിയ വാക്ക് പാലിക്കുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അതില്‍ സത്യസന്ധതയുണ്ട്. എന്നാല്‍ കോടതി വിധി വരുന്നതിന് മുമ്പും വിധി വന്നതിന് പിന്നാലെയും സ്ത്രീപ്രവേശനത്തിനെ അനുകൂലിച്ച്, പിന്നീട് രാഷ്ട്രീയലാഭത്തിനായി, ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുവര്‍ണാവസരം എന്ന് കണക്കാക്കി മലക്കം മറിഞ്ഞ സത്യസന്ധതയില്ലായ്മ, നെറികേട് ഒക്കെ ആര്‍എസ്എസും ബിജെപിയുമാണ് കാണിച്ചത്. എന്നിട്ട് അവര്‍ വലിയ തോതിലുള്ള അക്രമങ്ങളാണ് ചെയ്തത്. ഭക്തിയല്ല അവരുടെ ലക്ഷ്യമെന്നും വിശ്വാസമല്ല അവരുടെ പ്രശ്‌നമെന്നും വിശ്വാസത്തിന്റെയും ഭക്തിയുടേയും മറവില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ എന്തും ചെയ്യുന്ന ഒരു കൂട്ടരാണ് ഇവരെന്നും യഥാര്‍ഥ വിശ്വാസികള്‍ക്കും ഭക്തര്‍ക്കും തിരിച്ചറിവുണ്ടാക്കാനാണ് അതെല്ലാം സഹായിച്ചിട്ടുള്ളത്. നെല്ലും പതിരും ഇപ്പോള്‍ വേര്‍തിരിഞ്ഞിരിക്കുകയാണ്. വിശ്വാസം വിറ്റ് കാശാക്കുന്ന കൂട്ടരാണ് എന്ന് ആളുകള്‍ക്ക് മനസ്സിലായിരിക്കുന്നു. അതുകൊണ്ട് ശബരിമലയുടെ പേരില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കയുടെ പ്രശ്‌നമേയില്ല.

ബിജെപിക്ക് മുകളില്‍ ആര്‍എസ്എസിന്റെ മേല്‍ക്കോയ്മ, ഹൈന്ദവ ഏകീകരണമെന്ന ലക്ഷ്യം

ബിജെപി എന്ന് പറയുന്നത് സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയല്ല. മതരാഷ്ട്ര സ്ഥാപനം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗം മാത്രമാണ്. നീരാളിയെപ്പോലെ ആര്‍എസ്എസിന് അനേകം കൈകളുണ്ട്. അതിലൊന്ന് മാത്രമാണ് ബിജെപി. ബിജെപിയുടെ നിയന്ത്രണം പൂര്‍ണമായും ആര്‍എസ്എസിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനം ഇപ്പോള്‍ മാത്രമല്ല, മുമ്പും കേരളമാണ്. പക്ഷെ ശാഖകളുടെ എണ്ണത്തിനനുസരിച്ചുള്ള സ്വാധീനം ജനങ്ങള്‍ക്കിടയിലുണ്ടാക്കാന്‍ ഒരിക്കലും ആര്‍എസ്എസിന്റെ വര്‍ഗീയ പ്രത്യയ ശാസ്ത്രത്തിനായിട്ടില്ല. അതിനിയും ഉണ്ടാക്കാനാവുകയുമില്ല. അതിന് കാരണം കേരളത്തില്‍ ആഴത്തില്‍ വേരോടിയ സാമൂഹിക പരിഷ്‌ക്കരണവും നവോത്ഥാനത്തിന്റെ ബലവത്തായ അടിത്തറയും അതിന് മുകളില്‍ കെട്ടിപ്പടുത്ത ഇടതുപക്ഷ രാഷ്ട്രീയവുമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കണമെങ്കില്‍ നവോത്ഥാനത്തിന്റെ അടിത്തറ ആദ്യം പൊളിക്കുകയും സാമൂഹിക പരിഷ്‌കരണത്തിന്റെ വേരുകള്‍ പിഴുതെടുക്കുകയും ചെയ്യണമെന്ന് ആര്‍എസ്എസിനറിയാം.

ശബരിമലയിലേതടക്കമുള്ള അവരുടെ പരിശ്രമങ്ങള്‍ ഈ ലക്ഷ്യത്തിന് വേണ്ടിയാണ്. എന്നാല്‍ അതിനുള്ള ശേഷി കേരളത്തില്‍ ആര്‍എസ്എസിനില്ല. മറുഭാഗത്ത് അതിനെ ശക്തമായി പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഇടതുപക്ഷമുണ്ട് താനും. അതുകൊണ്ട് ആര്‍എസ്എസ് പതിനെട്ട് അടവും പയറ്റിയാലും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപി കേരളത്തില്‍ പച്ചപിടിക്കാന്‍ പോവുന്നില്ല. അവര്‍ ഹൈന്ദവ ഏകീകരണവും അതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വര്‍ഗീയ ധ്രുവീകരണം വഴി നവോത്ഥാനത്തിന്റെ അടിത്തറ പിളര്‍ത്താമെന്നും അതിലൂടെ ഇടതുപക്ഷത്തെ തകര്‍ക്കാമെന്നുമാണ് അവര്‍ കരുതുന്നത്. പക്ഷെ ഹൈന്ദവ ഏകീകരണം എന്ന ആദ്യ ചുവടു പോലും കേരളത്തില്‍ നടത്താന്‍ അവര്‍ക്ക് പറ്റില്ല. അതിന്റെ ഉദാഹരണമാണ് ശബരിമലയില്‍ സംഭവിക്കുന്നത്. അവര്‍ക്കുണ്ടാക്കാനായത് ഭാഗികമായ സവര്‍ണ ഏകീകരണം മാത്രമാണ്. അവര്‍ പ്രതിനിധീകരിക്കുന്നത് സവര്‍ണ യാഥാസ്ഥിതികത്വത്തെയാണ്. അതിന് കീഴില്‍ ഹൈന്ദവ ഏകീകരണം എന്നത് അസാധ്യമാണ്.

20ല്‍ 20 സീറ്റ് എന്ന് മുല്ലപ്പള്ളി, അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുറച്ച് ബിജെപി; കേരളത്തില്‍ എല്‍ഡിഎഫിന്റെ സാധ്യതകള്‍?

ശബരിമല സംഭവത്തെ മുന്‍നിര്‍ത്തി നേട്ടം കൊയ്യുക എന്ന് ബിജെപി പറയുന്നത് തന്നെ വിശ്വാസത്തേയും ഭക്തിയേയും അവഹേളിക്കലാണ്. അവരുടെ നേട്ടത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നതാണ് അതില്‍ നിന്ന് വ്യക്തമാവുന്നത്. അതാണ് ഞങ്ങളും പറയുന്നത്. തിരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യം. ഒരുപക്ഷേ തിരഞ്ഞെടുപ്പ് വരുന്നില്ലായിരുന്നുവെങ്കില്‍ ഈ എതിര്‍പ്പും പ്രതിഷേധവും ഒന്നുമുണ്ടാവില്ലായിരുന്നു. ആ വിഷയത്തില്‍ ബിജെപിയുടെ പിന്നാലെ പോയയാളാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസിന്റെ നില തിരഞ്ഞെടുപ്പില്‍ വളരെ പരുങ്ങലിലായിരിക്കും. ഇരുപതില്‍ ഇരുപത് എന്നത് പറയാന്‍ കൊള്ളാം. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കാലത്തും പിന്നിലായിരുന്നില്ല. വരുന്ന നൂറ് കൊല്ലത്തേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരില്ല എന്ന് പണ്ട് എ കെ ആന്റണി ശപിച്ചിരുന്നു. എന്നിട്ട് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണ് ചെയ്തത്. ആ പ്രസ്താവനകളെ അത്തരത്തില്‍ കണ്ടാല്‍ മതി. 2004 ആവര്‍ത്തിക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുക. അതുപോലത്തെ സ്വീകാര്യത ഞങ്ങള്‍ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് അധിക സാധ്യത നല്‍കുന്നുണ്ട്. അത് ബോണസാണ്. രാഷ്ട്രീയ നിലപാടിന് പുറമെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോടുള്ള മതിപ്പും കൂടിയാവുമ്പോള്‍ അത് വലിയ വിജയത്തിന് സഹായിക്കും.

കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണമായ അപചയമാണ് കേരളത്തില്‍ കാണുന്നത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനൊപ്പമല്ല എന്ന് പ്രഖ്യാപിക്കുകയും അമിത് ഷായുടെ രാഷ്ട്രീയത്തിന് പിന്നാലെ പോവുകയും ചെയ്തവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഇങ്ങനെയാണെങ്കില്‍ തൃപുരയിലും മറ്റ് പലയിടങ്ങളിലുമുള്ള കോണ്‍ഗ്രസിന്റെ ഗതിയാണ് കേരളത്തിലെ കോണ്‍ഗ്രസിനും വരാനിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥിതി ഇന്ത്യയില്‍ എന്താണെന്ന് ആലോചിക്കണം. മൂന്ന് സംസ്ഥാനത്ത് ജയിച്ചു എന്നുള്ളത് ശരിയാണ്. പക്ഷെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണത്തിലെത്താമെന്ന് ഇന്ന് കോണ്‍ഗ്രസുകാര്‍ പോലും വിചാരിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമായ യുപിയില്‍ ചിരകാല ശത്രുക്കളായിരുന്ന എസ്പിയും ബിഎസ്പിയും ബിജെപിതിരെ ഒന്നിച്ചപ്പോള്‍ ആ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്താന്‍ അവര്‍ കാണിച്ച നിഷ്‌കര്‍ഷ മറക്കരുത്. മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാവുമെന്നത് ഉറപ്പാണ്. അത് നയിക്കാന്‍ പോവുന്നത് ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാം.

മതനിരപേക്ഷ മുന്നണി- കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള ആലോചന

2004-ലും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് ബിജെപിയുടെ നില ഇതിനേക്കാള്‍ ശക്തമായിരുന്നു. ബിജെപി അധികാരത്തില്‍ തിരിച്ചുവരുമെന്നായിരുന്നു എല്ലാ പ്രവചനങ്ങളും. എന്നാല്‍ അവര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയി. മതേതര സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരികയും ചെയ്തു. അതില്‍ നിര്‍ണായക പങ്ക് ഇടതുപക്ഷം വഹിച്ചിട്ടുണ്ട്. അത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടല്ല. പക്ഷെ ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമായിരുന്നു. ബിജെപി സര്‍ക്കാരിനെ പുറത്താക്കുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരിക, ഇടതുപക്ഷത്തിന്റെ അംഗബലം കൂട്ടുക. ആ മൂന്ന് ലക്ഷ്യവും നിറവേറ്റി. മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷം തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കേണ്ട കാര്യമില്ല എന്ന് 2004 തെളിയിയിച്ചിട്ടുണ്ട്. 2004ല്‍ കേരളത്തില്‍ 20 സീറ്റില്‍ പതിനെട്ടും എല്‍ഡിഎഫിനാണ് കിട്ടിയത്. അന്ന് ബിജെപിയെ പുറത്താക്കുമെന്ന് ഉറപ്പാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്. അത് ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. 2004-ലെ കോണ്‍ഗ്രസിന്റെ നില ഇതിനേക്കാള്‍ ഭേദപ്പെട്ടതായിരുന്നു. പക്ഷെ എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍, മലപ്പുറത്തടക്കം, എല്‍ഡിഎഫിന് വോട്ട് ചെയ്തത്? മലപ്പുറം ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് ജയിച്ചത് ആ തിരഞ്ഞെടുപ്പിലായിരുന്നു. അതിന്റെ കാരണം മതനിരപേക്ഷതയുടെ കാര്യത്തില്‍ ചാഞ്ചാട്ടം പുലര്‍ത്തുന്നവരാണ് കോണ്‍ഗ്രസ് എന്നും ആ ചാഞ്ചാട്ടമില്ലാത്തവര്‍ ഇടതുപക്ഷമാണെന്നും, കോണ്‍ഗ്രസിനെ തന്നെ ഉറപ്പിച്ച് നിര്‍ത്താന്‍ ശക്തമായ ഇടതുപക്ഷം വേണമെന്നുമുള്ള വിവേകപൂര്‍ണമായ നിലപാട് ജനങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ് അതുണ്ടായത്. അത് അന്നത്തേക്കാള്‍ പ്രസക്തമാണ് ഇപ്പോള്‍.

ജാതീയ/വര്‍ഗീയ ധ്രുവീകരണം

ഞങ്ങള്‍ ഇവിടെ ശ്രമിച്ചത് സമൂഹത്തെ മുന്നോട്ട് നയിക്കുന്ന ശക്തികളെയെല്ലാം ഒരുമിപ്പിക്കാനാണ്. നവോത്ഥാനത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന, പുരോഗമനപരമായ മൂല്യങ്ങളോട് ഏതെങ്കിലും നിലയില്‍ ഒത്തുപോവാന്‍ തയ്യാറുള്ള എല്ലാവരേയും യോജിപ്പിക്കാനാണ് ശ്രമം നടത്തിയത്. ആ ശ്രമം നടത്തിയത് കേരള സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ്. എന്നാല്‍ ചിലര്‍ സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിച്ചില്ല. നാളെ അവരും സഹകരിക്കും എന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പ്രളയത്തിന്റെ സമയത്തും എല്ലാവരേയും ഒരുമിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എല്‍ഡിഎഫിന്റെ ഏറ്റവും അടിസ്ഥാനപരമായ സമീപനം എന്ന് പറയുന്നത് ജാതി, മത വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങളുടെ ഐക്യം ഉറപ്പുവരുത്തുക എന്നതാണ്.

ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയും പാര്‍ട്ടിയിലെ ഭിന്നിപ്പും

ആ വിഷയത്തില്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്ത് കഴിഞ്ഞിട്ടുണ്ട്. ആ തീരുമാനം പാര്‍ട്ടിയെ സമീപിച്ച വ്യക്തിക്കും സ്വീകാര്യമായിട്ടുള്ളതാണ്. പരാതിക്കാരിയായ പെണ്‍കുട്ടിക്കും സ്വീകാര്യമായുള്ള തീരുമാനം പാര്‍ട്ടിയെടുത്ത സ്ഥിതിക്ക് വേറെ പ്രശ്‌നം അവശേഷിക്കുന്നില്ലല്ലോ? പാര്‍ട്ടി സംസാഥാന കമ്മറ്റി ഇക്കാര്യത്തില്‍ എടുത്ത തീരുമാനം പാര്‍ട്ടിയാകെ അംഗീകരിച്ചിരിക്കുകയാണ്. അക്കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും ഒരു പാര്‍ട്ടി അംഗത്തിനുമില്ല. ആ അധ്യായം അതോടെ അവസാനിക്കുകയും ചെയ്തു. അത് ഇന്നൊരു ചര്‍ച്ചാ വിഷയമേയല്ല.

പാലക്കാട് പത്ത് വര്‍ഷം എംപി

പാര്‍ലമെന്റിനെ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള സമരവേദിയായാണ് ഉപയോഗിച്ചിട്ടുള്ളത്. മണ്ഡലത്തിലെ മാത്രമല്ല, ജനങ്ങളെ ബാധിക്കുന്ന, രാജ്യത്തെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളെല്ലാം വളരെ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നെ മണ്ഡലത്തിന്റെ വികസനത്തിനായി കഴിഞ്ഞ പത്ത് കൊല്ലം നടത്തിയ ശ്രമങ്ങള്‍- ആദ്യത്തെ അഞ്ച് കൊല്ലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയം. ജനങ്ങള്‍ അര്‍പ്പിച്ച വര്‍ധിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടാണ് പിന്നീടുള്ള അഞ്ചുകൊല്ലവും പ്രവര്‍ത്തിച്ചിട്ടുള്ളത്. അതില്‍ ജനങ്ങളുടെ മുമ്പില്‍ എല്ലാ വര്‍ഷവും എന്റെ പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഐഐടി പാലക്കാട്ട് ആരംഭിക്കാന്‍ കഴിഞ്ഞതാണ്. ഞാന്‍ 2009ല്‍ എംപിയായ ഉടന്‍ കൊടുത്ത ആദ്യ നിവേദനം ഐഐടി വേണമെന്നുള്ളതായിരുന്നു. 2015ല്‍ അഞ്ച് ഐഐടി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയിലെ ഏറ്റവും അവസാനമായിരുന്നു കേരളം. എന്നാല്‍ ഏറ്റവും ആദ്യം തുടങ്ങിയത് പാലക്കാട്ടെ ഐഐടിയാണ്. അത് യാദൃശ്ചികമായി സംഭവിച്ചതല്ല. ഏറ്റവും ആദ്യം അതിനായി സൗകര്യങ്ങളൊരുക്കിയതുകൊണ്ടാണ്. വ്യക്തിപരമായി തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് അത് കിട്ടിയത്. ഇന്‍സ്ട്രുമെന്റേഷന്റെ രാജസ്ഥാനിലെ ആസ്ഥാനം അടച്ചുപൂട്ടിയപ്പോള്‍ പാലക്കാട് യൂണിറ്റിനെ നിലനിര്‍ത്താന്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടു. പാലക്കാട് യൂണിറ്റിനെ രക്ഷിക്കാന്‍ എന്ത് നിര്‍ദ്ദേശമാണ് നിങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ വച്ച നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കുക എന്നത്. അത് അദ്ദേഹം അംഗീകരിച്ചു. ഭാഗ്യത്തിന് തൊട്ടുപിന്നാലെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പത്ത് ദിവസത്തിനകം ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു. മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പ്രത്യേകം വ്യക്തിപരമായ താത്പര്യമെടുത്തുകൊണ്ടാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ എടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ അത് ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നതും. അത് നിലനിര്‍ത്താന്‍ കഴിഞ്ഞത് എനിക്ക് ചാരിതാര്‍ഥ്യമുള്ള ഒരു കാര്യമാണ്. മൂന്നാമത്തെ കാര്യം, ബിഇഎംഎല്‍, ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനമാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് ആ സ്ഥാപനം വില്‍ക്കാന്‍ എടുത്ത തീരുമാനത്തിനെതിരെ പാര്‍ലമെന്റിനകത്ത് ഞാന്‍ തുടര്‍ച്ചയായി പോരാടിയിട്ടുണ്ട്. പുറത്ത് തൊഴിലാളികള്‍ക്കൊപ്പം നിന്നും ഫൈറ്റ് ചെയ്തു. ആ പോരാട്ടം ഭാഗിക വിജയം കണ്ടു. തത്ക്കാലം ആ തീരുമാനം അവര്‍ക്ക് മാറ്റിവക്കേണ്ടി വന്നു. ഉപേക്ഷിച്ചു എന്ന് ഞാന്‍ പറയില്ല. എന്നാലും മാറ്റിവച്ചു. റഫേലിന്റെ രണ്ടാം പതിപ്പായി അത് മാറുമായിരുന്നു. അറുപത്തയ്യായിരം കോടി ആസ്തിയുള്ള ബിഇഎംഎല്‍ ചുളുവിലയ്ക്കാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നെ മണ്ഡലത്തിലെ പൊതുവായ കാര്യങ്ങള്‍- നവീനമായ ആശയങ്ങള്‍ നടപ്പാക്കാനാണ് ശ്രമിച്ചത്. അതില്‍ നല്ലനിലയില്‍ വിജയം കാണാനും കഴിഞ്ഞിട്ടുണ്ട്. പ്രതിവര്‍ഷം 25,000 ഡയാലിസിസ് സൗജന്യമായി നടത്തുന്നതടക്കം രണ്ട് ഡയാലിസിസ് സെന്റര്‍, ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് കീമോതെറാപ്പി സെന്റര്‍, ആധുനിക ബ്ലഡ് ബാങ്ക്, ട്രോമാകെയര്‍ യൂണിറ്റ്, മണ്ഡലത്തിലുടനീളം ഓപ്പണ്‍ ജിംനേഷ്യങ്ങള്‍, വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയിട്ടുള്ള ഡിജിറ്റല്‍ ലേണിങ് ഇനീഷ്യേറ്റീവ് പോലുള്ള പദ്ധതികള്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ജനകീയ സ്‌കോളര്‍ഷിപ്പ് പദ്ധതി, പാസ്‌പോര്‍ട്ട് ഓഫീസ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്.

പാലക്കാട്ടെ കാര്‍ഷിക മേഖല

കേന്ദ്രസര്‍ക്കാര്‍ പൊതുവില്‍ കാര്‍ഷിക മേഖലയോട് പുലര്‍ത്തുന്ന അവഗണനയുടെ പ്രത്യാഘാതം മറ്റെല്ലായിടത്തുമെന്ന പോലെ പാലക്കാടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി കൃഷിക്കാരെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അത് കര്‍ഷകര്‍ക്ക് വലിയൊരാശ്വാസം നല്‍കുന്നുമുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍