UPDATES

ഇനിയും യുവതികളെ കയറ്റിയാല്‍ നാമജപം മാത്രമായിരിക്കില്ല പോംവഴി: ശബരിമല പ്രക്ഷോഭത്തിന് അണിയറയില്‍ ചുക്കാന്‍ പിടിച്ച സ്വാമി അയ്യപ്പദാസ്/അഭിമുഖം

അഞ്ച് സീറ്റ് ബിജെപിക്കും, രണ്ട് സീറ്റ് സിപിഎമ്മിനും ബാക്കി 13 സീറ്റ് യുഡിഎഫിനും കിട്ടുമെന്ന് ഞാനൊരു പ്രവചനം നടത്തുകയാണ്. രണ്ട് സീറ്റ് ഉറപ്പ്- അത് പത്തനംതിട്ടയും തിരുവനന്തപുരവും ആണ്

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശബരിമലവിഷയത്തെ ആളിക്കത്തിച്ച് അതൊരു പ്രക്ഷോഭമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ചാലങ്കോട് രാജന്‍ എന്ന സ്വാമി  അയ്യപ്പദാസ്. ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലായി പടര്‍ന്നു കിടക്കുന്ന, ആര്‍എസ്എസിന്റെ ഉപസംഘടനയായ അയ്യപ്പ സേവാ സമാജത്തിന്റെ സ്ഥാപകനും അമരക്കാരനുമാണ് അയ്യപ്പദാസ്.  ശബരിമല യുവതീപ്രവേശനത്തില്‍ തുടക്കത്തില്‍ അനുകൂല നിലപാടെടുത്ത പരിവാര്‍ സംഘടനകളെ പിന്നീട് മാറ്റി ചിന്തിപ്പിച്ചതെന്താണ്? പിന്നീട് നടന്ന സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പ്രേരകശക്തിയായി നിന്നതാരാണ്? ഇതിന്റെയൊക്കെ ഉത്തവരവും ചെന്നവസാനിക്കുന്നത് തൊടുപുഴയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ഉള്ളിലേക്ക് യാത്രചെയ്യുമ്പോഴുള്ള ചാലങ്കോട് ഗ്രാമത്തിലെ അയ്യപ്പദാസിലാണ്- [ചാലങ്കോട് രാജന്‍ അയ്യപ്പ ദാസ് എന്ന ശബരിമല പോരാളിയായത് ഇങ്ങനെയാണ്] സ്വാമി അയ്യപ്പദാസ്‌ അഴിമുഖത്തോട് സംസാരിക്കുന്നു.

ശബരിമലകേസും സ്ത്രീപ്രവേശനവും

ശബരിമല കേസ് തുടങ്ങുന്നത് 2006-ലാണ്. യങ് ലോയേഴ്‌സ് അസോസിയേഷന്‍ എന്ന് പറയുന്ന സംഘടന ശബരിമലയില്‍ സ്ത്രീപ്രവേശനം നിഷേധിച്ചിരിക്കുന്നു എന്നാണ് അവകാശപ്പെട്ടത്. സ്ത്രീപ്രവേശനവും യുവതീപ്രവേശനവും രണ്ടാണ്. പ്യൂബര്‍റ്റി പിരീഡിലുള്ള സ്ത്രീകളെയാണ് യുവതികള്‍ എന്ന് ഉദ്ദേശിക്കുന്നത്. ശബരിമല തീര്‍ഥാടനത്തിന്റെ ഏറ്റവും കാതലായ ഭാഗം എന്ന് പറയുന്നത് ബ്രഹ്മചര്യമാണ്. പക്ഷെ ബ്രഹ്മചര്യം എന്നതിനെ പരിഹാസത്തോടെ കാണുന്നയാളുകളാണ് ഏറെയും. കാരണം നമ്മുടെ നോട്ടത്തില്‍ കന്യാസ്ത്രീകളും അച്ചന്‍മാരും വിവാഹം കഴിക്കാത്തവരാണ്. എന്നാല്‍ സഭാ മതിലിന് പുറത്ത് പോയിക്കഴിഞ്ഞാല്‍ അവര്‍ വിവാഹം കഴിക്കുന്നു. അപ്പോള്‍ വിവാഹം കഴിക്കാതെ പിന്തുടരുന്ന ജീവിതമാണ് ബ്രഹ്മചര്യം എന്നാണ് സാധാരണ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി വച്ചിരിക്കുന്നത്. അഷ്ടവിധ മൈഥുനങ്ങളില്‍ നിന്നും മനസ്സിനെ മുക്തമാക്കാന്‍ കഴിയുന്ന വ്യക്തിയെ മാത്രമേ ബ്രഹ്മചാരി എന്ന് പറയാന്‍ കഴിയൂ. എന്നാല്‍ അതിന്റെ വലുപ്പം ആധുനിക തലമുറയ്ക്കറിയാത്തതുകൊണ്ടാണ് ബ്രഹ്മചാരികളേയും സന്യാസികളേയും പരിഹസിക്കുന്നത്. അയ്യപ്പന് ഏറ്റവും ഇഷ്ടമുള്ള ആചാരം എന്ന് പറയുന്നത് ബ്രഹ്മചര്യമാണ്.

ശബരിമലയ്ക്കും ഹിന്ദുക്കള്‍ക്കുമെതിരെ

പൊന്നമ്പലമേട്ടില്‍ കത്തുന്ന വിളക്ക്, അത് കത്തുന്ന വിളക്കാണോ കത്തിക്കുന്ന വിളക്കാണോ എന്ന് സംശയം ചോദിച്ചത് ഉന്നത നീതിപീഠമാണ്. ഗോവയില്‍ ഒരു പള്ളിയില്‍ ഒരു മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ മൃതദേഹമാണ് അതെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ വിശ്വാസം. ആ മൃതദേഹം സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ തന്നെയാണെന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിക്കാന്‍ ഈ സമയം വരെ ഒരാളും തയ്യാറായിട്ടില്ല. ഇതേപോലെ തന്നെ കശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയില്‍ ഒരു മുടി സൂക്ഷിച്ചിട്ടുണ്ട്. വിശ്വാസികളുടെ വിശ്വാസം അത് മുഹമ്മദ് നബിയുടേതാണെന്നാണ്. ആരും ഇതേവരെ അതിനെക്കുറിച്ച് സംശയം പറയുന്നില്ല. പക്ഷെ കോടാനുകോടി ആളുകള്‍ പൂജിക്കുന്ന, വിശ്വസിക്കുന്ന, ദേവന്‍മാര്‍ ദേവനെ പൂജിക്കുന്നു എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്ന പൊന്നമ്പലമേട്ടില്‍ കാണുന്ന, ദിവ്യജ്യോതി എന്ന് മറ്റുള്ളവര്‍ പറയുന്ന മകരജ്യോതി- അത് കത്തുന്നതാണോ കത്തിക്കുന്നതാണോ എന്ന് ചോദ്യം വളരെ ആലോചിച്ച് ചെയ്യേണ്ടതായിരുന്നു. മറ്റുമതങ്ങളെക്കുറിച്ച് ഒരു അഭിപ്രായവും പ്രകടിപ്പിക്കാത്തവര്‍ വിശ്വാസങ്ങളേയും ആചാരങ്ങളേയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഇക്കാര്യം ചോദിക്കുകയാണ്.

സ്ത്രീകള്‍ പ്രവേശിച്ചപ്പോള്‍

പതിനെട്ട് പടികളും പതിനെട്ട് തത്വങ്ങളാണ്. ആ പതിനെട്ട് തത്വങ്ങളും സാധാരണ അവിടെ ചെല്ലുന്ന ജനങ്ങളിലുള്ളതാണ്. മറ്റ് ക്ഷേത്രങ്ങളിലെത്തുന്നവര്‍ ഭക്തര്‍ മാത്രമാണ്, എന്നാല്‍ ശബരിമലയില്‍ എത്തുന്നത് അയ്യപ്പനായാണ്. അയ്യപ്പനായി നിങ്ങള്‍ മാറുന്നു. ആ മാറ്റം ബോധ്യപ്പെടണമെങ്കില്‍ ഈ പതിനെട്ടാംപടി കയറണം. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് രണ്ട് ‘അലവലാതി’കളെ മുകളില്‍ കൊണ്ടുപോയി. പക്ഷെ ആ കൊണ്ടുവന്നവര്‍ക്ക് പതിനെട്ടാംപടിയുമായി യാതൊരു ബന്ധവുമില്ല. അവര്‍ പുറക് വശത്തുകൂടി കയറി ഭഗവാന്റെ മുമ്പില്‍ ഞാന്‍ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച പോലെ ആ മുഖമൊന്ന് കാണിച്ചു. തൊഴാന്‍ പോലും തയ്യാറാവാത്ത അവര്‍ ഭക്തരല്ല. ഭക്തരല്ലാത്ത ആളുകളെ കൊണ്ടുവന്ന സര്‍ക്കാരാണ് അതില്‍ കുറ്റവാളി. അതിലെല്ലാമുപരി അവര്‍ അവിടെ കയറിയതിന് തന്ത്രിക്ക് അനുഷ്ഠിക്കേണ്ട ക്രിയ എന്ന് പറയുന്നത് ക്ഷേത്രാചാര കര്‍മ്മങ്ങളിലെ ചോരക്രിയ മാത്രമേയുള്ളൂ. അതായത് കള്ളന്‍ കറിയാല്‍ ചെയ്യുന്ന ക്രിയ. അരമണിക്കൂര്‍ പോലും ചെലവഴിക്കാതെയാണ് നട തുറന്നത് എന്ന് കടകംപള്ളി പറഞ്ഞത് അദ്ദേഹത്തിന് ഇതൊന്നും അറിയാത്തതുകൊണ്ടാണ്. എന്നാല്‍ അഹങ്കാരത്തിന് കയ്യുംകാലും വച്ചത് ഞാനാണോ എന്ന ഭാവത്തിലാണ് നടപ്പ്. കാരണം പതിനെട്ടാംപടി കയറിയാലേ ആചാരധ്വംസനം വരികയുള്ളൂ. ശബരിമലയില്‍ കനകദുര്‍ഗയും ബിന്ദുവും പ്രവേശിച്ചെങ്കില്‍ മോഷ്ടാക്കള്‍ക്ക് തുല്യരായിട്ടാണ് അവിടെ കയറിയത്.

കര്‍മ്മസമിതി രൂപീകരണത്തിന് ശേഷം

ശബരിമല കര്‍മ്മ സമിതി രൂപവല്‍ക്കരിച്ചതിന് ശേഷമാണ് ഞാനും ശശികലടീച്ചറും എസ്.ആര്‍.ജെ കുമാറും ഉള്‍പ്പെടുന്നവര്‍ വെള്ളാപ്പള്ളി നടേശനെ കാണുന്നത്. ഏതാണ്ട് ഒരു മണിക്കൂറിലധികം സമയം അദ്ദേഹവുമായി സംസാരിച്ചു. അന്ന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പോറല്‍ പോലും ഏല്‍ക്കാതെ കാത്തുസൂക്ഷിക്കേണ്ടതാണ് എന്ന കാര്യമാണ് വെള്ളാപ്പള്ളി വ്യക്തമായി പറഞ്ഞത്. ആ ചര്‍ച്ചയില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രീതി നടേശന്‍ വന്ന് അഭിപ്രായങ്ങള്‍ വ്യക്തമാക്കി. ആര് ഏറ്റെടുത്തിട്ടായാലും എങ്ങനെയായാലും ശബരിമലയില്‍ ഒരു പോറല്‍ പോലും ഏല്‍ക്കരുത് എന്നാണ് അവര്‍ പറഞ്ഞത്. അതിന് ശേഷം വളരെ ശക്തമായ സമീപനം ഉണ്ടായത് എന്‍എസ്എസിന്റെ ഭാഗത്തുനിന്നാണ്. മന്നത്തു പത്മനാഭന്‍ എന്ന വ്യക്തത്വത്തിന് തത്തുല്യമായി തന്നെ ഇന്നത്തെ എന്‍എസ്എസിന്റെ സാരഥി സുകുമാരന്‍ നായര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് പറയാം. ആരുണ്ട് ഹിന്ദുവിന് ചോദിക്കാന്‍ എന്ന് ചോദ്യമുയര്‍ന്നാല്‍ ഞാനുണ്ട് എന്ന് പറയാന്‍ തക്ക പദവിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുന്നു. ആദ്യം പറഞ്ഞ വാക്കില്‍ നിന്ന് അണുവിട മാറാതെ, ഭീഷണികളും സമ്മര്‍ദ്ദങ്ങളുമുണ്ടായിട്ടും, സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്ത് സൂക്ഷിക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിന് ശേഷം ജാതിസംഘടനകള്‍ എന്ന് പറഞ്ഞ് കേരളത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന മുഴുവന്‍ സംഘടനകളും ശബരിമല കര്‍മ്മ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും അതിന്റെ നേതൃത്വം അംഗീകരിച്ച് നേതൃത്വത്തിലേക്കും കടന്നുവന്നു.

ഏറ്റവും ഒടുവില്‍ നടന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ 300 പേര്‍ അണിനിരന്ന വേദിയില്‍ അണിനിരന്ന കൂട്ടത്തില്‍ ഇരിക്കാന്‍ സാധിച്ച വ്യക്തി എന്ന നിലയ്ക്ക് പറയാം, ആര് വിചാരിച്ചാലും കേരളത്തിലെ ജനങ്ങളെ ഇനി ഭിന്നിപ്പിക്കാന്‍ സാധിക്കില്ല. അതിന് വഴിമരുന്നിട്ട അയ്യപ്പനും കാരണഭൂതനായ പിണറായി വിജയനും ഒരേപോലെ ഇക്കാര്യത്തില്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി തന്നിട്ടുണ്ട്. അക്കാര്യത്തില്‍ മാത്രം മുഖ്യമന്ത്രിയോട് നന്ദിയും അറിയിക്കുകയാണ്.

പാകപ്പിഴകള്‍

കര്‍മ്മസമിതി സമരം ഏറ്റെടുത്തതിന് ശേഷം, തുറന്നുപറയുകയാണെങ്കില്‍, ചില കാര്യങ്ങളില്‍ പാകപ്പിഴകളുണ്ടായി. ശബരിമല എന്ന് പറയുന്നത് എക്കാലത്തും രാഷ്ട്രീയ വിമുക്തമായി നിലനില്‍ക്കേണ്ട സ്ഥലമാണ്. അതുകൊണ്ട് തന്നെ ശബരിമലയില്‍ മിനിറ്റിന് മിനിറ്റിന് പത്രസമ്മേളനവും പത്രക്കാരെ കാണുന്നതുമായുള്ള നടപടികള്‍, ആരായിരുന്നാലും അവരത് ഒഴിവാക്കേണ്ടതായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരെല്ലാം അവിടെ വന്നിരുന്നു. അവരോരോരുത്തരും അവരവരുടെ ഇഷ്ടത്തിന് പ്രസ്താവന കൊടുത്താല്‍ ശബരിമല എന്നും കലുഷിതമായി നിര്‍ത്താനേ സാധിക്കുകയുള്ളൂ. വിശ്വാസികളുടെ പ്രതിനിധികളാണ് ഞങ്ങള്‍ എന്ന് പറഞ്ഞ് വരുന്നവരാണെങ്കില്‍ പോലും പമ്പയ്ക്കിപ്പുറത്തേക്ക് കടന്നുവന്ന് അത്തരത്തില്‍ ഒരു അവസ്ഥ സൃഷ്ടിക്കുന്നത് ഒട്ടും ശരിയല്ല.

അനാവശ്യ വിവാദങ്ങള്‍

ശബരിമലയില്‍ എത്തിയ ഒരു അമ്മയെ തേങ്ങകൊണ്ട് എറിയാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് സുരേന്ദ്രന്റെ പേരില്‍ കേസെടുത്തതും ജയിലിലടച്ചതും ഒക്കെ എല്ലാവര്‍ക്കും അറിയാം. സുരേന്ദ്രനെ പോലെ മാന്യനായ ഒരു വ്യക്തിക്ക് ഒരു അമ്മയെ എന്നല്ല തത്തുല്യനായ ഒരു ശത്രുവിന് നേരെ പോലും ആയുധമെടുത്ത് പെരുമാറാനുള്ള മന:സ്ഥിതി ഉണ്ടായി എന്ന പറയുന്നത് ശരിയല്ല. കയ്യില്‍ കരുതിയിരുന്നത് നാളികേരം, അദ്ദേഹം ഒരുപക്ഷേ കയ്യുയര്‍ത്തി സംസാരിച്ചിട്ടുണ്ടാവാം. പക്ഷെ പോലീസിനെ കയറൂരി വിട്ട് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. ഹിന്ദുത്വത്തെയും ശബരിമല ക്ഷേത്രത്തേയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും നശിപ്പിക്കും, നശിപ്പിച്ചേ അടങ്ങൂ എന്ന പ്രഖ്യാപിച്ച പല പ്രമുഖരില്‍ ഒരു പ്രമുഖന്‍ കര്‍ട്ടന്റെ പിറകില്‍ മറഞ്ഞിരുന്ന് പ്രവര്‍ത്തിച്ചയാളാണ്. അഴിമതിക്ക് പേരുകേട്ട ചീഫ് സെക്രട്ടറി ടോം ജോസ് ആണത്. അതുപോലെ എഡിജിപി മനോജ് എബ്രഹാം. അദ്ദേഹം വീട്ടില്‍ തന്നെ കൊട്ടും പാട്ടും നടത്തുന്ന പെന്തക്കോസ്ത് വിഭാഗത്തില്‍ ഉള്ളയാളാണ്. ഞാന്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല എന്നത് പോലെ എന്റെ വിശ്വാസം പോലെ മറ്റുള്ളവരുടെ വിശ്വാസത്തെ പൂര്‍ണമായും അംഗീകരിക്കാനുള്ള മനസ്സ് എനിക്കും ഉണ്ടാകേണ്ടതുണ്ടെന്ന തോന്നലാണ് അദ്ദേഹം സൂക്ഷിക്കേണ്ടത്. അതിന് പകരം മറ്റുള്ളവരുടെ വിശ്വാസങ്ങളെല്ലാം കാടത്തം നിറഞ്ഞതാണെന്നും തന്റെ വിശ്വാസം മാത്രമാണ് ഏറ്റവും ശ്രേഷ്ഠവുമെന്ന് വിചാരിക്കുന്നത് ഇതര മതങ്ങള്‍ തങ്ങളിലൂടെ മാത്രം ഈശ്വരനെ കണ്ടെത്താമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. മൂന്നാമത്തെയാള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ തന്നെയാണ്. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ശബരിമല ഇത്രയും കലുഷിതമാക്കിയത്. പത്തനംതിട്ട എസ്.പി ടി. നാരായണന്‍, കോട്ടയം എസ്.പി ഹരിശങ്കര്‍ ഇവര്‍ക്കും ആരെല്ലാം മാപ്പ് നല്‍കിയാലും, ആരുടെയെല്ലാം കണ്ണുവെട്ടിച്ചാലും, ഏതെല്ലാം പൊസിഷനിലെത്തിയാലും ഭഗവാന്‍ അയ്യപ്പന്‍ അതിന് തക്ക ശിക്ഷ കൊടുക്കും എന്ന് വിശ്വസിക്കുന്ന വിശ്വാസികളുടെ കൂട്ടത്തിലുള്ള ഒരു സാധാരണ വിശ്വാസിയാണ് ഞാന്‍.

സുപ്രീംകോടതി വിധിയില്‍ ഇത് എപ്പോള്‍ നടപ്പാക്കണമെന്ന ഉത്തരവില്ല. ഇത് ഞങ്ങളുടെ ഒരു തീരുമാനമാണ് എന്ന് മാത്രമല്ലാതെ നടപ്പാക്കണം എന്ന് പറഞ്ഞിരുന്നില്ല. നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള നൂറിലേറെ വിധികള്‍ കെട്ടുകെട്ടി സൂക്ഷിച്ചിട്ടുള്ള സര്‍ക്കാരാണ് ഇത്തരത്തിലൊരു തീരുമാനം ഇല്ലാതിരുന്നിട്ടുകൂടി ഭക്തജനങ്ങളുടെ ഇടയില്‍ നുഴഞ്ഞുകയറ്റക്കാരെ കൊണ്ടുവന്ന്, ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ ധ്വംസിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച് ശബരിമല കലുഷിതമാക്കിയത്. ശബരിമലയില്‍ എത്തിയേക്കാമായിരുന്ന തീര്‍ഥാടകരില്‍ ഒരു കോടിയാളുകളുടെ കുറവുണ്ടാക്കിയത് സര്‍ക്കാരും നട്ടെല്ലില്ലാതെ പ്രവര്‍ത്തിച്ച ദേവസ്വം ബോര്‍ഡുമാണ്.

നാമജപം മാത്രം എന്ന തീരുമാനം

നാമജപം മാത്രം മതി, യാതൊരു കാരണവശാലും മുദ്രാവാക്യം വിളിക്കരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു. നാമജപം തെറിയാണെന്ന് പറയുന്ന മന്ത്രിയാണ് നമുക്കുള്ളത്. മുദ്രാവാക്യമാണ് വിളിച്ചിരുന്നതെങ്കില്‍ ആ അവകാശവാദം അംഗീകരിക്കാമായിരുന്നു. ഇത് ഇവര്‍ ഉന്നയിക്കും എന്ന് ബോധ്യപ്പെട്ടുകൊണ്ട് തന്നെയാണ് ശബരിമല കര്‍മ സമിതി വളരെ ശക്തമായ സമീപനം സ്വീകരിച്ചത്. സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രം മാത്രം ഉരുവിടാന്‍ നിഷ്‌കര്‍ഷിച്ചു. ആ നിഷ്‌കര്‍ഷ അവസാന ദിവസങ്ങളുടെ രണ്ട് ദിവസം മുമ്പ് വരെ നിലനിര്‍ത്താന്‍ സാധിച്ചു. അവസാന ദിവസങ്ങളില്‍ ഇനിയും നാമജപത്തില്‍ അര്‍ഥമില്ല എന്ന് തീരുമാനിക്കേണ്ടുന്ന സാഹചര്യം അധികാരികള്‍ തന്നെ സൃഷ്ടിച്ചെടുത്തതാണ്. വേണ്ടിവന്നിരുന്നുവെങ്കില്‍ കയ്യാങ്കളിയിലേക്ക്, അല്ലെങ്കില്‍ മാന്‍ഹാന്‍ഡ്‌ലിങ് എന്ന അവസ്ഥയിലേക്ക് കടന്നുവരുമായിരുന്നു. സര്‍ക്കാര്‍ വീണ്ടും യുവതികളെ കൊണ്ടുവരാന്‍ തയ്യാറായിരുന്നെങ്കില്‍ കൊണ്ടുവരപ്പെട്ടവര്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാവുമായിരുന്നു. അത് അറിയാതെയല്ല, അറിഞ്ഞുകൊണ്ട് തന്നെയാണ് ചെയ്യുന്നത്. അത് നാളെയായാലും അങ്ങനെയാവും. കാരണം നാമജപത്തിന്റെ അവസ്ഥ വിട്ടു. നാമജപം മൂന്ന് മാസത്തോളം ഞങ്ങള്‍ തുടര്‍ന്നു. നാമം ജപിച്ചിരുന്നവരെ തിരഞ്ഞുപിടിച്ച് ഫോട്ടോ എടുത്ത് അവര്‍ക്കെതിരെ കേസ് എടുക്കുക എന്ന് പറഞ്ഞാല്‍ ഇത്രയും വകതിരിവുകെട്ട ഒരു സര്‍ക്കാരിനെ ലോകത്തിലെവിടെയെങ്കിലും കാണിക്കാന്‍ സാധിക്കുമോ? സര്‍ക്കാരല്ലേ പകപോക്കിയത്. പിണറായി വിജയന്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ജയരാജനും കണ്ണൂര്‍ ലോബിയില്‍ പെട്ട പോലീസ് അധികാരികളും ആ ലോബിയില്‍ പെട്ട പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികളും, ലോബിയില്‍ പെട്ട മറ്റാര്‍ക്കും അറിയാത്ത ആളുകളും, അതില്‍ ഡിവൈഎഫ്‌ഐ വരെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു- എല്ലാം ചേര്‍ന്നാണ് ഈ വിഷയങ്ങള്‍ മുഴുവന്‍ ശബരിമലയിും പമ്പയിലും നിലയ്ക്കലും ഉണ്ടാക്കി തീര്‍ത്തത്. ലോക്കല്‍ പോലീസില്‍ ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. അത് അറിയാമെങ്കില്‍, അറിയാം എന്ന് ഞാന്‍ പറയില്ല, അത് എസ്.പി ടി. നാരായണനും എസ്.പി ഹരിശങ്കറിനും മാത്രമായിരിക്കും. കാരണം പിണറായിയെ അങ്കിള്‍ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം നില്‍ക്കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം.

ശരണമന്ത്രം വിളിക്കല്‍ ഒരു തന്ത്രം

ഏറ്റവും കുറവ് ശരണം വിളിക്കുന്നത് മലയാളികളാണ്. പക്ഷെ അയ്യപ്പന് ഏറ്റവും ഇഷ്ടം മലയാളികള്‍ ശരണം വിളിക്കുന്നതാണ്. അതുകൊണ്ട് ശരിക്കും ഒന്ന് ശരണം വിളിക്കാന്‍ പഠിപ്പിച്ചുകളയാമെന്ന് തീരുമാനിച്ചു. എനിക്ക് തോന്നുന്നത് ഏതാണ്ട് രണ്ട് കോടി ജനങ്ങളും ആണ്‍-പെണ്‍ പ്രായവ്യത്യാസമില്ലാതെ തെരുവിലിറങ്ങി. അമ്മൂമ്മമാരിറങ്ങി, ഒരിക്കല്‍ പോലും പുറത്തിറങ്ങിയിട്ടില്ലാത്ത യുവതികളും ഇറങ്ങി. എവിടെവരെ പോയോ അവിടെയൊന്നും ആരും വേറൊരു വാക്കുപോലും വിളിച്ചിട്ടില്ല. എല്ലാവരും വിളിച്ചത് ശരണമന്ത്രമാണ്. ശബരിമലയില്‍ നടന്നിരുന്ന ആചാരപരമായ ശരണം വിളി എങ്ങനെയാണോ അത് കേരളത്തിലെ റോഡുകളില്‍ അങ്ങോളമിങ്ങോളം കേള്‍പ്പിക്കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ഇവിടുത്തെ അന്തരീക്ഷം കുറേ ശുചിയായിട്ടുണ്ട്. ക്രിസ്ത്യാനികള്‍ വീടുകളില്‍ പ്രാര്‍ഥിക്കുന്നതിന് മാത്രമേ ഇന്‍ഡിവിജ്വാലിറ്റിയുള്ളൂ. ബാക്കിയുള്ളതെല്ലാം കൂട്ടപ്രാര്‍ഥനയാണ്. മുസ്ലീങ്ങള്‍ ദിവസത്തില്‍ അഞ്ച് നേരെ പ്രാര്‍ഥിക്കുന്നതും കൂട്ടപ്രാര്‍ഥനാണ്. കൂട്ടപ്രാര്‍ഥനയ്ക്ക് അസാധാരണമായ ഒരു ശക്തി ഉണ്ട് എന്ന് തെളിയിക്കുന്നതാണ് അവരുടെ ഐകമത്യം. ഹിന്ദുക്കളുടെ ഐകമത്യം ഇല്ലാത്തതിന് കാരണം കൂട്ടപ്രാര്‍ഥനയില്ലാത്തതുകൊണ്ടാണ്. പക്ഷെ അതിന് പകരം അയ്യപ്പ സ്വാമിയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് വന്നപ്പോള്‍ ആബാലവൃദ്ധം എന്നോ നായര്‍ മുതല്‍ നമ്പൂതിരി വരെയുള്ളവരെന്നോ പറഞ്ഞാല്‍ പോര, കുറേ സ്ഥലത്തെ ക്രിസ്ത്യാനികളും പുറത്തിറങ്ങി. ചില സ്ഥലത്ത് മുസ്ലീങ്ങളും ഇറങ്ങി. ഇവരെല്ലാവരും കൂടി ശരണം വിളിച്ചു.

പേടിപ്പിച്ച് ഓടിക്കല്‍ തന്ത്രം

രക്തരൂക്ഷിതമായ ഒരു വിഷയം അവിടെയുണ്ടാവില്ല. നീലിമലയിലേക്ക് കയറുമ്പോള്‍ ഒരു ഹുങ്കാര ശബ്ദം കേള്‍പ്പിച്ചാല്‍ പിന്നെ അവര്‍ പോണ വഴി കാണില്ല. വേറെ ഒന്നും ചെയ്യണ്ട. മനിതി സംഘം വന്നപ്പോള്‍ ഒരു സൂചന കൊടുത്തതാണ്. ഇറക്കം ഇറങ്ങി വരുന്നവര്‍ അങ്ങോട്ട് വരുന്നു എന്ന കണ്ടാല്‍ കയറ്റം കയറി വരുന്നവര്‍ മാറും. ആ മാറിയതാണ് മനിതി കൂട്ടായ്മ വന്നപ്പോള്‍ കണ്ടത്. ആ പോലീസ് ഓഫീസര്‍ പോയ വഴികണ്ടില്ല. അതിനൊക്കെ ഉപദ്രവിക്കാമായിരുന്നു. ഉപദ്രവിച്ചില്ലല്ലോ? ഞങ്ങള്‍ കൃത്യമായിത്തന്നെ അതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്യത്തെ ഭാഗങ്ങളില്‍ ഒമ്പത് ദിവസത്തോളം ഞാന്‍ അവിടെത്തന്നെയുണ്ടായിരുന്നു.

“രണ്ടു കോടി ജനങ്ങള്‍ തെരുവിലിറങ്ങി ശരണം വിളിച്ചു, കേരളം ശുദ്ധമായി” സ്വാമി അയ്യപ്പദാസ്/ വീഡിയോ കാണാം..

മലയരയരുടെ അവകാശം

ശബരിമല ക്ഷേത്രത്തിലെ മകരവിളക്ക് ദിവസം എത്രപേര്‍ അവിടെ വരുമായിരുന്നു എന്നത് സംബന്ധിച്ച ചില വിവരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട രേഖകളൊന്നും നമ്മുടെ കൈവശമില്ല. പക്ഷെ അവിടുത്തെ ഉത്സവങ്ങളെക്കുറിച്ചും അതില്‍ പങ്കെടുക്കുന്നവരെക്കുറിച്ചും പങ്കെടുത്തിരുന്നവരുടെ എണ്ണത്തെക്കുറിച്ചുമൊക്കെ ഏകദേശ വിവരങ്ങള്‍ ആ രേഖകള്‍ തരുന്നുണ്ട്. 200 വര്‍ഷം മുമ്പ് ആദിവാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമാണ് കാനനമേട്. ഇന്ന് ആദിവാസികളെ നോക്കിയാല്‍, അത്യപൂര്‍വമായേയുള്ളൂ. ഉള്ളവരില്‍ തന്നെ മതംമാറ്റത്തിന് വിധേയരായവരാണ് ഏറെയും. അവിടെ അവരുടെ ആചാരങ്ങള്‍ തകര്‍ത്തുകൊണ്ടാണ് അവര്‍ മതംമാറ്റത്തിന് വിധേയരായത്. മലയരയര്‍ തേനഭിഷേകം ചെയ്യുന്നവരാണ്. അത് തന്നെയാണ് പൊന്‍മുടിയിലെ കാണിക്കാരും കൊണ്ടുവരുന്നത്. കാണിക്കാര്‍ കാട്ടുകിഴങ്ങുകളും തേനും എല്ലാമാണ് ശബരിമലയിലേക്കെത്തിക്കുന്നത്. പക്ഷെ അതുകൊണ്ട് അവരുടെ അയ്യപ്പന്‍ മലദൈവം ആണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇനി അവര്‍ അകാശപ്പെടുന്നതിനുള്ള സാധ്യത- വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയിലേക്ക് പോവുന്നവഴി ഒരു അസാധാരണമായ ജനപഥം ഉണ്ടായിരുന്നു. അത് നിലയ്ക്കല്‍ ആയിരുന്നു. അവിടെയുണ്ടായിരുന്ന ജനപഥം നശിക്കാന്‍ കാരണം പറപ്പാറ്റകളുടെ ഉപദ്രവമാണെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പറപ്പാറ്റ എന്ന് പറയുന്നത് ഭീകരജീവിയാണെന്ന് തോന്നും. എന്നാല്‍ അതിലുപരിയായി, തിരുട്ട് കുടുംബം എന്നൊരു കുടുംബം ഉണ്ട്. അക്കൂട്ടര്‍ ഇവിടം ആക്രമിക്കാന്‍ വരുമെന്ന ഭയത്താല്‍ അവര്‍ നാടുവിട്ട് പോയതാണെന്ന ധ്വനിയും ഉണ്ട്. അങ്ങനെ ആ ജനക്കൂട്ടം മുഴുവന്‍ നാടുവിട്ട് പോയപ്പോള്‍ ആരാധന നടത്താന്‍ ആളില്ലാതെ വന്നപ്പോള്‍ മലയരയര്‍ അവിടെ പൂജ ചെയ്തിരിക്കാം. അങ്ങനെയായിരിക്കാം എന്നല്ലാതെ അക്കാര്യം എനിക്കറിയില്ല. നാട്ടില്‍ ക്ഷേത്രങ്ങള്‍ നിരവധിയുണ്ടെങ്കിലും ഈ ക്ഷേത്രത്തില്‍ തന്ത്രിയാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്ന പ്രത്യേകതയുണ്ട്. അവിടുത്തെ ആചാരങ്ങള്‍ തീരുമാനിച്ചത് അവിടെ പ്രതിഷ്ഠിക്കപ്പെട്ട അയ്യപ്പന്‍ തന്നെയാണ് തീരുമാനിച്ചത്.

അയ്യപ്പസേവാ സമാജം

ദേവസ്വം ബോര്‍ഡിനേക്കാള്‍ പ്രായമുള്ള ഒരു സംഘടന ശബരിമലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അഖിലഭാരത അയ്യപ്പ സേവാ സംഘം. പതിമൂന്ന് പേരാണ് ആ സംഘടനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവിലുള്ളത്. അതിലൊരാള്‍ ഞാനായിരുന്നു. പില്‍ക്കാലത്ത് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ചില കുറവുകള്‍ കാണാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രതിനിധാനം വളരെ കുറയുന്നു എന്നതാണ് അതില്‍ വളരെ പ്രധാനമായ കുറവ്. അതിനൊരു മാറ്റം വരുത്തണമെന്ന് ഉദ്ദേശിച്ചുകൊണ്ട് 1500 പേരടങ്ങുന്ന സേവാകാര്യകര്‍ത്താക്കളെ ചുമതലപ്പെടുത്തണമെന്നുദ്ദേശിച്ച് അതിന് വേണ്ട എല്ലാ നടപടികളും മധുര എന്‍ ശ്രീനിവാസന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് ഇടക്ക് വച്ച് ഡ്രോപ്പ് ചെയ്യേണ്ട സാഹചര്യം വന്നു. ആ സംവിധാനം വന്നാല്‍ അയ്യപ്പ സേവാ സംഘത്തില്‍ പിടിമുറുക്കിയിരുന്ന ചില ഇത്തിക്കണ്ണികള്‍ക്ക് ദോഷം ഉണ്ടാവും എന്ന തോന്നലില്‍ നിന്നാണ് അതില്ലാതാവുന്നത്. ശബരിമല അയ്യപ്പ സേവാ സമാജം എന്ന സംഘടനയ്ക്ക് രൂപം കൊടുക്കണമെന്ന തോന്നലും അവിടെയാണ് ഉണ്ടാവുന്നത്. ഒരു വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളില്‍ രണ്ട് മാസം പ്രവര്‍ത്തനക്ഷമവും പത്ത് മാസം പ്രവര്‍ത്തനമില്ലായ്മയുമായിരുന്നു സേവാ സംഘത്തില്‍ ഞാന്‍ കണ്ടത്. അത് ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം തികച്ചും പോരായ്മയാണെന്ന് ബോധ്യപ്പെട്ടുകൊണ്ട് ഞാനും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് സമാജം എന്ന പ്രസ്ഥാനത്തിന് രൂപംകൊടുത്തത്. സ്വാമി അയ്യപ്പദാസ്, വി കെ വിശ്വനാഥന്‍, വി പി മന്മഥന്‍നായര്‍- ഞങ്ങള്‍ മൂന്ന് പേരാണ് അതിന് നേതൃത്വം നല്‍കിയത്. പിന്നീട് സമാജത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ വ്യാപിച്ചു എന്നതിലുപരി പതിനാറ് സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ വരെ സംസ്ഥാന, ജില്ലാ, താലൂക്ക് സമിതികളായി പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന മഹാവടവൃക്ഷമാക്കി മാറ്റാന്‍ കഴിഞ്ഞു. രൂപം കൊണ്ട് പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അത് സാധ്യമായി. ഒരു ഗുരുസ്വാമിയും കൂട്ടത്തില്‍ പതിനഞ്ച് സ്വാമിമാരും ഉള്‍പ്പെടുന്ന വ്യൂഹമാണ് സമാജത്തിന്റെ ഒരു യൂണിറ്റ്. ഇത്തരത്തില്‍ മൂന്നിലേറെ അയ്യപ്പയോഗങ്ങള്‍ ഉണ്ടെങ്കില്‍ അത് കൂട്ടിച്ചേര്‍ത്ത് താലൂക്ക് സമിതി. മൂന്നിലേറെ താലൂക്ക് സമിതികളുണ്ടെങ്കില്‍ അവയെല്ലാം ചേര്‍ന്ന് ജില്ലാ സമിതികളുണ്ടാക്കും. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ സമിതികളും അമ്പതിലേറെ താലൂക്ക് സമിതികളും മലപ്പുറം ജില്ലയില്‍ പതിനഞ്ച് പഞ്ചായത്ത് സമിതികള്‍ക്കും രൂപം നല്‍കാനായി. ഏതാണ്ട് നാനൂറിലേറെ അയ്യപ്പ യോഗങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാന തലത്തില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയും കോര്‍ കമ്മറ്റിയും ഉണ്ട്. കോര്‍ കമ്മിറ്റിയിലുള്ളവര്‍ മൂന്ന് മാസത്തിലൊരിക്കല്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ചണ്ഡിഗഡ്, ഒറീസ, ബംഗാള്‍, ബോംബെയ്ക്ക് പ്രത്യേകം എന്നിവിടങ്ങളിലെല്ലാം സംസ്ഥാന കമ്മറ്റികള്‍ ഉണ്ട്. ഇതില്‍ ചില സംസ്ഥാനങ്ങളില്‍ മാത്രം ചില ജില്ലകളില്‍ യൂണിറ്റുകള്‍ വരാതെയുണ്ട്. പത്ത്മാസം പ്രവര്‍ത്തനവും രണ്ട് മാസം വിശ്രമവും എന്നതാണ് ഞങ്ങളുടെ രീതി. ശബരിമല തീര്‍ഥാടനത്തിനെത്തുന്നയാളുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതാണ് വിശ്രമമായി കണക്കാക്കുന്നത്. അന്നദാനത്തിന് വേണ്ടുന്ന വസ്തുക്കള്‍ ശേഖരിക്കുക, നാട്ടില്‍ എന്തെങ്കിലും വിഷയമുണ്ടായാല്‍ അതില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്യുക ഇതൊക്കെയായിരിക്കും പ്രവര്‍ത്തികള്‍.

ഇപ്പോള്‍ സംസ്ഥാന സമിതിയുടെ ചുമതല വഹിക്കുന്നത് പത്മശ്രീ ലഭിച്ച സംഗീതജ്ഞൻ കെ.ജി ജയനാണ്. എന്നാല്‍ അദ്ദേഹത്തിന് ശാരീരിക അവശതകളുള്ളതിനാല്‍ ഞാന്‍ തന്നെയാണ് വര്‍ക്കിംഗ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി അങ്ങാടിപ്പുറം അരവിന്ദാക്ഷന്‍, സംഘടനാ സെക്രട്ടറി വി കെ വിശ്വനാഥനും ആണ്. വിശ്വനാഥനും ഞാനും സംസ്ഥാനത്തിന്റെ പദവി വഹിക്കുന്നതിനൊപ്പം അഖിലേന്ത്യാ തലത്തിലും പദവി വഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമല നടതുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് സന്നിധാനവും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്ന ചുമതല സംഘടനയ്ക്കാണ്. ജനുവരി 19-ന് ശബരിമല ശുചീകരണ ദിനമായി ആചരിക്കാനും അഖിലേന്ത്യാ തലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം അത് ചെയ്തു. എന്നാല്‍ ഇത്തവണ ഞങ്ങള്‍ പോയി തൊഴുതിട്ടുപോന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ശുചീകരണം നടത്തിയില്ല. എന്നാല്‍ ശബരിമലയില്‍ സംഘടനയ്ക്ക് പ്രസക്തമായ ഒരു ഭാഗം ഉണ്ടാവരുതെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹിഡണ്‍ അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാജം നടത്തിയിരുന്ന അന്നദാനം ഈ വര്‍ഷം അവര്‍ നിഷേധിച്ചു. എന്തായാലും സംഘടന വളര്‍ച്ച നേടിയിരിക്കുന്നു. ഇനി വികാസമാണ് വേണ്ടത്.

ആര്‍എസ്എസ്

സ്വാമി അയ്യപ്പദാസ് എന്ന് പറയുന്ന എനിക്ക് ആര്‍എസ്എസുമായി നല്ല ബന്ധമാണ്. പക്ഷെ അതിനര്‍ഥം ആര്‍എസ്എസുകാരന്‍ എന്നല്ല. ആര്‍എസ്എസിന്റെ പ്രചാരകന്‍മാര്‍ ഇതിനകത്തുണ്ട്. വി കെ വിശ്വനാഥന്‍ ആജീവനാന്തകാലം സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്നയാളാണ്. നല്ല കാര്യങ്ങള്‍ ചെയ്യുന്നത് ആരായിരുന്നാലും, അത് ആര്‍എസ്എസുകാരാണെങ്കില്‍ അത് അംഗീകരിക്കാനുള്ള മനസ് ജനമാണ് കാണിക്കേണ്ടത്. അതിന് പകരം ജനത്തെ തെറ്റിദ്ധരിപ്പിക്കത്തക്ക നിലയില്‍ അധികാരികളും പോലീസും ആര്‍എസ്എസ് എന്ന് പറയുന്ന ഉമ്മാക്കി കേരളത്തില്‍ ഇനി കാണിച്ചാല്‍ വിലപ്പോവില്ല. ആര്‍എസ്എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പുറമെ നിന്ന് വിമര്‍ശിക്കുന്നതിനേക്കാള്‍ നല്ലത് അതിന്റെ ഉള്ളിലേക്ക് കടന്നുവന്നിട്ട് നിങ്ങള്‍ അത് ചെയ്തത് തെറ്റ്, ഇത് തെറ്റ് എന്ന പറയ്. അപ്പോള്‍ ശരിയും തെറ്റും വിവക്ഷിക്കാം. ആര്‍എസ്എസ് ഹിന്ദുക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് രണ്ടാമത് ആലോചിച്ചാല്‍ മതി. ഭാരതത്തിലെ മുഴുവന്‍ ജനതയും ഹിന്ദുക്കളാണ്. വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് പോലെ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളെ എന്നല്ല, മറിച്ച് ക്രിസ്ത്യാനികളും മുസ്ലിങ്ങളും എല്ലാം ഹിന്ദുക്കളാണ് എന്ന ബോധ്യത്തോടുകൂടിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഭാരതത്തില്‍ ജനിച്ച ഏതൊരു മനുഷ്യനും ഹിന്ദുവാണ് എന്ന സങ്കല്‍പ്പത്തിലാണ് സംഘം മുന്നോട്ട് പോവുന്നത്. ഞാന്‍ ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഗുണകരമാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ ആ പ്രവര്‍ത്തിക്ക് കാരണമായത് ആര്‍എസ്എസ് എന്ന മഹത്തായ സംഘടനയാണെന്ന് വിശ്വസിക്കുകയും അവസാന ശ്വാസം വരെ ഈ സംഘടനയില്‍ നിറഞ്ഞ് നില്‍ക്കാനും ആഗ്രഹിക്കുന്നു.

ആര്‍എസ്എസും സമൂഹവും

ഇപ്പോഴും സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു സമൂഹമാണ് അതില്‍ നിന്ന് മാറി നില്‍ക്കുന്നത്. അമ്പത് വര്‍ഷത്തിലധികമായി സംഘം ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട്. എങ്കിലും ഇരുപത് ശതമാനം ആളുകളെയാണ് സംഘത്തിന് വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കാന്‍ സാധിച്ചിട്ടുള്ളത്. സംഘവും നാല്‍പ്പത്തിരണ്ട് പരിവാര്‍ സംഘടനകളും ഉണ്ട്. അതില്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് ശബരിമല അയ്യപ്പ സേവാ സമാജത്തിനാണ്. കാരണം അയ്യപ്പനെയാണ് നമ്മള്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. സംഘത്തെയല്ല. ബാക്കിയുള്ളവരെല്ലാം സംഘത്തെയാണ് മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. അയ്യപ്പ സേവാ സമാജത്തിലേക്ക് കേണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുമെല്ലാം ആളുകള്‍ കടന്നുവരുന്നുണ്ട്. പക്ഷെ അവര്‍ ആ പാര്‍ട്ടിക്കാരായിരിക്കും, ഇതില്‍ വരുമ്പോള്‍ മാത്രം സമാജത്തിലുമായിരിക്കും.

സംഘത്തിന്റെ കേരളത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് തെറ്റായ ധാരണ പുലര്‍ത്താന്‍, അറിഞ്ഞോ അറിയാതെയോ അതിന്റെ ചുമതലയിലിരിക്കുന്നവര്‍ കാരണമായിട്ടുണ്ട്. കാരണം അവര്‍ സമൂഹത്തില്‍ കൊള്ളാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണോ എന്ന സംശയം മറ്റുള്ളവരില്‍ ഉണ്ടാക്കാനുതകുന്ന തരത്തിലുള്ള ചില പ്രവര്‍ത്തനങ്ങളെങ്കിലും ചിലരുടെ ഭാഗത്തുനിന്നുണ്ടായി. അത് സംഘത്തെ മൊത്തം ബാധിച്ചു. പക്ഷെ തെക്കേ ഇന്ത്യയില്‍ ഏറ്റവും ശക്തമായി സംഘടനാ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ഥലം കേരളമാണ്. 42 പരിവാര്‍ സംഘടനകളും സംഘവും ഉള്‍പ്പെടുന്ന ഈ പ്രസ്ഥാനത്തിന് കേരളത്തിലെ ജനസംഖ്യയില്‍ ഏകദേശം ഇരുപത് ശതമാനത്തോളം പേരെയാണ് പ്രതിനിധാനം ചെയ്യാന്‍ സാധിക്കുന്നത്. സംഘം ഒരിക്കലും വോട്ട് ബാങ്ക് എന്ന നിലയ്ക്ക് ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ലാത്തതുകൊണ്ട് നാസ്തിക പാരമ്പര്യത്തിലേക്ക് പോവാത്ത എല്ലാവര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ കഴിയും. കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പ്രതിനിധാനം വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാല്‍ ആര്‍എസ്പി പോലുള്ള പാര്‍ട്ടികള്‍. പക്ഷെ സിപിഎം, സിപിഐ എന്നീ പ്രസ്ഥാനങ്ങള്‍ നാസ്തിക പാരമ്പര്യം പുലര്‍ത്തുന്നവരാണ്. അന്താരാഷ്ട്ര പ്രസ്ഥാനങ്ങളാണ് ഞങ്ങള്‍ എന്ന് വിവക്ഷിക്കുന്നതുകൊണ്ട് ദേശീയ പ്രസ്ഥാനങ്ങളെ പുച്ഛത്തോടെ കാണുന്നവരാണ് അവര്‍. ഇവിടെ നാഷണലിസവും ഇന്റര്‍നാഷണലിസവും തമ്മിലുള്ള മത്സരം കടന്നുവരുന്നു. ആ മത്സരമാണ് ഇടതുപക്ഷ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ സംഘത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാന കാരണം. മറ്റേത് രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇതിലേക്ക് കടന്നുവരാം, ആകെ വേണ്ടത് ഭാരതീയ രാഷ്ടസങ്കല്‍പ്പത്തെ അംഗീകരിക്കണമെന്നതാണ്- ഇക്കാര്യം അംഗീകരിക്കാന്‍ കഴിയാതെവരുന്നതുകൊണ്ട് ഇത്രയും കുറച്ചാളുകളെ മാത്രമേ ക്രോഡീകരിക്കാന്‍ സാധിക്കുന്നുള്ളൂ.

തിരഞ്ഞടുപ്പ്

മറ്റുള്ളിടങ്ങളേക്കാള്‍ ഇവിടെ ഒരു പ്രത്യേകതയുള്ളത് പ്രബലമായ രണ്ട് കക്ഷികളാണ് ഉണ്ടായിരുന്നത്. നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്നത് പോലെ മൂന്നാമതൊരു വശം ഇല്ലായിരുന്നു. പരിവാര്‍ സംഘടനകളിലുള്ളവര്‍ ചിന്തിച്ചിരുന്നത്, നമ്മള്‍ ബിജെപിക്ക് വോട്ടുകൊടുത്താല്‍ കോണ്‍ഗ്രസുകാര്‍ കയറും. അതുകൊണ്ട് ബിജെപിക്ക് കൊടുക്കണ്ട എന്നൊരു ചിന്തയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര് കയറിയാലും അവരെ കയറ്റില്ല എന്നാലോചിക്കും. അതുകഴിഞ്ഞ് വരുന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാരന്‍ കയറും, അതുകൊണ്ട് അവര്‍ക്ക് കൊടുക്കണ്ട എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ക്ക് കൊടുക്കും. ഫലത്തില്‍ സ്വന്തം ശക്തി പുറമെ കാണിക്കണമെന്ന തോന്നല്‍ ബിജെപിയെ സംബന്ധിച്ചടത്തോളവും ഉണ്ടായിരുന്നില്ല. നിങ്ങള്‍ ആര്‍ക്ക് വോട്ടുകൊടുക്കണമെന്ന് സംഘം ഇതേവരെ നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. പക്ഷെ ഇത്തവണ അതല്ല. എന്തുവിലകൊടുക്കേണ്ടി വന്നാലും ഹിന്ദുവിന്റെ ശക്തി ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് അയ്യപ്പ ജ്യോതി തെളിയിക്കലിലൂടെ, അയ്യപ്പ സംഗമത്തിലൂടെ അപ്രഖ്യാപിതമായ അറിവ് സാധാരണക്കാരിലേക്ക് കൊടുക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അതാണ് അടുത്ത തിരഞ്ഞെടുപ്പില്‍ വ്യക്തമാവാന്‍ പോവുന്നത്. അത് ഇവിടുത്തെ ചാനലുകാര്‍ക്കോ അഭിപ്രായസര്‍വേ നടത്തുന്നവര്‍ക്കോ മനസിലായിട്ടില്ല. ജനങ്ങളുടെ മനസ്സ് പഠിക്കാനുള്ള കഴിവൊന്നും ഇവിടുത്തെ സര്‍വേക്കാര്‍ക്ക് ഉണ്ടായിട്ടില്ല. അത് 2019 തിരഞ്ഞെടുപ്പില്‍ അവര്‍ പഠിക്കട്ടെ. അഞ്ച് സീറ്റ് ബിജെപിക്കും, രണ്ട് സീറ്റ് സിപിഎമ്മിനും ബാക്കി 13 സീറ്റ് യുഡിഎഫിനും കിട്ടുമെന്ന് ഞാനൊരു പ്രവചനം നടത്തുകയാണ്. രണ്ട് സീറ്റിന്റെ കാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു- അത് പത്തനംതിട്ടയും തിരുവനന്തപുരവും ആണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍