UPDATES

ട്രെന്‍ഡിങ്ങ്

മന്ത്രിയെ കാണാന്‍ പോയാല്‍ മാവോയിസ്റ്റാക്കും; കാണൂ ഇവരുടെ ജീവിതം

ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എങ്കിലും ഞങ്ങള്‍ക്ക് ആരെങ്കിലും ചെയ്തു തരുമോ എന്നാണ് ഇവരുടെ ചോദ്യം.

Site Default

Site Default

തങ്ങളെ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇരവാലന്‍ സമുദായക്കാര്‍ പാലക്കാട് കൊല്ലങ്കോട് റവന്യൂ വില്ലേജ് ഓഫീസിനു മുന്നില്‍ കഴിഞ്ഞ 40 ദിവസത്തിലധികമായി സമരത്തിലാണ്. അതിനെക്കുറിച്ച് വായിക്കാം:

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

എന്താണ് ഇവരുടെ ഊരുകളിലെ അവസ്ഥ? 

കൊല്ലങ്കോട് നിന്ന്  എട്ടു കിലോമീറ്ററുണ്ട് കൊട്ട കുറിശ്ശിയിലേക്ക്. ബസ്സ് ഉള്ള സമയം ആണെങ്കില്‍ അങ്ങനെ പോകാം; അല്ലെങ്കില്‍ ഓട്ടോ.

പാലക്കാടന്‍ ചൂടും പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനകളും വകഞ്ഞു പിന്നെയും മുന്നിലേക്ക് രണ്ട് മൂന്നു കിലോ മീറ്റര്‍ ഉള്ളിലേക്ക് നടന്നാല്‍ ഇരവാലന്‍ സമുദായക്കാര്‍ താമസിക്കുന്ന  പുത്തന്‍പാടം ആദിവാസി ഊര് എത്തും. നെല്ലിയാമ്പതി മലയുടെ താഴ്വാരം ആണിവിടം. അവര്‍ക്കത് പെരുമാള്‍ മലയാണ്.

തിരിച്ചു കിട്ടാന്‍ ഇടയില്ലാത്ത സുഭഗങ്ങളായ  ഓര്‍മ്മകളെ പറ്റി നെടുവീര്‍പ്പിടാന്‍ പാകത്തില്‍ എല്ലാം ഇവിടെ ഉണ്ട്. ചാണകം മെഴുകി മിനുപ്പാക്കിയ തറ, ഇളം മഞ്ഞ നിറത്തില്‍ പനയോല മേഞ്ഞ ചെറു കുടിലുകള്‍. പക്ഷെ അത്ര നൊസ്റ്റാല്‍ജിയ പരുവത്തില്‍ അല്ല ഇവിടെ കാര്യങ്ങള്‍. ഒട്ടും കാല്‍പനികമല്ല അത്. വേനലും  മഴയും രാത്രിയും ഒക്കെ പലവിധ ദുരിതങ്ങളാണ് അവര്‍ക്ക് നല്‍കുന്നത്.

ഒരസുഖം വന്നാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തണമെങ്കില്‍ ഈ പത്ത് കിലോ മീറ്ററോളം വഴി ദൂരം താണ്ടണം. സ്‌കൂളിലേയ്ക്കും അത്ര ദൂരം തന്നെ.

അവരുടെ വിദ്യാഭ്യാസം

അവധി ദിവസം അല്ലാതിരുന്നിട്ടും ഒട്ടേറെ കുട്ടികള്‍ ഊരില്‍ ഉണ്ടായിരുന്നു.

“കൊട്ടക്കുറിശി പാലം വരെയേ ഓട്ടോ എത്തൂ. ഓട്ടോ പോയി. പിന്നെങ്ങനെ വിടാനാണ്”– ഊരിലെ ഒരമ്മയായ  രാധ പറയുന്നു.

ഇത് തന്നെ ആണ് അവസ്ഥ. “ഇവിടുത്തെ കുട്ടികള്‍ എട്ട്, പത്ത് ക്ലാസ് വരെയോക്കെയെ പോകാറുള്ളൂ… പ്രായമായ പെണ്‍കുട്ടികളെ ഇത്ര ദൂരം തനിച്ച് എങ്ങനെ അയയ്ക്കും?”

പത്തോ പ്ലസ് ടു വോ കഴിഞ്ഞ ആരുമില്ലേ ഇവിടെ എന്ന ചോദ്യത്തിന് മറുപടി വേഗം വന്നു: “ഐശ്വര്യ ഉണ്ട്. അവള്‍ സമരപ്പന്തലിലാണ്. പ്ലസ് ടു കഴിഞ്ഞു. തുടര്‍ന്ന് പഠിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ശരിയായില്ല. മറ്റധികം പേരും പത്ത് കഴിഞ്ഞു പോയിട്ടില്ല. അത് വരെ തന്നെയേ വിടാന്‍ ആവൂ. അത്ര സാമ്പത്തികമേ ഞങ്ങള്‍ക്ക് ഉള്ളൂ”.

പാടത്ത് പണി ഉള്ള കാലം ആണെങ്കില്‍ അതിന് പോകും. 250 രൂപ പെണ്ണിനും 400 രൂപ ആണിനും ദിവസക്കൂലി കിട്ടും“- മറ്റൊരു സ്ത്രീ പറയുന്നു.

കഥകള്‍ ഏറെയുണ്ട്, അവര്‍ക്ക് പറയാന്‍. അതിനെല്ലാം ഒരേ സ്വഭാവമാണ്; അവഗണനകള്‍.

മന്ത്രിയെ കാണാന്‍ പോയാല്‍ മാവോയിസ്റ്റാക്കും

വകുപ്പ് മന്ത്രി എ കെ ബാലനെ കാണാന്‍ ചെന്ന  കഥ അതിലൊന്നാണ്. സമരപ്പന്തലിലിരുന്ന് മണികണ്ഠന്‍ അതു പറഞ്ഞു.

“2016 ല്‍ ആണത്. വടക്കഞ്ചേരിയില്‍ ആദിവാസി കലാമേളയായ ഗദ്ദിക നടക്കുന്നു. ആവശ്യക്കാര്‍ക്ക് ഔചിത്യം ഇല്ലല്ലോ. മന്ത്രിയെ കണ്ട്  കാര്യങ്ങള്‍ നേരില്‍ ബോധ്യപ്പെടുത്താം എന്ന് കരുതിയിട്ടാണ് ഞങ്ങള്‍ അവിടെ ചെന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് മന്ത്രിയെ കാണാനോ നിവേദനം കൊടുക്കുവാനോ സാധിച്ചില്ല. പോലീസ് തടഞ്ഞു വെച്ചു. മാവോയിസ്റ്റുകള്‍ ആണെന്നാണത്രെ അവരുടെ സംശയം. മന്ത്രിക്ക് കരിങ്കൊടി കാണിക്കുമോ എന്ന പേടിയുമുണ്ടത്രെ. മന്ത്രി പോയി പിന്നെയും നാല് മണിക്കൂര്‍ കഴിഞ്ഞാണ് ഞങ്ങളെ വിട്ടയച്ചത്. ഉടുമുണ്ട് വരെ അഴിച്ചു പരിശോധിച്ചു. മുതലമട ട്രൈബല്‍ ഓഫീസര്‍ ഞങ്ങള്‍ പ്രശ്നക്കാരല്ലെന്നു  പറഞ്ഞിട്ടാണ് പിന്നീട് ഞങ്ങളെ വിട്ടയച്ചത്.”

ഭരണകൂടം ഇവരെ എങ്ങനെ കാണുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് മണികണ്ഠന്റെ വാക്കുകള്‍. ഇത് എല്ലായ്‌പ്പോഴും ആവര്‍ത്തിക്കുന്നു. എല്ലാ ഇടങ്ങളിലും. സര്‍ക്കാറുകള്‍ മാറിയാലും നേതാക്കള്‍ മാറിയാലും ഒരേ അനുഭവങ്ങള്‍. അതിനു മാത്രം എന്ത് തെറ്റാണ് തങ്ങള്‍ ചെയ്തതെന്ന് നിരന്തരം ചോദിക്കുന്നു ഇവര്‍.

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ കസ്റ്റഡിയിലെടുത്തു

പ്രസവ വേദന വന്നാല്‍?

മുകളില്‍ പറഞ്ഞത് പുറത്തെ അനുഭവം. എന്നാല്‍, ഊരിലെ കഷ്ടപ്പാടുകള്‍ ഇതിലുമേെറയാണ്. അത് യാത്രയ്ക്കിടയില്‍ കണ്ട സ്ത്രീകള്‍ പങ്കുവെച്ചു. അതില്‍ കുടിവെള്ളം ഇല്ലാത്തതിനാല്‍, ദാഹിച്ചുവലഞ്ഞത് മുതൽക്ക് പ്രസവ വേദന വരെ ഉണ്ട്.

വനംവകുപ്പുകാര്‍ ഇട്ടു കൊടുത്ത കുടിവെള്ള പൈപ്പാണ് ഇപ്പോള്‍ ഊരിലുള്ളത്. വേനല്‍ കടുക്കുമ്പോള്‍ വെള്ളം മുട്ടും. പിന്നെ പാടത്തും പുഴയരികത്തും ഒക്കെ ചേണി കുത്തി വേണം വെള്ളം എടുക്കാന്‍. ചേണി  എന്നാൽ കുഴി. മഴക്കാലത്തെ ദുരിതം ആണെങ്കില്‍ പറയുകയും വേണ്ട. വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ കടന്നു വേണം ചെറിയ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് സ്‌കൂളില്‍ എത്താന്‍. അതുകൊണ്ട് പഠനം മിക്കപ്പോഴും അവതാളത്തില്‍ തന്നെ.

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള കാര്യങ്ങളും കഷ്ടമാണ്. കക്കൂസ് പണിക്കുള്ള ലോണ്‍ പാസായെങ്കിലും പണി നടക്കുന്നില്ല; ഇതിന് വേണ്ടി അലഞ്ഞ് നടക്കാന്‍ എനിക്കിപ്പോള്‍ വയ്യാതെയും ആയി – പണി പാതിയായി നില്‍ക്കുന്ന കക്കൂസ് ചൂണ്ടിക്കാണിച്ച്  പൊന്നുവമ്മ  പറഞ്ഞു.

രാത്രി എട്ടു മണിക്ക് ശേഷം പ്രസവ വേദനയോ പാമ്പ് കടിക്കല്‍ പോലുള്ള അത്യാഹിതമോ ഉണ്ടായാല്‍ ആണ് പ്രശ്നം. പ്രസവം ആണെങ്കില്‍ മിക്കപ്പോളും ഒരുമാസം നേരത്തെ തന്നെ കൊല്ലങ്കോട് ആശുപത്രിയില്‍ കൊണ്ടു ചെന്നാക്കല്‍ ആണ് പതിവ്. അല്ലെങ്കില്‍ മുളന്തണ്ടില്‍ പുതപ്പ് കെട്ടി അതില്‍ തൂക്കി വേണം റോഡ് വരെ എത്തിക്കാന്‍. പകല്‍ ആണെങ്കില്‍ കൊട്ടകുറിശ്ശി വരെ ഓട്ടോ എത്തും. രാത്രി അതുമില്ല. രാത്രി ആരും വിളിച്ചാല്‍ വരില്ല.

“മുളന്തണ്ടില്‍ തൂക്കിയൊക്കെ എങ്ങനെ എങ്കിലും കൊല്ലങ്കോട് എത്തിച്ചാല്‍ അവിടുന്ന് പാലക്കാട് വല്യാസ്പത്രിക്ക് വിടും. ചിലപ്പോള്‍ അവിടെ പറ്റില്ല, തൃശൂര്‍ക്ക് കൊണ്ടുപോകാന്‍ പറയും. അപ്പോളേക്കും നേരം കഴിഞ്ഞു പോയിരിക്കും. പോകുമ്പോള്‍ തന്നെ ഞങ്ങള്‍ തീര്‍ച്ചയാക്കും, ഇത് തിരികെ വരാന്‍ ഉള്ള പോക്ക് അല്ലെന്ന്. അങ്ങനെ എത്ര പേര്‍ ഈ ഊരുകളില്‍ നിന്ന് തിരിച്ചുവരാതെ പോയിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?”– കൃഷ്ണന്‍ കുട്ടിയും കലാവതിയും സാധാരണ മനുഷ്യര്‍ക്ക് അപരിചിതമായ ആവലാതികള്‍ നിരത്തുന്നു .

ഒരുത്തരവും കിട്ടാത്തതാണ് ഈ മനുഷ്യര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍. അതിനെ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാവേണ്ടതുണ്ട്. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എങ്കിലും ഞങ്ങള്‍ക്ക് ആരെങ്കിലും ചെയ്തു തരുമോ എന്നാണ് ഇവരുടെ ചോദ്യം.

ചിത്രങ്ങള്‍: സുനിത മാത്യൂസ്

(തുടരും)

(c)All Rights Reserved

Site Default

Site Default

മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി, അഴിമുഖം കോളമിസ്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍