തങ്ങളെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇരവാലന്‍ സമുദായക്കാര്‍ 40 ദിവസത്തിലധികമായി സമരത്തിലാണ്; പരമ്പര തുടരുന്നു- ഭാഗം 3
തങ്ങളെ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇരവാലന്‍ സമുദായക്കാര്‍ പാലക്കാട് കൊല്ലങ്കോട് റവന്യൂ വില്ലേജ് ഓഫീസിനു മുന്നില്‍ കഴിഞ്ഞ 40 ദിവസത്തിലധികമായി സമരത്തിലാണ്; ഇരവാലന്‍ സമുദായക്കാരുടെ ജീവിതം, പരമ്പര തുടരുന്നു. ഭാഗം – 3
കൊല്ലങ്കോട് ഗ്രാമ പഞ്ചായത്തിലെ പറത്തോട് ഊരില്‍ നിന്ന് ഊര് മൂപ്പന്‍ ആറുച്ചാമിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ശരിക്കും നിങ്ങള്‍ ഇരവാലന്‍മാരല്ലേ?
ആണ്. അതു മാത്രമാണ്. ഇത്ര കാലം അതായിരുന്നു. അപ്പനും മുത്തപ്പനും ഒക്കെ പറഞ്ഞു കേട്ടതാണ് അക്കാര്യം. ഇരവാലന്‍ ആണ് ഞങ്ങളെന്ന്. അതാണിപ്പോള്‍ സര്‍ക്കാര്‍ അല്ലെന്ന് പറയുന്നത്. ഞങ്ങള്‍ എന്തിനാണ് കള്ളം പറയുന്നത്? ഇത്ര കാലത്തിനു ശേഷം നിങ്ങളെന്തിനാണ് ഞങ്ങളെ കള്ളന്‍മാരാക്കുന്നത്?
ആചാരപ്രകാരമുള്ള പഴമ ഒക്കെ പോയി. ഞങ്ങളുടെ ഭാഷ ഇപ്പോള്‍ നാട്ടു മലയാളമാണ്. അത് നോക്കിയിട്ടാവണം ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് ഞങ്ങളുടെ കുറ്റമാണോ? ആരാണ് ഞങ്ങളെ കാട്ടില്‍ നിന്നിറക്കിയത്? ആരാണ് ഞങ്ങളെ നാട്ടിലേക്ക് തള്ളിയത്? ആരാണ് ഞങ്ങളെ നാട്ടുകാരാക്കിയത്? ആരാണ് ഞങ്ങളുടെ ഭാഷ മാറ്റിയത്?
പഴയ ആളുകളൊക്കെ കാട്ടിലൊക്കെ പോകുമായിരുന്നു. കാലം മാറി. ഞങ്ങള്‍ ഇപ്പോള്‍ കാട്ടുവാസികളല്ല. പുത്തന്‍പാടവും പറക്കോട് ഊരും ചേര്‍ന്ന് ചില പൂജകള്‍ ഒക്കെ നടത്താറുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട ജോലികളാണ് ഞങ്ങള്‍ ചെയ്യുന്നത്. കൃഷിപ്പണിയും കന്ന് മേയ്ക്കലും ഒക്കെ തന്നെ. സ്വന്തമായി കൃഷിഭൂമി ഒന്നും ഇല്ല. ഈ പാടത്തിന്റെ മുതലാളിമാര്‍ തരുന്ന പണി. അതല്ലാതെ നിത്യവൃത്തിക്ക് വേറെ പണി ഇല്ല.
ഞങ്ങളുടെ ഇപ്പോളത്തെ സമരം ഞങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ല. ഇതാണ് ഞങ്ങളുടെ പെര. പെരുമഴ പിടിച്ചാല്‍ പനമ്പട്ട കൊണ്ട് മേഞ്ഞ ഈ പെര ചോര്‍ന്ന് ഒലിക്കും. ആരെങ്കിലും തരുന്ന ടാര്‍പ്പോലിന്‍ പായ മൂടി ഇട്ടാണ് മഴക്കാലം കഴിച്ചു കൂട്ടുക. പട്ടിണിയാണ് മിക്കപ്പോളും. കിലോ മീറ്ററുകളോളം നടക്കണം. കുട്ടികള്‍ക്ക് പഠിക്കാന്‍ പോവാന്‍ പറ്റില്ല.
മന്ത്രിയെ കാണാന്‍ പോയാല്‍ മാവോയിസ്റ്റാക്കും; കാണൂ ഇവരുടെ ജീവിതം
പാര്‍ട്ടിക്കാരൊന്നും സഹായിക്കില്ലേ?
എല്ലാവരും ഉണ്ട്. പാര്‍ട്ടിക്കാരും മറ്റുമൊക്കെ. ഞങ്ങള്‍ അവര്‍ക്ക് വേണ്ടി ഒരുപാട് കൊടി പിടിച്ചു നടന്നു. ഒരു കാര്യവുമില്ല. ഭരണത്തിലുള്ളവരോ അല്ലാത്തവരോ ഞങ്ങളെ അംഗീകരിക്കുന്നില്ല ഇപ്പോള്‍. ആര്‍ക്കും ഒന്നും ചെയ്യാനും പറ്റില്ല. അതിന് താത്പ്പര്യവുമില്ല. ഇക്കാലത്തും ഞങ്ങള്‍ അടിമകള്‍ തന്നെയാണ്.
റോഡും കുടിവെള്ളവും ഒക്കെ തരാം എന്ന് തെരഞ്ഞെടുപ്പു വരുമ്പോള്‍ അവര്‍ പറയും. പക്ഷെ നിങ്ങള്‍ കാണുന്നില്ലേ, ഇവിടെ ഒന്നുമില്ല.
12ാം വാര്‍ഡ് ആണിത്. സിപിഎം വാര്‍ഡാണ്. എത്രയോ കാലമായി അത് അങ്ങനെ തന്നെയാണ്. സിപിഎം അല്ലാതെ മറ്റാരും ഇവിടെ ഭരിച്ചിട്ടും ഇല്ല. മറ്റൊരു പാര്‍ട്ടിയും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളെ ഇതുപോലെ നടക്കാന്‍ പഠിപ്പിച്ചത് അവരാണ്. പക്ഷെ സിപിഎമ്മാണ് ഞങ്ങളെ ഇപ്പോള്‍ അടിമകളാക്കുന്നത്. അതാണിപ്പോള്‍ നടക്കുന്നത്. ഇതേ വരെ ഞങ്ങള്‍ വോട്ട് മാറി ചെയ്തിട്ടില്ല. എന്നിട്ടോ, ഞങ്ങളുടെ കഞ്ഞി ഇപ്പോഴും പഴയ പോലെ തന്നെ.
ജയിച്ചാല്‍ ഈ വീടൊക്കെ മാറ്റിത്തരാം എന്നു പറഞ്ഞാണ് ഇലക്ഷന്‍ കാലത്ത് ഞങ്ങളുടെ അടുത്ത് വരിക. കുറച്ച് നാള്‍ മുന്‍പ് ഞങ്ങളില്‍ കുറച്ച് പേര്‍ക്ക് വീട് പാസായി എന്ന് പറഞ്ഞ് അറിയിപ്പ് വന്നു. പണി ഒക്കെ കളഞ്ഞ് രണ്ട് തവണ ഞങ്ങള്‍ വില്ലേജ് ആപ്പീസിലും ബ്ലോക്കാപ്പീസിലും പോയി. അവര്‍ പറയുന്നത് ഏത് രേഖയില്‍ തരും എന്നാണ്. ജാതി രേഖ കൊണ്ട് വരാനാണ് പറയുന്നത്. ഞങ്ങള്‍ എവിടെ നിന്നാണ് അത് കൊണ്ടു വരേണ്ടത്. അതൊന്ന് പറഞ്ഞു തരാമോ നിങ്ങള്‍?
ചിത്രങ്ങള്‍: സുനിത മാത്യൂസ്
ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍