UPDATES

ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ടറാമിനെതിരെ പരാതി; കൃത്യവിലോപം മറയ്ക്കാന്‍ വ്യാജരേഖ ചമച്ചെന്നും ആരോപണം

ശ്രീറാം വെങ്കിട്ടരാമന്‍ സബ് കളക്ടറായിരുന്ന സമയത്ത് ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസ് കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നോയെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍

ദേവികുളം സബ് കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കൃത്യവിലോപത്തെ തുടര്‍ന്ന് വയോധികന്‍ ആത്മഹത്യ ചെയ്‌തെന്ന് പരാതിയുമായി ബന്ധു. ശ്രീറാം സര്‍വീസിലിരിക്കെ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്നതിന്റെ തെളിവുകളുമായാണ് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ബന്ധു ആരോപണമുന്നയിച്ചിരിക്കുന്നത്. തന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ ശ്രീറാം വ്യാജ ഡെസ്പാച്ച് രേഖ നിര്‍മ്മിച്ചതായും പരാതിക്കാരന്‍ ആരോപിക്കുന്നു.

ഇടുക്കി കട്ടപ്പന സ്വദേശി കാട്ടിപ്പറമ്പില്‍ കെ.എന്‍ ശിവന്‍ എന്ന വ്യക്തിയുടെ രണ്ടര ഏക്കറോളം സ്ഥലവും വീടും വ്യാജരേഖ നിര്‍മ്മിച്ച് തട്ടിയെടുത്ത സംഭവത്തില്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മേല്‍നടപടികള്‍ സ്വീകരിക്കാത്തതില്‍ മനംനൊന്ത് ശിവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശിവന്റെ സഹോദരി പ്രശോഭനയും മകള്‍ രമ്യയും ഭര്‍ത്താവ് സന്തോഷും ചേര്‍ന്ന് ശിവന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇവര്‍ ശിവനൊപ്പമാണ് താമസിച്ചിരുന്നത്. ശിവന്റെ മരണശേഷം തന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇതു സംബന്ധിച്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ വ്യാജ ഡെസ്പാച്ച് രേഖ നിര്‍മ്മിച്ചതായും ശിവന്റെ അനുജന്റെ മകന്‍ പ്രദീപ് ആരോപിക്കുന്നു.

2017 ഏപ്രില്‍ ഏഴിനാണ് ശിവന്‍ ആത്മഹത്യ ചെയ്തത്. തന്റെ ആധാരത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ശിവന്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ രണ്ട് മാസത്തിനിടെ ലഭിച്ചത് രണ്ട് വ്യത്യസ്ത ആധാരങ്ങളായിരുന്നു. രണ്ടാമത്തെ ആധാരം വ്യാജമാണെന്ന് മനസിലാക്കിയാണ് ശിവന്‍ പരാതി നല്‍കിയത്. വ്യാജ ആധാരം ചൂണ്ടിക്കാട്ടി, അവിവാഹിതനായ ശിവനെ സ്വന്തം വസ്തുവില്‍ നിന്നും ആദായമെടുക്കാന്‍ അനുവദിക്കാതിരിക്കുകയും വസ്തുവിലുണ്ടായിരുന്ന വീട്ടില്‍ നിന്നും അടിച്ചിറക്കുകയും ചെയ്തപ്പോഴാണ് പരാതി നല്‍കിയത്. പുതുതായി നിര്‍മ്മിച്ച ആധാരം വ്യാജമാണെന്നും അതിലെ വിരലടയാളം തെറ്റാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നിട്ടും തന്റെ വസ്തു തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ശ്രീറാം സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇതെന്ന് പ്രദീപ് ആരോപിക്കുന്നു.

തന്റെ വസ്തു വ്യാജ ആധാരം വെച്ച് പോക്കുവരവ് ചെയ്തുവെന്ന വിവരം ലഭിച്ചപ്പോള്‍ ഇത് ചൂണ്ടിക്കാട്ടി ശിവന്‍ ആദ്യം പോലീസിനും രജിസ്‌ട്രേഷന്‍ ഓഫീസിലും പിന്നീട് കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. 2016 ഫെബ്രുവരി 22-നാണ് ശിവന്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ പരാതി നല്‍കിയത്. പോലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം മജിസ്‌ട്രേറ്റ് കോടതി ഫോറന്‍സിക് പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. 2016 ജൂലൈയിലും സെപ്തംബറിലും ദക്ഷിണമേഖല ഡെപ്യൂട്ടി ജനറലിന്റെ ഓഫീസില്‍ നിന്നും ഫോറന്‍സിക് പരിശോധനാ ഫലവും സമര്‍പ്പിച്ചിരുന്നു. പുതിയ ആധാരത്തിലെ ഫിംഗര്‍പ്രിന്റ് ശിവന്റേതല്ല എന്നായിരുന്നു ഫോറന്‍സിക് ഫലം. തുടര്‍ന്ന് 2016 ഡിസംബര്‍ 28-ന് ശിവന്‍ ശ്രീറാമിന് പരാതി നല്‍കി. റവന്യൂ മന്ത്രിയെ നേരില്‍ കണ്ടും ഈ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. മന്ത്രിയുടെ ഓഫീസ്, സബ് കളക്ടര്‍ക്ക് ഈ പരാതിയില്‍ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായാണ് പ്രദീപിനോട് പറഞ്ഞത്. എന്നാല്‍ നടപടികള്‍ ഉണ്ടാകാതെ വന്നതോടെ ശിവന്‍ 2017 മാര്‍ച്ച് മൂന്നിന് ഒരിക്കല്‍ കൂടി പരാതി നല്‍കിയിരുന്നെന്നും പ്രദീപ് അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍ ആക്ട് അനുസരിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശിവന്റെ പരാതിയെങ്കിലും ഒരുമാസത്തിനകം തന്നെ നടപടിയെടുക്കേണ്ട പരാതിയില്‍ ശ്രീറാം മേല്‍നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഈ പരാതി നല്‍കിയതിന് ശേഷവും നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ ശിവന്‍ തൂങ്ങിമരിക്കുന്നത് എന്നാണ് ആരോപണം. പരാതി നല്‍കിയതിന്റെ പേരില്‍ എതിര്‍കക്ഷികളില്‍ നിന്നും ശിവന്‍ വധഭീഷണി നേരിട്ടിരുന്നതായും പ്രദീപ് ആരോപിക്കുന്നു.

ആത്മത്യ ചെയ്ത ശിവന്‍ 2016 ഡിസംബര്‍ 28-ന് നല്‍കിയ പരാതി

 

ശിവന്‍ ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുമ്പ് 2017 മാര്‍ച്ചില്‍ നല്‍കിയ പരാതി

 

അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനോട് ഹാജരാകാന്‍ കട്ടപ്പന വില്ലേജ് ഓഫീസ് മുഖാന്തിരം നോട്ടീസ് അയച്ചിരുന്നുവെന്നാണ് ശ്രീറാമിന്റെ മുന്‍ ഓഫീസിന്റെ വാദം. ശിവന്റെ നടപടിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് പ്രദീപ് വിവരാവകാശം വഴി അന്വേഷിച്ചപ്പോള്‍ നവംബര്‍ 23നും ഡിസംബര്‍ 21നും ഹാജരാകാന്‍ ആവശ്യപ്പെട്ട് നവംബര്‍ 19നും ഡിസംബര്‍ എട്ടിനും നോട്ടീസ് നല്‍കിയതായാണ് വിവരം ലഭിച്ചത്. എന്നാല്‍ പരാതിക്കാരന്‍ ഹാജരായില്ലെന്നും സബ് കളക്ടറുടെ ഓഫീസില്‍ നിന്നും ലഭിച്ച രേഖയില്‍ പറയുന്നു. അതായത് ഡിസംബര്‍ 28-ന് നല്‍കിയ പരാതിയില്‍ താന്‍ ഒരുമാസം മുമ്പ് തന്നെ നോട്ടീസ് നല്‍കിയെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ അവകാശപ്പെട്ടത്. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കട്ടപ്പന വില്ലേജ് ഓഫീസില്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തനിക്ക് മറ്റൊരു വിവരാവകാശം വഴി അറിയാന്‍ കഴിഞ്ഞെന്നും പ്രദീപ്‌ അഴിമുഖത്തോട് പ്രതികരിച്ചു. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രദീപ് ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ദേവികുളം ആര്‍ഡിഓ ഓഫീസില്‍ നിന്ന് ഹിയറിംഗിന് ഹാജരാകാന്‍ ശിവന് കത്തയിച്ചിട്ടുണ്ടോ എന്ന പ്രദീപിന്റെ വിവരാവകാശ അപേക്ഷ

ഇതിനുള്ള മറുപടി

സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശവുമായി വിവരാവകാശ കമ്മീഷണറും രംഗത്തു വന്നിട്ടുണ്ട്. പ്രദീപ്‌ ആവശ്യപ്പെട്ട രേഖകള്‍ ഇല്ലെന്ന ദേവികുളം  ആര്‍ഡിഒ ഓഫീസില്‍ ഇല്ലെന്ന മറുപടിക്കെതിരെ നല്‍കിയ പരാതിയിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രൂക്ഷമായി പ്രതികരിച്ചിട്ടുള്ളത്‌.

ദേവികുളം ആര്‍ഡിഓ ഓഫീസിന്റെ മറുപടി

ശ്രീറാം വെങ്കിട്ടരാമന്റെ കീഴില്‍ ഉണ്ടായിരുന്ന ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസ് ഉത്തരവാദിത്തമില്ലാത്ത കുത്തഴിഞ്ഞ ഓഫീസായിരുന്നുവെന്നും സംഭവത്തില്‍ ഓഫീസിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് ഉത്തരവാദിയെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസം പുറപ്പെടുവിച്ച ഉത്തരവിലാണ് ശ്രീറാമിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുള്ളത്. ബന്ധപ്പെട്ട വിവരാവകാശ ഉദ്യോഗസ്ഥനെതിരെ നടപടിക്കുള്ള നോട്ടീസും വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പാരഗ്രാഫ് 2 ശ്രദ്ധിക്കുക

 

 

 

ശിവന്റെ മരണത്തിന് ശേഷം ബന്ധുവായ പ്രദീപ് രജിസ്‌ട്രേഷന്‍ ഐ ജിക്ക് പരാതി നല്‍കി വ്യാജആധാരം റദ്ദ് ചെയ്യിക്കുകയുമായിരുന്നു. ശിവന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി വേണമെന്ന ആവശ്യമാണ് ബന്ധുവായ പ്രദീപ് ഉയര്‍ത്തുന്നത്.

മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലാണ് നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍. മദ്യലഹരിയില്‍ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം സര്‍വീസിലിരിക്കെ തന്നെ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നാണ് പ്രദീപിന്റെ ആരോപണം.

Read Azhimukham:ഒരു കോടി ചെലവാക്കി, രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അധികൃതരെ ഞെട്ടിച്ച് മാലിന്യവാഹിനിയായി പാര്‍വ്വതി പുത്തനാര്‍; 2020ല്‍ ഇതിലൂടെ ബോട്ടില്‍ പോകുമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം നടക്കുമോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍