UPDATES

‘കളങ്കിതരെ’ എന്തുചെയ്യും സതീശാ? സോളാര്‍ ഭൂകമ്പത്തില്‍ പടയൊടുങ്ങുമോ?

ടിപ്പുവിനെ ചതിച്ചത് വെള്ളപ്പൊക്കമാണെങ്കില്‍ ചെന്നിത്തലയെ ചതിച്ചത് ഭൂകമ്പമാണ്; സോളാര്‍ റിപ്പോര്‍ട്ട് എന്ന ഭൂകമ്പം

കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് ആരംഭിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല നയിക്കുന്ന രാഷ്ട്രീയ ശക്തിപ്രകടന യാത്രയായ പടയൊരുക്കം പത്ത് ദിവസമായിട്ടും വടക്കന്‍ കേരളം പിന്നിട്ടിട്ടില്ല. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് അവസാനിക്കാനിരിക്കുന്ന യാത്ര നിലവില്‍ നാല് ജില്ലകളാണ് പിന്നിട്ടിരിക്കുന്നത്. ഇതിനിടെ സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത അടിയന്തര നിയമസഭ യോഗത്തില്‍ പങ്കെടുക്കാനായി ചെന്നിത്തല ഒരു ദിവസത്തേക്ക് യാത്ര നിര്‍ത്തിവച്ചു. ഇന്ന് ഇത് വീണ്ടും തുടങ്ങിയിട്ടുണ്ട്.

സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചതോടെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ഒരു ആധികാരികത വന്നിരിക്കുകയാണ്. കളങ്കിതരെ ജാഥയില്‍ പങ്കാളികളാക്കില്ലെന്നും വേദിയില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്നും സ്വീകരണം സംഘടിപ്പിക്കാന്‍ പോലും അനുവദിക്കില്ലെന്നുമൊക്കെയാണ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പ്രഖ്യാപിച്ചത്. കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയും കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയും വിവാദങ്ങളില്‍ കുടുങ്ങിയ സാഹചര്യത്തില്‍ അത്തരത്തിലൊരു അവസ്ഥ പടയൊരുക്കത്തിനും വരാതിരിക്കുന്നതിനായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ ഇത് ഇന്ന് കോണ്‍ഗ്രസിന് തന്നെ വിനയായിരിക്കുകയാണ്.

പടയൊരുക്കം സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയപ്പോള്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ സ്മരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ചെന്നിത്തലയ്ക്ക് ടിപ്പുവിന്റെ ഗതി വരുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. ടിപ്പുവിന്റെ പടയോട്ടം ഇപ്പോള്‍ എറണാകുളം ജില്ലയിലെ വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ പാലിയത്ത് എത്തിയപ്പോഴാണ് മടങ്ങിപ്പോയത്. തിരുവിതാംകൂറിനെ ആക്രമിക്കാനായി പെരിയാറിന്റെ തീരത്ത് തമ്പടിച്ച ടിപ്പുവും പടയാളികളും അന്ന് രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിലെ കനത്ത നാശനഷ്ടങ്ങളെ തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. ടിപ്പുവിന്റെ പടയോട്ടം അവസാനിച്ച അതേ എറണാകുളം ജില്ലയിലെത്തുമ്പോള്‍ തന്നെ ചെന്നിത്തലയുടെ പടയൊരുക്കവും അവസാനിപ്പിക്കേണ്ട അവസ്ഥയാകുമോ എന്നാണ് സംശയം.

പടയൊരുക്കവും പത്ത് കല്‍പ്പനകളും; പിന്നെ ഉമ്മന്‍ ചാണ്ടിയെ പൊക്കിയെടുക്കുന്ന അനുയായികളും

ടിപ്പുവിനെ ചതിച്ചത് വെള്ളപ്പൊക്കമാണെങ്കില്‍ ചെന്നിത്തലയെ ചതിച്ചത് ഭൂകമ്പമാണ്; സോളാര്‍ റിപ്പോര്‍ട്ട് എന്ന ഭൂകമ്പം. കാരണം സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം മുതല്‍ ഇങ്ങോട്ടുള്ള നേതാക്കളെ ചെന്നിത്തലയ്ക്ക് യാത്രയില്‍ പങ്കെടുപ്പിക്കാനാകില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന് കരുതപ്പെടുന്ന മധ്യകേരളത്തിലും തിരുവിതാംകൂറിലുമാണ് ഈ ഗതികേട് നേരിട്ടിരിക്കുന്നതെന്നത് വിരോധാഭാസമാകാം. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് തങ്ങളുടെ പ്രമുഖരായ നേതാക്കള്‍ ഏറ്റവും അധികമുള്ളത് ഈ ജില്ലകളിലാണ്. എന്നാല്‍ സോളാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് സരിതയെ ലൈംഗികമായി ഉപയോഗിക്കുകയും സോളാര്‍ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത നേതാക്കളും ഏറ്റവുമധികമുള്ളത് ഈ ജില്ലകളില്‍ തന്നെയാണ്. ഈ നേതാക്കളെ ഒഴിവാക്കി നിര്‍ത്തി യാത്ര നടത്തുമ്പോള്‍ അണികളുടെ എണ്ണത്തിലും വന്‍ കുറവുണ്ടാകുമെന്ന് ഉറപ്പാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുള്ള ബെന്നി ബഹനാന്‍, സരിതയുമായി അവിഹിത ബന്ധമുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയ ഹൈബി ഈഡന്‍ എന്നീ നേതാക്കള്‍ സോളാര്‍ കേസിന്റെ പേരില്‍ യാത്രയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ ബാര്‍ കോഴക്കേസില്‍ വിവാദ നായകനായ കെ ബാബുവും എറണാകുളം ജില്ലയില്‍ മാറിനില്‍ക്കേണ്ടി വരും. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ നേരിട്ടാണ് ആരോപണമെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഉള്ളത്. ഡിസംബറോടെ വീണ്ടും യുഡിഎഫിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്ന ജോസ് കെ മാണിയും റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റക്കാരനാണ്.

‘സിപിഎം പ്രസ്താവന പ്രവാചക നിന്ദ’; പ്രിയ പടനായകാ, ഇതും പറഞ്ഞ് ഏത് കോട്ടകൊത്തളങ്ങള്‍ കീഴടക്കാനാണ് താങ്കള്‍ പോകുന്നത്?

ചെന്നിത്തലയുടെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ എത്തുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയാണ് അദ്ദേഹത്തിന് ഒഴിവാക്കേണ്ടിവരുന്നത്. കെ സി വേണുഗോപാല്‍ സരിതയെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തനംതിട്ടയില്‍ എത്തുമ്പോള്‍ അടൂര്‍ പ്രകാശിനെയും പിസി വിഷ്ണുനാഥിനെയുമാണ് ഒഴിവാക്കേണ്ടി വരുന്നത്. അടൂര്‍ പ്രകാശ് സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നതെങ്കില്‍ വിഷ്ണുനാഥ് ലൈംഗികചുവയുള്ള ഫോണ്‍ വിളികളും മെസേജുകളും അയച്ചുവെന്നാണ് പറയുന്നത്. കൊല്ലത്ത് നടി ശ്വേതാമേനോനെ ‘തോണ്ടിയ’ മുന്‍ എം പി പീതാംബരകുറുപ്പിനെയും അടുപ്പിക്കാന്‍ പറ്റില്ല. തിരുവനന്തപുരത്തെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനായ തമ്പാനൂര്‍ രവിയെയാണ് ഒഴിവാക്കേണ്ടി വരുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നതാണ് രവിക്കെതിരായ ആരോപണം. ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും ഉള്‍പ്പെടെ ഇതില്‍ പല നേതാക്കളും നിലവില്‍ പടയൊരുക്കത്തില്‍ പങ്കെടുത്തവരും അല്ലെങ്കില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്നവരുമാണ്. ഐ ഗ്രൂപ്പിലെ പ്രമുഖനായ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ തലയ്ക്ക് മുകളിലൂടെ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് കറങ്ങി നടക്കുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അല്ലെങ്കിലും ശിവകുമാറിനോട് പണ്ടേ രമേശ് ചെന്നിത്തലയ്ക്ക് അത്ര മതിപ്പുമില്ല.

ഉമ്മന്‍ ചാണ്ടിയെ ‘പൂര്‍വ്വകാല പാപങ്ങള്‍’ വേട്ടയാടുന്നു

സോളാര്‍ കേസിന്റെ പേരില്‍ മാത്രം ഇത്രയും നേതാക്കളെ പടയൊരുക്കത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെങ്കില്‍ ഒരു വിധത്തില്‍ ചെന്നിത്തലയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്റെ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ഒത്തുവന്നിരിക്കുന്നത്. ഒരുപക്ഷെ അദ്ദേഹം ആഗ്രഹിച്ചതും അതുതന്നെയാകും. അതിനാലാണല്ലോ കളങ്കിതരെ യാത്രയില്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ വിഡി സതീശനെക്കൊണ്ട് പറയിച്ചത്. ഇതിനെതിരെ അന്നേ എ ഗ്രൂപ്പില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതാണ്. ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ടാണ് ഇതെന്നാണ് അന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചത്. അദ്ദേഹത്തിന്റെ വിശ്വസ്ഥനായ എംഎം ഹസനെ മറികടന്ന് സതീശന്‍ കെപിസിസി പ്രസിഡന്റ് ചമയുകയാണെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിയെ ഒതുക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നവെന്ന ആരോപണത്തെ അത്ര നിസാരമായി കാണാനും സാധിക്കില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഉമ്മന്‍ ചാണ്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായാണ് സരിത ഇന്നലെ വെളിപ്പെടുത്തിയത്. സീറ്റ് നിഷേധിക്കുന്നതിനായായിരുന്നു ഇത്. തെരഞ്ഞെടുപ്പിന് ശേഷവും പലപ്പോഴും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഈ ആരോപണം ശരിയാണെങ്കില്‍ സാക്ഷാല്‍ ലീഡറായിരുന്ന കെ കരുണാകരനെ മൂലയ്ക്കിരിത്തിയ ആന്റണിയെ പോലും കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ച ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് ചെന്നിത്തല എന്ന് കരുതേണ്ടി വരും.

പുറത്തുവന്നത് അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും നാറിയ കഥകള്‍: സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

പടയൊരുക്കത്തില്‍ സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുമെന്ന് എന്തായാലും ഉറപ്പാണ്. അത് എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കുമെതിരെയുള്ള ഒളിയമ്പുകളായി ഉപയോഗിക്കുമ്പോഴും കോണ്‍ഗ്രസിനെ സംരക്ഷിക്കേണ്ടത് രമേശ് ചെന്നിത്തലയുടെ ബാധ്യതയാകും. പാര്‍ട്ടിയുടെ ഏക പ്രതീക്ഷയെന്ന ഇമേജിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ഇനി സംസ്ഥാന കോണ്‍ഗ്രസില്‍ വരാനിരിക്കുന്നത് ചെന്നിത്തല യുഗം ആയിരിക്കും. എങ്കിലും എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ തെക്കന്‍ കേരളത്തില്‍ ചെന്നിത്തലയ്ക്ക് ഒറ്റയ്ക്ക് എത്രമാത്രം വിജയകരമായി പടയൊരുക്കം നടത്താനാകുമെന്നതിനെ ആശ്രിയിച്ചിരിക്കും അത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിയ്ക്ക് കളങ്കിതരായ നേതാക്കളെ ഇനിയും യാത്രയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പടയൊരുക്കത്തിന് തന്നെ കളങ്കമായി മാറുമെന്ന് തീര്‍ച്ച.

ചെന്നിത്തല 146, ഉമ്മന്‍ ചാണ്ടി 136; കോണ്‍ഗ്രസില്‍ ചാണ്ടി യുഗം അവസാനിക്കുന്നോ?

ഉമ്മന്‍ ചാണ്ടി ഓറല്‍ സെക്‌സ് ചെയ്യിച്ചു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു: സോളാര്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍