UPDATES

ട്രെന്‍ഡിങ്ങ്

കോംഗോ പനി കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല; തൃശ്ശൂരിലെ ആശുപത്രിയിലുള്ളത് യുഎഇയില്‍ ചികിത്സ പൂർത്തിയാക്കി വന്നയാളെന്ന് ആരോഗ്യവകുപ്പ്

ഇയാള്‍ക്ക് നിലവില്‍ കോംഗോ പനി ഇല്ലെന്നും പനി വന്ന് ചികിത്സിച്ച് മാറിയതിന് ശേഷം രക്തസാമ്പിള്‍ പരിശോധിച്ച് രോഗമില്ല എന്നുറപ്പിച്ചതിന് ശേഷമാണ് ഇയാള്‍ നാട്ടിലേക്ക് പുറപ്പെട്ടതെന്നുമാണ് വിവരം.

കോംഗോ പനി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. വിദേശത്ത് വച്ച് കോംഗോ പനി സ്ഥിരീകരിച്ചയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയാണ് ചെയ്തത്. എന്നാല്‍ ഇയാളില്‍ ഇപ്പോഴും പനിബാധയുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ദുബായില്‍ നിന്ന് 15 ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കിയെത്തിയയാളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശി. നിയമപരമായ മുന്‍കരുതല്‍ മാത്രമാണ് നിലവില്‍ സ്വീകരിച്ചിട്ടുള്ളുതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. നിലവില്‍ ഇദ്ദേഹത്തിന് കോംഗോ ബാധ സ്ഥിരീകരിച്ചിട്ടില്ല.

തൃശൂര്‍ ഡിഎംഓ ഡോ. കെ ജെ റീന പറയുന്നതിങ്ങനെ: ‘ഈ രോഗം ഇവിടെ സ്ഥിരീകരിച്ചതല്ല. നവംബര്‍ 12ന് രോഗബാധിതനാകുകയും 15ന് പൊസിറ്റീവാണെന്ന് റിസള്‍ട്ട് വരികയും നവംബര്‍ 16ന് രോഗം കണ്‍ഫേം ചെയ്യുകയും ചെയ്തു. പതിനഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ചികിത്സ പൂര്‍ത്തിയാക്കി 27ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. 28ന് ഒരുദിവസം അവിടെ കഴിഞ്ഞ് 29ന് അദ്ദേഹം നാട്ടിലേക്ക് പോന്നു.

ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എടുത്ത റിസള്‍ട്ടിലും രോഗി പൂര്‍ണമായും രോഗബാധ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ഇയാള്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് മലപ്പുറത്തേക്ക് പോകന്നതു വഴി തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അവസാന റിസള്‍ട്ട് നെഗറ്റീവ് അല്ല എന്നതു കൊണ്ടുമാത്രമാണ് ഇത്തരത്തില്‍ ഒരു മുന്‍കരുതലെടുക്കുന്നത്. ഇതൊരു ഭയങ്കരമായ അസുഖമല്ല. ഭയപ്പെടേണ്ട സാഹചര്യവുമില്ല. ജാഗ്രതാനിര്‍ദ്ദേശം പോലും പുറപ്പെടുവിക്കേണ്ടതില്ല. ചികിത്സ പൂര്‍ത്തിയാക്കിയെങ്കിലും, ഇപ്പോഴും രോഗബാധിതനാണെങ്കില്‍ ശരീരസ്രവങ്ങള്‍ വഴി രോഗം പടരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഇപ്പോഴും ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയിട്ടുള്ളത്. ഇദ്ദേഹമായി അടുത്തിടപഴകിയ ഇരുപത് വ്യക്തികളെയും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചികിത്സില്‍ കഴിയുന്നയാള്‍ സത്യസന്ധനും പൊതുആരോഗ്യത്തില്‍ ശ്രദ്ധാലുവും ആയതുകൊണ്ട് മെഡിക്കല്‍ റെക്കോര്‍ഡുകളെല്ലാം ആശുപത്രിയില്‍ എത്തിയയുടന്‍ നല്‍കി. അതിന് അദ്ദേഹത്തിന് നന്ദി പറയണം’. പരിശോധനാഫലം പൊസിറ്റിവാണെങ്കില്‍ നാളെ ലഭിക്കും. നെഗറ്റീവാണെങ്കില്‍ ഒരുദിവസം കൂടി വൈകാനിടയുണ്ട്. നെഗറ്റീവാണെങ്കില്‍ ഉടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോ. റീന പറഞ്ഞു.

അതേസമയം ആരോഗ്യമന്ത്രി കെ കെ ശൈലജ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കോംഗോ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശുപത്രികളിലും അതിര്‍ത്തികളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പനി കണ്ടെത്തിയയാള്‍ തൃശൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗം നേരത്തെ കണ്ടെത്തിയിരുന്നു. രോഗം മറ്റുള്ളവരിലേക്ക് പടരില്ല എന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സതേടിയയാള്‍ക്ക് നിലവില്‍ കോംഗോ പനി ഉണ്ടെന്നതരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന വിവരമാണ് തൃശൂരിലെ ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്നത്.

ചികിത്സതേടിയപ്പോള്‍ കോംഗോപനി വന്നയാള്‍ എന്ന നിലയ്ക്ക് ആ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറിയിക്കുക മാത്രമാണ് ആശുപത്രി അധികൃതര്‍ ചെയ്തത്. സംശയമുയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ നിന്ന് തിരികെ അയക്കും. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ കിടത്തിയിരിക്കുന്നത്. അതേസമയം ഇയാളുമായി ഇടപെട്ട ബന്ധുക്കളും ആശുപത്രി ജീവനക്കാരും പ്രത്യേക നിരീക്ഷണത്തിലാണ്. കോംഗോപനി ഉണ്ടായിരുന്നയാള്‍ എന്ന വിവരം അറിയിച്ചതിനെ തുടര്‍ന്ന് നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മൃഗങ്ങളുടെ ചെള്ളില്‍ നിന്ന് പടരുന്നതാണ് കോംഗോ പനി. യുഎഇയില്‍ സ്ലോട്ടര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് അങ്ങനെയാണ് രോഗം ബാധിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍