UPDATES

വിശകലനം

മലപ്പുറത്ത് ‘മുസ്ലിമല്ലാത്തൊരാള്‍ക്ക് വീട് വയ്ക്കാന്‍ പറ്റില്ല, റേഷന്‍ കാര്‍ഡ് കിട്ടില്ല’; ജനസംഘത്തിന്റെ പ്രചരണം തുടരുന്ന ബിജെപി: എം.എന്‍ കാരശ്ശേരി/അഭിമുഖം

മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും രണ്ടും രണ്ടാണ്. മത രാഷ്ട്രീയം എന്നു പറയുന്നത് ഇസ്ലാമിക രാഷ്ട്രീയമാണ്. ലീഗ് മതരാഷ്ട്രീയ വാദം ഉയര്‍ത്തുന്നില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ബിജെപി-സംഘപരിവാര്‍ ക്യാമ്പുകള്‍ ഗുരുതരമായ രീതിയില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയാണ്. വയനാടിനെ മുസ്ലിം കേന്ദ്ര പ്രദേശമാക്കി ചിത്രീകരിച്ചുകൊണ്ടാണ് വര്‍ഗീയത ഇളക്കി വിടുന്ന തരത്തില്‍ ബിജെപിയും സംഘപരിവാറും പ്രചാരണങ്ങള്‍ ശക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം ഉയര്‍ത്തിയ ആരോപണങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ ബിജെപി നേതാക്കളും വര്‍ഗീയ വേര്‍തിരിവ് ലക്ഷ്യംവച്ചുള്ള പ്രതികരണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുസ്ലിം ലീഗിനെതിരേ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ഇതിനൊരു തെളിവാണ്. മലപ്പുറത്ത് മൂന്നു കലാപങ്ങള്‍ ലീഗ് നടത്തിയിട്ടുണ്ടെന്നും ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടും ലീഗ് കലാപമുണ്ടാക്കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുകയാണ്. പ്രത്യക്ഷത്തില്‍ ഒരു പാര്‍ട്ടിയെ ലക്ഷ്യംവച്ചുള്ളതാണെന്നു തോന്നുമെങ്കിലും ഒരു സമുദായത്തെ തന്നെ പ്രതിക്കൂട്ടിലാക്കി കൊണ്ട് നടത്തുന്ന, യാതൊരു തെളിവുകളോ രേഖകളോ ഇല്ലാത്തതുമായ ഇത്തരം ആരോപണങ്ങള്‍ എതിര്‍ക്കപ്പെടുകയോ ചര്‍ച്ചയാവുകയോ ചെയ്യാതെ പോകുന്നുവെന്നതാണ് ഏറ്റവും വലിയ അപകടം. തെരഞ്ഞെടുപ്പിന്റെ മറവില്‍ ഹിന്ദുത്വവാദ രാഷ്ട്രീയം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ വേര്‍തിരിവ് കാര്യകാരണങ്ങള്‍ സഹിതം ജനങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കേണ്ട ചുമതല രാഷ്ട്രീയപാര്‍ട്ടികളോ മുഖ്യധാര മാധ്യമങ്ങളോ ഏറ്റെടുക്കാതെ വരുമ്പോള്‍ അസ്വസ്ഥരും സംശയാലുക്കളുമായി ഒരു വിഭാഗം ജനങ്ങള്‍ മാറുമെന്നതാണ് മനസിലാക്കേണ്ടത്. എഴുത്തുകാരനും ചിന്തകനും രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനുമായ എം എന്‍ കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നതും ഇതാണ്. മുസ്ലിം ലീഗിനെതിരേയും മുസ്ലിങ്ങള്‍ക്കെതിരേയും നടത്തുന്ന സംഘപരിവാര്‍-ബിജെപി വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ അദ്ദേഹത്തിന് സംസാരിക്കാനുണ്ട്. എം എന്‍ കാരശ്ശേരിയുമായുള്ള ഈ സംഭാഷണം ഈ വിഷയത്തിലുള്ളതാണ്.

ഒരു തെരഞ്ഞെടുപ്പ് രംഗത്തില്‍ ആശയങ്ങളുടെ മേല്‍ നടക്കുന്ന വാദപ്രതിവാദങ്ങളല്ല, ബിജെപി-സംഘപരിവാര്‍ വയനാടിനെക്കുറിച്ചും മുസ്ലിം ലീഗിനെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍. ഇത് വര്‍ഗീയതയുടെ രാഷ്ട്രീയമാണ്. അതിനെ നേരിടേണ്ടതും എതിര്‍ക്കേണ്ടതുമല്ലേ?

ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍ എന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആദ്യത്തെ സമവാക്യം. മുസ്ലിം-ഉര്‍ദു-പാകിസ്താന്‍ എന്നതിന്റെ മറുഭാഗം. സംഘപരിവാറിന് നേരത്തെ തന്നെ പിടിപാടുള്ള മേഖല ഹിന്ദി ബെല്‍റ്റ് ആണ്. അതൊരു പശുരാഷ്ട്രീയത്തിന്റെ ബെല്‍റ്റ് ആണ്. തെലുഗ് നാട്ടിലോ, മലയാള നാട്ടിലോ, തമഴ്‌നാട്ടിലോ, കന്നഡ നാട്ടിലോ സാമാന്യമായി അവര്‍ക്ക് കാലുറപ്പിക്കാന്‍ പറ്റിയിട്ടില്ല. കര്‍ണാടകത്തില്‍ യദ്യൂരപ്പ ഭരിച്ചത് മാറ്റി നിര്‍ത്തിയാല്‍. അതല്ലാതെ ദ്രാവിഡ ദേശത്ത് അവര്‍ക്ക് കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഒരു വഴിയാണ് ശബരിമല. ഉത്തരേന്ത്യയില്‍ രാമജ•ഭൂമി ക്ഷേത്രമാണെങ്കില്‍ കേരളത്തില്‍ അത് ശബരിമലയാണ്. കേരളത്തില്‍ മാത്രമല്ല ശബരിമല കൊണ്ട് ഉപയോഗം കിട്ടുന്നത്. അവിടെ വരുന്ന ലക്ഷകണക്കായ തീര്‍ത്ഥാടകര്‍ തമിഴ്‌നാട്ടില്‍ നിന്നും കന്നഡ നാട്ടില്‍ നിന്നും തെലുഗ് നാട്ടില്‍ നിന്നുമൊക്കെ വരുന്നവരാണ്. സംഘപരിവാര്‍ ശബരിമലയെ മുന്നില്‍വച്ച് നടത്തുന്ന പ്രചാരണം പിണറായി സര്‍ക്കാര്‍ അതായത് കമ്യൂണിസ്റ്റുകാര്‍ അമ്പലം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. ഉത്തരേന്ത്യയില്‍ ബാബര്‍ 16 ാം നൂറ്റാണ്ടില്‍ ക്ഷേത്രം പൊളിച്ച് പള്ളി ഉണ്ടാക്കിയെന്നു പറയുന്നതുപോലെ, ഇവിടെ കമ്യൂണിസറ്റുകാര്‍ അമ്പലം തകര്‍കുന്നുവെന്നാണ് പറഞ്ഞു പരത്തുന്നത്.

ഏഴു നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. അതില്‍ മലപ്പുറത്തെ മൂന്നെണ്ണത്തില്‍ ഒരിടത്ത് മാത്രമാണ് ലീഗ് ജയിക്കുന്നത്. ബാക്കി രണ്ടു മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമാണ് ഇപ്പോള്‍ ജയിച്ചിരിക്കുന്നത്. ബാക്കി കോഴിക്കോട്, വയനാട് ജില്ലകളിലാണ്. എന്റെ നിയമസഭ മണ്ഡലം തിരുമ്പാടിയാണ്. ഇവിടെ ജയിച്ചത് സിപിഎം ആണ്. തിരുവമ്പാടി കോഴിക്കോട് ജില്ലയിലാണ്. ഞങ്ങടെ പഞ്ചായത്ത് സിപിഎമ്മാണ് ഭരിക്കുന്നത്. ധാരാളം ക്രിസ്ത്യാനികള്‍ ഉള്ള പ്രദേശമാണിത്. കാരണം, ഇതൊരു കുടിയേറ്റ മേഖലയാണ്. വയനാട് കേരളത്തിലെ ആദ്യകാല കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്. 194കളിലാണ് മലബാറിലേക്ക് തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അതില്‍ 90 ശതമാനിത്തലധികം ക്രിസ്ത്യാനികളായിരുന്നു. കുറ്റിയാടി, പേരാവൂര്‍, വയനാട് എന്നിവിടങ്ങളിലൊക്കെയാണ് കുടിയേറ്റ ജീവിതങ്ങള്‍ ആരംഭിച്ചത്. മുക്കവും ഉണ്ട്. എന്നെ പഠിപ്പിച്ചതൊക്കെ തിരുവിതാംകൂറുകാരായ അധ്യാപകരാണ്. ഇതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നു പറയുന്നത് കണക്കുകൊണ്ട് തെറ്റാണ്. ഇത് ലീഗിന്റെ പ്രദേശമാണെന്നു പറയുന്നതും കണക്കുകള്‍ കൊണ്ട് തെറ്റാണ്. ലീഗിനാണ് സ്വാധീനമെങ്കില്‍ മണ്ഡലം എന്തിനവര്‍ കോണ്‍ഗ്രസിന് കൊടുക്കണം? അവര്‍ക്ക് മത്സരിച്ചാല്‍ പോരായിരുന്നോ? മലപ്പുറമോ പൊന്നാനിയോ ലീഗ് ആര്‍ക്കും കൊടുക്കില്ല, അതുപോലെ വയനാട് മുഴുവന്‍ ലീഗുകാരും മാപ്ലിളമാരും ആണെന്നു പറഞ്ഞ് അവരുടെ മൂന്നാമത്തെ സീറ്റായി എടുത്താല്‍ പോരായിരുന്നോ? ഈ വസ്തുകളാണ് ബിജെപി-സംഘപരിവാര്‍ നുണപ്രചാരണങ്ങള്‍ക്കെതിരേ പറയേണ്ടുന്ന കാര്യങ്ങള്‍.

മുസ്ലിം ലീഗിന്റെ പതാക പോലും പാകിസ്താന്‍ പതാകയെന്ന പേരില്‍ വ്യാജപ്രചാരണങ്ങള്‍ക്ക് ബിജെപി ഉപയോഗിക്കുന്നുണ്ട്. വടക്കന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് പാകിസ്താന്‍ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ നോക്കുകയാണവര്‍.

പാകിസ്താന്റെ പതാക മൂന്നില്‍ രണ്ടു ഭാഗം പച്ചയും, ഈ പച്ചയില്‍ ചന്ദ്രക്കലയും നക്ഷത്രവും ഒരു ഭാഗം വെള്ളയും(ചേര്‍ത്ത് കെട്ടുന്ന ഭാഗം വെള്ളയാണ്) ചേര്‍ന്നതാണ്. ലീഗിന്റെ പതാകയതല്ല. പാകിസ്താനുമായി ഏതെങ്കിലും തരത്തില്‍ മുസ്ലിം ലീഗിനെ ബന്ധിപ്പിക്കാന്‍ കഴിയില്ല. 1947 ല്‍ ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടായപ്പോള്‍ ഇവിടെ നിന്നും മലയാളിയല്ലാത്ത ഒരു നേതാവ് മാത്രമാണ് പാകിസ്താനിലേക്ക് പോയത്. സത്താര്‍ സേഠ്. 1934 ല്‍ ഗുജാറത്തിലെ കച്ചില്‍ നിന്നും വന്ന് തലശ്ശേരിയില്‍ താമസമാക്കിയ കച്ചവടക്കാരനും പണക്കാരനുമായൊരു നേതാവ്. അദ്ദേഹം ഇവിടെ നിന്നും സെന്റര്‍ അസംബ്ലിയിലേക്ക് മത്സരിച്ചിട്ടുണ്ട്. സ്വതന്ത്രനായി. കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിനെയാണ് സത്താര്‍ സേഠ് തോല്‍പ്പിച്ചത്. കറാച്ചിയിലും മറ്റും കച്ചവടം ഉണ്ടായിരുന്ന ഒറ്റപ്പെട്ട ചില വ്യക്തികള്‍ പോയിട്ടുണ്ടാകുമെന്നലാതെ, ഈ സത്താര്‍ സേഠിനെ കൂടാതെ ഒരു നേതാവും ഇവിടെ നിന്നു പാക്കിസ്താനിലേക്ക് പോയിട്ടില്ല. ഈജിപ്തില്‍ അംബാസിഡര്‍ ഒക്കെയായെങ്കിലും വളരെ കഷ്ടത്തിലായിരുന്നു സത്താര്‍ സേഠിന്റെ മരണം. ആ സമയത്തൊന്നും മുസ്ലിം ലീഗ് ഇവിടെയില്ല. ലീഗ് ഉണ്ടാകുന്നത് 1937 ല്‍ ആണ്.

എപ്പോഴുമെന്നപോലെ മുസ്ലിം ലീഗിന്റെ കാര്യത്തിലും ഒരു വ്യാജചരിത്രം സൃഷ്ടിച്ച് വെറുപ്പിന്റെ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കുകയാണ് ബിജെപി, അല്ലേ?

1948 മാര്‍ച്ച് 10 ാം തീയതി മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇന്നു നമ്മളറിയുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഉണ്ടാകുന്നത്. തമിഴ്‌നാട്ടുകാരനായ ഖായിദ്-ഇ-മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, കൊയിലാണ്ടിക്കാരനായ സയ്യിദ് അബ്ദു റഹിമാന്‍ ബാഫക്കി തങ്ങള്‍ എന്നീ നേതാക്കളായിരുന്നു ലീഗിന്റെ പിറവിക്ക് മുന്‍കൈയെടുത്തത്. 1906 ല്‍ ഉണ്ടാക്കിയ ഓള്‍ ഇന്ത്യ മുസ്ലിം ലീഗിന്റെ തുടര്‍ച്ചയല്ല ഇന്നു നാം കാണുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. 1962 ല്‍ ലോക്‌സഭയില്‍ മഞ്ചേരിയില്‍ നിന്നുള്ള മെംബര്‍ ആണ് ഖായിദ്-ഇ-മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്. അദ്ദേഹം പറഞ്ഞത് പാകിസ്താനില്‍ നിന്നും പട്ടാളം വന്നാല്‍ അവര്‍ക്കെതിരേ പൊരുതാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൂടെ ഞാനെന്റെ മക്കളെ അയക്കാമെന്നായിരുന്നു. കോഴിക്കോട് എംപിയായിരുന്ന സി എച്ച് മുഹമ്മദ് കോയ ലോക്‌സഭയില്‍ പറഞ്ഞത്, പാകിസ്താനില്‍ നിന്നല്ല, ഞങ്ങളുടെ സംസ്‌കാരത്തിന്റെ പിതൃഭൂമിയായ മക്കയില്‍ നിന്നു പട്ടാളക്കാരു വന്നാലും അവര്‍ക്കെതിരായിട്ട് പൊരുതാന്‍ ഞങ്ങളും ഞങ്ങടെ മക്കളും ഉണ്ടാകുമെന്നാണ്. പാകിസ്താന് അനുകൂലമായി എന്തെങ്കിലുമൊരു പണി മുസ്ലിം ലീഗ് എടുത്തതായിട്ട് അറിയില്ല. ഒന്നാമത്തെ കാര്യം ഇത് വളരെ തെക്ക് കിടക്കുന്നൊരു സ്ഥലമാണ്. വിഭജനത്തിന്റെ ഗുണമോ ദോഷമോ ഇവിടെ എത്തില്ല. 47 കഴിഞ്ഞിട്ട് ലീഗ് ഉണ്ടായിരുന്നത് കേരളത്തിലാണ്, മലബാറില്‍. പേരിന് മദിരാശിയില്‍ ഉണ്ടായിരുന്നു. മദിരാശിയിലുള്ള മുഹമ്മദ് ഇസ്മായില്‍ സാഹിബിനു മത്സരിക്കാന്‍ മഞ്ചേരിയില്‍ വരണമായിരുന്നു. ബോംബെക്കാരന്‍ ബനാത്ത്‌വാല മഞ്ചേരിയില്‍ വന്നാണ് മത്സരിക്കുന്നത്. ഇതിനൊരു കാരണം കൂടിയുണ്ട്. ലോക്‌സഭയില്‍ ചെന്ന് ഉദുവോ ഹിന്ദിയോ ഇംഗ്ലീഷോ പറയാന്‍ ഇവിടെയാര്‍ക്കും അറിഞ്ഞൂടായിരുന്നു. മറാഠിയായ ബനാത്ത്‌വാല അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന് മറാഠിയും ഹിന്ദിയും ഇംഗ്ലീഷും അറിയാമായിരുന്നു. മദിരാശിക്കാരനായ മുഹമ്മദ് ഇസ്മായില്‍ സാഹിബിനും ഇംഗ്ലീഷ് അറിയാരുന്നു. മുസ്ലിം ലീഗ് എന്നാല്‍ ന്യൂനപക്ഷത്തിന്റെതായ മലബാര്‍ ബെയ്‌സ്ഡ് ആയിട്ടുള്ള ഒരു ചെറിയ പാര്‍ട്ടി മാത്രമാണ്. ബംഗാളില്‍ ഘടകം ഉണ്ടെന്നു പറയുന്നു. കേരളം അല്ലാതെ വേറെ എവിടെയും അതിന് എംഎല്‍എയോ എംപിയോ ഒന്നുമില്ല. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡിന്റെ താഴെയാണ് ദേശീയ പ്രസിഡന്റ്. ഇതൊക്കെയാണ് ലീഗ്.

ലീഗിന്റെ പേരില്‍ ആരോപിക്കുന്ന മതരാഷ്ട്രീയമോ?

രണ്ട് തരം രാഷ്ട്രീയമുണ്ട്. ഒന്നു സാമുദായിക രാഷ്ട്രീയം, മറ്റൊന്നു മത രാഷ്ട്രീയം. മതരാഷ്ട്രീയം എന്നു പറഞ്ഞാല്‍ മതത്തിന്റെ നിയമങ്ങള്‍ രാഷ്ട്ര നിയമങ്ങളാക്കാനുള്ള ഉത്സാഹമാണ്. മതമാണവിടെ പ്രധാനം. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ ഇവരൊക്കെ മതരാഷ്ട്രീയത്തിന്റെ ആളുകളാണ്. ലീഗിന്റെ രാഷ്ട്രീയം സാമുദായിക രാഷ്ട്രീയമാണ്. ഒരു സമുദായത്തിന്റെ പാര്‍ട്ടിയാണത്. ഇന്നു കാണുന്ന ലീഗിന്റെ നേതാക്കന്മാരാരും മതപണ്ഡിതന്മാരല്ല. അബ്ദുള്‍ നാസര്‍ മദനിയെപോലെ മതം പ്രസംഗിക്കാന്‍ കഴിയുന്ന ഒരു നേതാവും ലീഗിനില്ല. ലീഗ് രാഷ്ട്രീയവും സാമുദായിക പ്രശ്‌നവുമാണ് പറയുന്നത്. ഇവിടുത്തെ ദേശീയതയ്ക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വിധേയമായിക്കൊണ്ടാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. 1967 ല്‍ ആണ് ലീഗ് ആദ്യമായി മന്ത്രിസഭയില്‍ വരുന്നത്, ഇ എം എസ്സിന്റെ രണ്ടാം മന്ത്രിസഭയില്‍. അന്ന് എംപിഎം അഹമ്മദ് കുരുക്കള്‍ പഞ്ചായത്ത് മന്ത്രിയും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായി. 67 ലെ ഇഎംഎസ് മന്ത്രിസഭയാണ് മലബാറിലെ മദ്യനിരോധനം എടുത്തു കളഞ്ഞത്. മദ്യ നിരോധനം മാറ്റുന്നത് മതത്തിനെതിരാണെന്നു പറഞ്ഞ് എതിര്‍ക്കാന്‍ പോയിട്ടില്ല ലീഗ്. 57 ലെ മന്ത്രിസഭ ഭൂപരിഷ്‌കരണം കൊണ്ടുവരുമ്പോള്‍ ലീഗ് എതിര്‍ത്തിട്ടില്ല. മതത്തിനെതിരാണെന്നു പറഞ്ഞിട്ടില്ല. 67 ലെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായ പി കെ കുഞ്ഞ് സര്‍ക്കാര്‍ ലോട്ടറി അവതരിപ്പിച്ചപ്പോഴും ഇത് ഞങ്ങടെ മതത്തിനെതിരാണ് നടപ്പാക്കാന്‍ പറ്റില്ലെന്നു ലീഗ് പറഞ്ഞിട്ടില്ല. 69-70 കാലത്താണ് ഏറ്റവും ഗംഭീരമായി ഇവിടെ സന്താനനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഭര്‍ത്താവിന്റെ അറിവോ അനുവാദമോ ഇല്ലാതെ ഒരു സ്ത്രീക്ക് സ്വന്തം ഗര്‍ഭം അലസിപ്പിക്കാമെന്നാണ് നിയമം വരുന്നത്. അത് മതവിരുദ്ധമാണെന്നു പറഞ്ഞ് ആ നിയമനിര്‍മാണത്തെ ലീഗ് എതിര്‍ത്തിട്ടില്ല.

മലപ്പുറം ജില്ല രൂപീകരണം ലീഗിന്റെ വര്‍ഗീയ രാഷ്ട്രീയമായി ആരോപിക്കപ്പെടുന്നുണ്ടല്ലോ?1967 ലെ ഇംഎഎസ് സര്‍ക്കാര്‍ ആണ് മലപ്പുറം ജില്ല രൂപീകരിക്കാന്‍ തീരുമാനിച്ചത്. 1947 ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ജില്ലയാണ്. വലിയൊരു ജില്ല. കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവുമൊക്കെ അന്നതിന്റെ ഭാഗമാണ്. 1956 ല്‍ ഐക്യകേരളം വന്നപ്പോള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ രൂപീകൃതമായി. കോഴിക്കോടിന്റെ ഭാഗമായിരുന്നു വയനാടും മലപ്പുറവും. ലീഗിന്റെ ആവശ്യം തന്നെയായിരുന്നു മലപ്പുറം ജില്ല രൂപീകരണം. ലീഗുകാര്‍ പറഞ്ഞിട്ട് തന്നെയാണല്ലോ കാസറഗോഡ് ജില്ല ഉണ്ടാക്കിയതും. അതിലാര്‍ക്കും പ്രശ്‌നമില്ല. ഇടുക്കി ജില്ല രൂപീകരിച്ചത് കേരള കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ്. പത്തനംതിട്ട രൂപീകരിച്ചത് കെ കെ നായരുടെ ആവശ്യപ്രകാരമാണ്. പക്ഷേ മലപ്പുറത്തിന് മാത്രം എന്തുപറ്റി? ലീഗ് ഒരു അന്യായം കാണിച്ചു. ഇന്ത്യന്‍ മുസ്ലിമിന്റെ അഭിമാനപ്രശ്‌നമായിട്ട് അവരതിനെ അവതരിപ്പിച്ചു. വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ വേണ്ടി. അന്ന് ഭരണമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം അതിന്റെ അപകടം മനസിലാക്കിയില്ല. പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് മലപ്പുറം ജില്ല രൂപീകരണത്തെ എതിര്‍ത്തിരുന്നു. ബിജെപിയുടെ പൂര്‍വരൂപമായ ജനസസംഘവും എതിര്‍ത്തു. അതൊരു വര്‍ഗീയ പ്രശ്‌നമായി മാറുന്നത് അങ്ങനെയാണ്. ജനസംഘം അഖിലേന്ത്യാടിസ്ഥാനത്തില്‍ കേരളത്തില്‍ വന്നു സമരം നടത്തി. അവര്‍ക്ക് അന്ന് ഇവിടെയാരുമില്ല. 1969 ല്‍ ആണ് മലപ്പുറം ജില്ല രൂപീകരണം. അന്ന് ജനസംഘം കോഴിക്കോട് നടത്തിയ പ്രകടനം ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. മലയാളത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ ആരുമില്ലായിരുന്നു. ആകെ പത്തുപേരെങ്ങാനും കാണുമായിരുന്നു കോഴിക്കോട്ടുകാരായിട്ട്. മുദ്രാവാക്യം മുഴുവന്‍ ഹിന്ദിയിലാണ്. ഊപ്പര്‍ ദേഖോ ദീപക് ദീപക്, നീചേ ദേഖോ ദീപക് ദീപക്..എന്നൊക്കെയായിരുന്നു വിളിച്ചു പറഞ്ഞു നടന്നത്. മലപ്പുറം രൂപീകരണം ലീഗ് മുതലാക്കിയ പോലെ ജനസംഘവും മുതലാക്കി. വലിയ അന്യായമാണ് രണ്ടുകൂട്ടരും ചെയ്തത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സിപിഎമ്മിനും ഒഴിയാന്‍ കഴിയില്ല. ജില്ല രൂപീകരിക്കാന്‍ തീരുമാനിക്കുമ്പോള്‍, വികസനാണ് പ്രധാനം, ജാതിയോ മതമോ പാര്‍ട്ടിയോ അല്ലായെന്നു പറയാന്‍ സിപിഎമ്മിന് സാധിച്ചില്ല. മലപ്പുറം ജില്ലയുടെ രൂപീകരണം ആധുനിക കേരളത്തെ വര്‍ഗീയവത്കരിക്കുന്നതില്‍ പ്രധാനപ്പെട്ടൊരു പങ്കു വഹിച്ചിട്ടുണ്ട്.

ജില്ല രൂപീകരണം എന്നത് ഒരു ഭരണപ്രശ്‌നം മാത്രമായിരുന്നു. പക്ഷേ, ജനസംഘം പ്രചരിപ്പിച്ചത് മലപ്പുറം ജില്ലയില്‍ മുസ്ലിം അല്ലാത്തൊരാള്‍ക്ക് താമസിക്കാന്‍ പറ്റില്ല ഒഴിഞ്ഞുപോകേണ്ടി വരികയാണ്. മുസ്ലിമല്ലാത്തൊരാള്‍ക്ക് വീട് വയ്ക്കാന്‍ പറ്റില്ല, റേഷന്‍ കാര്‍ഡ് കിട്ടില്ല എന്നൊക്കെയായിരുന്നു. ജില്ല രൂപീകൃതമായ വര്‍ഷം തന്നെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിതമാകുന്നതും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുസ്ലിങ്ങള്‍ക്ക് മാത്രമെ പഠിക്കാന്‍ പറ്റൂ, മുസ്ലിം മാത്രമെ വൈസ് ചാന്‍സിലര്‍ ആകൂ, പ്യൂണ്‍ ആകൂ, അധ്യാപകരാകൂ, രജിസ്ട്രാര്‍ ആകൂ എന്നതൊക്കെ ജനസംഘം വടക്കേയിന്ത്യയില്‍ നടത്തിയ പ്രചാരണങ്ങളായിരുന്നു(ആ പ്രചരണത്തിന്റെ വേറൊരു ഭാഗമാണ് ഇപ്പോള്‍ വയനാട് നടത്തുന്നത്). മലപ്പുറം ജില്ല വന്നിട്ട് ഏതെങ്കിലും നായരോ നമ്പൂതിരിയോ ചെറുമനോ അവിടെ നിന്നും വീടൊഴിഞ്ഞു പോയിട്ടുണ്ടോ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുസ്ലിമല്ലാത്ത എത്രയോ പേര്‍ വൈസ് ചാന്‍സിലര്‍മാരായി. ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍ ആയി ചേര്‍ന്നതിന്റെ അടുത്ത കൊല്ലം വടക്കേയിന്ത്യക്കാരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ എന്നെ കാണാന്‍ വന്നു. അവരെന്നോട് ചോദിച്ചത് മാഷെപ്പോലൊരാള്‍ എങ്ങനെയാണ് ഇവിടെ ജോലി ചെയ്യുന്നത് എന്നായിരുന്നു. മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു യൂണിവേഴ്‌സിറ്റിയാണിത് എന്നാണവര്‍ ധരിച്ചു വച്ചിരിക്കുന്നത്. ഇവിടുത്തെ വൈസ് ചാന്‍സിലറുടെ പേര് നിങ്ങള്ക്കറിയാമോ? ടി എന്‍ ജയചന്ദ്രന്‍ എന്നാണ്. ഇവിടുത്തെ രജിസ്ട്രാറുടെ പേര് ബാലഗോപാല്‍ എന്നാണ്. ഇതൊക്കെ മുസ്ലിം പേരുകളാണോ? എന്റെ മറുചോദ്യങ്ങളും മറുപടിയും ഇങ്ങനെയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനം ചെയ്ത് മറ്റു യൂണിവേഴ്‌സിറ്റികളില്‍ സെമിനാറും മറ്റും പോകുമ്പോള്‍ അവിടെ കണ്ടുമുട്ടുന്ന മുതിര്‍ന്ന പ്രൊഫസര്‍മാരും എന്നോട് ചോദിച്ചിട്ടുള്ളതാണ്, അവിടെ നിങ്ങളെപ്പോലൊരാള്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന്. എംജിഎസ് നാരായണനാണ് ചരിത്രവിഭാഗം തലവനെന്നും മലയാളം വിഭാഗത്തിന്റെ തലവന്‍ സുകുമാര്‍ അഴിക്കോടാണാണെന്നും ഇവരൊന്നും മുസ്ലിങ്ങളല്ലെന്നും ഞാന്‍ പറഞ്ഞുകൊടുക്കും. മലപ്പുറം ജില്ല എന്നു പറയുന്നത് ഒരു മുസ്ലിം ജില്ല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നു പറയുന്നത് ഒരു മുസ്ലിം യുണിവേഴ്‌സിറ്റി,ഈ തരത്തിലാണ് പ്രചാരവേലകള്‍. എത്ര അന്യായമായ അക്രമമായ കാര്യങ്ങള്‍. ഇതൊക്കെ വടക്കേയിന്ത്യയിലെ ആളുകള്‍ വിശ്വസിച്ചതുപോലെ, വയനാട്ടില്‍ കാണുന്ന ലീഗിന്റെ കൊടി കാണിച്ചിട്ട് ഇത് പാകിസ്താന്റെ കൊടിയാണെന്നു പറയുമ്പോഴും വിശ്വസിക്കുന്നവരുണ്ട്.

ആരോപിക്കപ്പെടുന്നതരത്തില്‍ ഒരു കുഴപ്പങ്ങളും മുസ്ലിം ലീഗിന് ഇല്ലെന്നാണോ?

ലീഗ് തെറ്റും കുറ്റവും ചെയ്യാത്ത പാര്‍ട്ടിയാണെന്നല്ല പറയുന്നത്. മതരാഷ്ട്രീയവും സാമുദായിക രാഷ്ട്രീയം വേറിട്ട് മനസിലാക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും മാധ്യമക്കാര്‍ക്കും പറ്റാത്തതുകൊണ്ടാണ് ഇതു തിരിയാത്തത്. ലീഗ് ഒരിക്കലും മത നിയമങ്ങള്‍ രാഷ്ട്ര നിയമങ്ങളാക്കണമെന്നു പറഞ്ഞിട്ടില്ല. സാമുദായിക വികാരം ലീഗ് ധാരാളം ഉപയോഗിച്ചിട്ടുണ്ട്. അന്യായമായി ഉപയോഗിച്ചിട്ടുണ്ട്. ഷാബാനു കേസിന്റെ കാലവും, ശരിയത്ത് വിവാദവുമൊക്കെ ഉദ്ദാഹരണം. അപ്പോഴൊക്കെ അവര്‍ മതവികാരം ഉപയോഗിച്ചിട്ടുണ്ട്. അത് തെറ്റാണ്. പക്ഷേ അവര്‍ക്ക് ഇല്ലാത്ത കുറ്റം പറയരുത്. ഇക്കാര്യം വകതിരിച്ച് മനസിലാക്കണം. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്ന ഒരു പാര്‍ട്ടിയല്ല ലീഗ്. സിഎച്ച് ഒരിക്കല്‍ എന്നോടു പറഞ്ഞൊരു കാര്യമുണ്ട്, കാരശ്ശേരി നിങ്ങള്‍ ധരിച്ചമാതിരിയല്ല, മുസ്ലിങ്ങളായതിന്റെ പേരില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും വേണമെന്നു പറഞ്ഞിട്ടില്ല, പറയുകയുമില്ല. ഞങ്ങള്‍ മുസ്ലിങ്ങള്‍ ഇവിടെ ന്യൂനപക്ഷമാണ്, പിന്നാക്ക സമുദായമാണ്. പിന്നാക്കക്കാരും ന്യൂനപക്ഷക്കാരും ആയതിന്റെ പേരില്‍, മുസ്ലിങ്ങളായതിന്റെ പേരില്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ടതെന്തെങ്കിലും കിട്ടാതെ പോകരുതെന്നു മാത്രമെ ഞങ്ങള്‍ക്ക് വാദമുള്ളൂ.

അക്രമങ്ങള്‍, കൊലപാതകങ്ങള്‍..ഇതൊന്നും ചെയ്യാത്ത പാര്‍ട്ടിയല്ലല്ലോ ലീഗ്?

ലീഗിലോ യൂത്ത് ലീഗിലോ പെട്ടവര്‍ എന്തെങ്കിലും അക്രമമോ കൊലപാതകമോ നടത്തിയിട്ടില്ലെന്നല്ല പറയുന്നത്. അതുണ്ടായിട്ടുണ്ട്. ‘മതമില്ലാത്ത ജീവന്‍’ ചര്‍ച്ചയുടെ കാലത്ത് ഒരു അധ്യാപകനെ ചവിട്ടിക്കൊന്നിട്ടുണ്ട്. പത്തുപതിനാറായിരത്തോളം രൂപയുടെ പാഠപുസ്തകങ്ങള്‍ കത്തിച്ചതും ഇവരാണ്. മാറാട് രണ്ടു തവണയായിട്ട് ഉണ്ടായ കലാപത്തില്‍ ലീഗുകാര്‍ പ്രതികളായിട്ടുണ്ട്. എന്നിരിക്കിലും വര്‍ഗീയ കലാപം സംഘടിപ്പിക്കുക, ആയുധ പരിശീലനം നടത്തുക, ആളെ കൊല്ലുക എന്നത് ലീഗിന്റെ അജണ്ടയില്‍ പെട്ടതല്ല. കച്ചറ ഉണ്ടാക്കണമെന്നല്ല, അധികാരം കിട്ടിയാല്‍ മതിയെന്നാണ് ലീഗിന്. പൈസയുണ്ടാക്കണമെന്നും അധികാരം വേണമെന്നും സൗകര്യം വേണമെന്നുമാണ് അവര്‍ക്കുള്ളത്. ലീഗ് കലാപം ഉണ്ടാക്കുന്ന പാര്‍ട്ടിയല്ല. എന്നാല്‍ എസ്ഡിപി ഐ അങ്ങനെയല്ല. കേരളത്തിനകത്ത് ജമാ അത്തെ ഇസ്ലാമി ഒരിക്കലും ആയുധ പരിശീലനം നടത്തിയിട്ടില്ലെങ്കിലും അവരും വഴിമാറി നടക്കുന്നവരാണ്. അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍, ലീഗ് ഒരു പ്രതികാരവും ചെയ്തിട്ടില്ല. എസ്ഡിപിഐ ആണെങ്കില്‍ അങ്ങനെ വിടുമോ? എസ്ഡിപിഐ ഉണ്ടായത് ആയുധം കൊണ്ട് മുസ്ലിമിനെ രക്ഷിക്കാനാണ്. ലീഗിന് ഒരു പ്രത്യയശാസ്ത്രമില്ല. ഐഡിയോളജിയല്ല, മെത്തഡോളജി മാത്രമെയുള്ളൂ. എല്‍ഡിഎഫിന്റെ കൂടെയോ യുഡിഎഫിന്റെ കൂടെയോ നിന്നിട്ടാണെങ്കിലും ഭരണത്തില്‍ പങ്കാളിത്തം കിട്ടണം, അതിന്റെ സൗകര്യങ്ങള്‍ വേണം. ആ വഴിയില്‍ കാശുണ്ടാക്കണം. ലീഗില്‍ അഴിമതിക്കാരുണ്ട്, സ്വജനപക്ഷപാതം കാണിക്കുന്നവരുണ്ട്. പക്ഷേ ലീഗ് ഒരിക്കലും അന്യസമുദായക്കാരനെ തല്ലാനോ കൊല്ലാനോ പ്രേരിപ്പിക്കുകയോ പഠിപ്പിക്കുകയോ ആയുധപരിശീലനം കൊടുക്കുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് കിട്ടാന്‍ മതവികാരങ്ങളൊക്കെ ഉപയോഗിക്കാറുണ്ട്. അതിനപ്പുറം ജനാധിപത്യത്തിനോ മതേതരത്വത്തിനോ ദേശീയതയ്‌ക്കോ വിരുദ്ധമായിട്ട് അവരൊന്നും ചെയ്യുന്നില്ല. ലീഗ് നൂറുശതമാനം ക്ലീന്‍ ആണെന്നല്ല അതിനര്‍ത്ഥം. കേരള കോണ്‍ഗ്രസിന് ഒരു പ്രത്യശാസ്ത്രമുണ്ടോ? വികസനമെന്നാണ് അവര് പറയുന്നത്, ലീഗും പറയുന്നത് അതാണ്. മാണി സാറിന് ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ക്രിസ്ത്യാനിയെന്നു പറയില്ലായിരുന്നു കര്‍ഷകനെന്നേ പറയൂ. പാലാക്കാരനെന്നു പറയും കുടിയേറ്റക്കാരെന്നു പറയും. ലീഗുകാര്‍ക്ക് അത്ര ബുദ്ധിയില്ലാത്തകൊണ്ട് മലബാറുകാരെന്നും മാപ്പിളമാരെന്നും പറയും. കേരള കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പേരിട്ടപ്പോള്‍ അതില്‍ നിന്നും ക്രിസ്ത്യാനിയെ ഒഴിവാക്കി. ജേക്കബ് കോട്ടയത്ത് യൂണിവേഴ്‌സിറ്റി ഉണ്ടാക്കിയത് ഗാന്ധിയുടെ പേരിലാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉണ്ടാക്കിയ അതേ സിഎച്ച് മുഹമ്മദ് കോയ തന്നെയാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഉണ്ടാക്കിയതും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉണ്ടാക്കിയത് ഇ ടി മുഹമ്മദ് ബഷീര്‍ ആണ്. ഇതൊന്നും ആരും പറയാരുമില്ല, ഓര്‍ക്കാറുമില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലപ്പുറം ജില്ലയില്‍ ആയതുകൊണ്ടാണ് അതോര്‍മിക്കുന്നത്.

Read More: ബിജെപിയും സംഘപരിവാറും കേരളത്തില്‍ പടര്‍ത്തുന്ന നുണകളെ തിരുത്തിക്കൊണ്ടിരുന്നില്ലെങ്കില്‍ അപകടമാണ്; രാജന്‍ ഗുരുക്കള്‍/അഭിമുഖം

ബാബറി മസ്ജിദ് തകര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ലീഗ് കലാപം ഉണ്ടാക്കിയെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. മാത്രമല്ല, മലപ്പുറത്ത് മൂന്നു കലാപങ്ങളും ലീഗ് ഉണ്ടാക്കിയിട്ടുണ്ടെന്നും ബിജെപി നേതാവ് പറയുന്നുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ലീഗിനകത്ത് പ്രശ്‌നമാവുകയാണ് ഉണ്ടായിട്ടുള്ളത്. പുറത്തല്ല. 1994 ല്‍ ഐഎന്‍എല്‍ എന്ന പാര്‍ട്ടിയുണ്ടാകുന്നത് അങ്ങനെയാണ്. കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവാണ് ബാബറി പള്ളി പൊളിക്കാന്‍ കാരണം. അതുകൊണ്ട് കോണ്‍ഗ്രസുമായിട്ട് പിരിയണം. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരില്‍ തുടരാന്‍ പാടില്ല എന്നു പറഞ്ഞത് അംഗീകരിക്കാതെ വന്നപ്പോഴാണ് ദേശീയ അധ്യക്ഷന്‍ സുലൈമാന്‍ സേഠ് ലീഗില്‍ നിന്നും പുറത്തു പോകുന്നത്. പള്ളി പൊളിച്ച സംഭവത്തില്‍ ആരും പ്രശ്‌നമുണ്ടാക്കരുത്, കലാപവുമായി ഇറങ്ങരുതെന്ന് പറഞ്ഞ് സമാധാനിപ്പിച്ചത് മുഹമ്മദാലി ശിഹാബ് തങ്ങളാണ്. ബാബറി പള്ളി പൊളിച്ചതിന്റെ പേരില്‍ ലീഗുകാര്‍ ആരെയെങ്കിലും കൊന്നതായിട്ട് അറിയില്ല, എവിടെയെങ്കിലും കലാപം ഉണ്ടായതായിട്ടും അറിയില്ല. 1971 ലാണ് സ്വാതന്ത്രാനന്തര കേരളത്തിലെ ആദ്യത്തെ വര്‍ഗീയ കലാപമെന്നു പറയാവുന്ന തലശ്ശേരി കലാപം ഉണ്ടാകുന്നത്. ആ കലാപത്തില്‍ ആരും മരിച്ചിട്ടില്ല. അതിനുശേഷം എവിടെയാണ് വര്‍ഗീയ കലാപം ഉണ്ടായത്? ഏത് സ്ഥലത്ത് ഉണ്ടായെന്നാണ് പറയുന്നത്, എത്രപേര്‍ കൊല്ലപ്പെട്ടു? മാറാട് കലാപമാണോ ഇവര്‍ പറയുന്നത്? അതുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് എസ്ഡിപിഐയാണ്. അന്നവരുടെ പേര് എന്‍ഡിഎഫ് എന്നാണ്. ലീഗും എന്‍ഡിഎഫും ഒന്നാണെന്നാണോ പറയുന്നത്? അതൊരു അസത്യമാണ്. എന്‍ഡിഎഫിന്റെ ആളുകള്‍ ലീഗില്‍ നുഴഞ്ഞു കയറിയിരിക്കാം. എന്‍ഡിഎഫിന്റെയും ലീഗിന്റെയും അജണ്ട ഒന്നല്ല. ലീഗിനു വേണ്ടത് ഭരിക്കുകയും സുഖിക്കുകയുമാണ്. അല്ലാതെ ആളെ കൊല്ലുകയും ചാവുകയുമല്ല. അഭിമന്യുവിനെ കൊല്ലുന്ന തരത്തിലൊരു പണി ലീഗ് ഒരിക്കലും ആലോചിക്കില്ല. ലീഗിന് അതിനുള്ള പരിശീലനുമില്ല, അതിന്റെ രീതിയുമതല്ല. പാരമ്പര്യം അതല്ല. മൂന്നു കലാപങ്ങള്‍ ഉണ്ടാക്കിയെന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ ഇന്ന കൊല്ലത്തില്‍ ഇന്ന സ്ഥലങ്ങളില്‍, ഇത്രയിത്ര ആളുകള്‍ കൊല്ലപ്പെട്ടു എന്നു തെളിച്ചു പറയണം. എങ്കിലല്ലേ മറുപടി പറയാന്‍ പറ്റൂ. ബാബറി മസ്ജിദ് തകര്‍ത്തത് 1992 ഡിസംബര്‍ ആറാം തീയതിയാണ്. അതിന്റെ പേരിലാണെങ്കില്‍ 93 ലോ 94 ലൊ ഒക്കെ കലാപം ഉണ്ടാകണമല്ലോ. അന്ന് ഇതൊക്കെ ഏറ്റെടുക്കുന്ന ഒരാളുടെ പേര് അബ്ദുള്‍ നാസര്‍ മദനി എന്നാണ്. അദ്ദേഹമാണ് ഐഎസ്എസ് ഉണ്ടാക്കിയത്. ആര്‍എഎസ്എസ്സിനോട് പൊരുതാന്‍.

ബിജെപിയുമായി ലോഹ്യത്തില്‍ പോകുന്ന പാര്‍ട്ടിയാണ് ലീഗ്. പറയുന്നതുപോലെയുള്ള എതിര്‍പ്പ് ബീജെപിയോട് ലീഗിനില്ല. ബേപ്പൂരിലെ കോ-ലി-ബി സഖ്യം ഓര്‍മയില്ലേ. ആ ബന്ധം പണ്ടേയുള്ളതാണ്. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ഉടനെ പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ലീഗിന്റെ ദേശീയാധ്യക്ഷന്‍ ഇ അഹമ്മദ് 25 ലക്ഷം രൂപയാണ് സംഭാവന കൊടുത്തത്. ബിജെപിക്കെതിരായിട്ട് ലീഗ് ഒന്നും പറയാറുമില്ല ചെയ്യാറുമില്ല. ലീഗിനെ പറ്റി മറ്റവര്‍ക്കുള്ള പരാതി തന്നെ അവര് ബിജെപിയുടെ ആള്‍ക്കാര്‍ എന്നതാണ്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപി ഐയുമൊക്കെ പറയുന്നത് ലീഗിന് ഭരണം കിട്ടിയാല്‍ മാത്രം മതിയെന്നാണ്. ഇത് സത്യവുമാണ്. ലീഗിന് എങ്ങനെയെങ്കിലും ഭരണം കിട്ടിയാല്‍ മതി. ലീഗ് കലാപം ഉണ്ടാക്കാന്‍ പോകില്ല. കാരണം കച്ചവടം നടക്കാന്‍ വേണ്ടത് സമാധാനമാണ്. ബുദ്ധിയുള്ള ഏതെങ്കിലും വ്യവസായിയോ വ്യാപാരിയോ കലാപം ഉണ്ടാക്കാന്‍ പോകുമോ? സാധാരണ ഗുജറാത്തിയുടെ മനസല്ല മോദിക്ക്. ഒരു സാധാരണ ഗുജറാത്തി ഒരുത്തനെ കണ്ടാല്‍ അവനില്‍ നിന്നും എങ്ങനെ പത്തുരൂപ ഉണ്ടാക്കാമെന്നാണ് നോക്കുക, അല്ലാതെ അവനെ കൊല്ലാനല്ല. ലീഗിന് ഹിന്ദുക്കളെ ഉപദ്രവിക്കണമെന്നോ മാപ്പിളമാര് നന്നാകണമെന്നോ ഒന്നുമില്ല. അവര്‍ക്ക് അധികാരവും സമ്പത്തും സൗകര്യം ഉണ്ടാകണം എന്നുമാത്രം. ഒന്നും ചെയ്തിട്ടില്ല എന്നല്ല പറയുന്നത്. മലപ്പുറം ജില്ലയുടെ ഇന്നത്തെ വികസനത്തിന്റെ പ്രധാനപങ്ക് ലീഗിന് തന്നെയാണ്.

കലാപത്തിന്റെ രാഷ്ട്രീയം എസ്ഡിപിഐക്കും ജമാ അത്തെ ഇസ്ലാമിക്കുമൊക്കെയുള്ളതാണ്. ജമാത്തെ ഇസ്ലാമി കേരളത്തില്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. അവരതൊക്കെ ചെയ്യുന്നത് കശ്മീരിലാണ്. കേരളത്തില്‍ അവര്‍ ഒരിക്കലും ആയുധം എടുത്തിട്ടില്ല, ആയുധപരിശീലനം നടത്തിയിട്ടില്ല. പക്ഷേ അവര്‍ ഇസ്ലാമിക് രാഷ്ട്രീയം കൊണ്ടു നടക്കുന്നവരാണ്. മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും രണ്ടും രണ്ടാണ്. മത രാഷ്ട്രീയം എന്നു പറയുന്നത് ഇസ്ലാമിക രാഷ്ട്രീയമാണ്. ലീഗ് മതരാഷ്ട്രീയ വാദം ഉയര്‍ത്തുന്നില്ല. ജിന്നയ്ക്കു പോലും മതരാഷ്ട്ര വാദം ഉണ്ടായിരുന്നില്ല. പാകിസ്താനെ മതരാഷ്ട്രമാക്കാനല്ല ജിന്ന ആഗ്രഹിച്ചത്. മുസ്ലിങ്ങള്‍ ഭരിക്കുന്ന, മുസ്ലിങ്ങളുടെ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്നത്. ജിന്നയ്ക്ക് വേണ്ടിയിരുന്നത് അധികാരമായിരുന്നു. പൊളിറ്റിക്‌സ് മീന്‍സ് പവര്‍ എന്നു പറഞ്ഞത് ജിന്നയാണ്. അധികാരമില്ലാതെ എന്ത് രാഷ്ട്രീയം? രാഷ്ട്രീയമെന്നാല്‍ അധികാരം എന്നായിരുന്നു ജിന്നയുടെ നിര്‍വചനമെന്നതുകൊണ്ടാണ് ഗാന്ധി പറഞ്ഞത് ജിന്നയ്ക്ക് മനസിലാകാതിരുന്നത്. സേവനമാണ് രാഷ്ട്രീയം എന്നാണ് ഗാന്ധി പറഞ്ഞത്. അധികാരത്തിന്റെ രാഷ്ട്രീയം മാത്രമെ ലീഗും ചെയ്യുന്നുള്ളൂ.

Read More: വയനാടിനെ പാകിസ്താനാക്കുന്നവരോട്, ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കുക തന്നെ ചെയ്യും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍