UPDATES

നീതിനിഷേധം തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് ഓര്‍ത്തഡോക്‌സ് സഭ; ക്രമസമാധാന പ്രശ്നമായി വളരുന്ന പള്ളിത്തര്‍ക്കങ്ങള്‍ സര്‍ക്കാരിന് ഭീഷണി

തെരഞ്ഞെടുപ്പ് മുതലെടുക്കാനാണ് ഇപ്പോള്‍ വീണ്ടും ഇരു വിഭാഗങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം

പള്ളികളില്‍ പിടിമുറുക്കി സഭകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങളുടെ പോര് മുറുകി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. ശബരിമല വിഷയവും ഉയര്‍ത്തി സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന ആരോപണമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ തങ്ങളോട് സ്വീകരിക്കുന്ന നിലപാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും സഭാ അധ്യക്ഷന്‍മാര്‍ നല്‍കുന്നു. അതേസമയം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ വരെ തയ്യാറെടുത്തിരുന്ന യാക്കോബായ വിഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ ചെങ്ങന്നൂരില്‍ തുണച്ച ഓര്‍ത്തഡോക്‌സ് വിഭാഗം ഇടഞ്ഞു നില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ ക്ഷീണമാവുമെന്ന ആശങ്ക സിപിഎം അണികള്‍ക്കുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍.

മാസങ്ങള്‍ക്ക് ശേഷം പള്ളികളില്‍ വീണ്ടും സംഘര്‍ഷമുടലെടുത്തിരിക്കുകയാണ്. തര്‍ക്കത്തിലിരിക്കുന്ന പള്ളികളില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന ശ്രമങ്ങളെല്ലാം സംഘര്‍ഷത്തിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വിവിധ പള്ളികളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇത് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുതലെടുക്കാനാണ് ഇപ്പോള്‍ വീണ്ടും ഇരു വിഭാഗങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. 2017 ലെ സുപ്രീംകോടതി വിധി പ്രകാരം തര്‍ക്കത്തിലിരിക്കുന്ന പള്ളികളുടെയെല്ലാം ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ്. സഭയുടെ 1934ലെ ഭരണ ഘടന സുപ്രീംകോടതി ശരിവക്കുകയായിരുന്നു. ഇത് പ്രകാരം സഭാ സ്വത്തുക്കളുടേയും പള്ളികളുടേയും പൂര്‍ണ അവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളികളില്‍ പ്രവേശിക്കാന്‍ പോലീസ് സംരംക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പിറവം, കോതമംഗലം പള്ളികളില്‍ പ്രാര്‍ഥന നടത്താനെത്തിയ ഓര്‍ത്തഡോക്‌സ് വൈദികര്‍ പോള്‍ റമ്പാനും അത്തനാസിയോസിസിനും പള്ളിയില്‍ പ്രവേശിക്കാനായിരുന്നില്ല. കനത്ത പോലീസ് വലയത്തില്‍ എത്തിയിട്ടും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം മൂലം ഇരുവര്‍ക്കും തിരികെ പോവേണ്ടി വന്നിരുന്നു. മുന്‍സിഫ് കോടതിയുടെ ഉത്തരവിന്റെ ബലത്തിലാണ് എത്തിയ പോള്‍ റമ്പാനെ പള്ളിയിലേക്കുള്ള വഴിയില്‍ തടഞ്ഞിരുന്നു. പോലീസ് ഇദ്ദേഹത്തോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പള്ളിയില്‍ കയറാതെ താന്‍ തിരികെ പോവില്ലെന്ന നിലപാടല്‍ റമ്പാന്‍ ഉറച്ചു നിന്നു. പിന്നീട് പോലീസ് റമ്പാനെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു. തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റമ്പാന്‍ മടങ്ങിയതെങ്കിലും പോലീസ് അഭ്യര്‍ഥനയെ തുടര്‍ന്ന് തീരുമാനം മാറ്റി. എന്നാല്‍ കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പള്ളികളില്‍ പ്രാര്‍ഥന നടത്താനുള്ള അവസരം ഒരുക്കി നല്‍കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്.

കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂല വിധി വന്നിരുന്നെങ്കിലും ഇവര്‍ക്ക് പള്ളിയില്‍ കയറാന്‍ ഇത്രയും നാള്‍ സര്‍ക്കാര്‍ സഹായവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ടുവിഭാഗവും അവകാശതര്‍ക്കവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച കായംകുളം കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തി പ്രാര്‍ഥന നടത്തിയിരുന്നു. ഇതറിഞ്ഞ് യാക്കോബായ വിഭാഗക്കാരെത്തിയപ്പോഴേക്കും ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ഥന കഴിഞ്ഞ് മടങ്ങി. എന്നാല്‍ ജില്ലാ കളക്ടര്‍ നിയന്ത്രണമേറ്റെടുത്ത പള്ളിയില്‍ എങ്ങനെ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പ്രവേശിക്കും എന്ന ചോദ്യമാണ് യാക്കോബായ വിഭാഗം ഉന്നയിച്ചത്. കട്ടച്ചിറ സെന്റ് മേരീസ് പള്ളിക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതിക്രമിച്ചു കയറിയത് ഭരണപക്ഷത്തിന്റെ ഒത്താശയോടെയാണെന്നും ഇവര്‍ക്കനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. പള്ളിക്കുള്ളില്‍ അതിക്രമിച്ചു കടക്കുന്നതിനും അക്രമം കാട്ടുന്നതിനും പോലീസ് കൂട്ടുനിന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. പിന്നില്‍ ഭരണപക്ഷത്തെ ചിലരുടെ ഒത്താശയുണ്ടെന്നും തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രീണിപ്പിച്ച് ചില ലോക്‌സഭ സീറ്റുകളില്‍ വിജയിക്കുന്നതിന് വേണ്ടിയുള്ള തിരക്കഥയാണ് കട്ടച്ചിറയില്‍ നടന്നതെന്നും ഇവര്‍ പറയുന്നു. യാക്കോബായ വിഭാഗക്കാര്‍ പള്ളിക്ക് മുന്നില്‍ നടത്തുന്ന നാമജപ യജ്ഞം ഇപ്പോഴും തുടരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കട്ടച്ചിറ പള്ളിയില്‍ മൃതദേഹമടക്കാന്‍ സമ്മതിക്കാതെ യാക്കോബായ വിഭാഗക്കാരമായ വയോധികന്റെ മൃതദേഹം പന്ത്രണ്ട് ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നതും ബന്ധുക്കള്‍ മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്നതും വാര്‍ത്തായായിരുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ തടഞ്ഞു. പള്ളിയില്‍ സംഘര്‍ഷമായി. അന്ന പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. യാക്കോബായ വിശ്വാസികള്‍ പള്ളി പൂട്ടി താക്കോല്‍ കൊണ്ടുപോയി. പിന്നീടിങ്ങോട്ട് ഓരോ പതിനാല് ദിവസമിടവിട്ട് പള്ളിയിലും പരിസരത്തും നിരോധനാജ്ഞ തുടര്‍ന്നുപോരുകയായിരുന്നു. മാസങ്ങളായി പള്ളിയില്‍ പ്രാര്‍ഥനയും നടക്കാറില്ല. ഓര്‍ത്തഡോക്സ് വിഭാഗം കറ്റാനത്തുള്ള പള്ളിയിലും യാക്കോബായ വിശ്വാസികള്‍ കട്ടച്ചിറ പള്ളിയോട് ചേര്‍ന്നുള്ള ചാപ്പലിലും പ്രാര്‍ഥനകള്‍ നടത്തിവരുന്നു. ഇതിനിടെ ഹൈക്കോടതി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കാമെന്നും മറുവിഭാഗക്കാരിലെ വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശിക്കാമെന്നും ഉത്തരവിട്ടു. ഇതോടെയാണ് കട്ടച്ചിറയില്‍ വീണ്ടും സംഘര്‍ഷമാരംഭിച്ചത്. കോടതി വിധിയുടെ ബലത്തില്‍ പ്രാര്‍ഥനക്കായി വീണ്ടും എത്തുകയായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗം. പിന്നീടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണമേറ്റെടുത്തു. പള്ളിയുടെ താക്കോല്‍ ജില്ലാ കളക്ടറുടെ കൈവശമാണ്. കോടതി വിധികളുണ്ടായിട്ടും തങ്ങള്‍ക്ക് അവകാശം അനുവദിച്ച് നല്‍കാതെ മറുവിഭാഗക്കാരുടെ പ്രതിഷേധത്തിന് വഴങ്ങി സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തത് ശരിയായില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വാദം. നിലവില്‍ പള്ളി പോലീസ് കാവലിലാണ്.

എറണാകുളം പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളിയടച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും ഇരുവിഭാഗവും വഴങ്ങിയില്ല. ഇടവകയില്‍ ഭൂരിപക്ഷവും യാക്കോബായ വിശ്വാസികളായതിനാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. അതേസമയം കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ സഹായിക്കുകയാണെന്നാണ് ഇവിടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം. പള്ളിയില്‍ യാക്കോബായ പ്രതിഷേധം അടങ്ങിയിട്ടില്ല. പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതായതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്ക് പുറത്ത് സഹനസമരത്തിലും യാക്കോബായ വിശ്വാസികള്‍ പള്ളി കോമ്പൈണ്ടിനകത്ത് പ്രതിഷേധത്തിലുമാണ്.

കഴിഞ്ഞ ദിവസം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം വികാരിയെയും വിശ്വാസികളെയും യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നില്‍ നിലയുറപ്പിച്ച ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും സംഘവും കോടതി വിധി നടപ്പിലായി കിട്ടുന്നതിന്ന് ഏതറ്റംവരെ പോകുമെന്ന് പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.30 തോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വൈദികരായ ഫാ.കുര്യാക്കോസ് മാത്യു, ഫാ.എല്‍ദോ ഏലിയാസ് എന്നിവരും ഒരു പറ്റം വിശ്വാസികളും പള്ളിയിലെത്തിയത്. പള്ളിയുടെ മുന്‍വശത്തുള്ള റോഡിലൂടെ നടന്നു വന്ന സംഘം പടിഞ്ഞാറെ ഗേറ്റ് വഴി പ്രവേശിക്കുന്നതിന് ശ്രമം നടത്തിയപ്പോഴാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. എണ്ണത്തില്‍ക്കൂടുതലായിരുന്ന യാക്കോബായ പക്ഷം പള്ളിക്ക് സംരക്ഷണം ഏര്‍പ്പെടുത്തി നിലകൊണ്ടതോടെ അകത്ത് പ്രവേശിക്കാന്‍ കഴിയാതെ ഓര്‍ത്തഡോക്‌സ് വൈദീകരും വിശ്വാസികളും ഗെയിറ്റിന് പുറത്തുതന്നെ കഴിച്ചുകൂട്ടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘവും എത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിയില്‍ പ്രവേശിക്കുന്നതിനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് പൊലീസ് ഓര്‍ത്തഡോക്‌സ് പക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചില്ല. ഇനിടെയും പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഓര്‍ത്തഡോക്‌സ് പക്ഷം ആരോപിച്ചത്.

2002ലെ യാക്കോബായ വിഭാഗത്തിന്റെ ഭരണഘടന റദ്ദാക്കിയതോടെ സുപ്രീംകോടതി വിധി പ്രകാരം അങ്ങനെയൊരു സഭ തന്നെ ഇല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ അന്ത്യോഖ്യ പാത്രിയാര്‍ക്കീസ് വിശ്വാസം വിട്ട് മറ്റൊരു വിശ്വാസത്തിലേക്ക് പോവാന്‍ കഴിയാത്ത തങ്ങള്‍ യാക്കോബായ സഭയായി നിലനില്‍ക്കുമെന്നും പള്ളികള്‍ വിട്ടുനല്‍കില്ലെന്നുമാണ് യാക്കോബായ വിഭാഗക്കാരുടെ നിലപാട്. സഭാ തര്‍ക്കത്തില്‍ വെട്ടിലായിരിക്കുന്നത് സര്‍ക്കാരാണ്. കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതി മുതല്‍ സുപ്രീംകോടതി വരെ ഹര്‍ജികള്‍ നല്‍കിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം. ഇതിനിടെ കോടതികളില്‍ നിന്നുള്ള വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നുമുള്‍പ്പെടെ വിധി വരികയും ചെയ്യുന്നു. എന്നാല്‍ അത് ഇതേവരെ നടന്നിട്ടുമില്ല. ഇക്കാര്യത്തില്‍ എങ്ങനെ പരിഹാരം കാണും എന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാരും പോലീസും. എന്നാല്‍ എല്ലാം യാക്കോബായ വിഭാഗക്കാരും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ ആരോപിക്കുന്നത്. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ സുപ്രിം കോടതി വിധികളില്‍ പോലും നിലവിലെ സ്ഥിതി തുടരാനാവശ്യമായ നടപടികളായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തത്തോടെ ചിലയിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനനുകൂലമായ നീക്കം നടക്കുന്നുവെന്നാണ് ആരോപണം.

സുപ്രീംകോടതി വിധിയും ഹൈക്കോടതി വിധികളും നിലനില്‍ക്കുമ്പോഴും തര്‍ക്കം പരിഹരിക്കാനും മധ്യസ്ഥ ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മുന്‍കയ്യെടുത്തിരുന്നു. ജനുവരിയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കാന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കണ്‍വീനറായും മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തോക്‌സ് വിഭാഗം ഒഴിഞ്ഞു. ഇതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

Read More: തമ്മിലടിയും കൊലവിളിയും കാരണം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 12 ദിവസം; യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം ഏത് വിശ്വാസത്തിന്റെ പേരില്‍?

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ നിയമപരമായി ബാധ്യതയുണ്ടായിട്ടും അത് ചെയ്യാത്തവര്‍ക്കെതിരെ പ്രതികരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സിനഡിന്റെയും മാനേജിങ് കമ്മറ്റിയുടേയും സംയുക്ത യോഗം തീരുമാനിച്ചു. നീതി നിഷേധം തുടര്‍ന്നാല്‍ സഭാമക്കള്‍ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് യോഗത്തിന് ശേഷം സഭാ ഭാരവാഹികള്‍ നല്‍കിയത്. സുപ്രീംകോടതി വിധി നടപ്പിലാക്കിത്തരാന്‍ ബാധ്യസ്ഥരായവര്‍ അതിന് തയ്യാറായില്ലെങ്കില്‍ വശ്വാസികള്‍ അത് മനസ്സിലാക്കി പ്രതികരിക്കും. ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായോ അനുകൂലമായോ നിലപാട് സ്വീകരിക്കുന്നില്ലെങ്കിലും തീരുമാനം വ്യക്തമാണെന്നും സഭാ നേതൃത്വം അറിയിച്ചു. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ കോടതി വിധി നടപ്പാക്കത്തതിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് നടക്കുന്ന സഹന സമരം സഭ ഏറ്റെടുക്കും. റിലേ സത്യഗ്രഹത്തില്‍ മെത്രപ്പോലീത്തമാരും ആധ്യാത്മിക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. സഭയ്ക്ക് നീതി ലഭിക്കാന്‍ സഹായിക്കുന്നവരെ മാത്രമേ തിരികെ സഹായിക്കേണ്ടതുള്ളൂ എന്നും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം കോടതി വിധിയുടെ മറവില്‍ പള്ളി കയ്യേറാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യാക്കോബായ വിഭാഗം. സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ യാക്കോബായ സഭയുടെ പള്ളികളും സ്ഥാപനങ്ങളും പ്രാകൃത രീതിയില്‍ കയ്യേറാന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന് എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രതിസന്ധികളെ നിലപാടുകള്‍ കൊണ്ട് അതിജീവിക്കും. കോടതി വിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സഭയിലും സമൂഹത്തിലും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടി ഓര്‍ത്തഡോക്‌സ് വിഭാഗം അവസാനിപ്പിക്കണമെന്ന് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയും പറയുന്നു.

ശബരിമല വിധി വന്നതിന് ശേഷം സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ സ്വാഗതം ചെയ്ത ഓര്‍ത്തഡോക്‌സ് സഭ തങ്ങള്‍ക്കും നീതി ലഭ്യമാക്കണെമന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശബരിമലയില്‍ വിധി നടപ്പാക്കുകയും ഓര്‍ത്തഡോക്‌സ് വിഭാഗക്കാരോട് മുഖംതിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭക്കാരുടെ പ്രതിഷേധം. ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി അന്തിമമാണെന്നും അത് എല്ലാവര്‍ക്കും ബാധകമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുമ്പ് പറഞ്ഞിരുന്നു. ഇതേ നിലപാടുകള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യത്തിലുമുണ്ടായാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ഓര്‍ത്തഡോക്‌സ് സഭാ മേലധികാരികള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയതോടെ സര്‍ക്കാരിന്റെ തലവേദന ഏറിയിരിക്കുകയാണ്.

©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

Photo Credit: Scroll

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍