UPDATES

ട്രെന്‍ഡിങ്ങ്

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം; സുപ്രീം കോടതി വിധിക്കു ശേഷവും സംഘര്‍ഷം ഒഴിയുന്നില്ല

ഇപ്പോഴത്തെ കോടതി വിധി യാക്കോബായ സഭയുടെ നിയമപരമായ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുളളതാണ്

‘അമ്മയെ ഞങ്ങള്‍ മറന്നാലും… അന്ത്യോഖ്യായെ മറക്കില്ല
ഓമല്ലൂരെ കബറിങ്ങല്‍… ഞങ്ങടെ ബാവായാണെങ്കില്‍
ആ കബറാണെ കട്ടായം… അന്ത്യോഖ്യായെ മറക്കില്ല…

സഭാതര്‍ക്ക പോരാട്ടത്തില്‍ ഇന്നും കേരളത്തിലെ യാക്കോബായ വിശ്വാസികള്‍ ആവേശപൂര്‍വം വിളിക്കുന്ന മുദ്രാവാക്യം. സുറിയാനി വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്ത്യോഖ്യ അവരുടെ വൈകാരിക കേന്ദ്രമാണ്. കത്തോലിക്ക വിശ്വാസികള്‍ക്ക് റോമും മാര്‍പാപ്പയും എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുണ്ട് സുറിയാനി വിശ്വാസികളെ സംബന്ധിച്ച് അന്ത്യോഖ്യയും പാത്രീയര്‍ക്കീസ് ബാവമാരും. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കിടയില്‍ പോര്‍ച്ചുഗീസ് ആധിപത്യം അടിച്ചേല്‍പ്പിക്കാനുളള നീക്കത്തിനെതിരെയാണ് കൂനന്‍കുരിശ് സത്യത്തിലൂടെ സുറിയാനി ക്രിസ്ത്യാനികളും കത്തോലിക്കരും തമ്മില്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും ഭിന്നത ഉടലെടുത്തു. പാത്രിയര്‍ക്കീസ് ബാവമാര്‍ക്ക് മലങ്കരയിലുളള അധികാരം സംബന്ധിച്ച തര്‍ക്കമായിരുന്നു ഭിന്നതയുടെ അടിസ്ഥാനം. ഇത് യാക്കോബായാ-ഓര്‍ത്തഡോക്‌സ് എന്ന രണ്ട് സഭകള്‍ ഉണ്ടാകുന്നതിനും പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവക്കുകയും ചെയ്തു. ഓര്‍ത്തഡോക്‌സ് വിഭാഗം പാത്രിയര്‍ക്കീസിനുളള അധികാരം നാമമാത്രമാക്കി അന്ത്യോഖ്യാബന്ധം വിഛേദിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം എന്നറിയപ്പെടുന്ന യാക്കോബായ വിഭാഗം പാത്രിയര്‍ക്കീസ് ബാവക്ക് ആത്മീയവും ഭൗതീകവുമായ അധികാരങ്ങള്‍ വിട്ടു നല്‍കി അന്ത്യോഖ്യാ ബന്ധം ദൃഢമാക്കി.

എന്നാല്‍ കഴിഞ്ഞ ജൂലൈ 3ന് വന്ന സുപ്രീം കോടതി വിധിയോടെ യാക്കോബായ വിഭാഗം വീണ്ടും ഒരു അതിജീവന സമരത്തിന് തയ്യാറെടുക്കുകയാണ്. കോടതി വിധി തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതാണ് എന്നാണ് അവരുടെ പരാതി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സുപ്രീംകോടതി വിധിയുണ്ടായത്. 1934ലെ ഓര്‍ത്തഡോക്‌സ് ഭരണഘടനക്ക് നിയമസാധുത നല്‍കിയ കോടതി 2002ലെ യാക്കോബായാ ഭരണഘടനക്ക് നിയമസാധുതയില്ലെന്ന് പ്രഖ്യാപിച്ചു. ഒപ്പം മലങ്കരയിലെ 1064 പളളികളും 1934 ഭരണഘടനയനുസരിച്ചാണ് ഭരിക്കേണ്ടതെന്നും ജസ്റ്റീസുമാരായ അരുണ്‍മിശ്ര, അമിതാവ് റോയി എന്നിവര്‍ വിധിയെഴുതി. തൊട്ടുപിന്നാലെ വന്ന നെച്ചൂര്‍, കണ്യാട്ടുനിരപ്പ് പള്ളികളുടെ വിധികളും സമാനമായിരുന്നു. ഈ പളളികളെല്ലാം തന്നെ യാക്കോബായ പക്ഷം ബഹുഭൂരിപക്ഷം വരുന്നതാണ്. ഇതോടെയാണ് വിശ്വാസം നിലനിര്‍ത്താന്‍ യാക്കോബായ വിശ്വാസികള്‍ അതിജീവന പോരാട്ടത്തിനൊരുങ്ങിയത്. കോലഞ്ചേരിയിലും വരിക്കോലിയിലും ചെറിയ രീതിയില്‍ അരങ്ങേറിയ സംഘര്‍ഷം നെച്ചൂരില്‍ ഉഗ്രരൂപം പൂണ്ടു. കഴിഞ്ഞ ഞായറാഴ്ച അവിടെ സംഘര്‍ഷവും പോലീസ് ലാത്തിചാര്‍ജും അരങ്ങേറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നും സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത വിശ്വാസികളടക്കമുള്ളവര്‍ തള്ളിക്കളയുന്നില്ല.

"</p

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മേല്‍ പളളികളുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് പക്ഷം ഏറ്റെടുത്തതോടെ യാക്കോബായ വിഭാഗക്കാര്‍ പുറത്താക്കപ്പെട്ടു. അവരുടെ സംസ്‌കാര ചടങ്ങുകള്‍ പോലും നിയന്ത്രിതമാക്കി. കോലഞ്ചേരിയിലും വരിക്കോലിയും യാക്കോബായ വിശ്വാസികളുടെ സംസ്‌കാരം നടന്നത് വൈദീകരുടെ സാന്നിധ്യമില്ലാതെയാണ്. അടുത്ത ബന്ധുക്കളായ ഇരുപത് പേരെ മാത്രമാണ് സെമിത്തേരിയില്‍ പ്രവേശിപ്പിച്ചത്. ഇത് തന്നെ ജില്ലാ ഭരണകൂടവും പോലീസും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്. ഇടത് സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, യാക്കോബായ നേതൃത്വവുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുന്നവരാണെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയായതോടെ അവരും നിസഹായരായി. വിധി വന്ന പളളികളില്‍ അത് നടപ്പാകുകയും ചെയ്തു.

ഇപ്പോഴത്തെ കോടതി വിധി യാക്കോബായ സഭയുടെ നിയമപരമായ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുളളതാണ്. 2002 മാര്‍ച്ച് 20 ന് നിലിവിലുണ്ടായിരുന്ന മുഴുവന്‍ പളളികള്‍ക്കും ഈ വിധി ബാധകമാക്കുക വഴി വിധി വന്ന അഞ്ച് പളളികള്‍ മാത്രമല്ല മലങ്കരയിലെ ആയിരത്തിലധികം പളളികള്‍ക്കും വിധി ബാധകമായി. യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം ഒന്നുകില്‍ 1934 ഭരണഘടന അംഗീകരിക്കുക, അല്ലെങ്കില്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുക, അതല്ലെങ്കില്‍ പുതിയൊരു സഭയായി രജിസ്റ്റര്‍ ചെയ്ത് തര്‍ക്കമുളള പളളികളില്‍ നിന്ന് വിട്ടൊഴിഞ്ഞ് പുതിയ പളളികളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തുക തുടങ്ങിയ സാധ്യതകളാണ് മുന്നിലുളളത്. ഇതില്‍ നെച്ചൂര്‍ പളളിയുടെ വിധിക്കെതിരെ അവര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെന്നാണ് വിവരം. ഈ കേസില്‍ എന്തെങ്കിലും അനുകൂല പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സഭ നേതൃത്വത്തിനുളളത്. പൂര്‍വിക സ്മരണകളുറങ്ങുന്ന നിലവിലുളള ദേവാലയങ്ങള്‍ ഒഴിവാക്കി പുതിയവ പണിയുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസഹനീയമായിരിക്കും എന്നാണ് വിലയിരുത്തല്‍.

"</p

മുന്‍ കാലങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം ഇക്കുറി കോടതി വിധി പൂര്‍ണമായും അനുകൂലമായതോടെ അതില്‍ നിന്നും പിന്നാക്കം പോയി കഴിഞ്ഞു. എന്നാല്‍ യാക്കോബായാ സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുമായി തങ്ങള്‍ നേരിട്ടുളള ചര്‍ച്ചകള്‍ക്കൊരുക്കമാണെന്ന രീതിയിലുളള പ്രസ്താവനകള്‍ ഓര്‍ത്തോഡോക്‌സ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മലങ്കരയില്‍ നിന്നുളള മെത്രാപ്പോലീത്തമാരുമായി ബെയ്‌റൂട്ടില്‍ വച്ച് പാത്രിയര്‍ക്കീസ് ബാവ നടത്തുന്ന ചര്‍ച്ച നിര്‍ണായകവുമാണ്. എറണാകുളം ജില്ലയിലെ പളളികളെല്ലാം തന്നെ യാക്കോബായ വിഭാഗത്തിനാണ് ഭൂരിപക്ഷം. എന്നാല്‍ അതേ ജില്ലയിലെ പ്രധാനപ്പെട്ട അഞ്ച് പളളികളാണ് കോടതി വിധിയോടെ അവര്‍ക്ക് നഷ്ടമായിരിക്കുന്നതും.

യാക്കോബായ സഭ മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ വാക്കുകള്‍;

‘യാക്കോബായക്കാര്‍ക്ക് ആശങ്കയില്ല. കോലഞ്ചേരി ഉള്‍പ്പെടെയുള്ള പള്ളികളെ സംബന്ധിച്ചു സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ വിധിയെ സംബന്ധിച്ച് പല ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ആകുലതകളും പലരെയും അസ്വസ്ഥരാക്കിയിരിക്കുന്ന ഒരു സന്ദര്‍ഭമാണ്. എന്നാല്‍ 100 വര്‍ഷത്തോളം പഴക്കമുള്ള സഭ കേസ് കോടതി വിധിയിലൂടെ മാത്രം പരിഹരിക്കപ്പെടുമായിരുന്നെങ്കില്‍ അതെന്നേ അവസാനിച്ചേനെ. സുപ്രീം കോടതി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറപ്പെടുവിച്ച മതപരമായ, ഒരു പ്രമാദമായ വിധി നടപ്പാക്കാന്‍ പറ്റാതെ വന്നപ്പോള്‍ കോടതി തന്നെ മാധ്യസ്ഥം വഹിക്കാമെന്നു പറഞ്ഞത് നാം മറക്കരുത്. യാക്കോബായ സഭ എപ്പോഴും അനുരഞ്ചനത്തിന്റെ പാതയിലൂടെ ശാശ്വത പരിഹാരം ഉണ്ടാക്കുവാനാണു ശ്രമിച്ചിട്ടുള്ളത്. ഇനിയെങ്കിലും കേസുകളുടെ മാര്‍ഗ്ഗം ഉപേക്ഷിച്ചു ക്രിസ്തീയ മാര്‍ഗത്തിലൂടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചു സമാധാനത്തിലും പരസ്പരസഹകരണത്തിലും സഹോദരി സഭകളായി മുന്നോട്ടു പോകുവാനുള്ള സഭാതലവന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ആഹ്വാനം ചെവിക്കൊള്ളേണ്ടതാണ്. ഏകപക്ഷീയമായി ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് പള്ളികള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി മറ്റൊരു വിഭാഗം ശ്രമിച്ചാല്‍ വീണ്ടും പള്ളികളില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കപ്പെടുമെന്നത് നിര്‍ഭാഗ്യകരവും അത്യന്തം വേദനാജനകവുമാണ്. നീതിപൂര്‍വ്വവവും ക്രിസ്തീയവുമായ അനുരഞ്ചനത്തിനും സമാധാനശ്രമങ്ങള്‍ക്കും യാക്കോബായ സഭ എന്നും ഒരുക്കമാണ്’.”

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍