UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജവാന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് പോലീസ്

മൃതദേഹത്തോട് കരസേന അനാദരവ് കാണിച്ചെന്ന് ബന്ധുക്കള്‍

നാസിക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയ് മാത്യുവിന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കൊട്ടാരക്കര റൂറല്‍ എസ്പി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റുമോര്‍ട്ടം നടത്താനാണ് ഫോറന്‍സിക് സര്‍ജന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് റോയ് മാത്യുവിന്റെ ഭാര്യ ഫിനി കൊല്ലം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. റീപോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. റിപോസ്റ്റുമോര്‍ട്ടം അനുവദിക്കാനാകില്ലെന്ന് മൃതദേഹത്തോടൊപ്പം വന്ന ബിഎസ്എഫ് ജവാന്മാര്‍ നിലപാടെടുത്തതോടെ വിമാനത്താവളത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഒരുമണിക്കൂറോളം മൃതദേഹം വിമാനത്താവളത്തില്‍ സൂക്ഷിക്കേണ്ടി വന്നു.

ബിഎസ്എഫ് സൈനിക കമാന്റിന്റെ അനുമതിയില്ലാതെ റീപോസ്റ്റുമോര്‍ട്ടം നടത്താനാകില്ലെന്നായിരുന്നു ബിഎസ്എഫ് നിലപാട്. വിട്ടുകിട്ടിയ മൃതദേഹവുമായി വന്ന ആംബുലന്‍സ് ചാക്ക റോഡില്‍ സൈന്യം തടയുകയും ചെയ്തു. മൃതദേഹം ബിഎസ്എഫ് ക്യാമ്പിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. തുടര്‍ന്നും ബന്ധുക്കള്‍ ശാഠ്യം പിടിച്ചതോടെയാണ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ജവാന്റെ മൃതദേഹത്തോട് അനാദരവാണ് കാണിച്ചതെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ദേശീയപതാക പോലും പുതപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കാത്ത വിധം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ബിഎസ്എഫ് ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലം പവിത്രേശ്വരം സ്വദേശിയായ ജവാന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് സൈന്യം പറയുന്നത്. കഴിഞ്ഞ 25 മുതല്‍ റോയിയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുകയായിരുന്നു. അതേസമയം ദൃശ്യങ്ങളിലുള്ളത് റോയ് മാത്യുവാണെന്ന് വ്യാഴാഴ്ചയാണ് തങ്ങള്‍ അറിയുന്നതെന്നാണ് കരസേനയുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍