UPDATES

ഇടതു മുന്നണിയുടെ വിളി കാത്ത് വീരേന്ദ്ര കുമാറും കൂട്ടരും; തത്കാലം ജെഡി(എസ്)ലേക്കില്ല

ഇതിനിടെ സിപിഎമ്മിനകത്ത് വീരേന്ദ്രകുമാറുള്‍പ്പെടെയുള്ളവരെ എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാക്കാനുള്ള ചരടുവലികള്‍ നടക്കുന്നുണ്ടെന്നാണ് അറിവ്.

എച്ച്.ഡി ദേവഗൌഡയുടെ നേതൃത്വത്തിലുള്ള, കേരളത്തിലെ ഇടതു മുന്നണിയുടെ ഭാഗമായ ജെ.ഡി (എസ്) ല്‍ ചേരേണ്ടതില്ലെന്ന് ജെഡി(യു) സംസ്ഥാന സെക്രട്ടറിയേറ്റ്. ശരദ് യാദവ് പുതുതായി രൂപീകരിക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കാനും സെക്രട്ടറിയേറ്റ് തീരുമാനം. ഈ മാസം അവസാനത്തോടെ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ മുന്നണിമാറ്റ വിഷയം ചര്‍ച്ചയ്ക്ക് വരും. ജെ.ഡി(യു) കേരളത്തില്‍ ഏത് മുന്നണിക്കൊപ്പമെന്ന് അതോടെ വ്യക്തത വരും എന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ അറയിച്ചു.

ജെ.ഡി (യു) നേതാവ് എം.പി വീരേന്ദ്രകുമാര്‍ നേരത്തെ രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു. എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാറിനോടുള്ള വിയോജിപ്പാണ് ഇതിന് കാരണമെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ജെഡി(യു) ഇടത് മുന്നണിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ മുന്നണി മാറ്റ സാധ്യതയെ പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ പ്രതികരണങ്ങള്‍. മുന്നണി മാറ്റ വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങുന്നതോടെ ഈ നിലപാടില്‍ അയവ് വന്നു എന്ന് വേണം മനസ്സിലാക്കാന്‍.

നിലവില്‍ യുഡിഎഫ് മുന്നണി വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ മുന്നണിരാഷ്ട്രീയം എന്ന വിഷയം സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും ജെഡി(യു) ജനറല്‍ സെക്രട്ടറി ഷേക്ക് പി. ഹാരിസ് അഴിമുഖത്തോട് പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ ജെഡി(യു) ശരദ് യാദവ് പക്ഷമാണ്. ദേശീയ തലത്തില്‍ ശരദ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ആലോചനകള്‍ തുടങ്ങിയിരിക്കയാണ്. അദ്ദേഹം രൂപീകരിക്കുന്ന പാര്‍ട്ടിയോടൊപ്പം നില്‍ക്കുക എന്ന കാര്യമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ചതെന്നും ഷേക്ക് പി ഹാരിസ് പറഞ്ഞു. “പാര്‍ട്ടി ഇപ്പോള്‍ ഒരു അനിശ്ചിതത്വത്തില്‍ വന്ന് പെട്ടിരിക്കുകയാണ്. നിതീഷ്‌കുമാര്‍ എന്‍ഡിഎയുടെ ഭാഗമായി പോയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചുകൊടുത്തു. അതിനെ ചോദ്യം ചെയ്തുകൊണ്ട് ഞങ്ങള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. ശരദ് യാദവ് വിഭാഗത്തോടൊപ്പമാണ് ഞങ്ങള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് സാധ്യതകളായിരുന്നു ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന്, ജെഡി(യു)വിന് മുമ്പ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (എസ് ജെ ഡി) പുനരുജ്ജീവിപ്പിക്കുക, അല്ലെങ്കില്‍ ശരദ് യാദവ് രൂപീകരിക്കുന്ന പുതിയ ദേശീയ പാര്‍ട്ടിയോടൊപ്പം ചേരുക എന്നതായിരുന്നു. സെക്രട്ടറിയേറ്റ് യോഗത്തില്‍ തല്‍ക്കാലം ശരദ് യാദവുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ തീരുമാനിച്ചു.”

വീരേന്ദ്ര കുമാറിന്റെ മുന്നണി പ്രവേശം; ഇറക്കാനും തുപ്പാനുമാവാതെ മാത്യു ടി തോമസ്‌, ഇരു പാര്‍ട്ടികളിലും ഭിന്നിപ്പ്

ഇതിനിടെ സിപിഎമ്മിനകത്ത് വീരേന്ദ്രകുമാറുള്‍പ്പെടെയുള്ളവരെ എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാക്കാനുള്ള ചരടുവലികള്‍ നടക്കുന്നുണ്ടെന്നാണ് അറിവ്. വീരേന്ദ്രകുമാര്‍, കെ.എം.മാണി ഉള്‍പ്പെടെയുള്ളവരെ മുന്നണിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ ജെഡി(യു) ഇടതു മുന്നണിയിലേക്ക് വരാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് പരസ്യപ്രസ്താവന നടത്തിയിരുന്നു. നേരിട്ടുള്ള ക്ഷണമല്ലെങ്കിലും ഇത് തങ്ങള്‍ക്കനുകൂലമായ ഇടത് മുന്നണിയുടെ നിലപാടായാണ് ജെഡി(യു) നേതൃത്വം കണക്കിലെടുത്തിട്ടുള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാര്‍ട്ടിക്ക് ഗുണപ്പെടുന്ന തീരുമാനമാവും സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടാവുകയെന്ന സൂചനകളും നേതൃത്വം നല്‍കുന്നു.

എം.പി വീരേന്ദ്ര കുമാര്‍/അഭിമുഖം: എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; യുഡിഎഫിന് പിന്തുണ പുറത്തുനിന്നു മാത്രം

വീരന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന പാര്‍ട്ടിയും; ഒരു സോഷ്യലിസ്റ്റിന്റെ ധര്‍മ്മസങ്കടങ്ങള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍