UPDATES

കേരളം

ഭര്‍ത്താവ് ക്രിമിനലാണെന്ന് നേരത്തെ മനസിലായ പോലീസിന് കഴിയുമായിരുന്നില്ലേ ജീതുവിനെ രക്ഷിക്കാന്‍?

വിരാജ് എന്തും ചെയ്യാന്‍ മടിയില്ലാത്തൊരാള്‍ എന്ന മനസിലാക്കാന്‍ പൊലീസിന് അന്ന് സാധിച്ചിരുന്നെങ്കില്‍ ഈ കൊലപാതകം തന്നെ തടയാന്‍ കഴിയുമായിരുന്നില്ലേ എന്നു തന്നെയാണ് ചോദ്യം

തൃശൂര്‍ ചെങ്ങാലൂരില്‍ ആള്‍ക്കൂട്ടത്തിന് മുമ്പില്‍ വച്ച് ജീതു എന്ന യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്ന കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് വിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തെ ഒന്നാകെ ഞെട്ടിച്ച അരുംകൊലയില്‍ പ്രതിയെ പിടികൂടി കഴിയുമ്പോഴും ജീതുവിന്റെ കൊലപാതകം അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ബാക്കിയാണ്. മാധ്യമങ്ങള്‍ അടക്കം ഇത്ര ദിവസവും ഈ കൊലപാതകത്തിന്റെ പേരില്‍ നടത്തിയ ചര്‍ച്ച, ആള്‍കൂട്ടം നോക്കിനില്‍ക്കെ വിരാജ് നടത്തിയ ക്രൂരകൃത്യത്തെ തടയാന്‍ ഒരാള്‍ പോലും മുന്നോട്ടു വന്നില്ല എന്നതായിരുന്നു. ഒരുപക്ഷേ അത്തരമൊരു നീക്കം ആരെങ്കിലും നടത്തിയിരുന്നെങ്കില്‍ ജീതു ഇന്നും ജീവനോടെ ഇരിക്കുമായിരുന്നുവെന്ന് പ്രതീക്ഷിക്കാം. പക്ഷേ, കൈകെട്ടി മാറി നിന്ന ആള്‍ക്കൂട്ടത്തിന്റെ മനഃസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനൊപ്പം തന്നെ, ഇപ്പോള്‍ പ്രതിയെ പിടികൂടി തങ്ങളുടെ കാര്യക്ഷമത തെളിയിച്ച പൊലീസിനോടും ഒരു ചോദ്യം; ഈ കൊലപാതകം തടയാന്‍ നിങ്ങള്‍ക്കു മുന്നിലും ഒരവസരം ഉണ്ടായിരുന്നില്ലേ? കുറ്റകൃത്യം നടന്നശേഷം പ്രവര്‍ത്തിക്കേണ്ട ഒരു സംവിധാനം മാത്രമാണോ പൊലീസ്? കുറ്റകൃത്യം തടയാനുള്ള ഉത്തരവാദിത്വവും പൊലീസിനില്ലേ?

ഇനി പറയുന്ന കാര്യങ്ങള്‍ പൊലീസിനെതിരേയുള്ള കുറ്റപത്രമായി കാണേണ്ട. പൊലീസുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമല്ല. പക്ഷേ, ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സാമൂഹിക ഉത്തരവാദിത്വമുള്ള പൊലീസ് സംവിധാനം ആ ഉത്തരവാദത്വത്തില്‍ വീഴ്ച വരുത്തരുതെന്ന് ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

കൊല ചെയ്യപ്പെട്ട ജീതുവിന്റെ അയല്‍വാസിയും സാമൂഹിക പ്രവര്‍ത്തകനുമായ ജോയ് കൈതാരം അഴിമുഖത്തോട് പങ്കുവയ്ക്കുന്ന ചില വിവരങ്ങളാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് ആധാരം. ജോയ് പറയുന്നത് പൊലീസ് കുറച്ച് ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ്. മറ്റൊരു യുവാവുമായി ജീതുവിന് ബന്ധം ഉണ്ടെന്ന് മനസിലാക്കിയതിന്റെ വൈരാഗ്യത്തിലാണ് വിരാജ് തന്റെ ഭാര്യയെ അരുംകൊല ചെയ്തതെന്നാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഇത്തരമൊരു ആരോപണം വിരാജ് ഉയര്‍ത്തുന്നത് അയാളുടെ ഭാഗ്യം ന്യായീകരിക്കാന്‍ മാത്രമാണ്. ഈ വിവരം നേരത്തെ അറിയാവുന്നവരായിരുന്നു പൊലീസുകാരും. അവര്‍ക്ക് വിരാജിന്റെ ക്രിമിനല്‍ മനസിനെ പറ്റിയും ബോധ്യപ്പെട്ടതാണ്. എന്നിട്ടും അങ്ങനെയൊരാളില്‍ നിന്നും ജീതുവിനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചില്ല എന്ന അക്ഷന്തവ്യമായ അപരാധം പുതുക്കാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നു എന്നും ജോയ് കൈതാരം പറയുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടി എന്റെ അയല്‍വാസിയാണ്. എനിക്ക് നേരത്തെ അറിയാവുന്ന കുട്ടി. ഇരിങ്ങാലക്കുടയില്‍ ജില്ല കുടുംബശ്രീ മിഷനില്‍ താത്കാലിക ജീവനക്കാരിയായി ജോലി ചെയ്തുവന്നിരുന്ന ആ കുട്ടിയേയും മറ്റൊരു യുവാവിനെയും ചേര്‍ത്ത് ചില കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ യാഥാര്‍ത്യത്തിന്റെ ഒരു കണികപോലും ഇല്ലെന്നതാണ് എന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. എന്നാല്‍ ഇത്തരമൊരു കഥ തന്നെയാണ് വിരാജ് എന്ന കൊലയാളിയും ആയുധമാക്കിയത്.

മാര്‍ച്ച് 25 ന് രാത്രി നടന്നൊരു സംഭവം ഈ കൊലപാതകവുമായി ബന്ധപ്പെടുത്തി പറയേണ്ടതുണ്ട്. പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂരിലെ ഒരു ക്ഷേത്രത്തില്‍ ഉത്സവം നടന്നുവരികയായിരുന്നു. ജീതുവുമായി ബന്ധമുണ്ടെന്ന് പറയുന്ന യുവാവ് (തത്കാലം ആ ചെറുപ്പക്കാരന്റെ പേര് പറയുന്നില്ല) ഉത്സവം കാണാന്‍ എത്തി. ജീതുവും ഈ യുവാവും ഒരുമിച്ച് പഠിച്ചവരാണ്. ആ സൗഹൃദം അല്ലാതെ ഇവര്‍ക്കിടയില്‍ മറ്റ് യാതൊരു ബന്ധവും ഇല്ല. ഇത് ഈ യുവാവ് തന്നെ എന്നോട് ആണയിട്ട് പറഞ്ഞ കാര്യമാണ് (അയാള്‍ എന്റെ മകന്റെ സുഹൃത്തുകൂടിയാണ്. പലവട്ടം ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുള്ള ആ ചെറുപ്പക്കാരനെ എനിക്ക് നേരിട്ട് തന്നെ പരിചയമുണ്ട്. ജീതുവിന്റെ കൊലപാതകം നടന്നതിനു ശേഷം സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്റടുത്ത് വരികയും ചില കാര്യങ്ങള്‍ തുറന്ന് പറയുകയും ചെയ്തത്). ഉത്സവസ്ഥലത്ത് ജീതു ഉണ്ടാകുമെന്ന് കരുതി ഇയാള്‍ ഫോണ്‍ ചെയ്തപ്പോള്‍ തങ്ങള്‍ അവിടെ നിന്നും വീട്ടിലേക്ക് പോന്നെന്ന് ജീതു പറഞ്ഞു. ഉടന്‍ തന്നെ വിരാജ് ആണ് അയാളോട് വീട്ടിലേക്ക് വരാന്‍ പറയാന്‍ പറഞ്ഞ് ജീതുവിനെ കൊണ്ട് മെസേജ് അയപ്പിക്കുന്നത്. ഇതനുസരിച്ച് യുവാവ് വിരാജിന്റെ വീട്ടിലേക്ക് ചെന്നു. രാത്രി ഒമ്പത് മണി സമയമാണ്. വീടിനു മുന്നില്‍ ബൈക്കിലെത്തിയ യുവാവിനെ വിരാജും ജീതുവും ചേര്‍ന്നാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ വീട്ടില്‍ കയറിക്കഴിഞ്ഞ ഉടന്‍ വാതില്‍ പൂട്ടിയശേഷം വിരാജ് ഒരു വെട്ടുകത്തിയെടുത്ത് ജീതുവിന്റെ കഴുത്തില്‍ വയ്ക്കുകയും രണ്ടുപേരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തന്റെ ചില സുഹൃത്തുക്കളെ വിരാജ് വിളിച്ചുവരുത്തിച്ചു. ഇതിനിടയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തി അസഭ്യമായ ചില ചിത്രങ്ങള്‍ തന്റെ ഫോണില്‍ എടുത്തിരുന്നു. സുഹൃത്തുക്കള്‍ വന്നശേഷം എല്ലാവരും ചേര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. ജീതുവിനും മര്‍ദ്ദനം ഏറ്റു. തുടര്‍ന്ന് ഇരുവരേയും പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തന്റെ ഭാര്യയും ഈ യുവാവും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്നും താന്‍ അത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ കൊണ്ടുവന്നതെന്നുമായിരുന്നു വിരാജ് പൊലീസിനോട് പറഞ്ഞത്. പൊലീസ് യുവാവിനേയും ജീതുവിനെയും ഗവ. ആശുപത്രിയില്‍ കൊണ്ടു പോയി മെഡിക്കല്‍ ചെക്കപ്പ് നടത്തി. സാരമായ പരിക്കുകള്‍ യുവാവിന് ഏറ്റിരുന്നു. ജീതുവിന്റെ ചെവിക്ക് തകരാര്‍ സംഭവിച്ചിരുന്നു.

എന്നാല്‍ വിരാജ് പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് പിന്നീട് പൊലീസിന് മനസിലായി. ഇയാള്‍ മനഃപൂര്‍വം ഉണ്ടാക്കിയ ചതിയില്‍ യുവാവ് അകപ്പെടുകയായിരുന്നുവെന്നും വിരാജ് ആരോപിക്കുന്ന തരത്തില്‍ ജീതുവും യുവാവുമായി ബന്ധമില്ലെന്നും പൊലീസ് മനസിലാക്കി. ഇക്കാര്യങ്ങള്‍ വിരാജ് തന്നെ സമ്മതിക്കുകയും ചെയ്തു. ദാമ്പത്യപരമായ ചിലകാര്യങ്ങളാല്‍ വിരാജില്‍ നിന്നും മുന്നേ തന്നെ വിവാഹമോചനം ജീതു ആഗ്രഹിച്ചിരുന്നു. ഇതായിരുന്നു വിരാജിനെ പ്രകോപിപ്പിച്ചത്. ജീതു വിവാഹമോചനം നേടിയാല്‍ അതിനുള്ള കാരണം പുറത്തറിയുന്നത് തനിക്ക് നാണക്കേട് ഉണ്ടാക്കുമെന്നും അതുകൊണ്ട് എല്ലാ കുറ്റവും ജീതുവിന്റെ മേല്‍ കൊണ്ടുവരാനുമാണ് വിരാജ് ശ്രമിച്ചത്. തന്റെ ഭാര്യ ഒരു മോശം സ്ത്രീയാണെന്നും അതിനാലാണ് വിവാഹമോചനം നേടിയതെന്നും വരുത്തിത്തീര്‍ക്കാന്‍ വിരാജ് നടത്തിയ കളി.

‘അവൾക്ക് ജീവിക്കാനർഹതയില്ല’: ഭാര്യയെ തീവെച്ചു കൊന്ന വിരാജിന്റെ ആത്മഹത്യാ കുറിപ്പ്

ഇവിടെ പൊലീസിന് ഉണ്ടായ വീഴ്ച എന്തെന്നാല്‍, ഇത്തരമൊരു സംഭവം നടന്നിട്ടും നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെങ്കില്‍ നിയമപരമായി പിരിയൂ എന്ന് ഉപദേശിച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കി എല്ലാവരേയും പറഞ്ഞു വിടുകയായിരുന്നു അവര്‍ ചെയ്തത്. വിരാജ് എന്ന വ്യക്തിയുടെ ക്രിമിനല്‍ ചിന്തകള്‍ മനസിലായിട്ടും പൊലീസ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കി തങ്ങളുടെ ഉത്തരവാദിത്വം അവസാനിപ്പിക്കുകയായിരുന്നില്ല വേണ്ടത്. ശരിക്കും വിരാജിനെതിരേ കേസ് എടുക്കണമായിരുന്നു. വധഭീഷണി, ക്രൂരമായ മര്‍ദ്ദനം, അസഭ്യമായ ചിത്രങ്ങള്‍ എടുക്കല്‍ തുടങ്ങി അയാള്‍ക്കെതിരേ ചുമത്താന്‍ ഒന്നില്‍ കൂടുതല്‍ കുറ്റങ്ങള്‍ ഉണ്ടായിരുന്നു. അതല്ലെങ്കില്‍ വിരാജിന്റെ മാനസികനില ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അയാളെ ട്രീറ്റ്‌മെന്റിനോ കൗണ്‍സിലിംഗിനോ വിധേയനാക്കാനും പൊലീസിന് ശ്രമിക്കാമായിരുന്നു. ഇതൊന്നും ഉണ്ടായില്ല. പകരം ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ പിരിഞ്ഞോ എന്നായിരുന്നു പൊലീസ് പറഞ്ഞത്.

അന്ന് പൊലീസ് കാര്യക്ഷമമായി തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നെങ്കില്‍ ജീതു എന്ന പെണ്‍കുട്ടി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നു തന്നെയാണ് എന്റെ വിശ്വാസം. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഈ സംഭവത്തിന്റെ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. ജീതുവിനെയും യുവാവിനേയും മെഡിക്കല്‍ പരിശോധന നടത്തിതിന്റെ രേഖകള്‍ ആശുപത്രിയിലുമുണ്ട്. ഇതൊന്നും പൊലീസിനെതിരേയുള്ള വ്യാജ ആരോപണങ്ങളല്ല. ഏതെങ്കിലും പൊലീസുകാരെ ശിക്ഷിക്കാന്‍ വേണ്ടി പറയുന്നതുമല്ല. പക്ഷേ, പൊലീസിന് ഒരു കുറ്റം നടക്കാതെ തടയുന്നതിനുള്ള ഉത്തരവാദിത്വവുമുണ്ട് എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ്.

ജീതുവിനെ ചുട്ടുകൊന്നത് നോക്കി നിന്നതല്ല, പകച്ചുപോയതാണെന്ന് പഞ്ചായത്ത് അംഗം

ജോയ് കൈതാരം ഉയര്‍ത്തിയ ഇതേ ചോദ്യങ്ങളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിരുന്നു. അങ്ങനെയൊരു സംഭവം നടന്നതായി പൊലീസ് സമ്മതിക്കുന്നുണ്ട്. പരാതിയും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പൊലീസ് വീണ്ടും പറയുന്നത്, അത് അവരുടെ മാതാപിതാക്കളെ ഉള്‍പ്പെടെ വിളിപ്പിച്ച് കോംപ്രമൈസ് ചെയ്ത് അവസാനിപ്പിച്ചതായിരുന്നു എന്നാണ്. അതിനുശേഷം ജീതു ഇരിങ്ങാലക്കുട കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് വിരാജ് കൊലപാതം നടത്തിയതെന്നും. സ്വന്തം ഭാര്യയാണെങ്കില്‍ പോലും ഒരു സ്ത്രീയെ പരസ്യമായി അപമാനിക്കുക, മര്‍ദ്ദിക്കുക, വധഭീഷണി ഉയര്‍ത്തുക, ഒരു യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുക, അപവാദപ്രചരണം നടത്തുക എന്നിവ ക്രിമിനല്‍ കുറ്റങ്ങളല്ലേ, അതില്‍ നടപടിയെടുക്കുകയല്ലായിരുന്നോ വേണ്ടതെന്നും വിരാജ് എന്തും ചെയ്യാന്‍ മടിയില്ലാത്തൊരാള്‍ എന്ന മനസിലാക്കാന്‍ പൊലീസിന് അന്ന് സാധിച്ചിരുന്നെങ്കില്‍ ഈ കൊലപാതകം തന്നെ തടയാന്‍ കഴിയുമായിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുമ്പോള്‍, ഇനിയെന്തിനാണ് അതൊക്കെ എഴുതി വാര്‍ത്തയാക്കുന്നതെന്നായിരുന്നു പുതുക്കാട് പൊലീസിന്റെ മറുചോദ്യം.

പ്രതിയെ പിടികൂടിയിട്ടും വീണ്ടും പൊലിസിനെ കുറ്റം പറയുന്നത് എന്തിനാണ് എന്ന ചോദ്യം ഉണ്ടാകുമെന്നറിയാം. പക്ഷേ, ഒരു ക്രൈം നടക്കാതിരിക്കുക എന്നിടത്താണ് നമ്മുടെ നിയമപാലക സംവിധാനം കൂടുതല്‍ കാര്യക്ഷമമാകേണ്ടതെന്നു മാത്രമാണ് ഇവിടെ പറയുന്നത്.

കുറ്റം വിധിച്ചത് നാലു മിനുട്ടുകൊണ്ട്; വലിയമല സ്പേസ് കാമ്പസിലെ വിദ്യാര്‍ത്ഥിയുടെ ‘ആത്മഹത്യ’ മറ്റൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകമോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍