UPDATES

ട്രെന്‍ഡിങ്ങ്

ജിഷ്ണുവിന്‍റെ കുടുംബം സമരം നിര്‍ത്തിയത് 10 ഉറപ്പുകളുടെ അടിസ്ഥാനത്തില്‍

ജിഷ്ണുവിന്റെ കുടുംബം ഉന്നയിച്ചതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ പത്തുകാര്യങ്ങളാണ് കരാറാക്കി ഒപ്പ് വച്ചത്.

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന്് ആവശ്യപ്പെട്ട് ജിഷ്്ണുവിന്റെ അമ്മയുടക്കമുള്ളവര്‍ നടത്തിയ സമരം വിജയം കാണുന്നു. മൂന്നാം പ്രതിയും നെഹ്രുകോളേജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നാലും അഞ്ചും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒന്നാം പ്രതിയും നെഹ്രു ഗ്രൂപ്പ് ചെയര്‍മാനുമായ പി കൃഷ്ണദാസിനെ കണ്ടിരുന്നതായും ഒളിവില്‍ കഴിയുന്നതിന് സഹായം നല്‍കിയതായുമുള്ള ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണദാസിനേയും രണ്ടാം പ്രതിയും പിആര്‍ഒയുമായ സഞ്ജിത്ത് വിശ്വനാഥനേയും വീണ്ടും ചോദ്യം ചെയ്യും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നിരാഹാരം അവസാനിപ്പിക്കാന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും അടക്കമുള്ളവര്‍ തയ്യാറായിരുന്നു. ജിഷ്ണുവിന്റെ കുടുംബം ഉന്നയിച്ചതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ പത്തുകാര്യങ്ങളാണ് കരാറാക്കി ഒപ്പ് വച്ചത്. കരാറിലുളള പത്ത് വ്യവസ്ഥകള്‍

1. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും.

2. ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതലുകള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്വീകരിക്കും. ഈ അനുഭവം മറ്റു കുട്ടികള്‍ക്കുണ്ടാകരുത്.

3. കേസന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണം തൃപ്തികരമാണോ എന്നും പരിശോധിക്കും.

4. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കും.

5. നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ സംഘം വിപുലീകരിക്കും.

6. മൂന്നാം പ്രതിയെ പിടികൂടിയ സ്ഥിതിക്ക് മറ്റ് പ്രതികളെ കണ്ടെത്തുന്നതുവരെ സമരപരിപാടികളില്ല. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുക്കും.

7. സമരത്തിന് ജിഷ്ണു പ്രണോയിയുടെ കുടുംബവും സുഹൃത്തുകളുമല്ലാതെ മറ്റാരും പങ്കെടുത്തിട്ടില്ല. എം ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ സഹായിക്കാനെത്തിയതാണ്. ഇവര്‍ക്ക് സമരത്തില്‍ പങ്കില്ലെന്ന് സര്‍ക്കാരിനെയും ബോധ്യപ്പെടുത്തും. ഇവരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടി. ഹിമവല്‍ ഭദ്രാനന്ദയെയും കെഎം ഷാജഹാനെയും അറിയില്ല. ഇവര്‍ അവിടെ എങ്ങനെയെത്തിയെന്നും അറിയില്ല.

8. ഡിജിപി ഓഫീസിന് മുന്നിലെ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

9. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും.

10. കരാര്‍ വ്യവസ്ഥയിലെ തീരുമാനങ്ങളുടെ നിര്‍വഹണവും അവയുടെ നടപടികളും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനുവിനെയും അറ്റോണി കെവി സോഹനെയും ധരിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍