UPDATES

ട്രെന്‍ഡിങ്ങ്

ഹൈക്കോടതി വിധി വരും മുമ്പ് ഓര്‍ത്തഡോക്‌സ് സഭക്കാരെ പള്ളിയില്‍ എത്തിക്കാനുള്ള ശ്രമം ഫലം കണ്ടില്ല; പിറവം പള്ളിയിൽ നിന്ന് പോലീസ് പിന്മാറി

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. വിധി നടപ്പാക്കാന്‍ സാവകാശമാവശ്യപ്പെട്ടുകൊണ്ടുള്ള യാക്കോബായ വിശ്വാസികളുടെ ഹര്‍ജിയും നാളെ പരിഗണിക്കും

പിറവം പള്ളിയില്‍ നിന്ന് പോലീസ് പിന്‍വാങ്ങി. ഓര്‍ത്തഡോക്‌സ് സഭക്കാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിക്കൊണ്ട് പള്ളിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കം പാളി. വിശ്വാസികളും വൈദികരും ചേര്‍ന്നുള്ള പ്രതിഷേധത്തിനൊടുവില്‍ പോലീസിന് പള്ളിയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു.

പോലീസ് പിന്‍മാറിയതോടെ സംഘര്‍ഷാവസ്ഥയില്‍ നേരിയ കുറവുണ്ടായി. എന്നാല്‍ യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ തുടരുകയാണ്. കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടും എന്ന് ഭീഷണി മുഴക്കിയും സ്ത്രീകള്‍ ഉള്‍പ്പെടെയുളള യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുകളിലും പരിസരത്തും തമ്പടിച്ചതോടെ പോലീസിന് പിന്‍വാങ്ങേണ്ടി വരികയായിരുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പറയാനിരിക്കെയാണ് പോലീസിന്റെ തന്ത്രപരമായ നീക്കം നടന്നത്. എന്നാല്‍ വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമുണ്ടാവുന്നത് വരെ വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് യാക്കോബായ വിഭാഗക്കാരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്‌ളിയില്‍ കയറാനായി ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ അത്തനാസിയോസ് ഉച്ചയോടെ ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ എത്തി. പോലീസിന്റെ ക്ഷണമനുസരിച്ചാണ് അ്‌ദ്ദേഹം എത്തിയത്. എന്നാല്‍ പൂര്‍ണ അര്‍ഥത്തില്‍ ആരാധനക്ക് സൗകര്യം ഒരുക്കിയാല്‍ മാത്രമേ പിറവം പള്ളിയില്‍ പ്രവേശിക്കൂ എന്നും നാടകം കളിക്കാന്‍ തയ്യാറല്ലെന്നും മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പളഅളിയില്‍ എത്തുമെന്ന് വിവരം ലഭിച്ചയുടനെ യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയില്‍ തമ്പടിക്കുകയായിരുന്നു.

വിധി നടപ്പാക്കാന്‍ പോലീസ് എത്തിയതോടെ പ്രതിഷേധം കനത്തു. മുദ്രാവാക്യം വിളികളുമായി എത്തിയ യാക്കോബായ വിശ്വാസികള്‍ പള്ളി വളഞ്ഞു. പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടി. പോലീസിനെ അകത്തുകയറാന്‍ സമ്മതിക്കില്ലെന്ന നിലപാടുമെടുത്തു. ഇതിനിടെയായിരുന്നു സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ക്ടെിടത്തിന് മുകളില്‍ കയറിയും ദേഹത്ത് മണ്ണെണ്ണയൊഴിച്ചും ആത്മഹത്യാഭീഷണി മുഴക്കിയത്.

ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്ക് ബാവയും മറ്റ് വൈദികരും ആ സമയം പളഅളിക്കകത്തുണ്ടായിരുന്നു. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥന യാക്കോബായ വിഭാഗക്കാര്‍ ചെവിക്കൊണ്ടില്ല. പിന്നീട് പോലീസ് പുരോഹിതരുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ ഇന്ന് നടപടിയുണ്ടാവില്ല എന്നറിയിച്ചു. തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമായി. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് പള്ളിയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

പിറവം പള്ളിയുടെ ഉടമസ്ഥത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നത് 2018 ഏപ്രില്‍ 19നാണ്. സര്‍ക്കാരിനോടും പോലീസിനോടും വിധി നടപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുണ്ടാവാത്തതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യം പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ആ സമയം തന്നെ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പോലീസ് സംരക്ഷണം സംബന്ധിച്ച ഹര്‍ജിയില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ടാഴ്ച മുമ്പ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ശബരിമല വിഷയത്തിലും പിറവം പള്ളിയിലും സര്‍ക്കാര്‍ എടുത്ത സമീപനങ്ങളെ വിമര്‍ശിച്ചിരുന്നു. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ ആ ശ്രമം വിഫലമായി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കേസില്‍ ഹൈക്കോടതി നാളെ വിധി പറയും.

എന്നാല്‍ ഇതിനിടെ യാക്കോബായക്കാര്‍ മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ്. സുപ്രീംകോടതി വിധി വന്നതിന് ശേഷം മധ്യസ്ഥ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത മാര്‍ച്ച് മാസം വരെ വിധി നടപ്പാക്കുന്നതില്‍ കാലതാമസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ യാക്കോബ്യ സഭയുടെ ആവശ്യത്തെ കോടതിയില്‍ പിന്തുണക്കുകയും മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കോടതിയില്‍ അറിയിക്കുകയും ചെയ്തു. ആ ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെ അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവുന്നത് വരെ വിധി നടപ്പിലാക്കരുതെന്ന് ആവശ്യവുമായി യാക്കോബായ വിഭഗക്കാര്‍ ഇന്ന് വൈകിട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണനക്കെടുക്കുന്നുണ്ട്. നാളെ ഹൈക്കോടതിയുടെ വിധി പിറവം പള്ളിത്തര്‍ക്കത്തില്‍ നിര്‍ണായകമാവും.

പിറവത്ത് സംഘര്‍ഷാവസ്ഥ: ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികള്‍ പള്ളിക്ക് മുകളില്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍