UPDATES

ട്രെന്‍ഡിങ്ങ്

എവിടെയോ ഇരിക്കുന്ന മകന്റെ മന്ത്രിസ്ഥാനം; പി.ജെ ജോസഫ് എന്ന ‘അപകടം’ കെ.എം മാണി വെട്ടിയതിനു പിന്നില്‍

കോണ്‍ഗ്രസ് അല്ല, ബിജെപിയാണ് അധികാരത്തില്‍ വരുന്നതെങ്കിലും ജോസ് കെ മാണിയുടെ മന്ത്രിസ്ഥാനത്തിന് സാധ്യതയുണ്ട്

കേരള കോണ്‍ഗ്രസ് വീണ്ടുമൊരു പിളര്‍പ്പിലേക്കോ? ആണെങ്കില്‍ അതിന്റെ കാരണം കെ എം മാണി എന്ന പിതാവിന്റെ അമിതമായ പുത്രസ്‌നേഹമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. കോട്ടയത്ത് പി ജെ ജോസഫ് മത്സരിച്ച് ജയിച്ച് എം പി ആയാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ മന്ത്രിസഭയില്‍ അംഗങ്ങളായാല്‍, കേരള കോണ്‍ഗ്രസിനും മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടിയാല്‍, മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ പി ജെ ജോസഫ് മന്ത്രിയായാല്‍; ജോസ് കെ മാണി എന്തു ചെയ്യും? ആ ആലോചനയാണ് പാര്‍ട്ടി പിളര്‍ന്നാലും കുഴപ്പമില്ല, തന്റെ മകന്‍ തന്നെ മന്ത്രിയാകണം എന്ന വാശിയിലേക്ക് കെ എം മാണിയെ കൊണ്ടെത്തിച്ചത്. ലോക്‌സഭ എം പി ആയിരുന്ന ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് കൊണ്ടുപോയതു പോലും ഒരു മന്ത്രിസ്ഥാനത്തിനു വേണ്ടിയായിരുന്നു. അത് വിജയിച്ചില്ല. എല്ലാവരും പറയുന്നതുപോലെ, ഇത്തവണ കോണ്‍ഗ്രസ് ആണ് വരുന്നതെങ്കില്‍ മകന്റെ മന്ത്രിസ്ഥാനം മാണിക്ക് യാഥാര്‍ത്ഥ്യമാക്കാം. അതിനുണ്ടായിരുന്ന ഏക തടസമായിരുന്നു പി ജെ ജോസഫ്. ആ കരു വിദഗ്ദമായി വെട്ടിയിരിക്കുന്നു.

കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് നീങ്ങുന്ന രാഷ്ട്രീയക്കാരനാണ് കെ എം മാണി. ജോസഫ് എന്ന ‘അപകട’ത്തെയും മാണി കണ്ടത് അങ്ങനെയാണ്. മന്ത്രിസ്ഥാനം ജോസ് കെ മാണിക്ക് എന്നൊരു സമ്മതത്തിന് ജോസഫ് തയ്യാറായിട്ടുപോലും മാണി വഴങ്ങാതിരുന്നത് പിന്നീട് സംഭവിച്ചേക്കാവുന്ന അട്ടിമറി മുന്നില്‍ കണ്ടായിരുന്നു. ജോസഫിന് ഒഴിച്ച് ജോസഫ് നിര്‍ദേശിക്കുന്നയാര്‍ക്കും സീറ്റ് നല്‍കാമെന്നു വരെ ഒരുഘട്ടത്തില്‍ മാണി സമ്മതിച്ചതാണ്. അതില്‍ നിന്നും പിന്നാക്കം പോയത് മാണിയിലെ പ്രായോഗിക രാഷ്ട്രീക്കാരന്റെ ദീര്‍ഘദര്‍ശനം തന്നെ. ജോസ് കെ മാണിയുടെ ഭാര്യ നിഷയ്ക്ക് കോട്ടയം സീറ്റ് തരപ്പെടുത്തിയെടുക്കാനും മാണി ശ്രമിച്ചിരുന്നു. അതിന് ഉടക്ക് വച്ചത് ജോസഫും കൂട്ടരുമായിരുന്നു. എല്ലാം ചേര്‍ത്തൊരു വെട്ട് ജോസഫിനു കൊടുക്കുകയായിരുന്നു ചാഴിക്കാടനെ കൊണ്ട് മാണി ചെയ്തത്. ഇതിന്റെ പരിണിതഫലം എന്തായാലും മാണി ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയിപ്പം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍ പോലും!

കെ എം മാണിയിപ്പോള്‍ ചിരിക്കുകയാണെങ്കില്‍ അരീശം മൂത്ത് നടക്കുകയാണ് പി ജെ ജോസഫ്. തന്നെ ഒഴിവാക്കിയതു മാത്രമല്ല, ഒഴിവാക്കിയ രീതിയും ജോസഫിനെ ക്രുദ്ധനാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാണ് പി ജെ ജോസഫ്. അങ്ങനെയുള്ളൊരു നേതാവിനെ ഏതാനും ജില്ല നേതാക്കളുടെ അഭിപ്രായം കേട്ട് ഒഴിവാക്കിയെന്നത് ജോസഫിന് അപാമനകരമായാണ് അനുഭവപ്പെട്ടിരിക്കുന്നത്. ഈ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് തൊടുപുഴ എംഎല്‍എ. തന്റെ അഭിപ്രായം കേള്‍ക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും കോട്ടയം ജില്ലയിലെ നേതാക്കന്മാരുടെ അഭിപ്രായമനുസരിച്ചാണ് തന്നെ തഴഞ്ഞതെന്നും ജില്ല മാറി മത്സരിക്കരുതെന്ന മാനദണ്ഡം തനിക്കു മാത്രം ബാധകമായത് അംഗീകരിക്കില്ലെന്നുമാണ് ജോസഫ് പറഞ്ഞത്. ഭാവി പരിപാടികളെ കുറിച്ചുള്ള ചര്‍ച്ച ജോസഫും കൂട്ടരും തുടങ്ങി കഴിഞ്ഞു. കോണ്‍ഗ്രസും മറ്റ് യുഡിഎഫ് ഘടകകക്ഷികളുമായും ഇതേ കുറിച്ച് ചര്‍ച്ച ചെയ്യും. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ ലോക്‌സഭ സീറ്റ് കിട്ടാന്‍ തനിക്കോ തന്റെ കൂടെയുള്ളവര്‍ക്കോ അവകാശമുണ്ടായിരുന്നുവെന്ന പരാതിയാണ് ജോസഫ് യുഡിഎഫിന് മുന്നില്‍ പറയാന്‍ പോകുന്നത്.

Also Readജോസഫ്: മാണി സാറിനിപ്പോള്‍ ‘ഒരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം’

അതേസമയം, ജോസഫ് പോകുവാണെങ്കില്‍ പോയ്‌ക്കോട്ടെ എന്ന ലൈനിലാണ് മാണി ഇപ്പോഴുള്ളതെന്നാണ് വിവരം. ഇപ്പോഴത്തെ തീരുമാനങ്ങള്‍ അനുസരിച്ച് കൂടെ നില്‍ക്കണം, അതിനു തയ്യാറല്ലെങ്കില്‍ പാര്‍ട്ടി വിട്ടു പോകാം എന്നാണ് ജോസഫിനോട് മാണി പറഞ്ഞിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ജോസഫ് സഹിച്ച് തന്റെ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയും മാണിക്കില്ല. കാരണം, അത്രയ്ക്ക് ക്രൂരമായി തന്നെയാണ് ജോസഫിനെ തഴഞ്ഞിരിക്കുന്നത്. ആസൂത്രിതമായ പടനീക്കങ്ങളാണ് ജോസഫിനെതിരേ നടത്തി വന്നിരുന്നത്. ആ ആസൂത്രണത്തിന്റെ പരിസമാപ്തിയായിരുന്നു തിങ്കളാഴ്ച്ച രാത്രിയില്‍ ഉണ്ടായത്. തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന വിവരം മാണി ജോസഫിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

ഞായറാഴ്ച്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി, സ്റ്റിയറിംഗ് കമ്മിറ്റി യോഗങ്ങള്‍ കെ എം മാണിയുടെ തന്ത്രം നടപ്പാക്കാനായിരുന്നു ചേര്‍ന്നത്. താന്‍ ഒറ്റയ്‌ക്കൊരു തീരുമാനം എടുക്കുകയല്ല, പൊതുവികാരം അറിഞ്ഞാണ് സ്ഥാനാര്‍ത്ഥിയാരെന്നു തരുമാനിക്കുന്നതെന്നു ജോസഫിനെയടക്കം ബോധിപ്പിക്കാനായിരുന്നു യോഗങ്ങള്‍. ഞായറാഴ്ച്ചത്തെ യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥിയാരെന്നു പ്രഖ്യാപനം ഉണ്ടായില്ലെങ്കലും തിര നിറച്ച് തോക്ക് മാണിയുടെ കൈയില്‍ കിട്ടിയിരുന്നു. ആര് സ്ഥാനാര്‍ത്ഥിയാകണമെന്നത് ചെയര്‍മാനായ കെ എം മാണിക്ക് തീരുമാനിക്കാമെങ്കിലും അതിന്റെ കൂടെ തങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം എന്നായിരുന്നു കോട്ടയത്തെ നേതാക്കന്മാരുടെ ആവശ്യം. ആ ആവശ്യം മാണി സന്തോഷപൂര്‍വം അംഗീകരിച്ചു. കാരണം, അവരത് പറഞ്ഞതു തന്നെ മാണിക്കു വേണ്ടിയായിരുന്നു. അങ്ങനെ ‘പ്രവര്‍ത്തകരുടെ വികാരം’ ഉള്‍ക്കൊണ്ട് കെ എം മാണി, പി ജെ ജോസഫിന്റെ ചീട്ട് കീറി!

Also Read: ശബരിമല യുവതി പ്രവേശനത്തില്‍ തിളച്ച പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് വീഴുക നവോത്ഥാന വോട്ടോ, അതോ ജാതി വോട്ടോ?

കേരള കോണ്‍ഗ്രസിലെ ആ അന്തര്‍നാടകങ്ങള്‍ ഭയപ്പെടുത്തുന്നത് കോണ്‍ഗ്രസിനെയാണ്. ഓരോ സീറ്റും നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കാലിടറുമോ എന്നാണ് അവരുടെ ആശങ്ക. നേരിട്ട അപമാനത്തിന് ജോസഫും കൂട്ടരും പകരം വീട്ടാന്‍ സാധ്യതയേറെയുണ്ട്. അങ്ങനെ വന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കാണ് അതിന്റെ ഗുണം കിട്ടുക. ജോസഫിനെയും സംഘത്തേയും മറ്റേതെങ്കിലും പാരിതോഷികം നല്‍കി സമാധാനിപ്പിക്കാമെന്നു കരുതിയാല്‍ തത്കാലം അതിനൊരു വഴിയുമില്ല. മാണി കാര്യങ്ങള്‍ കാണുന്നതുപോലെ, നാളെ അനുകൂലമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ അപ്പോള്‍ എന്തെങ്കിലും ചെയ്യാമെന്നു പറഞ്ഞാലും ജോസഫ് കേള്‍ക്കണമെന്നില്ല. എന്നാല്‍ മാണിക്ക് ജോസഫിന്റെ കാര്യത്തില്‍ അത്രകണ്ട് ആശങ്കയില്ലെന്നാണ് കേള്‍ക്കുന്നത്. കാര്യമായി ഒന്നും കോട്ടയത്ത് ചെയ്യാന്‍ ജോസഫിന് ആകില്ലെന്നാണ് മാണിയുടെ കണക്കുകൂട്ടല്‍. പോരാത്തതിന് കെ എം മാണിക്ക് ബിജെപിയുടെ സഹായവും കിട്ടിക്കൂടായ്കയില്ല. ബിജെപിക്ക് മാണിയോട് ഒരിഷ്ടമുണ്ട്. ആ ഇഷ്ടം പലവട്ടം അവര്‍ പറഞ്ഞിട്ടുമുണ്ട്. സമ്മതമല്ല എന്ന് മാണി ഇതുവരെ തിരിച്ചു പറഞ്ഞിട്ടുമില്ല. ജോസ് കെ മാണിയുടെ മന്ത്രിസ്ഥാനത്തിന് കോണ്‍ഗ്രസ് വന്നാലും ബിജെപി വന്നാലും സാധ്യത മാണി കാണുന്നുണ്ട്. അതുകൊണ്ട് കെ എം മാണ് തികഞ്ഞ ശുഭാപ്തിവിശ്വസത്തിലാണ്.

Also Read: വയനാട്ടിലെ ആനപ്പേടികള്‍; രണ്ടു വര്‍ഷത്തെ തയാറെടുപ്പുകള്‍, നൂറോളം ഉദ്യോഗസ്ഥര്‍: വടക്കനാട് കൊമ്പനെ പിടികൂടിയതിങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍